Friday, October 28, 2011

പ്രവാസ റിട്ടയർമെന്റുനു ശേഷം..

പ്രവാസജീവിതത്തിൽ നിന്നും റിട്ടയർമെന്റെടുക്കുന്ന ഇടത്തരം പ്രവാസികൾക്ക്..
ഭാവിജീവിതത്തിലെ വരുമാനമാർഗ്ഗങ്ങൾക്കായി..


ഇന്നുള്ള ഒട്ടുമുക്കാൽ കർഷകരും പിന്തുടർന്നു വരുന്ന സമ്മിശ്ര വിള കൃഷി രീതി തങ്ങളൂടേ ജീവിതത്തിലും പ്രായോഗികമാക്കാമെങ്കിൽ..
സ്ഥിരവും സ്ഥായിയുമായുള്ളൊരു മികച്ച വരുമാനം ജീവിതത്തിൽ വരുംകാലങ്ങളിൽ ഉറപ്പുവരുത്താം..
അതായത് ഒരിടത്തു നിന്നു മാത്രമുള്ള നിക്ഷേപവും വരുമാനം ഒഴിവാക്കി ചെറുതെങ്കിലും ബഹുവിധ പദ്ധതികളിൽ നിക്ഷേപിച്ച് വരുമാനമുണ്ടാക്കുവാൻ ശ്രമിക്കുക.. അപ്പോൾ പലതുള്ളി പെരുവെള്ളമാകും.. നിരീക്ഷണങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നുമുള്ള കുറച്ചു കാര്യങ്ങൾ പങ്കുവെക്കട്ടെ..

പദ്ധതികളെ എത്രയെണ്ണമായി വേണമെങ്കിലും തരം തിരിക്കാം..
പൈസയും സമയവുമുള്ളതിനെ അടിസ്ഥാനമാക്കി..

ബാങ്ക് നിക്ഷേപം:- സഹകരണബാങ്കുകളെ വെല്ലുന്ന പലിശനിരക്കുകളുമായി നിക്ഷേപകരെ ആകർഷിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ ഷെഡ്യൂൾഡ് ബാങ്കുകളും സെൽഫ് ഫൈനാൻസിങ്ങ് ബാങ്കുകളും മറ്റും.. റിസർവ്വ് ബാങ്കിന്റെ കഴിഞ്ഞ ദിവസത്തെ പുതിയ നയമനുസരിച്ച് നിക്ഷേപനിരക്കുകളെ നിയന്ത്രിക്കുവാനുള്ള അവകാശം ബാങ്കുകൾക്ക് തന്നെ വിട്ടു കൊടുക്കുമ്പോൾ ചെറുകിട നിക്ഷേപകർക്ക് അതേറേ ഗുണം ചെയ്യും. സഹകരണ ബാങ്കുകളിൽ ഒരു വർഷത്തിനു മുകളിലുള്ള നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് ഏകദേശം 10.5% ആണ്. പണപ്പെരുപ്പം നിയന്ത്രിക്കുവാനുള്ള റിസർവ്വ് ബാങ്കിന്റെ പുതിയനയങ്ങൾ എല്ലാവിധ പലിശനിരക്കുകളും ഉയർത്തുവാനേ ഉതകൂ. അതുകൊണ്ടു തന്നെ നിക്ഷേപങ്ങൾ പണ്ടത്തേക്കാൾ ആകർഷകമായിത്തുടങ്ങിയിട്ടുമുണ്ട്. അപ്പോൾ നിങ്ങളൂടേ വരുമാനത്തിന്റെ ഒരു ഭാഗം വിവിധ ബാങ്കുകളിലായി സ്ഥിരം നിക്ഷേപിക്കുക. 10 ലക്ഷം രൂപയോളം നിക്ഷേപിക്കുന്ന ഒരാൾക്ക് ഏകദേശം 8500 രൂപാക്കു മുകളിൽ മാസം പലിശ ലഭിക്കും.


