Wednesday, August 26, 2009

മകന്റെ അച്ഛനും, അതുമൂലമുണ്ടായ എന്റെ ചിന്തകളും..

കുറച്ചുനാൾ മുൻപാണ്, നോട്ട്ബുക്ക് എന്ന സിനിമ കാണുവാനവസരം ലഭിച്ചപ്പോൾ പ്രസ്തുത സിനിമയുടെ പ്രമേയത്തെ വിശകലനം ചെയ്ത് എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചാലോ എന്നു തോന്നിയിരുന്നു. ഇന്നലെ, മകന്റെ അച്ഛൻ എന്ന സിനിമ കണ്ടതോടുകൂടി പഴേ ആ ആഗ്രഹം അന്ത:കരണത്തിലിരുന്നു മുളപൊട്ടുവാൻ വെമ്പിത്തുടങ്ങി. എന്തായിരുന്നു പ്രസ്തുത സിനിമകൾ തമ്മിൽ ബന്ധിപ്പിക്കുവാൻ ആധാരമായ പ്രമേയം?? വർത്തമാനകാല തലമുറയിലെ യുവതീയുവാക്കൾ നേരിടേണ്ടി അല്ലെങ്കിൽ അനുഭവിക്കുന്ന സമകാലികപ്രസക്തിയുള്ള വിഷയങ്ങളും, അവയോട് അല്ലെങ്കിൽ അവരോടുള്ള മാതാപിതാക്കളൂടെ സമീപനത്തെയും ആസ്പദമാക്കി നിർമിച്ചിരിക്കുന്ന വ്യത്യസ്തമായ രണ്ടു ദൃശ്യാവിഷ്കാരങ്ങളാണവ. സിനിമയേപറ്റിയെന്നല്ല; പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളിലൊന്നിനേപറ്റിപോലും ആധികാരികമായി നിരൂപിക്കാനുള്ള കഴിവെനിക്കില്ല. എങ്കിലും; ഒരു സാധാരണ പ്രേക്ഷകനായ എനിക്ക് എന്തു സന്ദേശം പ്രസ്തുത സിനിമകൾ മുഖേന ഉൾകൊള്ളാൻ കഴിഞ്ഞു എന്നതാണിവിടത്തെ പ്രസക്തമായ സംഗതി.


