Sunday, October 05, 2008

ആദ്യത്തെ റാഗിങ്ങ് അനുഭവം

92 ലെ മഹത്തായ S.S.L.C പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയം. മാര്‍ക്ക് തമ്പുരാന്മാരുടെ അമിതകടാക്ഷം ലഭിക്കാതിരുന്നതിനാല്‍ 3rd ഗ്രൂപ്പിനോ 4th ഗ്രൂപ്പിനോ ചേര്‍ന്നുപഠിക്കാം എന്നുനിനച്ചിരുന്ന സമയം. അങ്ങനെയിരിക്കുമ്പോള്‍ ഒരുദിവസം ഓഫീസ് കഴിഞ്ഞുവന്ന പപ്പ ചോദിച്ചു; കേരളത്തിനു വെളിയില്‍ ഏതെങ്കിലും പോളിയില്‍ ഇലക്ട്രോണിക്സ് ഡിപ്ലോമയ്ക്കു വിടട്ടെയെന്ന്. പത്താം ക്ലാസിലെ എന്റെ സഹപാഠിയായിരുന്ന ജോബിയില്‍ നിന്നും അല്പസ്വല്പം ഇലക്ട്രോണിക്സ് ബാലപാഠങ്ങള്‍ സ്വായത്തമാക്കിയിരുന്നതുകൊണ്ടും, വെളിയില്‍ പോയി അടിച്ചുപൊളിച്ചു നടക്കാം എന്ന ഉദ്ദേശത്താലും ഞാന്‍ യെസ്മൂളി. ഒരാഴ്ചക്കുള്ളില്‍ തന്നെ തമിഴ്നട്ടിലെ ഡിന്റിഗലില്‍ R.V.S. പോളിയില്‍ എനിക്ക് അഡ്മിഷന്‍ തരപ്പെടുകയും ചെയ്തു.

കോളേജില്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ കിട്ടേണ്ടിയിരുന്ന ഇന്റിമേഷന്‍ ലെറ്റെര്‍ ലഭിക്കാന്‍ വൈകിയതിനാല്‍; ദിവസങ്ങളോരോന്നായി സ്വപ്നങ്ങള്‍ നെയ്തുകൂട്ടി ഞാന്‍ എണ്ണിക്കഴിഞ്ഞുകൂടി. അവസാനം ജൂലൈയിലെ ഒരു കുതിര്‍ന്ന മഴയില്‍ “ എത്രയും പെട്ടന്ന് കോളേജില്‍ ഹാജരാവണം; ഇല്ലെങ്കില്‍ പേരുവെട്ടും “ എന്നെഴുതിയ ഒരു കമ്പി സ്ഥലത്തെ പോസ്റ്റ്മാന്‍ കൊണ്ടുവന്നുതന്നു. പിറ്റേന്ന് അതിരാവിലെതന്നെ പ്രസ്തുതകോളേജിലേക്ക് ഞാനും പപ്പയും യാത്ര തിരിച്ചു. ഇടുക്കി, കട്ടപ്പന, കുമിളി, കംബം, തേനി വഴിയായിരുന്നു യാത്ര. കേരളത്തിന്റെ അതിര്‍ത്തിയായ കുമിളി കഴിഞ്ഞപ്പോള്‍ തന്നെ ഒരു വിമ്മിഷ്ടം മനസ്സില്‍ തോന്നിത്തുടങ്ങിയിരുന്നു. കുമിളി വരെ കൂട്ടായുണ്ടായിരുന്ന; ഞാന്‍ എന്നെന്നും സ്നേഹിക്കുന്ന എന്റെ സ്വന്തം ‘മഴ’ എന്നെ ഉപേക്ഷിച്ച് എവിടെയോ പൊയിക്കഴിഞ്ഞിരുന്നു. കുമിളിയിലെ തുണുത്തുകുളിരുന്ന മഴയില്‍ കുടചൂടിപ്പിടിച്ചുനിന്നിരുന്ന എന്നെ ‘കോടക്കാറ്റ്‘ പറത്തിക്കൊണ്ടുപോകാന്‍ തുടങ്ങിയത്; തമിഴ്നട്ടിലെ അസഹനീയമായ ചൂടില്‍ കുളിച്ച് പൊടിക്കാറ്റിലൂടെ യാത്രചെയ്തപ്പോള്‍ മിസ്സ് ചെയ്യുന്നതുപോലെ തോന്നി. മറക്കാനാവാത്തൊരു ഗൃഹാതുരത്വം മനസ്സില്‍ പെയ്യുന്നതുപോലെ. യാത്രാവസാനം വൈകുന്നേരത്തോടടുത്ത് ഞങ്ങള്‍ ഡിന്റിഗലില്‍ എത്തിച്ചേര്‍ന്നു. അതുവരെ തമിഴ്നട്ടില്‍ ദര്‍ശിച്ച ഇതര നഗരങ്ങളില്‍നിന്നും വിഭിന്നമായതും, വൃത്തിയുള്ളതുമായിരുന്നു ആ നഗരം. ഈ നഗരത്തിന്റെ മുഖമുദ്ര എന്നു പറയേണ്ടത് ടിപ്പുസുല്‍ത്താന്റെ കോട്ടയാണ്. ഏകദേശം 1500 ല്‍ പരം അടി ഉയരമുള്ള ഭീമന്‍ ഒറ്റപ്പാറയുടെ മേല്‍ തുരങ്കവും, യുദ്ധം ചെയ്യാനുള്ള എല്ല സൌകര്യവുമുള്ള കോട്ട നിര്‍മിച്ചിരിക്കുന്നു!!! റോക്ക് ഫോര്‍ട്ട് എന്നായീരുന്നു അതിന്റെ വിളിപ്പേര്. താഴെ റോഡില്‍നിന്നും കോട്ടയുടെ മുകളറ്റംവരെ പാറകൊത്തിയുണ്ടാക്കിയിരൂന്ന കല്പടവുകള്‍ ഒരു അത്ഭുതം തന്നെയായിരുന്നു. അങ്ങനെ ഞങ്ങള്‍ ബസ്സ് സ്റ്റാന്‍ഡില്‍ ഇറങ്ങി, സമീപത്തുള്ള വെങ്കിടേശ്വര ലോഡ്ജില്‍ മുറിയെടുത്തു.

പിറ്റേന്ന് കാലത്ത് എട്ടുമണിയോടു കൂടി കോളേജിലേക്ക് പുറപ്പെട്ടു. 8 കി.മീ യോളം സഞ്ചരിച്ച് ഞങ്ങള്‍ കോളേജ് സ്റ്റോപ്പില്‍ ബസ്സില്‍ വന്നിറങ്ങി. ഞാനും പപ്പയും കോളേജിലേക്കു നടന്നു. ചുറ്റുപാടും അപരിചിതമുഖങ്ങള്‍. റാഗിങ്ങ് ഉണ്ടെന്നു നേരത്തെ അറിഞ്ഞിരുന്നതാണെങ്കിലും [അന്നേരം പേടിയൊന്നും തോന്നിയിരുന്നില്ല] മെയിന്‍ ഗേറ്റ് കടന്നപ്പോള്‍ അജ്ഞാതമായ ഒരു ഉള്‍ഭയം എന്റെ മനസ്സില്‍ ഉറഞ്ഞുകൂടിത്തുടങ്ങിയിരുന്നു. പ്രിന്‍സിപ്പാളിന്റെ മുറിയുടെ മുന്‍പില്‍ വച്ച് എനിക്ക് അഡ്മിഷന്‍ ശരിയാക്കിതരാന്‍ പപ്പയെ സഹായിച്ച സീനിയര്‍ വിദ്യാര്‍ത്ഥികളെ കണ്ടുമുട്ടുകയും, എനിക്കവരെ പരിചയപ്പെടുത്തിത്തരുകയും ചെയ്തു. പ്രിന്‍സിപ്പാളിന്റെ റൂമില്‍നിന്നും പ്യൂണ്‍ മുഖാന്തിരം 1st യീയര്‍ ക്ലാസില്‍ എത്തുമ്പോള്‍ ക്ലാസ്സ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. മാത്തെമറ്റിക്സ് എടുത്തുകൊണ്ടിരുന്ന സെല്‍വി മാഡവും പ്യൂണും തമ്മില്‍ എന്തൊക്കെയോ തമിഴില്‍ കുശുകുശുത്തതിനുശേഷം,[തമിഴായതിനാല്‍ എനിക്കൊന്നും മനസ്സിലായില്ല] മാഡം എനിക്കു സ്വാഗതമോതി. ക്ലാസിനകത്തെ ഒഴിഞ്ഞ ഡെസ്ക് ചൂണ്ടിക്കാണിച്ച് മാഡം മൊഴിഞ്ഞു.
