Sunday, April 20, 2008

പ്രണയസമ്മാനം.....ഭാഗം:1

`` എനിയ്ക്കു സമ്മതാ, അനിയേട്ടന്‍ വിളിച്ചാല്‍ ഞാന്‍ ഇറങ്ങി വരാം; എന്നിട്ട് എവിടെയെങ്കിലും പോയി സുഖായിട്ടു ജീവിക്കാം, കൂലിപ്പണി എടുത്താണെങ്കിലും``


ഒരു നിമിഷം ഞെട്ടിയോ? മൂഴിക്കലമ്മയുടെ തിരുനടയില്‍ തൊഴുതു കൊണ്ടു നില്‍ക്കുന്ന ശ്രീക്കുട്ടിയെ സാകൂതം ഞാന്‍ നോക്കി. ശ്രീക്കുട്ടി മന്ത്രിച്ചത് ആരെങ്കിലും കേട്ടിട്ടുണ്ടാകുമൊ?, ഇല്ലായിരിക്കും.. എന്നാലും എന്തൊരു ധൈര്യം!! എന്റമ്മോ!!... ശ്രീനിവാസന്‍ തിരുമേനി എന്തൊക്കെയോ പിറുപിറുത്തു കൊണ്ടു പൂജകള്‍ ചെയ്യുന്നു.. എന്തൊരു ഭംഗിയാണമ്മയ്ക്ക്, വൈകുന്നേരങ്ങളില്‍ പ്രത്യേകിച്ച്.. എന്റെ ശ്രീകുട്ടിയെപ്പോലെ തന്നെ..

`` എന്താ അനിയേട്ടാ, ഒന്നും മിണ്ടാത്തെ `` ശ്രീക്കുട്ടി വീണ്ടും മന്ത്രിച്ചു.

ഞാന്‍ കുറച്ചു കൂടി അവളുടെ അടുത്തേക്കു നീങ്ങി നിന്നു. ദീപാരാധന തുടങ്ങാറായിരിക്കുന്നു. ആളുകളും വന്നു തുടങ്ങിയിരിക്കുന്നു. അങ്ങകലെ മണിയന്ദ്രം മലയിലേക്കു സായാഹ്നസൂര്യന്‍ ഇറങ്ങിത്തുടങ്ങിയിരിക്കുന്നു. അമ്പലപറമ്പിലെ പാടത്തുനിന്നും കുട്ടപ്പനമ്മാവന്‍ മേയാന്‍ വിട്ട പൈക്കളെ ആട്ടിത്തെളിച്ച് കൊണ്ടുപോകാന്‍ തുടങ്ങി. വെള്ള, കറുപ്പ്, ചാര നിറമുള്ള പൂവാലിപൈക്കള്‍ വരിവരിയായി പോകുന്നതു കാണാന്‍ എന്തു ഭംഗിയാണു. ഏറ്റവും പുറകിലായി അമ്മാവനും...അമ്മാവനു വയസ്സായിരിക്കുന്നു. ജീവിതകാലം മുഴുവനും പശുക്കളുടെ കൂടെയായിരുന്നു. ജീവിത സായാഹ്നത്തില്‍ താങ്ങുനല്‍കേണ്ടിരുന്ന ഏകമകന്‍.... ഒരു അപകടത്തില്‍ പെട്ടു മരിച്ചപ്പോള്‍... പിന്നെയും അമ്മാവന്‍ തനിച്ചായി... അയല്‍ക്കാരുടെയും, നാട്ടുകാരുടെയും നാനാവിധ പരിപാടികള്‍ക്കും ആരംഭ,അവസാനം വരെ ഒരു സഹായിയായി അമ്മാവന്‍ ഉണ്ടാകും. പാവം! എന്നാലും അദ്ദേഹത്തിനീവിധി ഉണ്ടായല്ലോ.... താമസ്സിച്ചുണ്ടായതാണു ഏകമകന്‍... ജനനത്തോടുകൂടി ഭാര്യ മരിച്ചു പോകുകയും ചെയ്തു... എങ്കിലും വളരെയേറെ കഷ്ടപ്പെട്ട് അമ്മാവനവനെ വളര്‍ത്തി... എറണാകുളത്ത് നിയമം പടിക്കുവായിരുന്നു..ഒരാക്സിടെന്റ്... വരാനുള്ളത് വഴിയില്‍ തങ്ങുമോ... പാവം ആ കരച്ചില്‍ കണ്ടാല്‍ സഹിക്കില്ലായിരുന്നു.