നോട്ട്ബുക്കിനെ നമുക്കിവിടെ വിടാം. മകന്റെ അച്ഛനിലേക്ക് മടങ്ങിവരാം. സാദാ ടിപ്പിക്കൽ സിനിമയായ മകന്റെ അച്ഛനെ ഇതര ചിത്രങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്ന പ്രധാനഘടകം എന്തെന്നാൽ; വർത്തമാനകാലസമൂഹത്തിൽ വേരൂഴ്ന്നിയിരിക്കുന്ന, ഭാവിയെ സംബന്ധിച്ചുള്ള വ്യാകുലതകളും; ആ വ്യാകുലചിന്തകൾ മുഖേന വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന വിവിധതരം മാനസിക സംഘർഷങ്ങളും, അവയെങ്ങനെ അവരുടെ അഭിരുചികളെ ബാധിക്കുന്നുവെന്നതുമാണ്. മകന്റെ അച്ഛൻ എന്ന സിനിമയിലെ ശ്രീനിവാസന്റെ അച്ഛൻ കഥാപാത്രം, വിനീതിന്റെ മകൻ കഥാപാത്രത്തെ ‘പഠിക്കുവാനായുള്ള ഒരു ഉപകരണം’ മാത്രമായിട്ടാണു കാണുന്നത്. മകനാകട്ടെ; തന്റെ അഭിരുചികളുമായി യാതൊരുവിധത്തിലും പൊരുത്തപ്പെടുവാൻ കഴിയാത്ത ഒരു വിഷയവുമായി, പിതാവിന്റെ നിരന്തരമായപ്രേരണയ്ക്കു വഴങ്ങി വശം കെടുകയും ചെയ്യുന്നു. എന്റെ കുറച്ച് ചിന്തകൾ രൂപാന്തരപ്പെടുന്നതും ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണു. ഈ രണ്ടുപേരിലും വിഹരിച്ചിരുന്ന മാനസികവ്യാപാരങ്ങൾ എങ്ങനെ തുലനം ചെയ്യാം; എന്നതാണു എന്റെ മനസ്സിൽ മുഖ്യമായും ഉന്നയിക്കപ്പെട്ട വിഷയം. ഒരു പിതാവിന്റെ വീക്ഷണകോണിലൂടെ ഈ സന്ദർഭത്തെ വ്യാഖ്യാനിച്ചാൽ, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ന്യായീകരിക്കത്തക്കതെന്നു കാണാം. കഷ്ടപ്പാടിന്റെയും, ദുരിതങ്ങളുടെയും മുൾമുനയിൽ ചവിട്ടിനിന്നുകൊണ്ട്; കൊടുപട്ടിണിയെ നേർക്കുനേരെതിരിട്ട് പ്രാഥമിക വിദ്യാഭ്യാസം സ്വന്തമാക്കി, ഭേദപ്പെട്ട ഒരു സർക്കാർ ജോലി സമ്പാദിച്ച്, നൂറു ശതമാനം സത്യസന്ധമായി ജോലിചെയ്ത് പടിപടിയായി ഉയർന്ന് സാമാന്യം തരക്കേടില്ലാത്ത തസ്തികയിലെത്തിയ മിഡിൽക്ലാസ്സ് ഉദ്യോഗസ്ഥന്റെ മകന്റെ ഭാവിയേക്കുറിച്ചുള്ള വ്യാകുലതകളാണു ശ്രീനിവാസനിൽ നമുക്ക് ദർശിക്കാനാവുന്നത്. വർത്തമാനകാലജീവിതത്തിൽ ഏതൊരു ശൃംഖലയിലുമുള്ള ജോലികളും സുസ്ഥിരമല്ലാതായിരിക്കുന്നു. ഈ ഘട്ടത്തിൽ നാളത്തെ ഭാവിയെക്കുറിച്ച് ഏതൊരു പിതാവും ഉത്കണ്ഠാകുലരാകുന്നത് സ്വാഭാവികം മാത്രമാണു. ആ ഒരു മാനസികാവസ്ഥയായിരിക്കാം; മകന്റെ അഭിരുചികളെ മാനിക്കാതെ പഠനം മാത്രം ലക്ഷ്യം എന്നെടുത്തുകൊൾക, എന്ന നിർബന്ധബുദ്ധിയിലേക്കെത്തിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം. മകനാകട്ടെ, അച്ഛന്റെ നിർബന്ധബുദ്ധികൾക്കു വഴങ്ങി; തന്റെ അഭിരുചികൾക്കു അനുസൃതമല്ലാത്ത ഒരു കോഴ്സ് പഠിക്കാൻ ശ്രമിക്കുകയും, ആ വിഷയത്തിൽ നിരന്തരം പരാജയത്തെ അഭിമൂഖീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മകന്റെ അഭിരുചികൾക്കു വിപരീതമായ ഒരു വിഷയം അവനിലേക്ക് കുത്തിവച്ചുകൊണ്ടിരിക്കുമ്പോൾ, അവനിലത് വല്ലാത്ത മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുകയും; അവന്റെ ഭാവിയെതന്നെ ബാധിക്കുകയും ചെയ്യുന്നു. അതിന്റെ പരിണിതഫലമായി, പ്രിയപ്പെട്ടവരെ ഉപേക്ഷിച്ച് സ്വന്തം വീടു വിട്ടിറങ്ങേണ്ടിയും വരുന്നു.


