Sunday, December 04, 2011

മുല്ലപ്പെരിയാറും മറ്റു കുറച്ച് നുറുങ്ങുകളും..

# മോളുടെ സ്കൂളില്‍ അവരുടെ ക്ലാസില്‍ (യു.കെ.ജി) നിന്നും ആനുവല്‍ ഡേ സെലിബ്രേഷന്റെ ഭാഗമായ സമൂഹഗാനപഠനപരിശീലനത്തിനായി പാട്ടു ടീച്ചെര്‍ കുറച്ചു കുട്ടികളെ ഹാളിലോട്ട് വിളിച്ചു കൊണ്ട് പോകുകയായിരുന്നു. കുട്ടികളുടെ കൂട്ടത്തില്‍ ടിന്റുമോന്‍ എന്ന അപരനാമത്തില്‍ ശ്രദ്ധേയനായൊരു ആണ്‍കുട്ടിയും(ജാസ്സിന്‍) ഉണ്ടായിരുന്നു. ഹാളിലെത്തുന്നതിനു മദ്ധ്യേ സ്കൂളിലെത്തുവാന്‍ താമച്ചിച്ച മറ്റൊരു ടീച്ചെറിനെ കണ്ടപ്പോള്‍ നമ്മുടെ പാട്ടു ടീച്ചെര്‍ അവരോട് കുശലാന്വോഷണങ്ങള്‍ നടത്തി കുറച്ചു നേരം സംസാരിച്ചു കൊണ്ട് നിന്നു. ഇത് കണ്ട് അക്ഷമനായ നമ്മുടെ ടിന്റുമോനു രോഷം വന്ന്; ടീച്ചെറിനോട് ഇങ്ങിനെ പ്രതികരിച്ചു..
“ആഹാ.. ഞങ്ങളെ പാട്ടു പഠിപ്പിക്കാനെന്നും പറഞ്ഞിവിടെ കൊണ്ട് വന്നിട്ട് നിങ്ങളു രണ്ടും കൂടി നിന്ന് ശൃംഗരിക്കുവാണോ”
ചെറിയവായില്‍ നിന്നുതിര്‍ന്ന വലിയ വര്‍ത്താനത്തില്‍ നീരസപ്പെട്ട് ടീച്ചെര്‍...
“ആരാടാ ശൃംഗരിച്ചേ; ആരോടാടാ ശൃംഗരിച്ചേ..??”
ടിച്ചേറിന്റെ ഭാവം മാറുന്നുവെന്നു കണ്ട ടിന്റുമോന്‍ മൌനം പാലിച്ച് തലകുനിച്ച് നിലത്തോട്ട് നോക്കി നിന്ന നിമിഷം; കൂട്ടുകാരനായ അടുത്ത കുട്ടി ടീച്ചെറിനോട്..
“ലിസി മാം.. ലിസ്സി മാം; ഈ ടിന്റുമോനു മാമിനോട് ലവ്വ് ആണെന്നെന്നോട് പറഞ്ഞു..”
ഇതു കേട്ട് ചെറു പുഞ്ചിരി തൂവി ടിച്ചെര്‍..
“അതിനെന്താ പ്പോ; ലവ്വ് ന്നു പറഞ്ഞാല്‍ സ്നേഹം, കേട്ടിട്ടില്ലേ ഗോഡ് ഈസ് ലവ്. ദൈവം സ്നേഹമാകുന്നു. അവനെന്നോടു സ്നേഹമുള്ളലതു പോലെ തിരിച്ച് എനിക്കവനോടും സ്നേഹമുണ്ട്.. ഇല്ലേടാ”
ഇതു കേട്ടപടി ടിന്റുമോന്‍..
“അയ്യോ മാം..; എനിക്കും മാമിനോട് ഇഷ്ടം മാത്രമേ ഉള്ളൂ.. പക്ഷേ മറ്റേ ലവ്വില്ലാട്ടോ..”
ങ്ഹേ...ഹ്..!!!# സാധാരണ ഞാനാണു മോളെ സ്കൂളില്‍ കൊണ്ടുപോയി വിടുന്നതും..തിരികെ കൊണ്ടു വരുന്നതും മറ്റും.
പതിവിനു വിപിരീതമായി കഴിഞ്ഞ ദിവസം ഭാര്യയാണു സ്കൂളില്‍ നിന്നും മോളെ വിളിച്ചു കൊണ്ടുവരുവാന്‍ പോയിരുന്നത്..
സ്കൂളിലെ ടിച്ചെര്‍മാരുമായി ഉറ്റബന്ധം നിലനിര്‍ത്തിയിരുന്ന ഭാര്യ അവിടെയെത്തിയപ്പോള്‍..
പതിവിന്‍ പടി എല്ലാരും വട്ടം കൂടി ലെക്ച്ചറു തുടങ്ങി..
സംഭാഷണവിഷയങ്ങള്‍ കാടു കയറിക്കയറി മുല്ലപ്പെരിയാറിലോട്ടുമെത്തി..
അതിനിടക്ക് ഒരു ടിച്ചെര്‍..
“ഹോ.. വെള്ളമൊലിച്ചു വരുമ്പോള്‍ എന്താകുമോ മനുഷ്യരുടെയൊക്കെ അവസ്ഥ.. (ഒരു ദീര്‍ഘനിശ്വാസം എടുത്ത്) ഒഴുകിയൊലിച്ചു വരുമ്പോള്‍, അടുത്ത വീട്ടിലെ പിണക്കമുള്ള ചേട്ടനൊക്കെയാകും മരത്തേല്‍ക്കയറി രക്ഷപ്പെടാനൊക്കെ കൈ നീട്ടുന്നതും..മറ്റും”
ഇതു കേട്ടപടി സ്വന്തം ഭാര്യ ഇങ്ങിനെ മൊഴിഞ്ഞു..
“അതേ ടിച്ചേറേ; ഇന്നലെ ചേട്ടനും(ഞാന്‍) ഇതു തന്നെയാ പറഞ്ഞേ.. നമ്മളൊക്കെ മരിച്ചു കഴിയുമ്പോള്‍ അടക്കാന്‍ നേരത്ത് ഒരു വലിയ കുഴി കുഴിച്ചാകും മണ്ണിട്ട് മൂടുക. അപ്പോ നിന്റെ മേത്ത് കിടക്കുന്നത് ചിലപ്പോള്‍ അപ്പുറത്തെ വീട്ടിലെ ചേട്ടനാകും..!! വിഷമിക്കേണ്ടാട്ടോ..)
ഹി..ഹി..ഹി..ഹി..ഹി..
പരിഭ്രാന്തിയിലാര്‍ന്ന ആ നിമിഷത്തിലും അവിടെയൊരു കൂട്ടച്ചിരി പടര്‍ന്നു..# സ്കൂള്‍ വിട്ടു വന്ന ആവണിക്കുട്ടി(മോള്‍) ഭാര്യയോട്..
“അമ്മേയമ്മേ കപകടം ഉണ്ടായോമ്മേ..??”
കണ്ണും മിഴിച്ച് ഭാര്യ..
“കപകടോ..!!”
“അതേന്നേ, ഇന്നലെ ടീവീല്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞില്ലേമ്മേ മുല്ലപ്പെരിയാറു പൊട്ടിയാല്‍ വലിയൊരു ‘കപകടം‘ ഉണ്ടാവാന്‍ ചാന്‍സുണ്ടെന്ന്..“
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!# രാവിലേ പത്രത്തിലുള്ള മുല്ലപ്പെരിയാര്‍ ന്യൂസുകള്‍ അമ്മ ഉറക്കെ വായിക്കുന്നു..
അത് കേട്ടു ശ്രദ്ധിച്ചു നിന്ന ആവണി അമ്മയോട്..
“അച്ചമ്മേ; ഇപ്പ പറഞ്ഞ ആ സാധനം അച്ഛനോടു പറഞ്ഞ് വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞാല്‍, നമുക്ക് കറി വെക്കുകയും ബാക്കി കൊണ്ട് ഡാമിന്റെ ഓട്ടയടക്കുകയും ചെയ്യാലോ..”
അന്തം വിട്ട്, പത്രത്തില്‍ നിന്നും മുഖം മാറ്റി അമ്മ ഇവളെന്തായീ പറയുന്നേ എന്ന ആശ്ചര്യഭാവത്തില്‍ നോക്കിയിട്ട് “എന്താടീ..” എന്നാരാഞ്ഞു..
തന്റെ വിദ്യ സ്വീകാരമായി എന്നോര്‍ത്ത് മകള്‍ വാചാലയായി..
“കൂര്‍ക്കയില്ലേമ്മേ..കൂര്‍ക്ക; അതച്ഛനോട് വാങ്ങിക്കോണ്ടു വരാന്‍ പറയ്, കറീം വെക്കാം ഡാമിന്റെ ഓട്ടേം അടക്കാം..”
അമ്മയുടെ പത്രപാരായണത്തിനിടയില്‍ സുര്‍ക്കിയുടെ കാര്യം കേട്ടപ്പോള്‍ പാവം ആവണിക്കുട്ടിക്കു മനസ്സിലായത് കൂര്‍ക്കയെന്നാ..
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!# ബേബി ഡാമില്‍ക്കൂടി വെള്ളമൊഴുകുവാന്‍ തുടങ്ങിയെന്ന വാര്‍ത്ത ടി വിയില്‍ കണ്ട അമ്മവീട്ടുകാര്‍ പരിഭ്രാന്തരായി (തൃശ്ശൂരില്‍ നിന്നും) അമ്മയുടെ ഫോണിലോട്ടു വീളിച്ച് ആകാംക്ഷയോടെ കാര്യങ്ങള്‍ തിരക്കുന്നതിനിടെ..
സംഭവഗൌരവം ശരിക്കറിയാത്ത അമ്മവീട്ടുകാരുടെ വാക്കുകള്‍ ശ്രവിച്ച്..
കേട്ടപാതി കേല്‍ക്കാത്ത പാതി..
അമ്മ ഓടിക്കിതച്ചു വന്ന് ഭാര്യയോട്..
“മഞ്ജൂ..ഞ്ജൂ.. വേഗമിത്തിരി ചോറും കറികളുമെടുത്തു വെക്ക്; മുല്ലപ്പെരിയാറു പൊട്ടാന്‍ പോകുവാന്നാ പറയണേ.. ഒഴുക്കില്‍ പെടുന്നതിനു മുന്‍പേ ഇത്തിരി ചോറുണ്ണട്ടെ..”
ഭാര്യ അന്തം വിട്ട് അമ്മയോടു ചോദിച്ചു..
“അതിനിപ്പം ചോറുണ്ണുന്നതെന്തിനാ..??“
“ചത്തു മലച്ച് വെള്ളത്തീക്കോടെ ഒഴുകി നടക്കുമ്പോള്‍ വിശപ്പു സഹിക്കാനാവാതെ ആത്മാവ് പരവേശം പിടിച്ച് നടന്നാലോ.. ബലിയിട്ടൂട്ടാന്‍ ഒരു മനുഷന്‍ പോലും കാണില്ല..!!അതാ”
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആസമയത്ത്; ബെഡ് ഷീറ്റുകള്‍ വീടുവീടാന്തരം വിറ്റു നടക്കുന്നൊരു പയ്യന്‍ വീട്ടിലെത്തി, കോളിങ്ങ് ബെല്ലടിച്ച്..
“ചേച്ചീ..ച്ചീ.. ബെഡ് ഷീറ്റ് വേണോ??”
“ങേഹ്..!! ബെഡ് ഷീറ്റോ?? എന്റെ കൊച്ചേ ഈ ലോകത്തൊന്നുമല്ലേ നീ, ജലബോംബ് പൊട്ടാറായി നില്‍ക്കുന്നു.. അപ്പോഴാണൊ ബെഡ് ഷീറ്റ്; ചത്തു മലച്ചു കിടക്കുമ്പോള്‍ പുതപ്പിച്ചു കിടത്താനാണോ..??!!”
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
കുറെ നേരം ആ പയ്യന്‍ അമ്മയുടെ നേരെ നിശബ്ദമായി നോക്കി നിന്നു..
എന്നിട്ട് ചിരിച്ചു കൊണ്ട് നടന്നു മറഞ്ഞു..
ആ കൊച്ചന്‍ പോയ വഴി പുല്ലു മുളച്ചിട്ടില്ല ഇതു വരെ..
ഹി..ഹി..ഹി..ഹി..

Wednesday, November 30, 2011

നിർമ്മിക്കുക..ഏതു വിധേനയും, പുതിയ ഡാം !

