Monday, June 21, 2010

തൊടുപുഴയ്ക്ക് എങ്ങിനെ എത്തിച്ചേരാം?? ഒരു മീറ്റ് പോസ്റ്റ് കൂടിസുഹൃത്തുക്കളേ;

കഴിഞ്ഞ വര്‍ഷത്തെ രണ്ട് മീറ്റുകളില്‍ പങ്കെടുക്കുവാനും ആയത് ഓര്‍ഗനൈസ് ചെയ്തു വിജയിപ്പിക്കുവാനും സാധിച്ചതിലുള്ള സന്തോഷവും കൃതജ്ഞതയും ഈ നിമിഷം നിങ്ങളൂടെ ഓര്‍മ്മയില്‍പ്പെടുത്തട്ടെ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സീനിയര്‍ ബ്ലോഗേര്‍സിന്റെ സാന്നിദ്ധ്യം തുലോം കുറവാണെങ്കിലും; പുതു രക്തങ്ങളുടെ ആവേശം മീറ്റിന്റെ അണിയറപ്രവര്‍ത്തനങ്ങളീല്‍ വളരെയേറെ ഉന്മേഷം നല്‍കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ മീറ്റുകള്‍ ഇനിയും കാണാത്തവര്‍ക്കായി താഴെയുള്ള ലിങ്കുകള്‍ വഴി പോയി നോക്കി ആസ്വദിക്കാവുന്നതാണ്.

തൊടുപുഴ മീറ്റ്

ചെറായി മീറ്റ് പാര്‍ട്ട് 1

ചെറായി മീറ്റ് പാര്‍ട്ട് 2


ഇന്നിവിടെ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന കുറച്ചു കാര്യങ്ങളാണു താഴെക്കൊടുത്തിരിക്കുന്നത്.

1. തൊടുപുഴയില്‍ എത്തിച്ചേരുന്ന വിധം
ഒട്ടേറെ പേര്‍ മെയിലിലും ചാറ്റിലുമായി വന്ന് ആവശ്യപ്പെട്ട ഒന്നാണ് തൊടുപുഴയില്‍ എങ്ങിനെയാണ് എത്തിച്ചേരുക എന്നത്. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും ഏക താലൂക്കുമാണു തൊടുപുഴ.
എര്‍ണാകുളം, കോട്ടയം ജില്ലകളോട് അതിര്‍ത്തി പങ്കിടുന്ന ടൌണ്‍ കൂടിയാണു തൊടുപുഴ. തൊടുപുഴയുടെ മുഖ്യമായ മികവ് എന്തെന്നാല്‍ കേരളത്തിലെ എവിടെ നിന്നും റോഡ് മാര്‍ഗ്ഗം എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാന്‍ കഴിയും എന്നതു തന്നെയാണ്.
മുകളിലുള്ള മാപ്പില്‍ നിന്നും ഒരേകദേശധാരണ എത്തിച്ചേരാനുള്ള വഴികളേപ്പറ്റി കിട്ടിക്കാണുമെന്നു വിശ്വസിക്കട്ടെ. മീറ്റ് നടത്തുവാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് (ജ്യോതിസ് ആഡിറ്റോറിയം, മണക്കാട്) ടൌണില്‍ നിന്നും 2 കിമീയാണുള്ളത്. ഇവിടേയ്ക്ക് ബസ്സ് മാര്‍ഗ്ഗം അല്ലെങ്കില്‍ ആട്ടോ മാര്‍ഗ്ഗം എത്തിച്ചേരാവുന്നതാണു. ബസ്സിനു മിനിമം ചാര്‍ജായിരിക്കും. ആട്ടോയ്ക്ക് ഇരുപതു രൂപ. ട്രിപ്പ് ആട്ടോകള്‍ സുലഭമാണീ വഴിക്ക്. ആയതിനു ഒരാള്‍ക്ക് അഞ്ചു രൂപയേ ആകുകയുള്ളൂ. പക്ഷേ, മീറ്റ് നടക്കുന്ന ദിവസം ഒരു ഞായറാഴ്ചയായതിനാല്‍ ട്രിപ്പ് ആട്ടോകള്‍ കുറവായിരിക്കുവാന്‍ സാദ്ധ്യതയുണ്ട്.
മീറ്റിന്റെ അന്നേ ദിവസം രാവിലെ പരിമിതമായ കാലയളവില്‍; ടൌണില്‍ നിന്നും ടി.മീറ്റ് നടക്കുന്ന സ്ഥലത്ത് എത്തിച്ചേരുവാന്‍ ഗതാഗത സൌകര്യം ഒരുക്കുന്നതായിരിക്കും. ആയത് പ്രയോജനപ്പെടുത്തുവാന്‍ എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു. എവിടെ നിന്ന്, എങ്ങിനെ എന്നുള്ള വിശദാംശങ്ങള്‍ മീറ്റിനോടനുബന്ധിച്ചുള്ള നാളുകളില്‍ അറിയിക്കുന്നതായിരിക്കും. തുടര്‍ന്നുള്ള പോസ്റ്റുകള്‍ ശ്രദ്ധിക്കുവാന്‍ എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു.

