Sunday, February 22, 2009

ഒരു വീട്ടമ്മയുടെ ആത്മഗതങ്ങള്‍...

ഈ അതിയാനിതെന്തോന്നിന്റെ കേടാ!! എന്റെ കര്‍ത്താവേ; ഹല്ല പിന്നെ. കൊച്ചുവെളുപ്പാന്കാലത്ത് മൂട്ടില് വെയിലടിച്ചാ എണീക്കാത്ത മനുഷ്യനാ; ദേണ്ടെ ഇപ്പ നോക്കിക്കേ, കാലത്ത് നാലുമണിക്കെഴുന്നേറ്റ് കമ്പ്യൂട്ടറിന്റെ മുന്‍പീക്കേറി കുത്തീരിക്കണു. സ്കൂളില്‍ പഠിക്കണ ഞങ്ങടെ സ്വന്തം പിള്ളേര്‍ക്കില്ല ഇത്ര ഉത്സാഹം!! ഇതിയാന്‍ ജോലിക്കുപോയിട്ട് മാസം രണ്ടാകുനു. ഇങ്ങനെ എന്നും സര്‍ക്കാരിനെ പറ്റിച്ചെത്രനാള്‍ കഴിയാമെന്നാ ഭാവം. കെട്ടണകാലത്ത് വീതം വച്ചപ്പോള്‍ ഇച്ചായനോട് മസിലുപിടിച്ച് നേടിയ ഈ മൂണ്ണേക്കറ് റബ്ബെര്‍തോട്ടമില്ലായിരുന്നുവെങ്കില്‍ ഞാനും എന്റെ പിള്ളേരും പട്ടിണിയായിപ്പോയേനെ; അല്ലേ എന്റെ ഈശോയേ!!
കൊച്ചുവെളുപ്പാന്‍കാലത്ത് കമ്പ്യൂട്ടറിന്റെ മുന്‍പില്‍ കുത്തിയിരുന്ന്, എന്നാണ്ടോ ഒരു കുന്ത്രാണ്ടമുണ്ടല്ലോ... അതന്നേ ബ്ലോഗിങ്ങ്; ബ്ലോഗിങ്ങാണത്രേ... കഥയെഴുത്തും, കമന്റടിക്കലും, തെറിപറച്ചിലും...ഹും, എന്നു വേണ്ട. പുലിയാണത്രേ; പുലി..ത്ഫൂ!!
എന്റെ കാര്യം പോട്ടെ; വീട്ടിലടുപ്പ് എരിയുന്നുണ്ടോ, കുഞ്ഞുങ്ങള്‍ വല്ലതും കഴിക്കുന്നുണ്ടോ, ഉടുക്കുന്നുണ്ടോ, പഠിക്കുന്നുണ്ടോ എന്നു നോക്കാത്ത ഈ മനുഷ്യനാണോ പുലി!!; ഹും.. പുലിയല്ല.. എലി!!

കാലത്താകുത്തിയിരിപ്പു തുടങ്ങിയാ മണി പന്ത്രണ്ടാകണം എഴുന്നേറ്റ് പല്ലുതേക്കണമെങ്കില്‍. ഉച്ചയ്ക്ക് ചോറൂണും കഴിഞ്ഞ് കാമെറായും തൂക്കി ഒരു പോക്കുണ്ട്, കവലയിലെ കുറച്ച് വര്‍ക്കത്ത്കെട്ട പിള്ളേരുടെ കൂടെ ഊരുതെണ്ടി, പോട്ടം പിടിക്കാന്‍...
എന്നിട്ടോ; ദിവസം ദിവസം ഓരോരോ പോസ്റ്റിടലാണത്രേ. കര്‍ത്താവേ; അവസാനം അതിയാന്റെ മേത്ത് ആരും പോസ്റ്ററിടാതിരുനാല്‍ മതിയാര്‍ന്നു!!

