ഈ അതിയാനിതെന്തോന്നിന്റെ കേടാ!! എന്റെ കര്‍ത്താവേ; ഹല്ല പിന്നെ. കൊച്ചുവെളുപ്പാന്‍കാലത്ത് മൂട്ടില് വെയിലടിച്ചാ എണീക്കാത്ത മനുഷ്യനാ; ദേണ്ടെ ഇപ്പ നോക്കിക്കേ, കാലത്ത് നാലുമണിക്കെഴുന്നേറ്റ് കമ്പ്യൂട്ടറിന്റെ മുന്പീക്കേറി കുത്തീരിക്കണു. സ്കൂളില്‍ പഠിക്കണ ഞങ്ങടെ സ്വന്തം പിള്ളേര്‍ക്കില്ല ഇത്ര ഉത്സാഹം!! ഇതിയാന് ജോലിക്കുപോയിട്ട് മാസം രണ്ടാകുനു. ഇങ്ങനെ എന്നും സര്‍ക്കാരിനെ പറ്റിച്ചെത്രനാള് കഴിയാമെന്നാ ഭാവം. കെട്ടണകാലത്ത് വീതം വച്ചപ്പോള്‍ ഇച്ചായനോട് മസിലുപിടിച്ച് നേടിയ ഈ മൂണ്ണേക്കറ് റബ്ബെര്തോട്ടമില്ലായിരുന്നുവെങ്കില് ഞാനും എന്റെ പിള്ളേരും പട്ടിണിയായിപ്പോയേനെ; അല്ലേ എന്റെ ഈശോയേ!!
കൊച്ചുവെളുപ്പാന്‍കാലത്ത് കമ്പ്യൂട്ടറിന്റെ മുന്പില് കുത്തിയിരുന്ന്, എന്നാണ്ടോ ഒരു കുന്ത്രാണ്ടമുണ്ടല്ലോ... അതന്നേ ബ്ലോഗിങ്ങ്; ബ്ലോഗിങ്ങാണത്രേ... കഥയെഴുത്തും, കമന്റടിക്കലും, തെറിപറച്ചിലും...ഹും, എന്നു വേണ്ട. പുലിയാണത്രേ; പുലി..ത്ഫൂ!!
എന്റെ കാര്യം പോട്ടെ; വീട്ടിലടുപ്പ് എരിയുന്നുണ്ടോ, കുഞ്ഞുങ്ങള്‍ വല്ലതും കഴിക്കുന്നുണ്ടോ, ഉടുക്കുന്നുണ്ടോ, പഠിക്കുന്നുണ്ടോ എന്നു നോക്കാത്ത ഈ മനുഷ്യനാണോ പുലി!!; ഹും.. പുലിയല്ല.. എലി!!
കാലത്താകുത്തിയിരിപ്പു തുടങ്ങിയാ മണി പന്ത്രണ്ടാകണം എഴുന്നേറ്റ് പല്ലുതേക്കണമെങ്കില്. ഉച്ചയ്ക്ക് ചോറൂണും കഴിഞ്ഞ് കാമെറായും തൂക്കി ഒരു പോക്കുണ്ട്, കവലയിലെ കുറച്ച് വര്ക്കത്ത്കെട്ട പിള്ളേരുടെ കൂടെ ഊരുതെണ്ടി, പോട്ടം പിടിക്കാന്‍...
എന്നിട്ടോ; ദിവസം ദിവസം ഓരോരോ പോസ്റ്റിടലാണത്രേ. കര്‍ത്താവേ; അവസാനം അതിയാന്റെ മേത്ത് ആരും പോസ്റ്ററിടാതിരുനാല് മതിയാര്‍ന്നു!!
അന്തിക്ക് കാമെറായും തൂക്കി കയറിവരുമ്പോള്‍ പട്ടച്ചാരയത്തിന്റെ രൂക്ഷഗന്ധം അടിക്കും!! ഹും; ഇതിയാന് ഇത്തിരി നല്ല സാധനം വല്ലതും അടിച്ചിട്ടു വന്നാലെന്താ. നാറ്റം കാരണം സഹിക്കാന്‍ മേലാ; കശ്മലന്!! എന്നിട്ട് പിന്ന്യേം ഒറ്റ ഇരിപ്പാണ്, ആ പെട്ടീടെ മുന്പില്. എന്തൂട്ട് സര്ക്കസാണാവോ അതില്‍ കാട്ടണത്... ഓര്കുട്ടിങ്ങെന്നും, ചാറ്റിങ്ങെന്നും പറഞ്ഞ് പാട്ടുപാടലും, കിന്നാരം പറച്ചിലും മറ്റും... എന്റമ്മോ!! പെണ്ണുകെട്ടീട്ട് ഇത്രേം നാളും എന്നോട് കിന്നാരം പറയാത്ത മനുഷ്യനാ, കണ്ടില്ലേ...