`` ണിം........ണിം...... ``


ചിന്തകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു. ദീപാരാധന കഴിഞ്ഞിരിക്കുന്നു. എല്ലാവരും ദീപത്തെ വണങ്ങി കൂടണയുവാന്‍ തിരക്കുകൂട്ടുന്നു. ശ്രീക്കുട്ടി എന്നെ പതുക്കെ ഒന്നു ഞോണ്ടി. അതിന്റെ അര്‍ത്ഥം ഒരുമിച്ചു നിന്നു ദീപത്തെ തൊഴാം എന്നതാണു. ഇങ്ങനെ എത്ര നാള്‍ തൊഴുതിരിക്കുന്നു. ഓര്‍മവെച്ച നാള്‍ മുതല്‍ തുടങ്ങിയതാണു, അവസാനം...... തൊട്ടിപ്പറമ്പിലെ അനിയനെ കണ്ടുപോകരുതെന്നു വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണു അവള്‍ക്ക്, ഉഗ്രപ്രതാപികളായ അച്ചനും, സഹോദരന്മാരും. എത്ര ഭീക്ഷണിപ്പെടുത്തിയിരിക്കുന്നു കണ്ടുപോകരുതെന്നു. എങ്കിലും എന്നും വൈകിട്ട് ഈറന്‍ മുടിയില്‍ തുളസിക്കതിരും ചൂടി, പട്ടുപാവടയും അണിഞ്ഞുപോകുന്ന ശ്രീക്കുട്ടിയെ കാണുമ്പോള്‍..... കിഴക്കേ വശത്തുള്ള പടിപ്പുരവഴിയേ അവള്‍ വരികയുള്ളൂ... കൂടെ സുജാതേച്ചിയും കാണും... പടിപ്പുരയുടെ അടുത്തെത്തുമ്പോള്‍ ഇടത്തോട്ടൊരു നോട്ടമുണ്ട്‘ അതെനിക്കുള്ള സിഗ്നലാണു, സുജാതേച്ചി പോലും അറിയില്ല. പിന്നെ പുറകെ വച്ചടിക്കും.. ദേവിയുടെ നടയില്‍ തൊഴുതുനില്‍ക്കും... അവളുടെ അടുത്തായി..