അന്തിക്ക് കാമെറായും തൂക്കി കയറിവരുമ്പോള്‍ പട്ടച്ചാരയത്തിന്റെ രൂക്ഷഗന്ധം അടിക്കും!! ഹും; ഇതിയാന് ഇത്തിരി നല്ല സാധനം വല്ലതും അടിച്ചിട്ടു വന്നാലെന്താ. നാറ്റം കാരണം സഹിക്കാന്‍ മേലാ; കശ്മലന്‍!! എന്നിട്ട് പിന്ന്യേം ഒറ്റ ഇരിപ്പാണ്, ആ പെട്ടീടെ മുന്‍പില്. എന്തൂട്ട് സര്‍ക്കസാ‍ണാവോ അതില്‍ കാട്ടണത്... ഓര്‍കുട്ടിങ്ങെന്നും, ചാറ്റിങ്ങെന്നും പറഞ്ഞ് പാട്ടുപാടലും, കിന്നാരം പറച്ചിലും മറ്റും... എന്റമ്മോ!! പെണ്ണുകെട്ടീട്ട് ഇത്രേം നാളും എന്നോട് കിന്നാരം പറയാത്ത മനുഷ്യനാ, കണ്ടില്ലേ...
ഇന്നാള് ഞാനാ വഴിക്കൊന്നു ചെനപ്പോള്‍ അതിയാനിച്ചിരി പരുങ്ങല്. എനിക്കെന്തോ ഒരു സംശയം മനസ്സില് മുട്ടി വന്നു. നോക്കീപ്പെ എന്താ; അതിയാന്റെ ചുള്ളന്‍ കാലത്തെ ഒരു പോട്ടം ഇട്ടേരിക്കണു. അതുകണ്ട് ഒരുത്തി കമന്റടിച്ചേക്കണ് “ചേട്ടന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്താണെന്ന്” ത്ഫൂ!! എരണം കെട്ടവള്; മൂക്കിപല്ലുമുളക്കാറായ മനുഷ്യനാ; ഓരോരോ പേക്കൂത്തുകളേ!! മലയളത്തിലായതു കൊണ്ട് എനിക്കു വായിക്കാന്‍ പറ്റി; ഇല്ലെങ്കിലോ...
അല്ലേലും എന്നെപ്പറഞ്ഞാല്‍ മതീലോ; അന്നേ അപ്പച്ചന്‍ പറഞ്ഞതാ, ഇത്തിരി ചന്തം കുറഞ്ഞവരെ നോക്കാടി മകളേയെന്ന്. എവടെ; കേട്ടില്ല. ഗ്രാമത്തിലെ വില്ലേജാപ്പീസില്‍ ജോലിക്കുവന്ന സുന്ദരക്കുട്ടപ്പനെ കണ്ടപ്പോള്‍ എനിക്കുമൊരു പൂതി. അപ്പനപ്പൂപ്പന്മാരായിട്ട് കൃഷിയായിട്ട് കൂടണതല്ലേ; ഒരു സര്‍ക്കാറുദ്യോഗസ്ഥന്റെ പവറിനൊത്തു ജീവിക്കാലോന്ന്... എന്നിട്ടെന്തായി; മൂത്തവളീക്കൊല്ലം പത്താം തരത്തിലാ, കണ്ടില്ലേ അവളടപ്പന്റെയൊരു പഞ്ചാരയടി!! ഹും; നാണമില്ലല്ലോ ഈ മനുഷ്യന്.
പാതിരാത്രിയായാലും ഈ മനുഷ്യനുമാത്രം ഉറക്കമില്ല. പണിയെല്ലാം ഒരു കണക്കിനൊതുക്കി പുതപ്പിനുകീഴെ ചുരുണ്ടു കൂടുമ്പോ; ഒരു സ്വാന്തനം... അത്രേ പ്രതീക്ഷിച്ചുള്ളൂ. എവടെ, അതിയാന്റെ ഒരു മുടിഞ്ഞ ബ്ലോഗിങ്ങും, ചാറ്റിങ്ങും. ഇതുക്ണ്ടുപിടിച്ചവനാരെടാ. എട്ടീപ്പഠിക്കണ ചെറക്കന്‍ പറയണത് ഒരു ഗൂഗിളാണത്രേ; ഗൂഗിള്‍!! അവന്റെ തന്തേടെ തലേല് ഇടിത്തീ വീഴ്ത്തണേ എന്റെ മുതലക്കോടത്ത് മുത്തപ്പാ; ഒരു നൂറു മെഴുകുതിരി കത്തിച്ചേക്കാവേ...

Friday, February 13, 2009

സൈക്കോളജിക്കു പഠിക്കുന്നവരോ!!!

