Friday, October 23, 2009

ഇന്നലെ ഉരുകിയൊലിച്ചു പോയ മഞ്ഞിൻകണങ്ങൾ..

നീണ്ട പതിനേഴുസംവത്സരങ്ങളിലെ ഓട്ടപ്രദക്ഷിണങ്ങൾക്കൊടുവിൽ; കൊഡൈക്കനാലിനെ പുണരുവാനെത്തിയതാണിന്നലെ. സീസൺ തുടങ്ങുന്നതെയുണ്ടായിരുന്നുള്ളു. പോയ പതിനേഴു കൊല്ലങ്ങൾ കൊഡൈയുടെ വന്യഭംഗിയെ ആക്രമിച്ചു; കീഴ്പ്പെടുത്തി; മാറ്റിമറിച്ചിരുന്നു. റോഡുകളെ, നാട്ടുകാരെ, എന്തിനേറെ പ്രകൃതിയെ നിരീക്ഷിക്കുമ്പോൾ തന്നെ ഒരു അപരിചിതത്വം അനുഭവപ്പെടുന്നുണ്ടായിരുന്നു. സീസൺ തുടങ്ങിയിട്ടേ ഉള്ളുരുന്നുവെങ്കിലും പ്രഭാതത്തിലെ മഞ്ഞുവീഴ്ച അസഹ്യം തന്നെയായിരുന്നു. കനത്ത മൂടൽമഞ്ഞിനെ വകവെയ്ക്കാതെ മോളെയും കൂട്ടി തടാകത്തിന്റെ അതിരിലൂടെയുള്ള പാതയിലൂടെ ഞാൻ പ്രഭാതസവാരിക്കിറങ്ങി. രേണുവും അവളൂടെ അച്ഛനുമമ്മയും കൂടി ഞങ്ങൾക്കുമുൻപേ നടക്കാനിറങ്ങിയിരുന്നു. അവരോടൊപ്പമെത്താൻ തിടുക്കം കൂട്ടാതെ, കൌതുകകരമായ കാഴ്ചകളുമാസ്വദിച്ച് എന്റെ മോതിരവിരലിൽ തൂങ്ങി സ്നേഹമോളും കൂടെ നടന്നു. പ്രഭാതത്തിന്റെ ഇളംവെയിലേറ്റ് , പുൽനാമ്പുകളെ പുണർന്നു വെട്ടിത്തിളങ്ങുന്ന മുത്തുകണങ്ങളെ ചവിട്ടിമെതിച്ച്; ആവേശത്തോടെ കലപില സംസാരിച്ച് അവളെന്റെ ഒപ്പമെത്തുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവളുടെ കുഞ്ഞു സംശയങ്ങൾക്കു മറുപടിയേകാൻ ബദ്ധപ്പെട്ടുകൊണ്ട്; പ്രഭാതത്തിന്റെ കുളിർമ്മയെ വകഞ്ഞുമാറ്റി ഞാൻ അവളോടൊപ്പം നടന്നു. രേണുവും, മാതാപിതാക്കളും ബഹുദൂരം മുന്നിലായിക്കഴിഞ്ഞിരുന്നു. നല്ല ആയാസത്തിൽ തന്നെ നടക്കട്ടെ..!!. പ്രഭാതത്തിലെ മിതമായ നടത്തം സുഹൃത്തുകൂടിയായ ഡോക്ടർ രമേഷ് നിർദ്ദേശിച്ചിട്ടുള്ളതാണ്. മോളുണ്ടായിക്കഴിഞ്ഞാണു രേണുവിനിത്ര ഭാരക്കൂടുതലായത്. ഗർഭിണി ആയിരിക്കുമ്പോഴേ ഉണ്ടായ രക്തസമ്മർദ്ദം പ്രസവശേഷം കൂടുതലാകുകയാണുണ്ടായത്. മരുന്നു മാത്രം പോരാ; വ്യായാമവും വേണമെന്ന ഡോക്ടറുടെ കർശനമായ നിർദ്ദേശം അക്ഷരംപ്രതി അവൾ പാലിക്കുന്നുണ്ട്; എവിടെയാണെങ്കിലും..


