Wednesday, November 30, 2011

നിർമ്മിക്കുക..ഏതു വിധേനയും, പുതിയ ഡാം !

റിക്ടെർ സ്കെയിലിൽ അഞ്ചിനോ അതിനു മുകളിലോ ഉള്ള ഭൂചലനം നിമിത്തം ഡാമിനു ബലക്ഷയം സംഭവിക്കുകയും അതു മൂലം ഡാം തകരുകയും 136 അടി പൊക്കത്തിൽ അതീവ മർദ്ദത്തിൽ തള്ളി നിൽക്കുന്ന ജലം താഴോട്ട് കുതിച്ചെത്തുകയും ത്വരിതഗതിയിൽ ഭൂമിയിലുടനീളം വീതിയിൽ ചാലുകൾ കീറി പ്രയാണമാരംഭിക്കുകയും ചെയ്യും. പൊതുവേ നല്ല നീരൊഴുക്കുള്ള ഭൂപ്രദേശങ്ങളാണു ഇടുക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളധികവും. വൃഷ്ടിപ്രദേശത്തു പെയ്യാവുന്ന ചെറിയ മഴ പോലും പ്രതീക്ഷിക്കുന്നതിലധികം നീരൊഴുക്കു കൂട്ടുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടതാണല്ലോ. കനത്ത മഴയിൽ വൃഷ്ടിപ്രദേശത്തെ ജലനിരപ്പ് പരിധിയിലുമധികം ഉയർന്നാൽ സുർക്കിയിലും ചുണ്ണാമ്പിലും നിർമിച്ച ഈ ഡാമിനു താങ്ങാവുന്നതിലധികം മർദ്ദമായിരിക്കും അതിന്റെ അടിത്തട്ടിൽ അനുഭവപ്പെടുക. ജലസേചനോദ്ദേശ്യം മാത്രം ലക്ഷ്യം വെച്ചു കൊണ്ട് 115 വർഷങ്ങൾക്കു മുൻപ് ബ്രിട്ടീഷുകാർ നിർമിച്ച ഈ കൂറ്റൻ ഡാം ഒറ്റ ബ്ലോക്കിൽ കെട്ടിയുയർത്തിയിട്ടുള്ളതാണ്. ഇടുക്കി ജില്ലയിലെ വിവിധ ഡാമുകൾ സ്ഥിതി ചെയ്യുന്ന വൃഷ്ടിപ്രദേശങ്ങളില്ലാം തന്നെ ചെറിയ ചെറിയ ഭൂചലനങ്ങൾ മിക്കവാറും നടക്കുന്നുണ്ട്. മുല്ലപ്പെരിയാർ ഡാമിന്റെ അടിത്തട്ടോ മറ്റോ ശസ്ത്രീയ നിരീക്ഷണങ്ങൾക്കോ മറ്റോ ഇതുവരെ വിധേയമായിട്ടില്ല എന്നിരിക്കെ ഡാം സ്ഥിതി ചെയ്യുന്ന പാറക്കെട്ടുകൾക്കിടയിലും പ്രാന്തപ്രദേശങ്ങളിലും മറ്റും ഭൂമിക്കടിയിലേക്കുള്ള പാറകൾക്കിടയിൽ സംഭവിച്ചിട്ടുള്ളതാകാവുന്ന വിള്ളലുകളുടെയും സുഷിരങ്ങളുടെയും അളവുകളൂടെയോ എണ്ണത്തിന്റെയോ കാര്യം ഊഹാതീതമാണ്. ഏതായാലും ഡാം പൊട്ടുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ 50:50 സാധ്യതയാണുള്ളത്. പൊട്ടിയാലോ കേരളം രണ്ടായി വിഭജിക്കപ്പെടും എന്ന കാര്യത്തിൽ 100%ഉം.