വാടകവീട്:- വീടിനു സമീപത്ത് ഒരു അഞ്ചുസെന്റ് കൂടിയുണ്ടോ? ഉണ്ടെങ്കിൽ 650-750sq.ft. നിരക്കിലുള്ള നാലോ അഞ്ചോ വീടുകൾ നിർമിക്കൂ. ഒറ്റ അടിത്തറയിൽ വേണം അവ പണിയുവാൻ. അതായത് ഒരു വീടിന്റെ ഭിത്തിയുടേ മറുവശം അടുത്ത വീടിന്റെ ചുവരാകട്ടെ. അപ്പോൾ പണിച്ചിലവ് കുറയും. 2 ബെഡ് 1 ഹാൾ 1 കിച്ചെൺ 1 ബാത്ത്രൂം/കക്കൂസ് 1 സിട്ടൌട്ട് എന്നിവയുള്ള ചെറിയ വീടിനു (ഇവിടെയൊക്കെ) കുറഞ്ഞത് 2500രൂപയോളം വാടക ലഭിക്കും. വാട്ടെർ/ഇലെക്ട്രിക്സിറ്റി ബില്ലും വാടകക്കാരൻ അടച്ചു കൊള്ളും. അധികമായി ആഡംബരമൊന്നും വേണമെന്നില്ല ഈ വാടകവീടുകൾക്ക്. 5 വീടുകൾ വരുന്ന ഒന്നിനു ഏകദേശം 10-15 ലക്ഷമുണ്ടെങ്കിൽ പണിതീർക്കാവുന്നതേയുള്ളൂ. വാടകയിനത്തിൽ എങ്ങും തൊടാതെ 10000 മാസമുണ്ടാക്കാം. ഒന്നുകൂടി; പകിടിയായി വാങ്ങുന്ന തുക ബാങ്കിലിട്ടാൽ അതു വഴി കിട്ടുന്ന പലിശ ചെറുതെങ്കിലും ചെറിയ മെയിന്റനൻസ് പണികൾക്കൊക്കെ അതൊരു സഹായകമാകുകയും ചെയ്യും.


മരങ്ങൾ വെച്ചു പിടിപ്പിക്കാം:- ഷെയർ മാർക്കെറ്റിൽ നിക്ഷേപിക്കുന്നതിനോടെനിക്ക് വിരോധമൊന്നുമില്ല; എങ്കിലും.. അവിടെ നിക്ഷേപിക്കുന്നതിന്റെ ആയിരത്തിലൊന്നുണ്ടെങ്കിൽ അതു പോലെ തന്നെ ലോങ്ങ് ടേം പ്രോഫിറ്റ് ഉണ്ടാക്കി തരുന്ന ഒന്നാണു മരങ്ങൾ നട്ടു വളർത്തുക എന്നത് ! മാവ്, പ്ലാവ്, തേക്ക്, ആഞ്ഞിലി, മഹാഗണി തുടങ്ങിയ മരങ്ങൾ ഓരോന്നായി പറമ്പിന്റെ അതിരുകളിൽ നട്ടു വളർത്തൂ. ചോലകളധികം ഇല്ലാത്തയിടത്തായിരിക്കണമെന്നു മാത്രം. നിങ്ങളെക്കാളുപരി നിങ്ങളൂടേ കുഞ്ഞുങ്ങൾക്കു വേണ്ടി ദീർഘവീക്ഷണത്തോടെ സമ്പാദിക്കുന്ന ഒന്നാകും അത്..! ഭാവിയിലുണ്ടാകാവുന്ന മരങ്ങളൂടേ അപര്യാപ്തത ഇന്നത്തെ സ്വർണ്ണത്തിന്റെ വിലയോടു ഉപമിപ്പിക്കാവുന്ന അവസ്ഥയിലെത്തിച്ചേരും. ഇന്നും അതിനു കുറവൊന്നുമില്ല. 2003ൽ ആവറേജ് 50 ഇഞ്ച് വണ്ണമുള്ളൊരു മാവിനു കുബിക്കടിക്ക് 100രൂപയുണ്ടായിരുന്ന സാഹചര്യത്തിലിപ്പോൾ ഇന്നത് 400രൂപ മുടക്കിയാലേ കിട്ടുകയുള്ളൂ..! മൂന്നിരട്ടി. ഇത് ആർക്കും വേണ്ടാതിരുന്ന മാവിന്റെ മാത്രം കാര്യം. ആഞ്ഞിലി, തേക്ക്, മഹാഗണി മുതലായവയുടെ വില ഊഹാതീതമാണ്..! ഒന്നുകൂടി മാവും പ്ലാവും വളർന്നു വരുമ്പോൾ അവയുടെ ഫലങ്ങൾ തരുന്ന ലാഭം കൂടി കണക്കിലെടുത്തോളൂ...!


