Monday, October 04, 2010

പോസിറ്റീവ് എനെർജി

നാലുപുറത്താലും ചുറ്റി വളയപ്പെട്ട ഇരുണ്ട ഭിത്തിക്കുള്ളിൽ; കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും ബഹിർഗമിച്ചിരുന്ന അരണ്ട വെളിച്ചം അയാളുടെ മുഖത്തേയ്ക്കു നോക്കി പല്ലിളിച്ചു കൊണ്ടിരുന്നു. അയാളൂടെ കണ്ണുകൾ അക്ഷമയോടെ സ്ക്രീനിനുള്ളിൽ എന്തോ തിരഞ്ഞു കൊണ്ടേയിരുന്നു. നിരന്തരമായമായ ജോലിയുടെ ആധിക്യം അയാളുടെ കണ്ണുകളിൽ ഉറക്കത്തിന്റെ വിത്തുകൾ പാകിയിരുന്നു. മാത്രമല്ലാ അയാളൂടെ മുഖം നീരുവന്നു ചീർത്ത് കരുവാളിച്ചുമിരുന്നു. എത്ര നിർദ്ധാരണം ചെയ്താലും ഫലം ലഭിക്കാത്ത അക്കങ്ങളുടെയും അക്ഷരങ്ങളൂടെയും ലോകത്തിലേയ്ക്കയാൾ തന്റെ പഞ്ച്യേന്ദ്രിയങ്ങളെ കടം കൊടുത്തിരുന്ന് നെടുവീർപ്പിട്ടു കൊണ്ടേയിരുന്നു. സൽമാൻ ഖുറൈശിയുടെ പോസിറ്റീവ് മെസേജ് പ്രതീക്ഷിച്ചും കൊണ്ടിരുന്ന അയാളൂടെ മനസ്സ് ഒരുവേള ജനിച്ച ഗ്രാമത്തിലേയ്ക്ക് ഊളിയിട്ട് പറന്നു..


ഗ്രാമത്തിൽ..
അയാളൂടെ ദൈനംദിന കൃത്യങ്ങളിലേയ്ക്ക് മനസ്സ് ഓടിയെത്തി.. അതിരാവിലെ എഴുന്നേറ്റുള്ള ജോഗിങ്ങും അതിനു പിന്നാലെയുള്ള ഷട്ടിൽ കളിയും.. വീട്ടിലെത്തി കുളിച്ച് രണ്ട് തൊടിക്കപ്പുറത്തുള്ള കാവിലേയ്ക്കുള്ള ഓട്ടം.. കാലത്തേ സരസ്വതി ദേവിക്കാണു വഴിപാടുകൾ.. ഇളം മഞ്ഞിൻ കണങ്ങൾ വീഴാൻ തുടങ്ങുന്നതേയുണ്ടാകൂ.. അമ്പലപ്പറമ്പിനു അപ്രത്തുള്ള പാടത്തിൽ മഞ്ഞു മൂടിക്കിടക്കുന്നതു കാണാം.. കിഴക്കു നിന്നും ബാലഭാസ്കരരശ്മികൾ മഞ്ഞിൻ കണങ്ങളെ കീറിമുറിച്ച് ഓരോരോ വയൽത്തുമ്പിലും പതിക്കുമ്പോൾ.. മൂത്തപുലയൻ തേനാംകിളി പാടത്ത് കൈക്കോട്ടുമെടുത്ത് വെള്ളം ചാലുകീറുന്നുണ്ടാകും.. ദേവിയെ മൂന്നുവട്ടം വലം വെച്ചു തൊഴുതിറങ്ങിയാൽ പിന്നെ വീട്ടിലെത്തി കടുപ്പത്തിലൊരു ചായ കൂട്ടിയൊരു പത്രവായന.. പ്രഭാത ഭക്ഷണവും കഴിച്ച് കോളെജ് ബസ്സ് പിടിക്കാണുള്ള ഓട്ടമാണു പിന്നീട്.. വൈകിട്ട് സ്കൂൾ ഗ്രൌണ്ട് നാലാക്കി ഫുട്ബോൾ കളി.. ക്ഷീണിച്ചവശനായി വിയർത്തു കുളിച്ച് വരുമ്പോൾ ഗോപാലേട്ടന്റെ ചായപ്പീടികേന്നൊരു കട്ടൻ.. അവിടന്നൊരു ഓട്ടമാണു വീട്ടിലേയ്ക്ക്.. വേഗത്തിൽ കുളിച്ചെന്നു വരുത്തി തിരിച്ച് കാവിലേയ്ക്ക് പായും.. അമ്പലക്കുളത്തിന്റെ കരിങ്കൽ കെട്ടിൽ സ്ഥാനം പിടിക്കും.. സമയമപ്പോഴേയ്ക്കും ആറയോടടുത്തിരിക്കും.. നീല നിറമുള്ള ബി എസ് എ ലേഡി ബേർഡിൽ നിരുപമ വരുന്നതും കാത്ത് താനും കണ്ണിലെണ്ണയുമൊഴിച്ചു കാത്തിരിക്കും.. ദീപാരാധന..!! അപ്പോൾ ദുർഗ്ഗയായിരിക്കും.. നിരുപമ.. പ്രകാശത്തിന്റെ പ്രതിഫലനം അവളുടെ മുഖത്തുണ്ടാക്കുന്ന തിളക്കത്തെ കണ്ണിമവെട്ടാതെ സാകൂതം നോക്കി നിൽക്കും.. തിരിച്ച് ലൈബ്രറിയിലേയ്ക്ക്.. അന്നത്തെ പത്രങ്ങളെല്ലാം ഓടിച്ചു വായിച്ച ശേഷം വീട്ടിലേയ്ക്ക് വെച്ചടിക്കും.. അച്ഛനേൽ‌പ്പിക്കുന്ന അന്നാന്നത്തെ കൃഷിക്കണക്കുകൾ കൃത്യമായി ബുക്കിലെഴുതിച്ചേർത്ത്.. തന്റെ പഠനത്തിലേക്കു മുഴുകും.. അത്താഴം.. സ്നേഹപുരസ്സരം അടുത്തിരുന്നൂട്ടുന്ന അമ്മയും ചേച്ചിയും.. നീഗൂഢതയാർന്ന സ്വപ്നങ്ങളിലെയ്ക്ക് പരന്നൊഴുകി.. മുഴുകി.. ഗാഢനിദ്രയിലേയ്ക്ക്..