ഏതായാലും മുല്ലപ്പെരിയാർ പ്രശ്നത്തിൽ ജനകീയവും രാഷ്ട്രീയവുമായുള്ള മുന്നേറ്റങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. എത്ര സമരങ്ങളൊ ഉപവാസസമരങ്ങളൊ മുദ്രാവാക്യം വിളികളൊ ഒന്നും തന്നെ കേന്ദ്രത്തിന്റെയോ പരമോന്നത നീതിപീഠത്തിന്റെയോ കണ്ണും കാതും തുറപ്പിക്കുകയില്ല എന്നതിൽ തന്നെ ഞാൻ ഉറച്ചു നിൽക്കുന്നു. തികച്ചും അവഗണിക്കപ്പെടുന്നവന്റെ വേദനയിൽ നിന്നും ഉടലെടുക്കപ്പെടുന്ന രോഷാഗ്നിയിലാണു മിക്ക ആളുകളും സോഷ്യൽ നെറ്റ് വർക്കുകളിലും മറ്റും തമിഴ്നാടു മുഖ്യമന്ത്രി ജയലളിതക്കെതിരേ ആഞ്ഞടിക്കുകയും അവരുടെ ഫോട്ടോ പബ്ലീഷ് ചെയ്തു അവരുടെ മുഖത്ത് കാർക്കിച്ചു തുപ്പുന്നു എന്നും അവരുടെ നെഞ്ചത്തു ചവിട്ടുന്നു എന്നൊക്കെ പറഞ്ഞ് ആക്രോശത്തോടെ കമന്റുകളും മറ്റും ഇടുന്നത്. പൊതു നിരത്തിൽ പോലും അവരുടെ കോലം കത്തിച്ചും കോലത്തിൽ പടക്കം പൊട്ടിച്ചു ചിന്നിച്ചിതറിച്ചും വരെ ആളുകൾ അവരുടെ വികാരവിദ്വേഷങ്ങൾ പ്രകടിപ്പിക്കുന്നുമുണ്ട്. എനിക്കു തോന്നുന്നത് ഇത്തരം സമരമാർഗ്ഗങ്ങൾ നമ്മൾ അവലംബിക്കേണ്ടതുണ്ടൊ? എന്നു തന്നെയാണ്. അവ മൂലം നമ്മളോടുള്ള സമീപനത്തിൽ തമിഴന്റെ മന്നസ്സിൽ പൊട്ടിപ്പുറപ്പെടുക തീവ്രവാദ നയങ്ങളായിരിക്കും. അതിന്റെ പ്രതിഫലനമെന്ന കണക്കു തന്നെയാണു അതിർത്തിക്കപ്പുറത്തു നിന്ന് തുടങ്ങിയിരിക്കുന്ന പടപ്പുറപ്പാട് എന്നു ഭയക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസത്തെ ഹർത്താലുകളിൽ തമിഴ് അയ്യപ്പന്മാരുടെ വണ്ടി തടഞ്ഞിടുകയും അവരുടെ നേരെ ആക്രോശിക്കുകയും ചെയ്യുന്ന നമ്മുടെ ജനതയുടെ വികാരങ്ങൾ മനസ്സിലാക്കുന്നുണ്ട് എങ്കിൽക്കൂടിയും അതിർത്തിക്കപ്പുറത്ത് ഇപ്പുറെ നടക്കുന്ന ഓരൊന്നും ശ്രദ്ധാപൂർവ്വം വീക്ഷിച്ചു ഭയചകിതരായി നിമിഷങ്ങളെണ്ണി ജീവിതം പോറ്റുന്ന കുറെ മലയാളികൾ ഉണ്ടെന്നു കൂടി നമ്മളോർക്കണം. പലപ്പോഴും നമ്മുടെയത്ര സമയം ക്ഷമിക്കാനുള്ള ദയവോ അറിവോ ഒന്നും തന്നെ തമിഴ് ജനത്തിൽ ഭൂരിഭാഗത്തിനും ഉണ്ടാകാറില്ല എന്ന യാഥാർത്ഥ്യവും അത്യന്താപേക്ഷിതമായി നമ്മൾ മനസ്സിരുത്തേണ്ടതാകുന്നു. തമിഴ് ജനതയെ പ്രകോപിപ്പിക്കുകയല്ല നമ്മളൂടെ ലക്ഷ്യത്തിൽ പ്രധാനം.



