Thursday, March 15, 2012

മൊബൈൽ തമാശകൾ..

നാട്ടിലെ കവലയിൽ വന്നിരുന്നാൽ നിർദോഷകരമായ ചെറു തമാശകളും ഫലിതങ്ങളുമെല്ലാം ആസ്വദിക്കാൻ പറ്റാറുണ്ട്..
കഴിഞ്ഞ ദിവസം സംഭവിച്ച ഒന്നിതാ..
ടെക്നോളജിയേ പറ്റി അത്രയൊന്നും അറിവില്ലാത്ത സാധാരണ ജനങ്ങൾ മറ്റുള്ളവരുടെ കെണികളിൽ വീണു പോകാറൂണ്ട്..
നിർദ്ദോഷകരമായ ആ തമാശകൾ രസകരവുമാണു..
മദ്ധ്യവയസ്കനായ ചാച്ചായി (നമുക്കയാളെ അങ്ങിനെ വിളിക്കാം) സ്വന്തക്കാരനും സഹപണിക്കാരനുമായ പൊന്നിയേയും കൂട്ടി..
ടൌണിലെ മുന്തിയ ഒരു ഷോപ്പിൽ നിന്നും മുന്തിയ ഒരു മൊബൈലും കൂടേ ഐഡിയായുടെ കണക്ഷനുമെടുത്ത്.. വീട്ടിലെത്തുന്നു..
പെണ്ണുമ്പിള്ളേടേ(ഓമന) കൂടെയിരുന്ന് കട്ടങ്കാപ്പിയും ചെണ്ടക്കപ്പ കാന്താരിയും വെട്ടി വിഴുങ്ങും നേരത്ത്..
മൊബൈൽ റിങ്ങ് ചെയ്തു..
“ഹലോ‍ാ‍ാ‍ാ‍ാ‍ാ”
“ഹലോ..സാർ ഇത് ഐഡിയായിൽ നിന്നാ..”
“എന്നാ..സാറേ..”
“നിങ്ങൾ പുത്യേ സെറ്റും കണക്ഷനും വാങ്ങിയല്ലോ..”
“ഉവ്വ്..സാറേ..”
“അതു സൌണ്ടൊക്കെ കറക്ടാണൊ..എന്നൊക്കെ ചെക്കു ചെയ്യാൻ വിളിച്ചതാ..”
“ശരി..സാറേ..”
“ഇപ്പോൾ നിങ്ങക്ക് ഞാൻ പറയുന്നത് വ്യക്തമായി കേൾക്കാൻ കഴിയുന്നുണ്ടോ..??”
“കേൾക്കാം..സാറേ..നന്നായി കേൾക്കുന്നുണ്ട്...”
“ശരി.. എങ്കിൽ കുഴപ്പമില്ല.. ഒരു ചെറിയ ടെസ്റ്റ് കൂടിയുണ്ട്.. നിങ്ങളൂടെ മൊബൈൽ ചെറിയ കമ്പനങ്ങൾ പിടിക്കുന്നുണ്ടൊ എന്നറിയാനാ.. താങ്കൾ രണ്ട് സ്റ്റീൽ പാത്രങ്ങൾ എടുക്കൂ.. എന്നിട്ട് അതു തമ്മിൽ ഒന്നു കൊട്ടി നോക്കൂ.. “
“ഠിം..ഠിം..”
“അത്ര ക്ലിയറാകുന്നില്ലല്ലോ..”
ടീ..ഓമാനേ, ആ അടുപ്പത്തിരിക്കണ രണ്ട് അലുമിനീയം കലമിങ്ങെടുത്തേടീ.. ഈ സാറിനെയൊന്നു കൊട്ടി കേൾപ്പിക്കാനാ..ടെസ്റ്റാടീ..ടെസ്റ്റ്..
!
“ഠേം..ഠേം..”
“ഇപ്പഴോ..സാറേ..”
!!
“ഇപ്പ ശരിയായി കേൾക്കാം ചാച്ചായീ..”
!!!!
ഹിഹി..

