Sunday, May 30, 2010

ആഗസ്റ്റ് 8; തൊടുപുഴ മീറ്റിലേക്ക് ഏവര്‍ക്കും സ്വാഗതം..

ആഗസ്റ്റ് 8 ഞായറാഴ്ച തൊടുപുഴയില്‍ വെച്ച് മലയാളം ബ്ലോഗെര്‍മാരുടെ ഒരു സൌഹൃദ കൂടിച്ചേരല്‍ നടക്കുന്ന കാര്യം ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ..
തൊടുപുഴക്കടുത്ത്; മണക്കാട് എന്ന ഗ്രാമത്തിലുള്ള (2 കിമീ ഫ്രം തൊടുപുഴ)
ജ്യോതിസ് എന്ന ആഡിറ്റോറിയത്തില്‍ വെച്ചാണു പ്രസ്തുത മീറ്റ്
നടത്തപ്പെടുവാന്‍ ഉദ്ദേശിച്ചിരിക്കുന്നത്..
ഇതിനോടകം; ഏകദേശം
അറുപത്തിമൂന്നോളം ബ്ലോഗെര്‍മാര്‍ അവരുടെ സാന്നിദ്ധ്യം
വാഗ്ദാനം ചെയ്തിട്ടുണ്ട്..


1. പാവപ്പെട്ടവൻ
2. ജയരാജ്
3. ജോ
4. സജി മാര്‍ക്കോസ് (ഹിമാലയച്ചായന്‍ !!)
5. ചാണക്യന്‍
6. അനില്@‍ബ്ലോഗ്
7. ലതികാ സുഭാഷ്
8. സതീഷ് പൊറാടത്ത്
9. ഹരീഷ് തൊടുപുഴ
10. മനോരാജ്
11. പാവത്താന്‍
12. ശിവാ
13. സരിജ
14. കൂതറ ഹാഷിം
15. ഹൻല്ലലത്ത്
16. സുനിൽ കൃഷ്ണൻ
17. പ്രയാൺ
18. എഴുത്തുകാരി
19. കാന്താരിക്കുട്ടി
20. നന്ദകുമാർ
21. പൊങ്ങുമ്മൂടൻ
22. അപ്പൂട്ടൻ
23. മിക്കി മാത്യൂ
24. നാട്ടുകാരൻ
25. കൊട്ടോട്ടിക്കാരൻ
26. എൻ.ബി.സുരേഷ്
27. മുരളിക
28. ശങ്കെർ
29. നാസ്
30. ഡോക്ടർ
31. ലെക്ഷ്മി ലെച്ചു
32. യൂസുഫ്പാ
33. സോജന്‍
34. ഷെറീഫ്ഫ് കൊട്ടാരക്കര
35. കൊച്ചുതെമ്മാടി
36. വി.രാജേഷ്
37. കുമാരൻ
38. ജിക്കു
39. എം.എസ്.സാദ്ദിക്ക്
40. പ്രവീണ്‍ വട്ടപ്പറമ്പത്ത്
41. വെള്ളായണി വിജയന്‍
42. അതുല്യ
43. നൌഷു
44. നൌഷാദ് വടക്കേൽ
45. മുഫാദ് (ഫറൂഖ് മുഹമ്മദ്)
46. ചാണ്ടിക്കുഞ്ഞ്
47. ധനേഷ്
48. കൃഷ്ണകുമാർ
49. രഘുനാഥൻ
50. ചാര്‍വാകന്‍
51. പേരൂരാന്‍
52. അഞ്ജു നായർ
53. ജി.മനു
54. മരമാക്രി
55. ഡി.പ്രദീപ് കുമാര്‍
56. മുരുകന്‍ കാട്ടാകട
57. അബ്ദുള്‍ ഖാദെര്‍ കൊടുങ്ങല്ലൂര്‍
58. ഇസ്മായില്‍ കുറുമ്പടി (തണല്‍)
59. സന്ദീപ് സലിം
60. ടിജോ ജോര്‍ജ്
61. തബാരക് റഹ്മാന്‍
62. കാര്‍ട്ടൂണിസ്റ്റ്
63. കാര്‍ന്നോര്‍
64. ജയന്‍ ഏവൂര്‍
65. വേദവ്യാസന്‍ (?)
66. നീര്‍വിളാകന്‍ (?)
67. ചിത്രകാരന്‍ (?)
68. ഒഴാക്കന്‍ (?)
69. അരുണ്‍ കായംകുളം (?)
70. വി കെ (?)
71. തൂലിക
72. ശ്രീ (?)
73. അഭിജിത് മടിക്കുന്ന് (?)
74. തെച്ചിക്കോടന്‍ (?)
75. ബോണ്‍സ് (?)
76. തലയമ്പലത്ത് (?)
77. തൂലിക (?)
78. നിരക്ഷരന്‍ (?)
79. ഉമേഷ് പീലിക്കോട് (?)
80. വിപിന്‍ (?)
81. സൂരജ് (?)
82. ജെയിംസ് സണ്ണി പാറ്റൂര്‍ (?)
83. ഷിജു (?)
ഇനിയും ടി. മീറ്റിനേ പറ്റി അറിയാത്ത ഒട്ടേറെ
ആളുകള്‍ ഉണ്ടാകാം; എന്ന ധാരണയാണീ പോസ്റ്റിനാധാരം..
പ്രിയ മിത്രങ്ങളെ; ഈ മീറ്റില്‍ പങ്കെടുക്കുവാന്‍
താല്പര്യമുള്ളവര്‍ ദയവായി ഇവിടെ അറിയിക്കുവാന്‍
അഭ്യര്‍ത്ഥിക്കുന്നു..


Thursday, May 27, 2010

പ്രേതനഗരത്തിലെ അവശേഷിപ്പുകൾ. ഭാഗം-2

ആദ്യ ഭാഗം ഇവിടെ വായിക്കാം

ഉച്ചഭക്ഷണശേഷം; ഞങ്ങൾ പ്രേതനഗരിയിലേക്കുള്ള യാത്രയാരംഭിച്ചു. വഴിമദ്ധ്യേ; ഹനുമാൻ ലങ്കയിലേക്കു ചാടിയ കുന്ന് (ഗാന്ധമാതന പർവ്വതം- ഇവിടെ തന്നെയാണു ശ്രീരാമന്റെ പാദം സ്ഥിതിചെയ്യുന്ന ക്ഷേത്രവും), വീഭീക്ഷണൻ കീഴടങ്ങിയ സ്ഥലം (അരുൾമിഗു കോതാണ്ഡ രാമർ ടെമ്പിൾ), രാവണനിഗ്രഹശേഷം ശിവപ്രീതിക്കായി ഉപാസിക്കുന്നതിനു ശുദ്ധിയാവുന്നതിനായി ‘ജട’ അഴിച്ചിട്ടു സ്നാനം ചെയ്ത സ്ഥലം (ജട തീർത്ഥം) എന്നീ സ്ഥലങ്ങളും സന്ദർശിച്ച് 16 കി മീ അകലെയുള്ള ധനുഷ്കോടിയിലെത്തി.