ടെലിഫോണിന്റെ ചെവി തുളയ്ക്കുന്ന റിങ്ങ് കേട്ട് ചിന്തകളിൽ നിന്നും ഞെട്ടി ഉണർന്നു. ഖുറൈശിയുടെ മെസേജ് ഇൻബോക്സിൽ നിന്നുമയാൾ പരതിയെടുത്തു. ഊഹിച്ചതു പോലെ തന്നെ സംഭവിച്ചിരിക്കുന്നു. രാവും പകലും, ഊണും ഉറക്കവുമില്ലാതെ, ആരോഗ്യത്തെപ്പോലും വകവെയ്ക്കാതെയിരുന്നു തയ്യാറാക്കി എടുത്ത പുതിയ വർക്കിന്റെ പ്രൊജെക്റ്റ് റിപ്പോർട്ട് അയാൾ നിഷ്കരുണം തള്ളിയിരിക്കുന്നു. കൂടെ മഠയാ..കഴുതേ എന്ന പതിവായുള്ള വിളികളും. തന്റെ പോസിറ്റീവ് എനെർജി നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു. സത്യസന്ധമായി നിന്നുകൊണ്ട് തനിക്കിവിടെ ജീവിക്കാനാവില്ല. മറ്റുള്ളവർ; അതു തന്റെ സഹോദനെയായാലും ചവിട്ടിത്താഴ്ത്തി മുന്നേറുക എന്ന പ്രമാണം തനിക്കു മാത്രം സ്വീകരിക്കാനാവുന്നില്ല. കഴിഞ്ഞ ദിവസവും അച്ഛൻ നാട്ടിൽ നിന്നു വിളിച്ചപ്പോൾ പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങി.. “ രമേശാ; നീയെന്തിനാണവിടെ ഇങ്ങിനെ കഷ്ടപ്പെട്ടു സമാധാനമില്ലാതെ ജീവിക്കുന്നത്..? പെരുംചിറകുന്നിന്മേൽ ഉള്ള മൂന്നേക്കർ സ്ഥലത്ത് 10 ബാച്ച് കോഴികളെയാണിട്ടിരിക്കുന്നത്.. അത് ഒരു ട്രിപ്പ് പോകുമ്പോൾ കിട്ടണ ലാഭം; ഈ തെറിവിളിയൊക്കെ കേട്ട് ഒരു വർഷം ലഭിക്കുന്ന നിന്റെ വരുമാനത്തിനു കിട്ടുമോടാ..” നിരന്തരമായ വർക്ക് ലോഡ് തന്നെ അവശനാക്കിയിരിക്കുന്നു. എന്തിനേറേ നിരുവിനൊരു കുഞ്ഞിക്കാൽ കാണുവാനുള്ള ഭാഗ്യം പോലും തനിക്കേകാനാവുന്നില്ല. എന്നും ഈ ചീത്ത വിളി കേൾക്കലും.. അധാർമിക മാർഗ്ഗങ്ങളിലൂടെയുള്ള മത്സരബുദ്ധികളും മാത്രം..


