Sunday, March 30, 2008

അതിഥി

മിധുനത്തിലെ ഒരു ഉച്ചദിവസം, ഇടക്കിടക്ക് മഴ ചാറുന്നുണ്ട്. ഞാനും എന്റെ കൂട്ടുകാരും ഉമ്മറത്തെ ചാരുപടിയില്‍ സൊറ പറഞ്ഞിരിക്കുന്നു. അപ്പോള്‍ ഗേയ്റ്റ് കടന്ന് ഒരു മദ്ധ്യവയസ്കന്‍ നടന്നു വന്നു. കാഴ്ചയില്‍ നാല്‍പ്പതു വയസ്സ് തോന്നിക്കും, മുഷിഞ്ഞ വെള്ള ഷര്‍ട്ടും, മുണ്ടും ധരിച്ചിരിക്കുന്നു. അപരിചിതന്‍ അടുത്തു വന്നതേ ധര്‍മത്തിനാണു എന്നെനിക്കു മനസ്സിലായി. ഞാന്‍ ഒരു അഞ്ചുരൂപ തുട്ട് എടുത്ത് കക്ഷിയുടെ നേരെ നീട്ടി. കക്ഷി അത് വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ട്, എന്റെ നേരെ തിരിച്ചു നീട്ടിയിട്ടു പറഞ്ഞു `` ഞാന്‍ ഇത്തിരി അന്തസ്സുള്ളവനാണു, ഇത്ര ചെറിയ തുക എനിക്കു വേണ്ട, ഇതാ എടുത്തു കൊള്ളൂ ``. പെട്ടന്ന് അതിഥിയുടെ അപ്രതീക്ഷിതമായ മറുപടി കേട്ട് ഞാനും എന്റെ കൂട്ടുകാരും തരിച്ചിരുന്നുപോയി. സംയമനം വീണ്ടെടുത്ത ഞാന്‍ അതിഥിയുടെ കൈയില്‍ നിന്നും ആ അഞ്ചുരുപാതുട്ട് ഇളിഭ്യതയോടെ തിരിച്ചുവാങ്ങി. ഗേയ്റ്റ് കടന്ന് മുണ്ട് അഴിച്ചിട്ട്, ഭവ്യതയോടെ കടന്നുവന്ന കക്ഷി, മുണ്ട് മടക്കിക്കുത്തി അവജ്ഞയോടെ എന്നെ നോക്കി തിരിച്ചുനടന്നു. ഞാനും എന്റെ കൂട്ടുകാരും അത്ഭുതത്തോടെ അതിഥി നടന്നകലുന്നതും നോക്കിനിന്നു. ഒരു മുപ്പതുവാര പിന്നിട്ടപ്പോഴേക്കും അതിഥി വഴിയിലുണ്ടായിരുന്ന ചെളിയില്‍ തെന്നി `പ് ധിം` എന്നൊരു വീഴ്ച! മേലാകെ ചെളിയില്‍ കുളിച്ച അതിഥി കഷ്ടപ്പെട്ടെഴുന്നേറ്റ്, ഇളിഭ്യതയോടെ ഞങ്ങളെ ഒന്നുനോക്കി........ ഞങ്ങള്‍ക്കു ചിരിയടക്കാതിരിക്കുവാന്‍ കഴിഞ്ഞില്ല. ധര്‍മ്മത്തിനു വില പറഞ്ഞവനു ദൈവം കൊടുത്ത ശിക്ഷ!!!!!!!!!!!