Thursday, September 17, 2009
ചില മുഹൂർത്തങ്ങൾ
ടെറസിന്റെ മുകളിലൂടെ കയറി പടുതയുടെ കെട്ടഴിച്ചു വിടുമ്പോൾ വെന്റിലേറ്ററിനുള്ളിലൂടെ ബഹിർഗമിച്ചിരുന്ന അടക്കിപ്പിടിച്ച തേങ്ങലുകൾ അയാളെ അസ്വസ്ഥനാക്കി. ക്രമേണ നേർത്ത തേങ്ങലുകൾ പൊട്ടിക്കരച്ചിലിലേക്കു നീണ്ടപ്പോൾ; ഇടനെഞ്ചിലെന്തോ കൊളുത്തിവലിക്കുന്നതുപോലയാൾക്കുതോന്നി. വെന്റിലേറ്ററിനുള്ളിലൂടെ പാളിനോക്കാനുള്ള ശ്രമത്തിനിടയിൽ; എട്ടും പത്തും വയസ്സു പ്രായമായ രണ്ടുകുട്ടികൾ പരസ്പരം ആലിംഗനബദ്ധരായി സങ്കടമടക്കാനാവാതെ ഏങ്ങലടിക്കുന്നതുകണ്ടപ്പോൾ, സഹിക്കാനാവാതെ അയാൾ മുഖം വെട്ടിച്ചു. താഴെ വരാന്തയിലെ തറയിൽ വെട്ടിയിട്ട വാഴ പോലെ, നിർവികാരനായി മച്ചിന്റെ അഗാധതയിലേക്കു മിഴികൾ പായിച്ച് കുട്ടികളൂടെ പിതാവ് കിടക്കുന്നു. ചിതയിൽ നിന്നും പുക അപ്പോഴും കുറേശ്ശെ ഉയരുന്നുണ്ടായിരുന്നു. മിക്കവാറുമുള്ള പന്തലുകൾ അഴിക്കുമ്പോഴും, ജനാലക്കുള്ളിൽ നിന്നോ വെന്റിലേറ്ററുകൾക്കുള്ളിൽ നിന്നോ ഒരു ജീവിതം ആരംഭിക്കുന്നതിന്റെ ലക്ഷണങ്ങൾ അവർക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. അതിൽ അവർ അത്യധികം സന്തോഷിക്കുകയും ചെയ്തിരുന്നു. നാണം കലർന്ന കുണുങ്ങിച്ചിരികളും, അടക്കിപ്പിടിച്ച സീൽക്കാരങ്ങളും, കുശുകുശുക്കലുകളും അവർക്കുള്ള അടുത്ത പന്തൽ ജോലിയെ ഓർമിപ്പിക്കുമായിരുന്നു. അതെല്ലാം നിറഞ്ഞുകവിഞ്ഞൊഴുകുന്ന ആനന്ദത്തിന്റെ സൂചകങ്ങളുമായിരുന്നു. ഇതിനുമുൻപൊന്നും മരണവീടുകളിൽ പന്തലിടേണ്ട അവസ്ഥയിലോ, അഴിച്ചെടുക്കേണ്ട അവസ്ഥയിലോ അയാൾക്കിത്ര മനോവിഷമം നേരിടേണ്ടി വന്നിട്ടില്ല. മിക്കവാറും മരണവീടുകളിൽ സംഭവിക്കുന്ന അവാർഡ് നേടാനർഹമായ അഭിനയമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചയാളും കൂട്ടുകാരും ചിരിയടക്കാൻ പടുപെട്ടിട്ടുണ്ട്. മരിച്ചയാളെ ശീതികരിച്ച ചില്ലിട്ട കൂട്ടിലടച്ചു വെച്ച്; അടുത്ത മുറിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ടെലിവിഷനിലെ കരച്ചിൽ സീരിയൽ കണ്ട് ചിക്കനും കടിച്ചു മുറിച്ചു തിന്ന് കണ്ണീരൊപ്പുന്ന ഒട്ടനേകം