Sunday, September 20, 2009

ഉരുൾപൊട്ടലുകൾ ഉണ്ടാകുന്നതെന്തുകൊണ്ട്..??

പതിവുപോലെ ഈ വർഷവും, കാലവർഷം കേരളത്തിലുടനീളം വ്യാപകമായ നാശനഷ്ടങ്ങൾ വിതക്കുകയുണ്ടായി.
ഉരുൾപൊട്ടലായും, മണ്ണിടിച്ചലായും,വെള്ളപ്പൊക്കമായും ദുരന്തങ്ങൾ സജീവമായിരുന്നു. കേരളത്തിലിതുവരേക്കും ഏറ്റവും കൂടുതൽ ജീവനപഹരിച്ചതും (38 പേർ), ഒട്ടേറെ ആളുകൾക്ക് ഭൂമി നഷ്ടപ്പെടുത്തുകയും ചെയ്ത ഉരുല്പൊട്ടലുണ്ടായത് നവംബെർ 10, 2001 ൽ തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിലാണ്. അതേ വർഷം തന്നെ ജൂലൈ 9 നു തൊടുപുഴയ്ക്കടുത്തുള്ള വെള്ളിയാനി മലയിലുണ്ടായ ഉരുൾപൊട്ടലാണു, കേരളത്തിന്റെ എക്കാലത്തേയും മികച്ച പ്രകൃതിസ്നേഹിയായ ന്യൂസ് ഫോട്ടോഗ്രാഫെർ വിക്ടർ ജോർജിന്റേയും ജീവനെടുത്തത്.


മലയോരമേഖലയിലേക്കുള്ള വ്യാപകമായ കുടിയേറ്റങ്ങളെത്തുടർന്നാണു ഉരുൾപൊട്ടലുകളുടെയും എണ്ണം വർദ്ധിക്കുവാൻ ആരംഭിച്ചതെന്നു തന്നെ പറയാം. കുടിയേറ്റക്കാർ നിരന്തരമായി മലനിരകളിലെ നിബിഢവനങ്ങൾ വെട്ടിത്തെളിക്കുകയും, ചെങ്കുത്തായ ചെരിവുകളിൽ തട്ടുകളായി കൃഷി നടത്തുകയും ചെയ്തതിനെത്തുടർന്നു മണ്ണിന്റെ ഘടനയ്ക്കുണ്ടായ വ്യതിയാനങ്ങളാണു പ്രധാനമായും ഉരുൾപൊട്ടലുകൾ ഉണ്ടാകാനുണ്ടായ കാരണം. മറ്റു സമതല, തീരദേശ പ്രദേശങ്ങളെ അപേക്ഷിച്ച് മലയോരമേഖലകളിൽ കൂടുതൽ മഴ ലഭിക്കുന്നുണ്ട്. അത് കേരളത്തിൽ ലഭിക്കുന്ന ശരാശരി മഴയുടെ ഇരട്ടിയാണെന്നുള്ളതാണു ഏറ്റവും രസകരമായ വസ്തുത. മലയോരമേഖലകളിൽ ഈ കാലഘട്ടത്തിൽ മാത്രം രൂപകൊള്ളുന്ന അവ്യക്തമായ ചെറുതും വലുതുമായ ഒട്ടേറെ നീർച്ചാലുകളുണ്ട്. മഴക്കാലത്തുമാത്രം ജലവാഹിനികളാകുന്ന ഈ ചാലുകൾ പലതും, മനുഷ്യന്റെ പരിസ്ഥിതിക്കനുകൂലമല്ലാത്ത കൃഷിരീതികൾ മുഖേനയോ, വീട് റോഡുകൾ ഇവയുടെ അശാസ്ത്രീയമായ നിർമാണനിമിത്തമോ അടഞ്ഞുപോകുന്നു.
നീർച്ചാലുകളിലൂടെ സുഗമമായി ഒഴുകേണ്ട മഴവെള്ളം ഇത്തരത്തിൽ തടസ്സപ്പെടുന്ന അവസരത്തിൽ ഭൂഗർഭത്തിനുള്ളിൽ അമിതമായി സംഭരിക്കപ്പെടുകയും; അത് ചെലുത്തുന്ന മർദ്ദം, മഴയുടെ തുടക്കം മുതൽ നനഞ്ഞുകുതിർന്നു ദുർബലമായി കിടക്കുന്ന മണ്ണിനെ ഉരുളായി പുറന്തള്ളപ്പെടുകയും ചെയ്യുന്നു.