റിക്ടെർ സ്കെയിലിൽ അഞ്ചിനോ അതിനു മുകളിലോ ഉള്ള ഭൂചലനം നിമിത്തം ഡാമിനു ബലക്ഷയം സംഭവിക്കുകയും അതു മൂലം ഡാം തകരുകയും 136 അടി പൊക്കത്തിൽ അതീവ മർദ്ദത്തിൽ തള്ളി നിൽക്കുന്ന ജലം താഴോട്ട് കുതിച്ചെത്തുകയും ത്വരിതഗതിയിൽ ഭൂമിയിലുടനീളം വീതിയിൽ ചാലുകൾ കീറി പ്രയാണമാരംഭിക്കുകയും ചെയ്യും. പൊതുവേ നല്ല നീരൊഴുക്കുള്ള ഭൂപ്രദേശങ്ങളാണു ഇടുക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളധികവും. വൃഷ്ടിപ്രദേശത്തു പെയ്യാവുന്ന ചെറിയ മഴ പോലും പ്രതീക്ഷിക്കുന്നതിലധികം നീരൊഴുക്കു കൂട്ടുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടതാണല്ലോ. കനത്ത മഴയിൽ വൃഷ്ടിപ്രദേശത്തെ ജലനിരപ്പ് പരിധിയിലുമധികം ഉയർന്നാൽ സുർക്കിയിലും ചുണ്ണാമ്പിലും നിർമിച്ച ഈ ഡാമിനു താങ്ങാവുന്നതിലധികം മർദ്ദമായിരിക്കും അതിന്റെ അടിത്തട്ടിൽ അനുഭവപ്പെടുക. ജലസേചനോദ്ദേശ്യം മാത്രം ലക്ഷ്യം വെച്ചു കൊണ്ട് 115 വർഷങ്ങൾക്കു മുൻപ് ബ്രിട്ടീഷുകാർ നിർമിച്ച ഈ കൂറ്റൻ ഡാം ഒറ്റ ബ്ലോക്കിൽ കെട്ടിയുയർത്തിയിട്ടുള്ളതാണ്. ഇടുക്കി ജില്ലയിലെ വിവിധ ഡാമുകൾ സ്ഥിതി ചെയ്യുന്ന വൃഷ്ടിപ്രദേശങ്ങളില്ലാം തന്നെ ചെറിയ ചെറിയ ഭൂചലനങ്ങൾ മിക്കവാറും നടക്കുന്നുണ്ട്. മുല്ലപ്പെരിയാർ ഡാമിന്റെ അടിത്തട്ടോ മറ്റോ ശസ്ത്രീയ നിരീക്ഷണങ്ങൾക്കോ മറ്റോ ഇതുവരെ വിധേയമായിട്ടില്ല എന്നിരിക്കെ ഡാം സ്ഥിതി ചെയ്യുന്ന പാറക്കെട്ടുകൾക്കിടയിലും പ്രാന്തപ്രദേശങ്ങളിലും മറ്റും ഭൂമിക്കടിയിലേക്കുള്ള പാറകൾക്കിടയിൽ സംഭവിച്ചിട്ടുള്ളതാകാവുന്ന വിള്ളലുകളുടെയും സുഷിരങ്ങളുടെയും അളവുകളൂടെയോ എണ്ണത്തിന്റെയോ കാര്യം ഊഹാതീതമാണ്. ഏതായാലും ഡാം പൊട്ടുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ 50:50 സാധ്യതയാണുള്ളത്. പൊട്ടിയാലോ കേരളം രണ്ടായി വിഭജിക്കപ്പെടും എന്ന കാര്യത്തിൽ 100%ഉം.ഏതായാലും മുല്ലപ്പെരിയാർ പ്രശ്നത്തിൽ ജനകീയവും രാഷ്ട്രീയവുമായുള്ള മുന്നേറ്റങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. എത്ര സമരങ്ങളൊ ഉപവാസസമരങ്ങളൊ മുദ്രാവാക്യം വിളികളൊ ഒന്നും തന്നെ കേന്ദ്രത്തിന്റെയോ പരമോന്നത നീതിപീഠത്തിന്റെയോ കണ്ണും കാതും തുറപ്പിക്കുകയില്ല എന്നതിൽ തന്നെ ഞാൻ ഉറച്ചു നിൽക്കുന്നു. തികച്ചും അവഗണിക്കപ്പെടുന്നവന്റെ വേദനയിൽ നിന്നും ഉടലെടുക്കപ്പെടുന്ന രോഷാഗ്നിയിലാണു മിക്ക ആളുകളും സോഷ്യൽ നെറ്റ് വർക്കുകളിലും മറ്റും തമിഴ്നാടു മുഖ്യമന്ത്രി ജയലളിതക്കെതിരേ ആഞ്ഞടിക്കുകയും അവരുടെ ഫോട്ടോ പബ്ലീഷ് ചെയ്തു അവരുടെ മുഖത്ത് കാർക്കിച്ചു തുപ്പുന്നു എന്നും അവരുടെ നെഞ്ചത്തു ചവിട്ടുന്നു എന്നൊക്കെ പറഞ്ഞ് ആക്രോശത്തോടെ കമന്റുകളും മറ്റും ഇടുന്നത്. പൊതു നിരത്തിൽ പോലും അവരുടെ കോലം കത്തിച്ചും കോലത്തിൽ പടക്കം പൊട്ടിച്ചു ചിന്നിച്ചിതറിച്ചും വരെ ആളുകൾ അവരുടെ വികാരവിദ്വേഷങ്ങൾ പ്രകടിപ്പിക്കുന്നുമുണ്ട്. എനിക്കു തോന്നുന്നത് ഇത്തരം സമരമാർഗ്ഗങ്ങൾ നമ്മൾ അവലംബിക്കേണ്ടതുണ്ടൊ? എന്നു തന്നെയാണ്. അവ മൂലം നമ്മളോടുള്ള സമീപനത്തിൽ തമിഴന്റെ മന്നസ്സിൽ പൊട്ടിപ്പുറപ്പെടുക തീവ്രവാദ നയങ്ങളായിരിക്കും. അതിന്റെ പ്രതിഫലനമെന്ന കണക്കു തന്നെയാണു അതിർത്തിക്കപ്പുറത്തു നിന്ന് തുടങ്ങിയിരിക്കുന്ന പടപ്പുറപ്പാട് എന്നു ഭയക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസത്തെ ഹർത്താലുകളിൽ തമിഴ് അയ്യപ്പന്മാരുടെ വണ്ടി തടഞ്ഞിടുകയും അവരുടെ നേരെ ആക്രോശിക്കുകയും ചെയ്യുന്ന നമ്മുടെ ജനതയുടെ വികാരങ്ങൾ മനസ്സിലാക്കുന്നുണ്ട് എങ്കിൽക്കൂടിയും അതിർത്തിക്കപ്പുറത്ത് ഇപ്പുറെ നടക്കുന്ന ഓരൊന്നും ശ്രദ്ധാപൂർവ്വം വീക്ഷിച്ചു ഭയചകിതരായി നിമിഷങ്ങളെണ്ണി ജീവിതം പോറ്റുന്ന കുറെ മലയാളികൾ ഉണ്ടെന്നു കൂടി നമ്മളോർക്കണം. പലപ്പോഴും നമ്മുടെയത്ര സമയം ക്ഷമിക്കാനുള്ള ദയവോ അറിവോ ഒന്നും തന്നെ തമിഴ് ജനത്തിൽ ഭൂരിഭാഗത്തിനും ഉണ്ടാകാറില്ല എന്ന യാഥാർത്ഥ്യവും അത്യന്താപേക്ഷിതമായി നമ്മൾ മനസ്സിരുത്തേണ്ടതാകുന്നു. തമിഴ് ജനതയെ പ്രകോപിപ്പിക്കുകയല്ല നമ്മളൂടെ ലക്ഷ്യത്തിൽ പ്രധാനം.ഡാമിന്റെ ജലനിരപ്പ് കുറച്ച് ഒരു സമവായത്തിലെത്താം എന്ന ചിന്തകളെ നമ്മൾ പരിപോഷിപ്പിക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. 136 അടി ജലനിരപ്പിനെ 120 അടിയിലേക്കു കൊണ്ടു വരുന്നത് ഒരിക്കലും തമിഴ്നാട് അംഗീകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം, അവർ ജലം കൊണ്ടു പോകുന്ന ടണലുകൾക്കു താഴെ ജലനിരപ്പ് താഴ്ത്തുന്ന ഒത്തുതീർപ്പിനു അവർ സമ്മതിക്കില്ല എന്നത് പകൽ പോലെ വ്യക്തമാണ്. അതു മാത്രമല്ല നമുക്കും അതു കൊണ്ട് എന്തു പ്രയോജനം!! ഭൂകമ്പം നിമിത്തം ഡാം പൊട്ടുവാനുള്ള സാഹചര്യം സംജാതമാകുന്ന നിമിഷം അറബിക്കടലിന്റെ മേൽത്തട്ടിലോട്ടൊഴുകിച്ചെല്ലുന്ന ജലസ്രോതസ്സിന്റെ അളവിൽ കുറച്ച് ടി എം സി കുറവുണ്ടാകുമെന്നതല്ലാതെ നാം ഭയപ്പെടുന്ന ഭീകരതക്ക് എന്തെങ്കിലും ശമനമുണ്ടാകുമോ?? അപ്പോൾ പുതിയൊരു ഡാം തന്നെയാണു നമുക്ക് ആവശ്യം എന്നു വരുന്നു. വർഷങ്ങൾക്കു മുൻപ് ഇരു കൂട്ടരും കൂടി നിലവിലുള്ള ഡാമിനു മൂവായിരത്തോളം അടി താഴെ കേരളത്തിന്റെ സ്ഥലത്ത് പുതിയൊരു ഡാമിനുള്ള സ്ഥാനം കണ്ടിട്ടുള്ളതാണ്. പല തിരുട്ടു ന്യായവാദങ്ങൾ ഉന്നയിച്ച് തമിഴ്നാടിതിൽ നിന്നും പുറം വലിയുകയായിരുന്നുവന്ന്. നമ്മളവിടെ പുതിയൊരു ഡാം നിർമിക്കുവാനുള്ള ആർജ്ജവം കാണിക്കണമെന്നാണു എന്റെ ശക്തമായ അഭിപ്രായം. നമ്മളത് തുടങ്ങി വെക്കുമ്പോൾ സൈലെന്റ് മോഡിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയും, കേന്ദ്ര ജല പരിസ്ഥിതി മന്ത്രാലയവും പ്രേമികളും, സുപ്രീം കോടതിയും മറ്റും തമിഴ്നാടിന്റെ സമ്മർദ്ദം താങ്ങാനാവാതെ മുടന്തൻ ന്യായവാദങ്ങൾ തമിഴ്നാടിനു വേണ്ടി ഉന്നയിച്ച് നമുക്കെതിരേ തിരിയും എന്നത് പച്ചപ്പരമാർത്ഥമാണ്. പഴയ ഡാമിനു താഴെ പണിയുന്ന പുതിയ ഡാമിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പഴയതിനു ഭീക്ഷണിയാകും എന്നും നിനച്ച് നമുക്കിതു പണിയാതെ ഇരിക്കുവാനാകില്ല. കാരണം എന്തു സംഭവിച്ചാലും സംജാതമാകാനുള്ള ഭീകരാവസ്ഥ സമം തന്നെ. ഡാം നിർമ്മാണ വിദഗ്ദ്ധരുടെ കൈവശം ഇതിനുള്ള മറുമരുന്ന് ഉണ്ടാകും എന്നു തന്നെയാണെന്റെ നിഗമനം. പുതിയ ഡാം പണിയുമ്പോൾ 250 അടിയോ അതിനു മുകളിലോ ഉള്ള ഒരു ആർച്ച് ഡാം പണിയണം. സമീപത്തു തന്നെ വെള്ളമൊഴുക്കിക്കളയാനുള്ള ഷട്ടറുകളോടു കൂടിയ മറ്റൊരു ഡാം സമാന്തരമായി നിർമിക്കുക. നിർമ്മാണപ്രവർത്തനങ്ങൾ ഭംഗിയായി വിജയകരമായാൽ പിന്നെ വരുന്നതു പോലെ വരട്ടെ. മുല്ലപ്പെരിയാർ പൊട്ടിയൊഴുകി വരുന്ന ജലം ഇവിടെ കുറച്ചെങ്കിലും സംഭരിക്കുമെന്നോ അതല്ലാ പൊട്ടിയൊലിച്ചു വരുന്നവയെ മൊത്തമായി താങ്ങി നിർത്തുവാൻ പുതിയ ആർച്ച് ഡാമിനു കഴിയുമെന്നൊ ഒക്കെ നമുക്ക് പ്രത്യാശിക്കാം.നമ്മളൊരു പുതിയ ഡാം നിർമിക്കുമ്പോൾ നമ്മുടെ നാട്ടിലെ മുഴുവൻ ജനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കട്ടെ, എന്നു കൂടി നമ്മൾ പ്രത്യാശിക്കേണ്ടതുണ്ട്. കാരണം അത്രക്ക് ഒറ്റപ്പെടുത്തലുകളും ഭീകരാവസ്ഥകളും ഭീഷണികളെയുമൊക്കെ നമുക്ക് നേരിടുകയും തരണം ചെയ്യുകയും ചെയ്യേണ്ടതുണ്ട്. ചിലപ്പോൾ നമ്മൾ 14 ജില്ലകൾ കൂടി പുതിയൊരു രാജ്യം പോലും പിറവിയെടുക്കുവാൻ കാരണമായേക്കാം. നമ്മളുടെ ചുറ്റളവുകളിലെ മുഴുവൻ അതിർത്തികളിലും നമ്മുടെ പുതിയ രാജ്യത്തിന്റെ സേനയെ വിന്യസിക്കേണ്ടി വന്നേക്കാം. ഒറ്റപ്പെടുത്തലുകളൂടെ ഭാഗമായി നമ്മൾ പൂജ്യത്തിൽ നിന്നും തുടങ്ങേണ്ടി വന്നേക്കാം. പക്ഷേ; വള്ളക്കടവിലും, കെ. ചപ്പാത്തിലും, അയ്യപ്പൻ കോവിലിലും, വണ്ടിപ്പെരിയാറ്റിലും ഉള്ള നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളുടെ ദയനീയ രോദനങ്ങൾക്കു മുൻപിൽ മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്രസർക്കാർ, സുപ്രീം കോടതികൾക്കു മുൻപിൽ നിന്നും നമ്മുടെ ജനതയെ കൂട്ടത്തോടെ രക്ഷിക്കേണ്ട ദൌത്യത്തിൽ നിന്നും ഒരടി പിമ്പോട്ടു പോകുവാൻ പാടില്ല. കേരളത്തിന്റെ മാറിലൂടെ പരിലസിക്കാൻ വെമ്പി നിൽക്കുന്ന അറബിക്കടലിന്റെ പ്രയാണത്തിനു തടയിടേണ്ടിയിരിക്കുന്നു; നമ്മൾ.

Sunday, November 27, 2011

കെ.ചപ്പാത്തിലേക്കുള്ള റാലിക്കു പങ്കെടുക്കുക..

പ്രിയ സുഹൃത്തുക്കളെ.. തൊടുപുഴ പരിസരവാസികളെ..

മുല്ലപ്പെരിയാർ വിഷയത്തിൽ കെ.ചപ്പാത്തിൽ വർഷങ്ങളായി സമരം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്..
തൊടുപുഴയിൽ നിന്നും ആയിരത്തിൽ‌പ്പരം ആളുകൾ ടി.സ്ഥലത്തോട്ട് കുറച്ച് ദിവസങ്ങൾക്കകം ഒരു റാലി സംഘടിപ്പിക്കുന്നുണ്ട്..
നിങ്ങളെവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു..

ഡേറ്റ് ഉടൻ തന്നെ അറിയിക്കുന്നതായിരിക്കും..
എല്ലാവരും പങ്കെടുക്കുവാൻ ആഹ്വാനം ചെയ്യുന്നു..

Tuesday, November 08, 2011

ഈ മഴ ഞങ്ങൾക്കു മതിയായേ......!!


