ജലവിഭവ വകുപ്പിന്റെ പഠനറിപ്പോർട്ടു പ്രകാരം; റിക്ടർ സ്കെയിലിൽ 6.5 ശേഷിയുള്ള ഭൂകമ്പം നിമിത്തമോ, ശക്തമായ പേമാരി മൂലം ജലനിരപ്പു ക്രമാതീതമായി ഉയരുന്നതു നിമിത്തമോ, ഡാമിന്റെ ബലക്ഷയം മൂലം ചോർച്ചയുണ്ടായോ ഡാം തകരാനുള്ള സാധ്യത വിരളമല്ലാ എന്നതാണു അറിയുന്നതു. നിലവിൽ 15 TMC അതായതു 42,000 കോടി ലിറ്റെർ സംഭരണശേഷിയുള്ള മുല്ലപ്പെരിയാർ അണക്കെട്ടു തകർന്നാൽ, അതു മൂലം ഒഴുകി വരുന്ന ജലം 35 കിലോമീറ്റെർ താഴെയുള്ള ഇടുക്കി ഡാമിനു താങ്ങാൻ കഴിയാതെ വന്നാൽ; എർണാകുളം ഇടുക്കി ജില്ലകളുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാകും. അണകെട്ടു തകർന്നാൽ തൊട്ടുതാഴെയുള്ള വണ്ടിപ്പെരിയാർ ടൌണിലെ പാലത്തിന്റെ മുകളിൽ നിന്നും 20 അടി പൊക്കത്തിൽ ജലനിരപ്പുയരുമെന്നാണു വിദഗ്ധ നിഗമനം. രക്ഷാപ്രവർത്തനം അസാധ്യമാക്കുന്ന രീതിയിലുള്ള ജലത്തിന്റെ ഫോഴ്സ് വണ്ടിപ്പെരിയാർ, സമീപ പ്രദേശങ്ങളായ ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻ കോവിൽ തുടങ്ങിയ പഞ്ചായത്തുകളെയും ജലത്തിനടിയിലാക്കും. 25 TMC ശേഷിയുള്ള ഇടുക്കി ഡാമിൽ 60% ത്തോളം ജലസംഭരണമുണ്ട്. മുല്ലപ്പെരിയാർ തകർന്നു ഒഴുകി വരുന്ന ജലത്തിനെ ഉൾകൊള്ളാൻ 40% ശേഷിയേ ഇടുക്കി ഡാമിനുണ്ടാകൂ. അതിൽ തന്നെ; പൊട്ടിയൊലിച്ചു വരുന്ന ജലപ്രളയത്തിൽ കല്ലും മണ്ണും ധാരാളമായി ഉണ്ടാകാനിടയുള്ളതുകൊണ്ട്, പകുതി സംഭരണശേഷിയേ കണക്കുകൂട്ടാനാകൂ.

അതായത്, ഇടുക്കി ഡാമിനു ഈ പ്രളയജലത്തെ താങ്ങാനാകാതെ വന്നാൽ; 40 TMC യോളം ജലമായിരിക്കും താഴെ മൂലമറ്റം, തൊടുപുഴ, മൂവാറ്റുപുഴ, പിറവം etc എന്നിവിടങ്ങളിലെക്കു ഒഴുകി എത്തുക. തൊട്ടു താഴെയുള്ള കുളമാവുഡാം, തൊടുപുഴയ്ക്കു 5 കി.മീ. മുൻപുള്ള മലങ്കരഡാം എന്നിവ നാമാവശേഷമാകും എന്നു പറയേണ്ടതില്ലല്ലോ. സമുദ്രനിരപ്പിൽ നിന്നും 2100 ലേറെ അടിയിൽ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്ഥാനം ദുരന്തത്തിന്റെ ആഴം എത്രത്തോളം വർദ്ധിപ്പിക്കും എന്നു ഊഹിക്കുമ്പോഴാണു ഞെട്ടലുണ്ടാകുന്നത്.
വാൽ: അണകെട്ടു തകർന്നാൽ കൂലം കുത്തി കുതിച്ചൊഴുകി വരുന്ന ജലപ്രളയം എന്റെ വീടിന്റെ തൊട്ടു താഴെ ഒഴുകുന്ന തൊടുപുഴ ആറിന്റെ ജലനിരപ്പിനെയും, വിസ്തൃതിയേയും എത്ര വർദ്ധിപ്പിക്കുമെന്നു ഊഹിക്കൻ കഴിയുന്നുണ്ടല്ലോ.

നിലവിലുള്ള ജലനിരപ്പിനേക്കാളും വെറും പത്തടി പൊക്കത്തിലാണു വീടിരിക്കുന്ന സ്ഥാനം. 40 TMC ജലം..!! ഓർക്കാൻ കൂടി പറ്റുന്നില്ല. വീടിന്റെ മുകളിൽ കയറി ഇരുന്നാലോ?? അപ്പോഴും 20 അടിയേ മൊത്തത്തിൽ വരുകയുള്ളൂ. തെങ്ങു കയറ്റം പഠിച്ചാലോ?? തെങ്ങിൽ കയറി രക്ഷപെടാമായിരുന്നു..!! പ്രളയം വരുമ്പോൾ സകലജീവജൈവജാലങ്ങളേയും കടപുഴക്കി കൊണ്ടു പോകില്ലേ... അല്ലേ!! അപ്പോൾ അതു കൊണ്ടും കാര്യമില്ല. ഈ ആറ് ഒഴുകി എത്തിച്ചേരുന്നതു പിറവത്തു വെച്ചു വൈക്കം കായലിലേക്കാണു. ഈ പ്രളയജലത്തെ താങ്ങുവാനുള്ള കെൽപ്പ് വൈക്കം കായലിനുണ്ടാകുമോ?? കുറെയൊക്കെ കടലിൽ ചേരുമായിരിക്കാം. എന്നാലും..?? അപ്പോൾ..?? അവസാനം മദ്ധ്യകേരളത്തിന്റെ ഭൂരിഭാഗവും ഒന്നെങ്കിൽ കടലിനടിയിലായിത്തീരും..!! എന്നിട്ടവസാനം പറയാമല്ലോ... “മുല്ലപ്പെരിയാർ കായലി” ന്റെ വൃഷ്ടി പ്രദേശമാണിതൊക്കെയെന്നു..!! അല്ലേ..
(കടപ്പാട്: ഇന്നത്തെ [10/11/09] മലയാള മനോരമ പത്രത്തിൽ ശ്രീ. ആർ.കൃഷ്ണരാജ് തയ്യാറാക്കിയ ലേഖനത്തെ ആധാരമാക്കി എഴുതിയ കുറിപ്പുകൾ)