തിരുവനന്തപുരത്തെ ഭൌമശാസ്ത്രപഠനകേന്ദ്രത്തിന്റെ പഠനപ്രകാരം; ചെരിവുള്ള സ്ഥലങ്ങളിൽ മണ്ണൊലിപ്പു തടയാനായി അവലംബിച്ചിരിക്കുന്ന കോണ്ടൂർബണ്ട് കൃഷിരീതിയും, മഴവെള്ളം മണ്ണിലിറക്കാൻ ഉണ്ടാക്കുന്ന മഴക്കുഴികളുമാണു ഈ പ്രകൃതിദുരന്തങ്ങൾക്കു പ്രധാനമായും കാരണമായി ആരോപിക്കുന്നത്. കോഴിക്കോടു ജില്ലയിലെ കൂരാച്ചുണ്ട്, കൂടരഞ്ഞി, പശുക്കടവ്, ഇടുക്കി ജില്ലയിലെ മൂന്നാർ, വെള്ളിയാനി, പത്തനംതിട്ട ജില്ലയിലെ സീതത്തോട്, കോട്ടയം ജില്ലയിലെ അടിവാരം, തിരുവന്തപുരം ജില്ലയിലെ അമ്പൂരി എന്നിവടങ്ങളിലെല്ലാം സംഭവിച്ച ദുരന്തകാരണം ഇതുതന്നെയായിരുന്നു.
(കടപ്പാട്:-2009 സെപ്റ്റംബർ ലക്കം ‘കർഷകശ്രീ’ യിലെ ഉരുൾ പൊട്ടുന്നതോ? പൊട്ടിക്കുന്നതോ? എന്നുള്ള ശ്രീ.ടി.കെ.സുനിൽകുമാറിന്റെ ലേഖനത്തെ ആധാരമാക്കി എഴുതിയ കുറിപ്പുകൾ)