ഇവിടെ; പിതാവിന്റെ ഭാഗത്തുനിന്നീ സംഭവത്തെ വീക്ഷിച്ചാൽ, തന്നെ ആശ്രയിച്ചു ജീവിക്കുന്ന മകനു നല്ലൊരു ഭാവിയുണ്ടായിക്കാണുക, അതുവഴി ജീവിത പുരോഗതിയിൽ ഉന്നമനം കൈവരിക്കുക എന്നീ ആഗ്രഹങ്ങളാണു അദ്ദേഹത്തിന്റെ സേച്ഛാതിപത്യമനോഭാവത്തിനു നിദാനം എന്നു മനസ്സിലാക്കാം. എന്നാൽ തന്റെ സ്വാർഥതാല്പര്യങ്ങൾ മുഖേന മകനു സംഭവിക്കുന്ന മാനസ്സികസംഘർഷങ്ങൾ എത്രത്തോളം അവനെ ബാധിക്കുന്നു എന്നൊന്നും അദ്ദേഹം ലവലേശം ചിന്തിക്കുന്നതേയില്ല എന്നും മനസ്സിലാക്കാം. ഒരു പിതാവിന്റെ വശത്തുനിന്നീ വിഷയത്തെ വിശകലനം ചെയ്താൽ; അദ്ദേഹം തന്റെ മകന്റെ നന്മയെകരുതി അവലംബിച്ച മാർഗ്ഗങ്ങൾ, സേച്ഛാതിപത്യപരമാണെങ്കിലും തികച്ചു അനിവാര്യമായിരുന്നു എന്നു കാണാം.


എന്നാൽ മകന്റെ ഭാഗത്തുനിന്നീ സംഭവത്തെ വീക്ഷിക്കുമ്പോൾ; പിതാവിന്റെ സ്വാർഥതാല്പര്യങ്ങൾക്കുവഴങ്ങി, തന്റെ അഭിരുചിയേയും അതിനെ പ്രാപിക്കാനുള്ള ഇച്ഛാശക്തിയേയും അത്യന്തം വീർപ്പുമുട്ടലോടെ അടക്കിനിർത്തി; പിതാവിന്റെ ആത്മാഭിലാഷം നിറവേറ്റികൊടുക്കുവാൻ പരിശ്രമിച്ച് പരാജയം രുചിക്കുന്ന ഒരു അവസ്ഥയാണുണ്ടാകുന്നത്. പിതാവിന്റെ കാലശേഷം, തന്റെ ഭാവിയെപറ്റിയുള്ള ആശങ്കകൾ നിമിത്തം അദ്ദേഹത്തിന്റെ മനസ്സിൽ നടമാടിക്കൊണ്ടിരിക്കുന്ന മാനസികസഘർഷങ്ങൾ എന്തായിരിക്കാം? എന്നാ മകൻ ലവലേശം ചിന്തിക്കുന്നതേയില്ല.
അതേസമയം, മകന്റെ അഭിരുചികൾക്കനുസൃതമായ ഒരു കോഴ്സ് തിരഞ്ഞെടുത്ത്; ഭാവിജീവിതം കരുപ്പിടിക്കുവാൻ ഉതകുന്ന രീതിയിലൊരു പുനർചിന്തനം ആ പിതാവിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുമില്ല. മകന്റെ വശത്തുനിന്നീ സംഭവങ്ങളെ വിശകലനം ചെയ്താൽ; മകന്റെ അഭിരുചികളെ നിർബന്ധപൂർവം, പൂർണ്ണമായി അടിച്ചമർത്തപ്പെട്ടത് നല്ല പ്രവണതയായി അംഗീകരിക്കാൻ കഴിയില്ലെന്നും കാണാം.


മകന്റെ അഭിരുചികൾ ഉൾകൊണ്ട് പിതാവും, പിതാവിന്റെ വ്യാകുലതകളും ആകാംക്ഷകളും ഉൾകൊണ്ട് മകനും; തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഒരു തീരുമാനമെടുക്കാൻ ബാധ്യസ്ഥരാവുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതുമൂലം, ആത്മവിശ്വാസത്തോടെ നല്ലൊരു ഭാവിജീവിതത്തിലേക്കുള്ള ചവിട്ടുപടികൾ കെട്ടിപ്പടുക്കുവാൻ മകനും; നിറഞ്ഞമനസ്സോടെ സമാധാനപരമായി, മകനു നല്ലൊരു മാർഗ്ഗദർശിയാകുവാൻ പിതാവിനും കഴിയുമായിരുന്നു.


