Tuesday, September 30, 2008

ഒരു ഉത്തരം പറയാമോ??

96 ല്‍ ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ കടന്നുവന്ന കുഞ്ചാക്കോ ബോബന്‍ അക്കാലത്തെ യുവത്വത്തിന്റെ ഹരമായിരുന്നു. യുവതികളുടെ സ്വപ്നത്തിലെ പ്രണയനായകനായിരുന്നു അദ്ദേഹം. ആദ്യസിനിമയിലെ ഉജ്ജ്വലവിജയം പിന്നീടാവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും കുറെയേറെ സിനിമകളില്‍ അദ്ദേഹത്തിന്റെ ശക്തമായ സാന്നിദ്ധ്യം നമ്മള്‍ക്ക് അറിയാവുന്നതാണ്. ചോരകളിലെഴുതിയ ഒട്ടേറെ പ്രണയലേഖനങ്ങള്‍ ലഭിച്ചിരുന്ന ഈ പ്രണയനായകന്‍ അനിയത്തിപ്രാവിലെ നമ്മുടെ സ്വന്തം “ബേബി” ശാലിനിയെ വരിക്കട്ടെ എന്നാഗ്രഹിച്ച ആയിരക്കണക്കിന് മനസ്സുകളില്‍ ഒന്നിന്റെ ഉടമയായിരുന്നു ഞാനും. അജിത് ശാലിനിയെ പ്രണയിച്ചു വിവാഹം ചെയ്തപ്പോള്‍, ഇനി മലയാളസിനിമയിലെ ഏതെങ്കിലും താരസുന്ദരികളുമായി ബോബന്‍ പ്രണയത്തിലാകുമെന്നും, വിവാഹം കഴിക്കുമെന്നും നമ്മള്‍ പ്രത്യാശിച്ചിരുന്നു. ജയറാം പാര്‍വതിയെയും, ദിലീപ് മഞ്ജുവിനെയും, ബിജുമേനോന്‍ സംയുക്തയെയും മംഗല്യം കഴിച്ചതുപോലെ ഒരു സിനിമാ കല്യാണമായിരുന്നു ബോബന്റെ കാര്യത്തില്‍ പ്രേക്ഷകരും, ആരാധകരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട്, ആയിരക്കണക്കിനു കാമുകിമാരെ നിരശരാക്കിക്കൊണ്ട് ഒരു നാള്‍ അദ്ദേഹം പ്രസ്താവിച്ചു; താന്‍ ഒരു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ സ്നേഹിക്കുന്നുണ്ടെന്നും, അവളുടെ പഠനശേഷം ഞങ്ങളുടെ വിവാഹമുണ്ടാകുമെന്നും. പിന്നീട് ആ പ്രണയത്തിലെ നായികയായ പ്രിയയെ അദ്ദേഹം വിവാഹം കഴിച്ചു.

എന്റെ ചോദ്യമിതാണ്;
കുഞ്ചാക്കോ ബോബന്‍ കത്തിനിന്നിരുന്ന ആ സമയത്ത് സുന്ദരികളും, അന്നത്തെ ലക്ഷാധിപതികളും, ഇന്നത്തെ കോടീശ്വരികളുമായ കാവ്യാ മാധവന്‍, നയന്‍ താര, മീരാജാസ്മിന്‍ തുടങ്ങിയ നടികളിലൊന്നിനെയും പ്രണയിക്കാന്‍ തോന്നാതെ; സാധാരണക്കാരിയും, വിദ്യാര്‍ത്ഥിയുമായ പ്രിയയെ പ്രണയിക്കാനും, വിവാഹം കഴിക്കുവാനും അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും?? ഓര്‍മിക്കണം കുടുംബപരമായി കുറെയേറെ പാരമ്പര്യം സിനിമയില്‍ ഉള്ള ഒരാളായിരുന്നു അദ്ദേഹം. ഒന്നു ശരിക്കും ചിന്തിച്ചു നോക്കൂ കൂട്ടുകാരെ, എന്നിട്ട് എന്റെ ചോദ്യത്തിന് ഉത്തരം തരാന്‍ കഴിയുമോ എന്നു നോക്കൂ....

Tuesday, September 16, 2008

ഉരുള്‍ പൊട്ടല്‍!!