ചരിത്രസത്യങ്ങൾ ഉദാഹരണസഹിതം വ്യക്തമാക്കിയാൽ അംഗീകരിക്കേണ്ടിവരുമെന്നതിനുള്ള ഉത്തമോദാഹരണമാണു ധനുഷ്കോടി എന്ന പ്രേതനഗരം. 1964 ഡിസെംബെർ 22 ലെ അർദ്ധരാത്രിയിൽ ലോകം അന്നുവരെ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ശക്തിയായ ചുഴലിക്കൊടുങ്കാറ്റിലും, കനത്ത പേമാരിയിലും 2 ഗ്രാമങ്ങൾ/നഗരങ്ങൾ (ധനുഷ്കോടി, കമ്പിപ്പാട്) പൂർണ്ണമായും നമാവശേഷമായി. കടലിൽ നിന്നും ഇരുപതടി പൊക്കത്തിൽ ഉയർന്നു വന്ന തിരമാലകൾ ടി. നഗരങ്ങളെ പൂർണ്ണമായും വിഴുങ്ങി; തുടച്ചു നീക്കി. മണ്ടപത്തു നിന്നും 115 പേരെയും വഹിച്ചുകൊണ്ട് ധനുഷ്കോടിയിലേക്കു വന്നു കൊണ്ടിരുന്ന ട്രെയിൻ, ധനുഷ്കോടി സ്റ്റേഷനു തൊട്ടു മുൻപ് ശക്തിയായ കൊടുങ്കാറ്റിൽ പാളമുൾപ്പടെ ഒലിച്ചു പോയി. ആകെ 1800ഓളം പേർ മരണപ്പെട്ടുവെന്നു കരുതപ്പെടുന്നു. പ്രകൃതിദുരന്തത്തിന്റെ രക്തസാക്ഷിയായി അവശേഷിക്കുന്നതിന്ന്, കണ്ണെത്താ ദൂരെ പരന്നു കിടക്കുന്ന മണൽക്കരയും, 46 വർഷം പഴക്കമുള്ള പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളൂടെ അവശിഷ്ടങ്ങളും മാത്രം !!. പിന്നെ കുറെ മുക്കുവന്മാരും അവരുടെ കുടിലുകളും. ഒരിക്കൽ ഈ ദ്വീപിൽ എല്ലാ സൌകര്യങ്ങളുമായി സമൃദ്ധിയായി അധിവസിച്ചിരുന്നൊരു ജനതയുണ്ടായിരുന്നു. സ്കൂളുകൾ, ഹോട്ടെലുകൾ, അമ്പലങ്ങൾ, പള്ളികൾ, ടെക്സ്റ്റൈൽ ഷോപ്പുകൾ, ആശുപത്രി, ഗവണ്മെന്റ് സ്ഥാപനങ്ങൾ (ഫിഷെറീസ്, പോസ്റ്റ് ആഫീസ്സ്), റെയില്വേ സ്റ്റേഷൻ എന്നിവയെല്ലാം അടങ്ങിയ വികസിത നഗരമായിരുന്നു ധനുഷ്കോടി. ഒരേ സമയം ഒരു തീർത്ഥാടനകേന്ദ്രവും, ടൂറിസ്റ്റ് കേന്ദ്രവും കൂടിയായിരുന്നു ഇവിടം. ധനുഷ്കോടിയിലെ അർച്ചൽമുനൈയിൽ നിന്നും ശ്രീലങ്കയിലെ തലൈമാനാറിലേക്ക് 16 കിമീ യേ ഉണ്ടായിരുന്നുള്ളു. ശ്രീലങ്കയിലേക്കു ബോട്ട് സെർവീസ് ഉണ്ടായിരുന്നു ഇവിടെ നിന്നും. ശ്രീലങ്കയിലേക്കുള്ള ചരക്കുകൾ ഇതു വഴിയായിരുന്നു കൊണ്ടുപൊയ്കൊണ്ടിരുന്നത്. തമിഴ് പുലികൾ ഇതുവഴിയാണു ഇന്ത്യയിലേക്കു നുഴഞ്ഞു കയറികൊണ്ടിരുന്നതെന്നു അനുമാനിക്കപ്പെടുന്നു.


ധനുഷ്കോടിയിൽ നമ്മൾ എത്തുന്നിടത്തുനിന്നും സ്പെഷിയൽ വാഹനങ്ങൾ മാത്രമേ ഊരിനുള്ളിലേക്കു കടന്നുപോകാൻ അനുവദിച്ചിരുന്നുള്ളു. കാരണം മറ്റൊന്നുമല്ല; മണൽ പൂണ്ടു കിടക്കുന്ന ഭൂമിയിലൂടെ ഫോർവീൽ ഡ്രൈവുള്ള വണ്ടികളും, അതോടിക്കുവാൻ സമർത്ഥരായ ഡ്രൈവർമാരും ആവശ്യമാണ്. ഞങ്ങൾ തിരഞ്ഞെടുത്ത വാഹനത്തിൽ ആളൊന്നുക്ക് അറുപത് രൂപയായിരുന്നു യാത്രാക്കൂലി. കമാൻഡർ ലോറിയുടെ പിൻവശത്ത് സമാന്തരമായി രണ്ട് ബഞ്ചുകൾ ഉറപ്പിച്ചിട്ടുണ്ട്. അതിന്മേലിരുന്നാണു യാത്ര. മുകളിൽ ട്രെസ്സ് ഇട്ട് ടാർപോളിൻ ഷീറ്റ് വിരിച്ചിട്ടുണ്ട്.ആയതിനാൽ മഴ പെയ്താൽ നനയുകയോ; വെയിലേക്കുകയോ ഒന്നും ചെയ്യില്ല. ഉൾഗ്രാമത്തിൽ വസിക്കുന്ന മുക്കുവന്മാരൊക്കെ ഈ മുകൾഭാഗത്തിരുന്നാണു യാത്ര. ഈ വാഹനത്തിൽ ഇരുപതു പേരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ സെർവീസ് നടത്തൂ. ഒരു ദിവസം ഒരു വണ്ടിക്കു ഒരു സെർവീസ് മാത്രം !!. കാരണം പതിനാറോളം ഇത്തരത്തിലുള്ള വാഹനങ്ങളൂണ്ടവിടെ. എല്ലാ കുടുബത്തിലും തീപൂട്ടേണ്ടെ !!.


ഞങ്ങൾ ആദ്യം പോയത് അർച്ചൽ മുനൈ എന്നു അവിടത്തുകാർ നാമകരണം ചെയ്തിരിക്കുന്ന സ്ഥലത്തേക്കാണു. യാത്ര തുടങ്ങിയ ഇടത്തു നിന്നും പത്ത് കിമി യോളം ഉണ്ടായിരുന്നു അവിടെക്കു. യാത്രയിലുടനീളം മണലിലും, തമിഴ്നാട്ടിലെങ്ങും സുലഭമായി കാണപ്പെടുന്ന കരുവേൽ എന്ന മുള്ളു മരം വളർന്നു പന്തലിച്ചു നിൽക്കുന്നത് കാണാമായിരുന്നു. ഇടക്കിടക്ക് പൊട്ടിപ്പൊളിഞ്ഞ ഓരോ കെട്ടിടങ്ങളും. വലത്തു ഭാഗത്ത് ബംഗാൾ ഉൾക്കടലും; ഇടത്തേ ഭാഗത്ത് ഇന്ത്യൻ മഹാസമുദ്രവും. ഇടത്തു ഭാഗത്തുള്ള ഇന്ത്യൻ ഓഷ്യനിൽ നിന്നും കരയിലേക്ക് അരയടി പൊക്കത്തിൽ ഒരു കിലോമീറ്റെറോളം വെള്ളം കയറിക്കിടക്കുന്നുണ്ടായിരുന്നു. അതിനു സമീപത്ത് സമാന്തരമായി പഴയ റെയിൽ പാലങ്ങളുടെ അവശിഷ്ടങ്ങളും കാണാമായിരുന്നു. ചിലയിടങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ ടാർ റോഡുകൾ കാണാമായിരുന്നു. ധനുഷ്കോടിയേയും മറ്റൊരു ഗ്രാമമായിരുന്ന കമ്പിപ്പാടിനേയും വേർതിരിച്ചു കടന്നു പോയിരുന്ന റോഡായിരുന്നു അത്. കമ്പിപ്പാട് എന്ന ഗ്രാമം അന്നേ പൂർണ്ണമായും വെള്ളത്തിനടിയിലായിക്കഴിഞ്ഞിരുന്നു!!. ദുരന്തശേഷം പലയിടത്തു നിന്നും ഈ തീരത്തു വന്നു മത്സ്യബന്ധനം നടത്തി ഉപജീവനം കഴിച്ചു കൊണ്ടു വന്നിരുന്നവരുടെ ബോട്ടുകൾ കരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണാമായിരുന്നു.