ഡാമിന്റെ ജലനിരപ്പ് കുറച്ച് ഒരു സമവായത്തിലെത്താം എന്ന ചിന്തകളെ നമ്മൾ പരിപോഷിപ്പിക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. 136 അടി ജലനിരപ്പിനെ 120 അടിയിലേക്കു കൊണ്ടു വരുന്നത് ഒരിക്കലും തമിഴ്നാട് അംഗീകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം, അവർ ജലം കൊണ്ടു പോകുന്ന ടണലുകൾക്കു താഴെ ജലനിരപ്പ് താഴ്ത്തുന്ന ഒത്തുതീർപ്പിനു അവർ സമ്മതിക്കില്ല എന്നത് പകൽ പോലെ വ്യക്തമാണ്. അതു മാത്രമല്ല നമുക്കും അതു കൊണ്ട് എന്തു പ്രയോജനം!! ഭൂകമ്പം നിമിത്തം ഡാം പൊട്ടുവാനുള്ള സാഹചര്യം സംജാതമാകുന്ന നിമിഷം അറബിക്കടലിന്റെ മേൽത്തട്ടിലോട്ടൊഴുകിച്ചെല്ലുന്ന ജലസ്രോതസ്സിന്റെ അളവിൽ കുറച്ച് ടി എം സി കുറവുണ്ടാകുമെന്നതല്ലാതെ നാം ഭയപ്പെടുന്ന ഭീകരതക്ക് എന്തെങ്കിലും ശമനമുണ്ടാകുമോ?? അപ്പോൾ പുതിയൊരു ഡാം തന്നെയാണു നമുക്ക് ആവശ്യം എന്നു വരുന്നു. വർഷങ്ങൾക്കു മുൻപ് ഇരു കൂട്ടരും കൂടി നിലവിലുള്ള ഡാമിനു മൂവായിരത്തോളം അടി താഴെ കേരളത്തിന്റെ സ്ഥലത്ത് പുതിയൊരു ഡാമിനുള്ള സ്ഥാനം കണ്ടിട്ടുള്ളതാണ്. പല തിരുട്ടു ന്യായവാദങ്ങൾ ഉന്നയിച്ച് തമിഴ്നാടിതിൽ നിന്നും പുറം വലിയുകയായിരുന്നുവന്ന്. നമ്മളവിടെ പുതിയൊരു ഡാം നിർമിക്കുവാനുള്ള ആർജ്ജവം കാണിക്കണമെന്നാണു എന്റെ ശക്തമായ അഭിപ്രായം. നമ്മളത് തുടങ്ങി വെക്കുമ്പോൾ സൈലെന്റ് മോഡിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയും, കേന്ദ്ര ജല പരിസ്ഥിതി മന്ത്രാലയവും പ്രേമികളും, സുപ്രീം കോടതിയും മറ്റും തമിഴ്നാടിന്റെ സമ്മർദ്ദം താങ്ങാനാവാതെ മുടന്തൻ ന്യായവാദങ്ങൾ തമിഴ്നാടിനു വേണ്ടി ഉന്നയിച്ച് നമുക്കെതിരേ തിരിയും എന്നത് പച്ചപ്പരമാർത്ഥമാണ്. പഴയ ഡാമിനു താഴെ പണിയുന്ന പുതിയ ഡാമിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പഴയതിനു ഭീക്ഷണിയാകും എന്നും നിനച്ച് നമുക്കിതു പണിയാതെ ഇരിക്കുവാനാകില്ല. കാരണം എന്തു സംഭവിച്ചാലും സംജാതമാകാനുള്ള ഭീകരാവസ്ഥ സമം തന്നെ. ഡാം നിർമ്മാണ വിദഗ്ദ്ധരുടെ കൈവശം ഇതിനുള്ള മറുമരുന്ന് ഉണ്ടാകും എന്നു തന്നെയാണെന്റെ നിഗമനം. പുതിയ ഡാം പണിയുമ്പോൾ 250 അടിയോ അതിനു മുകളിലോ ഉള്ള ഒരു ആർച്ച് ഡാം പണിയണം. സമീപത്തു തന്നെ വെള്ളമൊഴുക്കിക്കളയാനുള്ള ഷട്ടറുകളോടു കൂടിയ മറ്റൊരു ഡാം സമാന്തരമായി നിർമിക്കുക. നിർമ്മാണപ്രവർത്തനങ്ങൾ ഭംഗിയായി വിജയകരമായാൽ പിന്നെ വരുന്നതു പോലെ വരട്ടെ. മുല്ലപ്പെരിയാർ പൊട്ടിയൊഴുകി വരുന്ന ജലം ഇവിടെ കുറച്ചെങ്കിലും സംഭരിക്കുമെന്നോ അതല്ലാ പൊട്ടിയൊലിച്ചു വരുന്നവയെ മൊത്തമായി താങ്ങി നിർത്തുവാൻ പുതിയ ആർച്ച് ഡാമിനു കഴിയുമെന്നൊ ഒക്കെ നമുക്ക് പ്രത്യാശിക്കാം.



