Thursday, May 26, 2011

വഴിയേ പോണ കുരിശുകൾ..

വഴിയേ പോണ ഓരോരോ കുരിശുകളെയ്..

ഇപ്പോൾ കുറേയായി ഷോപ്പിൽ പോയി ഇരിക്കാറൊന്നുമില്ല..
തിരക്കിനിടയിൽ വല്ലപ്പോഴും ഒന്നു സന്ദർശിക്കും..
പിന്നെ മടങ്ങും..
അതാണു പതിവ്..
ഇന്നും പതിവു പോലെ ഷോപ്പിൽ ചെന്നിരുന്ന് 5 മിനിറ്റു കഴിഞ്ഞപ്പോൾ..
കറുത്ത കണ്ണടയൊക്കെ പോട്ട് വെളുത്ത വസ്ത്രങ്ങളും ധരിച്ചൊരു 55 വയസ്സോളം പ്രായം തോന്നിരിക്കുന്ന ഒരാൾ ഭിക്ഷ യാചിച്ചു വന്നു..
പോക്കെറ്റിനുള്ളിൽ ചില്ലറ തപ്പി നിരാശനായി ഞാൻ;
ഡോറിനു വെളിയിൽ അക്ഷമനായി നിന്നിരുന്ന ആ മനുഷ്യനോട് ചില്ലറയില്ല എന്നു വിളിച്ചു പറഞ്ഞു..
എടുത്ത വായ്ക്ക് അങ്ങേർ.. എത്ര വേണം.. തരാം!
ഹോ.. ഒരു രൂപ ധർമ്മം കൊടുക്കാൻ പോക്കെറ്റിൽ കിടക്കുന്ന 500 രൂപ ചെയിഞ്ച് മാറാനോ..
എന്ന് ചിന്തിച്ചു കൊണ്ട് ഇത്തിരി പുച്ഛത്തോടെ 500 രൂപക്കൊണ്ടൊ എന്നു അതിയാനോട് വിളിച്ചു ചോദിച്ചു..
ഭിക്ഷക്കാരൻ എന്തോ പിറുപിറുത്തു..
എനിക്കൊന്നും തിരിഞ്ഞതുമില്ല..
ന്നാ.. അടുത്ത ദിവസം വരുമ്പോൾ കേറ്.. അന്നു കൂട്ടിത്തരാം എന്നു ഞാൻ മൊഴിഞ്ഞു..
കേട്ടപാതി അതിയാനൊരു ആട്ടും..
പിന്നെയതിന്റെ കൂടൊരു തള്ളും.. ”പിന്നേയ് ഞാൻ പൊറുതി കെട്ടി നടക്കുവല്ലേ.. നിന്റെയൊക്കെ അച്ചാരം വാങ്ങാൻ”
!!!!!!!!!!!!!!!!!!!!!!!!!!!!
വായ് പൊളിച്ചിരുന്ന ഞാനും തിരിച്ചടിച്ചു..
“പിന്നേയ് നിന്നെ ക്ഷണിച്ചു ഞാൻ വരുത്തീതല്ലേ..പുഴുങ്ങിത്തരാൻ..”

Wednesday, May 25, 2011

പ്രണയിക്കാൻ പരിശീലനം..

നമുക്കൊരു ഡ്രൈവെറുണ്ട്. സ്ഥിരമായി വിളിക്കുന്ന 407 ന്റെ ഓണെർ കം ഡ്രൈവെർ.
പേരു ബഷീർ. ഞങ്ങളു സ്നേഹപുരസ്സരം മുക്കി അല്ലെങ്കിൽ മുക്കിയണ്ണൻ എന്നു വിളിക്കും.
പ്രായം 57 വയസ്സ്. സരസനും സർവ്വോപരി ഒരു ശുദ്ധനുമാണു കക്ഷി..


രണ്ട് വർഷം മുൻപ് ടി.യാൻ ആദ്യമായി ഒരു മൊബൈൽ ഫോണൊക്കെ വാങ്ങി ചെത്തിപ്പൊളിച്ചു നടക്കണ സമയത്ത് കൂട്ടത്തിലൊള്ളൊരു പണിക്കാരിലൊരാൾ ഒരു ഗുളിക കൊടുത്തു. മുക്കിയണ്ണന്റേത് റിലയൻസിന്റെ സെറ്റടക്കം കണക്ഷനായിരുന്നു. ഒരു ദിവസം പണിസ്ഥലത്തു വെച്ച് വണ്ടിയുമൊതുക്കിയിട്ട് മൊബൈലിൽ ചറപറാ പണിതു കൊണ്ടിരുന്ന അണ്ണന്റെ ഫോൺ റിങ്ങ് ചെയ്തു.