ആകാംക്ഷയോടെ കാഴ്ചകളും കണ്ട്; അവസാനം ഹനുമാനും അദ്ദേഹത്തിന്റെ വാനരസൈന്യാഗംങ്ങളും കൂടി സേതു നിർമിച്ചിടത്തെത്തി (സേതു ബന്ധൻ). ഈ സ്ഥലത്തിനു അർച്ചൽ മുനൈ എന്നുകൂടി പറയും എന്നു ഞങ്ങളുടെ ഡ്രൈവെർ അവകാശപ്പെടുന്നു. കാശിയിൽ തീർത്ഥാടനം നടത്തി അതു പൂർണ്ണതയിലെത്തണമെങ്കിൽ; രാമേശ്വര ദർശനം കഴിഞ്ഞ് രണ്ടു സമുദ്രങ്ങളൂടെ സംഗമമായ ഈ സ്ഥലത്തു വന്ന് രണ്ടാമതും സ്നാനം ചെയ്യണമെന്ന് നിഷ്കർഷിച്ചിരുന്നുവത്രേ. ഈ സ്ഥലത്തിന്റെ പ്രത്യേകത എന്താണെന്നു വച്ചാൽ; ഇവിടെ വച്ചാണത്രേ രാമൻ തന്റെ വില്ലിന്റെ ഒരു അറ്റം (മുന) കൊണ്ട് സേതു നിർമിക്കാൻ സമുദ്രത്തിൽ മാർക്ക് ചെയ്തത്. രണ്ട് സമുദ്രങ്ങൾ കൂടിച്ചേരുന്ന ഈ സംഗമസ്ഥാനത്താണു സേതു നിർമിച്ചത്. ധനുസ്സ്=വില്ല്; കോടി=അറ്റം എന്നീ വാക്കുകളിൽ നിന്നുരുത്തിരിഞ്ഞാണീ സ്ഥലത്തിനു ധനുഷ്കോടി എന്ന പേർ വീണു കിട്ടിയത്. നിർഭാഗ്യവശാൽ 1964 ലെ പ്രകൃതിദുരന്തത്തിൽ റെയിൽ പാളങ്ങൾ പൂർണ്ണമായും നശിച്ചു പോയതിനാൽ, ഇവിടെക്കുള്ള ഗതാഗതം നിലക്കുകയും പ്രസ്തുത ആചാരം ഏറെക്കുറെ നിലക്കുകയും ചെയ്തിരിക്കുന്നു. എങ്കിലും നാമമാത്രമായി ആളുകൾ ഇവിടെ വന്ന് പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതും, ചിതഭസ്മം നിമജ്ഞനം ചെയ്യുന്നതും കാണാമായിരുന്നു.
നല്ല തെളിഞ്ഞ കാലാവസ്ഥയിൽ ഇവിടെ നിന്നും നോക്കിയാൽ 16 കിമീ അകലെ ശ്രീലങ്കയിലെ തലൈമാനാർ അവ്യക്തമായി ദർശിക്കാനാകും. ഇന്നും; സേതു പണിതിടത്ത് കടലിനടിയിലായി കല്ലുകൾ കാണാമെന്നു പഴമക്കാർ അവകാശപ്പെടുന്നുണ്ട്. ഇവിടെ പണ്ടും ജനവാസ മേഖലയായിരുന്നില്ല. ഇപ്പോൾ മൂന്നു വശങ്ങളാലും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നയിടത്ത് ആളെപറത്തികൊണ്ടു പോകാൻ ശക്തിയുള്ള കാറ്റ് വീശുന്നുണ്ടായിരുന്നു.


അവിടെ നിന്നും പിന്നോട്ട് യാത്ര തിരിച്ച് 5 കിമീ പിന്നിട്ടപ്പോൽ പ്രേത നഗരത്തിന്റെ ജീവിച്ചിരിക്കുന്ന (അതോ മരിച്ചതോ!!) അവശിഷ്ടങ്ങൾ കാണാൻ തുടങ്ങി. ഈ ഭാഗത്തായി 4 കിമീ യോളം കര ഇന്നു കടലിനടിയിലാണെന്ന കാര്യം ഓർമയിൽ നിറഞ്ഞപ്പോൾ; കടലിലോട്ടു നോക്കി നിന്നു നെടുവീർപ്പുതിർക്കുവാനേ കഴിഞ്ഞുള്ളൂ. എന്നിരുന്നാലും ഈ അവശേഷിപ്പുകൾ ഒരു കാര്യം ഊട്ടി ഉറപ്പിക്കുന്നുണ്ട്; ഇവിടെ വളരെയധികം സമ്പന്നതയോടെ ജീവിച്ചിരുന്ന ഒരു ജനതയുണ്ടായിരുന്നു എന്ന്. ഇനി താഴെ കാണുന്ന ചിത്രങ്ങൾ നിങ്ങളോടു ബാക്കി കഥ പറഞ്ഞു തരട്ടെ...


ഇതൊരു വീടാണെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. അതും ഒരു സമ്പന്നമാർന്ന ഭവനം. എത്ര കുഞ്ഞുങ്ങൾ ഉണ്ടായിരുന്നിരിക്കണം ഇതിൽ...
എത്രയോ സ്വപ്നങ്ങൾ..


ഇതൊരു സ്കൂളായിരുന്നു..
നാളത്തെ ഭാവി തലമുറയെ വാർത്തെടുക്കാൻ..
ഓരോ നിമിഷവും അക്ഷീണമായി പരിശ്രമിച്ചു കൊണ്ടിരുന്ന..
എത്രയോ ആൾക്കാർ..


ഇതൊരു ആശുപത്രിയായിരുന്നു..
കാലം അതിന്റെ വഴിക്കു നീങ്ങി..


ഇത് വീടുകളാണെന്നു അനുമാനിക്കുന്നു;
കാരണം ഈ രീതിയിൽ മേൽക്കൂര ചെരിച്ചു പണിയുന്നത്..
വീടുകളായിരുന്നു എന്നാണെന്റെ നിരീക്ഷണം..ഇത് പ്രസിദ്ധമാർന്ന പള്ളി ആയിരുന്നിരിക്കണം..
അന്നത്തെ കാലത്തെ വാസ്തുശില്പികളെയും..
വാസ്തുവിദ്യയേയും എത്രയേറെ പുകഴ്ത്തിയാലും മതിയാകില്ല..
എന്ന് ഈ പള്ളിയുടെ അവശിഷ്ടങ്ങൾ തെളിയിക്കുന്നുണ്ട്..


തോൽക്കാൻ മനസ്സില്ലാതെ തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ഈ സ്മാരകം..!!


പള്ളിയുടെ ഉൾവശം..
എത്രയോ കുർബാനകളും, പ്രാർത്ഥനകളാലും മുഖരിതമായിട്ടുണ്ടാകണം..
ഈ അകത്തളങ്ങളിൽ..
ഇന്നും നശിക്കാതെ..
ഓർമ്മകളെ തഴുകി ഉണർത്തുവാൻ..
അന്നത്തെ കാലത്തെ ഭിത്തി കെട്ടുവാൻ ഉപയോഗിച്ചിരുന്ന കല്ലുകൾ..
ഈ ഭാഗങ്ങളിൽ അന്ന് ഇത്തരം കല്ലുകളായിരുന്നത്രേ..
ഇവിടത്തുകാർ പറയുന്നു..


ഇതാണു തീവണ്ടിക്കു, ശുദ്ധജലം വിതരണം ചെയ്യാൻ സംഭരിച്ചു വെച്ചിരുന്നയിടം..ആ പൊക്കത്തിലുള്ള കെട്ടിടത്തിന്റെ മുകളിലായിരുന്നത്രേ..
ശുദ്ധജലസംഭരണി ഉണ്ടായിരുന്നത്..
ആദ്യം കാണുന്ന കരിങ്കൽ കോട്ട..
ഓഫീസ്സാണെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു..
ഇതാണു റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്തിരുന്ന ഇടം...
ആസ്ബറ്റോസ് ഷീറ്റ് ഈ അടുത്ത കാലത്ത് ഇട്ടിരിക്കുന്നതാണെന്നു തോന്നുന്നു..


പ്രേതനഗരത്തിലേക്കുള്ള യാത്ര..!!
മണ്ണിനടിയിൽ പോയ പഴയൊരു സംസ്കാരത്തെ തേടിയുള്ള യാത്രയായിരുന്നു..
ഒരിക്കൽ ഇവിടെ നിന്നും ജീവിച്ച് കൊതി തീരാതെ മണ്മറഞ്ഞു പോയ ഒരു കൂട്ടം നിസ്സഹായരായ ജനങ്ങൾ..
അലമുറയിട്ടു കരയുന്നതു പോലെ..
ചെവിയിൽ അതിന്റെ മറ്റൊലി ഒരു ചുഴലികൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്നു..
തിരിച്ചു പോകുമ്പോൾ..
കുറഞ്ഞത് ഞാനെങ്കിലും..
ദു:ഖിതനായിരുന്നു..
ഈ പ്രേത നഗരത്തിലേക്ക് ഇനിയും വരണമെന്ന പ്രതീക്ഷയോടെ..