സ്വര്‍ഗ്ഗത്തിലെ മൂന്നാം നമ്പര്‍ വസതിയിലെ രണ്ടാംനിലയിലെ തന്റെ റൂമിനുമുന്‍പിലുള്ള ബാല്‍ക്കണിയില്‍ നിന്ന്; വിനോദ് താഴെ അതിമനോഹരമായ പൂന്തോട്ടത്തിലേയ്ക്ക് തന്റെ മിഴികള്‍ പായിച്ചു. കനത്തമഴയില്‍ നിന്നും രക്ഷപെടാനെന്നവണ്ണം ചാഞ്ചാടിക്കൊണ്ടിരുന്ന ചെണ്ടുമല്ലിപ്പൂക്കള്‍ കണ്ടപ്പോള്‍, ഭൂമിയില്‍ ഓണകാലത്തിന്റെ മറ്റൊലികള്‍ ഉണര്‍ന്നുകാണുമെന്നയാള്‍ ഊഹിച്ചു. പാറിനടക്കുന്ന തുമ്പികളെയും, പൂമ്പാറ്റകളെയും; വിരിഞ്ഞുനില്‍ക്കുന്ന തുമ്പ, മുക്കുറ്റി, ചെണ്ടുമല്ലി,വാടമുല്ല, അരളിപ്പൂക്കളെയുമെല്ലാം അയാള്‍ കണ്ണുകളില്‍ നിറച്ചു. അറ്റുപോയ വലത്തേകൈയ്യുടെ സ്ഥാനത്ത്, ഉണങ്ങിമിനുസമായ ഉപരിതലത്തില്‍ തലോടി അയാള്‍ ഭൂമിയിലെ തന്റെ സ്വര്‍ഗ്ഗത്തേക്കുറിച്ചോര്‍ത്തു നെടുവീര്‍പ്പിട്ടു. നാലുവര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ കറുത്തദിവസം അയാളുടെ ഓര്‍മകളിലേയ്ക്ക് അരിച്ചിറങ്ങിവന്നു.

അന്ന് കോരിച്ചൊരിയുന്ന മഴയുള്ള ദിവസമായിരുന്നു. മഴയെന്നാല്‍ സര്‍വത്ര മഴമയം!! തുള്ളിക്കൊരുകുടം പോലെ പേമാരി!! കര്‍ക്കിടകം പെയ്തൊഴിഞ്ഞതേ ഉള്ളൂ. ചിങ്ങം പിറന്നിരിക്കുന്നു. ഓണത്തിനിനി വിരലിലെണ്ണാവുന്ന ദിവസങ്ങളേ ഉള്ളൂ. എങ്കിലും മഴ വിട്ടുമാറിയിട്ടില്ല. ന്യൂനമര്‍ദ്ദം ആണോ ആവോ? എന്തായാലും മഴ ആളുകളെ പുറത്തിറങ്ങാന്‍ കൂടി സമ്മതിക്കുന്നില്ല. അതികഠിനമായ തണുപ്പും, അസഹനീയമായ കോടക്കാറ്റാലും ആവരണപ്പെട്ടിരിക്കുന്നു അന്തരീക്ഷമാകമാനം...

ടൌണില്‍ നിന്നും ചായക്കടയിലേയ്ക്കുള്ള പലചരക്കുമെടുത്ത്; തിരികെ കവിത ബസ്സിനു കയറി ഉടുമ്പന്നൂര് കവലയില്‍ വന്നിറങ്ങുമ്പോഴും മഴ കുറഞ്ഞിരുന്നില്ല. ഇനിയുള്ള വഴിതാണ്ടുവാന്‍ ജീപ്പ് മാത്രമാണാശ്രയം. ശങ്കരങ്കുട്ടിച്ചേട്ടന്റെ ട്രിപ്പ്ജീപ്പില്‍ കയറി പുള്ളിക്കാനം മലയിലുള്ള സ്വന്തം ചായക്കടയ്ക്കുമുന്‍പില്‍ വന്നിറങ്ങുമ്പോള്‍ ഇലക്ട്രിക്സിറ്റി ഓഫീസിലെ ഉദ്യോഗസ്ഥന്മാര്‍ കടയിലിരുന് ചൂടുചായ ഊതിക്കുടിക്കുന്നുണ്ടായിരുന്നു. സ്ഥിരം സന്ദര്‍ശകരായ അവരോടു കുശലം പറഞ്ഞ് ഞാനകത്തോട്ടുകയറി, അടുക്കളഭാഗത്തേയ്ക്ക് നടന്ന് സ്റ്റോര്‍ റൂമില്‍ ചരക്കെടുത്ത് അടുക്കിവച്ചു.