വടക്കുഭാഗത്ത് നിന്നും വരുന്നവര്‍ക്ക് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ അങ്കമാലിയായിരിക്കും. തെക്കുഭാഗത്തു നിന്നുള്ളവര്‍ക്ക് കോട്ടയവും. കോട്ടയത്തു നിന്നും റോഡ് മാര്‍ഗ്ഗം 55 കിമീ സഞ്ചരിച്ചാല്‍ തൊടുപുഴയിലെത്തിച്ചേരാം. ഏകദേശം 2 മണിക്കൂര്‍ യാത്ര. എര്‍ണാകുളത്തു നിന്നും 55 കിമീ. ആലുവായില്‍ നിന്നും 55 കിമീ. ഏര്‍ണാകുളത്തു നിന്നും, കോട്ടയത്തുനിന്നും, ത്രിശ്ശൂരു നിന്നും 20 മിനിട്ട് ഇടവിട്ട് തൊടുപുഴയ്ക്ക് കെ.എസ്.ആര്‍.റ്റി.സി യുടെ ചെയിന്‍ ഫാസ്റ്റ് സെര്‍വീസ് ഉണ്ട്. ത്രിശ്ശൂരു നിന്നും 100 കിമി. കോഴിക്കോട് നിന്നും 210 കിമീ. തിരുവനന്തപുരത്തു നിന്നും 210 കിമീ. നെടുംമ്പാശ്ശേരി എയര്‍ പോര്‍ട്ട് 50 കിമീ. ഇനിയും വഴികളെ പറ്റി കൂടുതലായി അറിയേണ്ടവര്‍ക്ക് എന്റെ മൊബൈല്‍ നമ്പറിലോ, മെയില്‍ ഐ ഡി യിലോ ബന്ധപ്പെടാവുന്നതാണ്.

2. എത്രപേര്‍ പങ്കെടുക്കുന്നു??
മീറ്റിന്റെ ഈറ്റ് ഇനം പൂര്‍ണ്ണതയിലെത്തണമെങ്കില്‍; പങ്കെടുക്കാന്‍ ഉദ്ദേശിച്ച ഓരോരുത്തരും അവരുടെ കൂടെ എത്രപേര്‍ (കുടുംബാംഗങ്ങളോ കൂട്ടുകാരോ) കൂടി ടി.മീറ്റില്‍ പങ്കെടുക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട് എന്നത് വ്യക്തമാക്കേണ്ടതാണ്. ഇത് ഉറപ്പായും ഞങ്ങളെ അറിയിക്കേണ്ട ഒരു കാര്യമാകുന്നു. ആയതിനുള്ള അവസാന തീയതി ജൂലൈ 31 എന്നു നിജപ്പെടുത്തിയിരിക്കുന്നു. ആ തീയതിക്കു മുന്‍പേ ഇവിടെ അറിയിക്കാതിരിക്കുന്നവരുടെ എണ്ണം പരിഗണിക്കുന്നതല്ലാ എന്നുള്ള കാര്യം സുപ്രധാനമായ ഒരു അറിയിപ്പായി എടുക്കുവാന്‍ താല്പര്യപ്പെടുന്നു.

3. ഇ-മെയില്‍ ഐ ഡി
ടി.മീറ്റിനു പങ്കെടുക്കുവാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ ബ്ലോഗേര്‍സും തങ്ങളുടെ ഇ-മെയില്‍ ഐ ഡി ഈ പോസ്റ്റില്‍ ഒരു കമന്റായിട്ടിടുകയോ അല്ലെങ്കില്‍ എന്റെയോ പാവപ്പെട്ടവന്റെയോ മെയിലിലേക്ക് അയക്കുകയോ ചെയ്യുവാന്‍ നിര്‍ബന്ധമായും താല്പര്യപ്പെടുന്നു. കാരണം; തുടര്‍ന്ന് മീറ്റുമായുള്ള എല്ലാ വിധ അപ്ഡേഷന്‍സും ആ മെയിലുകളിലൂടെ നിങ്ങളെ അറിയിക്കുവാനാണത്. എല്ലാവരും സഹകരിക്കുവാന്‍ താല്പര്യപ്പെടുന്നു.