`` എന്നോടൊന്നും പറഞ്ഞില്ല `` അമ്പലത്തിന്റെ നടയിറങ്ങുമ്പോള്‍ അവള്‍ ചോദിച്ചു.
`` ങ്ഹൂം `` ഒന്നു മൂളുക മാത്രം ചെയ്തു.
`` ആലോചിച്ചു നാളെ പറയൂ , ഞാന്‍ പോവാണു, നേരം നന്നെ ഇരുട്ടിയിരിക്കുന്നു ``
പറഞ്ഞുതീര്‍ന്നതും ആല്‍ത്തറയില്‍ കാത്ത്നിന്നിരുന്ന സുജാതേച്ചിയുടെ അടുത്തേക്ക് അവള്‍ ഓടി. ഞാനും അവര്‍ക്കു പിന്നിലായി പതുക്കെ നടന്നു തുടങ്ങി. പാവം എന്റെ ശ്രീക്കുട്ടി; എനിക്കുവേണ്ടി എത്ര വേദന സഹിക്കുന്നു. ശ്രീക്കുട്ടിയുടെ വീട് എന്റെ വീടിന്റെ അടുത്ത തൊടിയിലായിരുന്നു. എന്റെ വീട്ടുകാരും അവളുടെ വീട്ടുകാരും നല്ല സ്നേഹത്തോടെയായിരുന്നു കഴിഞ്ഞുവന്നിരുന്നത്. പക്ഷെ ഞങ്ങളുടെ ബന്ധം രണ്ടുവീട്ടുകാരെയും കീരിയും, പാമ്പുമാക്കി. സുന്ദരിആയിരുന്നു എന്റെ ശ്രീക്കുട്ടി, കുറ്റയാടിതോട്ടില്‍ അവള്‍ കുളിക്കാന്‍ പോകുമ്പോള്‍ പാടത്തെ അതിരിലുള്ള ദാമോദരേട്ടന്റെ മാടത്തില്‍ ഞാനും ചുമ്മാ പോയിരിക്കും. അവള്‍ കുളികഴിഞ്ഞുപോകുന്ന കാഴ്ച കാണാന്‍. തൊട്ടാല്‍ ചോരചീറ്റുന്ന കണങ്കാലില്‍ കിടക്കുന്ന വെള്ളിക്കൊലുസുമാത്രം മതിയായിരുന്നു എന്റെ നയനങ്ങളെ കുളിരണിയിക്കാന്‍... പിന്നെ ഈറന്മുടിയില്‍ നിന്നിറ്റിറ്റുവീഴുന്ന ജലകണങ്ങള്‍... പ്രസന്നമായ വദനം... വിടര്‍ന്ന കണ്ണുകള്‍.... നീണ്ട നാസിക... മൂക്കിനുതാഴെയുള്ള നനുനനുത്ത സ്വര്‍ണ്ണരോമങ്ങള്‍ പെണ്ണിനിത്തിരി അഴകു കൂട്ടുന്നുണ്ടോ?... കോളാമ്പിപ്പൂ വിരിഞ്ഞുനില്‍ക്കുന്ന പോലത്തെ ചിരി, കണ്ണുകളുടെ തിളക്കംകൂട്ടുന്നു. മാടത്തിന്റെ ഓരത്തുകൂടി പോകുമ്പോഴുള്ള അവളുടെ നോട്ടവും, എന്റെ ഇരിപ്പും ദാമോദരേട്ടനു പതുക്കെ പതുക്കെ ഇത്തിരി സംശയങ്ങള്‍ ഉണ്ടാക്കി. അതാണു എല്ലാ പ്രശ്നങ്ങളുടെയും തുടക്കം.