Friday, August 21, 2009

ആദ്യത്തെ റാഗിങ്ങ് അനുഭവം

സത്യം പറയാമല്ലോ..
മീറ്റ് കഴിഞ്ഞേപിന്നെ ഒന്നും എഴുതാൻ കഴിയുന്നില്ല..
ആകപ്പാടെ തലയിൽ ഒന്നും ഇല്ലാത്ത ഒരവസ്ഥ..!!
എന്താണാവോ എന്തോ??
കൂടെയുള്ളവരൊക്കെ പുതുമയുള്ള ഓരോരോ പോസ്റ്റുകളിട്ട് തകർക്കുമ്പോൾ എനിക്കുമാത്രം ഒന്നും സാധിക്കുന്നില്ല..
എന്റെ തലേലെ സ്റ്റോക്കെല്ലാം തീർന്നുവെന്നാണു തോന്നുന്നത്..


പണ്ട് ഞാനെഴുതിയ ഒരു അനുഭവക്കുറിപ്പാണിത്..
ഒന്നും പുതിയതായി പോസ്റ്റാനില്ലാത്തതുകൊണ്ട്, വീണ്ടും പോസ്റ്റുന്നു..
വായിച്ചവർ ദയവായി ക്ഷമിക്കുമല്ലോ..
വായിക്കാത്തവർ ദയവായി

ഇതുവഴി

വരുമല്ലോ..

Wednesday, August 12, 2009

ചെറായി; വരവു ചിലവു കണക്കുകൾ..

കൂട്ടുകാരേ;

ചെറായി സുഹ്രൂദ് സംഗമത്തിന്റെ വരവ് ചിലവ് കണക്കുകള്‍ പങ്കെടുത്ത എല്ലാവര്‍ക്കും മെയിലില്‍ അയച്ചിട്ടുണ്ട്.
ചില മെയില്‍ ഐ.ഡികള്‍ രജിസ്റ്റേഷന്‍ ഫോമില്‍ നിന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്തതിനാൽ‍ നാലഞ്ച് പേര്‍ക്ക് അയച്ച മെയില്‍ ബൌണ്‍സ് ആയിട്ടുണ്ട്. കണക്കുകള്‍ മെയില്‍ വഴി കിട്ടാത്തവര്‍ ഈ പോസ്റ്റില്‍ മെയില്‍ ഐ.ഡി ഒരു കമന്റായി ഇടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Monday, August 03, 2009

ചെറായി ബ്ലോഗ് മീറ്റ് - 2009; പാർട്ട് 2

പരിചയപ്പെടുത്തലുകളെത്തുടർന്ന് ബ്ലോഗിലെ ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ്മയിൽനിന്നുരുത്തിരിഞ്ഞ ഈണം സി. ഡി യുടെ ഔപചാരികമായ പ്രകാശനകർമ്മവും, പരിചയപ്പെടുത്തലും നടന്നു. പ്രൌരപ്രമുഖനും, ഈ മീറ്റിന്റെ രക്ഷാധികാരിയും, ലതിച്ചേച്ചിയുടെ ഭർത്താവുമായ ശ്രീ.സുഭാഷേട്ടനു, അപ്പുമാഷ് ; ഈണം സി ഡി യുടെ ആദ്യപ്രിന്റ് സമ്മാനിച്ചുകൊണ്ട് പ്രകാശനം ചെയ്തു.തുടർന്ന് ബുക്ക് റിപ്പബ്ലിക്ക് പ്രവർത്തകരുടെ ഊഴമായിരുന്നു. ബ്ലോഗുകൾ വഴി പരിചയപ്പെട്ട ഒരു കൂട്ടം മലയാളികൾ ചേർന്ന് രൂപം നൽകിയ സമാന്തര പുസ്തക പ്രസാധന വിതരണ സംരംഭമാണു ‘ബുക്ക് റിപ്പബ്ലിക്ക്‘. ബുക്ക് റിപ്പബ്ലിക്ക് പ്രസിദ്ധീകരിച്ച ടി.പി.വിനോദിന്റെ (ലാപുട)‘നിലവിളികളെക്കുറിച്ചുള്ള കടംകഥകളും’; അച്ചടി പൂർത്തിയാക്കിയതും, ഓഗസ്റ്റിൽ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നതുമായ ദേവദാസ്.വി .എം. ന്റെ ‘ഡിൽഡോ’ യും ബുക്ക് റിപ്പബ്ലിക്കിന്റെ രക്ഷാധികരിയായ ശ്രീ.ഹാരോൾഡ് പരിചയപ്പെടുത്തുകയും, പ്രദർശിപ്പിക്കുകയും ചെയ്തു.ഈണം സി.ഡിയുടേയും, ബുക്ക് റിപ്പബ്ലിക്കിന്റെയും പുസ്തകങ്ങളുടെ പ്രദർശനവും വിൽ‌പ്പനയും ഹാളിന്റെ ഒരു വശത്തായി നടക്കുന്നുണ്ടായിരുന്നു.
ഇതിനു ശേഷമാണ് സജീവേട്ടന്റെ കാരിക്കേച്ചർ മാരത്തോൻ ആരംഭിച്ചത്, ജി.മനുവിന്റെ കാരിക്കേച്ചര്‍ വരച്ചാണ് തുടക്കമിട്ടത്.