മഴയോട് മഴ..!
മഴയൊഴിഞ്ഞിട്ടു കാശിക്കു പോകാൻ നേരം കിട്ടുന്നില്ല എന്നു പറയുന്നതു പോലെയാണു തൊടുപുഴക്കാരുടെ ഇപ്പോഴത്തെ അവസ്ഥ..
ആരാ കേരളത്തിന്റെ ചിറാപുഞ്ചി ലക്കിടിയാണെന്നു പ്രസ്താവിച്ചിട്ടുള്ളത്..
അതൊക്കെ ഇനി നമ്മുടെ നാട് “തൊടുപുഴ” യ്ക്കു മാത്രം സ്വന്തം..
ഈ വർഷം തന്നെ വിരലിലെണ്ണാവുന്ന ദിവസങ്ങളെ സൂര്യനെ മുഴുദിനം ഞങ്ങൾ കണ്ടിട്ടുള്ളൂ..
ഇത് മാസം 11 ആയി കെട്ടോ..!
ഇപ്പോൾ തുലാവർഷമാണു ഓടുന്നതെന്നാണു വെപ്പ്..!
ഇവിടെ കാലവർഷം ഒന്ന് തീർന്നിട്ടു വേണ്ടെ.. ഒന്നു തുലാവർഷത്തിനു കെട്ടിയാടി പെയ്യാൻ..
ഒന്നെങ്കിൽ ഉച്ചക്കു തുടങ്ങും..അല്ലെങ്കിൽ അതിനും മുൻപേ..
രാത്രി മുഴുവനും ഇടീം വെട്ടി ചന്നം പിന്നം ചാറിക്കൊണ്ടിരിക്കും..
മണിക്കൂറുകളോളം പെയ്യുന്ന വൈകുന്നേരങ്ങളിൽ നഗരത്തിലേക്കിറങ്ങണമെങ്കിൽ സ്വന്തായൊരു വള്ളം കൂടി വാങ്ങി കൂടെ കൊണ്ടുവരേണ്ടി വരും..!
അതാണിപ്പോൾ തൊടുപുഴക്കാരുടെ അവസ്ഥ..
അശാസ്ത്രീയമായ ഓടകളൂടെ നിർമാണം നഗരത്തെ പലയിടങ്ങളിലും 2-5 അടി വരെ വെള്ളത്തിനടിയിലാക്കുന്നു മിക്കദിവസങ്ങളിലും..
നാട് ഭരിക്കുന്ന കോൺഗ്രെസ്സ് കൌൺസിലർമാർക്ക് നഗരത്തിലെ പ്ലാസ്റ്റിക് മറ്റു മാലിന്യങ്ങൾ മാത്രം നിമ്മാർജ്ജനം ചെയ്യുന്നതിലാണു ശ്രദ്ധ..!
മുൻസിപ്പൽ പാർക്കിൽ കൊതുകുകളെ വളർത്താനുള്ള മാധ്യമമായിട്ടുണ്ട് കുട്ടികൾക്കു ബോട്ട്സവാരി നടത്തുവാൻ നിർമിച്ചിരിക്കുന്ന വിശാലമായ കുളം..
1വർഷം തടവും 10,000 പിഴയുമായി മാലിന്യം നിക്ഷേപിക്കുന്നവരെ അകത്താക്കുവാൻ നഗരസഭ ഓടി നടക്കുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴല്ലേ നാട്ടുകാർക്ക് പിടി കിട്ടുന്നത്..
മഴപെയ്യുമ്പോൾ വെള്ളപ്പൊക്കമുണ്ടാകുമെന്ന് മുങ്കൂട്ടി കണ്ടിട്ടുണ്ടായിരുന്നൂ.. ഈ കൌൺസിലർമാർ എന്ന് നാട്ടിലെ ജനത്തിനിപ്പോഴാണു പിടി കിട്ടിത്തുടങ്ങിയത്.. കാരണം ഈ സംഭവം അടിഞ്ഞു കൂടിയാൽ വെള്ളപ്പൊക്കം മാത്രമല്ലാ..
പകർച്ചവ്യാധികളും പെരുകുമെന്നവർ മുങ്കൂട്ടി കണ്ടിട്ടുണ്ടായിരുന്നുവത്രേ..!
ഏതായാലും തൊടുപുഴക്കാർക്കിപ്പോൾ കോളാണ്..
വൈകിട്ട് നഗരത്തിൽ വന്നാൽ മഴക്കു മുൻപേ ഗ്രാമങ്ങളിലേക്ക് തിരികെ എത്തിയില്ലെങ്കിൽ; പിറ്റേ ദിവസമേ ബന്ധുമിത്രാദികളെ കാണുവാൻ കഴിയൂ..

(വാർത്തയിലെ ചിത്രത്തിൽ കാണുന്ന ആദ്യ വീട് ഈ ബ്ലോഗെറൂടേതാണ് )

Wednesday, November 02, 2011

ഒരു ലിഫ്റ്റിന്റെ കഥ..

ഉന്മേഷഭരിതമായൊരു പ്രഭാതം..
രാവിലെ മകളെ സ്കൂളിൽ വിട്ടിട്ട് തിരിച്ച് വീട്ടിലേക്ക് ബൈക്കിൽ വരുന്ന നേരം..
മറ്റൊരു ബൈക്കിൽ പരിചയക്കാരനായ ബി എസ് എൻ ലി ലെ ഒരു ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ ഭാര്യയുമായി എന്റെ ബൈക്കിനെ കടന്നു പോയി..
പരിചയഭാവേനയുള്ള അദ്ദേഹത്തിന്റെ ചെറു പുഞ്ചിരിക്ക് മറു പുഞ്ചിരിയുമേകി; പല കാര്യങ്ങളിൽ ചിന്ത കൊടുത്ത് പതിയേ ഞാനും പുറകേ വെച്ചടിച്ചു..
ഇടക്കിടക്ക് അദ്ദേഹത്തിന്റെ വാമഭാഗം എന്റെ നേരെ നോട്ടമയക്കുന്നുണ്ട്..
ഇടക്ക് അദ്ദേഹത്തിന്റെ ബൈക്ക് ഒരിടത്ത് നിന്നു..
ഞാനതിനെ ഓടിച്ചു മറികടക്കവേ പെട്ടന്ന് എന്റെ മൊബൈലിൽ ഒരു ഫോൺ കോൾ..!
പതിയെ റോഡിന്റെ ഓരം ചേർത്ത് ബൈക്ക് നിർത്തി ഞാൻ ഫോൺ സംഭാഷണത്തിൽ ശ്രദ്ധിക്കവേ..
പരിചയക്കാരനായ ആ ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ ബൈക്കെന്റെ സമീപം നിർത്തിയിട്ട് കുശലാന്വോഷണം ആരംഭിച്ചു..
കുശലാന്വോഷണങ്ങൾക്കിടെ ഞാനും “ചേച്ചീയേം (ഭാര്യയെ) കൂട്ടി എങ്ങോട്ടാണാവോ യാത്ര” എന്നാരാഞ്ഞു..
കേട്ടപാതി കേൾക്കാത്ത പാതി അദ്ദേഹത്തിന്റെ മുഖമൊന്നു വാടി.. ഒരു ചെറു പുഞ്ചിരി അതോ ഒരു വിഷമച്ചിരിയോ ചുണ്ടിൽ വരുത്തിയെന്നു വരുത്തി അദ്ദേഹം ബൈക്കിന്റെ ക്ലെച്ച് റിലീസ് ചെയ്ത് ഒന്നും മിണ്ടാതെ ആക്സിലേറ്റർ കൊടുത്ത് വാഹനം സ്റ്റാർട്ട് ചെയ്തു മുൻപോട്ടു നീങ്ങി..
അദ്ദേഹത്തിന്റെ മുഖഭാവത്ത് വന്ന പെട്ടന്നുള്ള വ്യത്യാസം എന്നെയും ഒരു നിമിഷം “എന്തായിരിക്കും??” എന്നതിൽ സംശയാലുവും ഞിജ്ഞാസാകുതുകിയുമാക്കി..
എന്തെരോ എന്തോ എന്നു ചിന്തിച്ച് വണ്ടിയെടുത്ത് മുൻപോട്ടു നീങ്ങവേ ഞാൻ ചിന്തിച്ചു..
അദ്ദേഹം ഈ റൂട്ടിലെ ബി എസ് എൻ ലിന്റെ ലൈന്മാനാണ്..
അദ്ദേഹത്തിന്റെ ഭവനം വേറേ എവിടെയോ ഒരിടത്താണ്..
ആദ്യമായാണു അദ്ദേഹത്തിന്റെ പുറകിൽ ഒരു വനിതാരത്നത്തെ കാണുന്നത്..
അദ്ദേഹത്തിനു ഭാര്യയുണ്ടോ..? അതദ്ദേഹത്തിന്റെ ഭാര്യയാണോ..? എന്നൊന്നും എനിക്കറിയില്ല..
ഞാനാദ്യമായാണു ആ സ്ത്രീയെ കാണുന്നത് തന്നെ..!
ഇനിയവർ അദ്ദേഹത്തിന്റെ ഭാര്യ അല്ലാ എന്നുള്ളതുണ്ടോ?
അങ്ങിനെയെങ്കിൽ; എന്താകും അദ്ദേഹത്തിന്റെ പെട്ടന്നുള്ള മനം മാറ്റത്തിനു കാരണം..?

പറയൂ..
നിങ്ങൾക്കൂഹിക്കാമോ എന്തായിരിക്കുമെന്ന്?!!

Friday, October 28, 2011

പ്രവാസ റിട്ടയർമെന്റുനു ശേഷം..

പ്രവാസജീവിതത്തിൽ നിന്നും റിട്ടയർമെന്റെടുക്കുന്ന ഇടത്തരം പ്രവാസികൾക്ക്..
ഭാവിജീവിതത്തിലെ വരുമാനമാർഗ്ഗങ്ങൾക്കായി..


ഇന്നുള്ള ഒട്ടുമുക്കാൽ കർഷകരും പിന്തുടർന്നു വരുന്ന സമ്മിശ്ര വിള കൃഷി രീതി തങ്ങളൂടേ ജീവിതത്തിലും പ്രായോഗികമാക്കാമെങ്കിൽ..
സ്ഥിരവും സ്ഥായിയുമായുള്ളൊരു മികച്ച വരുമാനം ജീവിതത്തിൽ വരുംകാലങ്ങളിൽ ഉറപ്പുവരുത്താം..
അതായത് ഒരിടത്തു നിന്നു മാത്രമുള്ള നിക്ഷേപവും വരുമാനം ഒഴിവാക്കി ചെറുതെങ്കിലും ബഹുവിധ പദ്ധതികളിൽ നിക്ഷേപിച്ച് വരുമാനമുണ്ടാക്കുവാൻ ശ്രമിക്കുക.. അപ്പോൾ പലതുള്ളി പെരുവെള്ളമാകും.. നിരീക്ഷണങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നുമുള്ള കുറച്ചു കാര്യങ്ങൾ പങ്കുവെക്കട്ടെ..

പദ്ധതികളെ എത്രയെണ്ണമായി വേണമെങ്കിലും തരം തിരിക്കാം..
പൈസയും സമയവുമുള്ളതിനെ അടിസ്ഥാനമാക്കി..

ബാങ്ക് നിക്ഷേപം:- സഹകരണബാങ്കുകളെ വെല്ലുന്ന പലിശനിരക്കുകളുമായി നിക്ഷേപകരെ ആകർഷിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ ഷെഡ്യൂൾഡ് ബാങ്കുകളും സെൽഫ് ഫൈനാൻസിങ്ങ് ബാങ്കുകളും മറ്റും.. റിസർവ്വ് ബാങ്കിന്റെ കഴിഞ്ഞ ദിവസത്തെ പുതിയ നയമനുസരിച്ച് നിക്ഷേപനിരക്കുകളെ നിയന്ത്രിക്കുവാനുള്ള അവകാശം ബാങ്കുകൾക്ക് തന്നെ വിട്ടു കൊടുക്കുമ്പോൾ ചെറുകിട നിക്ഷേപകർക്ക് അതേറേ ഗുണം ചെയ്യും. സഹകരണ ബാങ്കുകളിൽ ഒരു വർഷത്തിനു മുകളിലുള്ള നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് ഏകദേശം 10.5% ആണ്. പണപ്പെരുപ്പം നിയന്ത്രിക്കുവാനുള്ള റിസർവ്വ് ബാങ്കിന്റെ പുതിയനയങ്ങൾ എല്ലാവിധ പലിശനിരക്കുകളും ഉയർത്തുവാനേ ഉതകൂ. അതുകൊണ്ടു തന്നെ നിക്ഷേപങ്ങൾ പണ്ടത്തേക്കാൾ ആകർഷകമായിത്തുടങ്ങിയിട്ടുമുണ്ട്. അപ്പോൾ നിങ്ങളൂടേ വരുമാനത്തിന്റെ ഒരു ഭാഗം വിവിധ ബാങ്കുകളിലായി സ്ഥിരം നിക്ഷേപിക്കുക. 10 ലക്ഷം രൂപയോളം നിക്ഷേപിക്കുന്ന ഒരാൾക്ക് ഏകദേശം 8500 രൂപാക്കു മുകളിൽ മാസം പലിശ ലഭിക്കും.


വാടകവീട്:- വീടിനു സമീപത്ത് ഒരു അഞ്ചുസെന്റ് കൂടിയുണ്ടോ? ഉണ്ടെങ്കിൽ 650-750sq.ft. നിരക്കിലുള്ള നാലോ അഞ്ചോ വീടുകൾ നിർമിക്കൂ. ഒറ്റ അടിത്തറയിൽ വേണം അവ പണിയുവാൻ. അതായത് ഒരു വീടിന്റെ ഭിത്തിയുടേ മറുവശം അടുത്ത വീടിന്റെ ചുവരാകട്ടെ. അപ്പോൾ പണിച്ചിലവ് കുറയും. 2 ബെഡ് 1 ഹാൾ 1 കിച്ചെൺ 1 ബാത്ത്രൂം/കക്കൂസ് 1 സിട്ടൌട്ട് എന്നിവയുള്ള ചെറിയ വീടിനു (ഇവിടെയൊക്കെ) കുറഞ്ഞത് 2500രൂപയോളം വാടക ലഭിക്കും. വാട്ടെർ/ഇലെക്ട്രിക്സിറ്റി ബില്ലും വാടകക്കാരൻ അടച്ചു കൊള്ളും. അധികമായി ആഡംബരമൊന്നും വേണമെന്നില്ല ഈ വാടകവീടുകൾക്ക്. 5 വീടുകൾ വരുന്ന ഒന്നിനു ഏകദേശം 10-15 ലക്ഷമുണ്ടെങ്കിൽ പണിതീർക്കാവുന്നതേയുള്ളൂ. വാടകയിനത്തിൽ എങ്ങും തൊടാതെ 10000 മാസമുണ്ടാക്കാം. ഒന്നുകൂടി; പകിടിയായി വാങ്ങുന്ന തുക ബാങ്കിലിട്ടാൽ അതു വഴി കിട്ടുന്ന പലിശ ചെറുതെങ്കിലും ചെറിയ മെയിന്റനൻസ് പണികൾക്കൊക്കെ അതൊരു സഹായകമാകുകയും ചെയ്യും.