കൃഷി:- നിങ്ങളൂടേ ഒരു വിഹിതം ഉറപ്പായുമിതിൽ നിക്ഷേപിക്കേണ്ടതാണ്. ഭാവിതലമുറയിലേക്കൊരു മുതൽക്കുട്ടുമാകുമത്. ഒരേക്കർ റബ്ബെർ കൃഷി ചെയ്യൂ. റബ്ബെർ ബോറ്ഡ് അനുശാസിക്കും പ്രകാരം ഹെക്ടറിനു 500 മരമാണു വെച്ചു പിടിപ്പിക്കാവുന്നത്. അതായത് ഏക്കറിനു 200 എണ്ണം. RRI105 അല്ലെങ്കിൽ നവീകരിച്ച പുതിയൊരെണ്ണം ഇറക്കിയിട്ടുണ്ട് (216ആണെന്നാണു തോന്നുന്നത്; മറന്നു) അവ വെച്ചു പിടിപ്പിക്കാം. നന്നായി പരിപാലിക്കപ്പെടുന്ന മരങ്ങൾ എഴാം വർഷം വെട്ടിത്തുടങ്ങാം. റബ്ബെറിന്റെ മുഖ്യ സവിശേഷതയെന്തെന്നാൽ ഇനിഷ്യൽ കോസ്റ്റ് കഴിഞ്ഞാൽ പിന്നീട് കാര്യമായി ശ്രദ്ധ കൊടുക്കേണ്ട എന്നതാണ്. പ്രധാനമായും റബ്ബെർബോർഡിന്റെ നിർദ്ദേശങ്ങളെ പിന്തുടർന്ന് ടാപ്പിങ്ങ് നടത്തിയാൽ ഏകദേശം 30-35 വർഷത്തോളം ആദായം തരുമത്. ആവറേജ് ഒരു വർഷം 80 വെട്ടു ദിനങ്ങളെങ്കിലും നിലനിർത്താൻ ശ്രമിക്കുക. ഒരേക്കറിലെ 200 റബ്ബെറിൽ സമയമാകുമ്പോഴേക്കും 175 മരങ്ങളെങ്കിലും നന്നായി പരിചരിച്ച് ടാപ്പിങ്ങിനായി ഉറപ്പു വരുത്തുക. ആവറേജ് 600 ഗ്രാം ഉണക്കറബ്ബെർ കിട്ടുന്ന 10 ഷീറ്റ് കിട്ടും. അതായത് ടാപ്പിങ്ങ് ദിനങ്ങളിൽ 6 കിലോ ഉണക്കറബ്ബെറെങ്കിലും കിട്ടുവാനായി പരിശ്രമിക്കുക. ഒട്ടുപാലിന്റെ കണക്കു കൂടി കൂട്ടിയാൽ ദിവസേനയുള്ള ചിലവു കഴിഞ്ഞ് 1000 രൂപയോളം ഓരോ ദിവസവും ഉണ്ടാക്കാം. (ഇന്നത്തെ വില പ്രകാരം). ഇതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. സമയത്തിനനുസരിച്ചും വിവിധ സ്ഥലങ്ങൾക്കനുസരിച്ചും. എങ്കിലും ആവറേജ് 6 കിലോ ഉണക്കറബ്ബെർ 80 ദിവസം എന്നത് ക്ലിപ്തപ്പെടുത്തുക. മറ്റൊന്നു കൂടി കാലം ചെയ്ത റബ്ബെർ മുറിച്ചു മാറ്റുമ്പോൾ പോലും ഇന്നത്തെ കണക്കനുസരിച്ച് ഒരു റബ്ബെറിനു ഏകദേശം മൂവായിരമോ അതിൽ കൂടുതലോ നിങ്ങൾക്കു ലഭിക്കുകയും ചെയ്യും. നോക്കൂ റബ്ബെറിന്റെ ഒരു സമയം..! റബ്ബെർക്കൃഷി ചെയ്യുവാൻ എല്ലായിടത്തും സാധിച്ചെന്നു വരില്ല. അവിടെ നമുക്ക് തെങ്ങിനെ ആശ്രയിക്കാം. ഒരേക്കർ സ്ഥലത്ത് 100 തെങ്ങുകൾ നടാം. നന്നായി പരിപാലിക്കുന്ന തെങ്ങുകൾ അഞ്ചാം വർഷം മുതൽ കായ്ച്ചു തുടങ്ങും. നന്നായി പരിപാലിക്കപ്പെടുന്ന തെങ്ങുകൾക്ക് ആവെറെജ് 100 തേങ്ങ വെച്ചു (ഒരു തെങ്ങിനു) ലഭിക്കും. വർഷം 10000 തേങ്ങാ..! ഊഹിച്ചോളൂ എത്രയാകും ലാഭമെന്നത്.. ഇതൊക്കെ നടപടിയുള്ള കാര്യമാണൊ എന്നു