4. തലേ ദിവസം എത്തിച്ചേരാനുദ്ദേശിക്കുന്നവര്‍ക്കായി
തലേദിവസം എത്തിച്ചേരാനുദ്ദേശിക്കുന്നവര്‍ക്ക് താമസസൌകര്യത്തിനു റൂമുകള്‍ ആവശ്യമുണ്ടെങ്കില്‍ ഈ ജൂണ്‍ 30 നു മുന്‍പു നിര്‍ബന്ധമായും അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു. കാരണം സിനിമാക്കാരുടെ കുത്തൊഴുക്ക് തൊടുപുഴയെ കേന്ദ്രീകരിച്ചു തുടങ്ങിയതില്‍ പിന്നെ റൂമുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടായിത്തുടങ്ങിയിട്ടുണ്ട്.


തുടര്‍ന്നുള്ള വിശദാംശങ്ങള്‍ മീറ്റിനോടനുബന്ധിച്ചുള്ള പോസ്റ്റുകളില്‍ അറിയിക്കുന്നതായിരിക്കും..

പാവപ്പെട്ടവന്‍ - chalakodan@gmail.com
ഹരീഷ് തൊടുപുഴ - pdhareesh@gmail.com (Mobile No: 9447302370)

Friday, June 18, 2010

പണ്‍റൂട്ടിയിലെ ‘ചക്ക’ ഗ്രാമങ്ങള്‍

നമ്മുടെ നാട്ടില്‍ സുലഭമായി കാണപ്പെടുന്നതും അതേസമയം അതിനേക്കാളധികം പാഴാക്കിക്കളയുന്നതുമായ പ്രകൃതി വിഭവമാണു ചക്കകള്‍. എന്നാല്‍ ചക്ക കൊണ്ട് ജീവിതവൃത്തി നടത്തുന്ന ഒരു ജനവിഭാഗം നമ്മുടെ അയല്‍ സംസ്ഥാനത്ത് പാര്‍ക്കുന്നുണ്ട്. തമിഴ്നാട്ടിലെ തീരദേശജില്ലയായ കടലൂരിലെ പണ്‍റൂട്ടി താലൂക്കിലെ 114 ഗ്രാമങ്ങളിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗമാണിന്ന് ചക്കകള്‍. വ്യവസായിക അടിസ്ഥാനത്തിലാണിവിടെ ചക്കകള്‍ ഉദ്പാദിപ്പിക്കുന്നതും വിതരണം നടത്തുകയും ചെയ്യുന്നത്. പ്രാധാനമായും രണ്ട് കൃഷിയിലാണു ഇവിടത്തുകാര്‍ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. കശുവണ്ടിയാണു ഇതര കാര്‍ഷികവിള. 2001 ലെ സെന്‍സന്‍സ് പ്രകാരം പണ്‍റൂട്ടിയിലെ 114 ഗ്രാമങ്ങളിലെ ആകെ ജനസംഖ്യ 55400 ആയിരുന്നു.ഏകദേശം പതിനാറായിരം ഹെക്ടറില്‍ കശുവണ്ടിക്കൃഷിയുണ്ടെങ്കിലും വിളവ് 12,800 ടണ്‍ കശുവണ്ടി മാത്രം. അതേസമയത്ത് 2700 ഹെക്ടറില്‍ മാത്രമൊതുങ്ങുന്ന പ്ലാവിന്‍ കൃഷിയില്‍ നിന്നും 43,360 ടണ്‍ ചക്കയാണു വിളവായി ലഭിക്കുന്നത്. ഇതില്‍ നിന്നും കര്‍ഷകര്‍ സ്വന്തമാക്കുന്ന കോടിക്കണക്കിനു ലാഭമാണു കൃഷിയിലേക്കു കൂടുതലായും പുതുതലമുറയെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്.