ഇന്നാള് ഞാനാ വഴിക്കൊന്നു ചെനപ്പോള് അതിയാനിച്ചിരി പരുങ്ങല്. എനിക്കെന്തോ ഒരു സംശയം മനസ്സില്‍ മുട്ടി വന്നു. നോക്കീപ്പെ എന്താ; അതിയാന്റെ ചുള്ളന് കാലത്തെ ഒരു പോട്ടം ഇട്ടേരിക്കണു. അതുകണ്ട് ഒരുത്തി കമന്റടിച്ചേക്കണ് “ചേട്ടന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്താണെന്ന്” ത്ഫൂ!! എരണം കെട്ടവള്; മൂക്കിപല്ലുമുളക്കാറായ മനുഷ്യനാ; ഓരോരോ പേക്കൂത്തുകളേ!! മലയളത്തിലായതു കൊണ്ട് എനിക്കു വായിക്കാന്‍ പറ്റി; ഇല്ലെങ്കിലോ...
അല്ലേലും എന്നെപ്പറഞ്ഞാല്‍ മതീലോ; അന്നേ അപ്പച്ചന് പറഞ്ഞതാ, ഇത്തിരി ചന്തം കുറഞ്ഞവരെ നോക്കാടി മകളേയെന്ന്. എവടെ; കേട്ടില്ല. ഗ്രാമത്തിലെ വില്ലേജാപ്പീസില് ജോലിക്കുവന്ന സുന്ദരക്കുട്ടപ്പനെ കണ്ടപ്പോള്‍ എനിക്കുമൊരു പൂതി. അപ്പനപ്പൂപ്പന്മാരായിട്ട് കൃഷിയായിട്ട് കൂടണതല്ലേ; ഒരു സര്‍ക്കാറുദ്യോഗസ്ഥന്റെ പവറിനൊത്തു ജീവിക്കാലോന്ന്... എന്നിട്ടെന്തായി; മൂത്തവളീക്കൊല്ലം പത്താം തരത്തിലാ, കണ്ടില്ലേ അവളടപ്പന്റെയൊരു പഞ്ചാരയടി!! ഹും; നാണമില്ലല്ലോ ഈ മനുഷ്യന്.
പാതിരാത്രിയായാലും ഈ മനുഷ്യനുമാത്രം ഉറക്കമില്ല. പണിയെല്ലാം ഒരു കണക്കിനൊതുക്കി പുതപ്പിനുകീഴെ ചുരുണ്ടു കൂടുമ്പോ; ഒരു സ്വാന്തനം... അത്രേ പ്രതീക്ഷിച്ചുള്ളൂ. എവടെ, അതിയാന്റെ ഒരു മുടിഞ്ഞ ബ്ലോഗിങ്ങും, ചാറ്റിങ്ങും. ഇതുക്ണ്ടുപിടിച്ചവനാരെടാ. എട്ടീപ്പഠിക്കണ ചെറക്കന് പറയണത് ഒരു ഗൂഗിളാണത്രേ; ഗൂഗിള്‍!! അവന്റെ തന്തേടെ തലേല് ഇടിത്തീ വീഴ്ത്തണേ എന്റെ മുതലക്കോടത്ത് മുത്തപ്പാ; ഒരു നൂറു മെഴുകുതിരി കത്തിച്ചേക്കാവേ...
36 comments:
ഗൂഗിളാണത്രേ; ഗൂഗിള്‍!! അവന്റെ തന്തേടെ തലേല് ഇടിത്തീ വീഴ്ത്തണേ എന്റെ മുതലക്കോടത്ത് മുത്തപ്പാ; ഒരു നൂറു മെഴുകുതിരി കത്തിച്ചേക്കാവേ...
:-)
ആത്മാര്‍ത്ഥമായി പറഞ്ഞതാ അല്ലെ?