“ വാങ്കോ ഹരീഷ്, അങ്കേ പോയി ഉക്കാറിങ്കോ”
“ അഭിലാഷ്, ഇവരെട്ടേ കൊഞ്ചം ശൊല്ലിക്കൊടുങ്കേ”
ഞാന്‍ കണ്ണുമിഴിക്കണ കണ്ട് ഒരു ദ്വിഭാഷിയെ ഏര്‍പ്പെടുത്തിയതാണ് മാഡം. അഭിലാഷ് മലയാളത്തില്‍ പറഞ്ഞ് ചൂണ്ടിക്കാണിച്ച സീറ്റില്‍ ഞാന്‍ ആസനസ്ഥനായി. സെല്‍വി മാഡം ക്ലാസ്സ് തുടര്‍ന്നുകൊണ്ടേയിരുന്നു. തമിഴിലായിരുന്നു ക്ലാസ്സെടുത്തിരുന്നത്. എല്ലാവരും മാഡത്തിന്റെ ലെക്ചറ് ശ്രദ്ധിച്ചുകൊണ്ടിരിക്കുനു. ഞാനാണെങ്കില്‍ കഥയറിയാതെ ആട്ടം കാണുന്ന പൊട്ടനേപ്പോലെ കണ്ണും മിഴിച്ച് മാഡത്തിന്റെ മുഖത്തേക്ക് തുറിച്ചും നോക്കിയിരുന്നു. ഇടക്കിടയ്ക്ക് ഞാന്‍ അഭിലാഷിന്റെ മുഖത്തേക്ക് ഇടങ്കണ്ണിട്ടുനോക്കും, പിന്നെ ബാക്കിയുള്ള എല്ലാവരുടേയും. എല്ലാവരും ശ്രദ്ധിച്ചിരിക്കുന്നു. അപ്പോള്‍, എനിക്കു മാത്രമേ ഒന്നും മനസിലാകാത്തുള്ളൂ. എന്താ ചെയ്യേണ്ടേ? പപ്പ വെളിയില്‍ നില്പുണ്ട്. ഈ പിരീഡും കഴിഞ്ഞ് പപ്പേടെകൂടെ നാട്ടിലേക്കു തിരിച്ചുപോയാലോ... മലയാളം മീഡിയത്തില്‍ പഠിച്ച് ഇംഗ്ലീഷ് തട്ടിമുട്ടി ഒപ്പിക്കുന്ന എനിക്ക് എങ്ങനെയെങ്കിലും തിരിച്ചുപോയാല്‍ മതിയെന്നായി. തമിഴില്‍ മാത്രം ആശയവിനിമയം നടത്തുന്ന അദ്ധ്യാപികയും, വിദ്യാര്‍ത്ഥികളും!!! ക്ലാസുകള്‍ മാറി മാറി വന്നുകൊണ്ടിരുന്നു. ഇടയ്ക്ക് ഇന്റെര്‍വെല്‍ ടൈം വന്നു. അപ്പോള്‍ ക്ലാസിലെ ഇതര മലയാളികള്‍ എന്നെ പരിചയപ്പെടുവാന്‍ വന്നു. അവരോടൂ സംസാരിക്കുംതോറും കൈവിട്ടുപോയ ധൈര്യം തിരികെകിട്ടുന്നതുപോലെതോന്നി. ലഞ്ച് ടൈമില്‍ മെസ്സില്‍ വച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് സീനിയേര്‍സിന്റെ റാഗിങ്ങിനെപറ്റിയും, നല്ല ഇടിയൊക്കെ കിട്ടുമെന്നും അഭിലാഷില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. ഇതുകൂടി കേട്ടതോടെ പേടിച്ചരണ്ട