Monday, May 24, 2010

പ്രേതനഗരത്തിലെ അവശേഷിപ്പുകള്‍. ഭാഗം-1

ധനുഷ്കോടി എന്ന പ്രേത നഗരിയേപറ്റി കേള്‍വിപ്പെട്ട നാള്‍ മുതല്‍ മനസ്സില്‍ കയറിക്കൂടിയതാണു എങ്ങിനെയും അവിടം അന്ദര്‍ശിക്കുക എന്നത്. ദക്ഷിണകാശിയായ രാമേശ്വരത്തേക്കുള്ള തീര്‍ത്ഥാടനയാത്ര ഒരുക്കിയപ്പോള്‍; അതില്‍ ധനുഷ്കോടി കൂടി ഉള്‍പ്പെടുത്തിയതിന്റെ പ്രധാന ഉദ്ദേശം ചരിത്രപരമായ അവശേഷിപ്പുകള്‍ നേരില്‍ കണ്ട് ബോധ്യപ്പെടുക എന്നതു കൂടിയായിരുന്നു. സന്ദര്‍ശനതീയതി അടുക്കാറായപ്പോഴേക്കും ‘ലൈല’ വിലങ്ങുതടിയായേക്കുമോ എന്ന ഭയാശങ്കകളെ തൂത്തെറിഞ്ഞ് മറ്റു സഹയാത്രികര്‍ക്ക് ധൈര്യം നല്‍കി ഉറച്ച പാറ പോലെ നിന്നതിനു പിന്നിലും ധനുഷ്കോടിയോടുള്ള അമിതമായ പ്രേമം തന്നെയായിരുന്നു.


മുന്‍ നിശ്ചയപ്രകാരം ഇരുപത്തിഒന്നാം തീയതി രാത്രി എട്ടു മണിക്കു തന്നെ പതിനാല് അംഗങ്ങളടങ്ങുന്ന ഞങ്ങളുടെ സഘം യാത്രതിരിച്ചു. ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി മുതല്‍ അറുപതു വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്നവര്‍ വരെ ഉള്‍പ്പെട്ടിരുന്ന സംഘം രാമേശ്വരം, ധനുഷ്കോടി, തിരുച്ചെന്തൂര്‍, കന്യാകുമാരി, ശുചീന്ദ്രം, പത്മനാഭപുരം കൊട്ടാരം, കോവളം എന്നീ കേന്ദ്രങ്ങളായിരുന്നു സന്ദര്‍ശിക്കുവാന്‍ ലക്ഷ്യമിട്ടിരുന്നത്. വഴിമദ്ധ്യേ; പാതിരാത്രിയോടടുത്ത് മധുരയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മുന്‍പൊരിക്കല്‍ സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇത്തവണ സാധിക്കാതിരുന്നതിന്റെ നഷ്ടബോധം മനസ്സിനെ അലട്ടിയിരുന്നു.


രാമനാഥസ്വാമിക്ഷേത്രം; രാമേശ്വരം എന്നത് ഭാരതത്തിലെ പ്രമുഖമായ പന്ത്രണ്ട് ജോതിര്‍ലിംഗക്ഷേത്രങ്ങളില്‍ ഒന്നാണ്. രാമേശ്വരം എന്ന നഗരം തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ പെട്ടതും പാമ്പന്‍ ദ്വീപില്‍ സ്ഥിതിചെയ്യുന്നതുമാകുന്നു. പ്രധാന കരയേയും രാമേശ്വരം ദ്വീപിനേയും ബന്ധിപ്പിക്കുന്നത്; ഇതിനിടയിലുള്ള പാക്ക് കടലിടുക്കിനു കുറുകേ പണിതിട്ടുള്ളതായ പാമ്പന്‍ പാലം വഴിയാണ്. 1914 ബ്രിട്ടീഷുകാരാണു ഈ പാമ്പന്‍ റെയില്‍വേ ബ്രിഡ്ജ് പണികഴിപ്പിച്ചത്. അന്നു ഇംഗ്ലണ്ടില്‍ നിന്നും നിര്‍മിച്ച പാര്‍ട്ട്സുകള്‍ ഇവിടെ എത്തിച്ച് കൂട്ടി യോജിപ്പിച്ചായിരുന്നു നിര്‍മാണം. കപ്പല്‍ച്ചാലില്‍ കപ്പല്‍ സുഗമമായി കടന്നു പോകുന്നതിനുള്ള കാന്റീലിവര്‍ ഘടിപ്പിച്ചു നിര്‍മിച്ച ഈ പാമ്പന്‍ തീവണ്ടിപ്പാലം അന്നത്തെ ഏറ്റവും അത്യാധുനിക വൈദഗ്ദ്ധ്യമാര്‍ന്ന വിസ്മയം കൂടിയായിരുന്നു. 2.3 കിമീ യായിരുന്നു ഈ പാലത്തിന്റെ നീളം. ഇത് ഭാരതത്തിലെ രണ്ടാമത്തെ നീളം കൂടിയ പാലം കൂടിയാകുന്നു. 1964 ലെ കൊടുങ്കാറ്റിലും പേമാരിയിലും പൂര്‍ണ്ണമായും തകര്‍ന്നു പോയ ബ്രിഡ്ജ് പിന്നീട് പുതുക്കിപ്പണിതാണിന്നു കാണുന്ന ബ്രിഡ്ജ്. അന്നത്തെ പ്രകൃതിദുരന്തശേഷം പണികഴിപ്പിച്ചതാണിന്നു കാണുന്ന റോഡ് പാലവും. ഇന്ദിരാഗാന്ധി പാലം എന്നു നാമകരണം ചെയ്തിട്ടുള്ള ഈ പാലം അന്നത്തെ പ്രധാനമന്ത്രി ശ്രീ.രാജീവ് ഗാന്ധിയാണു രാജ്യത്തിനു സമര്‍പ്പിച്ചത്. എന്നിരുന്നാലും ഈ പാലവും പാമ്പന്‍ പാലമെന്ന പേരിലാണിന്നു അറിയപ്പെടുന്നത്!! ഈ പാലത്തിന്റെ വരവോടു കൂടി രാമേശ്വരം തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുള്ള ആള്‍തിരക്ക് ഗണ്യമായി വര്‍ദ്ധിക്കുകയാണുണ്ടായത്. ഇന്ന് ഇന്ത്യയുടെ അഭിമാനസ്തംഭങ്ങളാണു മുന്‍പ്രസ്താവിച്ച ഈ രണ്ട് പാലങ്ങളും.


രാമേശ്വരം; ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഈ നഗരത്തില്‍ ഐതീഹ്യങ്ങള്‍ ഏറെ ഉറങ്ങിക്കിടപ്പുണ്ട്. രാമരാവണ യുദ്ധത്തില്‍ രാവണ നിഗ്രഹശേഷം തിരികെയെത്തിയ ശ്രീരാമന്‍ മോക്ഷപ്രാപ്തിക്കായി ശിവഭഗവാനെ ഉപാസിക്കുകയും, ശിവലിംഗ പ്രതിഷ്ഠ നടത്തുന്നതിനായി ലിംഗം കൊണ്ടുവരുന്നതിനു ഹനുമാനെ കൈലാസത്തിലേക്കയക്കുകയും ചെയ്തു. ഉചിതമായ മുഹൂര്‍ത്തത്തിനു മുന്‍പേ ഹനുമാനു ശിവലിംഗം എത്തിക്കന്‍ സാധിക്കാതെ വന്നതിനാല്‍, സീതാദേവിയാല്‍ മണലില്‍ പണിതീര്‍ത്ത ശിവലിംഗം രാമന്‍ പ്രതിഷ്ഠ നടത്തുകയും, പൂജിക്കുകയും ചെയ്തു. ഇതേസമയം ഹനുമാന്‍ കൈലാസത്തില്‍ നിന്നും ലിംഗവുമായി എത്തിച്ചേരുകയും; പുതിയതായി നിര്‍മിച്ച ലിംഗമുപയോഗിച്ച് പ്രതിഷ്ഠ നടത്തിയതു കണ്ട് അതീവ ദുഖിതനാകുകയും, താന്‍ കൊണ്ടു വന്ന ലിംഗം നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ നിരാശയായിരുന്നു ഫലം. തല്‍ക്ഷണം ശ്രീരാമന്‍ ഹനുമാനെ അനുനയിപ്പിച്ചു ശാന്തനാക്കുകയും, ഹനുമാന്‍ കൊണ്ടുവന്ന ലിംഗം കൂടി പ്രതിഷ്ഠ നടത്തുകയും ചെയ്തു. ഇനി മുതല്‍ ഹനുമാന്‍ കൊണ്ടുവന്ന ലിംഗത്തില്‍ ആദ്യം പൂജകള്‍ ചെയ്ത്തിനു ശേഷം മാത്രമേ സീതാദേവി നിര്‍മിച്ച് പ്രതിഷ്ഠ ചെയ്ത ലിംഗത്തില്‍ പൂജകള്‍ നടത്താവൂ എന്നു കല്‍പ്പിച്ച് അരുള്‍ ചെയ്തു. ഹനുമാന്‍ കൊണ്ടുവന്ന ലിംഗത്തിനു വിശ്വനാഥലിംഗം എന്നും, സീതാദേവി നിര്‍മിച്ച ലിംഗത്തിനു രാമലിംഗം എന്നും അന്നുമുതല്‍ അറിയപ്പെടാന്‍ തുടങ്ങി.865 അടി നീളവും, 657 അടി വീതിയുമുള്ള ഈ ക്ഷേത്രം ദ്രാവിഡിയ വാസ്തുകലയുടെ ഉത്തമോദാഹരണമത്രേ. ക്ഷേത്രത്തിനു കിഴക്കു ഭാഗത്തായി 130 അടിയും, പടിഞ്ഞാറു ഭാഗത്തയി 80 അടിയും പൊക്കത്തില്‍ രണ്ട് ഗോപുരങ്ങള്‍ നിലകൊള്ളുന്നു. മറ്റൊരു ആകര്‍ഷണമെന്തെന്നാല്‍ 4000 അടിയോളം മൊത്തത്തില്‍ നീളമുള്ള മൂന്നു ഇടനാഴികള്‍ ക്ഷേത്രത്തിനുള്ളില്‍, മണ്ടപത്തിനു ചുറ്റുമായി സ്ഥിതിചെയ്യുന്നുവെന്നാണ്. ഇരുപത്തിരണ്ട് തീര്‍ത്ഥക്കുളങ്ങള്‍ ഈ ക്ഷേത്രാംഗണത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നുണ്ട്.
ഈ തീര്‍ത്ഥക്കുളങ്ങളിലുള്ള തീര്‍ത്ഥമുപയോഗിച്ചുള്ള സ്നാനം മനസ്സിനെയും, ശരീരത്തേയും ശുദ്ധമാക്കുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ക്ഷേത്രഗോപുരത്തിങ്കല്‍നിന്നും നിന്നും 100 മീറ്റെര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന ബംഗാള്‍ ഉള്‍ക്കടലില്‍ സ്നാനം ചെയ്തിട്ടു വേണം ക്ഷേത്രത്തില്‍ പ്രവേശിക്കുവാന്‍. രമേശ്വരത്ത് പിതൃക്കള്‍ക്ക് വേണ്ടി ബലിയിടുന്നത് പ്രാധാന്യമേറിയ ഒന്നാണ്. പ്രേതനഗരം മനസ്സിനെ കൂടുതലായി ആവാഹിച്ചതിനാല്‍ ദൃതഗതിയില്‍ ക്ഷേത്രദര്‍ശനം നടത്തി ഞാന്‍ റൂമിലേക്ക് തിരിച്ചു നടന്നു.


