Friday, June 18, 2010

പണ്‍റൂട്ടിയിലെ ‘ചക്ക’ ഗ്രാമങ്ങള്‍

നമ്മുടെ നാട്ടില്‍ സുലഭമായി കാണപ്പെടുന്നതും അതേസമയം അതിനേക്കാളധികം പാഴാക്കിക്കളയുന്നതുമായ പ്രകൃതി വിഭവമാണു ചക്കകള്‍. എന്നാല്‍ ചക്ക കൊണ്ട് ജീവിതവൃത്തി നടത്തുന്ന ഒരു ജനവിഭാഗം നമ്മുടെ അയല്‍ സംസ്ഥാനത്ത് പാര്‍ക്കുന്നുണ്ട്. തമിഴ്നാട്ടിലെ തീരദേശജില്ലയായ കടലൂരിലെ പണ്‍റൂട്ടി താലൂക്കിലെ 114 ഗ്രാമങ്ങളിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗമാണിന്ന് ചക്കകള്‍. വ്യവസായിക അടിസ്ഥാനത്തിലാണിവിടെ ചക്കകള്‍ ഉദ്പാദിപ്പിക്കുന്നതും വിതരണം നടത്തുകയും ചെയ്യുന്നത്. പ്രാധാനമായും രണ്ട് കൃഷിയിലാണു ഇവിടത്തുകാര്‍ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. കശുവണ്ടിയാണു ഇതര കാര്‍ഷികവിള. 2001 ലെ സെന്‍സന്‍സ് പ്രകാരം പണ്‍റൂട്ടിയിലെ 114 ഗ്രാമങ്ങളിലെ ആകെ ജനസംഖ്യ 55400 ആയിരുന്നു.ഏകദേശം പതിനാറായിരം ഹെക്ടറില്‍ കശുവണ്ടിക്കൃഷിയുണ്ടെങ്കിലും വിളവ് 12,800 ടണ്‍ കശുവണ്ടി മാത്രം. അതേസമയത്ത് 2700 ഹെക്ടറില്‍ മാത്രമൊതുങ്ങുന്ന പ്ലാവിന്‍ കൃഷിയില്‍ നിന്നും 43,360 ടണ്‍ ചക്കയാണു വിളവായി ലഭിക്കുന്നത്. ഇതില്‍ നിന്നും കര്‍ഷകര്‍ സ്വന്തമാക്കുന്ന കോടിക്കണക്കിനു ലാഭമാണു കൃഷിയിലേക്കു കൂടുതലായും പുതുതലമുറയെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്.