മരങ്ങൾ വെച്ചു പിടിപ്പിക്കാം:- ഷെയർ മാർക്കെറ്റിൽ നിക്ഷേപിക്കുന്നതിനോടെനിക്ക് വിരോധമൊന്നുമില്ല; എങ്കിലും.. അവിടെ നിക്ഷേപിക്കുന്നതിന്റെ ആയിരത്തിലൊന്നുണ്ടെങ്കിൽ അതു പോലെ തന്നെ ലോങ്ങ് ടേം പ്രോഫിറ്റ് ഉണ്ടാക്കി തരുന്ന ഒന്നാണു മരങ്ങൾ നട്ടു വളർത്തുക എന്നത് ! മാവ്, പ്ലാവ്, തേക്ക്, ആഞ്ഞിലി, മഹാഗണി തുടങ്ങിയ മരങ്ങൾ ഓരോന്നായി പറമ്പിന്റെ അതിരുകളിൽ നട്ടു വളർത്തൂ. ചോലകളധികം ഇല്ലാത്തയിടത്തായിരിക്കണമെന്നു മാത്രം. നിങ്ങളെക്കാളുപരി നിങ്ങളൂടേ കുഞ്ഞുങ്ങൾക്കു വേണ്ടി ദീർഘവീക്ഷണത്തോടെ സമ്പാദിക്കുന്ന ഒന്നാകും അത്..! ഭാവിയിലുണ്ടാകാവുന്ന മരങ്ങളൂടേ അപര്യാപ്തത ഇന്നത്തെ സ്വർണ്ണത്തിന്റെ വിലയോടു ഉപമിപ്പിക്കാവുന്ന അവസ്ഥയിലെത്തിച്ചേരും. ഇന്നും അതിനു കുറവൊന്നുമില്ല. 2003ൽ ആവറേജ് 50 ഇഞ്ച് വണ്ണമുള്ളൊരു മാവിനു കുബിക്കടിക്ക് 100രൂപയുണ്ടായിരുന്ന സാഹചര്യത്തിലിപ്പോൾ ഇന്നത് 400രൂപ മുടക്കിയാലേ കിട്ടുകയുള്ളൂ..! മൂന്നിരട്ടി. ഇത് ആർക്കും വേണ്ടാതിരുന്ന മാവിന്റെ മാത്രം കാര്യം. ആഞ്ഞിലി, തേക്ക്, മഹാഗണി മുതലായവയുടെ വില ഊഹാതീതമാണ്..! ഒന്നുകൂടി മാവും പ്ലാവും വളർന്നു വരുമ്പോൾ അവയുടെ ഫലങ്ങൾ തരുന്ന ലാഭം കൂടി കണക്കിലെടുത്തോളൂ...!


കൃഷി:- നിങ്ങളൂടേ ഒരു വിഹിതം ഉറപ്പായുമിതിൽ നിക്ഷേപിക്കേണ്ടതാണ്. ഭാവിതലമുറയിലേക്കൊരു മുതൽക്കുട്ടുമാകുമത്. ഒരേക്കർ റബ്ബെർ കൃഷി ചെയ്യൂ. റബ്ബെർ ബോറ്ഡ് അനുശാസിക്കും പ്രകാരം ഹെക്ടറിനു 500 മരമാണു വെച്ചു പിടിപ്പിക്കാവുന്നത്. അതായത് ഏക്കറിനു 200 എണ്ണം. RRI105 അല്ലെങ്കിൽ നവീകരിച്ച പുതിയൊരെണ്ണം ഇറക്കിയിട്ടുണ്ട് (216ആണെന്നാണു തോന്നുന്നത്; മറന്നു) അവ വെച്ചു പിടിപ്പിക്കാം. നന്നായി പരിപാലിക്കപ്പെടുന്ന മരങ്ങൾ എഴാം വർഷം വെട്ടിത്തുടങ്ങാം. റബ്ബെറിന്റെ മുഖ്യ സവിശേഷതയെന്തെന്നാൽ ഇനിഷ്യൽ കോസ്റ്റ് കഴിഞ്ഞാൽ പിന്നീട് കാര്യമായി ശ്രദ്ധ കൊടുക്കേണ്ട എന്നതാണ്. പ്രധാനമായും റബ്ബെർബോർഡിന്റെ നിർദ്ദേശങ്ങളെ പിന്തുടർന്ന് ടാപ്പിങ്ങ് നടത്തിയാൽ ഏകദേശം 30-35 വർഷത്തോളം ആദായം തരുമത്. ആവറേജ് ഒരു വർഷം 80 വെട്ടു ദിനങ്ങളെങ്കിലും നിലനിർത്താൻ ശ്രമിക്കുക. ഒരേക്കറിലെ 200 റബ്ബെറിൽ സമയമാകുമ്പോഴേക്കും 175 മരങ്ങളെങ്കിലും നന്നായി പരിചരിച്ച് ടാപ്പിങ്ങിനായി ഉറപ്പു വരുത്തുക. ആവറേജ് 600 ഗ്രാം ഉണക്കറബ്ബെർ കിട്ടുന്ന 10 ഷീറ്റ് കിട്ടും. അതായത് ടാപ്പിങ്ങ് ദിനങ്ങളിൽ 6 കിലോ ഉണക്കറബ്ബെറെങ്കിലും കിട്ടുവാനായി പരിശ്രമിക്കുക. ഒട്ടുപാലിന്റെ കണക്കു കൂടി കൂട്ടിയാൽ ദിവസേനയുള്ള ചിലവു കഴിഞ്ഞ് 1000 രൂപയോളം ഓരോ ദിവസവും ഉണ്ടാക്കാം. (ഇന്നത്തെ വില പ്രകാരം). ഇതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. സമയത്തിനനുസരിച്ചും വിവിധ സ്ഥലങ്ങൾക്കനുസരിച്ചും. എങ്കിലും ആവറേജ് 6 കിലോ ഉണക്കറബ്ബെർ 80 ദിവസം എന്നത് ക്ലിപ്തപ്പെടുത്തുക. മറ്റൊന്നു കൂടി കാലം ചെയ്ത റബ്ബെർ മുറിച്ചു മാറ്റുമ്പോൾ പോലും ഇന്നത്തെ കണക്കനുസരിച്ച് ഒരു റബ്ബെറിനു ഏകദേശം മൂവായിരമോ അതിൽ കൂടുതലോ നിങ്ങൾക്കു ലഭിക്കുകയും ചെയ്യും. നോക്കൂ റബ്ബെറിന്റെ ഒരു സമയം..! റബ്ബെർക്കൃഷി ചെയ്യുവാൻ എല്ലായിടത്തും സാധിച്ചെന്നു വരില്ല. അവിടെ നമുക്ക് തെങ്ങിനെ ആശ്രയിക്കാം. ഒരേക്കർ സ്ഥലത്ത് 100 തെങ്ങുകൾ നടാം. നന്നായി പരിപാലിക്കുന്ന തെങ്ങുകൾ അഞ്ചാം വർഷം മുതൽ കായ്ച്ചു തുടങ്ങും. നന്നായി പരിപാലിക്കപ്പെടുന്ന തെങ്ങുകൾക്ക് ആവെറെജ് 100 തേങ്ങ വെച്ചു (ഒരു തെങ്ങിനു) ലഭിക്കും. വർഷം 10000 തേങ്ങാ..! ഊഹിച്ചോളൂ എത്രയാകും ലാഭമെന്നത്.. ഇതൊക്കെ നടപടിയുള്ള കാര്യമാണൊ എന്നു വിചാരിച്ച് പുച്ഛിച്ചു ചിരിച്ചു തള്ളാൻ വരട്ടെ; അർപ്പണ മനോഭാവവും കഠിനാദ്ധ്വാനവുമുള്ളൊരേതൊരാൾക്കും നേടിയെടുക്കുവാൻ കഴിയുന്നൊരു മിനിമം കാര്യമാണിതെല്ലാം..! ഇനിയുമുണ്ട് ഒട്ടേറേ.. അര ഏക്കെർ പാടം വാങ്ങാം. അതിൽ നെൽക്കൃഷി ചെയ്യാം. രണ്ട് പൂവ് കൃഷിചെയ്യാം. ഇല്ലെങ്കിൽ നെല്ലും മീനും കൃഷിയിറക്കാം. വലുതായൊന്നുമില്ലെങ്കിലും 100 ദിവസമെങ്കിലും നിങ്ങൾക്ക് നല്ല ഒന്നാന്തരം കുത്തരിച്ചോറുണ്ണാമല്ലോ..!! ഇല്ലെങ്കിൽ വാഴ നടാം. നടുമ്പോൾ നേന്ത്രനേക്കാളുപരി ഞാലിപ്പൂവനോ പാളയംകോടനോ തിരഞ്ഞെടുക്കുവാൻ ശ്രമിക്കുക. (തിരുവനന്തപുരം കൊല്ലം ഭാഗത്തുള്ളവർക്ക് കപ്പവാഴ കൂടുതലായും പരീക്ഷിക്കാം; വളർന്നു വരുവാനുള്ള സാഹചര്യവും മികച്ച വിലയും അവിടെയാണു കൂടുതലുള്ളത്) കാരണം നേന്ത്രനു ഓണക്കാലസീസണിലാണു കൂടുതൽ ആവശ്യവും ഡിമാന്റും. പലപ്പോഴും നമ്മളുദ്ദേശിക്കുന്ന വിളവും തരില്ല. പക്ഷേ മറ്റു രണ്ടിനും സീസൺ ഇല്ലേയില്ല. കേടും തുലോം കുറവായിരിക്കും. ഇന്നത്തെ ഞാലിപ്പൂവന്റെ വില ഏകദേശം 35/കിലോ ആണ്. കുറഞ്ഞത് 25/10കിലോ വെച്ച് ഒരു കുലക്കു കിട്ടും. നോക്കൂ എന്താണു ലാഭമെന്ന്. കപ്പ നടാം.. ഒരു മൂട്ടിൽ നിന്നും ആവറേജ് 6-10 കിലോ കിട്ടിയാൽ കൂട്ടിക്കോളൂ ലാഭം എന്തെന്ന്..! ഒന്നിൽ നിന്നുള്ള ലാഭം നോക്കി മാത്രം ജീവിക്കാനാകില്ല. പലതുള്ളി പെരു വെള്ളം..! സമ്മിശ്രക്കൃഷി..! അതു പിന്തുടർന്നാൽ ഉറപ്പായും നമ്മൾ തെളിക്കുന്ന വഴിക്കു തന്നെ രഥം ഓടും. ഇനിയുമുണ്ടേറേ..! കന്നുകാലി വളർത്തൽ, പന്നി, ആട്, കോഴി വളർത്തൽ തുടങ്ങിയവ. ലാഭം പാലിൽ മാത്രം കാണരുത്. ചാണകത്തിൽ നിന്നും നമുക്ക് ഗാസ് ഉത്പാദിപ്പിക്കാം. മിച്ചം വരുന്ന സ്ലറി വളമാക്കി ഉപയോഗിക്കാം. ഇല്ലെങ്കിൽ ഉണക്കിയെടുത്ത് വിവിധ ആവശ്യങ്ങൾക്കായി വിൽ‌പ്പന നടത്താം. പാലു കൊണ്ട് മൂല്യവർദ്ധിത ഉൽ‌പ്പന്നങ്ങളൂണ്ടാക്കി വിൽക്കാം. ഒരിക്കലും നിങ്ങളൂടേ മുൻപിൽ വിപണി പിന്തിരിഞ്ഞു നിൽക്കില്ല. പക്ഷേ വേണ്ടത് ആത്മസമർപ്പണവും കഠിനാദ്ധ്വാനം ചെയ്യാനുള്ളൊരു മനസ്സുമാണ്. എങ്കിൽ ഉറപ്പായും നിങ്ങളീ സെക്ഷനിൽ വിജയിക്കും. അല്ലെങ്കിൽ കുറഞ്ഞത് ഒരു ജാതിയെങ്കിലും വീട്ടു വളപ്പിൽ വെച്ചു പിടിപ്പിക്കൂ. ഓർക്കുക കേരളത്തിലെ ഒരു സധാരണ നാലംഗകുടുബത്തിന്റെ ഒരു മാസത്തെ പരിമിതമായ അവശ്യങ്ങൾ നിറവേറാൻ ഒരു ജാതി മാത്രം മതിയാകും..!!