നമ്മളൊരു പുതിയ ഡാം നിർമിക്കുമ്പോൾ നമ്മുടെ നാട്ടിലെ മുഴുവൻ ജനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കട്ടെ, എന്നു കൂടി നമ്മൾ പ്രത്യാശിക്കേണ്ടതുണ്ട്. കാരണം അത്രക്ക് ഒറ്റപ്പെടുത്തലുകളും ഭീകരാവസ്ഥകളും ഭീഷണികളെയുമൊക്കെ നമുക്ക് നേരിടുകയും തരണം ചെയ്യുകയും ചെയ്യേണ്ടതുണ്ട്. ചിലപ്പോൾ നമ്മൾ 14 ജില്ലകൾ കൂടി പുതിയൊരു രാജ്യം പോലും പിറവിയെടുക്കുവാൻ കാരണമായേക്കാം. നമ്മളുടെ ചുറ്റളവുകളിലെ മുഴുവൻ അതിർത്തികളിലും നമ്മുടെ പുതിയ രാജ്യത്തിന്റെ സേനയെ വിന്യസിക്കേണ്ടി വന്നേക്കാം. ഒറ്റപ്പെടുത്തലുകളൂടെ ഭാഗമായി നമ്മൾ പൂജ്യത്തിൽ നിന്നും തുടങ്ങേണ്ടി വന്നേക്കാം. പക്ഷേ; വള്ളക്കടവിലും, കെ. ചപ്പാത്തിലും, അയ്യപ്പൻ കോവിലിലും, വണ്ടിപ്പെരിയാറ്റിലും ഉള്ള നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളുടെ ദയനീയ രോദനങ്ങൾക്കു മുൻപിൽ മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്രസർക്കാർ, സുപ്രീം കോടതികൾക്കു മുൻപിൽ നിന്നും നമ്മുടെ ജനതയെ കൂട്ടത്തോടെ രക്ഷിക്കേണ്ട ദൌത്യത്തിൽ നിന്നും ഒരടി പിമ്പോട്ടു പോകുവാൻ പാടില്ല. കേരളത്തിന്റെ മാറിലൂടെ പരിലസിക്കാൻ വെമ്പി നിൽക്കുന്ന അറബിക്കടലിന്റെ പ്രയാണത്തിനു തടയിടേണ്ടിയിരിക്കുന്നു; നമ്മൾ.

Sunday, November 27, 2011

കെ.ചപ്പാത്തിലേക്കുള്ള റാലിക്കു പങ്കെടുക്കുക..

പ്രിയ സുഹൃത്തുക്കളെ.. തൊടുപുഴ പരിസരവാസികളെ..

മുല്ലപ്പെരിയാർ വിഷയത്തിൽ കെ.ചപ്പാത്തിൽ വർഷങ്ങളായി സമരം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്..
തൊടുപുഴയിൽ നിന്നും ആയിരത്തിൽ‌പ്പരം ആളുകൾ ടി.സ്ഥലത്തോട്ട് കുറച്ച് ദിവസങ്ങൾക്കകം ഒരു റാലി സംഘടിപ്പിക്കുന്നുണ്ട്..
നിങ്ങളെവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു..

ഡേറ്റ് ഉടൻ തന്നെ അറിയിക്കുന്നതായിരിക്കും..
എല്ലാവരും പങ്കെടുക്കുവാൻ ആഹ്വാനം ചെയ്യുന്നു..

Tuesday, November 08, 2011

ഈ മഴ ഞങ്ങൾക്കു മതിയായേ......!!