“ഹലോ..ലോ..ലോ...”
“മിസ്റ്റെർ ബഷീറല്ലേ..”
“അല്ല.. ഞാൻ മുക്കിയാ..!“
(മുക്കിയെന്നുള്ള വിളി സ്ഥിരമായി കേട്ടു ചെവി തഴമ്പിച്ച് ഒറിജിനൽ പേരു പോലും മറന്നു പോയിരുന്നു അദ്ദേഹം..!)
“ഏതു മുക്കിയായാലും പൊക്കിയായാലും സാരമില്ല..; ഇത് റിലയൻസീന്നാണു.. നിങ്ങൾക്കൊരു സമ്മാനം അടിച്ചിട്ടുണ്ട്..”
“ഉവ്വോ..!!!! എന്താണു സമ്മാനം..”
“നിങ്ങളൂടെ പുതിയ കണക്ഷനു; നറുക്കെടുപ്പിൽ 5000 രൂപ അടിച്ചിരിക്കുന്നു.. എത്രയും പെട്ടന്ന് സ്റ്റാൻഡിനു സമീപമുള്ള റിലയൻസിന്റെ അംഗീകൃത ഷോപ്പിൽ വന്ന് സമ്മാനം കൈപ്പറ്റേണ്ടതാകുന്നു..”

കേട്ടപാതി.. കേൾക്കാത്ത പാതി.. ടി യാൻ ആരെയുമറിയിക്കാതെ ഒരു ഓട്ടോ പിടിച്ച് നിർദ്ദിഷ്ട ഷോപ്പിലെത്തുകയും; കാര്യങ്ങൾ വിശദമാക്കി സമ്മാനമാവശ്യപ്പെടുകയും ചെയ്തു.
മുക്കിയണ്ണന്റെ ആവശ്യം കേട്ട റിസപ്ഷണിലിരുന്ന പെങ്കൊച്ചിന്റെ കണ്ണു തള്ളിപ്പോയി.
പെട്ടന്നു തന്നെ സംയമനം വീണ്ടെടുത്ത റിസപ്ഷണിസ്റ്റ് ഇങ്ങിനെ പ്രതിവചിച്ചു.

“സാർ; താങ്കളെ ആരോ പറ്റിച്ചിരിക്കുകയാണു; ഓഫീസിൽ നിന്നോ അതിലുപരി റിലയൻസിൽ നിന്നോ ഇങ്ങിനെ ഒരു ഓഫെറേ ഇല്ല..
ഞങ്ങളാരും നിങ്ങളെ വിളിച്ചിട്ടുമില്ല..”

പാവം മുക്കിയണ്ണൻ.. ഇളിഭ്യനായി തിരിച്ചു പോന്നു..
പിന്നീടും പല പ്രാവശ്യം ടി.പണിക്കാരൻ അദ്ദേഹത്തെ പറ്റിച്ചുവെങ്കിലും; പിൽകാലത്ത് താൻ കബളിപ്പിക്കപ്പെടുകയാണെന്നു അദ്ദേഹത്തിനു മനസ്സിലാകുകയും..
ടി. പണിക്കാരനെ തെറി കൊണ്ടഭിഷേകം നടത്തുകയും ചെയ്യുകയുണ്ടായി..!!


ഇക്കാര്യമൊക്കെ വീണ്ടും ഓർമിക്കുവാൻ എന്താ കാരണം..??
ഇന്നലെ വീണ്ടും ഒരു സംഭവമുണ്ടായി..!

“ഹരീഷേ..”
“എന്തോ അണ്ണാ..”
“നമ്മടെ മൊബൈലിലേക്ക് എപ്പോഴും ഒരു പെങ്കൊച്ചു ‘പ്രണയിക്കാൻ പരിശീലനം’ തരട്ടോ എന്നു ചോദിച്ചു വിളിക്കുന്നുണ്ട്.. എന്നിട്ട് ഒന്നേ പിടിച്ചു ഞെക്ക് അല്ലേല് രണ്ടേൽ ന്നും പറഞ്ഞ് തൊള്ള തൊറക്കും”
“എന്നിട്ട്..” ആകാംക്ഷയോടെ ഞാൻ മുഖമുയർത്തി..!
“ഞാനാ കൊച്ചിനെ നന്നായൊന്നുപദേശിച്ചു വിട്ടു..”
“ഹോ.. എങ്ങിനെ??”
“ടീ..മോളേ; നിനക്കും വീട്ടിലമ്മേം അച്ഛനുമൊക്കെ ഉള്ളതല്ലിയോ.. കൊച്ചു മക്കളൂള്ള ഒരു കാർന്നോരോടാണൊ പ്രണയിക്കാൻ പഠിപ്പിക്കണൊ എന്നും ചോദിച്ച് വിളിക്കണത്.. വേണെങ്കിൽ എന്റെ എളേ മോനൊണ്ട്.. കെട്ടുപ്രായം തെകഞ്ഞു നിൽക്കുവാ.. നീ വേണെൽ ഒന്നു പരിശീലിച്ചോ..”
“!!!!!!!!!!!!!!!!!!! ഹിഹിഹിഹിഹി...”