ഞാനും, ഭാര്യയും, അമ്മയും, ചേച്ചിയമ്മയും[അമ്മയുടെ ചേച്ചി], കുഞ്ഞുമകളും അടങ്ങിയതാണെന്റെ സന്തുഷ്ടകുടുംബം. കോടതി ജീവനക്കാരിയായിരുന്ന എന്റെ അമ്മ പെന്‍ഷന്‍ പറ്റി സ്വഭവനത്തില്‍, കുഞ്ഞുകുട്ടിപരാദീനതകളുമായി സസുഖം വാഴുന്ന കാലം. മുപ്പത്തഞ്ചു വര്‍ഷത്തോളമുള്ള കോടതി ജീവിതത്തിന്റെ ഹാങ്ങോവെര്‍ മൂലമാകാം; അമ്മ ആരേയും ഒരു പരിധിയില്‍ കൂടുതല്‍ അടുപ്പിക്കുകയോ അപരിചിതരെ പ്രഥമദൃഷ്ടിയില്‍ വിശ്വസിക്കാന്‍ കൂട്ടാക്കുകയോ ചെയ്തിരുന്നില്ല. മിക്കപ്പോഴും ഒരു സംശയദൃഷ്ടിയോടെയാണ് അപരിചിതരെ വീക്ഷിച്ചിരുന്നത്. ക്രിമിനല്‍ കേസുകളിലുള്ള പ്രവൃത്തിപരിചയം നിമിത്തം കള്ളന്മാരുടേയും, പിടിച്ചുപറിക്കാരുടേയും, കൊലയാളികളുടേയും ക്രൂരതകള്‍ ദിവസേന കണ്ടും കേട്ടും തഴമ്പിച്ചിരുന്നതിനാല്‍ പ്രത്യേക നിരീക്ഷണകോണുകളിലൂടെയായിരുന്നു എല്ലാവരെയും ശ്രദ്ധിച്ചിരുന്നത്.