നടന്നു നടന്ന് ഞാന്‍ കവലയില്‍ എത്തി. കൈതമുക്ക് എന്നാണു ഞങ്ങളുടെ കവലയുടെ പേരു. ഇവിടെ വിശ്വവിഖ്യാതമായ ഒരു കള്ളുഷാപ്പുണ്ട്. പാടത്തും പറമ്പിലും പണിയെടുത്തു ക്ഷീണിച്ചുവരുന്നവരുടെ ആനന്ദനിലയമാണിവിടം. ഷാപ്പില്‍നിന്നും അന്തികുടിച്ച് മനസ്സുനിറച്ചവരുടെ പാട്ടുകേള്‍ക്കാമായിരുന്നു. കൂടെ എന്റെ അച്ചന്റെയും. വൈകുന്നേരം തെങ്ങിന്‍ തോപ്പും നനച്ചുള്ളവരവാണു, കപ്പിയുപയോഗിച്ച് കിണറ്റില്‍നിന്നും കോരിനനക്കണം. മല്ലുപിടിച്ച പണിയാണത്. `` അച്ചനെ ഒരു കൈ സഹായിക്കാതെ കവലയില്‍ നിരങ്ങിനടക്കുന്നു ചെക്കന്‍ ``, അമ്മ പറയും; പക്ഷെ എങ്ങനെയാ, അവളെ കാണാതെ ഒരു ദിവസം കൂടി കഴിയാനാവില്ല. ഷാപ്പില്‍ നിന്നും അച്ചന്റെ പാട്ടുകേള്‍ക്കാം, കൂടെ സഹകുടിയന്മാരുടെയും. പാവങ്ങള്‍, എല്ലുമുറിയെ പണിയെടുത്തിട്ടാണു.... കുടിക്കട്ടെ....ആനന്ദിക്കട്ടെ. ഞാന്‍ കവലയില്‍ ഇടത്തുവശത്തുള്ള വായനാശാലയിലേക്കു നടന്നു. മുകുന്ദന്റെ മയ്യഴിപ്പുഴ ഇന്നു തരാമെന്നാണു ലൈബ്രേറിയന്‍ രാമേട്ടന്‍ പറഞ്ഞിരുന്നത്. കയറിചെന്നതേ രമേട്ടന്‍ പറഞ്ഞു `` അനീ ആ ബുക്ക് ഇന്നും വന്നിട്ടില്ലാ `` കുറെദിവസമായി മയ്യഴിപ്പുഴ തേടിനടക്കുന്നു. ആരാണാവോ കൊണ്ടുപോയിരിക്കുന്നത്?, വായിച്ചിട്ടു ഒരു പ്രബന്ധം എഴുതിക്കൊടുക്കണം, ചേച്ചിയുടെ മോള്‍ അമ്മുക്കുട്ടിക്ക്, അവള്‍ക്ക് സ്കൂളില്‍ പ്രസംഗിക്കാനാണത്രെ.. ങ്ഹൂം ഇനി നാളെയാവട്ടെ. കൂട്ടുകാര്‍ കുറച്ചുപേര്‍ കവലയില്‍നില്‍പ്പുണ്ട്. പക്ഷെ മനസ്സ് സങ്കീര്‍ണ്ണമായിരിക്കുന്നു. നാളെ ശ്രീക്കുട്ടിക്കു മറുപടികൊടുക്കണം. പാവം പെണ്ണ്... അവള്‍ ജീവിക്കുന്നത് എനിക്കുവേണ്ടിമാത്രമാണു... പക്ഷെ ഞാനോ?? ഞാനൊരു വലിയ ഭീരു തന്നെയാണു; അല്ലെങ്കിലും പെണ്ണുങ്ങള്‍ക്കു എന്തു ധൈര്യം വേണമെങ്കിലും ആകാം... ആണുങ്ങള്‍ ആണല്ലോ എല്ലാം തുടങ്ങിവെക്കേണ്ടതും, അനുഭവിക്കേണ്ടതും; ഇനി ഇന്ന് ആരോടും മിണ്ടണ്ടാ.. വീട്ടിലേക്കു നടക്കാം..

പടിപ്പുരയില്‍ ചെന്നപ്പോഴേ കാണാം.. അമ്മുകുട്ടി ഇറയത്തിരുന്ന് നാമം ജപിക്കുന്നുണ്ടു... ഇന്നവളോടു എന്തുപറയുമാവോ?..കാല്‍കഴുകി ഞാന്‍ അകത്തേക്കു നടന്നു... എന്താണാവോ പെണ്ണൊന്നും ചോദിച്ചില്ല... ഭാഗ്യം!. ഞാന്‍ മുകളില്‍ കിടപ്പുമുറിയിലേക്കു നടന്നു. അവിടെ നിന്നാല്‍ ശ്രീക്കുട്ടിയുടെ കിടപ്പുമുറി കാണാം.
`` ദ്പ്പെഴാ വന്നെ `` അമ്മയാണു.
`` തെക്കെടത്തെ ശ്രീധരന്‍ നിന്നെ അന്വോഷിച്ചു വന്നായിരുന്നു, നാളെ അവിടെയ്ക്കു ഇറങ്ങാന്‍ പറഞ്ഞു ``
`` ങ്ഹും `` ഒന്നു മൂളുകമാത്രം ചെയ്തു.
ശ്രീധരേട്ടനോടു ഒരു വിസയുടെ കാര്യം പറഞ്ഞിരുന്നു, മൂപ്പര്‍ ഗള്‍ഫീന്നുവന്നിട്ടു കുറച്ചു ദിവസമേ ആയുള്ളൂ. നാളെ ഒന്നു പോയി നോക്കണം. ഞാന്‍ ഷര്‍ട്ട് ഊരി അയയില്‍തൂക്കി. എന്നിട്ടു ജന്നല്‍ തുറന്നു. അങ്ങകലെ ശ്രീക്കുട്ടിയുടെ റൂമില്‍ അരണ്ടവെളിച്ചം കാണാം. പടിക്കുകയാവാം... പാവം പെണ്ണ്... പടിക്കുമ്പോള്‍ എന്റെ ഫോട്ടോ പുസ്തകത്തിനിടയില്‍ വച്ചിരിക്കും... അതും നോക്കിയാണു പടനം... ങ്ഹൂം, എന്തായാലും നാളെ ഒരു തീരുമാനം പറയണം. വല്ലാത്ത ക്ഷീണം. ഞാന്‍ ചാരുകസേരയിലേക്കു കിടന്നു. കണ്ണുകള്‍ അടഞ്ഞു പോകുന്നു. ഉറക്കം ഇരച്ചു കയറുന്നു....
(തുടരും....)