സ്വയം സംരംഭം:- സമ്പാദിച്ച കാശു മുഴുവൻ ബിസിനെസ്സിൽ കൊണ്ടു പോയി തള്ളി വടിയായ ഒട്ടേറേ പേർ ഉള്ള നാടാണു നമ്മുടേത്. ബസ്സ് വാങ്ങുക ഇല്ലെങ്കിൽ ഹാർഡ്വെയർ ഷോപ്പ് തുടങ്ങുക അങ്ങിനെ ബൃഹത്തായതും പരിചയമില്ലാത്തതുമായ ബിസിനെസ്സുകളെ ലക്ഷ്യമിടാതിരിക്കുകയാകും അഭികാമ്യം. പളപളാ മിന്നുന്ന ഷർട്ടുമിട്ട് ചെത്തി നടക്കാം കുറെ കാശു കളയാം എന്നതല്ലാതെ മികച്ചൊരു വരുമാനമാർഗ്ഗം സ്വായത്തമാക്കുവാൻ പലർക്കും സാധിക്കാറില്ല. ഏറ്റവുമധികം ശ്രദ്ധയൂന്നി ഇറങ്ങേണ്ട ഒരു വിഷയമാണിത്. പത്തു കാശു ഉണ്ടെന്ന് നാട്ടുകാരെ കാണിച്ച് ബോധ്യപ്പെടുത്തെണ്ടതിനേക്കാളുപരി കുറഞ്ഞ ചിലവിൽ ചെറുതെങ്കിലും സ്ഥായിയായൊരു മികച്ച വരുമാനമുണ്ടാക്കാനാണു ശ്രമിക്കേണ്ടത്. ഓർക്കുക ഇതുദ്ദേശിച്ചത് ഇടത്തരക്കാരായ പ്രവാസികൾക്കു വേണ്ടിയാണു കെട്ടോ. ഇട്ടുമൂടാൻ കാശുള്ള പ്രവാസികളെ ഇതിൽ ഉദ്ദേശിച്ചിട്ടേയില്ല. ഒരു ഉദാഹരണം പറയാം. ചെയ്സും വാങ്ങി ബോഡി കെട്ടി റുട്ട് പെർമിറ്റുമെടുത്ത് ഓടുന്ന ഒരു ലൈൻ ബസ്സിനു കുറഞ്ഞത് 20 ലക്ഷത്തോളം മുടക്കുവരും. എല്ലവിധ അടവുകളും ചിലവുകളും മാറ്റിവെക്കലുകളും കഴിഞ്ഞാൽ അതിന്റെ ഉടമസ്ഥനു ഒരു ദിവസം കിട്ടുക 1000-1500 രൂപയാകും. അതേസമയം 1,60-1,75,000 മുടക്കുള്ളൊരു പാസഞ്ചെർ ആപ്പെ സ്വന്തമായി വാങ്ങി ഓടിക്കുകയാണെന്നു വെക്കുക, ദിവസേന 500-600 രൂപ മിച്ചം തരും. നോക്കൂ ഇതിലെ മുടക്കു മുതൽ തമ്മിലുള്ള അന്തരം..!! ഒരു വലിയ ഹോട്ടെൽ വാടകക്കെടുത്ത് നടത്തുന്നതിനേക്കാൽ മെച്ചം നാട്ടിൻപുറത്തു സ്വന്തായൊരു ചായക്കട തട്ടിക്കൂട്ടുന്നതാണ്. 500-1000രൂപാ ദിവസേനയുണ്ടാക്കാം. മിച്ചമൊരു വസ്തുകൂടി എടുത്ത് പള്ളേക്കളയാൻ ഉണ്ടാകില്ല. വലിയ തലവേദനയുമില്ല. വലിയ ഹോട്ടെലാണെങ്കിലോ പത്തിരുപത് പണിക്കാരെ നിയന്ത്രിക്കുക, മിച്ച വരുന്ന ഭാക്ഷണസാധനങ്ങളിൽ നിന്നുള്ള നഷ്ടം, വലിയ വാടക..തുടങ്ങിയവ നമ്മുടെ ഉറക്കം കെടുത്തും. ഞാനുദ്ദേശിച്ചത് ഇത്രേയുള്ളു; കുറഞ്ഞ മുതൽമുടക്കിൽ മികച്ചതും സ്ഥായിയായ വരുമാനമുള്ളതുമായൊരു സ്വയം സംരംഭം കണ്ടു പിടിക്കുക എന്നേയുള്ളു.എൻ ബി:- നിരീക്ഷണങ്ങളും അനുഭവങ്ങളുടേയും വെളിച്ചത്തു നിന്നു കൊണ്ടാണിത്രേം എഴുതിയിരിക്കുന്നത്. തൊടുപുഴ, മുവാറ്റുപുഴ, പാലാ എന്നീ ഇടങ്ങളെ ബേസ് ചെയ്താണു പലകാര്യങ്ങളും പ്രസ്താവിച്ചിട്ടുള്ളത്. കാലാനുസൃതമായ മാറ്റങ്ങൾക്കും ഏരിയ മാറുന്നതിനനുസരിച്ചും ലാഭനഷ്ടങ്ങളിൽ വ്യതിയാനങ്ങൾ ഉണ്ടാകാം. ഒരിക്കലും ഒരിടത്തുമാത്രം മുടക്കാതെ പലയിടത്തായി മുടക്കുക. അപ്പോൾ ലഭിക്കുന്നത് കുറഞ്ഞ വരുമാനമാണെങ്കിൽ പോലും എല്ലാം കൂട്ടികൂടുമ്പോൾ മികച്ച വരുമാനം ലഭിക്കും, അതും കുറഞ്ഞ മുതൽമുടക്കിൽ. ഒന്നിൽ പിഴച്ചാലും മറ്റുള്ളവ നമ്മുടെ ജീവിതത്തെ താളം തെറ്റിക്കാതെ താങ്ങി നിർത്തിക്കൊള്ളും..:)

Tuesday, October 11, 2011

കച്ചവടം

അയാളുടെ ചുണ്ടുകള്‍ പതിവില്ലാത്ത വിധം വിറകൊള്ളുന്നത് ഞാന്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഏതു വിധേനയും ഈ കച്ചവടം നടത്തണമെന്ന് അയാള്‍ പുലമ്പിക്കൊണ്ടേയിരുന്നു. മൂന്നുസെന്റിലെ ഒരു കുഞ്ഞു വീട്. അത്യാവശ്യം സൌകര്യങ്ങളൊക്കെ ഉണ്ടെങ്കിലും അതൊരു ലക്ഷം വീട് കോളനി പോലുള്ള സ്ഥലത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. വീട്ടിലേക്ക് കയറുവാന്‍ ഒരു നടപ്പുവഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് വിറ്റു പോകുവാൻ പാടുള്ളൊരു സ്ഥലമാണെന്നത് എനിക്കറിയാമായിരുന്നു. സഹകരണബാങ്കിൽ നിന്നും ലോണേടുത്ത വകയിൽ അടവിനു ക്ഷീണം പറ്റിയതിനാൽ അടക്കേണ്ടി വരുന്ന ഭീമമായ പലിശ അയാളെ തളർത്തിത്തുടങ്ങിയിരുന്നു. ബാങ്കിൽ നിന്നും വന്നിരുന്ന ജപ്തി നോട്ടീസിലെ അക്ഷരങ്ങൾ അയാളെ നോക്കി പല്ലിളിച്ചു കൊണ്ടിരുന്നിരിക്കണം.


രാവിലെ പല്ലുതേക്കുമ്പോഴാണു ഉറക്കച്ചടവ് മാറാത്ത മുഖവുമായി അയാളെന്നെ കാണുവാൻ വരുന്നത്. തലേ ദിവസം ഞാൻ, അയാളുടെ സ്ഥലം കാണിച്ച പാർട്ടി വാഗ്ദാനം ചെയ്ത ചെറിയ തുകക്കാണെങ്കിലും വിൽക്കാൻ താൻ സന്നദ്ധനാണെന്ന അയാളൂടെ അടിയറവ് കണ്ടപ്പോൾ സത്യത്തിൽ ഉള്ളു നീറി. നിസ്സഹായതോടെയുള്ള അയാളൂടെ വെമ്പലിന്റെ പുറത്ത് അപ്പോൾ തന്നെ പാർട്ടിയെ മൊബൈലിൽ വിളിച്ച് കച്ചവടം ഉറപ്പിക്കുമ്പോൾ, അയാളൂടെ മുഖത്ത് ആയിരം ദീപങ്ങൾ പ്രകാശിച്ചു വരുന്നത് എനിക്കു കാണാമായിരുന്നു. ഹൈവേയിലെ പുതിയ റോഡ് വരുന്നിടത്ത് ആളുകൾ സെന്റിനു പത്തും പതിനഞ്ചും ലക്ഷങ്ങൾ ചോദിക്കുന്നിടത്ത് തന്റെ ഉള്ള കിടപ്പാടം കൂടി നഷ്ടപ്പെടാതിരിക്കാൻ ഏത് താഴ്ന്ന വിലക്കു വിൽക്കാനും തയ്യാറായ ആ മനുഷ്യന്റെ ദയനീയ മുഖം കണ്ടപ്പോൾ എന്റെയും മനസ്സിൽ നിന്ന് ഒരു വിങ്ങലുയർന്നു..

Monday, September 26, 2011

ഒരു വാഗമണ്‍ മീറ്റിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു..

ഒരു വാഗമണ്‍ മീറ്റിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു..


ബ്ലോഗെര്‍/ബസ്സ് സുഹൃത്തുക്കളെ..

ജനുവരിയില്‍ ഒരു വാഗമണ്‍ മീറ്റ് നടത്തുവാന്‍ ആലോചിക്കുന്നു..
10 എ എം നു തൊടുപുഴയില്‍ നിന്നും പുറപ്പെട്ട് വാഗമണ്ണിന്റെ മനോഹരിത ആസ്വദിച്ച് 4 മണിയോടെ തിരിച്ച് തൊടുപുഴയില്‍ എത്തിച്ചേരുന്നൊരു മീറ്റ്..
കുറഞ്ഞത് 50 പേരെങ്കിലും ഉണ്ടാകണം..
ആളൊന്നുക്ക് ചാര്‍ജ് ചെയ്യപ്പെടും..(കൂടേ എത്ര പേരുണ്ടെങ്കിലും ആളൊന്നുക്ക് നിശ്ചിത ചാര്‍ജ് ഈടാക്കപ്പെടൂം)
ഫാമിലി മീറ്റ് ആണു ഉദ്ദേശിക്കുന്നത്..
തീര്‍ച്ചയുണ്ടെങ്കില്‍ മാത്രമേ ഉറപ്പു നല്‍കാവൂ..
മുന്‍ മീറ്റുകളിലെന്ന പോലെ പേരു നല്‍കി സമയത്തിനു സഹകരിക്കാതിരിക്കുന്നത് ഒഴിവാക്കുക..(അഭ്യര്‍ത്ഥന!)
സഹകരണം പ്രതീക്ഷിച്ചു കൊണ്ട്..

ഹരീഷ് തൊടുപുഴ
9447302370

Sunday, August 14, 2011

ഏറ്റവുമധികം മിസ്സ് ചെയ്യുന്നത്..


ഏറ്റവുമധികം മിസ്സ് ചെയ്യുന്നതെന്തായിരിക്കും..?
മനസ്സിനോടു സ്വയം ചോദിച്ചു..
മനസ്സിന്റെ ഉത്തരം ശ്രവിച്ചാൽ ; ഞാൻ മാത്രമല്ല മറ്റേതൊരാളും എന്നിലുണരുന്ന ഭ്രാന്ത ചിന്തകൾ എന്നു മുദ്രകുത്തുവാനേ ശ്രമിക്കൂ..!
പക്ഷേ സംഭവം സത്യമാണ്..
എനിക്കേറ്റവും മിസ്സ് ചെയ്യുന്നത്..
ഏറ്റുമാനൂർ മാതാ ഹോസ്പിറ്റലിലെ രണ്ട് ബ്ലോക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നാം നിലയിലെ വീതി കൂടിയതും വായുവിൽ പൊങ്ങിക്കിടക്കുന്നതുമായ നീണ്ട ഫ്ലൈഓവറാണ്..!
കഴിഞ്ഞ തവണ ചെല്ലുമ്പോഴവിടെ അഞ്ചു പത്ത് പുതിയ കസാലകൾ ഇടം പിടിച്ചിട്ടുണ്ടായിരുന്നു..
രാത്രികളിൽ ഞാനവിടെ വിശ്രമിക്കുവാൻ ഇട്ടിരിക്കുന്ന കസേരകളിലൊന്നിൽ ഇടം പിടിക്കും..
മിക്കവാറും ഞാൻ തനിച്ചേ ഉണ്ടാകൂ..
ചിലപ്പോൾ എല്ലാ കസേരകളൂം നിറഞ്ഞിരിക്കും..
ഓരോ കസേരകളിലും വിശ്രമിക്കുന്നവർക്ക് ഓരോ കഥകൾ പറയാനുണ്ടാകും..
ചില രാത്രികളെത്ര വൈകിയാലും; ഉറക്കമനുഗ്രഹിക്കാത്ത തങ്ങളൂടെ കുഞ്ഞുങ്ങളെയും തോളിലിട്ട് ഉറക്കുപാട്ടും മൂളിക്കൊണ്ട് തന്റെ നിസ്സഹായവസ്ഥകളിൽ മനംനൊന്ത് സ്വയം പ്രാകി ചില അമ്മമാർ ഉലാത്തുന്നുണ്ടാകും..
മറ്റു ചിലപ്പോൾ; തന്റെ ഇണയുടെ തോളത്ത് കൈ ചേർത്തു പിടിച്ച് തന്നിലേക്കടുപ്പിച്ച് കിന്നാരം പറഞ്ഞിരിക്കുന്ന യുവമിഥുനങ്ങളെ കാണാം..
അവരുടെ; അടക്കാനും ഒളിപ്പിക്കാനും സാധിക്കാത്ത, ആഗ്രഹപൂർത്തീകരണത്തിനു അറുതി വരാത്തതുമായ പ്രേമചേഷ്ടകൾ കാണാം..
ഐ സി യു വിൽ കിടക്കുന്ന രോഗികളുടെ കൂടെ വന്ന് റൂം കിട്ടാതെ അലയുന്ന ഏകാന്തപഥികരെ കാണാം..
ഏറ്റവുമധികം വെറൈറ്റിയിലുള്ള കഥകൾ വിവരിക്കാനുള്ളത് അവർക്കാകും..!
ഔത്സുകത്തോടേ വീക്ഷിക്കുവാൻ തോന്നുന്ന ചില അപ്പൂപ്പനമ്മൂമ്മന്മാരെ കാണാം..
അവരിലൊരാൾ; ‘ശങ്കരാ... ‘ തുടങ്ങുന്ന ശങ്കരാഭരണത്തിലെ ആ പ്രസിദ്ധമായ ഗാനം മൂളി തന്റെ പേരക്കുട്ടിയെ ഉറക്കാൻ ശ്രമിക്കുന്ന സരസനും സൌമ്യനുമായയൊരു വൃദ്ധൻ..
എത്രയോ മധുരമായി അദ്ദേഹം ആലപിക്കുന്നു..
കാതുകൂർപ്പിച്ച് ഞാനദ്ദേഹത്തിനു ശ്രദ്ധ കൊടുക്കും..
പൊടി കുഞ്ഞിനെ ഉറക്കുവാനദ്ദേഹം കാണിക്കുന്ന ചിലപൊടിക്കൈകൾ..!
ഒരു സ്ഥലക്കച്ചവടമെങ്ങനെ വിജയകരമാക്കാം എന്ന വിഷയത്തിൽ വാചാലമായി ക്ലാസെടുക്കുന്ന വാദ്ധ്യാരു കൂടിയായ പാലാക്കാരൻ ബ്രോക്കെർ..
എന്തിനു ഏതിനും സംശയനിവാരണം നടത്തുവാനോടി പാഞ്ഞു നടക്കുന്നൊരു പാവം ചേടത്തിയാര്..
പാവപ്പെട്ടവരും പണക്കാരുമടങ്ങുന്നൊരു ലോകം..
നാനാതര മതസ്ഥരും ജാതിഭേദമില്ലാതെ..
ആ നീണ്ട ഇടനാഴിയിൽ തമ്മിൽ സഹായിച്ചും, കുശലപ്രശ്നങ്ങളിൽ ഊളിയിട്ടും..മറ്റും
എപ്പോഴും ഒരു തണുത്ത കാറ്റുണ്ടാകും ആ ഇടനാഴിയിൽ..
വിശാലതയോടെ പരന്നു കിടക്കുന്ന പടിഞ്ഞാറു നിന്നു വരുന്ന ഇളംകാറ്റ് ഇടനാഴിയിലൂടെ കിഴക്കു ഭാഗത്ത് തലവിരിച്ചു നിൽക്കുന്ന റബ്ബെർ മരങ്ങൾക്കിടയിലേക്ക് ഊളിയിടും..
മഴയുള്ള സമയമെങ്കിൽ വിറപ്പിക്കുന്ന ശീതകാറ്റാകും പാഞ്ഞു വരിക..
മഴയുള്ളസമയത്ത് ആ ഇടനാഴിയിൽ ഞാൻ തനിച്ചേ ഉണ്ടാകൂ..
നീല എം എച്ചിന്റെ ചാരുതയിൽ നീലവർണ്ണമായി താഴോട്ടുതിരുന്ന മഴത്തുള്ളികളെയും നോക്കി ആസ്വദിച്ച് ഞാനിരിക്കും..
റോഡീലൂടെയൊഴുകുന്ന അടുത്ത വാഹനം കാഷ്വാലിറ്റിയെ ലക്ഷ്യമാക്കിയായാണൊ വരുന്നതെന്നും നോക്കി..
അപ്പോൾ എന്റെ ചെവികളൂടെ പാർശ്വഭാഗങ്ങളിലൂടെ തണുത്ത മാരുതൻ ചൂളം വിളിച്ച് പറന്നു പോകുന്നുണ്ടാകും..
തണുത്തുറഞ്ഞ മഴനീർക്കണങ്ങൾ എന്റെ വദനത്തെയും ആഞ്ഞു പുണരാനാരംഭിക്കും..
എന്റെ മനസ്സിനേറ്റവും ശാന്തത അനുഭവപ്പെട്ടിട്ടുള്ള ചുരുക്കം ചിലസമയങ്ങളിലൊന്നാകും; ഈ ഇടനാഴിയിലെ ജീവിതനിമിഷങ്ങൾ..
അതു കൊണ്ടാകും..
ഇപ്പോൾ ഏറ്റവുമധികം മിസ്സ് ചെയ്യുന്നതും..!!