വിചാരിച്ച് പുച്ഛിച്ചു ചിരിച്ചു തള്ളാൻ വരട്ടെ; അർപ്പണ മനോഭാവവും കഠിനാദ്ധ്വാനവുമുള്ളൊരേതൊരാൾക്കും നേടിയെടുക്കുവാൻ കഴിയുന്നൊരു മിനിമം കാര്യമാണിതെല്ലാം..! ഇനിയുമുണ്ട് ഒട്ടേറേ.. അര ഏക്കെർ പാടം വാങ്ങാം. അതിൽ നെൽക്കൃഷി ചെയ്യാം. രണ്ട് പൂവ് കൃഷിചെയ്യാം. ഇല്ലെങ്കിൽ നെല്ലും മീനും കൃഷിയിറക്കാം. വലുതായൊന്നുമില്ലെങ്കിലും 100 ദിവസമെങ്കിലും നിങ്ങൾക്ക് നല്ല ഒന്നാന്തരം കുത്തരിച്ചോറുണ്ണാമല്ലോ..!! ഇല്ലെങ്കിൽ വാഴ നടാം. നടുമ്പോൾ നേന്ത്രനേക്കാളുപരി ഞാലിപ്പൂവനോ പാളയംകോടനോ തിരഞ്ഞെടുക്കുവാൻ ശ്രമിക്കുക. (തിരുവനന്തപുരം കൊല്ലം ഭാഗത്തുള്ളവർക്ക് കപ്പവാഴ കൂടുതലായും പരീക്ഷിക്കാം; വളർന്നു വരുവാനുള്ള സാഹചര്യവും മികച്ച വിലയും അവിടെയാണു കൂടുതലുള്ളത്) കാരണം നേന്ത്രനു ഓണക്കാലസീസണിലാണു കൂടുതൽ ആവശ്യവും ഡിമാന്റും. പലപ്പോഴും നമ്മളുദ്ദേശിക്കുന്ന വിളവും തരില്ല. പക്ഷേ മറ്റു രണ്ടിനും സീസൺ ഇല്ലേയില്ല. കേടും തുലോം കുറവായിരിക്കും. ഇന്നത്തെ ഞാലിപ്പൂവന്റെ വില ഏകദേശം 35/കിലോ ആണ്. കുറഞ്ഞത് 25/10കിലോ വെച്ച് ഒരു കുലക്കു കിട്ടും. നോക്കൂ എന്താണു ലാഭമെന്ന്. കപ്പ നടാം.. ഒരു മൂട്ടിൽ നിന്നും ആവറേജ് 6-10 കിലോ കിട്ടിയാൽ കൂട്ടിക്കോളൂ ലാഭം എന്തെന്ന്..! ഒന്നിൽ നിന്നുള്ള ലാഭം നോക്കി മാത്രം ജീവിക്കാനാകില്ല. പലതുള്ളി പെരു വെള്ളം..! സമ്മിശ്രക്കൃഷി..! അതു പിന്തുടർന്നാൽ ഉറപ്പായും നമ്മൾ തെളിക്കുന്ന വഴിക്കു തന്നെ രഥം ഓടും. ഇനിയുമുണ്ടേറേ..! കന്നുകാലി വളർത്തൽ, പന്നി, ആട്, കോഴി വളർത്തൽ തുടങ്ങിയവ. ലാഭം പാലിൽ മാത്രം കാണരുത്. ചാണകത്തിൽ നിന്നും നമുക്ക് ഗാസ് ഉത്പാദിപ്പിക്കാം. മിച്ചം വരുന്ന സ്ലറി വളമാക്കി ഉപയോഗിക്കാം. ഇല്ലെങ്കിൽ ഉണക്കിയെടുത്ത് വിവിധ ആവശ്യങ്ങൾക്കായി വിൽ‌പ്പന നടത്താം. പാലു കൊണ്ട് മൂല്യവർദ്ധിത ഉൽ‌പ്പന്നങ്ങളൂണ്ടാക്കി വിൽക്കാം. ഒരിക്കലും നിങ്ങളൂടേ മുൻപിൽ വിപണി പിന്തിരിഞ്ഞു നിൽക്കില്ല. പക്ഷേ വേണ്ടത് ആത്മസമർപ്പണവും കഠിനാദ്ധ്വാനം ചെയ്യാനുള്ളൊരു മനസ്സുമാണ്. എങ്കിൽ ഉറപ്പായും നിങ്ങളീ സെക്ഷനിൽ വിജയിക്കും. അല്ലെങ്കിൽ കുറഞ്ഞത് ഒരു ജാതിയെങ്കിലും വീട്ടു വളപ്പിൽ വെച്ചു പിടിപ്പിക്കൂ. ഓർക്കുക കേരളത്തിലെ ഒരു സധാരണ നാലംഗകുടുബത്തിന്റെ ഒരു മാസത്തെ പരിമിതമായ അവശ്യങ്ങൾ നിറവേറാൻ ഒരു ജാതി മാത്രം മതിയാകും..!!