മഴയോട് മഴ..!
മഴയൊഴിഞ്ഞിട്ടു കാശിക്കു പോകാൻ നേരം കിട്ടുന്നില്ല എന്നു പറയുന്നതു പോലെയാണു തൊടുപുഴക്കാരുടെ ഇപ്പോഴത്തെ അവസ്ഥ..
ആരാ കേരളത്തിന്റെ ചിറാപുഞ്ചി ലക്കിടിയാണെന്നു പ്രസ്താവിച്ചിട്ടുള്ളത്..
അതൊക്കെ ഇനി നമ്മുടെ നാട് “തൊടുപുഴ” യ്ക്കു മാത്രം സ്വന്തം..
ഈ വർഷം തന്നെ വിരലിലെണ്ണാവുന്ന ദിവസങ്ങളെ സൂര്യനെ മുഴുദിനം ഞങ്ങൾ കണ്ടിട്ടുള്ളൂ..
ഇത് മാസം 11 ആയി കെട്ടോ..!
ഇപ്പോൾ തുലാവർഷമാണു ഓടുന്നതെന്നാണു വെപ്പ്..!
ഇവിടെ കാലവർഷം ഒന്ന് തീർന്നിട്ടു വേണ്ടെ.. ഒന്നു തുലാവർഷത്തിനു കെട്ടിയാടി പെയ്യാൻ..
ഒന്നെങ്കിൽ ഉച്ചക്കു തുടങ്ങും..അല്ലെങ്കിൽ അതിനും മുൻപേ..
രാത്രി മുഴുവനും ഇടീം വെട്ടി ചന്നം പിന്നം ചാറിക്കൊണ്ടിരിക്കും..
മണിക്കൂറുകളോളം പെയ്യുന്ന വൈകുന്നേരങ്ങളിൽ നഗരത്തിലേക്കിറങ്ങണമെങ്കിൽ സ്വന്തായൊരു വള്ളം കൂടി വാങ്ങി കൂടെ കൊണ്ടുവരേണ്ടി വരും..!
അതാണിപ്പോൾ തൊടുപുഴക്കാരുടെ അവസ്ഥ..
അശാസ്ത്രീയമായ ഓടകളൂടെ നിർമാണം നഗരത്തെ പലയിടങ്ങളിലും 2-5 അടി വരെ വെള്ളത്തിനടിയിലാക്കുന്നു മിക്കദിവസങ്ങളിലും..
നാട് ഭരിക്കുന്ന കോൺഗ്രെസ്സ് കൌൺസിലർമാർക്ക് നഗരത്തിലെ പ്ലാസ്റ്റിക് മറ്റു മാലിന്യങ്ങൾ മാത്രം നിമ്മാർജ്ജനം ചെയ്യുന്നതിലാണു ശ്രദ്ധ..!
മുൻസിപ്പൽ പാർക്കിൽ കൊതുകുകളെ വളർത്താനുള്ള മാധ്യമമായിട്ടുണ്ട് കുട്ടികൾക്കു ബോട്ട്സവാരി നടത്തുവാൻ നിർമിച്ചിരിക്കുന്ന വിശാലമായ കുളം..
1വർഷം തടവും 10,000 പിഴയുമായി മാലിന്യം നിക്ഷേപിക്കുന്നവരെ അകത്താക്കുവാൻ നഗരസഭ ഓടി നടക്കുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴല്ലേ നാട്ടുകാർക്ക് പിടി കിട്ടുന്നത്..
മഴപെയ്യുമ്പോൾ വെള്ളപ്പൊക്കമുണ്ടാകുമെന്ന് മുങ്കൂട്ടി കണ്ടിട്ടുണ്ടായിരുന്നൂ.. ഈ കൌൺസിലർമാർ എന്ന് നാട്ടിലെ ജനത്തിനിപ്പോഴാണു പിടി കിട്ടിത്തുടങ്ങിയത്.. കാരണം ഈ സംഭവം അടിഞ്ഞു കൂടിയാൽ വെള്ളപ്പൊക്കം മാത്രമല്ലാ..
പകർച്ചവ്യാധികളും പെരുകുമെന്നവർ മുങ്കൂട്ടി കണ്ടിട്ടുണ്ടായിരുന്നുവത്രേ..!
ഏതായാലും തൊടുപുഴക്കാർക്കിപ്പോൾ കോളാണ്..
വൈകിട്ട് നഗരത്തിൽ വന്നാൽ മഴക്കു മുൻപേ ഗ്രാമങ്ങളിലേക്ക് തിരികെ എത്തിയില്ലെങ്കിൽ; പിറ്റേ ദിവസമേ ബന്ധുമിത്രാദികളെ കാണുവാൻ കഴിയൂ..

(വാർത്തയിലെ ചിത്രത്തിൽ കാണുന്ന ആദ്യ വീട് ഈ ബ്ലോഗെറൂടേതാണ് )

Wednesday, November 02, 2011

ഒരു ലിഫ്റ്റിന്റെ കഥ..