(മൂന്നാമത്തെ നിലയിലെ ഇടനാഴിയിൽ നിന്നും നോക്കുമ്പോൾ കാണുന്ന പടിഞ്ഞാറുള്ള ദൃശ്യമാണു മുകളിലെ ചിത്രത്തിൽ കാണുന്നത്)
Sunday, August 07, 2011

ലുക്കില്ലെങ്കിൽ ഹെൽമെറ്റ് വെച്ചാലും പോലീസ് പിടിക്കും..!

ലുക്കില്ലെങ്കിൽ ഹെൽമെറ്റ് വെച്ചാലും പോലീസ് പിടിക്കും..!

രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേൽ‌പ്പിച്ചത് വീടിനു പുറത്തു നിന്നും ‘മീൻ വേണോ ഹരീഷേട്ടാ’ എന്നുള്ള സുജിത്തിന്റെ നിലവിളിയാണ്. സുജിത് നമ്മടെ സ്വന്തം പയ്യനാ. ജീവിക്കാൻ വേണ്ടി ഈ കർക്കിടത്തിൽ സ്വന്തം ആപ്പെയിൽ മീങ്കച്ചോടം വരെ ചെയ്യുന്നു. ഞായറാഴ്ചയെങ്കിലും ഇത്തിരി നേരം ഉറങ്ങിത്തീർക്കാം എന്നു വിചാരിച്ചത് പൊലിഞ്ഞു പോയ ദു:ഖത്തിൽ നേരെ വന്ന് പിസിയുടേ മുൻപിൽ ഇരുന്നു. ഇപ്പോൾ പല സശയങ്ങൾക്കും അറുതി വരുത്തുവാൻ പ്രാപിക്കുന്നത് ബസ്സിനെയാണ്. പതിവു പോലെ ഇന്നത്തെ സംശയമായ ‘റൂം ടെമ്പറേച്ചർ’ ഉയർത്തുവാനുള്ള വഴികൾ ആരാഞ്ഞതിനു കിട്ടിയ മറുപടി പ്രകാരം; ഉറങ്ങിയെഴുന്നേറ്റു വന്ന വേഷത്തിൽ തന്നെ പൈസയുമെടുത്ത് പോക്കെറ്റിൽ തിരുകി ബൈക്ക് സ്റ്റാർട്ടാക്കി ടൌൺ ലക്ഷ്യമാക്കി ഓടിച്ചു പോയി. കവലയിൽ നിന്ന് സഹപാഠിയും പാതി വികലാംഗനുമായ സുഹൃത്ത് സജിയെയും ബൈക്കിനു പുറകിലത്തെ സീറ്റിലാക്കി ചാറ്റൽമഴയുമാസ്വദിച്ച് ടൌണിനെ ലക്ഷ്യമാക്കി ബൈക്ക് കുതിപ്പിച്ചു വിട്ടു.


ഞായറാഴ്ചകളിൽ തൊടുപുഴ പട്ടണം വിജനമായിരിക്കും. എങ്കിലും പ്രതീക്ഷകളാണല്ലോ ജീവിതത്തെ ഉന്തിത്തള്ളി മുൻപോട്ട് നീക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. അരിച്ചു പെറുക്കാവുന്നത്ര ഹോം അപ്ലൈയൻസ്സസ് കടകൾ തപ്പി നോക്കിയെങ്കിലും ഒന്നും തുറന്നിട്ടുണ്ടായിരുന്നില്ല. ആഹാ.. എന്നാലങ്ങനെ വിട്ടാൽ ശരിയാകില്ലല്ലോ എന്നും വിചാരിച്ച്; മുവാറ്റുപുഴയിലൊന്നു തപ്പി നോക്കാം, അവിടെയുള്ള കടക്കാരെല്ലാം അച്ചായന്മാരല്ലല്ലോ എന്നും നിനച്ച് സഹോദരടൌണിനെ ലക്ഷ്യമാക്കി ബൈക്കിനെ പായിച്ചു. കുറച്ച് നിമിഷങ്ങൾക്കകം മുവാറ്റുപുഴയിലെത്തിയെങ്കിലും ഫലം തഥൈവ തന്നെയായിരുന്നു. നടുറോഡിലെ തോടിന്റെ അരികുപറ്റി നീന്തി നീന്തി കച്ചേരിത്താഴമെത്തിയപ്പോഴാണ് ഇടത്തേ സൈഡിൽ ഒരു പുതിയ ഷോപ്പ് കാണുന്നതും, ഞാൻ ബൈക്ക് വെട്ടിച്ച് ആ ഷോപ്പിന്റെ മുൻപിലോട്ട് ലാന്റ് ചെയ്യിക്കുകയും ചെയ്തു. പക്ഷേ അവിടെയും നിരാശയായിരുന്നു ഫലം. വീണ്ടും ബൈക്ക് സ്റ്റാർട്ടു ചെയ്ത്; ഇരുകരകളെയും വിഴുങ്ങി അലറിക്കുതിച്ചൊഴുകിപ്പായുന്ന മുവാറ്റുപുഴയാറിന്റെ ബീഭൽത്സരൂപത്തെ ഭീതിയോടേ വീക്ഷിച്ച് കൊണ്ട് പാലം കടന്ന് നെഹൃ പാർക്കിന്റെ മുൻപിലെത്തിയപ്പോൾ റൌണ്ടിന്റെ മുൻപിൽ ഒരു പോലീസു ജീപ്പുമിട്ട് ചെക്കിങ്ങ്. എന്തിരു പേടിക്കാൻ. തലയിൽ ഹെൽമെറ്റുണ്ട്. പോക്കെറ്റിൽ ബുക്കും പേപ്പെറുമുണ്ട്. ധൈര്യമായി വാഹനത്തെ മുന്നോട്ട് തന്നെ പായിച്ചു. പെട്ടന്നൊരു പോലീസുകാരൻ മറുവശത്ത് നിന്ന് ചിരിച്ചുകൊണ്ട് കൈകാട്ടി നിർത്തുവാൻ അടയാളം കാട്ടി. ശെടാ..! ഇതെന്തിനാപ്പോ, എന്നും വിചാരിച്ച് ഞാൻ റോഡിന്റെ ഓരത്തോട്ട് മാറ്റി ബൈക്ക് നിർത്തി; എന്താ സാറേ എന്ന് ചേദിച്ചു. അതിയാൻ എന്റടുത്ത് വന്നു നിന്ന് സ്നേഹത്തിൽ ചിരിച്ചും കൊണ്ട്
‘എവിടെന്നാ വരണത്’
‘തൊടുപുഴേന്ന്’
‘എന്തിനാ ഇവിടെ വന്നേ..?’
‘ഒരു റൂം ഹീറ്ററു വാങ്ങാനാ സാറേ.’
സംഭവം കക്ഷിക്ക് പിടികിട്ടിയില്ല എങ്കിലും; പുള്ളിയുടെ ശിരസ്സ് ഓരോ ചോദ്യങ്ങൾ ഉന്നയിക്കുമ്പോഴും എന്റെ മൌത്ത്പീസിന്റടുത്തോട്ട് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരുന്നു. പതിവില്ലാത്ത ചോദ്യങ്ങൾ അതും സ്നേഹനിർഭരമായി ഉന്നയിച്ചപ്പൊൽ ഞാനാദ്യമോർത്തത്; ആരെങ്കിലും ഞങ്ങളെപ്പോലെയിരിക്കുന്നവന്മാർ വല്ല മാല മോട്ടിച്ചതോ മറ്റോ ആയത് മറ്റോ സംശയം തോന്നി ചെക്കിങ്ങോ മറ്റോ ആയിരിക്കുമെന്നാണു. അതിയാന്റെ ശിരസ്സിന്റെ വരവ് ഓരോ ചോദ്യത്തിനനുസരിച്ച് താഴുന്നത് കണ്ടപ്പോൾ പ്രസ്തുത സംശയമൊക്കെ മാറി കിട്ടി; അടുത്ത ചോദ്യത്തോടേ. അതോ മണത്തിട്ട് കിട്ടാത്തതുകൊണ്ടാണൊ ആവോ..!!
വിനയത്തോടേ അദ്ദേഹം..
‘നിങ്ങളു കഴിച്ചിട്ടില്ലാലോ അല്ലേ..; എനിക്ക് മണമൊന്നും കിട്ടുന്നില്ല..’
!!!!!!!!!!!!!!!!
ഹഹഹഹാ...ഞങ്ങളൊരുമിച്ച് ചിരിച്ചു.. പോലീസുകാരന്റേത് ഇത്തിരി ചമ്മിയതായിരുന്നു..
(ഭാഗ്യം അയാളൂടെ അവസ്ഥ ഞങ്ങൾക്ക് വരാതിരുന്നത്!!)
എന്റെ പൊന്നു സാറെ; ഞങ്ങളു രണ്ട് ദിവസമായി കഴിച്ചിട്ടില്ല..
വേണേങ്കീ പോയി ആ ഊതണ സാധനോം എടുത്തിട്ട് വാ.. എന്നിട്ട് നോക്കിക്കോ..
ഏയ് വേണ്ട..വേണ്ടാ എന്നും പറഞ്ഞ് പോലീസുകാരനും ചിരിച്ചു.. എന്നിട്ട് പൊയ്ക്കോളാൻ അനുമതി നൽകുകയും ചെയ്തു.
അതിനിടക്ക് നമ്മുടെ സുഹൃത്തിന്റെ വക ഒരു ചോദ്യം തിരിച്ച് പോലീസുകാരനോട്..
‘സാറേ; ഞങ്ങൾക്ക് ഹെൽമെറ്റുണ്ട് ബുക്കും പേപ്പെറൂമുണ്ട് പിന്നെന്തിനാ തടഞ്ഞു നിർത്തീത്..??’
‘അതോ..ഹിഹി നിങ്ങൾക്കൊരു ലുക്കില്ലാത്തതു കൊണ്ടാ..’
ബർമുഡയിട്ട് ടാജിൽ കയറിച്ചെന്ന അലവലാതിയെ കണ്ട് സലൂട്ടടിച്ച് ഉള്ളിലോട്ടാനയിച്ച സെക്യുരിറ്റിക്കാരനെ ഓർത്ത് ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു..!!!

Thursday, August 04, 2011

തൊടുപുഴ മീറ്റിലെ ചില അനർഘനിമിഷങ്ങൾ..!

തൊടുപുഴ മീറ്റിലെ ചില അനർഘനിമിഷങ്ങളിലേക്ക് സ്വാഗതം..
മീറ്റിലെ ചില രസകരമായ അനുഭവങ്ങളാണിതിന്റെ ആധാരം..!
പലരുമായി അത്ര പരിചയമില്ലാതിരുന്നതിനാൽ; ഞാനെഴുതുന്ന തമാശകൾ ഉൾകൊള്ളുന്നതിൽ പരിഭവമുണ്ടെങ്കിൽ, സീരിയസ്സായി എടുക്കാതെ ക്ഷമിക്കുമെന്ന് താല്പര്യപ്പെടുന്നു..

# കാലത്തേ 5 മണിക്കൊരു ഒരു ചങ്ങാതി..
“മാഷേ ഇവിടെ ഭയങ്കര മഴയാ.. മഴക്കോട്ടെടുത്തിട്ടില്ല.. തിരൂരു വരെ എത്തണം.. ഞാനെന്താ ചെയ്യുക..!“

ഹോ.. ഇതിയാന്റെയൊക്കെ ഒരു കാര്യം.. കക്കൂസിൽ കയറുമ്പോഴും കുളിക്കുമ്പോഴും സംശയദൂരീകരണവുമായി നടക്കുന്ന പാർട്ടികളാ..!! മടുത്തു ഞാൻ..!!