Thursday, September 17, 2009

ചില മുഹൂർത്തങ്ങൾ

ടെറസിന്റെ മുകളിലൂടെ കയറി പടുതയുടെ കെട്ടഴിച്ചു വിടുമ്പോൾ വെന്റിലേറ്ററിനുള്ളിലൂടെ ബഹിർഗമിച്ചിരുന്ന അടക്കിപ്പിടിച്ച തേങ്ങലുകൾ അയാളെ അസ്വസ്ഥനാക്കി. ക്രമേണ നേർത്ത തേങ്ങലുകൾ പൊട്ടിക്കരച്ചിലിലേക്കു നീണ്ടപ്പോൾ; ഇടനെഞ്ചിലെന്തോ കൊളുത്തിവലിക്കുന്നതുപോലയാൾക്കുതോന്നി. വെന്റിലേറ്ററിനുള്ളിലൂടെ പാളിനോക്കാനുള്ള ശ്രമത്തിനിടയിൽ; എട്ടും പത്തും വയസ്സു പ്രായമായ രണ്ടുകുട്ടികൾ പരസ്പരം ആലിംഗനബദ്ധരായി സങ്കടമടക്കാനാവാതെ ഏങ്ങലടിക്കുന്നതുകണ്ടപ്പോൾ, സഹിക്കാനാവാതെ അയാൾ മുഖം വെട്ടിച്ചു. താഴെ വരാന്തയിലെ തറയിൽ വെട്ടിയിട്ട വാഴ പോലെ, നിർവികാരനായി മച്ചിന്റെ അഗാധതയിലേക്കു മിഴികൾ പായിച്ച് കുട്ടികളൂടെ പിതാവ് കിടക്കുന്നു. ചിതയിൽ നിന്നും പുക അപ്പോഴും കുറേശ്ശെ ഉയരുന്നുണ്ടായിരുന്നു. മിക്കവാറുമുള്ള പന്തലുകൾ അഴിക്കുമ്പോഴും, ജനാലക്കുള്ളിൽ നിന്നോ വെന്റിലേറ്ററുകൾക്കുള്ളിൽ നിന്നോ ഒരു ജീവിതം ആരംഭിക്കുന്നതിന്റെ ലക്ഷണങ്ങൾ അവർക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. അതിൽ അവർ അത്യധികം സന്തോഷിക്കുകയും ചെയ്തിരുന്നു. നാണം കലർന്ന കുണുങ്ങിച്ചിരികളും, അടക്കിപ്പിടിച്ച സീൽക്കാരങ്ങളും, കുശുകുശുക്കലുകളും അവർക്കുള്ള അടുത്ത പന്തൽ ജോലിയെ ഓർമിപ്പിക്കുമായിരുന്നു. അതെല്ലാം നിറഞ്ഞുകവിഞ്ഞൊഴുകുന്ന ആനന്ദത്തിന്റെ സൂചകങ്ങളുമായിരുന്നു. ഇതിനുമുൻപൊന്നും മരണവീടുകളിൽ പന്തലിടേണ്ട അവസ്ഥയിലോ, അഴിച്ചെടുക്കേണ്ട അവസ്ഥയിലോ അയാൾക്കിത്ര മനോവിഷമം നേരിടേണ്ടി വന്നിട്ടില്ല. മിക്കവാറും മരണവീടുകളിൽ സംഭവിക്കുന്ന അവാർഡ് നേടാനർഹമായ അഭിനയമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചയാളും കൂട്ടുകാരും ചിരിയടക്കാൻ പടുപെട്ടിട്ടുണ്ട്. മരിച്ചയാളെ ശീതികരിച്ച ചില്ലിട്ട കൂട്ടിലടച്ചു വെച്ച്; അടുത്ത മുറിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ടെലിവിഷനിലെ കരച്ചിൽ സീരിയൽ കണ്ട് ചിക്കനും കടിച്ചു മുറിച്ചു തിന്ന് കണ്ണീരൊപ്പുന്ന ഒട്ടനേകം വ്യക്തികളെ കണ്ട് അന്തം വിട്ടു നിന്നിട്ടുണ്ട്. വീഡിയോ കാമെറ തന്നെയാണുന്നം വച്ചിരിക്കുന്നതെന്നു ബോധ്യപ്പെടുമ്പോൾ പരസ്പരം കെട്ടിപ്പിടിച്ചും, നെഞ്ചത്തടിച്ചും കരയുന്ന ഒട്ടേറെ ‘കുഞ്ഞമ്മ’ മാരെ കാണുമ്പോൾ സലിംകുമാറിന്റെ ഗോഷ്ഠികൾ കാണിച്ചുള്ള തമാശകൾ ഇതിലും മെച്ചമാണെന്നു തോന്നിയിട്ടുണ്ട്. അപ്പോഴൊന്നും മനസ്സിനെ ദു:ഖാർത്തമാക്കുന്ന മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ടായിരുന്നില്ല. പക്ഷേ ഇത്... ചിതയ്ക്കു മുകളിൽ കെട്ടിയിട്ടിരുന്ന പടുത താഴ്ത്തികെട്ടിക്കൊണ്ടിരുന്നപ്പോൾ അയാൾ താഴോട്ടു നോക്കി. അവിടെ; ആ പിഞ്ചുകുഞ്ഞുങ്ങളെ തനിച്ചാക്കി പാതിവഴിയിൽ യാത്രയവസാനിപ്പിച്ച് ദൈവസന്നിധിയിലേക്കു പറക്കേണ്ട ദു:രവസ്ഥയുണ്ടായ ചെറുപ്പക്കാരിയായ അമ്മയുടെ അസ്ഥികളിലേക്കും, ചിതാഭസ്മത്തിലേക്കും കണ്ണുകളൂടക്കിയപ്പോൾ; ക്രൂരനായ ദൈവത്തോടയാൾക്കു പുച്ഛം തോന്നി. അ പിഞ്ചുകുഞ്ഞുങ്ങളുടെ സങ്കടം അടക്കാൻ പാടുപെടുന്ന കാഴ്ച മനസ്സിലേക്കു നുഴഞ്ഞുകയറി വന്നപ്പോൾ; അതുവരെ ഒരു തടയിണപോലെ പിടിച്ചുനിർത്തിയിരുന്ന അയാളൂടെ മിഴികൾ നിറകവിഞ്ഞൊഴുകുവാൻ തുടങ്ങിയിരുന്നു...