പണ്‍റൂട്ടിക്കാര്‍ അവരുടെ തനതായ കൃഷിമുറകളാണു പ്ലാവുകൃഷിയില്‍ അനുഷ്ഠിക്കുന്നത്. മിതമായ വള, കീടനാശിനി പ്രയോഗങ്ങളിലൂടെയും ആവശ്യാനുസരണമുള്ള നനപ്രയോഗങ്ങളിലൂടെയുമാണു കൃഷി ത്വരിതപ്പെടുത്തിയെടുക്കുന്നത്. (നിരോധിത കീടനാശിനിയായ എന്‍ഡോസള്‍ഫാനും നുവാക്രോണും വരെ അവര്‍ ഉപയോഗിക്കുന്നുണ്ട്..!!) ഓരോ പ്ലാവിന്റേയും ചുവട്ടില്‍ നിന്നും; നിരകളിലേക്കും 20 അടി ദൂരമിട്ടാണവര്‍ പ്ലാവിന്‍ തൈകള്‍ നടുക. ഒരേക്കറില്‍ ഏകദേശം നൂറോളം പ്ലാവുകള്‍ ഇങ്ങിനെ നടാവുന്നതാണ്. പ്ലാവിന്‍തൈകളുടെ വളര്‍ച്ചാഘട്ടത്തില്‍ വരെ പ്രത്യേക പരിഗണന കൊടുത്താണിവയെ പരിപാലിക്കുന്നത്. ആടുമാടുകളുടെ ആക്രമണമൊഴിവാക്കാനായി ചുറ്റിനും മുള്‍വേലി കെട്ടി അടച്ചുറപ്പുള്ളതാക്കി അതില്‍ പഴയ ചേലകള്‍ ചുറ്റി വെയ്ക്കുന്നു. ഏഴെട്ട് അടി വരെ ശാഖകള്‍ വളര്‍ന്നു വരുവാന്‍ അനുവദിക്കുകയില്ല. വിളവെടുക്കാന്‍ പരുവമായ പ്ലാവുകളില്‍ വിളയുന്ന ചക്കകളുടെ വലുപ്പവും രുചിയും ഉറപ്പാക്കാന്‍ ഇടനീക്കല്‍ എന്നൊരു രീതി പിന്തുടരുന്നു. പ്ലാവിന്റെ പ്രായം കണക്കാക്കി ആണ്ടില്‍ 2 ചക്ക എന്ന രീതിലിലേ നിലനിര്‍ത്തൂ. ശേഷിക്കുന്ന മുഴുവന്‍ ചക്കയും ഇടിച്ചക്ക പരുവത്തില്‍ തന്നെ മുറിച്ചു മാറ്റും. ജനുവരി-ഫെബ്രുവരി മാസത്തിലാണു സാധാരണയായി ഇങ്ങിനെ കോന്തല്‍ നടത്തുന്നത്. അതിനു ശേഷം മൊത്തക്കച്ചവടക്കാരെ കരാറടിസ്ഥനത്തിലേപ്പിക്കുകയാണു പതിവ്. അനന്തരം പ്ലാവിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും മൊത്തക്കച്ചവടക്കാരില്‍ നിക്ഷിപ്തമായിരിക്കും. അതായത് തങ്ങളുടെ വരുമാനം ഉറപ്പാക്കാനും വിളവ് വര്‍ദ്ധിപ്പിക്കുന്നതിനുമായിട്ട് മൊത്തക്കച്ചവടക്കാര്‍ക്ക് എന്തു വളപ്രയോഗവും പ്രയോഗിക്കാവുന്നതാണു. ഒരു ചക്കയ്ക്ക് കുറഞ്ഞത് എണ്‍പത് രൂപാ നിരക്കിലാണു കരാറുറപ്പിക്കുന്നത്. അതായത് അഞ്ചുവര്‍ഷം പ്രായമായ ഒരു പ്ലാവില്‍ 10 ചക്ക നിലനിര്‍ത്തുന്നു. 10 ചക്കയ്ക്ക് 80 രൂപാ നിരക്കില്‍ 800 രൂപയോളം കര്‍ഷകര്‍ക്ക് ലഭിക്കുന്നു. നേരിട്ടു വില്‍പ്പന നടത്തി വരുമാനമെടുത്താല്‍ ഏകദേശം 300 രൂപയോളം ഒരു ചക്കയില്‍ നിന്നും നേടാവുന്നതാണ്. നമ്മുടെ നാട്ടില്‍ ഓണക്കാലത്ത് കണിഏത്തക്കുല ഉദ്പാദിക്കുന്നതു പോലെ പണ്‍റൂട്ടിക്കാര്‍ ആനച്ചക്കകളും ഉദ്പാദിപ്പിക്കാറുണ്ട്. ഒരിക്കല്‍ ചന്തയിലെത്തിയ ആനച്ചക്കക്ക് 61 കിലോയായിരുന്നത്രേ തൂക്കം!! 1750 രൂപയാണത്രേ അതിനു ലഭിച്ചത്. ചക്കക്കുരുവിനു പോലും വലിയ ഡിമാന്റാണിവിടെ. 100 എണ്ണത്തിനു 15 രൂപയാണു വില. പ്രതിദിനം 1500 ലോഡോളം ചക്കവരെയാണു പണ്‍റൂട്ടിയില്‍ നിന്നും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും, മുംബൈ വരെയുള്ള വിപണിയിലേയ്ക്കും കയറ്റിഅയക്കപ്പെടുന്നത്.


