Thursday, November 27, 2008

ആന്റി വൈറസ്

വിങ്ങുന്ന മനസ്സോടെ അയാള്‍ അഡ്മിനിസ്ട്രേറ്റ് ഓഫീസറുടെ കൈയില്‍ നിന്നും റിസൈഗനേഷന്‍ ലെറ്റെര്‍ വാങ്ങി, ഒപ്പിട്ട് തിരിച്ചു നല്‍കി. മിഴികള്‍ സജലങ്ങളായത് മറക്കാന്‍ പണിപ്പെട്ട്; തന്റെ നേരെ അദ്ദേഹം നീട്ടിയ കൈ പിടിച്ച് മൃദുവായി കുലുക്കി. എന്നിട്ട് അദ്ദേഹം പറയുവാന്‍ തുടങ്ങി. “ സജീഷെ, എല്ലാം ശരിയാകും; ഈ ജോലി നഷ്ടപ്പെട്ടു എന്നോര്‍ത്ത് മന:സ്താപപ്പെടരുത്. ഇത് മറ്റൊരു നല്ല അവസരത്തിന്നാണെന്നു കരുതി ആത്മവിശ്വാസം സംഭരിക്കുക, ആള്‍ ദ ബെസ്റ്റ്..”
മന്ദഹസിക്കുവന്‍ ശ്രമിച്ചുകൊണ്ട് അയാള്‍ പ്രധാന വാതിലിന്റെ നേരെ തിരിഞ്ഞുനടന്നു.


ഇത്രയും നാള്‍ തനിക്ക് അന്നം നല്‍കിയ സ്ഥാപനത്തിന്റെ മുന്‍പില്‍ നിന്നയാള്‍ ആ പടുകൂറ്റന്‍ കെട്ടിടത്തെ ഒരു തവണകൂടി നിര്‍വികാരനായി നോക്കിനിന്നു. വിറയാര്‍ന്ന ചുവടുകളോടെ പ്രധാന റോഡ് ലക്ഷ്യമാക്കി അയാള്‍ തിരിഞ്ഞു നടന്നു. മനസ്സിന്റെ ഉള്ളില്‍ നിന്നും ‘ഇനി എന്ത്?’ എന്ന് ചോദ്യം ശക്തിയായി അലയടിക്കുന്നുണ്ടായിരുന്നു. പോക്കെറ്റില്‍ കിടന്നിരുന്ന 1,28,000/- രൂപയുടെ ചെക്ക് തന്നെ നോക്കി പല്ലിളിക്കുന്നതുപോലെ തോന്നി. ജോലി ചെയ്ത ഒരു മാസത്തെയും, ആനുകൂലമായി മുന്നു മാസത്തെ ശമ്പളവും തന്ന് പ്രശസ്തമായ ആ ഐ.റ്റി. കമ്പനി തന്നെ പിരിച്ചുവിട്ടിരിക്കുന്നു. അന്നാദ്യമായി അയാള്‍ക്ക് അമേരിക്കയിലെ ധാരാളികളായ ജനങ്ങളോടും ഗവെര്‍ണ്മെന്റ് വ്യവസ്ഥിതികളോടും വെറുപ്പുകലര്‍ന്നൊരു അമര്‍ഷം മനസ്സില്‍ പൊന്തിവന്നു.


എല്‍.പി. സ്കൂള്‍ മാഷായിരുന്ന പിതാവിന്റെ നിര്യാണത്തെത്തുടര്‍ന്ന്, ആകെയുണ്ടായിരുന്ന ഒരു തുണ്ട് ഭൂമിയും, കൊച്ചു വീടും വിറ്റിട്ടാണ് അമ്മ അയാള്‍ ദൂരെയുള്ള പ്രൊഫെഷണല്‍ കോളേജിലയച്ച് പഠിപ്പിച്ചിരുന്നത്. പിതാവിന്റെ വലിയ ഒരു ആഗ്രഹം കൂടിയായിരുന്നു മകനെ എന്‍ജിനീയര്‍ ആക്കുക എന്നത്. രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് കാമ്പസ്സ് ഇന്റര്‍വ്യൂ മുഖേന ഈ ജോലി ലഭിച്ചപ്പോള്‍ കുറേയേറെ സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയിരുന്നു. ഏറ്റവും വലിയൊരാഗ്രഹമായിരുന്നു, വാടകവീട് വിട്ട് സ്വന്തമായി ഒരു വീട് സ്വന്തമാക്കുക എന്നത്. അത് ഇതുവരെയും സഫലമായിട്ടില്ല. മാസാമാസം കിട്ടുന്ന ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ച് സ്വരുക്കൂട്ടിയാണ് രണ്ട് സഹോദരിമാരിലൊരാളുടെ വിവാഹം നടത്തികൊടുത്തത്. അതു മൂലമുണ്ടായ കടം ഇനിയും തീര്‍ന്നിട്ടില്ല. ഇനി അടുത്തയാളുടെ കാര്യം കൂടി കഴിഞ്ഞിട്ടു വേണം ഒരു വീടിനെപറ്റി ആഗ്രഹിക്കുവാനും, കുടുംബജീവിതത്തെപറ്റി ഓര്‍ക്കുവാനും. തന്റെ അവശയായ അമ്മ!! ഇനിയുമൊരു ജോലി കണ്ടുപിടിച്ച്... ആദ്യം മുതല്‍ തുടങ്ങി... ഇനി എന്നാണീ സ്വപ്നങ്ങളൊക്കെ യാഥാര്‍ത്ഥ്യമാകുക? ചിന്തിച്ചു തുടങ്ങിയാല്‍ മനസമാധനം നഷ്ടപ്പെടുത്തുന്ന ഒരു നൂറായിരം കാര്യങ്ങള്‍...
തങ്ങിയിരുന്ന കര തന്നെ ഉപേക്ഷിച്ചിരിക്കുന്നു. പോക്കെറ്റില്‍ ബാക്കിയുള്ള പണം അയാള്‍ എണ്ണിനോക്കി. ഏതായാലും ഒരു ദിവസത്തേക്കെങ്കിലും രാജാവാകുക തന്നെ. സ്റ്റാച്ച്യു റോഡിലെ ജവുളിക്കടയുടെ പിന്‍ഭാഗത്തുള്ള ‘സീ ഷോര്‍’ ബാറിലേക്ക് അയാള്‍ തന്റെ കാലടികളെ തിരിച്ചുവിട്ടു.


ഒന്നര ഗ്രീന്‍ ലേബല്‍ വിസ്കിയിലേക്ക് ക്ലബ്സോഡ ഒഴിച്ചപ്പോഴുണ്ടായ നുരഞ്ഞുപൊന്തുന്ന കുമിളകളിലേക്ക് നോക്കിയിരുന്നുകൊണ്ടയാള്‍, ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുത്തു. റൂമിലെ ഇരുട്ടില്‍ കൊളുത്തിവച്ചിരിക്കുന്ന സീറോവാട്ട് ബള്‍ബുകളെ നോക്കിയിരുന്ന് അയാള്‍, വെട്ടുഗ്ലാസ്സില്‍ ഒഴിച്ചുവച്ചിരുന്ന മദ്യമെടുത്ത് ഒറ്റവലിക്കകത്താക്കി. ചെറിയപാത്രത്തില്‍ വച്ചിരുന കടല രണ്ടു കഷ്ണം എടുത്ത് വായിലിട്ട് ചവച്ചരക്കാന്‍ തുടങ്ങി. പോക്കെറ്റില്‍ കിടനിരുന്ന വില്‍സിന്റെ പാക്കറ്റ് തുറന്ന് ഒരു സിഗറെറ്റ് എടുത്ത് ചുണ്ടില്‍ തിരുകി തീ കൊളുത്തി. വട്ടത്തില്‍ ഊതി വിടുന്ന പുകയുടെ വായുവിലെ നൃത്തം കണ്ടാ‍സ്വദിച്ച് അയാള്‍ കസേരയില്‍ പുറകോട്ടാഞ്ഞിരുന്നു. തലക്കുള്ളില്‍ ചെറുചൂട് കിട്ടിയതുപോലെ... ശരീരം വിയര്‍ക്കുവാന്‍ തുടങ്ങിയിരിക്കുന്നു...ചിന്തകള്‍ക്ക് ഒരു വേഗത ലഭിച്ചതുപോലെ... ഭാവിപരിപാടികളെപറ്റി കൂലംങ്കഷമായി ചിന്തിക്കുവാനാരംഭിച്ചു... ആലോചിചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല... ഒരു ഒന്നര കൂടി ഓര്‍ഡെര്‍ ചെയ്തു... അതുകൂടി സേവിച്ചുകഴിഞ്ഞപ്പോള്‍ ചിന്തകള്‍ ഒന്നുകൂടി ശക്തിയാര്‍ജ്ജിച്ച് തുടങ്ങി... താത്കാലിക മാര്‍ഗ്ഗത്തിന് ഒരു വിദ്യ മനസ്സിലേക്ക് ഓടി കയറിവന്നു... ഇത്തിരി പോക്രിത്തരമാണെങ്കില്‍ കൂടിയും...


വേച്ചു വേച്ച് നടന്നയാള്‍ തന്റെ ഒറ്റമുറിഫ്ലാറ്റിന്റെ വാതില്‍ തപ്പിപ്പിടിച്ച് അരണ്ടവെളിച്ചത്തില്‍ പൂട്ട് തുറന്ന് അകത്തുകടന്നു. കമ്പ്യൂട്ടര്‍ ഓണാക്കി ഇന്റെര്‍നെറ്റ് കണക്ട് ചെയ്തു. ജീവിതത്തിലാദ്യമായി അയാള്‍ ഒരു വൈറസ് പോഗ്രാം എഴുതി. ആ പോഗ്രാം അയാള്‍ തന്റെ നെറ്റിലെ പരിചയക്കാരായ ഓര്‍കുട്ട്, ബ്ലോഗ് സുഹൃത്തുക്കളുടെ ഐ.ഡി. യിലേക്ക് മെയില്‍ ചെയ്തു. എന്നിട്ടയാള്‍ പുതിയ ഒരു ആന്റിവൈറസ് പോഗ്രാം കൂടി എഴുതി; പ്രധാന പരസ്യ സൈറ്റുകളിലെല്ലാം അതിന്റെ പരസ്യം പതിച്ചുവച്ചു. എവിടെനിന്നോ രാക്കോഴി കൂകുന്ന സ്വരം കേട്ടുകൊണ്ടിരുന്നു. മദ്യവും, ക്ഷീണവും ഒരുപോലെ ആക്രമിച്ചതിനാല്‍ അയാളുടെ കണ്‍പോളകള്‍ ആലസ്യത്തിലേക്ക് വഴുതിക്കൊണ്ടിരുന്നു. മെല്ലെ കസേരയിലേക്ക് ചാഞ്ഞിരുന്നു...സുഖ നിദ്രയിലേക്ക് വഴുതിവീണു...

Sunday, October 05, 2008

ആദ്യത്തെ റാഗിങ്ങ് അനുഭവം

92 ലെ മഹത്തായ S.S.L.C പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയം. മാര്‍ക്ക് തമ്പുരാന്മാരുടെ അമിതകടാക്ഷം ലഭിക്കാതിരുന്നതിനാല്‍ 3rd ഗ്രൂപ്പിനോ 4th ഗ്രൂപ്പിനോ ചേര്‍ന്നുപഠിക്കാം എന്നുനിനച്ചിരുന്ന സമയം. അങ്ങനെയിരിക്കുമ്പോള്‍ ഒരുദിവസം ഓഫീസ് കഴിഞ്ഞുവന്ന പപ്പ ചോദിച്ചു; കേരളത്തിനു വെളിയില്‍ ഏതെങ്കിലും പോളിയില്‍ ഇലക്ട്രോണിക്സ് ഡിപ്ലോമയ്ക്കു വിടട്ടെയെന്ന്. പത്താം ക്ലാസിലെ എന്റെ സഹപാഠിയായിരുന്ന ജോബിയില്‍ നിന്നും അല്പസ്വല്പം ഇലക്ട്രോണിക്സ് ബാലപാഠങ്ങള്‍ സ്വായത്തമാക്കിയിരുന്നതുകൊണ്ടും, വെളിയില്‍ പോയി അടിച്ചുപൊളിച്ചു നടക്കാം എന്ന ഉദ്ദേശത്താലും ഞാന്‍ യെസ്മൂളി. ഒരാഴ്ചക്കുള്ളില്‍ തന്നെ തമിഴ്നട്ടിലെ ഡിന്റിഗലില്‍ R.V.S. പോളിയില്‍ എനിക്ക് അഡ്മിഷന്‍ തരപ്പെടുകയും ചെയ്തു.

കോളേജില്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ കിട്ടേണ്ടിയിരുന്ന ഇന്റിമേഷന്‍ ലെറ്റെര്‍ ലഭിക്കാന്‍ വൈകിയതിനാല്‍; ദിവസങ്ങളോരോന്നായി സ്വപ്നങ്ങള്‍ നെയ്തുകൂട്ടി ഞാന്‍ എണ്ണിക്കഴിഞ്ഞുകൂടി. അവസാനം ജൂലൈയിലെ ഒരു കുതിര്‍ന്ന മഴയില്‍ “ എത്രയും പെട്ടന്ന് കോളേജില്‍ ഹാജരാവണം; ഇല്ലെങ്കില്‍ പേരുവെട്ടും “ എന്നെഴുതിയ ഒരു കമ്പി സ്ഥലത്തെ പോസ്റ്റ്മാന്‍ കൊണ്ടുവന്നുതന്നു. പിറ്റേന്ന് അതിരാവിലെതന്നെ പ്രസ്തുതകോളേജിലേക്ക് ഞാനും പപ്പയും യാത്ര തിരിച്ചു. ഇടുക്കി, കട്ടപ്പന, കുമിളി, കംബം, തേനി വഴിയായിരുന്നു യാത്ര. കേരളത്തിന്റെ അതിര്‍ത്തിയായ കുമിളി കഴിഞ്ഞപ്പോള്‍ തന്നെ ഒരു വിമ്മിഷ്ടം മനസ്സില്‍ തോന്നിത്തുടങ്ങിയിരുന്നു. കുമിളി വരെ കൂട്ടായുണ്ടായിരുന്ന; ഞാന്‍ എന്നെന്നും സ്നേഹിക്കുന്ന എന്റെ സ്വന്തം ‘മഴ’ എന്നെ ഉപേക്ഷിച്ച് എവിടെയോ പൊയിക്കഴിഞ്ഞിരുന്നു. കുമിളിയിലെ തുണുത്തുകുളിരുന്ന മഴയില്‍ കുടചൂടിപ്പിടിച്ചുനിന്നിരുന്ന എന്നെ ‘കോടക്കാറ്റ്‘ പറത്തിക്കൊണ്ടുപോകാന്‍ തുടങ്ങിയത്; തമിഴ്നട്ടിലെ അസഹനീയമായ ചൂടില്‍ കുളിച്ച് പൊടിക്കാറ്റിലൂടെ യാത്രചെയ്തപ്പോള്‍ മിസ്സ് ചെയ്യുന്നതുപോലെ തോന്നി. മറക്കാനാവാത്തൊരു ഗൃഹാതുരത്വം മനസ്സില്‍ പെയ്യുന്നതുപോലെ. യാത്രാവസാനം വൈകുന്നേരത്തോടടുത്ത് ഞങ്ങള്‍ ഡിന്റിഗലില്‍ എത്തിച്ചേര്‍ന്നു. അതുവരെ തമിഴ്നട്ടില്‍ ദര്‍ശിച്ച ഇതര നഗരങ്ങളില്‍നിന്നും വിഭിന്നമായതും, വൃത്തിയുള്ളതുമായിരുന്നു ആ നഗരം. ഈ നഗരത്തിന്റെ മുഖമുദ്ര എന്നു പറയേണ്ടത് ടിപ്പുസുല്‍ത്താന്റെ കോട്ടയാണ്. ഏകദേശം 1500 ല്‍ പരം അടി ഉയരമുള്ള ഭീമന്‍ ഒറ്റപ്പാറയുടെ മേല്‍ തുരങ്കവും, യുദ്ധം ചെയ്യാനുള്ള എല്ല സൌകര്യവുമുള്ള കോട്ട നിര്‍മിച്ചിരിക്കുന്നു!!! റോക്ക് ഫോര്‍ട്ട് എന്നായീരുന്നു അതിന്റെ വിളിപ്പേര്. താഴെ റോഡില്‍നിന്നും കോട്ടയുടെ മുകളറ്റംവരെ പാറകൊത്തിയുണ്ടാക്കിയിരൂന്ന കല്പടവുകള്‍ ഒരു അത്ഭുതം തന്നെയായിരുന്നു. അങ്ങനെ ഞങ്ങള്‍ ബസ്സ് സ്റ്റാന്‍ഡില്‍ ഇറങ്ങി, സമീപത്തുള്ള വെങ്കിടേശ്വര ലോഡ്ജില്‍ മുറിയെടുത്തു.