സ്വയം സംരംഭം:- സമ്പാദിച്ച കാശു മുഴുവൻ ബിസിനെസ്സിൽ കൊണ്ടു പോയി തള്ളി വടിയായ ഒട്ടേറേ പേർ ഉള്ള നാടാണു നമ്മുടേത്. ബസ്സ് വാങ്ങുക ഇല്ലെങ്കിൽ ഹാർഡ്വെയർ ഷോപ്പ് തുടങ്ങുക അങ്ങിനെ ബൃഹത്തായതും പരിചയമില്ലാത്തതുമായ ബിസിനെസ്സുകളെ ലക്ഷ്യമിടാതിരിക്കുകയാകും അഭികാമ്യം. പളപളാ മിന്നുന്ന ഷർട്ടുമിട്ട് ചെത്തി നടക്കാം കുറെ കാശു കളയാം എന്നതല്ലാതെ മികച്ചൊരു വരുമാനമാർഗ്ഗം സ്വായത്തമാക്കുവാൻ പലർക്കും സാധിക്കാറില്ല. ഏറ്റവുമധികം ശ്രദ്ധയൂന്നി ഇറങ്ങേണ്ട ഒരു വിഷയമാണിത്. പത്തു കാശു ഉണ്ടെന്ന് നാട്ടുകാരെ കാണിച്ച് ബോധ്യപ്പെടുത്തെണ്ടതിനേക്കാളുപരി കുറഞ്ഞ ചിലവിൽ ചെറുതെങ്കിലും സ്ഥായിയായൊരു മികച്ച വരുമാനമുണ്ടാക്കാനാണു ശ്രമിക്കേണ്ടത്. ഓർക്കുക ഇതുദ്ദേശിച്ചത് ഇടത്തരക്കാരായ പ്രവാസികൾക്കു വേണ്ടിയാണു കെട്ടോ. ഇട്ടുമൂടാൻ കാശുള്ള പ്രവാസികളെ ഇതിൽ ഉദ്ദേശിച്ചിട്ടേയില്ല. ഒരു ഉദാഹരണം പറയാം. ചെയ്സും വാങ്ങി ബോഡി കെട്ടി റുട്ട് പെർമിറ്റുമെടുത്ത് ഓടുന്ന ഒരു ലൈൻ ബസ്സിനു കുറഞ്ഞത് 20 ലക്ഷത്തോളം മുടക്കുവരും. എല്ലവിധ അടവുകളും ചിലവുകളും മാറ്റിവെക്കലുകളും കഴിഞ്ഞാൽ അതിന്റെ ഉടമസ്ഥനു ഒരു ദിവസം കിട്ടുക 1000-1500 രൂപയാകും. അതേസമയം 1,60-1,75,000 മുടക്കുള്ളൊരു പാസഞ്ചെർ ആപ്പെ സ്വന്തമായി വാങ്ങി ഓടിക്കുകയാണെന്നു വെക്കുക, ദിവസേന 500-600 രൂപ മിച്ചം തരും. നോക്കൂ ഇതിലെ മുടക്കു മുതൽ തമ്മിലുള്ള അന്തരം..!! ഒരു വലിയ ഹോട്ടെൽ വാടകക്കെടുത്ത് നടത്തുന്നതിനേക്കാൽ മെച്ചം നാട്ടിൻപുറത്തു സ്വന്തായൊരു ചായക്കട തട്ടിക്കൂട്ടുന്നതാണ്. 