വ്യക്തികളെ കണ്ട് അന്തം വിട്ടു നിന്നിട്ടുണ്ട്. വീഡിയോ കാമെറ തന്നെയാണുന്നം വച്ചിരിക്കുന്നതെന്നു ബോധ്യപ്പെടുമ്പോൾ പരസ്പരം കെട്ടിപ്പിടിച്ചും, നെഞ്ചത്തടിച്ചും കരയുന്ന ഒട്ടേറെ ‘കുഞ്ഞമ്മ’ മാരെ കാണുമ്പോൾ സലിംകുമാറിന്റെ ഗോഷ്ഠികൾ കാണിച്ചുള്ള തമാശകൾ ഇതിലും മെച്ചമാണെന്നു തോന്നിയിട്ടുണ്ട്. അപ്പോഴൊന്നും മനസ്സിനെ ദു:ഖാർത്തമാക്കുന്ന മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ടായിരുന്നില്ല. പക്ഷേ ഇത്... ചിതയ്ക്കു മുകളിൽ കെട്ടിയിട്ടിരുന്ന പടുത താഴ്ത്തികെട്ടിക്കൊണ്ടിരുന്നപ്പോൾ അയാൾ താഴോട്ടു നോക്കി. അവിടെ; ആ പിഞ്ചുകുഞ്ഞുങ്ങളെ തനിച്ചാക്കി പാതിവഴിയിൽ യാത്രയവസാനിപ്പിച്ച് ദൈവസന്നിധിയിലേക്കു പറക്കേണ്ട ദു:രവസ്ഥയുണ്ടായ ചെറുപ്പക്കാരിയായ അമ്മയുടെ അസ്ഥികളിലേക്കും, ചിതാഭസ്മത്തിലേക്കും കണ്ണുകളൂടക്കിയപ്പോൾ; ക്രൂരനായ ദൈവത്തോടയാൾക്കു പുച്ഛം തോന്നി. അ പിഞ്ചുകുഞ്ഞുങ്ങളുടെ സങ്കടം അടക്കാൻ പാടുപെടുന്ന കാഴ്ച മനസ്സിലേക്കു നുഴഞ്ഞുകയറി വന്നപ്പോൾ; അതുവരെ ഒരു തടയിണപോലെ പിടിച്ചുനിർത്തിയിരുന്ന അയാളൂടെ മിഴികൾ നിറകവിഞ്ഞൊഴുകുവാൻ തുടങ്ങിയിരുന്നു...
Subscribe to:
Post Comments (Atom)
16 comments:
ആ പിഞ്ചുകുഞ്ഞുങ്ങളെ തനിച്ചാക്കി പാതിവഴിയിൽ യാത്രയവസാനിപ്പിച്ച് ദൈവസന്നിധിയിലേക്കു പറക്കേണ്ട ദു:രവസ്ഥയുണ്ടായ ചെറുപ്പക്കാരിയായ അമ്മയുടെ അസ്ഥികളിലേക്കും, ചിതാഭസ്മത്തിലേക്കും കണ്ണുകളൂടക്കിയപ്പോൾ; ക്രൂരനായ ദൈവത്തോടയാൾക്കു പുച്ഛം തോന്നി
വിഷമിപ്പിച്ചല്ലോ ഹരീഷ്
മരിച്ചയാളെ ശീതികരിച്ച ചില്ലിട്ട കൂട്ടിലടച്ചു വെച്ച്; അടുത്ത മുറിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ടെലിവിഷനിലെ കരച്ചിൽ സീരിയൽ കണ്ട് ചിക്കനും കടിച്ചു മുറിച്ചു തിന്ന് കണ്ണീരൊപ്പുന്ന ഒട്ടനേകം വ്യക്തികളെ കണ്ട് അന്തം വിട്ടു നിന്നിട്ടുണ്ട്.കൊള്ളാം
യാത്രകളിലെ അനുഭവങ്ങളും യഥാർഥങ്ങളും ഇവിടെ കഥാപാത്രങ്ങളുടെ സൃഷ്ടിയ്ക്ക് കൂടുതൽ മൂർച്ച പകരുന്നു
കുഞ്ഞുങ്ങളെ തനിച്ചാക്കി പോകേണ്ടി വന്ന ആ അമ്മയുടെ വേദന.....