ശരിക്കും എനിക്കും തോന്നി തുടങ്ങീട്ടുണ്ട്.. ഇക്കണക്കിനു പോയാല്‍... ഹഹ.. കൊള്ളാം...!
എന്റെ ശ്രീമതിയുടെ വക ഒരു ഒപ്പ്.
അപ്പോ ഇതാണവിടെ പരിപാടി അല്ലേ?കൊള്ളാം, കൊള്ളാം!!
അയ്യോ..കുടുംബപ്രശ്നമല്ലെ..ഇതില്‍ അഭിപ്രായം പറയുന്നത് ശരിയല്ല....അവരായി അവരടെ പാടായി....:):):)
കലക്കി ഹരീഷേ
ചങ്കരാ - ഒപ്പിടാന്‍ ഒരുവിധം എല്ലാ ശ്രീമതിമാരും റെഡിയാ...:)
നല്ല എഴുത്ത്!
പരമാര്‍ത്ഥം ..
അല്ല ഇതാരാ ആള്?
നല്ല ഒര്‍ജിനല്‍ വിടത്സ്..
ഒപ്പ് ശേഖരണം വേണ്ടാ നിരൂ അതാ നല്ലത്!!
ഹ ഹ ഹ...കലക്കി മാഷേ..
ഈ ആത്മഗതങ്ങൾ പുറത്തേയ്ക്ക് വന്ന് തുടങ്ങിയതിൽ പിന്നാ ഞാൻ വീട്ടിൽ വെച്ച് വലയിൽ കേറുന്നത് നിർത്ത്യേ. :)
Ithente Katha :)
അപ്പോള്‍ അതാ കാര്യം അല്ലേ!
അപ്പോള്‍ ഹരീഷിന്റെ ഭാര്യയും പോങ്ങച്ച്ചം പറയുമല്ലേ? സുന്ദരക്കുട്ടപ്പനാനെന്നൊക്കെ....
എന്നാലും പുള്ളിക്കാരിയെ സമ്മതിക്കണം ......
പിന്നെ നമ്മെലെല്ലാവരും തുല്യ ദുഖിതര്‍ ആയതുകൊണ്ട് സാരമില്ല .....
ഹരീഷേ നമുക്കൊരു അസോസിയേഷന് ഉണ്ടാക്കിയാലോ ?
വേറൊന്നിനുമല്ല ..... വീട്ടില്‍ നിന്നും ഇറക്കി വിടുമ്പോള്‍ ഒന്നു തല ചായ്കെണ്ടേ?
ഹരീഷ് ഭായി..
ഹഹ ഇതുവായിക്കുമ്പോള്‍ എന്റെ കഥയാണൊയെന്ന് തോന്നിപ്പോകും. ഒരു അവധിദിവസം കിട്ടുമ്പോള്‍ അവളും ഇതുപോലെ പറയാറുണ്ട്.. ഹരീഷ് ഭായി ഇതിലെ ആ പോട്ടം പിടിക്കാന്‍ പോക്ക് എനിക്കിഷ്ടായി..ബ്ലോഗിംങ് മൂലം ഗൃഹാതുരതകൊണ്ടായിരിക്കും നാടന്‍ അടിക്കുന്നത്..!
ഇങ്ങനൊക്കെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ...
എന്റെ ഭാര്യയും പറഞ്ഞു, പക്ഷെ ഇത്രേം പറഞ്ഞില്ല.
ഞാൻ ഇതിൽ ഒരു അഭിപ്രായോം പറയണില്ല.പറഞ്ഞാ ശരിയാവൂല്ല അത്ര തന്നെ.എന്റെ കെട്ടിയവൻ ഇങ്ങു വരുമ്പോ കമ്പ്യൂട്ടറിന്റെ മുന്നിലുള്ള എന്റെ ഇരിപ്പു കാണുമ്പോൾ ഈ വീട്ടമ്മ പറഞ്ഞ കാര്യങ്ങൾ അലപം കൂടി കൂടീയ ഡോസിൽ പറയും ! അതോർത്ത് പേടിച്ചിരിക്കുകയാ.പക്ഷേ ഈ പ്രാന്ത് കുറയ്ക്കാൻ മാത്രം പറ്റണില്ല.