Thursday, September 10, 2009

ഒരു ആസ്ട്രേലിയൻ പ്രവാസിയുടെ രോദനങ്ങൾ..

മക്’ഡൊണാൾഡിന്റെ കൃഷിയിടത്തിലെ മാന്തോപ്പിൽ നിന്നും രുചിയേറിയ മാങ്ങാപ്പഴങ്ങൾ ഓരോന്നായി സൂഷ്മതയോടെ പറിച്ചെടുക്കുമ്പോൾ; അയാൾ, തന്റെ ജന്മനാടിനേയും, വീടിനേയും, ചാച്ചനേപറ്റിയും ഓർത്തു. നാട്ടിലുണ്ടായിരുന്നപ്പോൾ, വീട്ടിലെ തൊടിയിലിറങ്ങി മൂത്തുപഴുത്ത വാഴക്കുല വെട്ടി ചന്തയിലെത്തിച്ച് വിറ്റിട്ടുവരുവാൻ ചാച്ചൻ ആവശ്യപ്പെടുമ്പോൾ അദ്ദേഹത്തോട് അടക്കാനാവാത്ത ദ്വേഷ്യവും, പുച്ഛവും തോന്നിയിരുന്നു. ഒരു ഐ.ടി. ബിരുദധാരിയും, മൾട്ടിനാഷണൽ കമ്പനിയിൽ അഞ്ചക്ക ശമ്പളം പറ്റുന്നവനുമായ ഞാൻ തൊടിയിലിറങ്ങി കുലവെട്ടുകയോ..?? ച്ഛേ!! ലജ്ജാവഹം.. അതിനൊക്കെ ധാരാളം പണിക്കാരിവിടെയുണ്ടല്ലോ. ഒന്നുമില്ലെങ്കിലും ഞാനൊരു മുന്തിയ സോഫ്റ്റ്വെയർ കമ്പനിയെ നിയന്ത്രിക്കുന്ന വിദഗ്ധനിൽ ഒരാളല്ലേ.. അതെങ്കിലും ചാച്ചൻ ഓർക്കേണ്ടതല്ലേ..?? അഹങ്കാരം കൊണ്ട് തലച്ചോർ മരവിച്ചിരുന്നപ്പോഴുള്ള അന്നത്തെ പിറുപിറുക്കലുകൾ അയാളുടെ ഓർമകളിലേക്ക് അലയടിച്ചു വന്നുകൊണ്ടിരുന്നു.