കുറെദൂരം നടന്നു മടുത്തപ്പോൾ, തടാകക്കരയിലെ വിശ്രമബഞ്ചുകളിലൊന്നിൽ ക്ഷീണമകറ്റാൻ കുറച്ചുനേരം ഞങ്ങളിരുന്നു. തടാകത്തിൽ മെല്ലെ നീന്തിത്തുടിക്കുന്ന കുഞ്ഞലകളിൽ, മഞ്ഞിനെ കീറിമുറിച്ചു പതിക്കുന്ന ഇളം രശ്മികളുണ്ടാക്കുന്ന മിന്നല്പിണരിലേക്കു കണ്ണും നട്ട്, ആസ്വദിച്ചു കൊണ്ട് ഞങ്ങളിരുന്നു. മൂടൽമഞ്ഞാൽ പാതിമറച്ച കാഴ്ചകൾക്കിടയിലൂടെ, പ്രഭാതസവാരിക്കിറങ്ങിയ ബോട്ട് യാത്രികരെ കാണാമായിരുന്നു. പ്രഭാതത്തിന്റെ കുളിരിനെ ഉന്മേഷത്തോടെ വരവേൽക്കുന്ന ആ വിനോദസഞ്ചാരികളെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നതിനിടയിലെപ്പഴോ യാദൃശ്ചികമായി പതിഞ്ഞ മിഴികളിൽ നിന്നും കണ്ണെടുക്കാനാവാതെ ഞാൻ ഒരു മാത്ര അസ്തപ്രജ്ഞനായി ഇരുന്നു. ആ മിഴികളിൽ കണ്ട വിസ്മയഭാവം... എന്റെ മനസ്സിനെ പതിനേഴുകൊല്ലങ്ങൾക്കു മുൻപിലേക്കു റിവൈൻഡ് ചെയ്തുകൊണ്ടിരുന്നു... തടാകത്തിലെ കൊച്ചലകൾ ഓളംവെട്ടുന്നതുപോലെ ഓർമകളും അലയടിച്ചുകൊണ്ടിരുന്നു... ആ മിഴികൾക്കുടമയെ ഇനിയൊരിക്കലും കണ്ടുമുട്ടുമെന്നു നിനച്ചതേയല്ല... അതും ഇവിടെ വെച്ചുതന്നെ... പുഞ്ചിരിക്കുവാൻ ശ്രമിച്ചുവോ?? ഇല്ലാ... തോന്നിയതാവാം... കൂടെ രണ്ടുപുരുഷന്മാർ... രണ്ടു സുന്ദരികളായ ഇരട്ടക്കുട്ടികൾ... ഒന്നവളൂടെ ഭർത്താവാകാം... മറ്റേ ആളിന്റെ മുഖം എവിടെയോ കണ്ടു മറന്നതുപോലെ... അതെ... ഓർമിക്കുന്നുണ്ട്... ആ മുഖം ഇതിനുമുൻപെവിടെയോ കണ്ടിട്ടുണ്ട്... അവളോടൊപ്പമുള്ള ഒരു ഫോട്ടോയിൽ ഒരുമിച്ചു കണ്ടിട്ടുണ്ട്... അന്നവൾ, നിന്റെ ഭാവിഅളിയനാണെന്നു പറഞ്ഞു ചൂണ്ടിക്കാണിച്ചു തന്നിട്ടുണ്ട്... ഓർമിക്കുന്നു...