തങ്ങളുടെ കാരിക്കേച്ചർ പ്രതിബിംബം സ്വന്തമാക്കുന്നതിനായി സജീവാരാധകരുടെ ഒരു വലിയ നിര തന്നെ നിമിഷങ്ങൾക്കുള്ളില്‍ ഹാളിൽ പ്രത്യക്ഷമായി. എല്ലാവരും അത്യധികം താല്പര്യത്തോടെയും, അതിലേറെ ഉത്സാഹത്തോടു കൂടിയും സജീവേട്ടനെ സമീപിക്കുന്നുണ്ടായിരുന്നു.ഇംഗ്ലണ്ടിലെ മാജിക് അദ്ധ്യാപകൻ കൂടിയായ ‘ബിലാത്തിപട്ടണം’ നടത്തിയ മാജിക് ഷോ; സദസ്യരെ വിസ്മയഭരിതരാക്കി. നാണയത്തുട്ടുകൊണ്ടും, ഒരു മുഴം കയറുകൊണ്ടും അദ്ദേഹം നടത്തിയ കൺകെട്ടുവിദ്യകൾ പ്രേക്ഷകരെ ആകാംക്ഷാഭരിതരും, അക്ഷരാർത്ഥത്തിൽ അത്ഭുതപരതന്ത്രരുമാക്കി.

ഈ സമയത്തും സജീവേട്ടന്റെ കാരിക്കേച്ചർ രചനാ ചാതുര്യം അനുസ്യൂതം പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം ഹാളിന്റെ മദ്ധ്യവശത്തായി മറ്റുകലാ,സാഹിത്യപരിപാടികളും നടക്കുന്നുണ്ടായിരുന്നു. അരീക്കോടൻ മാഷിന്റെ പുത്രി ആയിഷയുടെ കവിതാപാരായണം,
വാഴക്കോടന്റെ മിമിക്രി മാപ്പിളപ്പാട്ടുകൾ, വിനയന്റെ കവിതാലാപനം, ചാർവാകൻ മാഷിന്റെ നാടൻ പാട്ടുകൾ, പ്രിയയുടെ ഗാനം, മണികണ്ഠന്റെ ജനകിയമ്മയെ അനുകരിച്ച്കൊണ്ടുള്ള ഗാനം, അപ്പുമാഷിന്റെ പുത്രൻ മനുക്കുട്ടന്റെ ഗാനം, ലതിച്ചേച്ചിയുടെ സ്വന്തം കവിതയുടെ പാരായണം..അങ്ങനെ നിരവധി കലാപരിപാടികൾ കൊണ്ട് ഹാൾ ജീവ്വസുറ്റതായി.