ബ്രിസ്ബേൻ പട്ടണത്തിൽ നിന്നും വിട്ട്, ഒരു ഉൾഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മക്’ഡൊണാൾഡിന്റെ കണ്ണെത്താദൂരത്തു പരന്നുകിടക്കുന്ന ഫാമിലെ ഓരോ മാവും ദിവസേന പരിപാലിച്ചുകൊണ്ടിരിക്കുമ്പോൾ; തന്റെ മനസ്സ് സ്വയം നീറിപ്പുകയുന്നതയാൾ അറിയുന്നുണ്ടായിരുന്നു. ഒരിക്കൽ, തന്റെ കുലത്തൊഴിലും വിദ്യാഭ്യാസവളർച്ചയ്ക്ക് അടിത്തറയുമേകിയ കൃഷിയെ തള്ളിപ്പറഞ്ഞതിനു ദൈവം തന്ന ശിക്ഷയാകാം ഇതെന്നയാൾ നെടുവീർപ്പോടെ ഓർത്തു. ആസ്ട്രേലിയായിൽ നഴ്സിങ്ങിനു പഠിച്ചിരുന്ന സൌമിയെ കെട്ടുമ്പോൾ ഒരുപാട് സ്വപ്നങ്ങൾ മനസ്സിൽ സ്വരുക്കൂട്ടിയിരുന്നു. വിവാഹശേഷം, ബാംഗ്ലൂർ വിപ്രോയിലെ അരലക്ഷം രൂപാ ശമ്പളമുള്ള ജോലി ആത്മവിശ്വാസത്തോടെ ഉപേക്ഷിക്കുമ്പോൾ; ലക്ഷങ്ങൾ വരുമാനമുള്ള ആസ്ട്രേലിയൻ ജോലികളായിരുന്നു മനസ്സുനിറയെ. ചാച്ചനുമമ്മച്ചിയും അവരുടെ ചോരനീരാക്കി സമ്പാദിച്ച രണ്ടേക്കർ ഭൂമിയിൽ നിന്നും തന്റെ വിഹിതം ചോദിച്ചുവാങ്ങി, എല്ലാം വിറ്റുപെറുക്കിക്കിട്ടിയ കാശുമുടക്കി ബ്രിസ്ബേനിലെ മണ്ണിൽ വന്നിറങ്ങുമ്പോൾ; മാസങ്ങൾക്കുള്ളിൽ എല്ലാം തിരിച്ചുപിടിക്കാം എന്നൊരാത്മവിശ്വാസമുണ്ടായിരുന്നു. കുറച്ചു നാൾക്കുള്ളിൽതന്നെ യാഥാർത്ഥ്യത്തിന്റെ തനിനിറം അനുഭവപ്പെട്ടുതുടങ്ങി. ജോലി തെണ്ടി നടന്ന് നടന്നു മടുത്തു. മുപ്പത്തഞ്ചുവയസ്സായ തനിക്ക് ജോലി ലഭിക്കുവാൻ ബുദ്ധിമുട്ടാണെന്ന കാര്യം ക്രമേണ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി പാകപ്പെടുത്തുവാനാരംഭിച്ചു. തന്റെ പ്രായത്തിൽ തനിക്കു തരേണ്ട ശമ്പളത്തിന്റെ പകുതി കൊടുത്താൽ ഇരുപതു വയസ്സിൽ താഴെയുള്ള ആസ്ട്രേലിയൻ പൌരന്മാർ ആ ജോലി ഭംഗിയായി ചെയ്യുമത്രേ..!! പിന്നെന്തിനു ഇരട്ടി കൂലിമുടക്കി തന്നെ ജോലിക്കെടുക്കണം, അതും ഈ റിസ്സെഷൻ കാലഘട്ടത്തിൽ..!! ആസ്ട്രേലിയായിൽ വന്നിറങ്ങിയാലുടൻ ലഭിക്കുന്ന ഉന്നത നിലവാരമുള്ള ജോലി, ഫൈവ്സ്റ്റാർ സൌകര്യമുള്ള താമസം, മുന്തിയ ഭക്ഷണം, വിലകൂടിയ വാഹനം.. