Sunday, July 20, 2008

നാലു പേരുടെ 13 മണിക്കൂര്‍ അദ്ധ്വാനം; കൂലി 16 രൂപ

18.07.2008 ല്‍ ദേശാഭിമാനി ദിനപത്രത്തിനു വേണ്ടി വി.ജയിന്‍ റിപോര്‍ട്ട് ചെയ്ത മനസ്സലിയിക്കുന്ന കദനകഥയിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. അത് താഴെ വായിക്കാം...

ന്യൂഡല്‍ഹി: വിശ്വാസം വരാത്തതിനാല്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ സൈബുന്നീസ ദൈവത്തിന്റെ പേരില്‍ ആണയിട്ടു “ ഞാനെന്തിനു കള്ളം പറയുന്നത്. ഞാനും എന്റെ മൂന്നു മക്കളും രാവിലെ പത്തു മുതല്‍ രാത്രി പതിനൊന്നു വരെ ജോലി ചെയ്യും. എല്ലാവര്‍ക്കും കൂടി 16 രൂപ കിട്ടും”. അവിശ്വനീയമായ ഈ തൊഴില്‍ ചൂഷണത്തെക്കുറിച്ച് കൂടുതല്‍ ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്ന സത്യങ്ങളാണ് പുറത്തു വന്നത്. വീടുകള്‍ കേന്ദ്രീകരിച്ച് തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ ഡല്‍ഹിയില്‍ തൊഴില്‍ മന്ത്രാലയത്തിലേക്കു നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സൈബുന്നിസ.

റബ്ബര്‍ ഷീറ്റില്‍നിന്ന് ചെരിപ്പ് നിര്‍മാണമാണ് സൈബുന്നിസയും മൂന്നു മക്കളും കൂടി ചെയ്യുന്നത്. ഒരു ചെരിപ്പിന്റെ പണിക്ക് 25 പൈസ കിട്ടും. ഒരു ദിവസം 12-13 മണിക്കൂര്‍ ജോലി ചെയ്താല്‍ 16 രൂപ. ഈ തുകകൊണ്ട് എങ്ങനെ കൂടുംബം കഴിയുന്നുവെന്ന് ചോദിച്ചപ്പോള്‍ ഭര്‍ത്താവ് സൈക്കിള്‍ പഞ്ചറൊട്ടിച്ച് കിട്ടുന്ന പണം കൊണ്ടൂം കടംവാങ്ങിയും ജീവിതം മുന്നോട്ടുപോകുന്നുവെന്ന് ഡല്‍ഹിയീലെ സാഗര്‍പൂരില്‍ താമസിക്കുന്ന സൈബുന്നിസയുടെ മറുപടി.

പഴയ ദില്ലിയില്‍ താമസിക്കുന്ന നസിം 24 വര്‍ഷമായി വീട്ടിലിരുന്ന് തൊഴില്‍ ചെയ്യുന്നു. മുത്ത് കോര്‍ത്ത് മാലയുണ്ടാക്കലാണ് തൊഴില്‍. ബ്രേസ്ലെറ്റ്, കമ്മല്‍ എന്നിവയുണ്ടാക്കും. നൂറു മുത്തുവരെ കോര്‍ക്കുന്ന ഒരു മാലയുണ്ടാക്കിയാല്‍ കിട്ടുന്നത് 50 പൈസ. ദിവസവും 10 മണിക്കൂര്‍ പണിയെടുത്താല്‍ കിട്ടുന്നത് 15 രൂപ. ഒരിടത്തുതന്നെ ഇരുന്ന് ജോലി ചെയ്യുന്നത്കൊണ്ടുളള ആരോഗ്യപ്രശ്നങ്ങളും കാഴ്ചക്കുറ്വുമുണ്ട് നസിമിന്.

ഡല്‍ഹിയിലുള്ള ബദര്‍പൂര്‍, തുഗ്ലക്കാബാദ് എക്സ്റ്റെന്‍ഷന്‍, ജാമിയ ഓഖ്ല, സോനിയവിഹാര്‍, പഴയദില്ലി, കരോള്‍ബാഗ്, മാനക്പുര,കിഷന്‍ഗഞ്ച് എന്നിവിടങ്ങളിലായി പത്തു ലക്ഷത്തോളം സ്ത്രീകള്‍ ഈ കൊടുംചൂഷണം സഹിച്ച് തൊഴിലെടുക്കുന്നു.

ഇവര്‍ക്കു കിട്ടുന്ന വേതനത്തിന്റെ ഏകദേശചിത്രം: 24 ഇഞ്ച് നീളമുള്ള മാലയുണ്ടാകിയാല്‍ 30 പൈസ. ഒരു ഷര്‍ട്ട് തുന്നിയാല്‍ 3 രൂപ. 144 പായ്കറ്റിലെ ചന്ദനത്തിരികള്‍ തയ്യാറാക്കിയാല്‍ 4 രൂപ. 200 ഗ്രീറ്റിങ്ങ് കാര്‍ഡിലും കവറുകളിലും അലങ്കാരപ്പണി ചെയ്താല്‍ 2 രൂപ. 1 കിലോ ഗ്ലാസ്സ് കഷ്ണത്തില്‍നിന്നും കരകൌശലവസ്തുക്കള്‍ക്കുവേണ്ടി ഗ്ലാസ് കഷ്ണങ്ങള്‍ ചെത്തിമിനുക്കിയെടുത്താല്‍ 2 രൂപ. 144 ഹെയര്‍ബാന്‍ഡുണ്ടാക്കിയെടുത്താല്‍ 1 രൂപ. ഒരു ചുരിദാര്‍ തുന്നിയാല്‍ 20 രൂപ.