ഹും..ഇപ്പൊ ടൈപ്പിങ്ങൊക്കെ നല്ല സ്പീടായി അല്ലേ? ശ്രീമതി മൊഴിഞ്ഞതൊക്കെ അതേപടി പകര്‍ത്തി പോസ്റ്റാക്കി. Good :)
ഒരടിപൊളിസത്യം, വെള്ളം പോലെ പറഞ്ഞുവച്ചിരിക്ക്ണു....! കേമായി ട്ടോ....!
ഞാന്‍ നെറ്റുപയോഗിക്കുന്നത് വീട്ടിലല്ല, ഓഫീസിലാണ്. ഇരുന്നിരുന്ന് വൈകുമ്പോള്‍ ചിലപ്പോള്‍ എനിക്കും കേള്‍ക്കാം ആ ചോദ്യം- ... എബ്ടേര്ന്ന് ദ്വരേ..?
ഇന്റര്‍നെറ്റ് ഉപയോഗിക്കുകയായിരുന്നു- എന്റെ മറുപടി.
അപ്പോ കേള്‍ക്കാം- എന്തത്ത് കുന്താണയിമ്മെ?
അതന്നേ ബ്ലോഗിങ്ങ്; ബ്ലോഗിങ്ങാണത്രേ... കഥയെഴുത്തും, കമന്റടിക്കലും, തെറിപറച്ചിലും...ഹും, എന്നു വേണ്ട. പുലിയാണത്രേ; പുലി..ത്ഫൂ!!
ഒരു നീണ്ട കൈയടി...........
നന്നായി കിട്ടിയ മട്ടുണ്ടല്ലോ
നഗ്നസത്യങ്ങൾ.വളരെ നന്നായിരുന്നു
വായിച്ചു രസിച്ചു ...അവതരണം കൊള്ളാം
ചില കാര്യങ്ങൾ ഒഴിവാക്കിയാൽ എന്റെ പെമ്പ്രന്നോത്തിയുമായി എന്തോരു സാമ്യം.
ഗൾഫിലായിരുന്നപ്പോൾ ആഴ്ചയിൽ ഓരോ പോസ്റ്റിട്ടിരുന്ന എനിക്ക്, ആറ് മാസത്തിൽ രണ്ട് പോസ്റ്റെഴ്താനെ കഴിഞ്ഞുള്ളു. (ആ രണ്ട് ദിവസവും അവളില്ലായിരുന്നു കെട്ടൊ)
എന്തായാലും സംഗതി കലക്കി.
ങേ...എന്നെ വിളിച്ചോ..
ഹരീഷ്..ഞാന്‍ ഈ ലോകത്ത് പുതിയതാ.. അത് കൊണ്ടു ഇതു വരെ ഇതു വായിച്ചില്ല..റീ പൊസ്റ്റിയത് നന്നായി...ഞാനും ഭാര്യയും കൂടെ ആണ് വായിച്ചത്. വായിച്ചപ്പോള്‍ ചിരിയോ ചിരി...ഇനി ഭാര്യ അടുക്കളയില്‍ കയറി കഞ്ഞി വെക്കാതിരിക്കുന്ന ഒരു വീട്ടച്ച്ചന്റെ ആത്മഗതം ബൂലോകത്തില്‍ എവിടെയങ്കിലും ഉണ്ടോ ആവോ?
നമസ്കാരം ഹരീഷ് ഏട്ടാ
ഇതെന്തായാലും കലക്കി.. ഈ ആത്മ നൊമ്പരങ്ങള്‍ സ്ത്രീ ജനങ്ങളുടെ മാത്രം കുത്തകയാണെന്ന് എനിക്ക് ഒരിക്കലും സമ്മതിച്ചു തരാന്‍ പറ്റില്ലാ .. കാരണം എന്റെ വീട്ടില്‍ ഇരുന്നു ഞാന്‍ ബ്ലോഗ് എഴുതുമ്പോള്‍ മലയാളം വായിക്കാന്‍ പോലും അറിയാത്ത എന്റെ ഭര്‍ത്താവ് ഞാന്‍ എഴുതുന്ന ബ്ലോഗുകള്‍ ചിത്രം കാണുന്ന പോലെ നോക്കിയിട്ട് ഇടക്കൊക്കെ കിച്ചണില്‍ കേറി സാന്‍വിച്ചും ഉണ്ടാക്കി കൊണ്ടു വരും . എന്നിട്ട് ഏകദേശം ഏട്ടന് മലയാളത്തില്‍ എഴുതിയ കാര്യങ്ങള്‍ ആംഗലേയ ഭാഷയില്‍ എന്നോടും പറയാറുണ്ട്..പിന്നെ സ്പെഷ്യല്‍ ആയി ഗൂഗിളിന്റെ ഫാദറിനെയും ഇടക്കൊക്കെ വിളിക്കാറുണ്ട് ...
