Tuesday, November 10, 2009

ഭാവിയിൽ ഞങ്ങളുടെ ഇടുക്കി നാമാവശേഷമാകുമോ??

ഭാവിയിൽ വരും തലമുറയോട്; “മുല്ലപ്പെരിയാർ കായൽ” കാണിച്ചു കൊടുത്തിട്ട് അതു സ്ഥിതി ചെയ്യുന്ന പ്രദേശം, പണ്ട് ജനങ്ങൾ ഇടതിങ്ങിവസിച്ചിരുന്ന ഇടുക്കി എർണാകുളം ജില്ലകളുടെ തീരദേശ അല്ലെങ്കിൽ സമതല പ്രദേശങ്ങളായിരുന്നുവെന്നു പരിചയപ്പെടുത്തി കൊടുക്കേണ്ട അവസ്ഥ വരുമോ ആവോ??



ജലവിഭവ വകുപ്പിന്റെ പഠനറിപ്പോർട്ടു പ്രകാരം; റിക്ടർ സ്കെയിലിൽ 6.5 ശേഷിയുള്ള ഭൂകമ്പം നിമിത്തമോ, ശക്തമായ പേമാരി മൂലം ജലനിരപ്പു ക്രമാതീതമായി ഉയരുന്നതു നിമിത്തമോ, ഡാമിന്റെ ബലക്ഷയം മൂലം ചോർച്ചയുണ്ടായോ ഡാം തകരാനുള്ള സാധ്യത വിരളമല്ലാ എന്നതാണു അറിയുന്നതു. നിലവിൽ 15 TMC അതായതു 42,000 കോടി ലിറ്റെർ സംഭരണശേഷിയുള്ള മുല്ലപ്പെരിയാർ അണക്കെട്ടു തകർന്നാൽ, അതു മൂലം ഒഴുകി വരുന്ന ജലം 35 കിലോമീറ്റെർ താഴെയുള്ള ഇടുക്കി ഡാമിനു താങ്ങാൻ കഴിയാതെ വന്നാൽ; എർണാകുളം ഇടുക്കി ജില്ലകളുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാകും. അണകെട്ടു തകർന്നാൽ തൊട്ടുതാഴെയുള്ള വണ്ടിപ്പെരിയാർ ടൌണിലെ പാലത്തിന്റെ മുകളിൽ നിന്നും 20 അടി പൊക്കത്തിൽ ജലനിരപ്പുയരുമെന്നാണു വിദഗ്ധ നിഗമനം. രക്ഷാപ്രവർത്തനം അസാധ്യമാക്കുന്ന രീതിയിലുള്ള ജലത്തിന്റെ ഫോഴ്സ് വണ്ടിപ്പെരിയാർ, സമീപ പ്രദേശങ്ങളായ ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻ കോവിൽ തുടങ്ങിയ പഞ്ചായത്തുകളെയും ജലത്തിനടിയിലാക്കും. 25 TMC ശേഷിയുള്ള ഇടുക്കി ഡാമിൽ 60% ത്തോളം ജലസംഭരണമുണ്ട്. മുല്ലപ്പെരിയാർ തകർന്നു ഒഴുകി വരുന്ന ജലത്തിനെ ഉൾകൊള്ളാൻ 40% ശേഷിയേ ഇടുക്കി ഡാമിനുണ്ടാകൂ. അതിൽ തന്നെ; പൊട്ടിയൊലിച്ചു വരുന്ന ജലപ്രളയത്തിൽ കല്ലും മണ്ണും ധാരാളമായി ഉണ്ടാകാനിടയുള്ളതുകൊണ്ട്, പകുതി സംഭരണശേഷിയേ കണക്കുകൂട്ടാനാകൂ.



അതായത്, ഇടുക്കി ഡാമിനു ഈ പ്രളയജലത്തെ താങ്ങാനാകാതെ വന്നാൽ; 40 TMC യോളം ജലമായിരിക്കും താഴെ മൂലമറ്റം, തൊടുപുഴ, മൂവാറ്റുപുഴ, പിറവം etc എന്നിവിടങ്ങളിലെക്കു ഒഴുകി എത്തുക. തൊട്ടു താഴെയുള്ള കുളമാവുഡാം, തൊടുപുഴയ്ക്കു 5 കി.മീ. മുൻപുള്ള മലങ്കരഡാം എന്നിവ നാമാവശേഷമാകും എന്നു പറയേണ്ടതില്ലല്ലോ. സമുദ്രനിരപ്പിൽ നിന്നും 2100 ലേറെ അടിയിൽ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്ഥാനം ദുരന്തത്തിന്റെ ആഴം എത്രത്തോളം വർദ്ധിപ്പിക്കും എന്നു ഊഹിക്കുമ്പോഴാണു ഞെട്ടലുണ്ടാകുന്നത്.