മറ്റൊരു പ്രമുഖമായ വരുമാന സ്രോതസ്സ് അവയുടെ തടിയുടെ വിപണനമേഖലയിലാണ്. സേഫിലിരിക്കും പണത്തിനു തുല്യമാണു പലകര്‍ഷകര്‍ക്കും പ്ലാവ്!! 100നടുത്തു വര്‍ഷം പ്രായമുള്ള രണ്ട് പ്ലാവുകള്‍ വിറ്റപ്പോള്‍ ഒരു കര്‍ഷകനു 2 ലക്ഷം രൂപയോളമാണു കിട്ടിയതത്രേ..!! പ്ലാവിന്റെ തടി സുലഭമായതോടെ; മൃദുംഗവും മറ്റുമുണ്ടാക്കുന്ന കലാകാരന്മാര്‍ ഇവിടെ എത്തിച്ചേര്‍ന്നു. ഒന്നാന്തരം പ്ലാവിന്‍ തടിയിലുണ്ടാക്കുന്ന വാദ്യോപകരണങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്കിപ്പോള്‍ കയറ്റി അയക്കുന്നു. ഏതായാലും പ്ലാവു കൊണ്ടും ചക്ക കൊണ്ടും എങ്ങിനെ ഉപജീവനമാര്‍ഗ്ഗം നടത്താം എന്ന് കാണിച്ചു തരികയാണു പണ്‍റൂട്ടിയിലെ 114 ഗ്രാമത്തിലെ അന്തേവാസികള്‍..!!


വാല്‍: നാട്ടിലെ ബിസിനസ്സൊക്കെ നിര്‍ത്തീട്ട് പണ്‍റൂട്ടിയിലേക്കു കുടിയേറിയാലോ എന്നാണിപ്പോള്‍ വിചാരിക്കുന്നത്. നാട്ടിലേ പോലെ തീ പിടിച്ച വിലയൊന്നുമുണ്ടാകില്ല തമിഴ്നാട്ടില്‍. ഒരു 10 ഏക്കര്‍ സ്ഥലം വാങ്ങണമെങ്കില്‍ കുറഞ്ഞത് 25 ലക്ഷം കൈയ്യിലുണ്ടായാല്‍ മതിയാകും. കൂടിയാല്‍ 50 ലക്ഷം. എല്ലുമുറിയെ അദ്ധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കില്‍ തമിഴ്നാടിന്‍ മണ്ണില്‍ പൊന്നു വിളയിക്കാം. 10 ഏക്കറില്‍ 1000 പ്ലാവ്..!! ഒരു പ്ലാവിനു കുറഞ്ഞത് 1000 രൂപാ വരുമാനം വെച്ച് 1000 പ്ലാവിനു 10,0000 രൂപാ വരുമാനം..!! നല്ല തണ്ണി കുടിച്ചില്ലേലെന്നാ, അതില്‍ കുളിച്ചില്ലേലെന്നാ ; എല്ലാ ചിലവും കഴിഞ്ഞു നല്ലൊരു സംഖ്യ കൈയ്യില്‍ വരുമല്ലോ..!!
പണ്ട് നമ്മള്‍ ആടിന്റേയും മാഞ്ചിയത്തിന്റേയും ഒക്കെ പേരില്‍ എന്തോരം സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയിരിക്കുന്നു..!!
ഒരു മലര്‍പൊടിക്കാരന്റെ സ്വപ്നം പോലെ ആകാണ്ടിരുന്നാല്‍ മതിയായിരുന്നു..!!
ഹിഹിഹി..


(കടപ്പാട്: 2010 ജൂണ്‍ ലക്കംകര്‍ഷകശ്രീയിലെഅയലത്തൊരു ചക്കപുരം എന്നുള്ള ശ്രീ. ശ്രീപഡ്രേ യുടെ ലേഖനത്തെ ആധാരമാക്കി എഴുതിയ കുറിപ്പുകള്‍)

15 comments:

ഹരീഷ് തൊടുപുഴ said...