എനിക്ക് എങ്ങനെയെങ്കിലും വീടുപറ്റിയാല്‍ മതിയെന്നായി. ഉച്ചക്കുശേഷം ഞാന്‍ ക്ലാസ്സിലിരുന്നത്, കഴുത്തറക്കപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന കോഴിയുടെ അവസ്ഥയിലായിരുന്നു. ഈ സമയത്ത് എന്റെ കോളേജിലെയും, ഹോസ്റ്റലിലേയും കാര്യങ്ങളെല്ലാം പപ്പ ശരിയാക്കിയിരുന്നു. 3.30 തോടുകൂടി ക്ലാസ്സുകള്‍ അവസാനിച്ച് ഞാന്‍ കാമ്പസ്സിനു വെളിയില്‍ വരുമ്പോഴേക്കും പപ്പ യാത്ര പറയാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. എനിക്കും പപ്പയുടെ കൂടെ വരണം എന്നു പറയാനാഗ്രഹമുണ്ടായിരുന്നെങ്കിലും, ഉള്ളിലുണ്ടായിരുന്ന സങ്കടങ്ങള്‍ കടിച്ചമര്‍ത്തി അദേഹത്തെ യാത്രയാക്കി. പപ്പ പോയപ്പോഴേക്കും എന്റെ നെഞ്ചിന്‍കൂട്ടില്‍ നിന്നും ഒരു വിങ്ങലുയര്‍ന്നു, ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരവസ്ഥ, ഏകനായതുപോലെ തോന്നി...

പപ്പയെ യാത്രയാക്കിയതിനുശേഷം ഹോസ്റ്റല്‍ റൂമിലേക്ക് അഭിലാഷിന്റെയും, ബാക്കി മലയാളികൂട്ടുകാരുടെയും കൂടെ ഞാന്‍ നടന്നു. കോളേജില്‍ നിന്നും അര കി.മി. യുണ്ടായിരുന്നു ഹോസ്റ്റലിലേക്ക്. ഹോസ്റ്റലിലേക്ക് തിരിയുന്നതിന്റെ വളവില്‍ നാലഞ്ചു മലയാളി സീനിയേര്‍സ് നില്‍ക്കുന്നത് വളരെ ദൂരത്തുനിന്നെ കണ്ട അഭിലാഷ്; ഇന്നു നിന്റെ ഊഴമായിരിക്കുമെന്നും, അവര്‍ വിളിച്ചാല്‍ മറുത്തൊന്നും പറയാതെ അവരുടെ അടുത്തേക്കുചെല്ലണമെന്നും, അവരെ അനുസരിക്കണമെന്നും ഉപദേശിച്ചു. ഹോസ്റ്റലിലേക്കുള്ള വളവുതിരിഞ്ഞപ്പോള്‍ പ്രതീക്ഷിച്ചതുപോലെതന്നെ പുറകില്‍ നിന്നും ഉച്ചത്തില്‍ പേടിപ്പെടുത്തുന്നസ്വരത്തില്‍ വിളിവന്നു.
“ ഡാ; നില്‍ക്കവിടെ, ഇവിടെവാടാ”
നെഞ്ച് പടപടാന്നു മിടിക്കാന്‍ തുടങ്ങിയിരുന്നു. അത്യധികം പേടിയോടേ ഞാനവരുടെ അടുത്തേയ്ക്ക് നടന്നടുത്തു.