പണ്‍റൂട്ടിക്കാര്‍ അവരുടെ തനതായ കൃഷിമുറകളാണു പ്ലാവുകൃഷിയില്‍ അനുഷ്ഠിക്കുന്നത്. മിതമായ വള, കീടനാശിനി പ്രയോഗങ്ങളിലൂടെയും ആവശ്യാനുസരണമുള്ള നനപ്രയോഗങ്ങളിലൂടെയുമാണു കൃഷി ത്വരിതപ്പെടുത്തിയെടുക്കുന്നത്. (നിരോധിത കീടനാശിനിയായ എന്‍ഡോസള്‍ഫാനും നുവാക്രോണും വരെ അവര്‍ ഉപയോഗിക്കുന്നുണ്ട്..!!) ഓരോ പ്ലാവിന്റേയും ചുവട്ടില്‍ നിന്നും; നിരകളിലേക്കും 20 അടി ദൂരമിട്ടാണവര്‍ പ്ലാവിന്‍ തൈകള്‍ നടുക. ഒരേക്കറില്‍ ഏകദേശം നൂറോളം പ്ലാവുകള്‍ ഇങ്ങിനെ നടാവുന്നതാണ്. പ്ലാവിന്‍തൈകളുടെ വളര്‍ച്ചാഘട്ടത്തില്‍ വരെ പ്രത്യേക പരിഗണന കൊടുത്താണിവയെ പരിപാലിക്കുന്നത്. ആടുമാടുകളുടെ ആക്രമണമൊഴിവാക്കാനായി ചുറ്റിനും മുള്‍വേലി കെട്ടി അടച്ചുറപ്പുള്ളതാക്കി അതില്‍ പഴയ ചേലകള്‍ ചുറ്റി വെയ്ക്കുന്നു. ഏഴെട്ട് അടി വരെ ശാഖകള്‍ വളര്‍ന്നു വരുവാന്‍ അനുവദിക്കുകയില്ല. വിളവെടുക്കാന്‍ പരുവമായ പ്ലാവുകളില്‍ വിളയുന്ന ചക്കകളുടെ വലുപ്പവും രുചിയും ഉറപ്പാക്കാന്‍ ഇടനീക്കല്‍ എന്നൊരു രീതി പിന്തുടരുന്നു. പ്ലാവിന്റെ പ്രായം കണക്കാക്കി ആണ്ടില്‍ 2 ചക്ക എന്ന രീതിലിലേ നിലനിര്‍ത്തൂ. ശേഷിക്കുന്ന മുഴുവന്‍ ചക്കയും ഇടിച്ചക്ക പരുവത്തില്‍ തന്നെ മുറിച്ചു മാറ്റും. ജനുവരി-ഫെബ്രുവരി മാസത്തിലാണു സാധാരണയായി ഇങ്ങിനെ കോന്തല്‍ നടത്തുന്നത്. അതിനു ശേഷം മൊത്തക്കച്ചവടക്കാരെ കരാറടിസ്ഥനത്തിലേപ്പിക്കുകയാണു പതിവ്. അനന്തരം പ്ലാവിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും മൊത്തക്കച്ചവടക്കാരില്‍ നിക്ഷിപ്തമായിരിക്കും. അതായത് തങ്ങളുടെ വരുമാനം ഉറപ്പാക്കാനും വിളവ് വര്‍ദ്ധിപ്പിക്കുന്നതിനുമായിട്ട് മൊത്തക്കച്ചവടക്കാര്‍ക്ക് എന്തു വളപ്രയോഗവും പ്രയോഗിക്കാവുന്നതാണു. ഒരു ചക്കയ്ക്ക് കുറഞ്ഞത് എണ്‍പത് രൂപാ നിരക്കിലാണു കരാറുറപ്പിക്കുന്നത്. അതായത് അഞ്ചുവര്‍ഷം പ്രായമായ ഒരു പ്ലാവില്‍ 10 ചക്ക നിലനിര്‍ത്തുന്നു. 10 ചക്കയ്ക്ക് 80 രൂപാ നിരക്കില്‍ 800 രൂപയോളം കര്‍ഷകര്‍ക്ക് ലഭിക്കുന്നു. നേരിട്ടു വില്‍പ്പന നടത്തി വരുമാനമെടുത്താല്‍ ഏകദേശം 300 രൂപയോളം ഒരു ചക്കയില്‍ നിന്നും നേടാവുന്നതാണ്. നമ്മുടെ നാട്ടില്‍ ഓണക്കാലത്ത് കണിഏത്തക്കുല ഉദ്പാദിക്കുന്നതു പോലെ പണ്‍റൂട്ടിക്കാര്‍ ആനച്ചക്കകളും ഉദ്പാദിപ്പിക്കാറുണ്ട്. ഒരിക്കല്‍ ചന്തയിലെത്തിയ ആനച്ചക്കക്ക് 61 കിലോയായിരുന്നത്രേ തൂക്കം!! 1750 രൂപയാണത്രേ അതിനു ലഭിച്ചത്. ചക്കക്കുരുവിനു പോലും വലിയ ഡിമാന്റാണിവിടെ. 100 എണ്ണത്തിനു 15 രൂപയാണു വില. പ്രതിദിനം 1500 ലോഡോളം ചക്കവരെയാണു പണ്‍റൂട്ടിയില്‍ നിന്നും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും, മുംബൈ വരെയുള്ള വിപണിയിലേയ്ക്കും കയറ്റിഅയക്കപ്പെടുന്നത്.