ബ്ലോഗെഴുത്ത് എന്നെ കുടുംബത്തില്‍ നിന്നും കുടുംബ സമയം ലേശം കാര്ന്നെടുക്കുന്നുണ്ടോ എന്ന് എനിക്കും സംശയം. പിന്നെ ഓഫീസിലും?? പണ്ട് ബാച്ചിലര്‍ ആയിരുന്നപ്പോള്‍ (ചെന്നെയില്‍ താമസിക്കുമ്പോള്‍)പുറത്തെ നെറ്റ് കഫെ -ഇല് പോയി ചാറ്റും ചെയ്തിരുന്നു സമയം പോയതറിയാതെ അര്‍ദ്ധ രാത്രീ (രാവിലെ?) ഒരു മണി രണ്ടു മണിക്കൊക്കെ താമസിക്കുന്നിടത്ത് തിരിച്ചെത്തുമ്പോള്‍ വീട്ടുടമ ഗേറ്റ് പൂട്ടിയിരിക്കും. അത് ചാടി കടന്ന ദിനങ്ങള്‍ ഓര്‍മ്മ വരുന്നു. ഇന്റര്‍നെറ്റ് -നു ലേശം adiction ഉണ്ടെന്നു സമ്മതിക്കാതെ വയ്യ.
ബ്ലോഗറുടെ ചങ്കിനു തന്നെ കുത്തണായിരുന്നോ?
നല്ല എഴുത്ത്.
ചിരിപ്പിച്ചു കേട്ടോ...
ദൈവമേ, ഇതിപ്പോഴാണല്ലോ കണ്ടത്. എന്തായാലും കൊള്ളാം.ഫുൾ റ്റൈം ബ്ലോഗിംഗ് ഡിവോഴ്സിനു മതിയായ കാരണമായി കോടതി അംഗീ കരിക്കുമോ എന്നൊരു സംശയം പ്രകടിപ്പിച്ചു എന്റെ ഭാര്യ. വെറുതെ പേടിപ്പിക്കാനായിരിക്കും അല്ലേ? ബ്ലോഗർമാരുടെ ഭാര്യമാരുടെ വല്ല സംഘടനയുമുണ്ടോ എന്നും ചോദിക്കുന്നു.
സംഭവം കലക്കി. പിന്നെ ആശയം കൃത്യം... എന്റെ കാര്യത്തില്‍ ഈ ചീത്തവിളി കെട്ടിയവന്റെ കയ്യില്‍ നിന്നാ. എഴുത്തും വായനയും തുടങ്ങിയപ്പോഴേ തന്നെ നിറുത്തി. ആള് വീട്ടില്‍ ഇല്ലാതാപ്പോ എന്ത് കുന്തം വേണേലും കുതിക്കുരിച്ചോ എന്നൊരു ഉത്തരവും കിട്ടി. പിന്നെ ജോലിം കഴിഞ്ഞു, കുഞ്ഞിനെ നോട്ടവും, വീടുപണിയും പിന്നെ ബ്ലോഗ്ഗ് അവക്കെവിടെ സമയം കിട്ടാന്‍.... അല്ലാതെ പിന്നെ.
ഇതൊന്നും തല്ക്കാലം എന്നെപ്പോലുള്ള
ബാച്ചികളെ ബാധിക്കില്ല എന്ന്നു തോന്നുന്നു
എന്നാലും പാവം ഭാര്യമാര്‍ ... ഭര്ത്താക്കന്മാരും
പിന്നെ പിറന്നാള്‍ ആശംസകള്‍ ഉണ്ട് കേട്ടോ ബ്ലോഗിന്
എഴുത്തുകാരി പറഞ്ഞു അറിഞ്ഞതാ
ആരോടും പറയല്ലേട്ടോ
ആത്മഗതങ്ങള്‍ കലക്കനായി എഴുതിയിരിക്കണു..ശരിക്കും രസിച്ചു..:)
കൊള്ളാം
Post a Comment