പിറ്റേന്ന് കാലത്ത് എട്ടുമണിയോടു കൂടി കോളേജിലേക്ക് പുറപ്പെട്ടു. 8 കി.മീ യോളം സഞ്ചരിച്ച് ഞങ്ങള്‍ കോളേജ് സ്റ്റോപ്പില്‍ ബസ്സില്‍ വന്നിറങ്ങി. ഞാനും പപ്പയും കോളേജിലേക്കു നടന്നു. ചുറ്റുപാടും അപരിചിതമുഖങ്ങള്‍. റാഗിങ്ങ് ഉണ്ടെന്നു നേരത്തെ അറിഞ്ഞിരുന്നതാണെങ്കിലും [അന്നേരം പേടിയൊന്നും തോന്നിയിരുന്നില്ല] മെയിന്‍ ഗേറ്റ് കടന്നപ്പോള്‍ അജ്ഞാതമായ ഒരു ഉള്‍ഭയം എന്റെ മനസ്സില്‍ ഉറഞ്ഞുകൂടിത്തുടങ്ങിയിരുന്നു. പ്രിന്‍സിപ്പാളിന്റെ മുറിയുടെ മുന്‍പില്‍ വച്ച് എനിക്ക് അഡ്മിഷന്‍ ശരിയാക്കിതരാന്‍ പപ്പയെ സഹായിച്ച സീനിയര്‍ വിദ്യാര്‍ത്ഥികളെ കണ്ടുമുട്ടുകയും, എനിക്കവരെ പരിചയപ്പെടുത്തിത്തരുകയും ചെയ്തു. പ്രിന്‍സിപ്പാളിന്റെ റൂമില്‍നിന്നും പ്യൂണ്‍ മുഖാന്തിരം 1st യീയര്‍ ക്ലാസില്‍ എത്തുമ്പോള്‍ ക്ലാസ്സ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. മാത്തെമറ്റിക്സ് എടുത്തുകൊണ്ടിരുന്ന സെല്‍വി മാഡവും പ്യൂണും തമ്മില്‍ എന്തൊക്കെയോ തമിഴില്‍ കുശുകുശുത്തതിനുശേഷം,[തമിഴായതിനാല്‍ എനിക്കൊന്നും മനസ്സിലായില്ല] മാഡം എനിക്കു സ്വാഗതമോതി. ക്ലാസിനകത്തെ ഒഴിഞ്ഞ ഡെസ്ക് ചൂണ്ടിക്കാണിച്ച് മാഡം മൊഴിഞ്ഞു.
“ വാങ്കോ ഹരീഷ്, അങ്കേ പോയി ഉക്കാറിങ്കോ”
“ അഭിലാഷ്, ഇവരെട്ടേ കൊഞ്ചം ശൊല്ലിക്കൊടുങ്കേ”
ഞാന്‍ കണ്ണുമിഴിക്കണ കണ്ട് ഒരു ദ്വിഭാഷിയെ ഏര്‍പ്പെടുത്തിയതാണ് മാഡം. അഭിലാഷ് മലയാളത്തില്‍ പറഞ്ഞ് ചൂണ്ടിക്കാണിച്ച സീറ്റില്‍ ഞാന്‍ ആസനസ്ഥനായി. സെല്‍വി മാഡം ക്ലാസ്സ് തുടര്‍ന്നുകൊണ്ടേയിരുന്നു. തമിഴിലായിരുന്നു ക്ലാസ്സെടുത്തിരുന്നത്. എല്ലാവരും മാഡത്തിന്റെ ലെക്ചറ് ശ്രദ്ധിച്ചുകൊണ്ടിരിക്കുനു. ഞാനാണെങ്കില്‍ കഥയറിയാതെ ആട്ടം കാണുന്ന പൊട്ടനേപ്പോലെ കണ്ണും മിഴിച്ച് മാഡത്തിന്റെ മുഖത്തേക്ക് തുറിച്ചും നോക്കിയിരുന്നു. ഇടക്കിടയ്ക്ക് ഞാന്‍ അഭിലാഷിന്റെ മുഖത്തേക്ക് ഇടങ്കണ്ണിട്ടുനോക്കും, പിന്നെ ബാക്കിയുള്ള എല്ലാവരുടേയും. എല്ലാവരും ശ്രദ്ധിച്ചിരിക്കുന്നു. അപ്പോള്‍, എനിക്കു മാത്രമേ ഒന്നും മനസിലാകാത്തുള്ളൂ. എന്താ ചെയ്യേണ്ടേ? പപ്പ വെളിയില്‍ നില്പുണ്ട്. ഈ പിരീഡും കഴിഞ്ഞ് പപ്പേടെകൂടെ നാട്ടിലേക്കു തിരിച്ചുപോയാലോ... മലയാളം മീഡിയത്തില്‍ പഠിച്ച് ഇംഗ്ലീഷ് തട്ടിമുട്ടി ഒപ്പിക്കുന്ന എനിക്ക് എങ്ങനെയെങ്കിലും തിരിച്ചുപോയാല്‍ മതിയെന്നായി. തമിഴില്‍ മാത്രം ആശയവിനിമയം നടത്തുന്ന അദ്ധ്യാപികയും, വിദ്യാര്‍ത്ഥികളും!!! ക്ലാസുകള്‍ മാറി മാറി വന്നുകൊണ്ടിരുന്നു. ഇടയ്ക്ക് ഇന്റെര്‍വെല്‍ ടൈം വന്നു. അപ്പോള്‍ ക്ലാസിലെ ഇതര മലയാളികള്‍ എന്നെ പരിചയപ്പെടുവാന്‍ വന്നു. അവരോടൂ സംസാരിക്കുംതോറും കൈവിട്ടുപോയ ധൈര്യം തിരികെകിട്ടുന്നതുപോലെതോന്നി. ലഞ്ച് ടൈമില്‍ മെസ്സില്‍ വച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് സീനിയേര്‍സിന്റെ റാഗിങ്ങിനെപറ്റിയും, നല്ല ഇടിയൊക്കെ കിട്ടുമെന്നും അഭിലാഷില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. ഇതുകൂടി കേട്ടതോടെ പേടിച്ചരണ്ട എനിക്ക് എങ്ങനെയെങ്കിലും വീടുപറ്റിയാല്‍ മതിയെന്നായി. ഉച്ചക്കുശേഷം ഞാന്‍ ക്ലാസ്സിലിരുന്നത്, കഴുത്തറക്കപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന കോഴിയുടെ അവസ്ഥയിലായിരുന്നു. ഈ സമയത്ത് എന്റെ കോളേജിലെയും, ഹോസ്റ്റലിലേയും കാര്യങ്ങളെല്ലാം പപ്പ ശരിയാക്കിയിരുന്നു. 3.30 തോടുകൂടി ക്ലാസ്സുകള്‍ അവസാനിച്ച് ഞാന്‍ കാമ്പസ്സിനു വെളിയില്‍ വരുമ്പോഴേക്കും പപ്പ യാത്ര പറയാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. എനിക്കും പപ്പയുടെ കൂടെ വരണം എന്നു പറയാനാഗ്രഹമുണ്ടായിരുന്നെങ്കിലും, ഉള്ളിലുണ്ടായിരുന്ന സങ്കടങ്ങള്‍ കടിച്ചമര്‍ത്തി അദേഹത്തെ യാത്രയാക്കി. പപ്പ പോയപ്പോഴേക്കും എന്റെ നെഞ്ചിന്‍കൂട്ടില്‍ നിന്നും ഒരു വിങ്ങലുയര്‍ന്നു, ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരവസ്ഥ, ഏകനായതുപോലെ തോന്നി...

പപ്പയെ യാത്രയാക്കിയതിനുശേഷം ഹോസ്റ്റല്‍ റൂമിലേക്ക് അഭിലാഷിന്റെയും, ബാക്കി മലയാളികൂട്ടുകാരുടെയും കൂടെ ഞാന്‍ നടന്നു. കോളേജില്‍ നിന്നും അര കി.മി. യുണ്ടായിരുന്നു ഹോസ്റ്റലിലേക്ക്. ഹോസ്റ്റലിലേക്ക് തിരിയുന്നതിന്റെ വളവില്‍ നാലഞ്ചു മലയാളി സീനിയേര്‍സ് നില്‍ക്കുന്നത് വളരെ ദൂരത്തുനിന്നെ കണ്ട അഭിലാഷ്; ഇന്നു നിന്റെ ഊഴമായിരിക്കുമെന്നും, അവര്‍ വിളിച്ചാല്‍ മറുത്തൊന്നും പറയാതെ അവരുടെ അടുത്തേക്കുചെല്ലണമെന്നും, അവരെ അനുസരിക്കണമെന്നും ഉപദേശിച്ചു. ഹോസ്റ്റലിലേക്കുള്ള വളവുതിരിഞ്ഞപ്പോള്‍ പ്രതീക്ഷിച്ചതുപോലെതന്നെ പുറകില്‍ നിന്നും ഉച്ചത്തില്‍ പേടിപ്പെടുത്തുന്നസ്വരത്തില്‍ വിളിവന്നു.
“ ഡാ; നില്‍ക്കവിടെ, ഇവിടെവാടാ”
നെഞ്ച് പടപടാന്നു മിടിക്കാന്‍ തുടങ്ങിയിരുന്നു. അത്യധികം പേടിയോടേ ഞാനവരുടെ അടുത്തേയ്ക്ക് നടന്നടുത്തു.
“ ഇങ്ങോട്ടു മാറിനില്‍ക്കടാ; പേരെന്താടാ?”
“ ഹരീഷ്”
“ഫുള്‍ നേയിം പറയെടാ”
“ ഹരീഷ്.പി.ഡി.”
“നിന്റെ അപ്പന്‍ പോയോടാ”
എന്റെ പപ്പയെ അഭിസംബോധന ചെയ്ത വിധം എനിക്കിഷ്ടപ്പെട്ടില്ല; ഒരു നിമിഷം വല്ലാത്തൊരു ദ്വേഷ്യം മനസ്സിലേക്കു കയറിവന്നു, പെട്ടന്ന് അഭിലാഷിന്റെ ഉപദേശങ്ങള്‍ മനസ്സിലേക്ക് ഓടിക്കയറി.
“പോയി സാര്‍”
‘സാര്‍’ എന്ന് സീനിയേര്‍സിനെ അഭിസംബോധന ചെയ്യണമെന്നു അഭിലാഷ് പറഞ്ഞുതന്നിരുന്നു.
“ സാറെന്നോ; വിളിച്ചു സുഖിപ്പിക്കുവാണോടാ, ആരെടാ നിന്നോട് സാറെന്നു വിളിക്കണമെന്നു പറഞ്ഞത്”
“ അഭിലാഷാണു സാര്‍”
“ഊം; ശരി..ശരി നാളെത്തൊട്ട് ഈ പൊടിമീശയൊക്കെ ചെരച്ചിട്ടു വരണംട്ടോടാ”
“ ഊം”
“ എന്താടാ മൂളുന്നെ, നീ ഊമയാണോടാ”
“ അല്ല സാര്‍; ശരി സാര്‍”
“ഊം; ഒരു കാര്യം ചെയ്യ്, വാ ഞങ്ങളുടെ കൂടേ”
എന്റെ മണക്കാട്ടപ്പാ; എന്നെയീ കാലന്മാര് എവിടെകൊണ്ടുപോകുവാണോ...എന്നെ കൊല്ലുമോ ഇന്ന്...പപ്പേടേ കൂടേ പോയാല്‍ മതിയായിരുന്നു. എന്റെ ചങ്കു കിടന്നു പിടക്കാ‍നും, ശരീരമാസകലം വിറക്കാനും തുടങ്ങി. ഹോസ്റ്റലിനോടനുബന്ധിച്ചുള്ള എന്‍ജിനീറിങ്ങ് കോളേജിന്റെ മുന്‍പിലെ പൂന്തോട്ടത്തിന്റെ സൈഡിലൂടെ അവരുടെ കൂടെ ഞാന്‍ നടന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ റോഡിനു മറുവശത്ത് നടന്നുപോകുന്ന പെണ്‍കുട്ടികളില്‍ നീല ഹാഫ്സാരി ഉടുത്തിരുന്ന ഒരുവളെ ചൂണ്ടിക്കാണിച്ചുകൊണ്ട്; പൊക്കമുള്ള ഒരു സീനിയര്‍ ചോദിച്ചു.
“ഡാ; ഞങ്ങള്‍ പറയുന്നത് നീ അവളുടെ അടുത്തുപോയി പറയണം, ഓക്കേ”
ഞാന്‍ ചെകുത്താനും കുരിശിനും ഇടയിലെന്ന അവസ്ഥയിലായി. ഇവന്മാര്‍ പറയുന്ന തരികിട അവളുടെ അടുത്തുപോയി പറഞ്ഞില്ലെങ്കില്‍ ഇവന്മാരെന്നെ കൊല്ലും, പറഞ്ഞാല്‍ അവളെന്നെ തല്ലും; അല്ലെങ്കില്‍ നാട്ടുകാരു തല്ലും.
ഞാനവള്‍ ഇട്ടിരുന്ന ചെരിപ്പ് നോക്കി. ഹൈ ഹീലാണ്. ഞാനവളുടെ അടുത്ത് ചെന്നു പറഞ്ഞാലുണ്ടാകുന്ന റിയാക്ഷന്‍, ഒരുനിമിഷം ഞാനെന്റെ മനസ്സിലൂടെ വൈന്റ് ചെയ്തു.
“ഡാ; ‘.............................’പറഞ്ഞിട്ടു വാടാ”
തമിഴില്‍ അവര്‍ പറഞ്ഞുതന്ന ആ പദം എനിക്കു മനസ്സിലാവാത്തതിനാല്‍; ഞാന്‍ ഒരു നമ്പറിട്ടു.
“ സാര്‍; എനിക്കു തമിഴറിയില്ല, ഞാന്‍ പിന്നീട് പറഞ്ഞാല്‍ പോരേ”
ഇപ്പോഴിവിടെ നിന്നും രക്ഷപെട്ടാല്‍ ഇന്നു രാത്രിതന്നെ തിരിച്ചു വണ്ടി കയറണം എന്ന കണക്കുകൂട്ടലായിരുന്നു എന്റെ മനസ്സില്‍.
“ഫ്ഭാ..@#$%^& മോനേ; പോയിപ്പറഞ്ഞിട്ടു വാടാ; ഇല്ലെങ്കില്‍ ഇന്നു നിന്റെ അവസാനമാ..”
പേടിച്ചരണ്ട ഞാന്‍ റോഡ് മുറിച്ചുകടന്ന് ആ പെണ്‍കുട്ടിയുടെ പുറകെ വച്ചടിച്ചു, എന്നിട്ട് അടുത്തെത്തിയപ്പോള്‍ വിളിച്ചു..
“എസ്കൂസ് മി മാഡം”
ഇരുനിരക്കാരിയായ ആ സുന്ദരിക്കുട്ടി തിരിഞ്ഞുനിന്നു. എന്റെ ചങ്കുകിടന്നു പെരുമ്പറകൊട്ടി.
“എന്ന വേണം” അവള്‍ ചോദിച്ചു.
ഞാന്‍ സീനിയേര്‍സിന്റെ നേരെ ദയനീയമായി നോക്കി. അവര്‍ എന്നെ മുഷ്ഠിചുരുട്ടിക്കാണിച്ച് ആക്രോശിച്ചു..
“ പറയെടാ !@#$%&* മോനേ”
ഇതു കണ്ട ആ പെണ്‍കുട്ടി ചോദിച്ചു.
“അവര് ഏതാവതു ശൊല്ലി വിട്ടിരുക്കാ; ഭയപ്പെടാതെ ശൊല്ലുങ്കോ”
“ഊം” ഞാന്‍ മൂളി.
“ശീഘ്രമാ ശൊല്ല്, എനക്കു പോണം..”
എന്തായാലും അടി ഉറപ്പായി. രക്തമയം മുഖത്തുനിന്നും ഇറങ്ങിപ്പോയിരിക്കുന്നു. വിറയാര്‍ന്ന സ്വരത്തില്‍ എന്റെ മുറി ഇംഗ്ലീഷില്‍ ഞാനവളോടു പറഞ്ഞൊപ്പിച്ചു.
“ മാഡം, അയാം വെരി സോറി ടു സേ ദാറ്റ്.....; ദേ ആര്‍ പ്രെസ്സിങ്ങ് മി ടു സേ സംതിങ്ങ് ടു യൂ..... ‘ ഞാന്‍ ഉന്നൈ കാതലിക്കറേന്‍’ “
ഒറ്റ ശ്വാസത്തില്‍ ഇത്രയും ഞാന്‍ പറഞ്ഞുനിര്‍ത്തി. അടിയെപ്പം തുടങ്ങും എന്ന പ്രതീക്ഷയോടെ അവളെ നോക്കിക്കൊണ്ടിരുന്ന എനിക്ക് കാണാന്‍ കഴിഞ്ഞത് അവള്‍ പൊട്ടിച്ചിരിക്കുന്നതും; എന്നോടായി
“ഞാനും ഉന്നൈ കാതലിക്കറേന്‍, പോതുമാ..” എന്നും പറഞ്ഞ് സീനിയേര്‍സിന്റെ നേരെ കൈയും വീശി തിരിച്ചുനടന്നു.
എന്റെ ശ്വാസം നേരെ വീണത് അപ്പോഴായിരുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചത് അടികിട്ടണ കാര്യമൊന്നുമല്ല. ഹോ! ഞാന്‍ രക്ഷപെട്ടു. ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തോടെ ഞാന്‍ തിരികെനടന്നു സീനിയേര്‍സിന്റെ അടുത്തെത്തി.
“പറഞ്ഞോടാ”
“പറഞ്ഞു സാര്‍”
“അവളെന്താ പറഞ്ഞത്”
“ഞന്‍ പറഞ്ഞതു തന്നെ അവളും പറഞ്ഞു സാര്‍”
ഇതുകേട്ടതും അവരെല്ലാം പരസ്പരം നോക്കി കൂട്ടച്ചിരിചിരിച്ചു. എന്നിട്ട് എന്നോടജ്ഞാപിച്ചു.
“ഓടടാ ഹോസ്റ്റലിലേക്ക്”
സിംഹത്തിന്റെ മടയില്‍ നിന്നും ജീവന്‍ തിരിച്ചുകിട്ടിയ മുയലിനെപ്പോലെ, തിരിഞ്ഞുനോക്കാതെ ഞാന്‍ ഹോസ്റ്റലിലേക്ക് ഓടി.

ഹോസ്റ്റല്‍ റൂമില്‍ ചെന്നുകയറിയതേ അഭിലാഷ് എന്താണുണ്ടായതെന്നു തിരക്കി. ഉണ്ടായ സംഭവങ്ങള്‍ വള്ളിപുള്ളി വിടാതെ ഞാനവനോടു പറഞ്ഞു. ഇതുകേട്ടതും അഭിലാഷും മറ്റു സഹമുറിയന്‍ മാരും ചിരിതുടങ്ങി എന്നിട്ടു പറഞ്ഞു.
“ അളിയാ; വന്നു കയറിയ ദിവസം തന്നെ നിനക്കൊരു ലൈനായല്ലോ”
അഭിലാഷ് ആ വേര്‍ഡിന്റെ അര്‍ത്ഥവും പറഞ്ഞു തന്നു. ഞാന്‍ ഉന്നൈ കാതലിക്കറേന്‍ എന്നു പറഞ്ഞാല്‍ ഞന്‍ നിന്നെ സ്നേഹിക്കുന്നു എന്നാണെന്ന്!!!. കൂട്ടുകാരുടെ പൊട്ടിച്ചിരികള്‍ക്കിടയില്‍ അടുത്ത കോളെന്തായിരിക്കും വരിക എന്ന ഉല്‍കണ്ഠയില്‍ ചിന്താമഗ്നനായി ഞാന്‍ കട്ടിലിന്റെ ഓരത്ത് ചെന്നിരുന്നു.

അന്നുരാത്രി ‘നിഷ്കളങ്കനായ’ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. കാരണമെന്തെന്നാല്‍, ഈ തമിഴത്തിപെണ്ണെങ്ങാനും ഞാന്‍ പറഞ്ഞത് സീരിയസ് ആയി എടുത്തിട്ടുണ്ടെങ്കില്‍ ; നാട്ടിലെ എന്റെ പ്രണയപുഷ്പത്തോട് എന്തു പറയും എന്നു വിചാരിച്ച്, വിചാരിച്ച് തലക്കുവട്ടായിപ്പോയി. അവളെങ്ങാനും ഇതറിഞ്ഞാല്‍ എന്നെയും കൊല്ലും... എന്നിട്ടവളും ചാകും... ദൈവമേ!!!!!!!!!

Tuesday, September 30, 2008

ഒരു ഉത്തരം പറയാമോ??

96 ല്‍ ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ കടന്നുവന്ന കുഞ്ചാക്കോ ബോബന്‍ അക്കാലത്തെ യുവത്വത്തിന്റെ ഹരമായിരുന്നു. യുവതികളുടെ സ്വപ്നത്തിലെ പ്രണയനായകനായിരുന്നു അദ്ദേഹം. ആദ്യസിനിമയിലെ ഉജ്ജ്വലവിജയം പിന്നീടാവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും കുറെയേറെ സിനിമകളില്‍ അദ്ദേഹത്തിന്റെ ശക്തമായ സാന്നിദ്ധ്യം നമ്മള്‍ക്ക് അറിയാവുന്നതാണ്. ചോരകളിലെഴുതിയ ഒട്ടേറെ പ്രണയലേഖനങ്ങള്‍ ലഭിച്ചിരുന്ന ഈ പ്രണയനായകന്‍ അനിയത്തിപ്രാവിലെ നമ്മുടെ സ്വന്തം “ബേബി” ശാലിനിയെ വരിക്കട്ടെ എന്നാഗ്രഹിച്ച ആയിരക്കണക്കിന് മനസ്സുകളില്‍ ഒന്നിന്റെ ഉടമയായിരുന്നു ഞാനും. അജിത് ശാലിനിയെ പ്രണയിച്ചു വിവാഹം ചെയ്തപ്പോള്‍, ഇനി മലയാളസിനിമയിലെ ഏതെങ്കിലും താരസുന്ദരികളുമായി ബോബന്‍ പ്രണയത്തിലാകുമെന്നും, വിവാഹം കഴിക്കുമെന്നും നമ്മള്‍ പ്രത്യാശിച്ചിരുന്നു. ജയറാം പാര്‍വതിയെയും, ദിലീപ് മഞ്ജുവിനെയും, ബിജുമേനോന്‍ സംയുക്തയെയും മംഗല്യം കഴിച്ചതുപോലെ ഒരു സിനിമാ കല്യാണമായിരുന്നു ബോബന്റെ കാര്യത്തില്‍ പ്രേക്ഷകരും, ആരാധകരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട്, ആയിരക്കണക്കിനു കാമുകിമാരെ നിരശരാക്കിക്കൊണ്ട് ഒരു നാള്‍ അദ്ദേഹം പ്രസ്താവിച്ചു; താന്‍ ഒരു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ സ്നേഹിക്കുന്നുണ്ടെന്നും, അവളുടെ പഠനശേഷം ഞങ്ങളുടെ വിവാഹമുണ്ടാകുമെന്നും. പിന്നീട് ആ പ്രണയത്തിലെ നായികയായ പ്രിയയെ അദ്ദേഹം വിവാഹം കഴിച്ചു.