ഉച്ചയോടെ മീറ്റിലെ ഏറ്റവും ഹൈലൈറ്റ് ഇനമായ “ഈറ്റ്“, റിസോർട്ടിലെ ഡൈനിങ്ങ് ഹാളിൽ തുടങ്ങിയിരുന്നു. ചെറായ് സ്പെഷിയൽ വിഭവങ്ങളായ ചെമ്മീൻ വട, കരിമീൻ പൊരിച്ചത്, ചിക്കെൻ റോസ്റ്റ്, മീൻ കറി, കപ്പപുഴുങ്ങിപ്പൊടിച്ചത്, സാംബാർ, മോരുകറി, തോരൻ, പപ്പടം പിന്നെ ലതിച്ചേച്ചിയുടെ സ്വന്തം പാചകമായ ‘കടുമാങ്ങാ അച്ചാർ’ എന്നിവ ചേർത്തുള്ള വിഭവസ മൃദ്ധമായ ഊണായിരുന്നു ഒരുക്കിയിരുന്നത്.
ഉച്ചഭക്ഷണത്തെത്തുടർന്ന് എല്ലാ കൂട്ടുകാരും ചേർന്നുനിന്നുള്ള ഫോട്ടോസെഷൻ നടന്നു. മുൻപുള്ള പോസ്റ്റിൽ നിന്ന് ഈ ഫോട്ടോ കാണാവുന്നതാണു. ഫോട്ടോ സെഷനെത്തുടർന്ന്,

ദൂരദേശത്തേക്ക് പോകേണ്ട കൂട്ടുകാർ മറ്റു സഹബ്ലോഗര്‍മാരോട് യാത്രചൊല്ലി പിരിഞ്ഞുകൊണ്ടിരുന്നു. ഊണിനുശേഷവും സജീവേട്ടനു മോചനം ലഭിച്ചില്ല.


ഏകദേശം മൂന്നുമണി കഴിഞ്ഞതോടെ പരിപാടി ഉപസംഹരിച്ചു. ലളിതമായ വാക്കുകളാല്‍ ലതിച്ചേച്ചി യാത്രപറഞ്ഞു.

സുഹൃത്തുക്കളെ,
ഈ മീറ്റിനു കാരണമായ ചര്‍ച്ചകള്‍ നാമെല്ലാവരും വീക്ഷിച്ചതാണ്. കിച്ചു ആണ് ഇത്തരമൊരു ആശയം ആദ്യമായി മുന്നോട്ട് വക്കുന്നത്, അപ്പുമാഷുമായുള്ള ഒരു സംഭാഷണത്തിനിടയില്‍. തുടര്‍ന്ന് പ്രവാസികളായ ബ്ലോഗര്‍മാ‍ര്‍ നാട്ടിലെത്തുന്ന സമയത്ത് ഇവിടെ ഒരു മീറ്റ് സംഘടിപ്പിക്കുന്നതിനേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അപ്പുമാഷ് ഒരു പോസ്റ്റിട്ടു.അവിടെ തുടങ്ങിയ ചര്‍ച്ചകളാണ് ഈ പൊസ്റ്റ് കല്യാണസൌഗന്ധികത്തിലെത്തുന്നത്. തുടര്‍ന്ന് ചെറായ് കേന്ദ്രീകരിച്ച് നടത്തിയ പരിശ്രമങ്ങളാണ് ഈ മീറ്റ് യാഥാര്‍ത്ഥ്യമാക്കിയത്.

ഈ ആശയത്തിന്റെ ഉപജ്ഞാതാവായ കിച്ചു ചേച്ചിക്ക് അഭിനന്ദനവും നന്ദിയും അറിയിക്കട്ടെ.
മീറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച അപ്പുമാഷിന് നന്ദി.

ഈ മീറ്റിന്റെ സംഘാടനത്തിന്റെ ചുക്കാന്‍ പിടിച്ച ലതിച്ചേച്ചിയുടെ ഭര്‍ത്താവ് സുഭാഷേട്ടന്റെ സേവനങ്ങള്‍ എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ല.ഇത്ര സൌകര്യപ്രദമായ റിസോര്‍ട്ട് ലഭ്യമാക്കുക തുടങ്ങി ഭക്ഷണക്കാര്യങ്ങള്‍ വരെ ക്രമീകരിച്ചത് ശ്രീ.സുഭാഷേട്ടനായിരുന്നു.
അദ്ദേഹത്തോടുള്ള ബൂലോകരുടെ നന്ദിയും കടപ്പാടും വാക്കുകളിലൊതുങ്ങുന്നതല്ല.എന്നിരുന്നാലും നമ്മുടെ ഹൃദയം നിറഞ്ഞ നന്ദി സ്വീകരിക്കണമെന്ന് സുഭാഷേട്ടനോട് അഭ്യര്‍ത്ഥിക്കുന്നു.