നമ്മുടെ സഹ പണിക്കാരൻ പൊന്നി അപ്പുറത്തു നിന്ന് ആശാന്റെ മൊബൈലിൽ വിളിച്ച് പറ്റിച്ച പണിയായിരുന്നുവത്..
പാവം ചാച്ചായി..!!!!!

Tuesday, January 10, 2012

ആന ഇടയൽ..

ഇന്നത്തെ പതിവു മോണിങ്ങ് വാക്കിനിടയിൽ സ്ഥിരമായി രണ്ടു മിനിട്ടു വിശ്രമിക്കുന്ന മെയിൻ കവലയിലെ വെയിറ്റിങ്ങ് ഷെഡിൽ വിശ്രമിക്കുന്നതിനിടയിൽ; റോഡിനു മറുവശത്ത് ഗ്രൌണ്ടിനു സമീപത്തായി ആനകളെ സ്ഥിരം നങ്കൂരമിടീക്കാറുള്ളിടത്തേക്കു മിഴികൾ പാഞ്ഞു. ടിയാന്റെ വീശുന്ന പാളച്ചെവികളൊക്കെ ആസ്വദിച്ചു കൊണ്ടിരിക്കെ മനസ്സിൽ പലവിധ ചിന്തകൾ ഓടിത്തുടങ്ങി.