മോളെയും എടുത്തു ബോട്ട്ക്ലബ്ബിന്റെ പ്രധാനവാതിൽ ലക്ഷ്യമാക്കി ഞാനാഞ്ഞു നടന്നു. ഒരിക്കൽക്കൂടി കാണണമെന്ന അടക്കാനാവാത്ത ആഗ്രഹം മനസ്സിനുള്ളിലെവിടെയോ നുരഞ്ഞുപൊന്തുന്നുണ്ടായിരുന്നു. നടത്തത്തിനിടയിലും മോളെന്തെക്കെയോ ചോദിക്കുന്നുണ്ടായിരുന്നു... പക്ഷേ മനസ്സ്... അതു വേറെ ഏതോ ലോകത്തെവിടെയോ പാറി നടക്കുകയായിരുന്നു... ആൾ കുറച്ചു കൂടി തടിച്ചിരിക്കുന്നു... കാലം ശരീരത്തിൽ പരിണാമങ്ങൾ സംഭവിപ്പിക്കുന്നു... മനസ്സിനെ പക്വതപ്പെടുത്തുന്നു... എന്നിട്ടും ഞാൻ... ഒരു നിമിഷം... അവളെ ഒരു നോക്കുകാണുവാൻ ഓടുന്നു... പക്വതയില്ലായ്മയാണോ പ്രശ്നം... അല്ലാ... അപ്പോളെന്തായിരിക്കും... അറിയില്ലാ... തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ...? ഉണ്ടാകണം... പുഞ്ചിരിക്കാൻ ശ്രമിച്ചിരുന്നില്ലേ...? അതോ തോന്നലാണൊ...? ഒന്നു കൂടി... ഒരു വട്ടം കൂടി കാണുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ...


യാദൃശ്ചികമാകാം... ആദ്യത്തെയും... അവസാനത്തെയും കൂടിക്കാഴ്ച ഈ തടകക്കരയിൽ വെച്ചായത്. ഇപ്പോഴിതാ വീണ്ടും... നീണ്ട കുറെ നാളുകൾക്കുശേഷം ഈ തടാകക്കരയിൽ അവിചാരിതമായി കണ്ടുമുട്ടാനൊരുങ്ങുന്നു. ജീവിതത്തിലൊരിക്കലും പരസ്പരം കണ്ടുമുട്ടാനിടവരുത്തല്ലേ... എന്നു ദൈവംതമ്പുരാനോടു മനമുരുകി പ്രാർത്ഥിച്ചു പോയവർ...!! വിധി...!!