എന്റെ ചോദ്യമിതാണ്;
കുഞ്ചാക്കോ ബോബന്‍ കത്തിനിന്നിരുന്ന ആ സമയത്ത് സുന്ദരികളും, അന്നത്തെ ലക്ഷാധിപതികളും, ഇന്നത്തെ കോടീശ്വരികളുമായ കാവ്യാ മാധവന്‍, നയന്‍ താര, മീരാജാസ്മിന്‍ തുടങ്ങിയ നടികളിലൊന്നിനെയും പ്രണയിക്കാന്‍ തോന്നാതെ; സാധാരണക്കാരിയും, വിദ്യാര്‍ത്ഥിയുമായ പ്രിയയെ പ്രണയിക്കാനും, വിവാഹം കഴിക്കുവാനും അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും?? ഓര്‍മിക്കണം കുടുംബപരമായി കുറെയേറെ പാരമ്പര്യം സിനിമയില്‍ ഉള്ള ഒരാളായിരുന്നു അദ്ദേഹം. ഒന്നു ശരിക്കും ചിന്തിച്ചു നോക്കൂ കൂട്ടുകാരെ, എന്നിട്ട് എന്റെ ചോദ്യത്തിന് ഉത്തരം തരാന്‍ കഴിയുമോ എന്നു നോക്കൂ....

Tuesday, September 16, 2008

ഉരുള്‍ പൊട്ടല്‍!!

സ്വര്‍ഗ്ഗത്തിലെ മൂന്നാം നമ്പര്‍ വസതിയിലെ രണ്ടാംനിലയിലെ തന്റെ റൂമിനുമുന്‍പിലുള്ള ബാല്‍ക്കണിയില്‍ നിന്ന്; വിനോദ് താഴെ അതിമനോഹരമായ പൂന്തോട്ടത്തിലേയ്ക്ക് തന്റെ മിഴികള്‍ പായിച്ചു. കനത്തമഴയില്‍ നിന്നും രക്ഷപെടാനെന്നവണ്ണം ചാഞ്ചാടിക്കൊണ്ടിരുന്ന ചെണ്ടുമല്ലിപ്പൂക്കള്‍ കണ്ടപ്പോള്‍, ഭൂമിയില്‍ ഓണകാലത്തിന്റെ മറ്റൊലികള്‍ ഉണര്‍ന്നുകാണുമെന്നയാള്‍ ഊഹിച്ചു. പാറിനടക്കുന്ന തുമ്പികളെയും, പൂമ്പാറ്റകളെയും; വിരിഞ്ഞുനില്‍ക്കുന്ന തുമ്പ, മുക്കുറ്റി, ചെണ്ടുമല്ലി,വാടമുല്ല, അരളിപ്പൂക്കളെയുമെല്ലാം അയാള്‍ കണ്ണുകളില്‍ നിറച്ചു. അറ്റുപോയ വലത്തേകൈയ്യുടെ സ്ഥാനത്ത്, ഉണങ്ങിമിനുസമായ ഉപരിതലത്തില്‍ തലോടി അയാള്‍ ഭൂമിയിലെ തന്റെ സ്വര്‍ഗ്ഗത്തേക്കുറിച്ചോര്‍ത്തു നെടുവീര്‍പ്പിട്ടു. നാലുവര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ കറുത്തദിവസം അയാളുടെ ഓര്‍മകളിലേയ്ക്ക് അരിച്ചിറങ്ങിവന്നു.

അന്ന് കോരിച്ചൊരിയുന്ന മഴയുള്ള ദിവസമായിരുന്നു. മഴയെന്നാല്‍ സര്‍വത്ര മഴമയം!! തുള്ളിക്കൊരുകുടം പോലെ പേമാരി!! കര്‍ക്കിടകം പെയ്തൊഴിഞ്ഞതേ ഉള്ളൂ. ചിങ്ങം പിറന്നിരിക്കുന്നു. ഓണത്തിനിനി വിരലിലെണ്ണാവുന്ന ദിവസങ്ങളേ ഉള്ളൂ. എങ്കിലും മഴ വിട്ടുമാറിയിട്ടില്ല. ന്യൂനമര്‍ദ്ദം ആണോ ആവോ? എന്തായാലും മഴ ആളുകളെ പുറത്തിറങ്ങാന്‍ കൂടി സമ്മതിക്കുന്നില്ല. അതികഠിനമായ തണുപ്പും, അസഹനീയമായ കോടക്കാറ്റാലും ആവരണപ്പെട്ടിരിക്കുന്നു അന്തരീക്ഷമാകമാനം...

ടൌണില്‍ നിന്നും ചായക്കടയിലേയ്ക്കുള്ള പലചരക്കുമെടുത്ത്; തിരികെ കവിത ബസ്സിനു കയറി ഉടുമ്പന്നൂര് കവലയില്‍ വന്നിറങ്ങുമ്പോഴും മഴ കുറഞ്ഞിരുന്നില്ല. ഇനിയുള്ള വഴിതാണ്ടുവാന്‍ ജീപ്പ് മാത്രമാണാശ്രയം. ശങ്കരങ്കുട്ടിച്ചേട്ടന്റെ ട്രിപ്പ്ജീപ്പില്‍ കയറി പുള്ളിക്കാനം മലയിലുള്ള സ്വന്തം ചായക്കടയ്ക്കുമുന്‍പില്‍ വന്നിറങ്ങുമ്പോള്‍ ഇലക്ട്രിക്സിറ്റി ഓഫീസിലെ ഉദ്യോഗസ്ഥന്മാര്‍ കടയിലിരുന് ചൂടുചായ ഊതിക്കുടിക്കുന്നുണ്ടായിരുന്നു. സ്ഥിരം സന്ദര്‍ശകരായ അവരോടു കുശലം പറഞ്ഞ് ഞാനകത്തോട്ടുകയറി, അടുക്കളഭാഗത്തേയ്ക്ക് നടന്ന് സ്റ്റോര്‍ റൂമില്‍ ചരക്കെടുത്ത് അടുക്കിവച്ചു.

നേരം സന്ധ്യയോടടുത്തിരുന്നു. അച്ഛ്നുമമ്മയും അന്നത്തെ കച്ചവടം അവസാനിപ്പിച്ച് കടയടക്കുവാനുള്ള തിരക്കിലായിരുന്നു. അച്ഛനുമമ്മയും, ഞാനുമടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയവും, ഉപജീവനമാര്‍ഗ്ഗവുമായിരുന്നു പത്മവിലാസം എന്ന ഈ ചെറുചായക്കട. ഇതിനോടു ചേര്‍ന്നുള്ള ചായ്പിലായിരുന്നു ഞങ്ങളുടെ താമസവും. പുള്ളിക്കാനം മലയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇത്തിരി പരദൂഷണം പറഞ്ഞ് സൊറ പറഞ്ഞിരിക്കാനുള്ള ഇടംകൂടിയായിരുന്നു ഈ പത്മവിലാസം. വൈദ്യുതി അധികമൊന്നും എത്തിനോക്കിയിട്ടില്ലാത്ത ഈ മലയില്‍, വളരെക്കുറച്ച് കുടുംബങ്ങളേ വസിക്കുന്നുണ്ടായിരുന്നുള്ളൂ. ഏറിയ പങ്കും കുടീയേറ്റകര്‍ഷകരുമായിരുന്നു. വശ്യമായ ഹരിതഭംഗി നിറഞ്ഞ ഈ മലയുടെ ശാപമെന്തെന്നാല്‍; യാത്രായോഗ്യമല്ലാത്ത റോഡും, യാത്രാസൌകര്യക്കുറവുകളുമായിരുന്നു. അടിവാരത്തുനിന്നും ഫ്രണ്ടിട്ടുവലിക്കുന്ന ജീപ്പുകള്‍ക്കുമാത്രമേ ഇവിടെ വരാനാകുമായിരുന്നുള്ളൂ. എന്നിരുന്നാലും ഫലഭൂയിഷ്ഠമായ ഈ മണ്ണ് ആരെയും നിരാശരാക്കിയിരുന്നില്ല.

പിറ്റേദിവസത്തേയ്ക്കുള്ള മാവും, ചട്ണിക്കുള്ള തേങ്ങായും അരച്ചുവെച്ചിട്ട്, നടുനിവര്‍ത്തുന്നതിനായി ഞാന്‍ കട്ടിലില്‍ കയറിക്കിടന്നു. അച്ഛനുമമ്മയും നേരത്തേ കിടന്നിരുന്നു. പോയവാരത്തെ മംഗളം വാരികയും വായിച്ച് എപ്പോഴോ മയങ്ങിപ്പോയി.

രാത്രിയുടെ യാമങ്ങളിലെപ്പോഴോ ഒരു തണുത്ത മരവിപ്പ് ദേഹമാസകലം അരിച്ചുകയറുന്നത്പോലെ തോന്നിയപ്പോള്‍ കണ്ണുകള്‍ സാവധാനം തുറക്കാന്‍ ശ്രമിച്ചു. ഒരു കണ്ണ് തുറക്കാനാവുന്നേയില്ല!! ചെവി അടഞ്ഞിരിക്കുന്നതു പോലെ !! വായിലും മൂക്കിലുമൊക്കെ മണ്ണ് കയറിയിരിക്കുന്നു... ദേഹമാസകലം ചെളിയില്‍ പുതച്ചതുപോലെ... അപ്പോള്‍!! ദൈവമേ!! ഞാനെവിടെയാണ്? എന്റെ വീട്? ചായക്കട? പറമ്പ്? എവിടെ?? ഞാന്‍ ഒഴുകിനടക്കുകയാണോ? അതോ ദു:സ്വപ്നം കാണുകയാണോ? എന്റെ സമീപത്തുകൂടി മരണവെപ്രാളം മുഴക്കിക്കൊണ്ട് ആടുമാടുകളും, ഫലവൃക്ഷാദികളും, കൂറ്റന്‍പാ‍റക്കഷ്ണങ്ങളും, മണ്ണും ഒഴുകി നീങ്ങുന്നത് ഇരുണ്ടവെളിച്ചത്തില്‍ ഞാന്‍ കണ്ടു. എന്താണ് ശരിക്കും സംഭവിച്ചത്? ഒന്നും മനസ്സിലാകുന്നില്ലല്ലോ? ഇപ്പോഴാണ് ഞാന്‍ സ്വയം ശ്രദ്ധിക്കുന്നത്. ഒഴുക്കിനിടയില്‍ ഞാനേതോ രണ്ടുമരത്തിനിടയില്‍ കുരുങ്ങിക്കിടക്കുകയാണ്. ഭഗവാനെ ഇതെന്തൊരു പരീക്ഷണം. എന്തൊ അരുതാത്തത് സംഭവിച്ചിരിക്കുന്നു. കനത്ത മഴയെത്തുടര്‍ന്ന് മലമുകളിലെവിടെയോ...അതുതന്നെ...ഉരുള്‍പൊട്ടിയിരിക്കുന്നു...മഴവെള്ളം ഗതിമാറി ഒഴുകിയതിനാലാണ് ഞാന്‍ രക്ഷപെട്ട് ഇവിടെ കിടക്കുന്നത്. അപ്പോള്‍ എന്റെ അച്ഛനുമമ്മയും? ഭഗവാനേ!! ആര്‍ക്കും ഒന്നും വരുത്തരുതേ... ഇങ്ങനെ കിടന്നാല്‍ ശരിയാകില്ല. എങ്ങനേയും രക്ഷപെടണം. കൈകുത്തി എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചു. തണുത്തുമരവിച്ച കൈകള്‍ ചലിക്കുന്നതേയില്ല... അല്ല... എന്റെ ഈശ്വരാ!! എവീടെ എന്റെ വലത്തേകൈ? തോളറ്റത്തുനിന്നും അറ്റുപോയിരിക്കുന്നു... അറ്റുപോയ ഭാഗത്തുനിന്നും ചോര ഒഴുകികൊണ്ടിരിക്കുനു. എന്റെ തല കറങ്ങുന്നതുപോലെതോന്നി....

മണിക്കൂറുകള്‍ കടന്നുപോയി... മലവെള്ളം ഇറങ്ങിപ്പോയിരിക്കുന്നു. എങ്ങനെ രക്ഷപെടും? ജീവജാലങ്ങളുടെ യാതൊരു കണികയും കാണുന്നതേയില്ല. ഭൂമി അപ്പാടെ ഒഴുകിപ്പോയിരിക്കുന്നു. തരിശുഭൂമി മാതിരി...അവിടെയും, ഇവിടെയും കൂറ്റന്‍പാറക്കല്ലുകളും, മണ്ണും, വീണുകിടക്കുന്ന വൃക്ഷങ്ങളും മാത്രം!!! അവകള്‍ക്കിടയിലൂടെ ചെറിയ ഒരു അരുവി രൂപാന്തരപ്പെട്ട് താഴോട്ട് ഒഴുകികൊണ്ടിരിക്കുന്നു. മരക്കൂട്ടത്തിന്റെ ഇടയില്‍ നിന്നും മണ്ണിലൂടെ നിരങ്ങിനീങ്ങി ഞാന്‍ അരുവിയുടെ അടുത്തെത്തി കമിഴ്ന്നുകിടന്ന് തെളിഞ്ഞുതുടങ്ങിയ വെള്ളം നക്കിക്കുടിച്ചു. ഇത്തിരി ജീവജലം അകത്തുചെന്നതോടെ ഉന്മേഷം തോന്നിത്തുടങ്ങി. ഇനി എങ്ങനേയും രക്ഷപെടണം; എത്രയും വേഗം... ഇടത്തെ കൈപ്പത്തി നിലത്തുകുത്തി ഞാന്‍ ഒരുകണക്കിന് എഴുന്നേറ്റുനിന്നു. ശരീരമാസകലം വേദനിക്കുന്നു. അറ്റുപോയ വലത്തുകൈയുടെ തോളത്തുനിന്നും ഉള്‍തുളച്ചുകയറുന്ന വിങ്ങലും. പാറക്കല്ലുകളില്‍ സൂക്ഷിച്ചുചവിട്ടി പതുക്കെ മുകളിലോട്ടുകയറാന്‍ തുടങ്ങി. പെട്ടന്ന്... എന്തോ ഒരു ഇരമ്പം കാതില്‍ വന്ന് ശക്തിയായടിക്കുന്നതുപോലെ... എന്റെ അച്ഛാ... അമ്മേ... വീണ്ടും ഉരുള്‍പൊട്ടിയിരിക്കുന്നു... മലവെള്ളം!!! കണ്ണടച്ചുതുറക്കുന്നതിനുമുന്‍പേ ആഞ്ഞടിച്ച മലവെള്ളം എന്നെയുംകൊണ്ട് മലയടിവാരത്തിന്റെ അഗാധതയിലേക്ക് മനസ്സിനേക്കാള്‍ വേഗത്തില്‍ പ്രയാണമാരംഭിച്ചു. കണ്ണില്‍ ഇരുട്ടു കയറുന്നതുപോലെ... അല്ല ചെളിയാണ്... ഒന്നും കാണുവാന്‍ സാധിക്കുന്നില്ല... ശ്വാസം മുട്ടുന്നതുപോലെ... അതെ; വായിലും,മൂക്കിലും,കാതിലും മണ്ണും കല്ലും വെള്ളവുംകൂടി ശക്തിയായി അടിച്ചുകയറുന്നു... വായടക്കാന്‍ കൂടി കഴിയുന്നില്ല... ബോധം മറയുന്നതുപോലെ... ഞാനൊന്നുമറിയുന്നില്ല... ഒഴുകുന്നു... നിശ്ചലമായി... മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട വഞ്ചിപോലെ.......

Wednesday, August 20, 2008

പെരുമഴക്കാലം

മുക്കാലോളം പുകച്ചു തള്ളിയ കട്ടന്‍ ബീഡി ഒരു പുക കൂടി ആഞ്ഞുവലിച്ച്; നിലത്തുകുത്തിക്കെടുത്തി റോഡരുകിലെ ഓടയിലേയ്ക്ക് അയാള്‍ വലിച്ചെറിഞ്ഞു. പുറത്ത് റോഡില്‍ മഴ ചന്നം പിന്നം തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. ഓടയിലെ കുതിച്ചൊഴുകുന്ന വെള്ളത്തിലൂടെ കുത്തിക്കെടുത്തിയ ബീഡികുറ്റി ഒഴുകി അപ്രത്യക്ഷമാകുന്നത് നിര്‍വികാരനായി അയാള്‍ നോക്കിയിരുന്നു. വെളിയിലെ ശക്തമായ മഴയില്‍ ചേമ്പിലകൊണ്ട് തലഭാഗം നനയാതെ മൂടി വളരെ വേഗത്തോടെ നടന്നുപോകുന്ന കണാരേട്ടനെ കണ്ടപ്പോള്‍ അയാള്‍ തന്റെ മോളെക്കുറിച്ചോര്‍ത്തു. ഇനും പതിവുപോലെ രാവിലെ മീനൂട്ടി കരഞ്ഞുംകൊണ്ടാണ് സ്കൂളിലേയ്ക്കുപോയത്. ഒരു കുട പോലും ഇല്ലാതെ; മഴ നനഞ്ഞു കൊണ്ട്.. ഈ മാസത്തെ ഫീസും അടച്ചിട്ടില്ലാ; ഇന്നു സാര്‍ വെളിയില്‍ ഇറക്കിനിര്‍ത്തുമെന്നാണു പറഞ്ഞിരിക്കുന്നത്.. ഏതായാലും ഇന്നു വൈകിട്ട് സ്കൂള്‍ വിട്ടുവരുമ്പോഴേക്കും കുടയും, ഫീസും എങ്ങനേയും ഒപ്പിച്ചുകൊടുക്കാമെന്നേറ്റിട്ടാണ് രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്. പക്ഷെ ഇന്നും വെറുതെ ഈ തിണ്ണയിലിരുപ്പുതന്നെ ജോലി.