മീറ്റിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു സജീവേട്ടന്റെ കാരിക്കേച്ചര്‍. തന്റെ വിലയേറിയ ഒരു ദിവസം മുഴുവനും ചിലവഴിച്ച് ബൂലോകരുടെ ചിത്രം വരച്ച അദ്ദേഹത്തിന്‍ മീറ്റില്‍ പങ്കെടുക്കാന്‍ തന്നെ ആയില്ല എന്നത് അതിശയോക്തിയാവില്ല. ശ്രീ.സജീവേട്ടന് എല്ലാ ബൂലോകരുടെ പേരിലും നന്ദി അറിയിക്കുന്നു.

ഇതു കൂടാതെ മീറ്റിന്റെ സംഘാടനത്തിനു സഹായിച്ച അമരാവതി റിസൊര്‍ട്ട് ഉടമ പുഷ്പന്‍ ചേട്ടന്‍, അദ്ദേഹത്തിന്റെ സ്റ്റാഫ് , ഭക്ഷണം തയ്യാറാക്കിയ സുഹൃത്തുക്കള്‍, എന്നിവര്‍ക്കുള്ള നന്ദി പറയുന്നു.

ആദ്യാവസാനം ഇതിനു മുങ്കയ്യെടുത്ത ലതിച്ചേച്ചി, അപ്പുമാഷ്, നീരു, അനിൽജി, ജോ, നാട്ടുകാരൻ, മണികണ്ഠൻ തുടങ്ങിയ എല്ലാ സുഹൃത്തുക്കളേയും ഈ അവസരത്തില്‍ സ്മരിക്കുന്നു.

ഈ സുഹൃദ്സംഗമത്തിനു അകലങ്ങളിൽ ഇരുന്ന് ആശംസകൾ അർപ്പിച്ച കുഞ്ഞൻ, അഗ്രജൻ, കിരൺസ്, ബഷീർ വെള്ളറക്കാട്, വിശാലമനസ്കൻ, മാണിക്യം, ഞാനും എന്റെ ലോകവും, രാമചന്ദ്രൻ വെട്ടിക്കാട്, സൂത്രൻ, സ്മിതാ ആദർശ്, മരമാക്രി, യൂസുഫ്പ, കാന്താരിക്കുട്ടി, ദീപക് രാജ്, അനൂപ് തിരുവല്ല, ശ്രീ, ഉഗാണ്ടാ രണ്ടാമൻ, തമനു, ഇന്ത്യാ ഹെറിട്ടേജ്, കണ്ണനുണ്ണി, ചിന്തകൻ, ശ്രദ്ധേയൻ,ഗീത് തുടങ്ങിയവർക്കും ഞങ്ങളെല്ലാവരുടേയും പേരിൽ നന്ദി രേഖപ്പെടുത്തുന്നു. (തിരക്കിനിടയിൽ ഇനിയും മറന്നുപോയ പേരുകൾ ഉണ്ടാകാം, സദയം ക്ഷമിക്കുക)

കൂടാതെ ഈ മീറ്റില്‍ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

ഈ പരിപാടി ഭംഗിയാക്കുവാൻ ഞങ്ങളെല്ലാവരേയും അനുഗ്രഹിച്ച് ആശീർവദിച്ച സർവ്വേശ്വന്റെ മുൻപിൽ പ്രണാമം അർപ്പിച്ചുകൊണ്ട്, എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്...ചെറായി മീറ്റിനേപറ്റിയുള്ള എല്ലാ പോസ്റ്റുകളും ശ്രീ.മുള്ളുർക്കാരന്റെ ഈ പോസ്റ്റിൽ നിന്നും ലഭിക്കും..


ചെറായി മീറ്റിനേക്കുറിച്ചുള്ള ഒരു വീഡിയോ, ജോ തയ്യാറാക്കി വരുന്നു.
അതിന്റെ ട്രെയിലെർ ഇവിടെ ലഭിക്കും.