വർഷങ്ങൾ മുന്നേയുള്ള ഒരു സായാഹ്നത്തിലേക്കു മനസ്സ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഈ തടാകക്കരയിലെ റോഡിനരുകിൽ; ബാഗും പണവും നഷ്ടപ്പെട്ടുഴറി ഹതാശയരായി കാണപ്പെട്ട മൂന്നു വിദ്യാർത്ഥിനികൾ. തിരിച്ചു കോളെജ് കാമ്പസ്സിലേക്കു മടങ്ങാനുള്ള പണമില്ലാതെ അവർ വിഷമിച്ചു നിൽക്കുന്ന സമയത്താണു ഞാനവരെ കണ്ടുമുട്ടുന്നത്. ഒരേ ക്ലാസ്സിൽ പഠിച്ചിരുന്നവരാണെങ്കിലും അധികം അടുപ്പം ഉണ്ടായിരുന്നില്ല. ആ കാലങ്ങളിൽ വെറുതേ മനസ്സിൽ ഉടലെടുത്തിരുന്ന ഒരു അപകർഷതാബോധം കാരണം പെൺകുട്ടികളിൽ നിന്നൊഴിഞ്ഞു മാറുവാൻ പരമാവധി ശ്രമിച്ചിരുന്നു. നാട്ടിൽ നിന്നെത്തിയ കുടുംബാംഗങ്ങളെ കൊഡൈ കാഴ്ചകൾ കാണിക്കുവാൻ അനുഗമിച്ചെത്തിയതായിരുന്നു ഞാനും. നൂറിൽ‌പ്പരം കിലോമീറ്റർ ദൂരമകലെ, ഒട്ടഞ്ചത്രത്തിനടുത്തു ഉൾഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കോളെജ് കാമ്പസ്സിലേക്കു മടങ്ങിപ്പോകുവാൻ പണമില്ലാതെ ഉഴറിനിന്ന ആ പെൺകുട്ടികളെ സഹായിച്ചതാണ്... അവരിലൊരാളായ സ്പെക്സ് വെച്ച പെൺകുട്ടിയുമായി കൂടുതലടുക്കാനിടയായത്...
വർഷങ്ങൾ പിന്നെയും കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു...
ഋതുക്കൾ മാറിവന്നുകൊണ്ടിരുന്നു...
ഇതിനിടയിലെപ്പഴോ ഞങ്ങളുടെ പ്രണയവും, പടർന്നു പന്തലിച്ചു വളർന്നുകൊണ്ടിരുന്നു..
തമ്മിൽ കാണാനാകാത്ത വിധം മനസ്സുകൾ തമ്മിലടുത്തു...
പക്ഷേ എന്നെ കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു...
എഞ്ചിനീറിംങ്ങ് പഠനം മുഴുമിപ്പിക്കുന്നതിനു മുൻപേ അകാലത്തിലേക്കു പൊലിഞ്ഞ പിതാവിന്റെ വിയോഗം... തന്നെയും കുടുംബത്തെയും ഒരു കൂട്ടം പ്രശ്നങ്ങളുടെ പടുകുഴിയിലേക്കാനയിച്ചു...
പ്രായപൂർത്തിയാകാത്ത രണ്ടു കൊച്ചനുജത്തിമാരുടെ മുഴുവൻ ഉത്തരവാദിത്വവും തന്നെയേൽ‌പ്പിച്ചാണു അദ്ദേഹം മണ്മറഞ്ഞത്... മരണ സമയത്ത് ഒന്നേ ആവശ്യപ്പെട്ടുള്ളു... തന്നേക്കാൾ ഇളപ്പമുള്ള തന്റെ സഹോദരിമാരെ നല്ലനിലയിലെത്തിച്ചിട്ടേ, ഒരു കുടുംബജീവിതത്തിനു നീ മുതിരാവൂ എന്ന്...
പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റുന്നതിലേക്കു; തന്റെ മോഹാഭിലാഷങ്ങൾ അടിയറ വെച്ചിട്ടായിരുന്നു തിരികെ കോളെജിലേക്കു മടങ്ങിയത്... അവസാന സെമസ്റ്റർ പരീക്ഷകൾ കഴിയും വരെ ഞാൻ പിടിച്ചു നിന്നു... നമ്മൾ തമ്മിൽ പിരിയാൻ പോകുകയാണെന്ന സത്യം എങ്ങനെ അവളെ അറിയിക്കും എന്ന കാര്യത്തിലെനിക്കു നിശ്ചയമില്ലായിരുന്നു... അതവളിൽ ഉണ്ടാക്കിയേക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ കൂടി ഓർത്തപ്പോൾ... ഈ ദൌത്യം എങ്ങനെ പൂർത്തീകരിക്കും എന്നു നിനച്ചു ഉഴറി നടക്കുമ്പോഴാണു...
അവൾ ഒരു ആവശ്യം എന്റെയടുത്തു ബോധിപ്പിക്കുന്നത്...
“നമ്മൾ ആദ്യമായി അടുക്കുവാൻ കാരണം കൊഡൈയിലെ ആ തടാകക്കരയാണു..
കോഴ്സു പൂർത്തിയാക്കി പിരിയുന്ന ഈ അവസ്ഥയിൽ ഒന്നു കൂടി അവിടം സന്ദർശിച്ച്..
അതുവഴി നാട്ടിലേക്കു മടങ്ങാം..
എന്നെ കുമിളിയിലിറക്കിയാൽ മതി..
അവിടെ നിന്നും ‘തുഷാര’ ത്തിനു കയറി ഞാൻ പൊയ്ക്കോളാം..“