പീടികത്തിണ്ണയില്‍ ഇട്ടിരുന്ന വയസ്സുമൂത്ത് കരച്ചില്‍തുടങ്ങിയ വള്ളിക്കസേരയില്‍ അയാള്‍ പിന്നോട്ടാഞ്ഞ് ഒന്നുകൂടി ഞരങ്ങി ഇരുന്നു. എന്നിട്ട് വലത്തുവശത്തുള്ള പപ്പടക്കണ്ണന്റെ പീടികയിലേയ്യ്ക്ക് തലവെട്ടിച്ച് ഒളിഞ്ഞുനോക്കി. കര്‍ക്കിടകം തുടങ്ങിയാല്‍ വറുതിയുടെ നാളുകളാണ്. എത്ര നാളാ‍യി ഒരു പണികിട്ടിയിട്ട്. കര്‍ക്കിടകം തുടങ്ങിയതുമുതല്‍ ഇവിടെ കണ്ണന്റെ അടുത്താണ് പൊറുതി. കാലത്തുവന്നീ ഒടിഞ്ഞ കസേരയിലിരിക്കും; ഉച്ചയാകുമ്പോഴേക്കും ഒരു പൈന്റിനുള്ള കാശ് കണ്ണന്‍ എങ്ങിനെയെങ്കിലുമുണ്ടാക്കും. പപ്പടത്തിന് ഏതുകാലത്തും ആവശ്യക്കാരുള്ളതിനാല്‍ മദ്യപാനം ഒരു മുട്ടുമില്ലാതെ നടന്നുപോകുന്നു. ഇന്നും ഷെയറുകൊടുക്കാതെ തന്നെ... കണ്ണന്‍ കൊടുത്ത കാശുംവാങ്ങി രാജു പട്ടണത്തിലേയ്ക്കുപോയിട്ടുണ്ട്; ഒരു പൈന്റ് വാങ്ങാന്‍... ഒന്നോര്‍ത്താല്‍ പപ്പടക്കണ്ണന്റെ ജീവിതമാണ് സുഖകരം. ഒരു പ്രാരാബ്ധവുമില്ല. ഭാര്യ കാന്‍സര്‍ വന്നു മരിച്ചുപോയി. ആകെ ഒരു ചെറുക്കനുള്ളത് ചെറുപ്പത്തിലേ ഒളിച്ചോടിയും പോയി. ഇപ്പോള്‍ കിട്ടണ കാശിന് തിന്നും, ബോധം മറയുംവരെ കുടിച്ചും ഈ പീടികത്തറയില്‍ കിടന്നുറങ്ങാം. തന്റെ കാര്യമോ... നാലുവര്‍ഷം മുന്‍പ് പന്തലിടാന്‍ വേണ്ടി പള്ളിയുടെ മുകളില്‍ നിലകെട്ടുന്നതിനിടയില്‍ വീണ വീഴ്ചയുടെ ഓര്‍മ്മ കര്‍ക്കിടകമാകുമ്പോള്‍ ശരീരം പുതുക്കും. കര്‍ക്കിടകം പുലര്‍ന്നാല്‍ തുള്ളിക്കൊരുകുടം പോലെ പേമാരി. ഒരു പണിയും ഇല്ലാതാനും. എന്നാലോ പുതിയപുതിയ രോഗങ്ങള്‍ക്കൊട്ടും കുറവില്ലാതാനും. ആശുപത്രിയില്‍ കൊടുക്കാന്‍ പോലും കാശില്ലാത്ത അവസ്ഥ. കൂടെ പട്ടീണിയും പരിവട്ടവും മിച്ചം!! പണയം വെയ്ക്കാനിനി ബാക്കിയുള്ളത് ഭാര്യയുടെ കഴുത്തില്‍ കറുത്ത ചരടിന്മേല്‍ കോര്‍ത്തിട്ടിരിക്കുന്ന താലി മാത്രം!!! എന്തൊരു പരീക്ഷണകാലഘട്ടമാണിത്!! ഇന്നലെ 16 രൂപകൊടുത്ത് വാങ്ങിയ 2 കിലോ കപ്പ അത്താഴത്തിന് ചെണ്ടപുഴുങ്ങിയതില്‍നിന്നും മിച്ചം പിടിച്ച രണ്ടുകഷ്ണം കഴിച്ചാണ് എന്റെ പൊന്നുമോള്‍ കാലത്തെ സ്കൂളില്‍ പോയിരിക്കുന്നത്; അതും മഴനനഞ്ഞ്... ഒരു കുട വാങ്ങാന്‍ പോലും ഗതിയില്ലാത്ത ഈ അച്ഛ്ന്‍; ഭഗവാനേ... ആരെങ്കിലും ഒന്നു ചത്തിരുന്നെങ്കില്‍... ഒരു പടുത വലിച്ചുകെട്ടിക്കൊടുത്തിട്ടാണെങ്കിലും എന്റെ മോള്‍ക്ക് ഇന്നത്താഴത്തിന് ഒരു പിടി ചോറുകൊടുക്കാമായിരുന്നു....

“രവിയേട്ടാ ദാ ഇത് പിടി”
ങാ!! രാജു വന്നുവോ; അവന്‍ കൊടുത്ത, റമ്മൊഴിച്ചുകറപിടിച്ച ഗ്ലാസിന്റെ മുക്കാല്‍ഭാഗത്തോളം ഒഴിച്ച ആ ചുവന്നദ്രാവകം അയാള്‍ വായിലേക്ക് കമിഴ്ത്തി. ഉള്ളില്‍ തൊണ്ടയിലൂടെ, ചങ്കിന്‍ കൂടിനുള്ളിലൂടെ, കുടലിലൂടെ ഒരു ചെറുചൂട് കത്തിയമര്‍ന്നു താഴോട്ടിറങ്ങി. ഇനി കുറച്ചുനേരത്തെക്കെങ്കിലും ഈ തീര്‍ത്താല്‍തീരാത്ത പ്രാരാബ്ധമില്ലാത്ത ലോകത്തുകിടന്നു വിലസാം... പങ്കിടലിലെ രണ്ടാമത്തെ ഊഴത്തിനുവേണ്ടി അയാള്‍ കാത്തിരുന്നു... റോഡിലെ തകര്‍ത്താടുന്ന പ്രക്രുതിയെ വീക്ഷിച്ചുകൊണ്ട്......

Sunday, July 20, 2008

നാലു പേരുടെ 13 മണിക്കൂര്‍ അദ്ധ്വാനം; കൂലി 16 രൂപ

18.07.2008 ല്‍ ദേശാഭിമാനി ദിനപത്രത്തിനു വേണ്ടി വി.ജയിന്‍ റിപോര്‍ട്ട് ചെയ്ത മനസ്സലിയിക്കുന്ന കദനകഥയിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. അത് താഴെ വായിക്കാം...

ന്യൂഡല്‍ഹി: വിശ്വാസം വരാത്തതിനാല്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ സൈബുന്നീസ ദൈവത്തിന്റെ പേരില്‍ ആണയിട്ടു “ ഞാനെന്തിനു കള്ളം പറയുന്നത്. ഞാനും എന്റെ മൂന്നു മക്കളും രാവിലെ പത്തു മുതല്‍ രാത്രി പതിനൊന്നു വരെ ജോലി ചെയ്യും. എല്ലാവര്‍ക്കും കൂടി 16 രൂപ കിട്ടും”. അവിശ്വനീയമായ ഈ തൊഴില്‍ ചൂഷണത്തെക്കുറിച്ച് കൂടുതല്‍ ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്ന സത്യങ്ങളാണ് പുറത്തു വന്നത്. വീടുകള്‍ കേന്ദ്രീകരിച്ച് തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ ഡല്‍ഹിയില്‍ തൊഴില്‍ മന്ത്രാലയത്തിലേക്കു നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സൈബുന്നിസ.

റബ്ബര്‍ ഷീറ്റില്‍നിന്ന് ചെരിപ്പ് നിര്‍മാണമാണ് സൈബുന്നിസയും മൂന്നു മക്കളും കൂടി ചെയ്യുന്നത്. ഒരു ചെരിപ്പിന്റെ പണിക്ക് 25 പൈസ കിട്ടും. ഒരു ദിവസം 12-13 മണിക്കൂര്‍ ജോലി ചെയ്താല്‍ 16 രൂപ. ഈ തുകകൊണ്ട് എങ്ങനെ കൂടുംബം കഴിയുന്നുവെന്ന് ചോദിച്ചപ്പോള്‍ ഭര്‍ത്താവ് സൈക്കിള്‍ പഞ്ചറൊട്ടിച്ച് കിട്ടുന്ന പണം കൊണ്ടൂം കടംവാങ്ങിയും ജീവിതം മുന്നോട്ടുപോകുന്നുവെന്ന് ഡല്‍ഹിയീലെ സാഗര്‍പൂരില്‍ താമസിക്കുന്ന സൈബുന്നിസയുടെ മറുപടി.

പഴയ ദില്ലിയില്‍ താമസിക്കുന്ന നസിം 24 വര്‍ഷമായി വീട്ടിലിരുന്ന് തൊഴില്‍ ചെയ്യുന്നു. മുത്ത് കോര്‍ത്ത് മാലയുണ്ടാക്കലാണ് തൊഴില്‍. ബ്രേസ്ലെറ്റ്, കമ്മല്‍ എന്നിവയുണ്ടാക്കും. നൂറു മുത്തുവരെ കോര്‍ക്കുന്ന ഒരു മാലയുണ്ടാക്കിയാല്‍ കിട്ടുന്നത് 50 പൈസ. ദിവസവും 10 മണിക്കൂര്‍ പണിയെടുത്താല്‍ കിട്ടുന്നത് 15 രൂപ. ഒരിടത്തുതന്നെ ഇരുന്ന് ജോലി ചെയ്യുന്നത്കൊണ്ടുളള ആരോഗ്യപ്രശ്നങ്ങളും കാഴ്ചക്കുറ്വുമുണ്ട് നസിമിന്.

ഡല്‍ഹിയിലുള്ള ബദര്‍പൂര്‍, തുഗ്ലക്കാബാദ് എക്സ്റ്റെന്‍ഷന്‍, ജാമിയ ഓഖ്ല, സോനിയവിഹാര്‍, പഴയദില്ലി, കരോള്‍ബാഗ്, മാനക്പുര,കിഷന്‍ഗഞ്ച് എന്നിവിടങ്ങളിലായി പത്തു ലക്ഷത്തോളം സ്ത്രീകള്‍ ഈ കൊടുംചൂഷണം സഹിച്ച് തൊഴിലെടുക്കുന്നു.

ഇവര്‍ക്കു കിട്ടുന്ന വേതനത്തിന്റെ ഏകദേശചിത്രം: 24 ഇഞ്ച് നീളമുള്ള മാലയുണ്ടാകിയാല്‍ 30 പൈസ. ഒരു ഷര്‍ട്ട് തുന്നിയാല്‍ 3 രൂപ. 144 പായ്കറ്റിലെ ചന്ദനത്തിരികള്‍ തയ്യാറാക്കിയാല്‍ 4 രൂപ. 200 ഗ്രീറ്റിങ്ങ് കാര്‍ഡിലും കവറുകളിലും അലങ്കാരപ്പണി ചെയ്താല്‍ 2 രൂപ. 1 കിലോ ഗ്ലാസ്സ് കഷ്ണത്തില്‍നിന്നും കരകൌശലവസ്തുക്കള്‍ക്കുവേണ്ടി ഗ്ലാസ് കഷ്ണങ്ങള്‍ ചെത്തിമിനുക്കിയെടുത്താല്‍ 2 രൂപ. 144 ഹെയര്‍ബാന്‍ഡുണ്ടാക്കിയെടുത്താല്‍ 1 രൂപ. ഒരു ചുരിദാര്‍ തുന്നിയാല്‍ 20 രൂപ.

പ്രതിമാസം 150 രൂപമാത്രം വേതനം കിട്ടുന്ന സ്ത്രീകളുമുണ്ട്. ശരാശരി വേതനം 491 രൂപയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാവ് അല്‍ബിനാ ഷക്കീലിന്റെ നേത്രുത്വത്തില്‍ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും നടത്തിയ സര്‍വേയില്‍ കണ്ടെത്തി. 96% സ്ത്രീകള്‍ക്കും കടമല്ലാതെ സമ്പാദ്യമില്ല. 96.26% സ്ത്രീകള്‍ക്കും കരറുകാരില്‍ നിന്നാണ് ഇത്തരം തൊഴില്‍ ലഭിക്കുന്നത്. കൂടുതല്‍ വേതനം ആവശ്യപ്പെട്ടാല്‍ തൊഴില്‍ നഷ്ടപ്പെടും എന്നതുകൊണ്ട് ആരും മിണ്ടില്ല.

നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഇവര്‍ക്കുള്ളത്. വര്‍ഷങ്ങളോളം ഡെപ്പികളില്‍ ചുണ്ണാമ്പ് നിറച്ചുകൊടുക്കുന്ന ജോലി ചെയ്യുന്ന സ്ത്രീകളുടെ വിരലുകള്‍ അലിഞ്ഞലിഞ്ഞ് പകുതിയായി. ഗ്ലാസുകഷ്ണം മിനുക്കുന്ന ജോലി ചെയ്യുന്ന സ്ത്രീകളൂടെ കൈകള്‍ മുറിഞ്ഞും ചോരയൊലിച്ചും വിരൂപമായി. ഏറെപ്പേര്‍ക്കും നടുവേദനയും കാഴ്ചക്കുറവും.


വാല്‍കഷ്ണം എന്റെ വക:
കോപ്പി റൈറ്റ് ആക്ട് ലംഘിച്ച് ഞാനീ വാര്‍ത്ത നിങ്ങളിലേക്ക് എത്തിച്ചതിന്റെ കാരണം, ഇനിയും ഈ കദനകഥ വായിക്കാത്തവരുണ്ടെങ്കില്‍ വായിക്കട്ടെ എന്നു കരുതി മാത്രമാണ്. ഇതിനു ഞാന്‍ റിപോര്‍ട്ടര്‍ വി.ജയിനിനോടും, ദേശാഭിമനി ദിനപത്രത്തിനോടും കടപ്പെട്ടിരിക്കുന്നു.

ഈ വാര്‍ത്ത ഞാന്‍ വായിച്ചിട്ട് കുറച്ചുനേരം സ്ത്ബ്ധനായി വെളിയിലേക്കും നോക്കി ഇരുന്നു പോയി. ഇന്ത്യയുടെ യഥാര്‍ത്തചിത്രം ഞാന്‍ ഒന്നു കൂടി മനസ്സിലിട്ട് അമ്മാനമാടി. ഒരു സൈഡില്‍ india shyning, bharath nirmaan എന്നീ പരസ്യചിത്രങ്ങളും മറുസൈഡില്‍ ദേശാഭിമാനിയിലെ ഈ വാര്‍ത്തചിത്രവും. സത്യത്തില്‍ എന്താണിതിനെപ്പറ്റി എഴുതേണ്ടത് എന്നതിനെപ്പറ്റി എനിക്കുതന്നെ അറിയില്ല. എങ്കിലും ഞാനൊന്നോര്‍മിക്കുന്നു, ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍; ഒരു വശത്ത് ഇന്ത്യയിലെ ഒരു വിഭാഗം ജനങ്ങളുടെ ധൂര്‍ത്തും മറുവശത്ത് ഈ പട്ടിണിപാവങ്ങളൂടെ നരകതുല്യമായ യാതനയും. കേരളത്തിലെ ഭിക്ഷക്കാരുടെ പോലും ഒരു ദിവസത്തെ ആവെറേജ് വരുമാനം 100 രൂപയാണെന്നിരിക്കെ, ഇന്ത്യയുടെ സമ്പത്പുരോഗതിക്കും, രാഷ്ട്രീയ വളര്‍ച്ചക്കും അവരുടെ ജീവിതം തന്നെ ഉഴിഞ്ഞുവച്ച ഈ പട്ടിണിപ്പവങ്ങള്‍ അനുഭവിക്കുന്ന നരകയാതന ഏതുമനുഷ്യന്റെയും കരളലിയിപ്പിക്കുന്നവയാണ്. ഇനിയെങ്കിലും നമ്മളോരൊരുത്തര്‍ക്കും പ്രതിജ്ഞ എടുക്കാം, ചുമ്മാ കളയുകയാണെങ്കില്‍ പോലും അളന്നുകളയണം എന്ന് കാരണം അങ്ങകലെ വടക്കൈന്ത്യയില്‍ നമ്മുടെ പ്രിയസഹോദരിമാര്‍ അവരുടെ കുഞ്ഞുങ്ങള്‍ക്കായി ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അടിവസ്ത്രം വരെ ഉരിയേണ്ട ഗതികേടിലാണെന്ന കാര്യം ഓര്‍ക്കുക.....നിറകണ്ണുകളോടെ അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു....


എന്റെ പ്രിയ സുഹ്രുത്തും, നാട്ടുകാരനുമായ ശ്രീ.അനൂപ് കോതനല്ലൂരിന്റെ ഈ പോസ്റ്റു കൂടി കൂട്ടി വായിക്കാനപേക്ഷിക്കുന്നു.

Thursday, May 29, 2008

മന്ത്രവാദി

ഞങ്ങളുടെ നാട്ടില്‍ ചെറുപ്പക്കാരനായ ഒരു മന്ത്രവാദി ഉണ്ടായിരുന്നു. രാമന്‍ എന്നായിരുന്നു ഹരിജനായ ആ മന്ത്രവാദിയുടെ പേര്. സ്വസമുദായത്തിലെ അന്ധവിശ്വാസങ്ങളിലും, അനാചരങ്ങളിലും അയാള്‍ അടിയുറച്ചു വിശ്വസിച്ചിരുന്നു. ചുട്ടകോഴിയെ പറപ്പിക്കുക, കോഴിമുട്ടയില്‍ കൂടോത്രം ചെയ്യുക എന്നീ വിദ്യകളില്‍ അയാള്‍ പ്രാവീണ്യം നേടിയിരുന്നു. പാരമ്പര്യമായി കിട്ടിയ മന്ത്രവാദമായിരുന്നു അയാളുടേത്.

ഒരിക്കല്‍ ഒരു വിദൂര ദേശത്ത് അയാള്‍ ഒരു ബാധ ഒഴിപ്പിക്കുവാന്‍ പോയി. കൂടെ ഒരു അനുയായിയേയും കൂട്ടിയിരുന്നു. ബാധ ഒഴിപ്പിച്ചു കൊണ്ടിരുന്ന സമയത്ത്, കോഴിയെ അറുത്ത് മന്ത്രോച്ചാരണങ്ങളോടു കൂടി അയാള്‍ ഉമ്മറത്തു നിന്നും മുറ്റത്തേയ്ക്കു ചാടിയിറങ്ങി. കൈയിലിരുന്ന ചൂരല്‍ വായുവില്‍ ചുഴറ്റി “ബാധേ നീ വേഗം ഒഴിഞ്ഞു പോ” എന്നാക്രോശിക്കുന്നതിനിടയില്‍ മുറ്റത്തുണ്ടായിരുന്ന പൊട്ടക്കിണറ്റിലേയ്ക്ക് മറിഞ്ഞു വീണു. ഇതു കണ്ടുനിന്ന വീട്ടുകാര്‍ “അയ്യോ മന്ത്രവാദി കിണറ്റില്‍ വീണല്ലോ” എന്നു പറഞ്ഞ് പരിതപിച്ചപ്പോള്‍, “ ഇതൊക്കെ മന്ത്രവാദിയുടെ ഒരു നമ്പറല്ലേ, നോക്കിക്കോളൂ ഇപ്പോള്‍ തന്നെ ബാധ ഒഴിഞ്ഞ് കിണറ്റില്‍ കിടക്കും” എന്ന് അനുയായി മറുപടി പറഞ്ഞു. പറഞ്ഞു കഴിയും മുന്‍പേ കിണറ്റില്‍ നിന്നും ഒരു അലര്‍ച്ച കേട്ടു; “അയ്യോ, അമ്മേ, വീട്ടുകാരെ എന്നെ രക്ഷിക്കണേ, ഞാനിപ്പോള്‍ ഇവിടെക്കിടന്നു ചാകുവേ” മന്ത്രവാദി കിണറ്റില്‍ നിന്നും വിളിച്ചു കരഞ്ഞു. പെട്ടന്നു തന്നെ അനുയായിയും വീട്ടുകാരും ഒരു കയര്‍ കിണറ്റിലേയ്ക്ക് ഇട്ടു കൊടുത്തു. അതില്‍ പിടിച്ചു കയറി അല്പസമയത്തിനുള്ളില്‍ മന്ത്രവാദി മുകളില്‍ വന്നു. എന്നിട്ട് പണ്ടത്തെ സിനിമകളില്‍ അശോകന്‍(അമരം ഫെയിം) ചിരിക്കുന്ന ഒരു ഇളിഭ്യച്ചിരി പാസാക്കിക്കൊണ്ട് നിന്നു.