കുറച്ചു നേരം കഴിഞ്ഞ് പിന്നേം..

“മാഷേ.. ഇവിടെ നല്ല മഴയാ.. എനിക്ക് ട്രെയിനിൽ കേറിയാ പരിചയം.. ബസ്സെനിക്ക് അരോചകമാ..“
എന്റെ ചങ്ങാതീ.. ഈ കൊച്ചു വെളുപ്പാൻ കാലത്തിനി എന്റെ നാട്ടിൽക്കൂടി ട്രെയിൻ ഓടിപ്പിക്കാൻ പറ്റുവോ..! നിങ്ങളെങ്ങനെയെങ്കിലും ഒരു ആനവണ്ടി പിടിച്ചു വാ അപ്പാ..!# ആരൊക്കെ ഇതുവരെ എത്തിച്ചേർന്നു എന്നെന്റെ ചോദ്യത്തിനുത്തരമായി ആരോ എന്റെ ചെവിയിൽ വന്ന് സ്വകാര്യം പോലെ പറഞ്ഞു;
“ഒരു ഐസുകട്ടയും ഐസ്തുള്ളിയും മുകളിരിപ്പുണ്ട്..”

ഹോ..! അതാരണാപ്പാ എന്നും നിരൂപിച്ച് ഹാളിനു മുകളിൽ എത്തിയപ്പോൾ..ദാണ്ട് അവിടെ നിൽക്കുന്നു സാരിയുടുത്തും ചുരിദാറിട്ടും ഓരോരോ ചേച്ചിമാർ..!

സത്യമായും സാരിയുടുത്ത ചേച്ചിയാകും ബ്ലോഗെർ എന്നാണ് മീറ്റ് തുടങ്ങുന്ന വരെ ഞാൻ വിചാരിച്ചത് കെട്ടോ..!

പിന്നല്ലേ മനസ്സിലായത് ആ അമ്മയുടെ മോളായ ചുരിദാറിട്ട കുട്ടിയാണു ഐസ് തുള്ളിയെന്നും..ബ്ലോഗെറെന്നുമൊക്കെ..!!
# ഞാൻ മുകളിൽ സ്റ്റെപ്പിന്റെ അടുത്ത് ആരെയോ കാത്ത് നിൽക്കുകയായിരുന്നു.. അപ്പോഴതാ ഒരു ചെക്കൻ സ്റ്റെപ്പോടിക്കയറി മുകളിൽ കയറി വന്നെന്റെ മുൻപിൽ നിന്ന് ഒരു ചോദ്യം.. “ഹരീഷേട്ടനെന്നെ മനസ്സിലായോ..”
ശെടാ..!! ആകെപ്പാടെ തലക്കു മുഴുവൻ തിരക്കോട് തിരക്കാ.. അതിനിടക്കാ ഒരുവൻ പദപ്രശ്നം പൂരിപ്പിക്കാൻ വന്നീരിക്കണത്..!
ഞാനെന്റെ സർവ്വശക്തി മുഴുവനുമെടുത്ത് ഓർമിക്കാൻ തുടങ്ങി..; എന്നിട്ടു പറഞ്ഞു..

“അബിത്.. അല്ലേ”

“അല്ലാ..”

പിന്നെയാരാണവോ.. ഈ സമയമില്ലാത്ത നേരത്ത് പിന്നേം.. ഈ ചെക്കനതൊന്ന് പറഞ്ഞു തുലച്ചാലെന്താ..!!

പിന്നേം.. ഓർമ്മകളെ സോപ്പിട്ട് കഴുകുവാൻ തുടങ്ങി..

“...........”

“അല്ലാ..”
“..............ൻ”

“ങ്ഹാ..! അതു തന്നെ!!“
ചെക്കനും സന്തോയം.. എനിക്കും സന്തോയം.. ആ സന്തോയത്തിന്റെ പുറത്ത് കൈ നീട്ടി ഒരടി ചുമലിൽ വെച്ചങ്ങു താങ്ങി..!! പിന്നെയവൻ മീറ്റി തീരുന്ന വരെ എന്റെ കണ്മുൻപിലേക്കേ വന്നിട്ടില്ല...:(:(# റെജിസ്ട്രേഷൻ കൌണ്ടറിനു മുൻപിൽ ഇരിക്കുമ്പോഴാണ് ഒരു പ്രമുഖ സ്ത്രീ ബ്ലോഗെർ ഓടി വന്നെന്റെ അടുത്തു വന്ന് ചെവിയിൽ സ്വകാര്യം പോലെ..
“ഹരീഷ് സ്ത്രീ വിരോധിയോ മറ്റോ ആണോ..??”

ഒരു നിമിഷം ഞാൻ ഞെട്ടി പിന്നെ അലറി; അയ്യോ.. അതെന്താ ചേച്ചീ അങ്ങിനെ ചോദിച്ചത്..??
“ഇവിടെന്താ പുരുഷന്മാർക്ക് മാത്രം മൂത്രമൊഴിച്ചാൽ മതിയോ?, സ്ത്രീകൾക്ക് പ്രത്യേകം മൂത്രപ്പുരയില്ലേ??”
ഹോ..! സമാധാനമായി.. പുരുഷന്മാരുടെ മൂത്രപ്പുര വെളിയിൽ നിന്നേ ദർശനമുള്ളതാണ്.. സ്ത്രീകളൂടേത് ഇത്തിരി അകത്തുമാണ്.. അതാണു ചേച്ചിക്ക് കാണാൻ പറ്റാതെ പോയത്..
“ലോ..അവിടെ”
ചൂണ്ടിക്കാണിച്ചു കൊടുത്തപ്പോൾ.. എനിക്കും സമാധാനം..ചേച്ചിക്കും സമാധാനം..!# ഇടക്ക് ജോയുടെ വക ഉപദേശം.. ഹരീഷിങ്ങനെ കറങ്ങിയടിച്ച് നടക്കാതെ വേഗം ചെന്ന് പരിചയപ്പെടുത്തുവാൻ നോക്ക്..
ആഹാ.. എന്നാലങ്ങിനെയാകട്ടെ എന്നും കരുതി ഞാനെന്റെ പുതിയ ഡേ-നൈറ്റ് ഗ്ലാസൊക്കെ ഫിറ്റും ചെയ്ത്, എന്റെ ഊഴവും കാത്ത് വാഴയുടെ പുറകിൽ നിപ്പായി..

അപ്പോഴതാ സദസ്സിലിരുന്നൊരു ചുള്ളൻ തന്റെ ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റ് എന്റെയരുകിൽ വന്ന് കാതിലൊരു സ്വകാര്യം..!!

“മാഷേ.. ആ കണ്ണടയൊന്ന് ഊരി വെക്ക്.. ഭയങ്കര ബോറാ..!!“
എന്റെ സപ്തനാടികളും ഒരു നിമിഷം തളർന്നു പോയി..
ഇളിഭ്യനായി ഞാൻ തിരിഞ്ഞു നടന്ന്.. സ്റ്റേജിന്റെ ഉള്ളിലിരുന്ന കാമെറാ ബോക്സിലേക്കെന്റെ പ്രിയപ്പെട്ട കണ്ണട ഒളിപ്പിച്ചു വെച്ചു..
കശ്മലൻ..!!
എന്റെ ഗ്ലാമറിൽ അസൂയ മൂത്താകണം ഇങ്ങിനെയൊരു ഉപദേശം..!!# വേദവ്യാസൻ സ്വപത്നിയുമായാണു മീറ്റിനു സന്നിഹിതനായിരുന്നത്..
എവിടെ എന്ത് ഓണമുണ്ടേലും ഒരു പശ പോലെ ആ കുട്ടിയേയും എപ്പോഴും കാണാം..

പതിവു പോലെ കുശലാന്വോഷണങ്ങൾക്കിടയിൽ.. ഞാൻ ആ കുട്ടിയോടു പറഞ്ഞു:..

“കഴിഞ്ഞ തവണ കണ്ടപ്പോൾ ഞാൻ എടുത്ത നിങ്ങടെ രണ്ടു പേരുടെയും ഫോട്ടോയാണു ഈ വ്യാസൻ കുട്ടിക്ക് ഒന്നാം വാർഷികത്തിനു സമ്മാനമായി നൽകിയത്.. ഇത്തവണ അങ്ങിനെ എടുത്ത് തരണമെങ്കിൽ എനിക്കു ചിലവു തരേണ്ടി വരും..”

എന്താകും ആ ചിലവ്..!! ചോദ്യരൂപേണ കുട്ടിയെന്റെ നേരെ നോക്കി..

“ഒരു പൈന്റെങ്കിലും വാങ്ങിത്തരാൻ പറയണം.. ഈ പിശുക്കനായ ഭർത്താവിനോട്..!

രണ്ടും വായും പൊളിച്ച് നിക്കണ സമയം കൊണ്ട് ഞാൻ സ്ഥലം കാലിയാക്കി..

ആ കുട്ടി വിചാരിച്ചു കാണും..
“ഇതിയാനെന്തൊരു മനുഷ്യനാണപ്പാ..” എന്ന്..!!!# ഇടക്ക് കുറച്ചു സമയം ഗാപ്പ് കിട്ടിയപ്പോൾ മഴ ആസ്വദിക്കുവാൻ വേണ്ടി പുണ്യാളനും ഞാനും വെളിയിലേക്കിറങ്ങി.. എന്റെ രണ്ട് ഫ്രെണ്ട്സും കൂടെ ഉണ്ടായിരുന്നു.. ആരെയും കൈയ്യും കൊടുത്ത് ഹെഡ് ചെയ്തു പരിചയപ്പെടുക എന്നത് പുണ്യാളന്റെ ഒരു ഹോബിയാണു.. പതിവു പോലെ എന്റെ ഫ്രെണ്ടായ ജോർജേട്ടനു ഷേക്ക് ഹാൻഡ് കൊടുത്ത് പുണ്യാളൻ പരിചയപ്പെട്ടു..
“ഞാൻ പുണ്യാളൻ..”
ജോർജേട്ടൻ അന്തം വിട്ട് എന്റെ നേരെ നോക്കി..
ആ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ച ഞാൻ കാര്യങ്ങൾ ഇങ്ങിനെ വ്യക്തമാക്കി..
“അദ്ദേഹം എപ്പോഴും പുണ്യ പ്രവൃത്തികൾ മാത്രമേ ചെയ്യാറുള്ളൂ.. അതുകൊണ്ടാണദ്ദേഹത്തെ എല്ലാരും പുണ്യാളൻ, പുണ്യാളൻ വന്നേ, പുണ്യാളൻ പോണേ ന്നൊക്കെ അഭിസംബോധന ചെയ്യുന്നത്..”
ഹോ.. ജോർജേട്ടൻ ഹാപ്പി..!!# ഉച്ചക്ക് ഒരു മണി കഴിഞ്ഞ് കാൽ മണിക്കൂറായി.. ബിരിയാണിയുമായി വീട്ടിൽ നിന്നും പുറപ്പെട്ടിട്ടുണ്ടെന്ന് മെസേജ് കിട്ടിക്കൊണ്ടിരിക്കുന്നു.. വെളിയിൽ നല്ല മഴയും.. പതിവു പോലെ ഗ്രൂപ്പ് ഫോട്ടോ എടുത്തതിനു ശേഷം, ഒന്നരയാകുമ്പോഴേക്കും ഫുഡ് കൊടുക്കാം.. എന്നിങ്ങനെ ചിന്തിച്ച് സ്റ്റേജിൽ കുത്തിയിരിക്കുമ്പോൾ.. ഒരു ചേട്ടൻ ഓടി വന്നെന്റെ ചെവിയിൽ സ്വകാര്യത്തോടേ.. “ഹരീഷേ..ഷേ..ഷേ..ഷേ..; എനിക്ക് വെശക്കുന്നുണ്ട് കെട്ടോ...”
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ഒരു നിമിഷം സ്തബ്ധനായി..
പിന്നെ സംയമനം വീണ്ടെടുത്ത് ക്ഷക്ഷിയോട് മതിയായ താഴ്മയോടേ മൊഴിഞ്ഞു..

“ചേട്ടാ..ട്ടാ..ട്ടാ.., ഒരു പതിനഞ്ച് നിമിഷം.. പ്പോ വരും.. പ്ലീസ്..”

അതു കേട്ടതും കക്ഷി തിരിഞ്ഞു നടന്നു..
അപ്പോഴാണെന്റെ ശ്വാസം നേരെ വീണത്..
വിശപ്പ് വല്ലാത്തൊരു സംഭവമാണ്.. അതു പിടിച്ചു നിർത്തുക എന്നത് ബാലികേറാ മലയും..

എന്റെ ഭാഗ്യം.. ആ ചേട്ടൻ എന്നെപ്പിടിച്ചു തിന്നാഞ്ഞത്..!!
# ബിരിയാണി വന്നു; വിളമ്പാൻ തുടങ്ങി.. അപ്പോഴതാ പുറകിൽ നിന്നൊരനക്കം..!
ശെടാ..! മുൻപിൽ വരി വരിയായി നിൽക്കുന്ന ആൾക്കാർക്കല്ലേ ആദ്യം കൊടുക്കേണ്ടത്..

അതിനിടയിൽ ഒരുത്തൻ പുറകീക്കോടേ ഇടിച്ചു കയറി വന്നിരിക്കുന്നു..!!

ആളെയൊന്നു നോക്കി..
കക്ഷീടെ കൈയ്യിൽ പ്ലേറ്റിൽ നിറയെ ചോറൂണ്ട്..
ചിക്കെനു വേണ്ടിയുള്ള നിൽ‌പ്പാണ്..!!

രണ്ട് ചിക്കെൻ പീസ് ഒരുമിച്ചു തിന്നാൻ ശേഷിയില്ല..പാവം!

എന്നാലും ആ പൂതിയേ..!!

അപ്പോഴേ 3 പീസെടൂത്ത് അവന്റെ പ്ലേറ്റൊലോട്ടെടുത്ത് തട്ടി..
പോയിരുന്ന് മൂക്കും മുട്ടെ കഴിക്കുവാൻ ആഹ്വാനം ചെയ്തു..!

ആശ്വാസത്തോടേയുള്ള ആ നോട്ടമൊന്നു കാണണമായിരുന്നു..
എന്നാലും നീയൊക്കെ നമ്മളോടൊന്നു മിണ്ടാണ്ട് കടന്നു കളഞ്ഞല്ലോടാ പഹയാ..!!!
# സ്ഥിരം സസ്യാഹാരിയായൊരു കൂട്ടുകാരനുണ്ട് നമുക്ക് ബ്ലോഗിൽ..
ഇത്തവണയും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഈ ബ്ലോഗ്മീറ്റിനെ ധന്യമാക്കിയിരുന്നു..