അങ്ങനെയിരിക്കെ, സ്വതവേ ചെറുകാര്യങ്ങള്‍ പോലും പര്‍വതീകരിച്ച് ടെന്‍ഷനടിച്ചിരുന്ന എന്റെ അമ്മ; ഒരു ദിവസം മദ്ധ്യാനശേഷം സ്വീകരണമുറിയില്‍ വിശ്രമിച്ചുകൊണ്ടിരിക്കവേ ഒരു അപരിചിതന്‍ കയറിവന്നു. അയര്‍ലന്റില്‍ നഴ്സായിരുന്ന മകളുടെ[എന്റെ അനിയത്തിയുടെ] പ്രെഗ്നന്‍സിപരമായ കാര്യങ്ങള്‍ ചിന്തിച്ച് ചിന്തിച്ച് ആധിമൂത്ത് വിവശയായിട്ടിരിക്കുന്ന സമയമായിരുന്നു അന്നേരം. അവളുടെ വിസാകാലാവധി അവസാനിക്കുന്ന കാലമായതിനാലും; ഏഴുമാസം ഗര്‍ഭിണിയായിരുന്നതിനാലും ഞങ്ങളെല്ലാവരും ടെന്‍ഷന്‍ അടിച്ചിരുന്ന സമയം. വിസ റിന്യൂ ചെയ്തില്ലെങ്കില്‍, വര്‍ക്ക്പെര്‍മിറ്റ് കിട്ടാതെ, ഡിപ്പെന്റ് വിസയില്‍ അവിടെ കഴിഞ്ഞുകൂടിയിരുന്ന അവളൂടെ ഭര്‍ത്താവിന് അവിടെ താമസിക്കുവാനോ നിലവിലുള്ള ജോലിക്ക് പോകുവാനോ കഴിയില്ലെന്നുള്ളത് ഒരുവശത്തും; മാസംതികഞ്ഞിരിക്കുന്ന അവളെ വിസ റിന്യൂ ചെയ്തതിനുശേഷം വിമാനയാത്രയ്ക്ക് അധികൃതര്‍ അനുവദിക്കുമോ എന്നുള്ള ആധി മറുവശത്തുമായി ചിന്തിച്ച് കൂട്ടി ആധിമൂത്ത് സ്വീകരണമുറിയിലെ ദിവാന്‍കോട്ടില്‍ കിടക്കുന്ന സമയത്താണ് നമ്മുടെ കഥാനായകന്‍ കടന്നുവരുന്നത്. വന്നപാടെ മുപ്പത്തിരണ്ടുപല്ലും കാട്ടി വെളുക്കെ ചിരിച്ച് “എന്നാ ഒണ്ട് വിശേഷം” എന്ന് കുശലാന്വോഷണം നടത്തി; സമ്മതത്തിനൊന്നും കാത്തുനില്‍ക്കാതെ സിറ്റൌട്ടില്‍ നിന്നും സ്വീകരണമുറിയിലേക്ക് ശ്രീനിവാസന്‍ സ്റ്റൈലില്‍ ചാടിക്കയറി, അവിടെയിട്ടിരുന്ന ഒരു കസേരയില്‍ ആസനസ്ഥനായി. സ്ഥലത്തെ പുതിയ ഒരു എല്‍.ഐ.സി ഏജെന്റ് ആയിരുന്നു കക്ഷി. പുതിയ ഒരു ബിസിനെസ്സ് കരസ്ഥമാക്കുക എന്ന ലക്ഷ്യമാണ് അവതാരോദ്ദേശം. സ്വതവേ ഇത്തിരി സംശയരോഗം കൂട്ടായുള്ള നമ്മുടെ മാതാശ്രീക്ക് ഈ ആഗമനോദ്ദേശം അത്ര രസിക്കാതെ വരുകയും, ടി.യാനെ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്തു. വേണ്ടാ, വേണ്ടാ എന്നു പറഞ്ഞ് അമ്മച്ചി ഒഴിഞ്ഞുമാറിയെങ്കിലും ഒരു ഇന്‍ഷുറന്‍സ് വിദഗ്ദ്ധന്റെ നയചാതുര്യത്തോടെ അയാള്‍ വീണ്ടൂം വീണ്ടൂം നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. കുറേയേറേ ശ്രമിച്ചിട്ടും ഇയാള്‍ ഒഴിവായിപ്പോകുവാന്‍ കൂട്ടാക്കാതെ വന്നപ്പോള്‍ ടെന്‍ഷനില്‍ അലിഞ്ഞിരുന്ന മാതാശ്രീക്ക് ദ്വേഷ്യം വരുകയും ടി.യാനെ ഗെറ്റൌട്ടടിക്കുകയും ചെയ്തു. ഒന്നു സ്തംഭിച്ചുപോയെങ്കിലും, വാതിലിന്റെ പുറത്തുനിന്ന് അയാള്‍ സംയമനം വീണ്ടെടുത്ത് വീണ്ടും ലെക്ച്ചര്‍ അടിക്കാന്‍ തുടങ്ങി. ഈ പ്രാവശ്യം ശല്യം സഹിക്കവയ്യാതെ അമ്മച്ചി ‘പുറത്തുപോടോ’ എന്ന് ഉച്ചത്തില്‍ ആക്രോശിച്ചു. മാതാശ്രീയുടെ രോഷപ്രകടനം കണ്ട് നിരാശനായ ആഗതന്‍ പെട്ടി മടക്കി വീടിന്റെ പടികളിറങ്ങി തിരിഞ്ഞുനടന്ന് മുറ്റത്തുകിടന്നിരുന്ന വെളുത്തകാറിന്റെ ഡോര്‍ തുറന്നകത്തുകയറീ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുവാന്‍ ശ്രമിച്ചു. തദവസരത്തില്‍ ഈ കാഴ്ച വീക്ഷിച്ചുകൊണ്ടിരുന്ന അമ്മച്ചി മരുമകളെ[എന്റെ ഭാര്യയെ] വിളിച്ച് ഉച്ചത്തില്‍ പറഞ്ഞു.