സംഭവം കുറേ ആനകളൂടേ ഫോട്ടൊയൊക്കെ എടുത്തിട്ടുണ്ടെങ്കിലും സൈഡിൽ നിന്നും ഒരാനേടേം മുഖത്തിന്റെ മാത്രം ക്ലോസപ്പെടുക്കുവാൻ ഞാനിന്നു വരെ തുനിഞ്ഞിട്ടില്ലല്ലോ എന്നൊർത്തു ഒരു വേള മനസ്സിനെ വിഷാദമാക്കി. മനസ്സപ്പോൾ ഒരു കാമെറാ മൂഡിലേക്കു പോയിത്തുടങ്ങിയിരുന്നു. അവന്റെ സൈഡ് മുഖത്തെ കമ്പോസ് ചെയ്തു കൊണ്ട് സ്വന്തം മിഴികളെ ടെലി മോഡിലാക്കി ഫോക്കസ് ചെയ്തു കൊണ്ടിരുന്നപ്പോഴാണു; കുറച്ചു കൂടി ഉയരത്തിൽ ഞാൻ നിന്നെങ്കിൽ മാത്രമേ സമാന്തരമായ ഒരു പോയ്ട്രെറ്റ് എനിക്കു കിട്ടുവെന്ന ചിന്ത മനസ്സിലേക്കോടിയെത്തിയത്. (കാരണം മറുവശത്തായി ഒരു അഞ്ചാറടി പൊക്കത്തിലാണു ആനയെ കെട്ടിയിട്ടിരുന്നത്) ഇതെങ്ങിനെയെടുത്തു? എന്നു പ്രേക്ഷകരിൽ ചിന്തിപ്പിക്കും വിധം മനോഹരമായൊരു ഫ്രെയിമും.. ഇങ്ങിനെയൊക്കെ ചിന്തിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണു ആനക്കും എനിക്കും ഇടക്ക് ഡിസ്ട്രാക്ഷനായി നിലകൊണ്ടിരുന്ന ഇ.ബി യുടെ ട്രാൻസ്ഫോർമ്മെർ കണ്ണിൽപ്പെട്ടത്. ശെടാ..! ഈ ഡിസ്ട്രാക്ഷൻ എന്തുകൊണ്ട് നേരത്തെ എന്റെ ശ്രദ്ധയിൽ പെട്ടില്ല എന്നത്ഭുതം കൂറി, ചിന്തകളും കണ്ണുകളൂം ട്രാൻസ്ഫോർമേറിലേക്കു പറിച്ചു നട്ടു. ആനക്കും എനിക്കുമിടക്കുള്ള ഈ കുരിശിനേപ്പറ്റി ചിന്തിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ചിന്തകൾ പിന്നെയും കാടു കയറി. ഈ ആനക്കെങ്ങാനും ഇപ്പോൾ മദം പൊട്ടിയാൽ.. ഹോ; ഞാനാണു ആനയുടെ കണ്ണിൽ ആദ്യത്തെ ഇര. അതു കഴിഞ്ഞേ ഗ്രൌണ്ടിൽ ഫുട്ബാൾ കളിക്കുന്നവരെല്ലാം വരൂ.. ആനയുടെ ഇടക്കിടക്കുള്ള ചെരിഞ്ഞുള്ള നോട്ടമയക്കൽ കണ്ടപ്പോൾ മനസ്സിൽ ആദ്യം തോന്നീതിതാണ്. ആനയെ കെട്ടിയിട്ടിരിക്കുന്നതിനു തൊട്ടു മുകളിൽ ഗോപുരം ഹോട്ടെലുകാരുടെ വീടാണ്. ഹോ..അവരുടെയൊക്കെ ഒരു ധൈര്യം.. എങ്ങിനെ മനസ്സുറപ്പിച്ചു രാത്രിയിൽ കിടന്നുറങ്ങും.. ഈ ഗഡിയെങ്ങാനും ഒന്നിടഞ്ഞാൽ; പിന്നെ ബാക്കി വെച്ചേക്കുമോ?? ഏതായാലും കുരിശായ ട്രാൻസ്ഫോർമെർ ഇടക്ക് നിൽക്കുന്നതേതായാലും നന്നായി.. അവനെ കടന്നു വേണ്ടേ എന്നെ ടർജെറ്റ് ചെയ്താനക്കു വരാൻ..! എന്നൊക്കെയിങ്ങനെ ചിന്തകൾ കാടു കയറുന്നതിനിടയിലാണ്.. ടൌണിലെ ഫെയ്മസ്സ് പാപ്പാനായ നാസർ ആനയുടെ അടുത്തേക്കടുക്കുവാൻ മതിലിന്റെ കുത്തുകല്ലുകൾ കയറുന്നതു കണ്ടത്. ഇപ്പോൾ എന്റെ കണ്ണുഫ്രെയിമിനുള്ളിൽ ആനയും നാസറും മാത്രം. അവർ തമ്മിൽ 50 അടിയോളം ദൂരവ്യത്യാസമുണ്ട്. നാസറിനെ കണ്ടമാത്രയിൽ ആനക്കുട്ടൻ സന്തോഷാധിക്യത്താൽ തലയാട്ടുകയും പാള പോലിരിക്കും ചെവികൾ വിശറികൾ പോലെ ആഞ്ഞു വീശുകയും ചെയ്തു കൊണ്ടിരുന്നു. തദവസരത്തിൽ തന്നെ ഞാനിരിക്കുന്ന ഭാഗത്തു നിന്നും മറ്റൊരു പാപ്പാനായ കാവി മുണ്ടുടുത്തൊരു ഗടി(വിജയൻ എന്നാണദ്ദേഹത്തിന്റെ പേരെന്നു ഇപ്പോൾ മനോരമ ന്യൂസിൽ പറയുന്നുണ്ട്; പിന്നീട് നാസറിനോടു സംസാരിച്ചപ്പോൾ ഈ ചങ്ങാതിക്കാണു പരിക്കെന്നു അദ്ദേഹവും സൂചിപ്പിച്ചിരുന്നു) നാസറിനു നേരെ ചായ കുടിക്കാം എന്നാഗ്യം കാണിക്കുകയും.. എന്നാൽ ഞാനുമുണ്ടെന്നു പറഞ്ഞ് മാട്ടയുടെ മുകളിലായിരുന്ന നാസർ താഴെയിറങ്ങുകയും ചെയ്തു. ഇനിയെന്തിരപ്പീ..നമുക്കിവിടെ കാര്യം എന്നും വിചാരിച്ച് ഞാനും വെയിറ്റിങ്ങ് ഷെഡിൽ നിന്നെഴുന്നേറ്റ് തിരികേ വെച്ചടിച്ചു.