നാട്ടിലെ ബിസിനസ്സൊക്കെ നിര്‍ത്തീട്ട് പണ്‍റൂട്ടിയിലേക്കു കുടിയേറിയാലോ എന്നാണിപ്പോള്‍ വിചാരിക്കുന്നത്. നാട്ടിലേ പോലെ തീ പിടിച്ച വിലയൊന്നുമുണ്ടാകില്ല തമിഴ്നാട്ടില്‍. ഒരു 10 ഏക്കര്‍ സ്ഥലം വാങ്ങണമെങ്കില്‍ കുറഞ്ഞത് 25 ലക്ഷം കൈയ്യിലുണ്ടായാല്‍ മതിയാകും. കൂടിയാല്‍ 50 ലക്ഷം. എല്ലുമുറിയെ അദ്ധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കില്‍ തമിഴ്നാടിന്‍ മണ്ണില്‍ പൊന്നു വിളയിക്കാം. 10 ഏക്കറില്‍ 1000 പ്ലാവ്..!! ഒരു പ്ലാവിനു കുറഞ്ഞത് 1000 രൂപാ വരുമാനം വെച്ച് 1000 പ്ലാവിനു 10,0000 രൂപാ വരുമാനം..!! നല്ല തണ്ണി കുടിച്ചില്ലേലെന്നാ, അതില്‍ കുളിച്ചില്ലേലെന്നാ ; എല്ലാ ചിലവും കഴിഞ്ഞു നല്ലൊരു സംഖ്യ കൈയ്യില്‍ വരുമല്ലോ..!!
പണ്ട് നമ്മള്‍ ആടിന്റേയും മാഞ്ചിയത്തിന്റേയും ഒക്കെ പേരില്‍ എന്തോരം സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയിരിക്കുന്നു..!!
ഒരു മലര്‍പൊടിക്കാരന്റെ സ്വപ്നം പോലെ ആകാണ്ടിരുന്നാല്‍ മതിയായിരുന്നു..!!
ഹിഹിഹി..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പുതിയ വിവരങ്ങൾ ...

എല്ലുമുറിയെ പണിയെടുക്കേ...പുളിക്കും പുളിക്കും

ചിത്രങ്ങൾ കൂടി ഉണ്ടായിരുന്നേൽ ഇച്ചിരൂടെ അടിപൊളിയാവാർന്നു

ശ്രീ said...

ചക്ക കൃഷിയ്ക്കു പോകുകയാണോ ഹരീഷേട്ടാ...

പ്രവീണ്‍ പറഞ്ഞതു പോലെ ചിത്രങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനുമോര്‍ത്തു

Unknown said...

ഇതില്‍ പറഞ്ഞ കണക്കുകളെല്ലാം കൃത്യമാണോ എന്നറിയില്ല. എന്നാല്‍ പണ്‍‌റുട്ടി ചക്കകള്‍ പണ്ടേ പ്രസിദ്ധമാണ്. സീസണായാല്‍ മദ്രാസില്‍ ആദ്യമെത്തുന്നത് ഈ പണ്‍‌റുട്ടിയില്‍ നിന്നുള്ള ചക്കപ്പഴങ്ങളാണ്. നല്ല നീളവും വണ്ണവുമുള്ള ചക്കകളുടെ ചുളകളും നല്ല മാംസളവും അതീവമധുരതരവുമാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മദ്രാസില്‍ പോയപ്പോള്‍ തിരക്കേറിയ പാണ്ടിബജാറില്‍ നിന്ന് 20 രൂപയ്ക്ക് അഞ്ച് ചുളകള്‍ വാങ്ങി ഞങ്ങള്‍ ഓരോന്ന് തിന്നു.