കൊഡൈയിലെ തണുത്തുറഞ്ഞ തടാകക്കരയിലെ സിമന്റുബെഞ്ചിൽ,; അവളുടെ തോളോടു തോൾ ചേർന്നിരുന്ന്, വലതു കൈയെടുത്തു അവളുടെ തോളത്തിട്ട്... ശരീരം എന്നിലേക്കു ചേർത്ത് പിടിച്ച്...
തടാകത്തിലൂടെ ഉല്ലാസയാത്ര നടത്തുന്ന കമിതാക്കളെയും വീക്ഷിച്ച് ഞങ്ങൾ ഇരുന്നു.
“നമ്മൾക്കു വരണം ഇതു പോലെ; വിവാഹിതരായതിനു ശേഷം, വേണ്ടേ..??”
“ഊം” ഞാൻ മൂളി..
ഞാനവളെ ഇത്തിരികൂടി എന്റെ ശരീരത്തോടു ചേർത്തു പിടിച്ചു..
മനസ്സു വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു..
പറയണോ... വേണ്ടയോ...??
മനസ്സിനുള്ളിൽ ചിന്തകൾ തമ്മിൽ ശക്തമായ ഒരു വടംവലി നടക്കുന്നുണ്ടായിരുന്നു...
തുലാസ്സിലെ ഒരുതട്ടിൽ..
എന്റെ കൊച്ചു സഹോദരിമാരുടെ മുഖത്തെ ദയനീയത..
അവരുടെ ഭാവി..
മറ്റേ തട്ടിൽ..
തന്നെ പ്രാണനു തുല്യം സ്നേഹിക്കുന്ന പ്രണയിനിയുടെ സാമീപ്യം..
അവസാനം മൌനം ഭഞ്ജിക്കേണ്ടത് എനിക്ക് അനിവാര്യമായിത്തീർന്നു..
“നാം പിരിയുകയാണു; ഇതവസാന കൂടിച്ചേരൽ മാത്രം... നിമിഷങ്ങൾ മാത്രം അവശേഷിക്കുന്നു...”
ഗദ്ഗദത്തോടെ പറഞ്ഞു നിർത്തി...


കുറേ നേരത്തേയ്ക്കു ഞങ്ങൾക്കിടയിൽ അവ്യക്തമായ ഒരു മൂകത തളം കെട്ടി നിന്നു...
ആദ്യത്തെ ഞെട്ടലിൽ നിന്നും മോചിതയായ ശേഷം; ഒരു പുഞ്ചിരി അവളെനിക്കു സമ്മാനിച്ചു...


കുമിളിയിലേക്കുള്ള ഹെയർ പിൻ വളവുകൾ കയറുന്നതിനിടയിൽ, യമഹ ബൈക്കിനു പുറകിൽ എന്നെ കെട്ടിപ്പിടിച്ചിരുന്ന അവളോടു ഞാൻ ചോദിച്ചു..
“ദ്വേഷ്യമുണ്ടൊ എന്നോട്... അതോ വെറുപ്പോ...??”
വിഷാദം മുറ്റിയ ഒരു പുഞ്ചിരിയായിരുന്നു മറുപടി...
പിന്നെ മൊഴിഞ്ഞു..
“എന്നെ കുമളിയിൽ ഇറക്കണ്ടാ; കാഞ്ഞിരപ്പിള്ളിയിൽ വിട്ടാൽ മതി...
ഇതു നമ്മുടെ അവസാന യാത്രയല്ലേ...
അത്രേം നേരം കൂടി എന്റെ സ്വന്തമായിട്ടിരിക്കട്ടെ...”