ഉന്മേഷഭരിതമായൊരു പ്രഭാതം..
രാവിലെ മകളെ സ്കൂളിൽ വിട്ടിട്ട് തിരിച്ച് വീട്ടിലേക്ക് ബൈക്കിൽ വരുന്ന നേരം..
മറ്റൊരു ബൈക്കിൽ പരിചയക്കാരനായ ബി എസ് എൻ ലി ലെ ഒരു ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ ഭാര്യയുമായി എന്റെ ബൈക്കിനെ കടന്നു പോയി..
പരിചയഭാവേനയുള്ള അദ്ദേഹത്തിന്റെ ചെറു പുഞ്ചിരിക്ക് മറു പുഞ്ചിരിയുമേകി; പല കാര്യങ്ങളിൽ ചിന്ത കൊടുത്ത് പതിയേ ഞാനും പുറകേ വെച്ചടിച്ചു..
ഇടക്കിടക്ക് അദ്ദേഹത്തിന്റെ വാമഭാഗം എന്റെ നേരെ നോട്ടമയക്കുന്നുണ്ട്..
ഇടക്ക് അദ്ദേഹത്തിന്റെ ബൈക്ക് ഒരിടത്ത് നിന്നു..
ഞാനതിനെ ഓടിച്ചു മറികടക്കവേ പെട്ടന്ന് എന്റെ മൊബൈലിൽ ഒരു ഫോൺ കോൾ..!
പതിയെ റോഡിന്റെ ഓരം ചേർത്ത് ബൈക്ക് നിർത്തി ഞാൻ ഫോൺ സംഭാഷണത്തിൽ ശ്രദ്ധിക്കവേ..
പരിചയക്കാരനായ ആ ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ ബൈക്കെന്റെ സമീപം നിർത്തിയിട്ട് കുശലാന്വോഷണം ആരംഭിച്ചു..
കുശലാന്വോഷണങ്ങൾക്കിടെ ഞാനും “ചേച്ചീയേം (ഭാര്യയെ) കൂട്ടി എങ്ങോട്ടാണാവോ യാത്ര” എന്നാരാഞ്ഞു..
കേട്ടപാതി കേൾക്കാത്ത പാതി അദ്ദേഹത്തിന്റെ മുഖമൊന്നു വാടി.. ഒരു ചെറു പുഞ്ചിരി അതോ ഒരു വിഷമച്ചിരിയോ ചുണ്ടിൽ വരുത്തിയെന്നു വരുത്തി അദ്ദേഹം ബൈക്കിന്റെ ക്ലെച്ച് റിലീസ് ചെയ്ത് ഒന്നും മിണ്ടാതെ ആക്സിലേറ്റർ കൊടുത്ത് വാഹനം സ്റ്റാർട്ട് ചെയ്തു മുൻപോട്ടു നീങ്ങി..
അദ്ദേഹത്തിന്റെ മുഖഭാവത്ത് വന്ന പെട്ടന്നുള്ള വ്യത്യാസം എന്നെയും ഒരു നിമിഷം “എന്തായിരിക്കും??” എന്നതിൽ സംശയാലുവും ഞിജ്ഞാസാകുതുകിയുമാക്കി..
എന്തെരോ എന്തോ എന്നു ചിന്തിച്ച് വണ്ടിയെടുത്ത് മുൻപോട്ടു നീങ്ങവേ ഞാൻ ചിന്തിച്ചു..
അദ്ദേഹം ഈ റൂട്ടിലെ ബി എസ് എൻ ലിന്റെ ലൈന്മാനാണ്..
അദ്ദേഹത്തിന്റെ ഭവനം വേറേ എവിടെയോ ഒരിടത്താണ്..
ആദ്യമായാണു അദ്ദേഹത്തിന്റെ പുറകിൽ ഒരു വനിതാരത്നത്തെ കാണുന്നത്..
അദ്ദേഹത്തിനു ഭാര്യയുണ്ടോ..? അതദ്ദേഹത്തിന്റെ ഭാര്യയാണോ..? എന്നൊന്നും എനിക്കറിയില്ല..
ഞാനാദ്യമായാണു ആ സ്ത്രീയെ കാണുന്നത് തന്നെ..!
ഇനിയവർ അദ്ദേഹത്തിന്റെ ഭാര്യ അല്ലാ എന്നുള്ളതുണ്ടോ?
അങ്ങിനെയെങ്കിൽ; എന്താകും അദ്ദേഹത്തിന്റെ പെട്ടന്നുള്ള മനം മാറ്റത്തിനു കാരണം..?

പറയൂ..
നിങ്ങൾക്കൂഹിക്കാമോ എന്തായിരിക്കുമെന്ന്?!!