മദ്രാസിലെ ആവശ്യങ്ങള്‍ക്ക് പണ്‍‌റുട്ടി ചക്കകള്‍ തികയില്ല. നാട്ടില്‍ നിന്നൊക്കെ വരിക്കച്ചക്കകള്‍ ശേഖരിച്ച് ആളുകള്‍ മദ്രാസ് , ബോംബേ , ബാംഗ്ലൂര്‍ എന്നിവിടങ്ങളിലൊക്കെ കൊണ്ടുപോയി വില്പന നടത്തുന്നുണ്ട്. പിണറായില്‍ നിന്ന് എന്റെ അളിയന്‍ ഇത്തവണയും ചക്കകള്‍ ലോഡ് ആക്കി മദ്രാസില്‍ കൊണ്ടുപോയി. അവിടെ എത്തിച്ചാല്‍ ഒരു ചക്കയ്ക്ക് കുറഞ്ഞത് 100 രൂപ കിട്ടും. വഴിയില്‍ എവിടെയെങ്കിലും കൂട്ടിയിട്ടാല്‍ മതി. ആളുകള്‍ക്ക് മുഴുവന്‍ ചക്കയോട് നല്ല പ്രിയമാണ്. പെട്ടെന്ന് തന്നെ തീരും. ബാംഗ്ലൂരില്‍ ചക്കച്ചുളകള്‍ നല്ല പായ്ക്കിങ്ങില്‍ ബേക്കറികളില്‍ കിട്ടും.

ചുരുക്കത്തില്‍ കേരളത്തില്‍ ആര്‍ക്കും ചക്ക വേണ്ട. എന്നാല്‍ കേരളത്തിന് പുറത്ത് ചക്കയ്ക്ക് നല്ല ഡിമാന്റാണ്. പച്ച ചുള വറുത്തതിനും നല്ല മാര്‍ക്കറ്റാണ്. ഇത്തരം സാധ്യതകള്‍ ഒന്നും നമ്മള്‍ മലയാളികള്‍ ഉപയോഗപ്പെടുത്തുകയില്ല. ചുളുവില്‍ പണം ഉണ്ടാക്കണം എന്നേയുള്ളൂ.

കര്‍ഷകശ്രീയില്‍ നിന്ന് എടുത്തെഴുതിയത്കൊണ്ട് ഈ പോസ്റ്റിന് അതിന്റെ പോരായ്മകളുണ്ട്. കീടനാശിനിയെ കുറിച്ചൊക്കെ പറഞ്ഞതില്‍ അതിശയോക്തിയുണ്ടോ എന്ന് സംശയം. ആറളം ഫാമില്‍ പ്ലാവിന്‍ തോട്ടം ഉണ്ടായിരുന്നു. ചക്കകള്‍ ഓരോ വര്‍ഷവും ടെണ്ടര്‍ കൊടുക്കാറായിരുന്നു പതിവ്. ഇപ്പോഴത്തെ അവസ്ഥ അറിയില്ല.

പഴുക്കാത്ത ചക്കച്ചുളയില്‍ ഫൈബര്‍ മാത്രമാണുള്ളത്. എന്നാല്‍ പഴുത്ത ചുളയില്‍ ധാരാളം ഫ്രക്ടോസ് (ഗ്ലൂക്കോസിന്റെ വകഭേദം)ഉണ്ട്. ചക്കക്കുരു സ്റ്റാര്‍ച്ച് സമൃദ്ധമാണ്.

ചക്കപുരാണത്തെ പറ്റി സമ്പൂര്‍ണ്ണമായൊരു പോസ്റ്റ് എഴുതാന്‍ ഹരീഷിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു :)

Vayady said...

ചക്ക കിട്ടാത്ത നാട്ടിലിരിന്ന് ചക്കപ്പുരാണം കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറുന്നു...

കൂതറHashimܓ said...

നാളെ പാടത്ത് ചക്ക വിതക്കാന്‍ പോവാ ഞന്‍

chithrakaran:ചിത്രകാരന്‍ said...

മലയാളിയെക്കുറിച്ച് ആരോ പറഞ്ഞത്.. സ്വര്‍ണ്ണ ബഞ്ചിലിരുന്ന് ഉറങ്ങുന്ന ഭിക്ഷക്കാരന്‍... എന്നാണെന്നു തോന്നുന്നു.