Wednesday, May 28, 2008

കട്ട് ഫ്ലവര്‍ ഡെക്കറേഷന്‍

ഹിന്ദുക്കളുടെ വിവാഹത്തിന് ഒരുക്കിയിരിക്കുന്ന ഒരു സ്റ്റേജ് ഡെക്കറേഷനാണിത്. കഴിഞ്ഞ ദിവസം ഗോപന്‍ജി ഫ്ലവെര്‍ഷോയെ പറ്റിയുള്ള ഒരു പോസ്റ്റ് ഇടുകയുണ്ടായി; അതുകണ്ട് ഹരം കയറിയപ്പോളാണ്, അത്രയൊന്നുമില്ലെങ്കിലും ഒരു ചെറിയ സംഭവം എന്റെ കൈയിലും ഉണ്ടല്ലോ; എന്നാലത് ഒരു പോസ്റ്റാക്കി ഇട്ടാലോ എന്നു വിചാരിച്ചത്. ഈ കാണുന്ന ഫ്രെഷ് ഫ്ലവര്‍ അറേഞ്ച്മെന്റ്ന്റെ ക്രെഡിറ്റ് എന്റെ പ്രിയപത്നിയ്ക്കും, കര്‍ട്ടനും അറേഞ്ചെഡ് ഫ്ലവെര്‍ സ്റ്റാന്‍ഡ് സെറ്റിങ്ങ്സിന്റെ ക്രെഡിറ്റ് എന്റെ ഷോപ്പിലെ പ്രിയപ്പെട്ട തൊഴിലാളികള്‍ക്കും ഞാന്‍ സമര്‍പ്പിക്കുകയാണ്. അതുപോലെ ഈ സംഭവം ചെയ്തുകൊടുക്കാന്‍ ഓര്‍ഡെര്‍ തന്ന ശ്രീ. ഹരിസാറിനെയും നന്ദിപൂര്‍വം ഞാനീ വേളയില്‍ സ്മരിക്കുന്നു.

പാശ്ചാത്യരാജ്യങ്ങളിലെന്നപോലെ നമ്മുടെ നട്ടിലേയ്ക്കും ഒരു പുഷ്പസംസ്കാരം കുറച്ചു നാളുകളായി കടന്നുവന്നിട്ടുണ്ട്. സാധാരണയായി ഉപയോഗിക്കുന്ന ആസ്റ്റെര്‍, ക്രെസാന്തം, യെല്ലോ വൈറ്റ് ഡെയ്സികള്‍, റോസ്, ജെറിബറ, ഗ്ലാഡിയോലസ്, ഗോള്‍ഡന്‍ റോഡ് എന്നീ പൂക്കളാണ് കൂടുതലായും ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ശതാവരിയും, ബോര്‍ഡോ കോര്‍പസും ഇലകളായും ഉപയോഗിച്ചിരിക്കുന്നു. കെട്ടുമണ്ഡ്പം കതമ്പം, മുല്ലപ്പൂ, തേനി സ്പെഷിയല്‍ ഇല എന്നിവ കൊണ്ടും അലങ്കരിച്ചിരിക്കുന്നു. കര്‍ട്ടന്‍, സ്റ്റാന്‍ഡുകളില്‍ മെടഞ്ഞ് പിന്‍ ചെയ്തിരിക്കുന്നു. കര്‍ട്ടന്‍ തുണി മേല്‍ത്തരം സാറ്റിന്‍ സില്‍ക്കിന്റെ തുണിയാണ്.

ഇനി ഈ ചിതങ്ങള്‍ കാണൂ. പ്രധാനമായും ഇതു പബ്ലീഷ് ചെയ്യുന്നതിന്റെ ഉദ്ദേശം, ഇതു ഇനിയും കൂടുതല്‍ ആകര്‍ഷകമാക്കാന്‍ എന്തുചെയ്യാം? എന്നതിനെപ്പറ്റിയുള്ള നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്കു വേണ്ടിയാണ്. നിങ്ങളുടെ മനസ്സില്‍ ഉദിക്കുന്ന ആശയങ്ങളാകുന്ന നിര്‍ദ്ദേശങ്ങള്‍ എനിക്കെന്റെ തുടര്‍ന്നുള്ള പ്രയാണത്തില്‍ മാര്‍ഗദര്‍ശിയാകും. എല്ലാവര്‍ക്കും നന്ദി...

Sunday, May 25, 2008

സന്ധ്യ

സന്ധ്യയുടെ വിവിധഭാവങ്ങള്‍. പക്ഷെ ഇതു പൂര്‍ണ്ണമായി എന്നെനിയ്ക്കു തോന്നുന്നില്ല. മാത്രമല്ല ഞാനീ ഫോട്ടോസ് എല്ലാം എടുത്തിരിക്കുന്നത് vga ഫോര്‍മറ്റിലാണ്. അത് സന്ധ്യയുടെ സൌന്ദര്യം നശിപ്പിക്കാന്‍ ഒരു പരിധി വരെ കാരണമായി.വീണ്ടും ഞാന്‍ തിരിച്ചുവരും, കൂടുതല്‍ മിഴിവുള്ള, വ്യത്യസ്തമായ ചിത്രങ്ങളുമായി...

Monday, May 19, 2008

പ്രണയസമ്മാനം.....ഭാഗം:2

ഉപഭാഗം:1


രാവിലെ പതിവില്ലാത്തവിധം മഞ്ഞു വീഴുന്നുണ്ടായിരുന്നു. സാധാരണ ഡിസംബെര്‍, ജനുവരി മാസങ്ങളിലാണു ഇങ്ങനെ ഉണ്ടാകാരുള്ളത്. ഞാന്‍ നടയിറങ്ങി തൊടിയിലെ തെങ്ങിന്‍ തോപ്പുകള്‍ക്കിടയിലൂടെ നടന്നു. മനസ്സ് തികച്ചും അസ്വസ്ഥമായിരിക്കുന്നു. ഇന്നലെ രാത്രിയില്‍ നേരത്തെ മയങ്ങിപോയി. കഞ്ഞി എടുത്തുവച്ച്, അമ്മ കുടിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും വേണ്ടെന്നു പറഞ്ഞു. മനസ്സ് അസ്വസ്ഥമായതു കൊണ്ടാകാം ഒന്നും കഴിക്കാന്‍ തോന്നിയില്ല. ശ്രീക്കുട്ടിയെപ്പറ്റിയുള്ള ഓര്‍മകളിലൂടെ പാറിനടന്നിരുന്നതിനാല്‍ ഉറക്കം ഒരു പാതിമയക്കമായിപ്പോയി. അതിന്റെ ക്ഷീണവും ഉണ്ട്. മനസ്സ് അസ്വസ്ഥമാകുമ്പോള്‍ ചെയ്യാറുള്ളതാണ്, തൊടിയിലെ തെങ്ങിന്‍ തോപ്പില്‍ക്കിടയിലൂടെ പ്രഭാതത്തിന്റെ പ്രസന്നത ശ്വസിച്ചു കൊണ്ടുനടക്കുന്നത്.


`` നീയെന്താ, നേരത്തെ എഴുന്നേറ്റോ? `` അച്ഛനാണ്.


അച്ഛന്‍ രാവിലെ തൊടിയില്‍ പണി തുടങ്ങിയിരിക്കുന്നു; ഇന്നു കൂടെ കിട്ടുവേട്ടനും ഉണ്ടല്ലോ!!. കിട്ടുവേട്ടന്‍ ആളൊരു രസികനാണ്. മൂപ്പര്‍ക്ക് പണി തേങ്ങയിടലാണ്. അതിരാ‍വിലെ എഴുന്നേറ്റ് നഗരത്തിലെ ഷാപ്പിലേക്കു പോകും. കൂടെ ഒരു പറ്റം നായ്ക്കളും ഉണ്ടാകും. അവയെ ആട്ടിത്തെളിച്ചാവും പോക്ക്. തലേദിവസത്തെ അന്തി മിച്ചമുള്ളത് ഷാപ്പുകാരന്‍ കിട്ടുവേട്ടനു കൊടുക്കും. അതിരാവിലെ മൂത്തതടിച്ച് പൂസാ‍യി തിരിച്ച് ഗ്രാമത്തിലേക്ക്. എന്നിട്ട് ആരുടെയെങ്കിലും പുരയിടത്തില്‍ തേങ്ങയിടാനുണ്ടെങ്കില്‍ അവിടേയ്ക്ക് പോകും. പൂസായി വിറച്ച് വിറച്ച് തെങ്ങില്‍ കയറുന്നതു കാണുമ്പോള്‍ നമ്മളുടെ ഉള്ളു കാളും. എന്റെ ഭഗവതീ ഈ അതിയാനൊന്നും നമ്മടെ തെങ്ങില്‍ നിന്നും വീണ് ഒന്നും പറ്റല്ലേ എന്നു പ്രാര്‍ത്ഥിച്ചാവും ഓരോ വീട്ടുകാരും നില്‍ക്കുക. ആരുടെ സുക്രുതം കൊണ്ടാണാവൊ ഇന്നു വരെ കിട്ടുവേട്ടന്‍ വീണിട്ടില്ല. ഇതിനിടയില്‍ കവലയിലെ ഷാപ്പില്‍ പ്രഭാതന്‍ വരുമ്പോള്‍ അവിടേക്കോടും. ഇതിനിടയില്‍ കുറ്റ്യാടി തോട്ടിലേക്കൊരു പോക്കുണ്ട്, മീന്‍ പിടിക്കാന്‍. തിരികെ വരുമ്പോള്‍ ഓലമടലിന്റെ ചീന്തിലില്‍ തൂങ്ങിയ മുഴുത്ത മീനുകളും ഉണ്ടാകും. നല്ല വിലയ്ക്ക് അതു വാങ്ങാനും ആളുണ്ടായിരുന്നു.


`` അനീ, ഇന്നെന്താ മോനേ പരിപാടി `` കിട്ടു.


മറുപടിയായി ഒരു പുഞ്ചിരി സമ്മാനിച്ച്, ശ്രീക്കുട്ടിയുടെ തൊടിയുടെ അതിര്‍ത്തിയിലേയ്ക്കു നടന്നു. അച്ഛന്‍ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. മന:പൂര്‍വ്വമാണു അച്ഛനു മുഖം കൊടുക്കാതെ നടന്നത്. പഠിച്ച് ഡിഗ്രിയെടുത്ത മകന്‍ ഒരു പണിയുമെടുക്കാണ്ടു തെക്കുവടക്ക് നടക്കുന്നു. എന്നാല്‍ തൊടിയിലോ ഒരു കൈ സഹായിക്കുക; അതുമില്ല.. ആര്‍ക്കാണേങ്കിലും ദ്വേഷ്യം തോന്നാം. പക്ഷെ ഞാന്‍ എന്താ ചെയ്ക?, എത്ര ഇന്റെര്‍വ്യൂവിനു പോയതാണ്. ഏതെങ്കിലും ഒന്നു ശരിയാവേണ്ടെ. അതിന്റെ കൂടെ ഒരു ഏടാകൂടം കൂടി വലിച്ചുവെച്ചിരിക്കുന്നുവെന്നും... ഞാനെന്താ ചെയ്യെണ്ടത്, ശ്രീക്കുട്ടിയെ മറക്കാനാവില്ലാന്ന് അച്ഛനറിയില്ലല്ലൊ.


അതിരിന്റെ സൈഡില്‍ നട്ടിരിക്കുന്ന ഞാലിപൂവന്‍ വാഴകളുടെ ഇടയിലൂടെ ശ്രീക്കുട്ടിയുടെ വീടിന്റെ മുറ്റത്തേയ്ക്ക് നോക്കി പതുക്കെ ഞാന്‍ നടന്നു. എന്നും രാവിലെ ഈ പെണ്ണ് മുറ്റം തൂക്കുന്നതാണല്ലോ? ഇന്നെന്താണാവൊ കാണാത്തെ? ഒന്നു കണ്ടിരുന്നെങ്കില്‍... അതു മാത്രം മതിയായിരുന്നു. കാണാഞ്ഞിട്ട് എന്തോ... ചങ്കില്‍ ഒരു വിങ്ങല്‍. ഒരേഒരു നോട്ടം... എന്താണിങ്ങനെ....സത്യത്തില്‍ ഒരു ദിവസം കൂടി അവളെ പിരിയാനാവില്ല, കാണാണ്ടിരിക്കാന്‍ ആവില്ല. അതാണ് സത്യം. ഇതിനു മുന്‍പ് ഇങ്ങനെയൊരു വിങ്ങല്‍ പ്രേമം പുഷ്പിച്ചതിന്റെ ആദ്യനാളുകളിലായിരുന്നു. ഞാനന്ന് പത്തിലാണെന്നു തോന്നുന്നു, അവള്‍ എട്ടിലും. കുറച്ച് ദിവസങ്ങളായി അവളെ വീടിന്നു വെളിയില്‍ കാണുന്നില്ല. സ്കൂളിലേക്കും വരുന്നില്ല. ഒന്നുരണ്ടു പ്രാവശ്യം അന്യോഷിച്ച് അവളുടെ വീട്ടില്‍ ചെന്നു. പക്ഷെ ആരും അവളെക്കുറിച്ച് മിണ്ടുന്നതുപോലുമില്ല. ആകപ്പാടെ ഒരു ശൂന്യത... എന്തോ ഒന്നു കുറഞ്ഞു പോയതു പോലെ.... പിന്നീടെപ്പോഴോ അമ്മ ചേച്ചിയോടു സ്വകാര്യമായി പറയുന്നതു കേട്ടു `` കാവുമ്പുറത്തെ ശ്രീക്കുട്ടി വയസ്സറിയിച്ചു``. കേട്ടപ്പോള്‍ എനിയ്ക്ക് ആദ്യം വിഷമമാണു തോന്നിയത്. പിന്നീട് മനസ്സ് നിറഞ്ഞു തളിര്‍ത്തു. പക്ഷെ എങ്ങനെ അവളെ ഒന്നു കാണും? രണ്ടു മൂന്നു ദിവസങ്ങള്‍ക്കു ശേഷം സ്കൂള്‍ ഗ്രൌണ്ടിനടുത്തുള്ള ചുവന്നപൂക്കള്‍ വിരിയുന്ന വാകമരച്ചുവട്ടില്‍ വച്ച് അവിചാരിതമായി കണ്ടപ്പോള്‍ സകലനിയന്ത്രണവും വിട്ട് ചോദിച്ചു പോയി.

`` നല്ല പണിയാ കെട്ടോ താന്‍ കാണിക്കുന്നത് ``

`` അതെന്താ അനിയേട്ടാ, അങ്ങനെ പറഞ്ഞത് ``

`` എത്ര ദിവസമായി ഞാന്‍ കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരിക്കുന്നൂ, നീയെന്നെ പറ്റി ഒരു പ്രാവശ്യം എങ്കിലും ഓര്‍ത്തോ? ``

`` ഈ അനിയേട്ടന്‍ എന്തൊക്കെയാ പറയണെ ``

`` മണ്ണാങ്കട്ട `` എനിക്കു സങ്കടം കൂടി വന്നു. ഈ പൊട്ടിപ്പെണ്ണിനു ഒന്നും മനസ്സിലാകുന്നില്ലേ, അതോ ഒന്നും മനസ്സിലായില്ല എന്നഭിനയിക്കുവാണോ, എന്തോ?. അല്ലെങ്കില്‍ തന്നെ എന്തു പറയാന്‍, ഞാന്‍ മനസ്സിലുള്ളത് ഒന്നും തുറന്നു പറഞ്ഞിട്ടില്ലല്ലോ.

`` ഞാന്‍ പോവാണ് ``

`` നില്‍ക്കവിടെ `` എന്നും പറഞ്ഞുകൊണ്ട് ഞാനവളുടെ കൈത്തണ്ടില്‍ മുറുകെ പിടിച്ചു. എന്റെ കൈയില്‍ കിടന്ന് അവളുടെ കൈ ഞെരിഞ്ഞമര്‍ന്നു. കുപ്പിവളകള്‍ പൊട്ടി നിലത്തു വീണു ചിതറി. വളപ്പൊട്ടുകള്‍ക്കിടയില്‍പ്പെട്ട് ഞെരിഞ്ഞ അവളുടെ ഇളം കൈയില്‍ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു. ഒരു നിമിഷം, കൈ കുതറിച്ചെടുത്തുകൊണ്ട് അവള്‍ ചീറി.

`` നോക്കിയ്ക്കൊ, ഇന്ന് അച്ഛനോടു പറഞ്ഞ് ഞാന്‍ കാണിച്ച് തരണ്ണ്ട് ``

എന്റെ മനസ്സില്‍ ഒരേസമയം സങ്കടവും, ദ്വേഷ്യവും, പേടിയും ഉറഞ്ഞു പൊങ്ങി. ഇനി എന്താണാവോ ഉണ്ടാകുക?. ഭാഗ്യത്തിനു അവള്‍ അതു വീട്ടില്‍ പറഞ്ഞില്ല. അന്നു മുതല്‍ക്കാണു ശ്രീക്കുട്ടിയുടെ മനസ്സില്‍ ആര്‍ക്കുമില്ലാത്ത ഒരു സ്ഥാനം എനിക്കുണ്ടെന്നു തോന്നിത്തുടങ്ങിയത്.

ഇത്രനേരമായിട്ടും അവളെ കാണുന്നില്ലല്ലോ. ഇനി ഉച്ചകഴിയുന്നതു വരെ, അവള്‍ കുളിക്കാന്‍ പോകുന്നതും കാത്ത്, ഈ വേദനയും അടക്കിപ്പിടിച്ചിരിക്കണമല്ലോ, എന്റെ ഭഗവതീ...

`` അമ്മാവാ, ഇവിടെ എന്തെടുക്കുവാ? `` അമ്മുക്കുട്ടിയാണു.

ഒരു നിമിഷം, ചിന്തകളില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. ഒരു ജാള്യത മുഖത്തേയ്ക്ക് ഓടി വന്നു. എന്റെ ഉദ്ദേശ്യശുദ്ധി കണ്ടുപിടിച്ചാവോ, അവള്.

`` ഒന്നൂല്യ അമ്മൂട്ട്യേ, ഇന്നു നിനക്ക് സ്കൂളില്‍ പോവേണ്ടെ ``

`` പോണം; അമ്മ പറഞ്ഞു അമ്മാവന്‍ ഈ തൊടീലെവെടെയെങ്കിലും കാണും, വിളിച്ചോണ്ടുചെല്ലാന്‍``

`` ദാ വരുന്നൂ മോളൂ, നീ നടന്നോ ``

മുറ്റത്തേയ്ക്ക് നോക്കി, നെടുവീര്‍പ്പിട്ടുകൊണ്ട് ഞാന്‍ തിരിഞ്ഞു നടന്നു.