“മോളേ; ഓടിവാടീ, നമ്മുടെ വണ്ടി കള്ളന്‍ കൊണ്ടോണടീ; നാട്ടാരെയൊക്കെ വിളിച്ചുകൂട്ടടീ”
ഇത് കേട്ടതും, മറ്റൊന്നുമാലോചിക്കാതെ കൈയില്‍ കിട്ടിയ ചൂലുമെടുത്ത് ഭവതി ചാടി വെളിയിലിറങ്ങി അപരിചിതന്റെ നേര്‍ക്കടുത്ത് ആക്രോശിക്കുവാന്‍ തുടങ്ങി.
“ടാ, കള്ളാ; ഇറങ്ങടാ വെളീയില്‍; ഞങ്ങടെ കാറ് കട്ടോണ്ടുപോകുന്നോടാ, ഇറങ്ങടാ..”
മരുമകളുടെ പുറകേ; ഒരു സൈന്യമായി അമ്മായിയമ്മയും ചേച്ചിയമ്മയും കൂടി മുറ്റത്തേക്ക് ചടിയിറങ്ങി; ആഗതന്റെ നേര്‍ക്കടുത്തു. ഇതെല്ലാം കണ്ട് അന്തംവിട്ടുപോയ ആഗതന്‍ കാറില്‍ നിന്നും പുറത്തിറങ്ങി “നിങ്ങളെന്താണ് ഇങ്ങനെ കിടന്ന് പുലമ്പുന്നത്, ഇതെന്റെ കാറാണ്” എന്നും പറഞ്ഞുകൊണ്ടിരുന്നു.
അത്യന്തം ക്രുദ്ധയായി ആക്രോശിച്ചുകൊണ്ടിരുന്ന സമയത്താണ് യാദൃശ്ചികമായി നമ്മുടെ ശ്രീമതിയുടെ മിഴികള്‍ കാറിന്റെ നമ്പെര്‍പ്ലേറ്റില്‍ ഉടക്കിയത്. ഇതെന്താണാവോ; നമ്മുടെ കാറിന്റെ നമ്പെര്‍ പെട്ടന്നു മാറിയത്? KL 2H 4404 ആണല്ലോ നമ്മുടെ നമ്പെര്‍...
അപ്പോള്‍ ഇത്...
ദൈവമേ; അബദ്ധം പറ്റീലോ...
ഇത്തിരിയെങ്കിലും ഒത്തിരി ചമ്മലോടെ തിരിഞ്ഞുനിന്ന്, പുറകില്‍ അട്ടഹാസങ്ങളോടെ വേരുറപ്പിച്ചുനിന്ന ബാക്കി സൈന്യാംഗങ്ങളെ കൈകള്‍ വിടര്‍ത്തി തടഞ്ഞുനിര്‍ത്തി അടക്കത്തില്‍ പറഞ്ഞു.
“ശ് ശ്ശ്.. ഇത് അമ്മുടെ കാറല്ല; അതിയാന്റെ തന്നെയാ..”
തോമസുകുട്ടീ വിട്ടോടാ എന്നുപറയണം എന്നവള്‍ക്കുണ്ടായിരുന്നെങ്കിലും; അതിന്മുന്‍പേ അമ്മയും, ചേച്ചിയമ്മയും വീടീനുള്ളില്‍ കയറിക്കഴിഞ്ഞിരുന്നു. അപരിചിതന്റെ മുഖത്തുനോക്കുവാന്‍ ബദ്ധപ്പെട്ട്, ചമ്മിയ ഒരു ചിരിയും ചിരിച്ച് ക്ഷമാപണം നടത്തി അദ്ദേഹത്തെ ഒരു വിധത്തില്‍ യാത്രയാക്കി.
“ഇതെന്താ; ഇവിടെയുള്ളവരൊക്കെ സൈക്കോളജിക്കു പഠിക്കുന്നവരോ!!!“ എന്നാ‍ത്മഗതം നടത്തി;
അയാള്‍ അവിടെ നിന്നും പലായനം ചെയ്തു.


നമ്മുടെ പാര്‍ട്ടിക്കാര്‍ക്ക് പറ്റിയതെന്തന്നറിയോ; ടെന്‍ഷന്‍ മൂത്തിരുന്ന അമ്മ കുറച്ചുമുന്‍പുവരെ മുറ്റത്തുകിടന്നിരുന്ന കാറ് ഞാന്‍ കൊണ്ട്പോയ വിവരം ശ്രദ്ധിച്ചിരുന്നില്ല. പിന്നെ ഞങ്ങളുടെ കാറിന്റെ നിറവും, അപരിചിതന്റെ കാറിന്റെ നിറവും ഒന്നുതന്നെയായിരുന്നു, വെള്ളനിറം!!! പാവം എല്‍.ഐ.സി ക്കാരന്‍!!!