വാൽ: അണകെട്ടു തകർന്നാൽ കൂലം കുത്തി കുതിച്ചൊഴുകി വരുന്ന ജലപ്രളയം എന്റെ വീടിന്റെ തൊട്ടു താഴെ ഒഴുകുന്ന തൊടുപുഴ ആറിന്റെ ജലനിരപ്പിനെയും, വിസ്തൃതിയേയും എത്ര വർദ്ധിപ്പിക്കുമെന്നു ഊഹിക്കൻ കഴിയുന്നുണ്ടല്ലോ.



നിലവിലുള്ള ജലനിരപ്പിനേക്കാളും വെറും പത്തടി പൊക്കത്തിലാണു വീടിരിക്കുന്ന സ്ഥാനം. 40 TMC ജലം..!! ഓർക്കാൻ കൂടി പറ്റുന്നില്ല. വീടിന്റെ മുകളിൽ കയറി ഇരുന്നാലോ?? അപ്പോഴും 20 അടിയേ മൊത്തത്തിൽ വരുകയുള്ളൂ. തെങ്ങു കയറ്റം പഠിച്ചാലോ?? തെങ്ങിൽ കയറി രക്ഷപെടാമായിരുന്നു..!! പ്രളയം വരുമ്പോൾ സകലജീവജൈവജാലങ്ങളേയും കടപുഴക്കി കൊണ്ടു പോകില്ലേ... അല്ലേ!! അപ്പോൾ അതു കൊണ്ടും കാര്യമില്ല. ഈ ആറ് ഒഴുകി എത്തിച്ചേരുന്നതു പിറവത്തു വെച്ചു വൈക്കം കായലിലേക്കാണു. ഈ പ്രളയജലത്തെ താങ്ങുവാനുള്ള കെൽ‌പ്പ് വൈക്കം കായലിനുണ്ടാകുമോ?? കുറെയൊക്കെ കടലിൽ ചേരുമായിരിക്കാം. എന്നാലും..?? അപ്പോൾ..?? അവസാനം മദ്ധ്യകേരളത്തിന്റെ ഭൂരിഭാഗവും ഒന്നെങ്കിൽ കടലിനടിയിലായിത്തീരും..!! എന്നിട്ടവസാനം പറയാമല്ലോ... “മുല്ലപ്പെരിയാർ കായലി” ന്റെ വൃഷ്ടി പ്രദേശമാണിതൊക്കെയെന്നു..!! അല്ലേ..



(കടപ്പാട്: ഇന്നത്തെ [10/11/09] മലയാള മനോരമ പത്രത്തിൽ ശ്രീ. ആർ.കൃഷ്ണരാജ് തയ്യാറാക്കിയ ലേഖനത്തെ ആധാരമാക്കി എഴുതിയ കുറിപ്പുകൾ)

Thursday, November 05, 2009

അച്ചായനു പിണഞ്ഞ അമളി..


എന്റെ നാട്ടുകാരനും, ബഹറിൻ ബൂലോകത്തെ മിന്നും താരവുമായ സജിഅച്ചായനെ അറിയാത്തവർ വിരളമായിരിക്കും. ചെറായി മീറ്റിൽ സംബന്ധിക്കുവാൻ വേണ്ടി മാത്രമായി അദ്ദേഹം തലേന്നേ നാട്ടിലെത്തുകയും; എന്റെ സ്ഥാപനം സന്ദർശിക്കുകയും ചെയ്തു. ഷോപ്പിൽ വച്ചുള്ള ഞങ്ങളുടെ സംസാരത്തിനിടയിൽ, തന്റെ മൊബൈലിലെ ബാറ്റെറി റീചാർജ് ചെയ്യാനദ്ദേഹം ആഗ്രഹിച്ചതിൻ പ്രകാരം; തൊട്ടടുത്ത മൊബൈൽ ഷോപ്പിൽ ഏൽ‌പ്പിച്ചു. ഫോൺ ചാർജ് ചെയ്തു കിട്ടുവാൻ അരമണിക്കൂർ കാലതാമസം ഉണ്ടാകുമെന്നു കടയുടമ അറിയിച്ചതിൻ പ്രകാരം; ആ സമയം കൊണ്ടു, നഗരത്തിലെ പുരാതനവും പ്രസിദ്ധിയാർജിച്ചതുമായ ഒരു മദ്യശാലയിൽ പോയി ഭക്ഷണം കഴിച്ചിട്ടു വരാം എന്ന അദ്ദേഹത്തിന്റെ ക്ഷണം മാനിച്ച് ഞാനും കൂടെ അനുഗമിച്ചു.