കാപ്പികുടി കഴിഞ്ഞു ഞാന്‍ കവലയിലേയ്ക്ക് ഇറങ്ങി. ശ്രീധരേട്ടന്റെ അടുക്കലേയ്ക്ക് പോണോ...അതോ...വേണ്ട, ഇന്നിനി ശ്രീധരേട്ടനെ കാണണ്ട. വായനാശാലയിലേയ്ക്കു നടന്നു. വായനാശാലയില്‍ നന്നെ ആള്‍ കുറവായിരുന്നു. പത്രങ്ങളും, ആനുകാലികങ്ങളും വെറുതെ ഒന്നു മറിച്ചു നോക്കി. ഒന്നിലും ഒരു ശ്രദ്ധയും കിട്ടുന്നില്ല. ശ്രീക്കുട്ടിയ്ക്കു കൊടുക്കാനുള്ള മറുപടി മനസ്സിലുണ്ട്. അതിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ പെരുവിരലില്‍ നിന്നും ഒരു വിറയല്‍ ഉള്ളിലേയ്ക്കു കടന്നു പോയി ശിരസ്സാഗ്രത്തില്‍ തട്ടി നില്‍ക്കുന്നു.

ഉപഭാഗം:2

`` ശ്രീക്കുട്ടി, പനി കുറവുണ്ടോ മോളെ ``

`` കുറവുണ്ട് സുജാതേച്ചീ ``

`` ഇന്നലെ രാത്രീലത്തെ മഞ്ഞുകൊണ്ടതാണു പ്രശ്നായെ, ഞാന്‍ പറഞ്ഞതല്ലേ ടെറസ്സില്‍ നില്‍ക്കണ്ടാന്ന്, അപ്പോ അമ്പിളിമാമനെ കാണണംന്നും പറഞ്ഞ്.....``

അമ്പിളിമാമനെ കാണാന്‍ തന്നെയാ രാത്രീല് ടെറസ്സിന്റെ മുകളില്‍ കയറിനിന്നത്, പക്ഷെ അമ്പിളിമാമന്‍ അനിയേട്ടനാണെനു മാത്രം. പക്ഷെ ഇന്നലെ അനിയേട്ടന്‍ എവിടെ പോയി? ഒരു പക്ഷെ ഉറങ്ങി പോയിരിക്കുമോ? എന്താണവോ അനിയേട്ടനൊരു മൌനം. ഇന്നലെ കണ്ടപ്പോഴും... ഇനി എന്നെ ഇഷ്ടമില്ലെ ആവോ? ചില കഥകളിലൊക്കെ വായിക്കണതു പോലെ... ച്ഛെ... ഞാനിതെന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നത്. വിഡ്ഡിത്തരം. എന്റെ അനിയേട്ടന് ഞന്‍ കഴിഞ്ഞേ ഉള്ളൂ എന്തും. സ്നേഹം മൂത്തുപോയതു കൊണ്ടായിരിക്കും എനിയ്ക്കങ്ങനെ തോന്നുന്നത്. പാവം അനിയേട്ടന്‍... എന്റെ ചേട്ടന്മാര്‍ എത്ര ഭീക്ഷണി മുഴക്കി. പക്ഷെ അനിയേട്ടന്‍ പിടിച്ചു നില്‍ക്കുന്നു, എനിക്കുവേണ്ടി. എന്തായലും ഇനി കിടക്കണ്ട. എഴുന്നേല്‍ക്കുക തന്നെ. കുറ്റ്യാടിതോട്ടില്‍ കുളിക്കാന്‍ പോവാം. അമ്മ സമ്മതിക്കാന്‍ തരമില്ല. എങ്കിലും പോകണം. എന്നിട്ട് അനിയേട്ടനെ കാണണം.. പിന്നെ...

കുട്ടിക്കാലം എന്തുമാത്രം രസകരമായിരുന്നു. മണിയന്ത്രം മലയടിവാരത്തുള്ള മൊട്ടക്കുന്നുകളിലെ പച്ചപ്പരവതാനി വിരിച്ച ആ പുല്‍മേട്ടില്‍ ഏകനായി നിന്നിരുന്ന ആല്‍മരച്ചോട്ടിന്റെ കല്ലുപാകിയ ചുവട്ടില്‍ കൂട്ടമായി ഇരുന്ന് ആന്ത്രാക്ഷരി കളിച്ചിരുന്ന കാലം.....വൈകുന്നേരം സ്കൂള്‍ വിട്ട് തുള്ളിച്ചാടി നടന്നിരുന്ന ആ നാട്ടുവഴികള്‍.....കുറ്റ്യാടിതോട്ടിനരികിലുള്ള കയ്യാണിയില്‍ പരല്‍മീനുകളെ തോര്‍ത് ഉപയോഗിച്ച് പിടിക്കാന്‍ പോയിരുന്ന ആ നല്ല നാളുകള്‍.....ചിങ്ങമാസത്തില്‍ നെല്‍ പാടത്തുനിന്നും കൊയ്തുകൊണ്ടുവരുന്ന കറ്റകള്‍ മുറ്റത്ത് മെതിക്കാനായി കൂട്ടം കൂട്ടമായി ഇടും, അതിനിടയിലൂടെ സാറ്റ് കളിച്ചു നടന്നിരുന്ന ആ നല്ല കാലം..... പിന്നാമ്പുറത്തെ മാവിന്റെ മുകളില്‍ കയറി മാങ്ങാ പറിച്ചു നടന്ന കാലം....പിന്നെ മാങ്ങാച്ചൊന കവിളത്ത് പറ്റി പൊള്ളിയതും..... അമ്മയുടെ അടി പാഴ്സലായി വാങ്ങിയതും.... ചാറ്റല്‍മഴയും വെയിലും കൊണ്ട് പാറിനടന്ന കാലം..... എല്ലാം.... അന്നൊക്കെ അനിയേട്ടനും എന്റെ ചേട്ടന്മാരും നല്ല കൂട്ടുകാരായിരുന്നു. പക്ഷെ പിന്നീടത്..... അന്നൊക്കെ വള്ളിനിക്കറും ഇട്ട് നടന്നിരുന്ന മെലുഞ്ഞുണങ്ങിയ ആ ചെക്കന്‍ എനിക്കാരായിരുന്നു.... ആരും അല്ലായിരുന്നു. കുഞ്ഞാങ്ങളമാരുടെ ഓമനയായിരുന്ന ഞാന്‍ കള്ളം പറഞ്ഞ് എത്രയോ പ്രാവശ്യം ആ ചെക്കനു അടി വാങ്ങി കൊടുത്തിരിക്കുന്നു. പിന്നീടെപ്പോഴോ കളീക്കൂട്ടുകാരന്‍ ചെക്കന്‍ ഒരിക്കലും മറക്കാനാവാത്ത സ്നേഹബന്ധത്തിന്റെ ഏട് ആയി മാറി. വയസ്സറിയിച്ച സമയമാണെന്നുതോന്നുന്നു. വീട്ടില്‍ നിന്നും പുറത്തിറങ്ങാനേ അനുവാദമില്ലായിരുന്നു. ഒരാഴ്ചക്കു ശേഷം സ്കൂളില്‍ ചെന്നപ്പോള്‍ , ഗ്രൌണ്ടിന്റെ ഓരത്തുള്ള വാകമരത്തിന്‍ കീഴില്‍ വച്ച് ഒന്നും രണ്ടും പറഞ്ഞ് അനിയേട്ടന്‍ കൈയില്‍ പിടിച്ച് ഞെരിച്ച് വളകള്‍ പൊട്ടി രക്തം പൊടിഞ്ഞപ്പോള്‍, എനിക്കവനെ കൊല്ലാനുള്ള ദ്വേഷ്യമുണ്ടായിരുന്നു. അച്ഛനോടു പറയും എന്നും പറഞ്ഞ് കുതറിമാറി തിരിഞ്ഞു നടന്നപ്പോള്‍, ഒരു നിമിഷം ആ മുഖത്തേയ്ക്കു നോക്കി. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ചുണ്ടുകള്‍ വിറച്ചിരുന്നു. എന്തോ പറയാന്‍ വിതുമ്പുന്നതു പോലെ തോന്നി. വീടടുക്കും തോറും എന്റെ ദ്വേഷ്യം അലിഞ്ഞലിഞ്ഞില്ലാണ്ടായി. അന്ന് മുഴുവന്‍ ആ നിറകണ്ണുകള്‍ മനസ്സില്‍ നിന്നും മാഞ്ഞതേയില്ല. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഞാനറിയാതെ തന്നെ ആ മനസ്സിന്റെ തീരത്തേയ്ക്ക് അടുത്തുകൊണ്ടിരുന്നു.

`` എന്താ മോളെ, ഇനി എഴുന്നേറ്റ് ഇത്തിരി കഞ്ഞി കുടിയ്ക്ക്, എന്നിട്ടു കിടക്കാം `` അമ്മ.

`` ങ്ഹൂം, ശരിയമ്മേ ``

പാവം എന്റെ അമ്മ, ക്ഷീണിതയായിരിക്കുന്നു. ഈ ലോകത്തില്‍ ഞാന്‍ പറയുന്നതു കേള്‍ക്കാന്‍ മനസ്സുള്ള ഒരാള്‍ അമ്മയാണ്. എന്റെ എല്ലാ കുറുമ്പുകള്‍ക്കും കൂടെ നിന്നിരുന്ന അമ്മ, ഇപ്പോള്‍ വയ്യാണ്ടാ‍യിരിക്കുന്നു. അച്ഛന്റെ വാശികള്‍ അമ്മയുടെ സ്വൈര്യം കെടുത്തി.

`` അമ്മേ, ഞാന്‍ ഉച്ചകഴിഞ്ഞ് ഒന്നു മുങ്ങി കുളിച്ചിട്ടു വരാം, പനിക്കിത്തിരി കുറവുണ്ട്, ക്ഷീണവും മാറുമല്ലോ ``

`` ഇതെന്തൊരു കേടാ ശ്രീക്കുട്ടി നിനക്ക്, ഇനി കുളിക്കാന്‍ പൊവ്വേ, എന്തായാലും പനി മാറട്ടെ, അച്ഛനെങ്ങാനും അറിഞ്ഞാല്‍ പിന്നെ അതുമതി പൂരം!! ``

അമ്മയോടു തര്‍ക്കിച്ചു നിന്നിട്ടു കാര്യമില്ല. വല്ലവിധവും പോകുക തന്നെ. പോകുന്ന വഴിയില്‍ എവിടെയെങ്കിലും അനിയേട്ടന്‍ കാത്തിരിക്കുന്നുണ്ടാകും. ഇനി വയ്യാ ഈ പിശാചുപിടിച്ച ഏട്ടന്മാരുടെ കൂടെ ജീവിക്കാന്‍. അനിയേട്ടന്‍ എന്താണാവോ തീരുമാനിച്ചിരിക്കുന്നത്? മൂഴിക്കലമ്മേ നീ തന്നെ തുണ. ഈ ജന്മം അനിയേട്ടനില്ലാതെ ജീവിക്കാനാവില്ല. അനിയേട്ടനാണെന്റെ സര്‍വ്വവും...

(തുടരും....)

Sunday, April 20, 2008

പ്രണയസമ്മാനം.....ഭാഗം:1

`` എനിയ്ക്കു സമ്മതാ, അനിയേട്ടന്‍ വിളിച്ചാല്‍ ഞാന്‍ ഇറങ്ങി വരാം; എന്നിട്ട് എവിടെയെങ്കിലും പോയി സുഖായിട്ടു ജീവിക്കാം, കൂലിപ്പണി എടുത്താണെങ്കിലും``


ഒരു നിമിഷം ഞെട്ടിയോ? മൂഴിക്കലമ്മയുടെ തിരുനടയില്‍ തൊഴുതു കൊണ്ടു നില്‍ക്കുന്ന ശ്രീക്കുട്ടിയെ സാകൂതം ഞാന്‍ നോക്കി. ശ്രീക്കുട്ടി മന്ത്രിച്ചത് ആരെങ്കിലും കേട്ടിട്ടുണ്ടാകുമൊ?, ഇല്ലായിരിക്കും.. എന്നാലും എന്തൊരു ധൈര്യം!! എന്റമ്മോ!!... ശ്രീനിവാസന്‍ തിരുമേനി എന്തൊക്കെയോ പിറുപിറുത്തു കൊണ്ടു പൂജകള്‍ ചെയ്യുന്നു.. എന്തൊരു ഭംഗിയാണമ്മയ്ക്ക്, വൈകുന്നേരങ്ങളില്‍ പ്രത്യേകിച്ച്.. എന്റെ ശ്രീകുട്ടിയെപ്പോലെ തന്നെ..

`` എന്താ അനിയേട്ടാ, ഒന്നും മിണ്ടാത്തെ `` ശ്രീക്കുട്ടി വീണ്ടും മന്ത്രിച്ചു.

ഞാന്‍ കുറച്ചു കൂടി അവളുടെ അടുത്തേക്കു നീങ്ങി നിന്നു. ദീപാരാധന തുടങ്ങാറായിരിക്കുന്നു. ആളുകളും വന്നു തുടങ്ങിയിരിക്കുന്നു. അങ്ങകലെ മണിയന്ദ്രം മലയിലേക്കു സായാഹ്നസൂര്യന്‍ ഇറങ്ങിത്തുടങ്ങിയിരിക്കുന്നു. അമ്പലപറമ്പിലെ പാടത്തുനിന്നും കുട്ടപ്പനമ്മാവന്‍ മേയാന്‍ വിട്ട പൈക്കളെ ആട്ടിത്തെളിച്ച് കൊണ്ടുപോകാന്‍ തുടങ്ങി. വെള്ള, കറുപ്പ്, ചാര നിറമുള്ള പൂവാലിപൈക്കള്‍ വരിവരിയായി പോകുന്നതു കാണാന്‍ എന്തു ഭംഗിയാണു. ഏറ്റവും പുറകിലായി അമ്മാവനും...അമ്മാവനു വയസ്സായിരിക്കുന്നു. ജീവിതകാലം മുഴുവനും പശുക്കളുടെ കൂടെയായിരുന്നു. ജീവിത സായാഹ്നത്തില്‍ താങ്ങുനല്‍കേണ്ടിരുന്ന ഏകമകന്‍.... ഒരു അപകടത്തില്‍ പെട്ടു മരിച്ചപ്പോള്‍... പിന്നെയും അമ്മാവന്‍ തനിച്ചായി... അയല്‍ക്കാരുടെയും, നാട്ടുകാരുടെയും നാനാവിധ പരിപാടികള്‍ക്കും ആരംഭ,അവസാനം വരെ ഒരു സഹായിയായി അമ്മാവന്‍ ഉണ്ടാകും. പാവം! എന്നാലും അദ്ദേഹത്തിനീവിധി ഉണ്ടായല്ലോ.... താമസ്സിച്ചുണ്ടായതാണു ഏകമകന്‍... ജനനത്തോടുകൂടി ഭാര്യ മരിച്ചു പോകുകയും ചെയ്തു... എങ്കിലും വളരെയേറെ കഷ്ടപ്പെട്ട് അമ്മാവനവനെ വളര്‍ത്തി... എറണാകുളത്ത് നിയമം പടിക്കുവായിരുന്നു..ഒരാക്സിടെന്റ്... വരാനുള്ളത് വഴിയില്‍ തങ്ങുമോ... പാവം ആ കരച്ചില്‍ കണ്ടാല്‍ സഹിക്കില്ലായിരുന്നു.

`` ണിം........ണിം...... ``


ചിന്തകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു. ദീപാരാധന കഴിഞ്ഞിരിക്കുന്നു. എല്ലാവരും ദീപത്തെ വണങ്ങി കൂടണയുവാന്‍ തിരക്കുകൂട്ടുന്നു. ശ്രീക്കുട്ടി എന്നെ പതുക്കെ ഒന്നു ഞോണ്ടി. അതിന്റെ അര്‍ത്ഥം ഒരുമിച്ചു നിന്നു ദീപത്തെ തൊഴാം എന്നതാണു. ഇങ്ങനെ എത്ര നാള്‍ തൊഴുതിരിക്കുന്നു. ഓര്‍മവെച്ച നാള്‍ മുതല്‍ തുടങ്ങിയതാണു, അവസാനം...... തൊട്ടിപ്പറമ്പിലെ അനിയനെ കണ്ടുപോകരുതെന്നു വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണു അവള്‍ക്ക്, ഉഗ്രപ്രതാപികളായ അച്ചനും, സഹോദരന്മാരും. എത്ര ഭീക്ഷണിപ്പെടുത്തിയിരിക്കുന്നു കണ്ടുപോകരുതെന്നു. എങ്കിലും എന്നും വൈകിട്ട് ഈറന്‍ മുടിയില്‍ തുളസിക്കതിരും ചൂടി, പട്ടുപാവടയും അണിഞ്ഞുപോകുന്ന ശ്രീക്കുട്ടിയെ കാണുമ്പോള്‍..... കിഴക്കേ വശത്തുള്ള പടിപ്പുരവഴിയേ അവള്‍ വരികയുള്ളൂ... കൂടെ സുജാതേച്ചിയും കാണും... പടിപ്പുരയുടെ അടുത്തെത്തുമ്പോള്‍ ഇടത്തോട്ടൊരു നോട്ടമുണ്ട്‘ അതെനിക്കുള്ള സിഗ്നലാണു, സുജാതേച്ചി പോലും അറിയില്ല. പിന്നെ പുറകെ വച്ചടിക്കും.. ദേവിയുടെ നടയില്‍ തൊഴുതുനില്‍ക്കും... അവളുടെ അടുത്തായി..

`` എന്നോടൊന്നും പറഞ്ഞില്ല `` അമ്പലത്തിന്റെ നടയിറങ്ങുമ്പോള്‍ അവള്‍ ചോദിച്ചു.
`` ങ്ഹൂം `` ഒന്നു മൂളുക മാത്രം ചെയ്തു.
`` ആലോചിച്ചു നാളെ പറയൂ , ഞാന്‍ പോവാണു, നേരം നന്നെ ഇരുട്ടിയിരിക്കുന്നു ``
പറഞ്ഞുതീര്‍ന്നതും ആല്‍ത്തറയില്‍ കാത്ത്നിന്നിരുന്ന സുജാതേച്ചിയുടെ അടുത്തേക്ക് അവള്‍ ഓടി. ഞാനും അവര്‍ക്കു പിന്നിലായി പതുക്കെ നടന്നു തുടങ്ങി. പാവം എന്റെ ശ്രീക്കുട്ടി; എനിക്കുവേണ്ടി എത്ര വേദന സഹിക്കുന്നു. ശ്രീക്കുട്ടിയുടെ വീട് എന്റെ വീടിന്റെ അടുത്ത തൊടിയിലായിരുന്നു. എന്റെ വീട്ടുകാരും അവളുടെ വീട്ടുകാരും നല്ല സ്നേഹത്തോടെയായിരുന്നു കഴിഞ്ഞുവന്നിരുന്നത്. പക്ഷെ ഞങ്ങളുടെ ബന്ധം രണ്ടുവീട്ടുകാരെയും കീരിയും, പാമ്പുമാക്കി. സുന്ദരിആയിരുന്നു എന്റെ ശ്രീക്കുട്ടി, കുറ്റയാടിതോട്ടില്‍ അവള്‍ കുളിക്കാന്‍ പോകുമ്പോള്‍ പാടത്തെ അതിരിലുള്ള ദാമോദരേട്ടന്റെ മാടത്തില്‍ ഞാനും ചുമ്മാ പോയിരിക്കും. അവള്‍ കുളികഴിഞ്ഞുപോകുന്ന കാഴ്ച കാണാന്‍. തൊട്ടാല്‍ ചോരചീറ്റുന്ന കണങ്കാലില്‍ കിടക്കുന്ന വെള്ളിക്കൊലുസുമാത്രം മതിയായിരുന്നു എന്റെ നയനങ്ങളെ കുളിരണിയിക്കാന്‍... പിന്നെ ഈറന്മുടിയില്‍ നിന്നിറ്റിറ്റുവീഴുന്ന ജലകണങ്ങള്‍... പ്രസന്നമായ വദനം... വിടര്‍ന്ന കണ്ണുകള്‍.... നീണ്ട നാസിക... മൂക്കിനുതാഴെയുള്ള നനുനനുത്ത സ്വര്‍ണ്ണരോമങ്ങള്‍ പെണ്ണിനിത്തിരി അഴകു കൂട്ടുന്നുണ്ടോ?... കോളാമ്പിപ്പൂ വിരിഞ്ഞുനില്‍ക്കുന്ന പോലത്തെ ചിരി, കണ്ണുകളുടെ തിളക്കംകൂട്ടുന്നു. മാടത്തിന്റെ ഓരത്തുകൂടി പോകുമ്പോഴുള്ള അവളുടെ നോട്ടവും, എന്റെ ഇരിപ്പും ദാമോദരേട്ടനു പതുക്കെ പതുക്കെ ഇത്തിരി സംശയങ്ങള്‍ ഉണ്ടാക്കി. അതാണു എല്ലാ പ്രശ്നങ്ങളുടെയും തുടക്കം.