തന്റെ പ്രാണനെ നഷ്ടപ്പെട്ട ഭര്‍ത്താവിന്റെ വേദന...
മകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന....
കൂട്ടുകാരിയെ നഷ്ടപ്പെട്ട കൂട്ടുകാരുടെ വേദന....
ഇവയെല്ലാം
അമ്മയെന്ന സുരക്ഷിതബോധം നഷ്ടപ്പെട്ട കുട്ടികളുടെ മുന്നില്‍ നിസ്സാരം ... :(
അനുഭവമാണോ അതോ കഥയോ ???
ഈശ്വരാ ഇവരെയൊക്കെ പന്തലിടാന്‍ ഏല്‍പ്പിച്ചാല്‍ മുകളില്ക്കേറി താഴോട്ട് നോക്കും എന്ന് ഇപ്പോഴാണ് മനസിലായത്!
ഏല്ലാത്തവണയും ജീവിതങ്ങള്‍ തുടങ്ങുമ്പോള്‍ നോക്കിയിരുന്നവര് ഇപ്പോള്‍ അവസാനിക്കുമ്പോഴും നോക്കിത്തുടങ്ങി.
അഭിനന്ദങ്ങള്‍ ഹരീഷ്.......
ഇത്ര ധൈര്യത്തോടെ സത്യം തുറന്നു പറഞ്ഞതിന്!
ഇനിയും ഇതുപോലുള്ള കാഴ്ചകളുടെ കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
സ്വന്തം അനുഭവത്തില്‍ നിന്നെഴുതുന്നതിന്റെ ആര്‍ജ്ജവം നിറഞ്ഞ പോസ്റ്റ്..ശരിയാണ്, രംഗബോധമില്ലാത്തൊരു കോമാളി തന്നെ അവന്...
അനുഭത്തില്‍ നിന്നു കഥയുണ്ടാകുമ്പോള്‍ അത് നെഞ്ചിലേക്ക് തുളച്ചുകയറും വിധം പറയാനും കഴിയും.. അല്ലേ ഹരീഷ്...
വിഷമപ്പിച്ചെങ്കിലും,നല്ല പോസ്റ്റ് ഹരീഷേട്ടാ
അവൻ വീണ്ടും.. ആ കോമാളി....
മനസ്സില്‍ തട്ടുന്നുണ്ട്, ഹരീഷെ.
പുതിയ പുതിയ മേഖലകളിലേയ്ക്ക്...
കൊള്ളാം. അഭിനന്ദനങ്ങൾ.
അനുഭവമാണില്ലേ, നന്നായി ഹരീഷ്.
കഥ നന്നായിരിക്കുന്നു.
ആ ചെറുപ്പക്കാരിയായ അമ്മയുടെ മരണം ഒരു ദു:രവസ്ഥയാണെങ്കിലും,
ഒരാൾ ദൈവസന്നധിയിലേക്ക് പറക്കുന്നത് ദു:രവസ്ഥയാണൊ ഹരീഷേട്ടാ....?
ആശംസകൾ.
പുതിയ ആശയം... നന്നായി...
കഥയുടെ നോവ് നന്നായി ആസ്വദിക്കാന്‍ കഴിയുന്നു നന്നായിട്ടുണ്ട്.
അഭിനന്ദങ്ങള്‍ ഹരീഷ്
ഫോട്ടോ പോസ്റ്റ് മാത്രമല്ല അല്ലേ.
മന്സ്സില് തട്ടിയ നല്ല കഥ,
നന്നായിരുന്നു, അഭിനന്ദനങ്ങള്‍ :)
നന്നായിട്ടുണ്ട് ഹരീഷെ....
Post a Comment