“ ഇങ്ങോട്ടു മാറിനില്‍ക്കടാ; പേരെന്താടാ?”
“ ഹരീഷ്”
“ഫുള്‍ നേയിം പറയെടാ”
“ ഹരീഷ്.പി.ഡി.”
“നിന്റെ അപ്പന്‍ പോയോടാ”
എന്റെ പപ്പയെ അഭിസംബോധന ചെയ്ത വിധം എനിക്കിഷ്ടപ്പെട്ടില്ല; ഒരു നിമിഷം വല്ലാത്തൊരു ദ്വേഷ്യം മനസ്സിലേക്കു കയറിവന്നു, പെട്ടന്ന് അഭിലാഷിന്റെ ഉപദേശങ്ങള്‍ മനസ്സിലേക്ക് ഓടിക്കയറി.
“പോയി സാര്‍”
‘സാര്‍’ എന്ന് സീനിയേര്‍സിനെ അഭിസംബോധന ചെയ്യണമെന്നു അഭിലാഷ് പറഞ്ഞുതന്നിരുന്നു.
“ സാറെന്നോ; വിളിച്ചു സുഖിപ്പിക്കുവാണോടാ, ആരെടാ നിന്നോട് സാറെന്നു വിളിക്കണമെന്നു പറഞ്ഞത്”
“ അഭിലാഷാണു സാര്‍”
“ഊം; ശരി..ശരി നാളെത്തൊട്ട് ഈ പൊടിമീശയൊക്കെ ചെരച്ചിട്ടു വരണംട്ടോടാ”
“ ഊം”
“ എന്താടാ മൂളുന്നെ, നീ ഊമയാണോടാ”
“ അല്ല സാര്‍; ശരി സാര്‍”
“ഊം; ഒരു കാര്യം ചെയ്യ്, വാ ഞങ്ങളുടെ കൂടേ”
എന്റെ മണക്കാട്ടപ്പാ; എന്നെയീ കാലന്മാര് എവിടെകൊണ്ടുപോകുവാണോ...എന്നെ കൊല്ലുമോ ഇന്ന്...പപ്പേടേ കൂടേ പോയാല്‍ മതിയായിരുന്നു. എന്റെ ചങ്കു കിടന്നു പിടക്കാ‍നും, ശരീരമാസകലം വിറക്കാനും തുടങ്ങി. ഹോസ്റ്റലിനോടനുബന്ധിച്ചുള്ള എന്‍ജിനീറിങ്ങ് കോളേജിന്റെ മുന്‍പിലെ പൂന്തോട്ടത്തിന്റെ സൈഡിലൂടെ അവരുടെ കൂടെ ഞാന്‍ നടന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ റോഡിനു മറുവശത്ത് നടന്നുപോകുന്ന പെണ്‍കുട്ടികളില്‍ നീല ഹാഫ്സാരി ഉടുത്തിരുന്ന ഒരുവളെ ചൂണ്ടിക്കാണിച്ചുകൊണ്ട്; പൊക്കമുള്ള ഒരു സീനിയര്‍ ചോദിച്ചു.
“ഡാ; ഞങ്ങള്‍ പറയുന്നത് നീ അവളുടെ അടുത്തുപോയി പറയണം, ഓക്കേ”
ഞാന്‍ ചെകുത്താനും കുരിശിനും ഇടയിലെന്ന അവസ്ഥയിലായി. ഇവന്മാര്‍ പറയുന്ന തരികിട അവളുടെ അടുത്തുപോയി പറഞ്ഞില്ലെങ്കില്‍ ഇവന്മാരെന്നെ കൊല്ലും, പറഞ്ഞാല്‍ അവളെന്നെ തല്ലും; അല്ലെങ്കില്‍ നാട്ടുകാരു തല്ലും.