മഞ്ഞുപെയ്യുന്ന മലനിരകൾക്കിടയിലൂടെ; കോട മഞ്ഞിനെ വകഞ്ഞു മാറ്റി യമഹ കുതിച്ചു പാഞ്ഞു..
പുറകിൽ, എന്നെ അടക്കിപ്പുണർന്നു, എന്റെ തോളത്തു തലചായ്ച്ചിരിക്കുന്ന അവളെ നഷ്ടപ്പെടാൻ മിനിറ്റുകളേ ബാക്കിയുള്ളു എന്നോർത്തപ്പോൾ നെഞ്ചിങ്കൂടിലാകെ ഒരു തരം നൊമ്പരം പടർന്നു പിടിച്ചു.നേരം പരപരാ വെളുത്തു വരുന്നതേയുള്ളായിരുന്നു..
കാഞ്ഞിരപ്പിള്ളിയിലെത്തി; ഈരാറ്റുപേട്ടാ റോഡിലേക്കിറങ്ങി ഇടത്തേ സൈഡിൽ സ്ഥിതിചെയ്യുന്ന വെയിറ്റിങ്ങ്ഷെഡിന്റെ സൈഡിലേക്കു ബൈക്ക് ഞാൻ ചേർത്തു നിർത്തി...
“സമയമായി അല്ലേ..”
“ഊം..”
തന്റെ ചെന്നിയിൽ അമർത്തപ്പെട്ട അവളുടെ ചുണ്ടുകളിൽ നിന്നും കണ്ണുനീരിന്റെ നനവു പടരുന്നതു അറിയുന്നുണ്ടായിരുന്നു...
“പിരിയാം; ഇനി കാണില്ല.... ജീവിതത്തിലൊരിക്കലും”
ദീർഘനിശ്വാസത്തോടെ മൂളുവാൻ മാത്രമേ എനിക്കായുള്ളു...
അപ്പോഴേക്കും സങ്കടം വിഴുങ്ങിയിരുന്നു വാക്കുകളെ...
അവൾ നടന്നകലുന്നതും നോക്കി നിർവികാരതയോടെ ഞാനിരുന്നു..
മിഴികൾ ഈറനണിയുന്നുണ്ടായിരുന്നു..


Mr.ajay; glad to meet you..!!!
അവളൂടെ ഭർത്താവിന്റെ ബലിഷ്ഠമാർന്ന കൈകളിലിരുന്നു എന്റെ കൈ മുറുകി.
പുഞ്ചിരിച്ചു കൊണ്ടു തൊട്ടടുത്തതാ അവൾ..
പരസ്പരം പരിചയപ്പെടുത്തലുകൾ നടന്നുകൊണ്ടേയിരുന്നു...
എന്തൊക്കെയോ ഒരുപാട് സംസാരിക്കണം എന്നുണ്ടായിരുന്നു..
വാക്കുകൾ പുറത്തേക്കു വരുന്നതേയില്ല..
മിഴികൾ കൊണ്ട് പരസ്പരം സംവദിക്കുവാൻ ശ്രമിച്ചു..
എന്റെ മകളെ എടുത്തുയർത്തി, അവളുടെ കവിളത്തൊരു മുത്തം നൽകിക്കൊണ്ട്..
“മോളെ നീയെനിക്കു പിറക്കേണ്ടതായിരുന്നൂ”
എന്നവൾ പറഞ്ഞ വാക്കുകൾ എന്നെ വികാരതരളിതനാക്കി..
അവളൂടെ ഭർത്താവതാ പുഞ്ചിരിച്ചു കൊണ്ടു എന്റെ മോളെ എടുക്കുന്നു...
അപ്പോൾ....; എല്ലാം പറഞ്ഞിരിക്കുന്നു...
യാത്ര പറഞ്ഞു പിരിയാൻ നേരം നേരെ നോക്കാനുള്ള കെൽ‌പ്പുണ്ടായിരുന്നില്ല..
ഞങ്ങൾക്കു വേണ്ടി ആ മാന്യനായ മനുഷ്യൻ ഒഴിഞ്ഞു തന്നിരിക്കുന്നു; എന്റെ മോളെയുമെടുത്തു അവൾക്കു ഐസ്ക്രീം വാങ്ങിക്കൊടുക്കുന്ന തിരക്കിലാണദ്ദേഹം..