നടന്നു നടന്ന് ഞാന്‍ കവലയില്‍ എത്തി. കൈതമുക്ക് എന്നാണു ഞങ്ങളുടെ കവലയുടെ പേരു. ഇവിടെ വിശ്വവിഖ്യാതമായ ഒരു കള്ളുഷാപ്പുണ്ട്. പാടത്തും പറമ്പിലും പണിയെടുത്തു ക്ഷീണിച്ചുവരുന്നവരുടെ ആനന്ദനിലയമാണിവിടം. ഷാപ്പില്‍നിന്നും അന്തികുടിച്ച് മനസ്സുനിറച്ചവരുടെ പാട്ടുകേള്‍ക്കാമായിരുന്നു. കൂടെ എന്റെ അച്ചന്റെയും. വൈകുന്നേരം തെങ്ങിന്‍ തോപ്പും നനച്ചുള്ളവരവാണു, കപ്പിയുപയോഗിച്ച് കിണറ്റില്‍നിന്നും കോരിനനക്കണം. മല്ലുപിടിച്ച പണിയാണത്. `` അച്ചനെ ഒരു കൈ സഹായിക്കാതെ കവലയില്‍ നിരങ്ങിനടക്കുന്നു ചെക്കന്‍ ``, അമ്മ പറയും; പക്ഷെ എങ്ങനെയാ, അവളെ കാണാതെ ഒരു ദിവസം കൂടി കഴിയാനാവില്ല. ഷാപ്പില്‍ നിന്നും അച്ചന്റെ പാട്ടുകേള്‍ക്കാം, കൂടെ സഹകുടിയന്മാരുടെയും. പാവങ്ങള്‍, എല്ലുമുറിയെ പണിയെടുത്തിട്ടാണു.... കുടിക്കട്ടെ....ആനന്ദിക്കട്ടെ. ഞാന്‍ കവലയില്‍ ഇടത്തുവശത്തുള്ള വായനാശാലയിലേക്കു നടന്നു. മുകുന്ദന്റെ മയ്യഴിപ്പുഴ ഇന്നു തരാമെന്നാണു ലൈബ്രേറിയന്‍ രാമേട്ടന്‍ പറഞ്ഞിരുന്നത്. കയറിചെന്നതേ രമേട്ടന്‍ പറഞ്ഞു `` അനീ ആ ബുക്ക് ഇന്നും വന്നിട്ടില്ലാ `` കുറെദിവസമായി മയ്യഴിപ്പുഴ തേടിനടക്കുന്നു. ആരാണാവോ കൊണ്ടുപോയിരിക്കുന്നത്?, വായിച്ചിട്ടു ഒരു പ്രബന്ധം എഴുതിക്കൊടുക്കണം, ചേച്ചിയുടെ മോള്‍ അമ്മുക്കുട്ടിക്ക്, അവള്‍ക്ക് സ്കൂളില്‍ പ്രസംഗിക്കാനാണത്രെ.. ങ്ഹൂം ഇനി നാളെയാവട്ടെ. കൂട്ടുകാര്‍ കുറച്ചുപേര്‍ കവലയില്‍നില്‍പ്പുണ്ട്. പക്ഷെ മനസ്സ് സങ്കീര്‍ണ്ണമായിരിക്കുന്നു. നാളെ ശ്രീക്കുട്ടിക്കു മറുപടികൊടുക്കണം. പാവം പെണ്ണ്... അവള്‍ ജീവിക്കുന്നത് എനിക്കുവേണ്ടിമാത്രമാണു... പക്ഷെ ഞാനോ?? ഞാനൊരു വലിയ ഭീരു തന്നെയാണു; അല്ലെങ്കിലും പെണ്ണുങ്ങള്‍ക്കു എന്തു ധൈര്യം വേണമെങ്കിലും ആകാം... ആണുങ്ങള്‍ ആണല്ലോ എല്ലാം തുടങ്ങിവെക്കേണ്ടതും, അനുഭവിക്കേണ്ടതും; ഇനി ഇന്ന് ആരോടും മിണ്ടണ്ടാ.. വീട്ടിലേക്കു നടക്കാം..

പടിപ്പുരയില്‍ ചെന്നപ്പോഴേ കാണാം.. അമ്മുകുട്ടി ഇറയത്തിരുന്ന് നാമം ജപിക്കുന്നുണ്ടു... ഇന്നവളോടു എന്തുപറയുമാവോ?..കാല്‍കഴുകി ഞാന്‍ അകത്തേക്കു നടന്നു... എന്താണാവോ പെണ്ണൊന്നും ചോദിച്ചില്ല... ഭാഗ്യം!. ഞാന്‍ മുകളില്‍ കിടപ്പുമുറിയിലേക്കു നടന്നു. അവിടെ നിന്നാല്‍ ശ്രീക്കുട്ടിയുടെ കിടപ്പുമുറി കാണാം.
`` ദ്പ്പെഴാ വന്നെ `` അമ്മയാണു.
`` തെക്കെടത്തെ ശ്രീധരന്‍ നിന്നെ അന്വോഷിച്ചു വന്നായിരുന്നു, നാളെ അവിടെയ്ക്കു ഇറങ്ങാന്‍ പറഞ്ഞു ``
`` ങ്ഹും `` ഒന്നു മൂളുകമാത്രം ചെയ്തു.
ശ്രീധരേട്ടനോടു ഒരു വിസയുടെ കാര്യം പറഞ്ഞിരുന്നു, മൂപ്പര്‍ ഗള്‍ഫീന്നുവന്നിട്ടു കുറച്ചു ദിവസമേ ആയുള്ളൂ. നാളെ ഒന്നു പോയി നോക്കണം. ഞാന്‍ ഷര്‍ട്ട് ഊരി അയയില്‍തൂക്കി. എന്നിട്ടു ജന്നല്‍ തുറന്നു. അങ്ങകലെ ശ്രീക്കുട്ടിയുടെ റൂമില്‍ അരണ്ടവെളിച്ചം കാണാം. പടിക്കുകയാവാം... പാവം പെണ്ണ്... പടിക്കുമ്പോള്‍ എന്റെ ഫോട്ടോ പുസ്തകത്തിനിടയില്‍ വച്ചിരിക്കും... അതും നോക്കിയാണു പടനം... ങ്ഹൂം, എന്തായാലും നാളെ ഒരു തീരുമാനം പറയണം. വല്ലാത്ത ക്ഷീണം. ഞാന്‍ ചാരുകസേരയിലേക്കു കിടന്നു. കണ്ണുകള്‍ അടഞ്ഞു പോകുന്നു. ഉറക്കം ഇരച്ചു കയറുന്നു....
(തുടരും....)

Friday, April 11, 2008

വേറിട്ട കാഴ്ചകള്‍സിമെന്റ് ടാങ്കിനുള്ളിലെ പായലിനുള്ളില്‍ പതുങ്ങി ഇരിക്കുന്ന ഈ സൂത്രക്കാരനെ കണ്ടൊ?

Tuesday, April 08, 2008

തൊടുപുഴയാറ്


ഇതാ നയന മനോഹരിയായ തൊടുപുഴയാറ്......... ഇടുക്കിയില്‍ കുറവന്‍, കുറത്തി മലകള്‍ക്കിടയിലുള്ള അണക്കെട്ടില്‍ നിന്നും ഉത്ഭവം. പദ്ധതി പ്രദേശമുള്‍പ്പെടുന്ന ചെറുതോണി ഡാമില്‍ നിന്നും കൂറ്റന്‍ ടണലുകള്‍ വഴി ഒഴുകി, ഏകദേശം 30 കി.മീ. പിന്നിട്ട് മലയടിവാരത്തുള്ള മൂലമറ്റം പവ്വര്‍ഹൌസില്‍ എത്തിച്ചേരുന്നു. വൈദ്യുതോത്പാദന ശേഷമുള്ള ജലം ഒഴുകി മലങ്കര അണക്കെട്ടിലെ പദ്ധതി പ്രദേശത്ത് എത്തിച്ചേരുന്നു. മലങ്കര പവ്വര്‍ഹൌസിലെ ഉത്പാദന ശേഷം നേരെ തൊടുപുഴയ്ക്ക്. അങ്ങനെ തൊടുപുഴ പട്ടണത്തെ സമ്പല്‍ സമ്മ്രുദ്ധിയാല്‍ കുളിരണിയിച്ച്, ഹ്രിദയഭാഗത്തുകൂടി ഒഴുകി മൂവാറ്റുപുഴയിലേയ്ക്ക് പോകുന്നു. മൂവാറ്റുപുഴയില്‍ വച്ച് കാളിയാര്‍ പുഴയും കൂടി തൊടുപുഴയാറ്റില്‍ ചെന്നു ചേരുന്നു. അങ്ങനെ മൂവാറ്റുപുഴയാറാകുന്നു. അവിടെ നിന്നും പിറവത്തേക്കൊഴുകി, അവിടെ വച്ച് വൈക്കം കായലില്‍ ചെന്നു ചേരുന്നു.
Thursday, April 03, 2008

പെരുവാമൂഴി

ഇതാണു പെരുവാമൂഴി എന്ന ഗ്രാമം. പച്ചപ്പട്ടണിഞ്ഞ ഈ ഗ്രാമം മൂവാറ്റുപുഴ-എര്‍ണാകുളം ഹൈവേക്കിടയിലാണു. അങ്ങകലെ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകളും, ഒരു ഭാഗത്ത് പാടങ്ങളും, മറു ഭാഗത്ത് കട്ടകളങ്ങളും അവക്കിടയിലൂടെ ഒഴുകിവരുന്ന ചെറിയ നീര്‍ച്ചാലും........ ഗ്രാമ വിശുദ്ധിയുടെ ഭംഗി വിളിച്ചോതുന്നു.

Sunday, March 30, 2008

അതിഥി

മിധുനത്തിലെ ഒരു ഉച്ചദിവസം, ഇടക്കിടക്ക് മഴ ചാറുന്നുണ്ട്. ഞാനും എന്റെ കൂട്ടുകാരും ഉമ്മറത്തെ ചാരുപടിയില്‍ സൊറ പറഞ്ഞിരിക്കുന്നു. അപ്പോള്‍ ഗേയ്റ്റ് കടന്ന് ഒരു മദ്ധ്യവയസ്കന്‍ നടന്നു വന്നു. കാഴ്ചയില്‍ നാല്‍പ്പതു വയസ്സ് തോന്നിക്കും, മുഷിഞ്ഞ വെള്ള ഷര്‍ട്ടും, മുണ്ടും ധരിച്ചിരിക്കുന്നു. അപരിചിതന്‍ അടുത്തു വന്നതേ ധര്‍മത്തിനാണു എന്നെനിക്കു മനസ്സിലായി. ഞാന്‍ ഒരു അഞ്ചുരൂപ തുട്ട് എടുത്ത് കക്ഷിയുടെ നേരെ നീട്ടി. കക്ഷി അത് വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ട്, എന്റെ നേരെ തിരിച്ചു നീട്ടിയിട്ടു പറഞ്ഞു `` ഞാന്‍ ഇത്തിരി അന്തസ്സുള്ളവനാണു, ഇത്ര ചെറിയ തുക എനിക്കു വേണ്ട, ഇതാ എടുത്തു കൊള്ളൂ ``. പെട്ടന്ന് അതിഥിയുടെ അപ്രതീക്ഷിതമായ മറുപടി കേട്ട് ഞാനും എന്റെ കൂട്ടുകാരും തരിച്ചിരുന്നുപോയി. സംയമനം വീണ്ടെടുത്ത ഞാന്‍ അതിഥിയുടെ കൈയില്‍ നിന്നും ആ അഞ്ചുരുപാതുട്ട് ഇളിഭ്യതയോടെ തിരിച്ചുവാങ്ങി. ഗേയ്റ്റ് കടന്ന് മുണ്ട് അഴിച്ചിട്ട്, ഭവ്യതയോടെ കടന്നുവന്ന കക്ഷി, മുണ്ട് മടക്കിക്കുത്തി അവജ്ഞയോടെ എന്നെ നോക്കി തിരിച്ചുനടന്നു. ഞാനും എന്റെ കൂട്ടുകാരും അത്ഭുതത്തോടെ അതിഥി നടന്നകലുന്നതും നോക്കിനിന്നു. ഒരു മുപ്പതുവാര പിന്നിട്ടപ്പോഴേക്കും അതിഥി വഴിയിലുണ്ടായിരുന്ന ചെളിയില്‍ തെന്നി `പ് ധിം` എന്നൊരു വീഴ്ച! മേലാകെ ചെളിയില്‍ കുളിച്ച അതിഥി കഷ്ടപ്പെട്ടെഴുന്നേറ്റ്, ഇളിഭ്യതയോടെ ഞങ്ങളെ ഒന്നുനോക്കി........ ഞങ്ങള്‍ക്കു ചിരിയടക്കാതിരിക്കുവാന്‍ കഴിഞ്ഞില്ല. ധര്‍മ്മത്തിനു വില പറഞ്ഞവനു ദൈവം കൊടുത്ത ശിക്ഷ!!!!!!!!!!!

Monday, March 24, 2008

എന്റെ ബാല്യ കാല സ്മരണകള്‍

കൂട്ടുകാരേ, എന്റെ വാക്കുകള്‍ക്കു ഭംഗി പോരാ എന്നെനിക്കറിയാം, ഞാന്‍ ഒരു എഴുത്തുകാരനേ അല്ല. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഞാന്‍ ആദ്യമായിട്ടാണിങനെ കുത്തിക്കുറിക്കുന്നതു. എന്റെ ഓര്‍മയില്‍ വിരിഞ്ഞ പൂക്കളാണിവിടെ വരച്ചിടുന്നതു; തെറ്റുകളേ കാണൂ... വാക്കുകള്‍ക്കു സ്ഫുടതയും, ഭംഗിയും, ഗ്രാമെറും കാണാന്‍ പ്രയാസമായിരിക്കും. എങ്കിലും ഈ വൈകല്യങള്‍ സദയം ക്ഷമിച്ചു ഈ ഓര്‍മക്കുറിപ്പുകള്‍ വായിക്കുവാന്‍ മനസ്സുണ്ടാകണമെന്നു വിനയപൂര്‍വം അഭ്യര്‍ദിക്കുന്നു.
എല്ലാവരുടെയും പോലെ മറക്കാനാവാത്ത ബാല്യകാലസ്മരണകള്‍ എനിക്കുമുണ്ടായിരുന്നു. എല്ലാ ഗ്രാമീണരെയും പോലെ അല്പവിവരജ്ഞാനിയായി ഞാനും ഒരു കുഗ്രാമത്തില്‍ ജനിച്ചു. പക്ഷെ എന്റെ ഗ്രാമം സുന്ദരിയായിരുന്നു. ബസ്സുകള്‍ നാമമാത്രമായിരുന്ന ആ കാലത്തു കാളവണ്ടികള്‍ ഓടിക്കൊണ്ടിരുന്നു എന്നാണു എന്റെ ഓര്‍മ്മ! ഞാന്‍ എഴുത്തു പടിച്ച കുടിപള്ളിക്കൂടത്തിനു സമീപം ഒരു ചെറിയ കയ്യാണി ഉണ്ടായിരുന്നു. ആശാത്തിയെ വെട്ടിച്ചു ഞാനും എന്റെ കുഞ്ഞുകൂട്ടുകാരും ആ കയ്യാണിയിലെ ചെറിയ പരല്‍ മീനുകളെ പിടിക്കുവാനിറങുമായിരുന്നു. ആശാത്തിയമ്മ കണ്ടു പിടിക്കും; നല്ല നുള്ളും കിട്ടും

നഴ്സറി വിദ്യാഭ്യാസത്തിനു ശേഷം തൊട്ടടുത്തുള്ള സ്കൂളിള്‍ എന്നെ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തു. എനിക്കിപ്പോഴും ഓര്‍മയുണ്ട് ആ ദിവസം. ഞങളുടെ വീടിരിക്കുന്ന സ്തലം തട്ട് തട്ട് ആയിട്ടായിരുന്നു. പ്രധാന വഴിയില്‍ നിന്നും ഒരു ഇടവഴി കയറി, ഒരു വലിയ പാറയും താണ്ടി വേണമായിരുന്നു ഈ സ്തലത്തെത്താന്‍. ആ.. ഞാന്‍ പറഞ്ഞുവന്നതെവിടെയാ.. അങനെ ആ ദിവസം, കാലത്തു... ചെറിയ ഒരു ചാറ്റല്‍ മഴയുണ്ടായിരുന്നു; എന്റെ അച്ചാച്ചന്റെ ശവകുടീരത്തില്‍ വിളക്ക് വച്ചു തൊഴുത്... അമ്മയുണ്ടാക്കി തന്ന ആവി പറക്കുന്ന ഇഡ്ഡലിയും സംബാറും കഴിച്ച്, വള്ളി നിക്കറും ഷര്‍ട്ടും ധരിച്ച് ഞാന്‍ സ്കൂളിലേക്കു എന്റെ ആന്റി യുടെ കൈയും പിടിച്ചു യാത്രയായി.മുന്‍പു സ്കൂള്‍ കണ്ടിട്ടുണ്ടെങ്ഗിലും സ്കൂള്‍ എനിക്കു പുതിയ ഒരു അനുഭവമായിരുന്നു; പുതിയ കൂട്ടുകാര്‍, അന്ദരീക്ഷം, വിശാലമായ കളിസ്തലം; എന്റെ കുഞ്ഞു മനസ്സിനിനി എന്തു വേണം... എന്റെ കൂടെ കുടിപ്പള്ളിക്കൂടത്തില്‍ പടിച്ച കൂട്ടുകാര്‍ മിക്കവരും ആ ക്ലാസ്സില്‍ ഉണ്ടായിരുന്നു. അങനെ ദിവസങള്‍ ഓരോന്നായി കടന്നു പോയിക്കൊണ്ടിരുന്നു.


എന്റെ സ്കൂളിന്റെ മുന്‍ വശത്തു റോഡും, ഇടത്തു വശത്തു ഒരു വലിയ നെല്‍ പാടവും അതിനോടു ചേര്‍ന്നു തെങിന്‍ പുരയിടവും, പിറകുവശത്തു വിശാലമായ ഒരു കളിസ്തലവും ഉണ്ടയിരുന്നു. വലത്തു ഭാഗത്തു സുധാകരന്‍ ചേട്ടന്റെ തയ്യല്‍ കട, പിന്നെ മിട്ടായി കടകള്‍... ഇടത്തു വശത്തായിരുന്നു സ്കൂളിന്റെ കഞ്ഞിപ്പെര, അവിടെ നിന്നും നോക്കിയാല്‍ വിശാലമായി കിടക്കുന്ന നെല്‍ പാടങളും, അതിന്റെ ഓരത്തായി ഒഴുകുന്ന ചെറിയ നീര്‍ച്ചാലും ഉണ്ടായിരുന്നു. നീര്‍ച്ചാലിന്റെ ഒരു വശത്തു തെങിന്‍ പുരയിടവും ഇവ ചേരുന്ന അതിര്‍ത്തിയില്‍ കൈതകൂട്ടവും ഉണ്ടായിരുനു. മഴയുടെ നാടായ എന്റെ നാട്ടില്‍, മഴക്കാലത്തു ഞാനീ കഞ്ഞിപ്പെരയില്‍ വന്ന് നിന്നു നോക്കും, അപ്പോള്‍ ശക്തിയായ മഴയും, കാറ്റും അടിച്ച്, വിളഞ്ഞു കിടക്കുന്ന ആ നെല്‍ പാടങള്‍ ന്രുത്തം ചവിട്ടുന്നതു കാണാം; ഇന്നും അതോര്‍മിക്കുന്നതു മനസ്സിനൊരു കുളിരാണു.