മദ്യശാലയിൽ എത്തി ഭക്ഷണത്തിനു ഓർഡെർ കൊടുക്കാൻ നേരത്താണു ഒരു നഗ്നസത്യം അച്ചായന്റെ തിരുനാവുകളിൽ നിന്നും ബഹിർഗമിച്ചത്; എന്തെന്നാൽ അദ്ദേഹം “വീശില്ലെന്നു”. മറ്റുള്ളവർ സേവിക്കുന്നതു കണ്ടാസ്വദിക്കുന്നതാണു പുള്ളിയുടെ ഇഷ്ടമെന്നതും. രണ്ടെണ്ണം വീശാനുള്ള അച്ചായന്റെ ക്ഷണം നിരസിച്ചാൽ അദ്ദേഹത്തിനെന്തു തോന്നും എന്നു വിചാരിച്ചാണു ഞാൻ കൂടെ പോയത്. ഞാനാണെങ്കിൽ പിറ്റേ ദിവസം മീറ്റുള്ളതിനാൽ പച്ചയായിട്ടിരിക്കാൻ പ്രതിജ്ഞ എടുത്തിരിക്കുന്ന സമയം. ശ്ശേ!! എന്റച്ചായാ... എന്നാ പിന്നെ വല്ല ഹോട്ടലിലും കയറിയാൽ പോരായിരുന്നോ?? എന്നു തിരിച്ചടിച്ചെങ്കിലും.. എന്തായാലും വന്നതല്ലേ; എന്നും നിനച്ചു രണ്ടു പെഗ്ഗ് റെമനോവ് വോഡ്കയ്ക്കു ഓർഡെർ ചെയ്തു.


ആദ്യം മദ്യം രംഗപ്രവേശം ചെയ്തു; തൊട്ടു പുറകേ ഭക്ഷണ സാമഗ്രഹികളും. ഞാൻ ഓരോ കവിൾ അകത്താക്കുമ്പോഴും; കണ്ണിമവെട്ടാതെ അതീവ സൂഷ്മതയോടെ അദ്ദേഹം എന്നെ വീക്ഷിച്ചുകൊണ്ടിരിക്കും. ഞാൻ പൂസാകുന്നുണ്ടോ?? മുഖഭാവത്തിനു മാറ്റം വരുന്നുണ്ടോ?? സ്വഭാവത്തിനെന്തെങ്കിലും പരിണാമം സംഭവിക്കുന്നുണ്ടോ?? എന്നൊക്കെ. ഹി ഹി; ഞാനാരാ മോൻ..!! അച്ചായൻ മാത്തേൽ കണ്ടപ്പോൾ ഞാനതു മാനത്തു കണ്ടു. അച്ചായന്റെ മനസ്സിലിരിപ്പുകൾ ഊഹിച്ചെടുത്ത ഞാൻ മനസ്സിൽ ഊറിച്ചിരിച്ചു. പാവം അച്ചായൻ..!! വഴിയേ പോയ പാമ്പിനെയെടുത്തു തോളത്തിടേണ്ടി വരുമോ എന്ന അകാരണമായ ഭയം അദ്ദേഹത്തിന്റെ മുഖത്തു പ്രകടമായിരുന്നു.