നമുക്ക് സമൃദ്ധമായി ശുദ്ധജലവും, കള്ളും,തേങ്ങയും,മാങ്ങയും, ചക്കയും സ്വന്തം തന്തയുമുണ്ടെങ്കിലും അവയെയൊന്നും നാം വിലവെക്കാറില്ല.
അതിനു പഠിച്ചിട്ടില്ല.ആ സംസ്ക്കാരം ഇല്ലെന്നതാണു സത്യം. മണ്ണില്‍ പുരണ്ട് അദ്ധ്വാനിക്കുന്നത് മഹാഗതികേടാണെന്നു വിശ്വസിക്കുന്ന ജനതയാണ്.
നമ്മുടെ ശുദ്ധജലം കുപ്പിയിലാക്കി വില്‍ക്കാന്‍ പോലും നമുക്കറിയില്ല. കൊക്കോ കോളക്കാരും പെപ്സിയും കുപ്പിയിലാക്കിയാല്‍
കുടിച്ച് പ്രമാണിയാകും. ഇങ്ങനെ പൊങ്ങച്ചം കാണിക്കാന്‍ പണം ലഭിക്കുന്നതോ... സ്വദേശത്തും വിദേശത്തും വല്ലവന്റേയും വേലക്കാരനായി നിന്ന് കിട്ടുന്ന പണം കൊണ്ട് !
വളരെ ചിന്താര്‍ഹവ്വും,മാതൃകാപരവുമായ ഈ ചക്ക വിശേഷം ശ്രദ്ധ്യില്‍പ്പെടുത്തിയ ഹരീഷിനോട് നന്ദി പറയട്ടെ.

ജിജ സുബ്രഹ്മണ്യൻ said...

മുറ്റത്ത് നിൽക്കണ പ്ലാവ് വെട്ടാം ന്നോർത്തതാരുന്നു ഞാൻ.ഇനി അതു വേണ്ട അല്ലേ ?? നാളെ ചക്ക വിറ്റും എനിക്കു ജീവിക്കാലോ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നല്ല ബിസിനസാ ഹരീഷെ.ചെന്നൈയില്‍ 300-400 രൂപ വരെ ഉണ്ട് ഒരു ചക്കയ്ക്ക്...നമ്മുടെ നാട്ടിലൊക്കെ വന്നു ചുമ്മാ വാങ്ങിക്കൊണ്ടു പോകുന്നുണ്ട് ഇപ്പോള്‍.

ഒന്നു നോക്കിയാലോ?

kambarRm said...

ചക്കയും ക്രഷി ചെയ്യുന്ന നാടോ..
എനിക്കിതൊക്കെ പുതിയ അറിവാട്ടോ...
കുറിപ്പ് നന്നായിട്ടുണ്ട്, ഒപ്പം ചിത്രകാരന്റെ കമന്റും.

<>>

അത് കറക്റ്റ്..

നന്ദിനിക്കുട്ടീസ്... said...

ഉപകാരപ്രദമായ ലേഖനം അഭിനന്ദനങ്ങൾ....

പാരസിറ്റമോള്‍ said...

1000 x 1000 = 10,0000 ???
itheviduthe kanakkaa??

പാവത്താൻ said...

അപ്പോ അടുത്ത ബ്ലോഗ് മീറ്റ് തമിഴ്‌നാട്ടില്‍ വച്ചാവും അല്ലേ? കഴിക്കാന്‍ ചക്കയും...:-)

jayanEvoor said...

കൊള്ളാം. നല്ല പോസ്റ്റ്.
ഒരു കാര്യമുണ്ട്.
100 വർഷമൊക്കെ കഴിഞ്ഞാൽ പിന്നെ എപ്പോ വേണമെങ്കിലും പ്ലാവിനു ‘പോട്’ഉണ്ടാവാം. പിന്നെ തടിക്കു വിലയുണ്ടാവില്ല. 50 വർഷത്തിനുള്ളിൽ തന്നെ വിൽക്കുന്നതാണു നല്ലത്.

ഇന്നലെ ഞാൻ ഒരാളോട് പറഞ്ഞതേ ഉള്ളൂ... ചക്ക യാതൊരു കെമിക്കലും കലരാത്ത പഴമാണെന്ന്.

അതിലും എൻഡോസൾഫാൻ കലക്കിത്തുടങ്ങിയോ കർത്താവേ!

joby george said...

hareeshettta.....thodupuzha vidukayano.......chakkakrishiyumayieee.....