(തുടരും)

Tuesday, May 18, 2010

ദുസ്വപ്നം

സ്വീകരണമുറിയില്‍ കിടന്നിരുന്ന സോഫ ബെഡ്ഡിന്റെ ഒരു വശം ഉയര്‍ത്തിയെടുത്ത് ശക്തിയായി നിലത്തടിച്ചു. ബെഡ്ഡിന്റെ ഇരുമ്പുകാലുകള്‍ മൊസൈക് തറയുമായുള്ള ശക്തമായ കൂട്ടിയിടിയില്‍ പൊട്ടിപ്പൊളിഞ്ഞു. ഇരുമ്പുകാലുകള്‍ വളഞ്ഞ് ഒടിഞ്ഞ് സോഫായുടെ ഒരു വശം നിലത്തു പതിഞ്ഞു കിടക്കുന്നു. കര്‍ണ്ണകഠോരമായ ആ ശബ്ദം മനസ്സില്‍ ഭീതി സൃഷ്ടിക്കുകയും, അതു മൂലം ദേഹമാസകലം വിറകൊള്ളുകയും ചെയ്തു തുടങ്ങി. ആരോ ഉച്ചത്തില്‍ കൂവി കരയുന്ന ഒച്ച മറുവശത്തു നിന്നും ചെവിയിലേക്ക് തുളച്ചു കയറി. ഉച്ചത്തിലുള്ള ആ കൂവല്‍ പതിയെ കുറഞ്ഞ്, പിന്നെയും കൂടി കര്‍ണ്ണപുടത്തില്‍ പ്രതിധ്വനിച്ചു കൊണ്ടിരുന്നു. തദവസരത്തില്‍ ഒരു വശം ഒടിഞ്ഞു കിടന്നിരുന്ന സോഫായുടെ മറുവശത്തു നിന്നാ ഭീകരസത്വം എന്റെ നേര്‍ക്കടുത്തു. കാലുകള്‍ അനങ്ങുന്നില്ല. ഓടി രക്ഷപെടണമെന്നുണ്ട്. എന്നെ കടിച്ചു തിന്നാനെന്ന വിധം എന്റെ നേര്‍ക്കടുക്കുന്ന ആ ഭീകര സത്വത്തെ കണ്ടപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം ഉച്ചത്തില്‍ അലമുറയിട്ടു കരഞ്ഞു. ശബ്ദം വെളിയിലേക്കു വരുന്നില്ല. സത്വം പാഞ്ഞടുക്കുന്നു. ഓടാനും കഴിയുന്നില്ല. കാലുകള്‍ നീട്ടി ഓടാന്‍ ശ്രമിക്കുന്നുണ്ട്. അവസാനം സത്വത്തിന്റെ നീണ്ട കൂര്‍ത്ത നഖങ്ങള്‍ ഉള്ള വിരലുകള്‍ എന്റെ ദേഹത്ത് തൊട്ടു തൊട്ടില്ല എന്ന വിധത്തില്‍ എത്തിയപ്പോള്‍; സര്‍വ്വ ശക്തിയുമെടുത്ത് ഞാന്‍ മുന്‍പോട്ട് കുതിച്ചു. സത്വമെന്റെ പിന്നില്‍ തന്നെയുണ്ട്. പരമാവധി സ്പീഡില്‍ ഞാനും. തൊട്ടു തൊട്ടില്ല എന്ന മട്ടില്‍. ഓടിയോടി അവസാനം ഒരു കൂട്ടില്‍ ചെന്നു കയറി. അതില്‍ നിറച്ചും വിവിധ തരം പാമ്പുകള്‍ തലങ്ങും വിലങ്ങും ഓടി നടക്കുന്നു. ഒരു വേള അറച്ചു നിന്നു. കൂട്ടിലേക്കെടുത്തു വെച്ച വലം കാല്‍ പിന്‍ വലിച്ചു നിന്നു പുറകോട്ട് ശ്രദ്ധിച്ചു. കറുത്തു ഭീകരസത്വം പുറകെ തന്നെയുണ്ട്. ഇപ്പോഴാണു ശ്രദ്ധിക്കുന്നത്; സത്വത്തിന്റെ കടവായില്‍ നിന്നും ചോര ഒഴുകി ഒലിച്ചു വരുന്നുണ്ട്. ഇവിടെ എല്ലാം പൂര്‍ത്തിയാകുമോ??
രണ്ടും കല്‍പ്പിച്ച് പാമ്പുകള്‍ക്കിടയിലൂടെ ഓടി. ചില പാമ്പുകളെ ചവിട്ടി മെതിച്ച് പാഞ്ഞു. വേദനയേറ്റ പാമ്പുകള്‍ പ്രതികാര ദാഹികളായി എന്നെ പിന്തുടര്‍ന്നു. ഇപ്പോള്‍ ഒരു കൂട്ടം പാമ്പുകളും, പുറകേ ആ ഭീകര സത്വവും എന്നെ വകവരുത്തുവാന്‍.. ഓടി തളര്‍ന്നവശയായിത്തുടങ്ങി. ഒരു വട്ടം തിരിഞ്ഞു നോക്കി; പ്രതികാരദാഹികളെന്നോണം അവറ്റ എന്റെ നേരെ പാഞ്ഞടുത്തു കൊണ്ടിരിക്കുന്നു. പെട്ടന്ന് മുന്‍പിലതാ ഒരു കാട്ടനക്കൂട്ടം. കൂറ്റന്‍ കറുത്ത പാറകള്‍ അടുക്കി വെച്ചിരിക്കുന്ന പോലെ. കാലുകള്‍ നിശ്ചലമായി. വഴി മുറിഞ്ഞിരിക്കുന്നു. ആനകളും എന്റെ നേര്‍ക്കടുക്കുന്നു. ഓടി രക്ഷപ്പെടാനിനി ഇടമില്ല.
എന്തു ചെയ്യും. മനസ്സ് മരവിച്ചു തുടങ്ങി. ബുദ്ധി മങ്ങിത്തുടങ്ങുന്നു. ബോധം മറയുന്ന പോലെ. ഓടിയടുത്ത ആ ഭീകര സത്വം നിസ്സഹായയായി എന്റെ ദേഹത്തേക്ക് പറന്നു കയറി. ശക്തിയായ ആ തള്ളലില്‍ ഞാന്‍ താഴേക്കു മറിഞ്ഞു വീണു. സത്വം ഒരു ഗൌളിയേപ്പോലെ എന്റെ മേല്‍ അള്ളിപ്പിടിച്ചിരിക്കുന്നു. ഇരയെ വിഴുങ്ങാനുള്ള വെമ്പലോടെ പാമ്പുകളും, ആനകളും എന്നെ വട്ടമിട്ടു നടക്കുന്നു. രക്ഷപെടാന്‍ അവസാനത്തെ വഴിയുമടഞ്ഞോ?? അള്ളിപ്പിടിച്ചു ദേഹത്തിരിക്കുന്ന സത്വത്തെ സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞെറിയാന്‍ ശ്രമിച്ചു. കഴിയുന്നില്ല. കൂടുതല്‍ പിടിമുറുക്കുകയാണു. എല്ലാ പ്രതിരോധശക്തിയും ഇവിടെ തീരുകയാണോ.. പൊട്ടിക്കരഞ്ഞു... അമ്മേ...!!!! ശക്തിയായി ആരോ ദേഹത്ത് അടിക്കുന്നു..