Friday, April 11, 2008

വേറിട്ട കാഴ്ചകള്‍



സിമെന്റ് ടാങ്കിനുള്ളിലെ പായലിനുള്ളില്‍ പതുങ്ങി ഇരിക്കുന്ന ഈ സൂത്രക്കാരനെ കണ്ടൊ?

Tuesday, April 08, 2008

തൊടുപുഴയാറ്


























































ഇതാ നയന മനോഹരിയായ തൊടുപുഴയാറ്......... ഇടുക്കിയില്‍ കുറവന്‍, കുറത്തി മലകള്‍ക്കിടയിലുള്ള അണക്കെട്ടില്‍ നിന്നും ഉത്ഭവം. പദ്ധതി പ്രദേശമുള്‍പ്പെടുന്ന ചെറുതോണി ഡാമില്‍ നിന്നും കൂറ്റന്‍ ടണലുകള്‍ വഴി ഒഴുകി, ഏകദേശം 30 കി.മീ. പിന്നിട്ട് മലയടിവാരത്തുള്ള മൂലമറ്റം പവ്വര്‍ഹൌസില്‍ എത്തിച്ചേരുന്നു. വൈദ്യുതോത്പാദന ശേഷമുള്ള ജലം ഒഴുകി മലങ്കര അണക്കെട്ടിലെ പദ്ധതി പ്രദേശത്ത് എത്തിച്ചേരുന്നു. മലങ്കര പവ്വര്‍ഹൌസിലെ ഉത്പാദന ശേഷം നേരെ തൊടുപുഴയ്ക്ക്. അങ്ങനെ തൊടുപുഴ പട്ടണത്തെ സമ്പല്‍ സമ്മ്രുദ്ധിയാല്‍ കുളിരണിയിച്ച്, ഹ്രിദയഭാഗത്തുകൂടി ഒഴുകി മൂവാറ്റുപുഴയിലേയ്ക്ക് പോകുന്നു. മൂവാറ്റുപുഴയില്‍ വച്ച് കാളിയാര്‍ പുഴയും കൂടി തൊടുപുഴയാറ്റില്‍ ചെന്നു ചേരുന്നു. അങ്ങനെ മൂവാറ്റുപുഴയാറാകുന്നു. അവിടെ നിന്നും പിറവത്തേക്കൊഴുകി, അവിടെ വച്ച് വൈക്കം കായലില്‍ ചെന്നു ചേരുന്നു.












Thursday, April 03, 2008

പെരുവാമൂഴി

ഇതാണു പെരുവാമൂഴി എന്ന ഗ്രാമം. പച്ചപ്പട്ടണിഞ്ഞ ഈ ഗ്രാമം മൂവാറ്റുപുഴ-എര്‍ണാകുളം ഹൈവേക്കിടയിലാണു. അങ്ങകലെ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകളും, ഒരു ഭാഗത്ത് പാടങ്ങളും, മറു ഭാഗത്ത് കട്ടകളങ്ങളും അവക്കിടയിലൂടെ ഒഴുകിവരുന്ന ചെറിയ നീര്‍ച്ചാലും........ ഗ്രാമ വിശുദ്ധിയുടെ ഭംഗി വിളിച്ചോതുന്നു.