നേരം സന്ധ്യയോടടുത്തിരുന്നു. അച്ഛ്നുമമ്മയും അന്നത്തെ കച്ചവടം അവസാനിപ്പിച്ച് കടയടക്കുവാനുള്ള തിരക്കിലായിരുന്നു. അച്ഛനുമമ്മയും, ഞാനുമടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയവും, ഉപജീവനമാര്‍ഗ്ഗവുമായിരുന്നു പത്മവിലാസം എന്ന ഈ ചെറുചായക്കട. ഇതിനോടു ചേര്‍ന്നുള്ള ചായ്പിലായിരുന്നു ഞങ്ങളുടെ താമസവും. പുള്ളിക്കാനം മലയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇത്തിരി പരദൂഷണം പറഞ്ഞ് സൊറ പറഞ്ഞിരിക്കാനുള്ള ഇടംകൂടിയായിരുന്നു ഈ പത്മവിലാസം. വൈദ്യുതി അധികമൊന്നും എത്തിനോക്കിയിട്ടില്ലാത്ത ഈ മലയില്‍, വളരെക്കുറച്ച് കുടുംബങ്ങളേ വസിക്കുന്നുണ്ടായിരുന്നുള്ളൂ. ഏറിയ പങ്കും കുടീയേറ്റകര്‍ഷകരുമായിരുന്നു. വശ്യമായ ഹരിതഭംഗി നിറഞ്ഞ ഈ മലയുടെ ശാപമെന്തെന്നാല്‍; യാത്രായോഗ്യമല്ലാത്ത റോഡും, യാത്രാസൌകര്യക്കുറവുകളുമായിരുന്നു. അടിവാരത്തുനിന്നും ഫ്രണ്ടിട്ടുവലിക്കുന്ന ജീപ്പുകള്‍ക്കുമാത്രമേ ഇവിടെ വരാനാകുമായിരുന്നുള്ളൂ. എന്നിരുന്നാലും ഫലഭൂയിഷ്ഠമായ ഈ മണ്ണ് ആരെയും നിരാശരാക്കിയിരുന്നില്ല.

പിറ്റേദിവസത്തേയ്ക്കുള്ള മാവും, ചട്ണിക്കുള്ള തേങ്ങായും അരച്ചുവെച്ചിട്ട്, നടുനിവര്‍ത്തുന്നതിനായി ഞാന്‍ കട്ടിലില്‍ കയറിക്കിടന്നു. അച്ഛനുമമ്മയും നേരത്തേ കിടന്നിരുന്നു. പോയവാരത്തെ മംഗളം വാരികയും വായിച്ച് എപ്പോഴോ മയങ്ങിപ്പോയി.

രാത്രിയുടെ യാമങ്ങളിലെപ്പോഴോ ഒരു തണുത്ത മരവിപ്പ് ദേഹമാസകലം അരിച്ചുകയറുന്നത്പോലെ തോന്നിയപ്പോള്‍ കണ്ണുകള്‍ സാവധാനം തുറക്കാന്‍ ശ്രമിച്ചു. ഒരു കണ്ണ് തുറക്കാനാവുന്നേയില്ല!! ചെവി അടഞ്ഞിരിക്കുന്നതു പോലെ !! വായിലും മൂക്കിലുമൊക്കെ മണ്ണ് കയറിയിരിക്കുന്നു... ദേഹമാസകലം ചെളിയില്‍ പുതച്ചതുപോലെ... അപ്പോള്‍!! ദൈവമേ!! ഞാനെവിടെയാണ്? എന്റെ വീട്? ചായക്കട? പറമ്പ്? എവിടെ?? ഞാന്‍ ഒഴുകിനടക്കുകയാണോ? അതോ ദു:സ്വപ്നം കാണുകയാണോ? എന്റെ സമീപത്തുകൂടി മരണവെപ്രാളം മുഴക്കിക്കൊണ്ട് ആടുമാടുകളും, ഫലവൃക്ഷാദികളും, കൂറ്റന്‍പാ‍റക്കഷ്ണങ്ങളും, മണ്ണും ഒഴുകി നീങ്ങുന്നത് ഇരുണ്ടവെളിച്ചത്തില്‍ ഞാന്‍ കണ്ടു. എന്താണ് ശരിക്കും സംഭവിച്ചത്? ഒന്നും മനസ്സിലാകുന്നില്ലല്ലോ? ഇപ്പോഴാണ് ഞാന്‍ സ്വയം ശ്രദ്ധിക്കുന്നത്. ഒഴുക്കിനിടയില്‍ ഞാനേതോ രണ്ടുമരത്തിനിടയില്‍ കുരുങ്ങിക്കിടക്കുകയാണ്. ഭഗവാനെ ഇതെന്തൊരു പരീക്ഷണം. എന്തൊ അരുതാത്തത് സംഭവിച്ചിരിക്കുന്നു. കനത്ത മഴയെത്തുടര്‍ന്ന് മലമുകളിലെവിടെയോ...അതുതന്നെ...ഉരുള്‍പൊട്ടിയിരിക്കുന്നു...മഴവെള്ളം ഗതിമാറി ഒഴുകിയതിനാലാണ് ഞാന്‍ രക്ഷപെട്ട് ഇവിടെ കിടക്കുന്നത്. അപ്പോള്‍ എന്റെ അച്ഛനുമമ്മയും? ഭഗവാനേ!! ആര്‍ക്കും ഒന്നും വരുത്തരുതേ... ഇങ്ങനെ കിടന്നാല്‍ ശരിയാകില്ല. എങ്ങനേയും രക്ഷപെടണം. കൈകുത്തി എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചു. തണുത്തുമരവിച്ച കൈകള്‍ ചലിക്കുന്നതേയില്ല... അല്ല... എന്റെ ഈശ്വരാ!! എവീടെ എന്റെ വലത്തേകൈ? തോളറ്റത്തുനിന്നും അറ്റുപോയിരിക്കുന്നു... അറ്റുപോയ ഭാഗത്തുനിന്നും ചോര ഒഴുകികൊണ്ടിരിക്കുനു. എന്റെ തല കറങ്ങുന്നതുപോലെതോന്നി....