ഒരു മണിക്കൂർ കഴിഞ്ഞ് ഫോണിലേക്ക് ഒരു കാൾ..ഒരു ചങ്ങാതി വക
‘ഹരിഷേ.. നമ്മുടെ ഗ്രൌണ്ടിൽ കെട്ടിയിട്ടിരുന്ന ആന ഇടഞ്ഞു; ഇപ്പോഴത് അമ്പലത്തിനു പുറകിലുള്ള ഉണ്ണിസാറിന്റെ പറമ്പിൽ കയറിയിട്ടുണ്ട്..വേഗം കാമെറയുമെടുത്തോണ്ട് വാ’
ഹൂ..
അപ്പോൾ രാവിലെ അതിയാൻ നല്ല ഫോമിൽ തന്നെയായിരുന്നുവല്ലേ..!
എന്റെ ഭാഗ്യം..!!



മോളേ സ്കൂളിൽ വിട്ടിട്ട്; പോയിന്റ് ഷൂട്ട് കാമെറായും തൂക്കി ഞാനും സംഭവ സ്ഥലത്തെക്കു പാഞ്ഞു. ചെറിയ കാമെറാ എടുത്തത് മന:പൂർവ്വമായിരുന്നു. രക്ഷപെടുവാൻ ഓടേണ്ടി വന്നാൽ ഈ സാമാനം പോക്കറ്റിലിട്ട് ഓടിയാൽ മതീലോ!! സംഭവസ്ഥലത്തേക്കെത്തണമെങ്കിൽ ഒരു പാടവരമ്പത്തു കൂടി അര കിമീ നടക്കണം. പേടിച്ചു വിറച്ച് നടക്കുന്നതിനിടയിലാണു നാട്ടിലെ റിട്ടയേറ്ഡ് വെറ്റിനെറി ഡോക്ടറായ ഗോപാലകൃഷ്ണൻ സാർ എതിരേ നടന്നു വരുന്നതു കണ്ടത്. സാറെന്തോ മരുന്നെടുക്കുവാൻ തിരിച്ചു വരുന്ന വഴിയായിരുന്നു. ചൂടു സമയമായതിനാൽ ആവശ്യത്തിനു വെള്ളം ലഭിക്കാത്തതു കൊണ്ടാകാം ആനക്കുട്ടൻ ഇടഞ്ഞതെന്ന് സാർ പ്രതിവചിച്ചു.



സംഭവസ്ഥലത്ത് പോലീസ് വനം ഫയർ നാട്ടുകാരുമടക്കം വൻ ജനാവലി തമ്പടിച്ചിരുന്നു. ആനക്കുട്ടനെ തളച്ചിട്ടിരിക്കുന്നു. തളക്കുന്നതിനു മുൻപേ ടിയാൻ ഒരു റബ്ബെർ മരത്തെ കടപുഴക്കിയിരുന്നു. നാസറിനോടു കുശലം പറയുന്നതിനിടേ ചോദിച്ചു..
‘എടാ..നിങ്ങളു രാവിലേ ചായ കുടിക്കാൻ പോയപ്പോ ആ ചങ്ങാതീനെ കൂടെ കൂട്ടാത്ത കാരണമാണു അവൻ നിങ്ങക്കിട്ടു തിരിച്ചു പണി തന്നതെന്നാ തോന്നുന്നത്..!!!’
ചിരിച്ചു കൊണ്ട് നാസറും.. ‘അതേന്നാ തോന്നുന്നത്’