പ്രതിമാസം 150 രൂപമാത്രം വേതനം കിട്ടുന്ന സ്ത്രീകളുമുണ്ട്. ശരാശരി വേതനം 491 രൂപയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാവ് അല്‍ബിനാ ഷക്കീലിന്റെ നേത്രുത്വത്തില്‍ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും നടത്തിയ സര്‍വേയില്‍ കണ്ടെത്തി. 96% സ്ത്രീകള്‍ക്കും കടമല്ലാതെ സമ്പാദ്യമില്ല. 96.26% സ്ത്രീകള്‍ക്കും കരറുകാരില്‍ നിന്നാണ് ഇത്തരം തൊഴില്‍ ലഭിക്കുന്നത്. കൂടുതല്‍ വേതനം ആവശ്യപ്പെട്ടാല്‍ തൊഴില്‍ നഷ്ടപ്പെടും എന്നതുകൊണ്ട് ആരും മിണ്ടില്ല.

നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഇവര്‍ക്കുള്ളത്. വര്‍ഷങ്ങളോളം ഡെപ്പികളില്‍ ചുണ്ണാമ്പ് നിറച്ചുകൊടുക്കുന്ന ജോലി ചെയ്യുന്ന സ്ത്രീകളുടെ വിരലുകള്‍ അലിഞ്ഞലിഞ്ഞ് പകുതിയായി. ഗ്ലാസുകഷ്ണം മിനുക്കുന്ന ജോലി ചെയ്യുന്ന സ്ത്രീകളൂടെ കൈകള്‍ മുറിഞ്ഞും ചോരയൊലിച്ചും വിരൂപമായി. ഏറെപ്പേര്‍ക്കും നടുവേദനയും കാഴ്ചക്കുറവും.


വാല്‍കഷ്ണം എന്റെ വക:
കോപ്പി റൈറ്റ് ആക്ട് ലംഘിച്ച് ഞാനീ വാര്‍ത്ത നിങ്ങളിലേക്ക് എത്തിച്ചതിന്റെ കാരണം, ഇനിയും ഈ കദനകഥ വായിക്കാത്തവരുണ്ടെങ്കില്‍ വായിക്കട്ടെ എന്നു കരുതി മാത്രമാണ്. ഇതിനു ഞാന്‍ റിപോര്‍ട്ടര്‍ വി.ജയിനിനോടും, ദേശാഭിമനി ദിനപത്രത്തിനോടും കടപ്പെട്ടിരിക്കുന്നു.

ഈ വാര്‍ത്ത ഞാന്‍ വായിച്ചിട്ട് കുറച്ചുനേരം സ്ത്ബ്ധനായി വെളിയിലേക്കും നോക്കി ഇരുന്നു പോയി. ഇന്ത്യയുടെ യഥാര്‍ത്തചിത്രം ഞാന്‍ ഒന്നു കൂടി മനസ്സിലിട്ട് അമ്മാനമാടി. ഒരു സൈഡില്‍ india shyning, bharath nirmaan എന്നീ പരസ്യചിത്രങ്ങളും മറുസൈഡില്‍ ദേശാഭിമാനിയിലെ ഈ വാര്‍ത്തചിത്രവും. സത്യത്തില്‍ എന്താണിതിനെപ്പറ്റി എഴുതേണ്ടത് എന്നതിനെപ്പറ്റി എനിക്കുതന്നെ അറിയില്ല. എങ്കിലും ഞാനൊന്നോര്‍മിക്കുന്നു, ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍; ഒരു വശത്ത് ഇന്ത്യയിലെ ഒരു വിഭാഗം ജനങ്ങളുടെ ധൂര്‍ത്തും മറുവശത്ത് ഈ പട്ടിണിപാവങ്ങളൂടെ നരകതുല്യമായ യാതനയും. കേരളത്തിലെ ഭിക്ഷക്കാരുടെ പോലും ഒരു ദിവസത്തെ ആവെറേജ് വരുമാനം 100 രൂപയാണെന്നിരിക്കെ, ഇന്ത്യയുടെ സമ്പത്പുരോഗതിക്കും, രാഷ്ട്രീയ വളര്‍ച്ചക്കും അവരുടെ ജീവിതം തന്നെ ഉഴിഞ്ഞുവച്ച ഈ പട്ടിണിപ്പവങ്ങള്‍ അനുഭവിക്കുന്ന നരകയാതന ഏതുമനുഷ്യന്റെയും കരളലിയിപ്പിക്കുന്നവയാണ്. ഇനിയെങ്കിലും നമ്മളോരൊരുത്തര്‍ക്കും പ്രതിജ്ഞ എടുക്കാം, ചുമ്മാ കളയുകയാണെങ്കില്‍ പോലും അളന്നുകളയണം എന്ന് കാരണം അങ്ങകലെ വടക്കൈന്ത്യയില്‍ നമ്മുടെ പ്രിയസഹോദരിമാര്‍ അവരുടെ കുഞ്ഞുങ്ങള്‍ക്കായി ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അടിവസ്ത്രം വരെ ഉരിയേണ്ട ഗതികേടിലാണെന്ന കാര്യം ഓര്‍ക്കുക.....നിറകണ്ണുകളോടെ അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു....


എന്റെ പ്രിയ സുഹ്രുത്തും, നാട്ടുകാരനുമായ ശ്രീ.അനൂപ് കോതനല്ലൂരിന്റെ ഈ പോസ്റ്റു കൂടി കൂട്ടി വായിക്കാനപേക്ഷിക്കുന്നു.