മണിക്കൂറുകള്‍ കടന്നുപോയി... മലവെള്ളം ഇറങ്ങിപ്പോയിരിക്കുന്നു. എങ്ങനെ രക്ഷപെടും? ജീവജാലങ്ങളുടെ യാതൊരു കണികയും കാണുന്നതേയില്ല. ഭൂമി അപ്പാടെ ഒഴുകിപ്പോയിരിക്കുന്നു. തരിശുഭൂമി മാതിരി...അവിടെയും, ഇവിടെയും കൂറ്റന്‍പാറക്കല്ലുകളും, മണ്ണും, വീണുകിടക്കുന്ന വൃക്ഷങ്ങളും മാത്രം!!! അവകള്‍ക്കിടയിലൂടെ ചെറിയ ഒരു അരുവി രൂപാന്തരപ്പെട്ട് താഴോട്ട് ഒഴുകികൊണ്ടിരിക്കുന്നു. മരക്കൂട്ടത്തിന്റെ ഇടയില്‍ നിന്നും മണ്ണിലൂടെ നിരങ്ങിനീങ്ങി ഞാന്‍ അരുവിയുടെ അടുത്തെത്തി കമിഴ്ന്നുകിടന്ന് തെളിഞ്ഞുതുടങ്ങിയ വെള്ളം നക്കിക്കുടിച്ചു. ഇത്തിരി ജീവജലം അകത്തുചെന്നതോടെ ഉന്മേഷം തോന്നിത്തുടങ്ങി. ഇനി എങ്ങനേയും രക്ഷപെടണം; എത്രയും വേഗം... ഇടത്തെ കൈപ്പത്തി നിലത്തുകുത്തി ഞാന്‍ ഒരുകണക്കിന് എഴുന്നേറ്റുനിന്നു. ശരീരമാസകലം വേദനിക്കുന്നു. അറ്റുപോയ വലത്തുകൈയുടെ തോളത്തുനിന്നും ഉള്‍തുളച്ചുകയറുന്ന വിങ്ങലും. പാറക്കല്ലുകളില്‍ സൂക്ഷിച്ചുചവിട്ടി പതുക്കെ മുകളിലോട്ടുകയറാന്‍ തുടങ്ങി. പെട്ടന്ന്... എന്തോ ഒരു ഇരമ്പം കാതില്‍ വന്ന് ശക്തിയായടിക്കുന്നതുപോലെ... എന്റെ അച്ഛാ... അമ്മേ... വീണ്ടും ഉരുള്‍പൊട്ടിയിരിക്കുന്നു... മലവെള്ളം!!! കണ്ണടച്ചുതുറക്കുന്നതിനുമുന്‍പേ ആഞ്ഞടിച്ച മലവെള്ളം എന്നെയുംകൊണ്ട് മലയടിവാരത്തിന്റെ അഗാധതയിലേക്ക് മനസ്സിനേക്കാള്‍ വേഗത്തില്‍ പ്രയാണമാരംഭിച്ചു. കണ്ണില്‍ ഇരുട്ടു കയറുന്നതുപോലെ... അല്ല ചെളിയാണ്... ഒന്നും കാണുവാന്‍ സാധിക്കുന്നില്ല... ശ്വാസം മുട്ടുന്നതുപോലെ... അതെ; വായിലും,മൂക്കിലും,കാതിലും മണ്ണും കല്ലും വെള്ളവുംകൂടി ശക്തിയായി അടിച്ചുകയറുന്നു... വായടക്കാന്‍ കൂടി കഴിയുന്നില്ല... ബോധം മറയുന്നതുപോലെ... ഞാനൊന്നുമറിയുന്നില്ല... ഒഴുകുന്നു... നിശ്ചലമായി... മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട വഞ്ചിപോലെ.......