ഞാനാഗ്രഹിച്ചതുപോലെ നല്ലൊരു കുടുംബജീവിതം നിനക്കു കിട്ടി..
സന്തോഷകരമായ ദാമ്പത്യജീവിതം..
മനസ്സുകൊണ്ടു പോലും നുള്ളിനോവിച്ചിട്ടില്ലാത്തതിനാൽ എനിക്കു സംതൃപ്തിയുണ്ട്.. സന്തോഷമുണ്ട്..
പക്ഷേ; പിരിയാൻ നേരം നിന്റെ മിഴികളിൽ ദർശിച്ച വിഷാദച്ഛവി...
“ഞാൻ സംതൃപ്തയല്ലാ”
എന്നതാണോ വ്യക്തമാക്കിയിരുന്നത്...

Thursday, October 15, 2009

ആരായിത്തീരണം..

ബാല്യകാലങ്ങളിൽ അമ്മയുടെ കൂടെ പട്ടണത്തിലേക്കു ബസ്സിൽ യാത്രചെയ്യവേ; എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ ഒരു വലിയ ആഗ്രഹം... എങ്ങനെയെങ്കിലും ഒരു ബസ്സ് ഡ്രൈവെർ ആകുക എന്നതായിരുന്നു.
പിന്നെ മദ്യപിച്ചു തുടങ്ങിയപ്പോൽ; അതായതു പതിനാലാം വയസ്സിൽ...
ബാർ കൌന്ററിന്റെ മുൻപിൽ നിൽക്കെ ഞാനാഗ്രഹിച്ചൂ...
ഒരു ബാർ മാനാകണമെന്നു.
ഇഷ്ടം പോലെ വൈവിധ്യമാർന്ന വർണ്ണങ്ങളിലുള്ളതും, രുചിഭേദങ്ങൾ നിറഞ്ഞതുമായ ലഹരി പാനീയങ്ങൾ കൺകുളിർക്കേ കണ്ടാസ്വദിക്കാം..
ഇത്തിരി കുനിഷ്ടു കാണിച്ചാൽ മിച്ചം വരുന്നവ അകത്താക്കുകയും ചെയ്യാം..
പരമ സുഖം.
ഇതൊക്കെയായിരുന്നു മനസ്സിൽ..!!
പക്ഷേ ജീവിതമാകെ കീഴ്മേൽ മറിഞ്ഞതും ആ സമയത്തായിരുന്നു.
ബാറിലെ ഇരുണ്ടവെളിച്ചത്തിൽ; നനുത്തുറഞ്ഞ തണുപ്പിൽ കൂട്ടുകാരുമൊത്തു സ്വയം മറന്നാനന്ദിച്ചു കൂത്താടവേ.. ഇടക്കൊരു നിമിഷം
തന്റെ കണ്ണുകൾ ജനലിനുള്ളിലൂടെ വെളിയിൽ; ചുട്ടുപൊള്ളുന്ന വെയിലിൽ തന്റെ ഇളംകുഞ്ഞിനെ മാറോടണച്ചു, സാരിത്തുമ്പാൽ വെയിലിനെ മറച്ചു പ്രതിരോധിച്ചു മുന്നേറുന്ന ആ അമ്മയെ കണ്ടപ്പോൾ..
തന്നെ നൊന്തു പെറ്റ അമ്മയെ ഓർത്തുപോയി..
ഉത്തരവാദിത്വമില്ലാത്ത അച്ഛന്റെ പ്രവൃത്തികളിൽ മനം നൊന്തു; സ്വയം പട്ടിണി കിടന്നു തന്നെ പോറ്റി വളർത്താൻ പാടുപെടുന്ന തന്റെ അമ്മയെ..
താനും അതേ വഴി തന്നെ തിരഞ്ഞെടുക്കുമ്പോൾ..
നിർത്തീ; അന്നെന്റെ ആഗ്രഹങ്ങൾ... ഞാനാരായിത്തീരണമെന്നുള്ള!!!