500-1000രൂപാ ദിവസേനയുണ്ടാക്കാം. മിച്ചമൊരു വസ്തുകൂടി എടുത്ത് പള്ളേക്കളയാൻ ഉണ്ടാകില്ല. വലിയ തലവേദനയുമില്ല. വലിയ ഹോട്ടെലാണെങ്കിലോ പത്തിരുപത് പണിക്കാരെ നിയന്ത്രിക്കുക, മിച്ച വരുന്ന ഭാക്ഷണസാധനങ്ങളിൽ നിന്നുള്ള നഷ്ടം, വലിയ വാടക..തുടങ്ങിയവ നമ്മുടെ ഉറക്കം കെടുത്തും. ഞാനുദ്ദേശിച്ചത് ഇത്രേയുള്ളു; കുറഞ്ഞ മുതൽമുടക്കിൽ മികച്ചതും സ്ഥായിയായ വരുമാനമുള്ളതുമായൊരു സ്വയം സംരംഭം കണ്ടു പിടിക്കുക എന്നേയുള്ളു.എൻ ബി:- നിരീക്ഷണങ്ങളും അനുഭവങ്ങളുടേയും വെളിച്ചത്തു നിന്നു കൊണ്ടാണിത്രേം എഴുതിയിരിക്കുന്നത്. തൊടുപുഴ, മുവാറ്റുപുഴ, പാലാ എന്നീ ഇടങ്ങളെ ബേസ് ചെയ്താണു പലകാര്യങ്ങളും പ്രസ്താവിച്ചിട്ടുള്ളത്. കാലാനുസൃതമായ മാറ്റങ്ങൾക്കും ഏരിയ മാറുന്നതിനനുസരിച്ചും ലാഭനഷ്ടങ്ങളിൽ വ്യതിയാനങ്ങൾ ഉണ്ടാകാം. ഒരിക്കലും ഒരിടത്തുമാത്രം മുടക്കാതെ പലയിടത്തായി മുടക്കുക. അപ്പോൾ ലഭിക്കുന്നത് കുറഞ്ഞ വരുമാനമാണെങ്കിൽ പോലും എല്ലാം കൂട്ടികൂടുമ്പോൾ മികച്ച വരുമാനം ലഭിക്കും, അതും കുറഞ്ഞ മുതൽമുടക്കിൽ. ഒന്നിൽ പിഴച്ചാലും മറ്റുള്ളവ നമ്മുടെ ജീവിതത്തെ താളം തെറ്റിക്കാതെ താങ്ങി നിർത്തിക്കൊള്ളും..:)