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. എല്ലാം തകർന്നടിഞ്ഞു. ഫൈവ്സ്റ്റാറു പോയിട്ട്, അന്നന്നത്തെ കാര്യങ്ങൾ പട്ടിണിയില്ലാതെ തള്ളിനീക്കാൻ പാടുപെടുകയാണിപ്പോൾ..
ആഴ്ചയിൽ 18,000/- ഇന്ത്യൻ രൂപയുണ്ടെങ്കിലേ തന്റെയും സൌമിയുടേയും ജീവിതചിലവുകൾ നടക്കുകയുള്ളൂ. ജോലി അന്വോഷിച്ച് നടന്നു മടുത്തപ്പോൾ, മലയാളിയായ ഒരു സ്നേഹിതന്റെ ശുപാർശപ്രകാരമാണു മക്’ഡോണാൾഡിന്റെ തോട്ടത്തിൽ മാങ്ങാപറിക്കുന്ന ഈ തൊഴിൽ ലഭിച്ചത്. കഷ്ടിച്ച് പതിനെണ്ണായിരത്തിനടുത്ത് ആഴ്ചയിലൊപ്പിക്കാം. സൌമി കൂടി തുച്ഛമായ ശമ്പളത്തിനു പാർട്ട്ടൈം ജോലി ചെയ്യുന്നതുകൊണ്ട് ഫീസ് കാര്യങ്ങളൊക്കെ ഒരുവിധം നടന്നുപോകുന്നു. സുഭിക്ഷതയോടെ, ധാരാളിയായി നാട്ടിൽ വിലസിനടന്ന കാലം ഓർക്കുമ്പോൾ.. സങ്കടം അടക്കാനാവുന്നില്ല. അത്യാഗ്രഹം മൂത്ത് വിപ്രോയിലെ ഉന്നതമായ ജോലി ഉപേക്ഷിച്ചില്ലായിരുന്നുവെങ്കിൽ, ഇപ്പോൾ സ്കോഡാകാറും, എ.സി.ഫ്ലാറ്റും, പതിനായിരങ്ങളുടെ ബാങ്ക് ബാലൻസുമായി.. ജീവിതം സുരക്ഷിതമാക്കി ആഘോഷിച്ചു നടക്കാമായിരുന്നു. ഇനിയെല്ലാം സ്വപ്നങ്ങൾ മാത്രം.. നഷ്ടപ്പെടുത്തിയതൊന്നുമില്ലാതെ എങ്ങനെ നാട്ടിലേക്കുപോകും. നാട്ടുകാരുടേയും, വീട്ടുകാരുടേയും മുൻപിൽ ഒരു വിഡ്ഡിയായി എങ്ങനെ നിലകൊള്ളും. തന്നെ വളർത്തിവലുതാക്കിയ കൃഷിയെ തള്ളിപ്പറഞ്ഞ തനിക്കു അവസാനം ഉപജീവനമാർഗ്ഗമായത് കൃഷിക്കാരന്റെ റോൾ തന്നെ. അഹന്ത നിറഞ്ഞ മനസ്സിനെ യാഥാർത്ഥ്യമനുഷ്യനിലേക്ക് പരിണാമപ്പെടുത്തുവാൻ ഈ ദുരിതങ്ങൾ സഹായിച്ചു.


ചിന്തകൾ കാടുകയറുന്നു. സൂര്യൻ പടിഞ്ഞാറു ഭാഗത്ത് താഴ്ന്നു തുടങ്ങിയിരിക്കുന്നു. ചെറുമാവുകൾക്ക് ദാഹജലം നൽകേണ്ട സമയമായിരിക്കുന്നു. മൂട്ടിലെ പൊടിതട്ടിക്കളഞ്ഞയാൾ എഴുന്നേറ്റ് ചെറുമാവുകളെ ലക്ഷ്യമാക്കി നടന്നു...