ഞാനവള്‍ ഇട്ടിരുന്ന ചെരിപ്പ് നോക്കി. ഹൈ ഹീലാണ്. ഞാനവളുടെ അടുത്ത് ചെന്നു പറഞ്ഞാലുണ്ടാകുന്ന റിയാക്ഷന്‍, ഒരുനിമിഷം ഞാനെന്റെ മനസ്സിലൂടെ വൈന്റ് ചെയ്തു.
“ഡാ; ‘.............................’പറഞ്ഞിട്ടു വാടാ”
തമിഴില്‍ അവര്‍ പറഞ്ഞുതന്ന ആ പദം എനിക്കു മനസ്സിലാവാത്തതിനാല്‍; ഞാന്‍ ഒരു നമ്പറിട്ടു.
“ സാര്‍; എനിക്കു തമിഴറിയില്ല, ഞാന്‍ പിന്നീട് പറഞ്ഞാല്‍ പോരേ”
ഇപ്പോഴിവിടെ നിന്നും രക്ഷപെട്ടാല്‍ ഇന്നു രാത്രിതന്നെ തിരിച്ചു വണ്ടി കയറണം എന്ന കണക്കുകൂട്ടലായിരുന്നു എന്റെ മനസ്സില്‍.
“ഫ്ഭാ..@#$%^& മോനേ; പോയിപ്പറഞ്ഞിട്ടു വാടാ; ഇല്ലെങ്കില്‍ ഇന്നു നിന്റെ അവസാനമാ..”
പേടിച്ചരണ്ട ഞാന്‍ റോഡ് മുറിച്ചുകടന്ന് ആ പെണ്‍കുട്ടിയുടെ പുറകെ വച്ചടിച്ചു, എന്നിട്ട് അടുത്തെത്തിയപ്പോള്‍ വിളിച്ചു..
“എസ്കൂസ് മി മാഡം”
ഇരുനിരക്കാരിയായ ആ സുന്ദരിക്കുട്ടി തിരിഞ്ഞുനിന്നു. എന്റെ ചങ്കുകിടന്നു പെരുമ്പറകൊട്ടി.
“എന്ന വേണം” അവള്‍ ചോദിച്ചു.
ഞാന്‍ സീനിയേര്‍സിന്റെ നേരെ ദയനീയമായി നോക്കി. അവര്‍ എന്നെ മുഷ്ഠിചുരുട്ടിക്കാണിച്ച് ആക്രോശിച്ചു..
“ പറയെടാ !@#$%&* മോനേ”
ഇതു കണ്ട ആ പെണ്‍കുട്ടി ചോദിച്ചു.
“അവര് ഏതാവതു ശൊല്ലി വിട്ടിരുക്കാ; ഭയപ്പെടാതെ ശൊല്ലുങ്കോ”
“ഊം” ഞാന്‍ മൂളി.
“ശീഘ്രമാ ശൊല്ല്, എനക്കു പോണം..”
എന്തായാലും അടി ഉറപ്പായി. രക്തമയം മുഖത്തുനിന്നും ഇറങ്ങിപ്പോയിരിക്കുന്നു. വിറയാര്‍ന്ന സ്വരത്തില്‍ എന്റെ മുറി ഇംഗ്ലീഷില്‍ ഞാനവളോടു പറഞ്ഞൊപ്പിച്ചു.
“ മാഡം, അയാം വെരി സോറി ടു സേ ദാറ്റ്.....; ദേ ആര്‍ പ്രെസ്സിങ്ങ് മി ടു സേ സംതിങ്ങ് ടു യൂ..... ‘ ഞാന്‍ ഉന്നൈ കാതലിക്കറേന്‍’ “
ഒറ്റ ശ്വാസത്തില്‍ ഇത്രയും ഞാന്‍ പറഞ്ഞുനിര്‍ത്തി. അടിയെപ്പം തുടങ്ങും എന്ന പ്രതീക്ഷയോടെ അവളെ നോക്കിക്കൊണ്ടിരുന്ന എനിക്ക് കാണാന്‍ കഴിഞ്ഞത് അവള്‍ പൊട്ടിച്ചിരിക്കുന്നതും; എന്നോടായി
“ഞാനും ഉന്നൈ കാതലിക്കറേന്‍, പോതുമാ..” എന്നും പറഞ്ഞ് സീനിയേര്‍സിന്റെ നേരെ കൈയും വീശി തിരിച്ചുനടന്നു.