ഞഞ്ഞള്‍ക്കും ഒരു ഏക്കര്‍ പാടം അവിടെ ഉണ്ടയിരുന്നു. എന്റെ അച്ചന്റെ കൂടെ പാടത്തു വെള്ളം തിരിച്ചു വിടാന്‍ ഞാനും പോകുമായിരുന്നു. നീര്‍ച്ചാലില്‍ നിന്നും അച്ചന്‍ വെള്ളം തിരിച്ചു വിടുമ്പോള്‍; ഞാനാ പൊന്തക്കാട്ടില്‍ കയറി കൈതയുടെ ഇല ഒടിക്കാന്‍ ശ്രമിക്കുമായിരുന്നു; കാരണം കൈതയുടെ മുള്ളുള്ള ആ ഇല ഒടിക്കുമ്പോള്‍ `ടപ്പേ` എന്നൊരൊച്ച കേള്‍ക്കാം, കൊച്ചായ എനിക്കു അതെല്ലാം ഒരു ഹരമായിരുന്നു. കൈതയുടെ മുള്ളുകള്‍ കൊണ്ട് എന്റെ ഇളം കൈകള്‍ മുറിയുമായിരുന്നു. പിന്നെ നീര്‍ച്ചാലിലെ തെളിനീരില്‍ ഇറങി പരല്‍ മീനുകളെ പിടിക്കാന്‍ ശ്രമിക്കുമായിരുന്നു. ഇതെല്ലാം കണ്ടു ദ്വേഷ്യപ്പെട്ടു എന്റെ അച്ചന്‍ എന്നെ പേടിപ്പിക്കുവാനായി, പാടത്തിന്റെ അങ്ങെ അതിര്‍ത്തിയിലുള്ള വീടു ചൂണ്ടിക്കാണിച്ച് മുഖം മൂടികള്‍ ഉള്ള സ്തലമാണെന്നു പറയും, അപ്പോള്‍ പേടിത്തൊണ്ടനായ ഞാന്‍ അനങ്ങാതെയിരിക്കും.

എന്റെ അച്ചനും, അമ്മയ്കും ഗവ: ജോലി ഉണ്ടായിരുന്നു. അതുകൊണ്ട് സ്കൂളിലെ ഉച്ചക്കഞ്ഞി കഴിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നില്ല. എനിക്കാണെങ്കിലോ വീട്ടിലെ ചോറിനേക്കാള്‍ ഇഷ്ടം സ്കൂളിലെ കഞ്ഞീം പയറും. ചില ദിവസങ്ങളിള്‍ മേയ്സ് കൊണ്ടുണ്ടാക്കിയ ഉപ്പുമാവായിരിക്കും. ഉച്ചബെല്ലടിക്കുമ്പൊഴേ വിശന്നിരിക്കുന്ന ഞങ്ങള്‍ ചോറ്റുപാത്രവുമായി സ്കൂളിന്റെ മുന്‍ വശത്തുള്ള കിണറ്റുകരയിലേക്കോടും. കൂടെ പടിക്കുന്ന പാവപ്പെട്ട വീട്ടിലെ കുട്ടികള്‍, കാലിചോറ്റുപാത്രത്തില്‍ വാങ്ങുന്ന ആവി പറക്കുന്ന മേയ്സിന്റെ ഉപ്പുമാവു കാണുമ്പോള്‍ എന്റെ കണ്ണ്കള്‍ ആര്‍ത്തിയോടെ അവരുടെ പാത്രത്തില്‍ ഉടക്കുമായിരുന്നു. കൊതി പിടിച്ചു ഞാന്‍ ചോദിക്കും `എടാ.. എനിക്കും ഇത്തിരി താ` എന്ന്, അവര്‍ തരും. പക്ഷെ കിട്ടുന്നത് കുറച്ചായതിനാല്‍ ഒരിക്കലും കൊതി തീരാറില്ല, പിന്നീട് എന്റെ ചോറ്റുപാത്രത്തിലെ ചോറ് ആരും കാണാതെ കൊട്ടി കളഞ്ഞിട്ട് എത്രയോപ്രാവശ്യം ആ മഞ്ഞ ഉപ്പുമാവ് വാങ്ങി കഴിച്ചു കൊതിയടക്കിയിരിക്കുന്നു. ഇന്നും ആ മഞ്ഞ ഉപ്പുമാവിന്റെ രുചി നാവിലൂറുന്നു.ആദ്യമായി സിനിമ കണ്ടതു സ്കൂളില്‍ വച്ചായിരുന്നു. പേരോര്‍മയില്ല. എന്തായാലും രണ്ട് രുപായ്കു ടിക്കറ്റ് എടുത്ത് സിനിമ കണ്ടപ്പോള്‍ തോന്നിയ സന്തോഷവും, അത്ഭുതവും, ആവേശവും ഇപ്പോള്‍ സിനിമ കാണുമ്പോള്‍ ഇല്ല.ഞഞ്ഞളുടെ സ്തലം വലിയ ഒരു പറമ്പായിരുന്നു. തട്ടുകളായി തിരിച്ചിരുന്നു. നാനാ വിധത്തിലുള്ള സസ്യവ്രിക്ഷാദികള്‍ ആ പറമ്പില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പല വിധത്തിലുള്ള പക്ഷി, മ്രിഗാദികള്‍ തൊടിയില്‍ ഉണ്ടായിരുന്നു. പൂമ്പാറ്റകളും, തുമ്പികളും എല്ലാം. ഒഴിവുദിവസങ്ങളിള്‍ ഈ പറമ്പിന്റെ അങ്ങേ മൂല തൊട്ടു ഇങ്ങേ മൂല വരെ ഞാന്‍ കളിച്ചുനടക്കും. തുമ്പികളെ പിടിച്ച് വാലില്‍ നൂലുകെട്ടി, അവയെകൊണ്ടു കല്ലെടുപ്പിച്ചു കളിക്കുമായിരുന്നു. പാവം തുമ്പികള്‍! വീടിന്റെ വലത്തുഭാഗത്ത് ഒരു ചാമ്പ മരമുണ്ടായിരുന്നു. എപ്പോഴും അതിന്റെ മുകളില്‍ കയറി ഇരുന്ന്‍ ചാമ്പങ്ങ പറിച്ചു തിന്നലായിരുന്നു വിക്രുതിയായ എന്റെ ഹോബി. ആകപ്പാടെ രസകരമായ അന്ദരീക്ഷമായിരുന്നു അത്. ആ കാലത്ത് എനിക്കു ഒരു കളിക്കൂട്ടുകാരന്‍ ഉണ്ടായിരുന്നു. ടിപ്പു എന്ന നായ് കുട്ടി. ഞാനും അവനും കൂടി ആയിരുന്നു കളികള്‍. എന്റെ ജീവിതം അവനോടുകൂടി കടപ്പെട്ടിരിക്കുന്നു. ഒരു ദിവസം കളിച്ചുകൊണ്ടിരുന്നപ്പൊള്‍ ഒരു തിട്ടിന്റെ മുകളില്‍ നിന്നും പത്തടി താഴ്ചയിലേക്കു വീഴാതെ എന്നെ താങ്ങി നിറുത്തി, കുരച്ചു ബഹളം ഉണ്ടാക്കി വീട്ടുകാരെ വിവരമറിയിച്ചു എന്നെ രക്ഷപെടുത്തിയിട്ടുണ്ടു ഈ മഹാനായ കൂട്ടുകാരന്‍. പിന്നീട് കാലങ്ങള്‍ക്കുശേഷം പുതിയ വീട്ടില്‍ താമസം തുടങ്ങിയപ്പോള്‍ ഞഞ്ഞള്‍ക്കവനെ നഷ്ടപ്പെട്ടു. അവനെന്റെ സ്നേഹനിര്‍ഭരമായ ആദരാഞ്ജലികള്‍ ഇവിടെ രേഖപ്പെടുത്തട്ടെ.എന്റെ വീടിന്റെ അടുത്ത് രണ്ടു ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. ദേവിയുടെയും, മുരുഗന്റെയും. എന്നും സന്ദ്യയ്ക്കു മുരുഗന്റെ അമ്പലത്തില്‍ വയ്ക്കുന്ന ഭക്തിഗാനങ്ങള്‍ എന്റെ ചെവിത്തടങ്ങളില്‍ തുടിക്കുന്നുണ്ട്. മിക്കദിവസങ്ങളിലും വൈകിട്ട് മുരുഗന്റെ അമ്പലത്തില്‍ തൊഴാന്‍ പോകുമായിരുന്നു.കാലങ്ങള്‍ കടന്ന് പോയി. ഞങ്ങള്‍ ആ സ്തലം വിറ്റിട്ടു വേറെ ഗ്രാമത്തില്‍ താമസമാരംഭിച്ചു. എന്റെ കുഞ്ഞുപെങ്ങളും സ്കൂളിള്‍ പോകുവാന്‍ തുടങ്ങി. എനിക്കും പുതിയ കൂട്ടുകാരെ കിട്ടി. പുതിയ ഗ്രാമം ഇത്തിരി കൂടി പരിഷ്കാരിയായ സുന്ദരിക്കുട്ടിയായിരുന്നു. കവലയില്‍ ഒരു ചാരായഷാപ്പ് ഉണ്ടായിരുന്നു. കുടിയന്മാര്‍ പൂസായി വഴിയില്‍ കിടക്കുന്നതു കാണാമായിരുന്നു. എങ്കിലും ഗ്രാമവാസികള്‍ ശുദ്ധരും, സ്നേഹമുള്ളവരും ആയിരുന്നു. പുതിയ സ്തലത്ത് ഞങ്ങളുടെ പറമ്പ് റബ്ബര്‍ തോട്ടമായിരുന്നു. മുക്കുറ്റിയും, തുമ്പയും, വ്രിക്ഷലതാതികളും പേരിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ പറമ്പില്‍ മുഴുവന്‍ ഓടിക്കളിച്ചു നടന്നു. കൂട്ടുകാര്‍ കൂടുതലായതിനാല്‍ വിക്രുതിയും കൂടി. കൂട്ടുകൂടി മറ്റു തൊടികളില്‍ പോയി കൊഴുവെറിങ്ങു മാങ്ങ വീഴ്തുക, പറമ്പായ പറമ്പെല്ലാം ഓടി നടന്ന് കശുവണ്ടി ശേഖരിക്കുക.. ഇതൊക്കെയായിരുന്നു പ്രധാന വിനോദം. വൈകുന്നേരങ്ങളില്‍ പുഴയില്‍ പോയി കൂട്ടുകാര്‍ നീന്തിത്തുടിക്കുന്നത് കണ്ടുകൊണ്ടിരിക്കും. പുഴയില്‍ നീന്താനുള്ള അനുവാദം മാത്രം വീട്ടില്‍ നിന്നും കിട്ടിയിരുന്നില്ല.മഴ എനിക്കൊരു ഭ്രാന്തമായ ആവേശമായിരുന്നു. മഴ നനഞ്ഞു കളിച്ച് നടക്കുവാന്‍ എന്തുരസമായിരുന്നു. കാറ്റത്ത് ഉലഞ്ഞാടുന്ന റബ്ബര്‍ മരങ്ങളുടെ ചില്ലകള്‍ നോക്കിയിരിക്കാന്‍ പ്രത്യെക രസമായിരുന്നു. മരചില്ലകളില്‍ നിന്നിറ്റിറ്റു വീഴുന്ന ജലകണങ്ങളും, രാവിനെ വെളുപ്പിക്കുന്ന ഇടിമിന്നലും, കോടക്കാറ്റും .... ഹായ്!!!!! ഇടവപ്പാതിയും, മിധുനവും, കര്‍ക്കിടവും, തുലാമഴയും കൂടി ചേര്‍ന്ന്....ആര്‍ത്തലച്ചൊഴുകുന്ന തൊടുപുഴയാറും..... മഴനീര്‍ത്തുള്ളികളില്‍ കുളിച്ച് നാണിച്ചു നില്‍ക്കുന്ന എന്റെ മണക്കാട് ഗ്രാമവും.......മഴയെപ്പറ്റി എത്ര സ്വപ്നങ്ങള്‍ നെയ്താലും മതിവരില്ല...... മഴയത്ത് പറമ്പില്‍ ചെറിയ കുഴികള്‍ ഉണ്ടാക്കും, അതില്‍ ഉറവകള്‍ ഉണ്ടാകും, ആ ചെറിയ ഉറവയില്‍ കടലാസുതോണികള്‍ ഉണ്ടാക്കി കളിക്കും, പിന്നെ മുട്ടൊപ്പം വെള്ളം കെട്ടിനില്‍ക്കുന്നിടത്തു, കാല്‍ കൊണ്ടു തൊഴിച്ച് കൂട്ടുകാരുടെ ദേഹത്ത് തെറിപ്പിക്കുക...അങ്ങനെ, അങ്ങനെ....എല്ലാത്തിന്റെയും അവസാനം പനിയും, ജലദോഷവും പിടിച്ച് ആശുപത്രിയിലും.....

ഓണവും, വിഷുവും, ക്രിസ്റ്റ്മസ്സും, ഉത്സവങ്ങളും മറ്റൊരു ഹരമായിരുന്നു. ഓണത്തിനു ഊഞ്ഞാല്‍ കെട്ടി ആടുന്നതും, പൂക്കളമിടാന്‍ പൂ പറിക്കാന്‍ പോകുന്നതും, ഓണത്തപ്പനെ ഉണ്ടാക്കുന്നതും, ഓണസദ്യ ഉണ്ണുന്നതും എല്ലാം.... ഇപ്പോള്‍ ഓര്‍മകളായി മാത്രം അവശേഷിക്കുന്നു. വിഷുവിനു തുട്ട് കിട്ടുമല്ലൊ എന്ന സന്തോഷം, കിട്ടുന്ന പൈസയെല്ലാം സ്വരുക്കൂട്ടി വെയ്ക്കും, പിന്നീട് അത് അച്ചന്‍ തന്നെ വാങ്ങിക്കൊണ്ടും പോകും... അങ്ങനെ നമ്മള്‍ സമ്പൂജ്യനാകും..ഹി..ഹി.. പടക്കം, കമ്പിത്തിരി, പൂത്തിരി,മത്താപൂ... എന്തെല്ലാം , പക്ഷെ പടക്കം പൊട്ടിക്കാന്‍ പേടിയായിരുന്നു. ക്രിസ്തുമസ്സിന്റെ ഓര്‍മ മനസ്സില്‍ വരുമ്പോള്‍ ചിക്കന്‍കാലുകളാണു തെളിഞ്ഞുവരുന്നത്. പിന്നെ പല തരം നക്ഷത്രങ്ങളും, പുല്‍കൂടുകളും, ദീപാലങ്കാരങ്ങളും, വെള്ള ഉടുപ്പിട്ട മാലാഖകുഞ്ഞുങ്ങളും.... ഉത്സവം...ചിന്തിക്കടകളുടേയും, പലഹാരകടകളുടേയും, കിലിക്കിക്കുത്ത്, ബാലെ, നാടകം...എല്ലാം മനസ്സിലേക്കു ഓടി വരുന്നു. ഉത്സവം കൊടിയേറിയാല്‍ കൊടിയിറങ്ങുന്നതു വരെ അമ്പലപറമ്പില്‍ ആയിരിക്കും.

കളികള്‍... മണ്ണപ്പം ചുട്ടും, കഞ്ഞീം കറീം ഉണ്ടാക്കിയും, ഉമ്മാവാപ്പാ കളിച്ചും നടന്നിട്ടുണ്ട്. മണ്ണ് കുഴച്ച് തീപ്പെട്ടിയില്‍ നിറച്ച് ഇഷ്ടിക ഉണ്ടാക്കി ഭിത്തി കെട്ടി, മുകളീല്‍ ഈര്‍ക്കില്‍ അടുക്കി, ഇല നിരത്തി, അതിനുമുകളീല്‍ മണ്ണൂ കൊണ്ട് കോണ്‍ക്രീറ്റ് ചെയ്ത് വീടുണ്ടാക്കി കളിച്ചിട്ടുണ്ട്. പിന്നേം കുറേ കളികള്‍... വട്ടുകളീ, കുട്ടീം കോലും, ഓടിപിടുത്തം, സാറ്റെസീറ്റ്....പിന്നെ കുറെക്കൂടി വലുതായപ്പോള്‍ ക്രിക്കെറ്റ്.....എന്തെല്ലാം കളികള്‍....

വായന... പൂമ്പാറ്റ, ബാലരമ, ബാലമംഗളം, ലാലുലീല....വീട്ടിലുണ്ടായിരുന്ന ഈ ബുക്കുകള്‍ ചേര്‍ത്ത് ഒരു കുഞ്ഞു ലൈബ്രറി വരെ ഉണ്ടാക്കിയിട്ടുണ്ട്.

പടനം...അതായിരുന്നു ഏറ്റവും വലിയ പ്രശ്നം, ആവെറേജായിരുന്നു.....

തിരിഞ്ഞുനോക്കുമ്പോള്‍ സുഖകരമുള്ള ഒരോര്‍മ്മയായി ബാല്യകാലം അവശേഷിക്കുന്നു. ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകള്‍ നൊമ്പരമുണര്‍ത്തുന്നുണ്ട്. ബാല്യകാലസ്മരണകളേ നന്ദി.....

Wednesday, March 19, 2008

തൊടുപുഴ ശ്രീ ക്രിഷ്ണ സ്വാമി ക്ഷേത്രംചിരപുരാതനവും പ്രസിധവുമായ തൊടുപുഴ ശ്രീ ക്രിഷ്ണ സ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം 2008 എപ്രില്‍ 1-)0 തിയതി കൊടിയേറി എപ്രില്‍ 10നു ആറാട്ടൊടു കൂടി സമാപിക്കുന്ന വിധത്തില്‍ ആഘോഷിക്കപ്പെടുന്നു. അത്യപൂര്‍വവും ഉത്ക്രിഷ്ടവുമായ ചടങുകളും അനുഷ്ടാനങളും ആചാര്യമര്യാദകളും ക്ഷേത്രകലകള്‍ക്കു പ്രാധാന്യം കൊടുത്തും പൂര്‍വാചാരപ്രകാരമുള്ള ചിട്ടയോടും ഗംഭീര്യത്തൊടും കൂടി നടത്തുന്ന ഈ ഉത്സവം ഇന്നാട്ടിലെ
ദേശീയൊത്സവം തന്നെയാണു. ഭഗവാന്റെ തിരുവുത്സവ പരിപാടികള്‍ മങ്കളകരമക്കുന്നതിനു എല്ലാ ഭക്തജനങളുടെയും സര്‍വവിധ സാന്നിധ്യസഹായസഹകരണങളും ഉണ്ടാകണമെന്നു പ്രാര്‍തനാപൂര്‍വം അഭ്യര്‍ത്ദിക്കുന്നു