മറ്റൊരു പ്രമുഖമായ വരുമാന സ്രോതസ്സ് അവയുടെ തടിയുടെ വിപണനമേഖലയിലാണ്. സേഫിലിരിക്കും പണത്തിനു തുല്യമാണു പലകര്‍ഷകര്‍ക്കും പ്ലാവ്!! 100നടുത്തു വര്‍ഷം പ്രായമുള്ള രണ്ട് പ്ലാവുകള്‍ വിറ്റപ്പോള്‍ ഒരു കര്‍ഷകനു 2 ലക്ഷം രൂപയോളമാണു കിട്ടിയതത്രേ..!! പ്ലാവിന്റെ തടി സുലഭമായതോടെ; മൃദുംഗവും മറ്റുമുണ്ടാക്കുന്ന കലാകാരന്മാര്‍ ഇവിടെ എത്തിച്ചേര്‍ന്നു. ഒന്നാന്തരം പ്ലാവിന്‍ തടിയിലുണ്ടാക്കുന്ന വാദ്യോപകരണങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്കിപ്പോള്‍ കയറ്റി അയക്കുന്നു. ഏതായാലും പ്ലാവു കൊണ്ടും ചക്ക കൊണ്ടും എങ്ങിനെ ഉപജീവനമാര്‍ഗ്ഗം നടത്താം എന്ന് കാണിച്ചു തരികയാണു പണ്‍റൂട്ടിയിലെ 114 ഗ്രാമത്തിലെ അന്തേവാസികള്‍..!!


വാല്‍: നാട്ടിലെ ബിസിനസ്സൊക്കെ നിര്‍ത്തീട്ട് പണ്‍റൂട്ടിയിലേക്കു കുടിയേറിയാലോ എന്നാണിപ്പോള്‍ വിചാരിക്കുന്നത്. നാട്ടിലേ പോലെ തീ പിടിച്ച വിലയൊന്നുമുണ്ടാകില്ല തമിഴ്നാട്ടില്‍. ഒരു 10 ഏക്കര്‍ സ്ഥലം വാങ്ങണമെങ്കില്‍ കുറഞ്ഞത് 25 ലക്ഷം കൈയ്യിലുണ്ടായാല്‍ മതിയാകും. കൂടിയാല്‍ 50 ലക്ഷം. എല്ലുമുറിയെ അദ്ധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കില്‍ തമിഴ്നാടിന്‍ മണ്ണില്‍ പൊന്നു വിളയിക്കാം. 10 ഏക്കറില്‍ 1000 പ്ലാവ്..!! ഒരു പ്ലാവിനു കുറഞ്ഞത് 1000 രൂപാ വരുമാനം വെച്ച് 1000 പ്ലാവിനു 10,0000 രൂപാ വരുമാനം..!! നല്ല തണ്ണി കുടിച്ചില്ലേലെന്നാ, അതില്‍ കുളിച്ചില്ലേലെന്നാ ; എല്ലാ ചിലവും കഴിഞ്ഞു നല്ലൊരു സംഖ്യ കൈയ്യില്‍ വരുമല്ലോ..!!
പണ്ട് നമ്മള്‍ ആടിന്റേയും മാഞ്ചിയത്തിന്റേയും ഒക്കെ പേരില്‍ എന്തോരം സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയിരിക്കുന്നു..!!
ഒരു മലര്‍പൊടിക്കാരന്റെ സ്വപ്നം പോലെ ആകാണ്ടിരുന്നാല്‍ മതിയായിരുന്നു..!!
ഹിഹിഹി..


(കടപ്പാട്: 2010 ജൂണ്‍ ലക്കംകര്‍ഷകശ്രീയിലെഅയലത്തൊരു ചക്കപുരം എന്നുള്ള ശ്രീ. ശ്രീപഡ്രേ യുടെ ലേഖനത്തെ ആധാരമാക്കി എഴുതിയ കുറിപ്പുകള്‍)