എന്റെ ശ്വാസം നേരെ വീണത് അപ്പോഴായിരുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചത് അടികിട്ടണ കാര്യമൊന്നുമല്ല. ഹോ! ഞാന്‍ രക്ഷപെട്ടു. ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തോടെ ഞാന്‍ തിരികെനടന്നു സീനിയേര്‍സിന്റെ അടുത്തെത്തി.
“പറഞ്ഞോടാ”
“പറഞ്ഞു സാര്‍”
“അവളെന്താ പറഞ്ഞത്”
“ഞന്‍ പറഞ്ഞതു തന്നെ അവളും പറഞ്ഞു സാര്‍”
ഇതുകേട്ടതും അവരെല്ലാം പരസ്പരം നോക്കി കൂട്ടച്ചിരിചിരിച്ചു. എന്നിട്ട് എന്നോടജ്ഞാപിച്ചു.
“ഓടടാ ഹോസ്റ്റലിലേക്ക്”
സിംഹത്തിന്റെ മടയില്‍ നിന്നും ജീവന്‍ തിരിച്ചുകിട്ടിയ മുയലിനെപ്പോലെ, തിരിഞ്ഞുനോക്കാതെ ഞാന്‍ ഹോസ്റ്റലിലേക്ക് ഓടി.

ഹോസ്റ്റല്‍ റൂമില്‍ ചെന്നുകയറിയതേ അഭിലാഷ് എന്താണുണ്ടായതെന്നു തിരക്കി. ഉണ്ടായ സംഭവങ്ങള്‍ വള്ളിപുള്ളി വിടാതെ ഞാനവനോടു പറഞ്ഞു. ഇതുകേട്ടതും അഭിലാഷും മറ്റു സഹമുറിയന്‍ മാരും ചിരിതുടങ്ങി എന്നിട്ടു പറഞ്ഞു.
“ അളിയാ; വന്നു കയറിയ ദിവസം തന്നെ നിനക്കൊരു ലൈനായല്ലോ”
അഭിലാഷ് ആ വേര്‍ഡിന്റെ അര്‍ത്ഥവും പറഞ്ഞു തന്നു. ഞാന്‍ ഉന്നൈ കാതലിക്കറേന്‍ എന്നു പറഞ്ഞാല്‍ ഞന്‍ നിന്നെ സ്നേഹിക്കുന്നു എന്നാണെന്ന്!!!. കൂട്ടുകാരുടെ പൊട്ടിച്ചിരികള്‍ക്കിടയില്‍ അടുത്ത കോളെന്തായിരിക്കും വരിക എന്ന ഉല്‍കണ്ഠയില്‍ ചിന്താമഗ്നനായി ഞാന്‍ കട്ടിലിന്റെ ഓരത്ത് ചെന്നിരുന്നു.

അന്നുരാത്രി ‘നിഷ്കളങ്കനായ’ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. കാരണമെന്തെന്നാല്‍, ഈ തമിഴത്തിപെണ്ണെങ്ങാനും ഞാന്‍ പറഞ്ഞത് സീരിയസ് ആയി എടുത്തിട്ടുണ്ടെങ്കില്‍ ; നാട്ടിലെ എന്റെ പ്രണയപുഷ്പത്തോട് എന്തു പറയും എന്നു വിചാരിച്ച്, വിചാരിച്ച് തലക്കുവട്ടായിപ്പോയി. അവളെങ്ങാനും ഇതറിഞ്ഞാല്‍ എന്നെയും കൊല്ലും... എന്നിട്ടവളും ചാകും... ദൈവമേ!!!!!!!!!