അദ്ദേഹവും ക്യൂവിന്റെ ഒന്നാം സ്ഥനത്ത് തന്നെ ഇടം പിടിച്ചിട്ടുണ്ടായിരുന്നു..
കൈയ്യിൽ നീട്ടിപ്പിടിച്ച ഒരു പ്ലേറ്റ് റൈസുമായി..

അദ്ദേഹത്തിനു ചിക്കെൻ വിളമ്പാൻ തുടങ്ങിയ നിമിഷം.. ഞാൻ വിലക്കി
.
അതു കേട്ട് നമ്മുടെ കക്ഷി ഒരു ഇളിഭ്യച്ചിരിയോടേ.. വിളമ്പിക്കോ അണ്ണാ.. നോ പ്രോബ്ലെം !
നീ പ്യുഅർ വെജ് അല്ലേ.. നീ കഴിക്കണ്ടാ..
ചിട്ടകളൊന്നും മുടക്കണ്ടാ.. എന്ന് അയാളെ ഉപദേശിച്ച നേരം.. ടി.യാന്റെ കോപത്തോടെയുള്ള നോട്ടം ഇപ്പോഴും മറക്കില്ല മക്കളേ...!!
“ഇങ്ങോട്ടിടേന്റെ മനുശേനേ.. ഞാനുമീ ചിക്കനൊക്കെ തിന്നാൻ തൊടങ്ങി..” !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഞാനും വായും പൊളീച്ച് കുറച്ചു നേരം നോക്കി നിന്നു..
ആളോൾക്കു വരുന്നൊരോരോ മാറ്റമേ...!!


ഇനി കുറച്ച് ചിത്രവിശേഷങ്ങളാകാം..!

സജിം & പാവത്താൻ


നയന, സ്വപ്ന, ദേവൻ & യൂസഫ്പാ


ഇതാണു ഞങ്ങ പറഞ്ഞ പാക്കരൻ..!
പാക്കരന്റെ കൂടേ ജോ..


ഞാനും പാക്കുവും..


മത്തായി, നല്ലി, പാക്കു, ഞാൻ, ദേവൻ, നയന, സ്വപ്ന,നിശി & ജിക്കു..


പുണ്യാളനും നന്ദുവും..


ഇദ്ദേഹത്തിന്റെ മസ്സിലു പിടുത്തം കണ്ടാൽ സ്കൂളിലു ഡ്രിൽ മാഷാന്നേ ആരും വിചാരിക്കൂ..; പക്ഷേ ഇംഗ്ലീഷ് മാഷാട്ടോ..


ഞാനും ലതിച്ചേച്ചിയും..


നമ്മടെ എതിർപാർട്ടിക്കാരനാ... കൂടെ നിന്നൊരു ഫോട്ടോയെടുത്തോട്ടെയെന്ന്..ഹും


സ്വപ്നയും ഇമ്പ്രുവും..


യൂസഫ്പാ, ദിമിത്രോവ്, ഒടിയൻ, മനോരാജ്, പാവത്താൻ, ഞാൻ, അലെക്സാണ്ടെർ & ജോ..


സപ്തന്റെ കൂടേ..


ഇവന്റെ ചിരി കണ്ടാൽ രണ്ടെണ്ണം അടിച്ചിട്ടാ നിൽക്കുന്നേയെന്നല്ലേ ആരും പറയൂ.. !!! എനിക്കിട്ട് പുണ്യാളന്റെ കമന്റ്..


വരാൻ കഴിയാത്തവർ 29 നു മുൻപ് പറയണമേ എന്ന് ഞാൻ പോസ്റ്റിട്ടപ്പോൾ..
വരാൻ സാധിക്കില്ല എന്ന് പറഞ്ഞിരുന്നു യൂസഫ്ക്കാ..
ഈ മനുഷ്യന്റെ അസാന്നിദ്ധ്യം വലിയൊരു ഫീലിങ്ങ്സായി എന്റെ മനസ്സിൽ ഉണ്ടായിരുന്നു..
പക്ഷേ രാവിലെ കണ്ടു മുട്ടിയപ്പോൾ മനം കുളിർത്തു..!


ഞാനും സപ്തനും..


പോസ്..!


നിശിക്കുട്ടീ..


ഫിറൊസും ലതിച്ചേച്ചിയും..


എപ്പോ നോക്കിയാലും അതിയാന്റെ കൂടെ 2 കാര്യം കാണും..
ഒന്ന് സിഗറെറ്റ്..പിന്നെ ദോണ്ട് മോളീൽ കാണണ സൂത്രം..


വാഴയും ദേവനും..


മീറ്റിനു രാവിലെ 5 മണിക്ക് വീട്ടിലെത്തിയ കക്ഷി.. അരുൺ


ഹനീഷ്, അലെക്സാണ്ടെർ, അരുൺ & ദേവൻ..


നാട്ടുകാർ..

Tuesday, August 02, 2011

തൊടുപുഴ മീറ്റ് 2011

പങ്കെടുക്കുമെന്ന് വാഗ്ദാനം നൽകിയ ചിലരുടെ അസാന്നിദ്ധ്യം കൊണ്ടും, ചിലർ ഒരു സർപ്രൈസ് പോലെ അവരുടെ സാന്നിദ്ധ്യമറിയിച്ച് പങ്കെടുത്തു കൊണ്ടും ശ്രദ്ധേയമാർന്നൊരു സുഹൃദ് കുടുംബസംഗമമായിരുന്നു ഇത്തവണത്തേത്. പതിവുപോലെ തന്നെ ഇത്തവണയും മുൻപ്രസ്താവനകളിൽ നിന്നും വ്യത്യസ്തമായി പത്തരമണിക്കു ശേഷമാണു മീറ്റ് തുടങ്ങാനായത്. ഏകദേശം പത്തേമുക്കാലിനോടടുത്താണ് മീറ്റ് ലീഡ് ചെയ്യാമെന്ന് വാഗ്ദാനം നൽകിയ വാഴക്കോടന്റെ മഹദ്സാന്നിദ്ധ്യമുണ്ടാകുന്നതും മീറ്റ് ആരംഭിക്കുകയും ചെയ്തത്. വാഴക്കോടന്റെ സരസമായശൈലികളിൽ മുഴുകി സദസ്സ് കാതുകൂർപ്പിച്ചിരുന്നു. ഓരോരുത്തരും മറ്റുള്ളവർക്ക് തങ്ങളെ സ്വയം പരിചയപ്പെടുത്തുന്ന ദൌത്യമായിരുന്നു ആദ്യം. വാഴയുടെ സ്വതസിദ്ധമായ നർമ്മത്താൽ ചാലിച്ച ചോദ്യശരങ്ങളിൽ ഒഴുകി മീറ്റ് മുൻപോട്ട് പ്രവഹിച്ചു കൊണ്ടിരുന്നു. പരിചയപ്പെടുത്തലുകൾക്ക് ശേഷം കൊച്ചി മീറ്റിലെ ഫോട്ടോമത്സരവിജയികൾക്ക് ബൂലോക ഓൺലൈൻ & നമ്മുടെ ബൂലോകത്തിന്റെ സാരഥികളൂടെ നേതൃത്വത്തിൽ സമ്മാനവിതരണം നടന്നു. തുടർന്ന് ഉച്ചയോടു കൂടി ഭക്ഷണശേഷം കുറച്ച് ബ്ലോഗേർസ് പിരിഞ്ഞു പോകുകയും മിച്ചമുള്ള ബ്ലോഗേർസ് സൌഹൃദസംഭാഷണങ്ങളിലേക്കും, പരിചയപ്പെടലുകൾ, പരിചയം പുതുക്കൽ എന്നിവയിലേക്കും കടന്നു.


ഫോട്ടോ എടുക്കുവാൻ ഹബ്ബിയെ ഏൽ‌പ്പിച്ചിരുന്നതിനാൽ കാലത്തെ സെഷനിൽ ഞാൻ കാമെറ തൊട്ടതേയില്ലായിരുന്നു. (അദ്ദേഹത്തിന്റെ ഫോട്ടോ സഹിതമുള്ള പോസ്റ്റ് ഉടൻ ഉണ്ടാകുന്നതാണ്) പിന്നീട് ഉച്ചഭക്ഷണശേഷം ഫ്രീടൈം കിട്ടിയപ്പോൾ പകർത്തുവാൻ സാധിച്ച അവശേഷിച്ചിരുന്ന ബ്ലോഗെർമാരുടെ ഫോട്ടോകൾ താഴെ ഇട്ടിട്ടുണ്ട്.


ബൂലോകകാരുണ്യത്തിന്റെ പേരിൽ; കട്ടപ്പനക്കാരൻ സാബുച്ചേട്ടന്റെ ചികിസ്താധനശേഖരണാർത്ഥം മീറ്റ് ഹാളിൽ വെച്ചിരുന്ന ബോക്സിൽ സംഭാവനകൾ നിക്ഷേപിച്ചവർക്ക് ആദ്യമായി ഹൃദയംഗമമായ നന്ദി അറിയിക്കട്ടെ. ഈ മീറ്റ് വിജയകരമാക്കുവാൻ ഇതിൽ പങ്കെടുത്ത ഓരോ ബ്ലോഗേർസിനും എന്റെ സ്വന്തം പേരിൽ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഈ മീറ്റ് സ്വതസിദ്ധമായ രീതിയിൽ നിയന്ത്രിച്ച് വിജയകരമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വാഴക്കോടനു എന്റെ വലിയൊരു നന്ദി രേഖപ്പെടുത്തുന്നു. പതിവിനു വിരുദ്ധമായി ഈ മീറ്റിൽ ഒരേ ഒരാളേ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചുള്ളൂ. ഡോ.ജയൻ ഏവൂരിനു എന്റെ ബിഗ് താങ്ക്സ്..!


മീറ്റിനു പങ്കെടുത്തവർ..
(ആരുടെയെങ്കിലും പേരു വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക..
അത് സൂചിപ്പിച്ചു കൊണ്ട് ഒരു കമന്റിടുവാൻ അപേക്ഷ)

 1. വിനീത് കുമാർ
 2. ജാനകി
 3. വി സി വിൻസെന്റ്
 4. പാച്ചു (ഫൈസൽ)
 5. ചെറിയനാടൻ (നിശികാന്ത്)
 6. ജിക്കു വർഗീസ്
 7. അരുൺ നെടുമങ്ങാട്
 8. റെജി പി വർഗീസ്
 9. ദിമിത്രോവ്
 10. ജോ
 11. നൌഷാദ് വടക്കേൽ
 12. പ്രതി/പ്രദീപ് കുമാർ
 13. മിക്കി മാത്യൂ
 14. ഇ എ സജിം തട്ടത്തുമല
 15. ഷെറിഫ് കൊട്ടാരക്കര
 16. നന്ദകുമാർ
 17. ദേവൻ
 18. ടി യൂ അശോകൻ
 19. അനൂപ്
 20. ബ്രഹ്മദർശൻ സുഭാഷ്
 21. ലതികാ സുഭാഷ്
 22. ബാബുരാജ്
 23. ഹബീബ് (ഹബ്ബി)
 24. സപ്തവർണ്ണങ്ങൾ
 25. രഞ്ജിത് വിശ്വം
 26. റാംജി പാട്ടേപ്പാടം
 27. ഖാദെർ പാട്ടേപ്പാടം
 28. മത്താപ്പ്
 29. ജൈനി
 30. കൂതറ ഹാഷിം
 31. യൂസഫ്പാ
 32. അഞ്ജലി അനിൽകുമാർ
 33. പൊന്മളക്കാരൻ
 34. മാണിക്യം
 35. സങ്കൽ‌പ്പങ്ങൾ (ഹനീഷ് ലാൽ)
 36. ധനേഷ്
 37. ഒടിയൻ
 38. അലെക്സാണ്ടെർ ആന്റണി
 39. വേദവ്യാസൻ
 40. മത്തായി 2ൻഡ്
 41. നിവിൻ
 42. നല്ലി
 43. സ്വപ്നാടകൻ
 44. ഷാജി മാത്യൂ
 45. പുണ്യാളൻ
 46. റെജി മലയാളപ്പുഴ
 47. കൊട്ടോട്ടിക്കാരൻ
 48. പാവത്താൻ
 49. പാക്കരൻ (അനിൽകുമാർ)
 50. മനോരാജ്
 51. സംഷി
 52. സിജീഷ്
 53. പ്രവീൺ വട്ടപ്പറമ്പത്ത്
 54. ഷാജി ടി യു
 55. വാഴക്കോടൻ
 56. ഹരീഷ് തൊടുപുഴ


എന്റെ കൈയ്യിൽ വന്നുപെട്ടവർ..!യൂസഫ്പാ


വാഴക്കോടൻ


സ്വപ്നാടകൻ


ഷെറീഫ് കൊട്ടാരക്കര


ഷാജി ടി യൂ


സജിം തട്ടത്തുമല


റെജി പുത്തെൻപുരയ്ക്കൽ

രഞ്ജിത്ത് വിശ്വം


വേദവ്യാസൻ & വൈഫ്


പുണ്യാളൻ


പാവത്താൻ (ശിവപ്രസാദ്)


പാക്കരൻ


പാച്ചു (ഫൈസൽ മുഹമ്മദ്)


ഒടിയൻ (ശ്രീജിത്ത്)


നിവിൻ


ചെറിയനാടൻ (നിശികാന്ത്)


സപ്തവർണ്ണങ്ങൾ (നവീൻ)


നന്ദകുമാർ


നല്ലി


മിക്കി മാത്യൂ


മത്തായി 2ൻഡ് (മാത്യൂ ജിതിൻ)


മനോരാജ്


മാണിക്യം (ജോജിമ്മ)


ലതി (ലതികാ സുഭാഷ്)


ജൊ


ജിക്കൂസ്


ഹബ്ബി


സങ്കൽ‌പ്പങ്ങൾ (ഹനീഷ് ലാൽ)


ദിമിത്രോവ്


ധനേഷ്


ദേവൻ


അരുൺ നെടുമങ്ങാട്


അലെക്സാണ്ടെർ


നയന (D/o.നിശി)


ഡാനി


ഫിറോസ്


ഹബ്ബിയുടെ പോസ്റ്റിലോട്ട് പോകുവാൻ ഇതുവഴി വരൂ..