എന്റെ ബൈക്കിലായിരുന്നു ഞങ്ങൾ വന്നിരുന്നത്. ഭക്ഷണശേഷം, കടയിലേക്കു തിരിച്ചു വരുവാൻ ബൈക്കു സ്റ്റാർട്ടാക്കാൻ തുടങ്ങിയ എന്നെ തടഞ്ഞു നിർത്തി അച്ചായൻ ഒരൊറ്റച്ചോദ്യം!!
“ഹരീഷിനു വണ്ടിയൊക്കെ ഓടിക്കാൻ അറിയാലോ അല്ലേ?? ഓടിക്കാൻ പറ്റിയ അവസ്ഥയിലാണല്ലോ അല്ലേ??“
ദേ, പിന്നേം പാവം അച്ചായൻ..!! പേടിച്ചു വിറച്ചാണു അദ്ദേഹത്തിന്റെ നിൽ‌പ്പ്..!! സ്വന്തമായി ബൈക്കോടിക്കൻ അറിയില്ല.. ബൈക്കോടിക്കനറിയാവുന്നവനാണെങ്കിലോ?? രണ്ടു പെഗ്ഗ് വിട്ടിട്ടുമുണ്ടു. ദേണ്ട്.. അച്ചായൻ വീണ്ടു ചെകുത്താനും കുരിശിനുമിടയിൽ..!! ഇപ്രാവശ്യം പുറത്തേക്കു തള്ളി വന്ന ചിരി എനിക്കടക്കാനായില്ല. മനസ്സില്ലാമനസ്സോടെ എന്റെ പുറകിൽ ആസനസ്ഥനായ അച്ചായനേം വഹിച്ചു കൊണ്ടു എന്റെ പൾസർ ബൈക്ക് നഗരത്തിലൂടെ ചീറിപ്പാഞ്ഞു. തോട്ടിക്കോലു പൊക്കമുള്ള അച്ചായൻ, അഞ്ചരയടി പൊക്കമുള്ള എന്റെ പുറകിൽ നടുവും വളച്ചു പമ്മിയിരുന്നു. എന്റെ ഡ്രൈവിങ്ങ് ജാഗരൂകനായിയിരുന്നു വീക്ഷിക്കുന്നു. സെന്റർ പോയിന്റിൽ ട്രാഫിക്കിൽ നിന്നിരുന്ന പോലീസുകാരനെ കണ്ടപ്പോൾ അച്ചായൻ ഇത്തിരി കൂടി കൂനിപ്പിടിച്ചിരുന്നു. ആ കാഴ്ച ഒന്നു കാണേണ്ടതു തന്നെയായിരുന്നു. വെള്ളമടിച്ചോടിക്കുന്ന എന്നെയെങ്ങാനു പോലീസു പൊക്കിയാൽ; അച്ചായനേം പോലീസു പൊക്കും..!! ബഹറിനിലെ അച്ചായനാ, ബൂലോകരുടെ കണ്ണിലുണ്ണിയാ, മിന്നും താരമാ, ബ്ലോഗെറാ... ഞാനൊന്നും കഴിച്ചിട്ടില്ലേ എന്നൊന്നും പറഞ്ഞിട്ട് പിന്നെ ഒരു കാര്യവുമില്ല. പോലീസുകാരു സമ്മതിക്കൂലാ... കൂമ്പിടിച്ചു വാട്ടും. അതറിയാവുന്ന അച്ചായൻ എന്റെ പിറകിൽ പമ്മിപമ്മിയിരുന്നു. കൂടെ വേറേ ഒരു പേടിയും. പിറ്റേദിവസത്തെ ചെറായി മീറ്റും കഴിഞ്ഞു ബഹറിനിലേക്കു പോകാൻ ടിക്കെറ്റും എടുത്താ അച്ചായൻ ഇരിക്കുന്നതു. രണ്ടു പെഗ്ഗടിച്ചു ‘പൂസായ’ ഞാൻ എവിടെയെങ്കിലും ബൈക്കു മറിച്ചിടുമോ; പിന്നെ കുരിശാകുമോ... എന്ന പേടിയും..!! അച്ചായന്റെ മാനറിസങ്ങൾ ആസ്വദിച്ചിരുന്ന എനിക്കു പലപ്പോഴും ചിരി മുട്ടുട്ടുന്നുണ്ടായിരുന്നു. മദ്യശാലയിൽ നിന്നും ഷോപ്പിലേക്കുള്ള 1.5 കി.മീ. ദൂരം അച്ചായൻ ആസ്വദിച്ചിരിക്കില്ല..!! ഉറപ്പ്.. ഷോപ്പിലെത്തി ബൈക്കിന്റെ പുറകിൽ നിന്നിറങ്ങുമ്പോൾ അത്രനേരം അടക്കിപ്പിടിച്ച ദീർഘനിശ്വാസം അച്ചായന്റെ ഉള്ളിൽ നിന്നും അറിയാതെ പുറന്തള്ളപ്പെടുന്നത് ഞാനറിയുന്നുണ്ടായിരുന്നു.. പാവം അച്ചായൻ..!!