അമ്മേ; എഴുന്നേല്‍ക്കൂ അമ്മേ; ഇതെന്താ സ്വപ്നം കണ്ടതാണോ...
മരുന്നു കഴിച്ചിട്ടു കിടക്കണമെന്നു എന്നും പറയണോ...
മനുഷ്യനു പണിയുണ്ടാക്കാന്‍...


ഞെട്ടി എഴുന്നേറ്റു...
ദേഹമാസകലം വിറ കൊള്ളുന്നു...
ഉറങ്ങാനുള്ള മരുന്നു കഴിക്കാന്‍ മറന്നു പോയിരിക്കുന്നു...
പാവം മോന്‍..
അവന്‍ ഞെട്ടിപ്പോയിക്കാണും..
മരുന്നു ഡപ്പിയെടുത്ത്; ഉറക്കത്തിന്റെ ഗുളിക ഒരെണ്ണം എടുത്ത് വായിലിട്ടു..
കൂജയില്‍ നിറച്ചിരുന്ന വെള്ളമെടുത്ത് കുടുകുടാ വായിലോട്ടു കമിഴ്ത്തി..
ഭിത്തിയോട് ചാരിയിരുന്നു കണ്ണുകള്‍ ഇറുക്കിയടച്ചു..

Sunday, May 16, 2010

ഒരു പാവം കൊട്ടേഷന്‍കാരന്‍

വൈകിട്ട് കൂലിപ്പണി കഴിഞ്ഞു വരുമ്പോള്‍ തട്ടിന്‍പുറം ഷാപ്പില്‍ കയറി ഇത്തിരി അന്തി സേവിക്കുന്നത് പതിവുള്ള കാര്യമാണ്. ആഴ്ചാവസാനാമായതിനാല്‍ കൂലി തീര്‍ത്തു കിട്ടിയ തുകയില്‍ നിന്നും രണ്ടു കിലോ കോഴിയിറച്ചിയും, പലവ്യഞ്ജനവും, പച്ചക്കറിയും മാര്‍കെറ്റിലെ ഹമീദക്കാന്റെ കടയില്‍ നിന്നും വാങ്ങിയത്; ശിഷ്യനായ കുഞ്ഞോന്റെ കൈയില്‍ വീട്ടിലോട്ടു കൊടുത്തു വിട്ടിട്ട് വയറിനെ പ്രീതിപ്പെടുത്താന്‍ ഷാപ്പിലോട്ടുള്ള കുത്തുകല്ലു കയറി. ഷാപ്പില്‍ പതിവു പോലെ പറ്റുപടിക്കാരെല്ലാം ഉണ്ടായിരുന്നു. ഷാപ്പിന്റെ മുന്‍പില്‍ പുതിയതായി പണിത കാത്തിരുപ്പു ഷെഡില്‍ ഇരുന്നു പത്രം വായിച്ചു കൊണ്ടിരുന്ന രമേഷേട്ടനേയും, ബാബു ചേട്ടനേയും വിഷ് ചെയ്തു; അകത്തു കയറി വലത്തേ സൈഡില്‍ ഇന്നല്ലെങ്കില്‍ നാളെ എന്ന രീതിയില്‍ ആടി കിടന്ന ബഞ്ചില്‍ ആസനസ്ഥനായി. ചെത്തിയെടുത്ത അന്തിക്കള്ളും, കറിക്കാരന്‍ കുമാരേട്ടന്റെ പെണ്ണുംമ്പിള്ളയുടെ കൈപ്പുണ്ണ്യത്താല്‍ കുടം പുളിയിട്ടു വറ്റിച്ച സ്വാദിഷ്ഠമായ അയലക്കറിയും ഞൊട്ടി നുണഞ്ഞ് സഹകുടിയന്‍മാരോട് അന്നത്തെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തങ്ങിനെ ഇരിക്കുമ്പോഴാണു..

“അണ്ണാറക്കണ്ണാ വാ.. പൂവാലാ..”
അണ്ടെര്‍വെയറിന്റെ പോക്കെറ്റില്‍ കിടന്ന മൊബൈല്‍ റിങ്ങ് ചെയ്യാന്‍ തുടങ്ങിയത്..
“ഹലോ...ലോ...“
“രാജേഷല്ലേടാ..“
“അതേന്ന്..“
“ടാ.. ഇതു ഞാനാ വിനോദാന്നേ.. വിനോദ് രവി“
“എന്നാ ചേട്ടായീ; ഈ സമയത്ത്..“
“ടാ.. നീ ഇന്നലെ കൂടീപ്പോ പറഞ്ഞില്ലേ ഒരാഗ്രഹം..“
“ങ്ഹൂം..“
“ഒരു ‘മാച്ച് ‘ ഇന്നു കളിക്കാനുണ്ട്.. ഓള്‍ ഔട്ടാക്കേണ്ട കേസാ; അപ്പോ വരുവല്ലേടാ..“

ഒരു നിമിഷം; ചങ്കിനകത്തൂടെ വെള്ളിടി ഒരെണ്ണം കയറി പോയതു പോലെ. ദേഹമസകലം വിറ കൊള്ളുന്നു. മോന്തി കിട്ടിയ പൂസൊക്കെ ഉരുകിയൊലിച്ചു പോയതു പോലെ. തലേ ദിവസം; എതിര്‍വശത്തു കിടന്നിരുന്ന ഇരിപ്പിടത്തിലിരുന്നു കുടിച്ചു കൂതറയായപ്പോള്‍ വിനോദ് ചേട്ടാ‍യിക്കു കൊടുത്ത വാഗ്ദാനം ഇപ്പോഴാണു തലേലോട്ടോടിക്കേറീത്.

“അപ്പഴെ; നീയെവിടാടാ പൊന്നാംകട്ടേ..??”
“ഞാന്‍..
അത്.. ...”
“പറയെടാ.. എവിട്യാ??”
“ഞാന്‍ തട്ടിന്‍പുറത്തുണ്ട്.”
“ഹഹഹാ.. ന്നാ ഞാനങ്ങു വന്നു പൊക്കിക്കോളാം..”