Tuesday, October 11, 2011

കച്ചവടം

അയാളുടെ ചുണ്ടുകള്‍ പതിവില്ലാത്ത വിധം വിറകൊള്ളുന്നത് ഞാന്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഏതു വിധേനയും ഈ കച്ചവടം നടത്തണമെന്ന് അയാള്‍ പുലമ്പിക്കൊണ്ടേയിരുന്നു. മൂന്നുസെന്റിലെ ഒരു കുഞ്ഞു വീട്. അത്യാവശ്യം സൌകര്യങ്ങളൊക്കെ ഉണ്ടെങ്കിലും അതൊരു ലക്ഷം വീട് കോളനി പോലുള്ള സ്ഥലത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. വീട്ടിലേക്ക് കയറുവാന്‍ ഒരു നടപ്പുവഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് വിറ്റു പോകുവാൻ പാടുള്ളൊരു സ്ഥലമാണെന്നത് എനിക്കറിയാമായിരുന്നു. സഹകരണബാങ്കിൽ നിന്നും ലോണേടുത്ത വകയിൽ അടവിനു ക്ഷീണം പറ്റിയതിനാൽ അടക്കേണ്ടി വരുന്ന ഭീമമായ പലിശ അയാളെ തളർത്തിത്തുടങ്ങിയിരുന്നു. ബാങ്കിൽ നിന്നും വന്നിരുന്ന ജപ്തി നോട്ടീസിലെ അക്ഷരങ്ങൾ അയാളെ നോക്കി പല്ലിളിച്ചു കൊണ്ടിരുന്നിരിക്കണം.


രാവിലെ പല്ലുതേക്കുമ്പോഴാണു ഉറക്കച്ചടവ് മാറാത്ത മുഖവുമായി അയാളെന്നെ കാണുവാൻ വരുന്നത്. തലേ ദിവസം ഞാൻ, അയാളുടെ സ്ഥലം കാണിച്ച പാർട്ടി വാഗ്ദാനം ചെയ്ത ചെറിയ തുകക്കാണെങ്കിലും വിൽക്കാൻ താൻ സന്നദ്ധനാണെന്ന അയാളൂടെ അടിയറവ് കണ്ടപ്പോൾ സത്യത്തിൽ ഉള്ളു നീറി. നിസ്സഹായതോടെയുള്ള അയാളൂടെ വെമ്പലിന്റെ പുറത്ത് അപ്പോൾ തന്നെ പാർട്ടിയെ മൊബൈലിൽ വിളിച്ച് കച്ചവടം ഉറപ്പിക്കുമ്പോൾ, അയാളൂടെ മുഖത്ത് ആയിരം ദീപങ്ങൾ പ്രകാശിച്ചു വരുന്നത് എനിക്കു കാണാമായിരുന്നു. ഹൈവേയിലെ പുതിയ റോഡ് വരുന്നിടത്ത് ആളുകൾ സെന്റിനു പത്തും പതിനഞ്ചും ലക്ഷങ്ങൾ ചോദിക്കുന്നിടത്ത് തന്റെ ഉള്ള കിടപ്പാടം കൂടി നഷ്ടപ്പെടാതിരിക്കാൻ ഏത് താഴ്ന്ന വിലക്കു വിൽക്കാനും തയ്യാറായ ആ മനുഷ്യന്റെ ദയനീയ മുഖം കണ്ടപ്പോൾ എന്റെയും മനസ്സിൽ നിന്ന് ഒരു വിങ്ങലുയർന്നു..