സൽമാൻ ഖുറൈശിക്കുള്ള തന്റെ അവസാന മെയിൽ സെൻഡ് ചെയ്ത്; സിസ്റ്റെം ഓഫാക്കി നിരുപമയുടെ ചാരത്തു ചെന്നുകീടന്നു അയാൾ.. കൃത്യനിഷ്ഠയോടെ ഓഫീസിലെത്തുവാൻ പതിവായി വെയ്ക്കുന്ന അലാറം ഓഫ് ചെയ്ത്; നിരുവിനെ തന്നോട് ചേർത്ത് ഗാഢമായി ആലിംഗനം ചെയ്ത് കണ്ണുകളിറുക്കിയടച്ച് കിടന്നു.. പച്ചപുതച്ച വയലിനു മുകളിൽ; സായന്തനത്തിന്റെ ചെംചായക്കൂട്ടുകൾ ആകാശത്തു ചാലിച്ചു നൃത്തം ചവിട്ടി മുളയാൻ പറന്നീടുന്ന ഒരു പറ്റം ദേശാടനപക്ഷികളൂടെ ഇടയിലേയ്ക്ക്, അവരുടെ ഒപ്പമെത്തുവാൻ വെമ്പി അയാളുടെ മനസ്സ് പറന്നു തുടങ്ങിയിരുന്നു അപ്പോൾ..

12 comments:

ഹരീഷ് തൊടുപുഴ said...

പച്ചപുതച്ച വയലിനു മുകളിൽ; സായന്തനത്തിന്റെ ചെംചായക്കൂട്ടുകൾ ആകാശത്തു ചാലിച്ചു നൃത്തം ചവിട്ടി മുളയാൻ പറന്നീടുന്ന ഒരു പറ്റം ദേശാടനപക്ഷികളൂടെ ഇടയിലേയ്ക്ക്, അവരുടെ ഒപ്പമെത്തുവാൻ വെമ്പി അയാളുടെ മനസ്സ് പറന്നു തുടങ്ങിയിരുന്നു അപ്പോൾ..

Manju Manoj said...

ഹരീഷ്... കഥ വളരെ നന്നായി....ഹരീഷ് നാട്ടില്‍ തന്നെയാണെങ്കിലും, അവിടെ നിന്നും വിട്ടു നില്കുന്നവരുടെ മനസ്സറിഞ്ഞു കൊണ്ടുള്ള എഴുത്ത് നന്നായി....പക്ഷെ ഞാന്‍ ആ കൂട്ടത്തില്‍ പെടില്ലട്ടോ... ഇവിടെ ഇഷ്ടം പോലെ പാടങ്ങളെയും ദേശാടനപക്ഷികളെയും ഒക്കെ കാണാന്‍ പറ്റുന്നത് കൊണ്ടാവാം അല്ലെ....

ഉപാസന || Upasana said...

വേഗം തീര്‍ത്തു. തീം പഴയത്
:-)

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

സാഹിത്യമൊക്കെ ചാലിച്ച് കഥയുടെ തട്ടകവും കൈയ്യേറി അല്ലേ...
പോസറ്റീവ് എനർജി തന്നേ....!

Manoraj said...

നന്നായി പറഞ്ഞിട്ടുണ്ട്. ഭാഷയും പ്രയോഗങ്ങളും മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു ഒരു ചെറിയ കഥയില്‍.

ലീല എം ചന്ദ്രന്‍.. said...

നന്നായിട്ടുണ്ട്.

യൂസുഫ്പ said...

ഒരാളുടെ ഒരു ദിവസവും ചെയ്തികളും ഭാഷയുടെ ഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു.

Jishad Cronic said...

ഇഷ്ടപ്പെട്ടു...

ചാണ്ടിക്കുഞ്ഞ് said...

ഇന്നത്തെ വേഗതയേറിയ ജീവിതത്തില്‍ നമുക്ക് നഷ്ടപ്പെടുന്നത് എന്താണെന്ന് ശരിക്കും വരച്ചു കാണിച്ചിരിക്കുന്നു...ഇഷ്ടപ്പെട്ടു ഹരീഷ്...

ഇസ്മായില്‍ കുറുമ്പടി shaisma.co.cc said...

കേമറ മാത്രമല്ല, പേനയും താങ്കള്‍ക്കു നന്നായി വഴങ്ങുമെന്ന് ഇപ്പോഴാണ്‌ അറിഞ്ഞത്!
ഭാവുകങ്ങള്‍!

lekshmi. lachu said...

കഥ നന്നായിട്ടുണ്ട്.പക്ഷെ എന്തോ..പറയാന്‍
ഉദേശിച്ചത്‌ മുഴുവന്‍ പുറത്തേക്കു വരാത്ത ഒരു
ഫീല്‍.ചിലപ്പോ എന്‍റെ തോന്നല്‍ ആകാം.
സാഹിത്യം നന്നായി ഒഴുകുന്നു..ഇത്രേം കയ്യില്‍
ഉണ്ടോ..ഞാന്‍ കരുതി നികോണ്‍ മാത്രമേ കാണൂ
എന്ന്..ഇനിയും വരട്ടെ പുതിയ പുതിയ കഥകള്‍..
ഓരോ ജീവിതം തന്നെ വലിയ കഥയല്ലേ ...ചുറ്റിലും കാണാം
ഓരോ കഥാപാത്രങ്ങള്‍ ..ഇനിയും ആ വിരല്‍
തുമ്പിലൂടെ ഊര്ന്നുവീഴട്ടെ..ആശംസകള്‍

ജിതിന്‍ രാജ് ടി കെ said...

ഹരീഷേട്ടാ

ന്റെ ബ്ലോഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്

www.jithinraj.in

www.blog.shahalb.in