വേണ്ടാ എന്നു മറുപടി കൊടുക്കാന്‍ നാവു പൊന്തീലാ. ചേട്ടായിയോടെതിര്‍ത്തിട്ടുള്ളവരാരും ഒറ്റ നടക്കു പോയിട്ടില്ല. ഇന്നലെ ആ നശിച്ച സമയത്ത് അങ്ങനെ പറയാന്‍ തോന്നിയ നാവിനെ സ്വയം ശപിച്ചു. ആ തൊമ്മിയാണിതിനൊക്കെ കാരണം. അവന്റെ കൂടെ കൂടിയ അന്നു മുതല്‍ക്കാണു വിനോദ് രവിയെന്ന കൊട്ടേഷന്‍ ഗുണ്ടയെ താന്‍ പരിചയപ്പെടുന്നത്. റിട്ടയേറ്ഡ് പോലീസുകാരന്റെ മകനായ ചേട്ടായി എങ്ങിനെ ഈ പാളയത്തില്‍ അകപ്പെട്ടു എന്നോര്‍ത്ത് താന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഒത്ത തടിയും പൊക്കവുമുള്ള ചേട്ടായി; കാവിലെ തൂക്കത്തിന്റെ അന്നു ടൌണിലെ സുപ്രസിദ്ധ ബാറിലെ ആസ്ഥാന ഗുണ്ടയായ നൈജു ഫിലിപ്പിനെ തൂക്കിയെടുത്തിട്ടു ചാമ്പിയ രംഗം ഇപ്പോഴും മനസ്സില്‍ ഭീതി പരത്തുന്നുണ്ട്. ആ ഭീകരനാണു ഇന്ന്.. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍.. മാച്ചും.. ഓള്‍ ഔട്ടും.. ആരെയോ തീര്‍ക്കാനുള്ള പരിപാടിയാണ്. അതില്‍ പങ്കാളിയാകാനാണു തന്നെ ക്ഷണിച്ചിരിക്കുന്നത്. തലേ ദിവസത്തെ കള്ളു കുടി കൂടിപ്പോയതിന്റെ പ്രതിഫലം. കുഞ്ഞോന്റെ കൈയ്യില്‍ വീട്ടിലോട്ടു കൊടുത്തു വിട്ട ചിക്കെന്‍കഷ്ണങ്ങളിപ്പോള്‍ അടുപ്പത്തു കിടന്നു വേവുകയായിരിക്കും. അല്ലെങ്കിലും പെങ്ങള്‍ക്കറിയാം; ഏട്ടന്‍ വരുന്നത് ഒരാനയെ തിന്നാനുള്ള വിശപ്പുമായായിരിക്കുമെന്ന്. അവള്‍ എല്ലാം റെഡിയാക്കി വെച്ചിരിക്കും. താന്‍ ചെന്നിട്ട്; കൈകഴുകി ഇരിക്കുകയേ വേണ്ടൂ. അച്ഛന്‍ ഇന്നു വീട്ടിലില്ലാത്ത ദിവസവുമാണ്. രാവിലെ പണിക്കിറങ്ങുമ്പോള്‍ അച്ഛന്‍ ഓര്‍മിപ്പിച്ചതയാളുടെ മനസ്സില്‍ നിറഞ്ഞു.
“അവിടെം ഇവിടെം വായും പൊളിച്ചിരിക്കാണ്ട് നേരത്തേം കാലത്തും കുടീലേക്കെത്തണം ട്ടോ ടാ...
പെണ്ണു തനിച്ചേയുള്ളൂ..”
അയാളുടെ മസ്തിഷ്കത്തില്‍ മയങ്ങിക്കിടന്നിരുന്ന ബുദ്ധിയുടെ നാമ്പുകള്‍ ഉണര്‍ന്നു..
എത്രയും പെട്ടന്നു ഇവിടെ നിന്നും മുങ്ങുക തന്നെ..
ഗ്ലാസ്സില്‍ പാതിയിരുന്ന കള്ള് ഒറ്റയടിക്കു വായിലേക്ക് കമിഴ്ത്തി; പറ്റ് വരവു വെച്ച്..
വെളിയിലേക്കു ചാടി..
എത്രയും പെട്ടന്നു വീടു പറ്റണം.

“രാജേഷേ..; മോനേ നീ എങ്ങോട്ടാ പോണെ..”

ഷാപ്പിന്റെ മുന്‍പില്‍ നിന്നും നേരെ ചെന്നു ചാടിയത് ചേട്ടായീടെ ശിങ്കിടികളുടെ ബൈക്കുകളുടെ മുന്‍പിലേക്ക്..!!
ഈ നശിച്ച ടൈമിങ്ങ്..
മനസ്സില്‍ ആവോളം സ്വയം പ്രാകി.
പെരുവിരലില്‍ നിന്നും ചെറിയൊരു വിറ തുടങ്ങീട്ടുണ്ടായിരുന്നു.

‘ന്നാ ബാ; കേറ്..
ഇനി അവിടെ ചെന്നിട്ടു കഴിക്കാം..”
“ഇല്ല ചേട്ടാ.. ഞാന്‍ വരണില്ല;
വീട്ടിപ്പോയിട്ടു ഇത്തിരി പണീണ്ട്..”
“പോടാവേ ഒന്ന്; വീട്ടിലു കാത്തിരിക്കാന്‍ പെണ്ണുമ്പിള്ളയൊന്നുമില്ലല്ലോ..
കേറ് മോനേ ദിനേശാ വണ്ടീല്..”
“ന്നാ.. ഞാനൊന്നു വീട്ടീപ്പോയിട്ടു വരാം..”
“ മുങ്ങാനൊള്ള പരിപാടിയാ അല്ലേ അളിയാ !!
പേടിച്ചു തൂറി.. ഇവനല്ലേ ഇന്നലെ കൂതറയായപ്പോല്‍ ഇക്കണ്ട വീരവാദ്യം മൊത്തോം മൊഴക്കിയെ..
പ്പോ; ഇത്രക്കൊക്കെ ഒള്ളു ലേ.. ഹിഹിഹി “

അബോധമനസ്സിലെ ആണത്തവും, അതുണ്ടാക്കിത്തന്ന വയറ്റിലെ കള്ളും ഒരേ നിമിഷം സടകുടഞ്ഞെഴുന്നേറ്റു.


ടൌണില്‍; മുത്താരം കുന്നു ഹില്‍ ടോപ്പിലെ വിജനമായ ഒരിടത്ത് സൈഡൊതുക്കിയിട്ടിരുന്ന സ്കോര്‍പ്പിയോ ജീപ്പിനടുത്തേക്ക് തന്നെയവര്‍ എത്തിച്ചു. എന്നിട്ട് പറഞ്ഞു..
“ ദാ അതിന്റകത്തു വിനോദ് ചേട്ടായിയിരുപ്പുണ്ട്..”
ബാക്ക് ഡോര്‍ തുറന്നു തന്ന് അതിലോട്ടു കയറി ഇരിക്കാന്‍ ഒരു അപരിചിതന്‍ ആംഗ്യം കാണിച്ചു. ജീപ്പിനുള്ളിലെ സുഖശീതളിമയില്‍ മുഴുകവേ ഞാന്‍ സഹമുറിയന്മാരെ ശ്രദ്ധിച്ചു. ജീപ്പിനുള്ളില്‍ ചേട്ടായിയടക്കം നാലു പേര്‍ ഉണ്ടായിരുന്നു. പിന്നെ കുറച്ചു വടിവാളു പോലത്തെ കത്തികളും, ഇരുമ്പു ദണ്ഡുകളും, സൈക്കില്‍ ചെയിനുകളും. കയറി ഇരുന്നയുടന്‍ വെട്ടുഗ്ലാസില്‍ നിറച്ച കടും ചുവന്ന നിറത്തിലുള്ള മദ്യം എന്റെ നേര്‍ക്ക് നീട്ടി. ഒഴിച്ചു നീട്ടിയ മദ്യം വെള്ളം തൊടാതെ വായിലോട്ട് ഒറ്റയടിക്കു ഞാന്‍ കമിഴ്ത്തി. എന്നിട്ടാണു കുനിഞ്ഞിരുന്ന നാലാമനെ ശ്രദ്ധിച്ചത്. തൊമ്മി !! പേടിച്ചു തൂറി തൊമ്മി !!
അടിക്കും, മലര്‍ത്തും, ഉരുട്ടും എന്നൊക്കെ മിനിട്ടിനു മിനിട്ടിനു വീരവാദ്യം മുഴക്കുന്ന തൊമ്മി പമ്മിയിരിക്കുന്ന കാഴ്ച കണ്ടപ്പോള്‍ സത്യത്തില്‍ വളരെ പാവം തോന്നി. വയറ്റില്‍ മദ്യം ചെല്ലും തോറും പേടിയിലേക്കുള്ള നീളം കുറഞ്ഞതായി അനുഭവപ്പെട്ടു തുടങ്ങി. എങ്കിലും..


സമയം 10.30..
ചേട്ടായിയുടെ മൊബൈല്‍ ഇടക്കിടക്ക് റിങ്ങ് ചെയ്യുന്നത് അവ്യക്തമായി ഓര്‍മ്മയില്‍ പതിയുന്നുണ്ടായിരുന്നു. ഇപ്പോള്‍ വണ്ടിയില്‍ ഞങ്ങള്‍ ഒന്‍പത് പേരുണ്ട്. ബാക്കിയുള്ളവരൊക്കെ ഇടക്കെപ്പോഴോ വഴിയില്‍ നിന്നു കയറിയതണെന്നു തോന്നുന്നു. മൂവാറ്റുപുഴ ടൌണ്‍ വിട്ട് എം.സി. റോഡിലോട്ട് കയറി സ്കോര്‍പിയോ സ്പീഡില്‍ ഓടാന്‍ തുടങ്ങി. പലായനം ചെയ്തിരുന്ന മനസ്സ് പതിയെ വീണ്ടും യാഥാര്‍ത്ഥ്യത്തിലേക്കു തിരിച്ചു വരാന്‍ തുടങ്ങിയിരുന്നു. മണ്ണൂരടുക്കാനുള്ള സമയമാകുന്നു. അവിടെയാണു മാച്ച് ടാര്‍ജെറ്റ് ചെയ്തിരിക്കുന്ന സ്ഥലം. പൂസിനിടയില്‍ മനസ്സില്‍ പതിഞ്ഞിരുന്ന കാര്യങ്ങള്‍ മനസ്സിനുള്ളിലേക്ക് ഓടിയടുക്കാന്‍ തുടങ്ങി. ഏതോ പ്രമുഖ കച്ചവടക്കാരന്റെ കഥ കഴിക്കാനാണീ പോക്ക്. രണ്ട് ബ്രാന്‍ഡുകള്‍ തമ്മിലുള്ള കുടിപ്പകയ്ക്ക് അറുതി വരുത്താനുള്ള കൊട്ടേഷന്‍. ഓര്‍ത്തപ്പോള്‍ ചെറിയൊരു ഭീതിയും ഒപ്പം ദേഹമാസകലം വിറയലും തിരിച്ചു വരുവാന്‍ തുടങ്ങി.


മണ്ണുര്; പ്രൈവറ്റ് ബസ് പെരുമ്പാവൂര്‍ക്കു പോകുന്ന റോഡിലേക്കിറങ്ങി, കനാലിന്റെ ഓരത്ത് വെളിച്ചമില്ലാത്ത ഒരു തണല്‍മരത്തിന്റെ കീഴില്‍ സ്കോര്‍പിയോ പാര്‍ക്ക് ചെയ്തു. വിനോദ് രവിയുടെ ഫോണിലേക്ക് തുരുതുരാ കോളുകള്‍ വരുന്നുണ്ടായിരുന്നു.


“അണ്ണാറക്കണ്ണ വാ.. പൂവാലാ..”
വീണ്ടും മൊബൈല്‍ റിങ്ങ് ചെയ്തു.
അമ്മ!!
വിദേശത്ത് ; ഒരു പരിചയക്കാരുടെ വീട്ടിലെ വേലക്കാരിയണമ്മ.
വീട്ടില്‍ വിളിച്ചിരിക്കും..
പെങ്ങള്‍ പറഞ്ഞിരിക്കും..
താനിതുവരെ വീട്ടിലെത്തിയിട്ടില്ല എന്നത്..
അച്ഛനുമില്ലല്ലോ..
കള്ളും കുടിച്ച് ആരാന്റേം തിണ്ണ നെരങ്ങി നടക്കുവാണെന്നു കരുതി ചീത്ത പറയാന്‍ വിളിക്കുന്നതാണ്.
കട്ട് ചെയ്ത് ഫോണ്‍ ഓഫ്ഫ് ചെയ്തു.
ബന്ധങ്ങള്‍..
മനസ്സിലേക്ക് ഒരു ആന്തലോടെ കടന്നു വന്നു..
തന്റെ പെങ്ങള്‍ തനിച്ച്; വീട്ടില്‍..
തന്റെ യാതൊരു വിവരവുമറിയാതെ അവള്‍ വിഷമിച്ചിരിക്കുകയാകും..
ഏതു നശിച്ച നിമിഷത്തിലാണവോ താനീ കുരുക്കിലകപ്പെട്ടത്..
ഇരയെ വഹിച്ചു കൊണ്ടു വരുന്ന വാഹനവും പ്രതീക്ഷിച്ചിരിക്കുകയാണു സഹഗുണ്ടകള്‍.!!
മിനിട്ടുകള്‍ക്കുള്ളില്‍ താനും ഒരു കൊലപാതകിയാകും.
മനസ്സ് തളരുന്നു..
ഒന്നും വേണ്ടായിരുന്നു..
എതിര്‍ത്തു പറയാമായിരുന്നു; താനീ പണിക്കില്ല എന്ന്..
വിദൂരതയിലേക്കയച്ചിരുന്ന മിഴികള്‍ തൊമ്മീടെ നേരെ പറിച്ചു നട്ടു.
ഒന്നും മിണ്ടാതെ നിശ്ചലാവസ്ഥയിലിരിക്കുകയാണു; പാവം !!
വീരവാദം ഘോരം ഘോര പ്രസംഗം നടത്തിയിരുന്ന അവന്റെ ധൈര്യമൊക്കെ ചോര്‍ന്നു പോയോ??
ഇറങ്ങി ഓടി രക്ഷപ്പെട്ടാലോ..
കൂലിപ്പണി എടുത്തു കിട്ടുന്ന നാലുകാശുകൊണ്ടാണെങ്കിലും മനസമധാനത്തോടെ വീട്ടില്‍ കിടന്നുറങ്ങമല്ലോ..
നാളെ... ഞാനൊരു കൊലപ്പുള്ളിയായി മുദ്രകുത്തപ്പെട്ടാല്‍..
എന്റെ മാതാപിതാക്കള്‍..
എന്റെ കുഞ്ഞനിയത്തി..
അവളുടെ പഠിപ്പ്; ഭാവി..


വീണ്ടും വിനോദ് രവിയുടെ മൊബൈല്‍ റിങ്ങ് ചെയ്യുന്നു. എടുത്ത് കുപിതനായി സംസാരിക്കുന്നു. ഫോണ്‍ ജീപ്പിന്റെ മുന്‍സീറ്റിലേക്ക് വലിച്ചെറിഞ്ഞ്..
“ ഹും.. പുല്ലന്മാര്‍..
വാക്കു മാറിയിരിക്കുന്നു..
വാടാ നമുക്കു തിരിച്ചു പോകാം..
നമുക്ക് തരാമെന്നേറ്റ തുകയിലും താഴ്തി വേറെ ഏതോ കഴുവര്‍ടെ മക്കള്‍ ഏറ്റിട്ടുണ്ടെന്നു..
ദരിദ്രവാസികള്‍..
വാക്കിനു വിലയില്ലത്ത നായിന്റെ മക്കള്‍..
പോട്ടെ പുല്ല്..
തിരിക്കെടാ വണ്ടി..”


ഹൂ...
ദീര്‍ഘനിശ്വാസം..
എതിര്‍വശത്തിരിക്കുന്ന തൊമ്മിയില്‍ നിന്നുയര്‍ന്ന ദീര്‍ഘനിശ്വാസം വ്യക്തമായി കേള്‍ക്കാമായിരുന്നു..
കാലിന്റെ ചുവട്ടില്‍ ചേതനയറ്റ പോലെ കിടന്നിരുന്ന മാരകായുധങ്ങള്‍ അവജ്ഞയോടെ ഞങ്ങള്‍ രണ്ടും നോക്കിയിരുന്നു.


ടൌണില്‍; മുത്താരം കുന്നിലേക്ക് തിരിയുന്ന കവലയില്‍ വന്നു തിരിച്ചിറങ്ങുമ്പോള്‍, ഒരു നവജീവിതം തിരികെ കിട്ടിയ അവസ്ഥയിലായിരുന്നു ഞാനും, തൊമ്മിയും. ഓടുകുകയായിരുന്നു ഞങ്ങള്‍ വീട്ടിലേക്ക്.
വീടിനുള്ളില്‍ കയറി; കിടക്കയില്‍, നീണ്ടു നിവര്‍ന്ന്, മൂടിപ്പുതച്ചു കിടന്നപ്പോള്‍..
ഇതുവരെ അനുഭവപ്പെടാത്ത സുരക്ഷിതത്വബോധവും, മനസമാധാനവും മനസ്സിന്റെ കോണില്‍ അലയടിക്കുന്നുണ്ടായിരുന്നു..

Friday, May 07, 2010

വീണ്ടും ഒരു മീറ്റിലേക്കും ഈറ്റിലേക്കും സ്വാഗതം..

ആഗസ്റ്റ് 8 നു ഒരു ബ്ലോഗ് മീറ്റ് കൂടുവാന്‍ ശ്രീ.പാവപ്പെട്ടവന്റെ സാന്നിദ്ധ്യത്തില്‍ ആഗ്രഹിക്കുന്നു.
ആയതിലേക്ക് തൊടുപുഴ തിരഞ്ഞെടുക്കണമോ വേണ്ടയോ എന്നതിലേക്കും;
ടി. മീറ്റില്‍ പങ്കെടുക്കുവാനും അഭ്യര്‍ത്ഥിച്ചു കൊണ്ട് ബൂലോകരുടെ ശ്രദ്ധ താഴെകൊടുത്തിരിക്കുന്ന പോസ്റ്റിലേക്ക് ക്ഷണിക്കുന്നു..http://www.pavapettavan.com/2010/05/blog-post.html