Tuesday, January 10, 2012

ആന ഇടയൽ..

ഇന്നത്തെ പതിവു മോണിങ്ങ് വാക്കിനിടയിൽ സ്ഥിരമായി രണ്ടു മിനിട്ടു വിശ്രമിക്കുന്ന മെയിൻ കവലയിലെ വെയിറ്റിങ്ങ് ഷെഡിൽ വിശ്രമിക്കുന്നതിനിടയിൽ; റോഡിനു മറുവശത്ത് ഗ്രൌണ്ടിനു സമീപത്തായി ആനകളെ സ്ഥിരം നങ്കൂരമിടീക്കാറുള്ളിടത്തേക്കു മിഴികൾ പാഞ്ഞു. ടിയാന്റെ വീശുന്ന പാളച്ചെവികളൊക്കെ ആസ്വദിച്ചു കൊണ്ടിരിക്കെ മനസ്സിൽ പലവിധ ചിന്തകൾ ഓടിത്തുടങ്ങി.


സംഭവം കുറേ ആനകളൂടേ ഫോട്ടൊയൊക്കെ എടുത്തിട്ടുണ്ടെങ്കിലും സൈഡിൽ നിന്നും ഒരാനേടേം മുഖത്തിന്റെ മാത്രം ക്ലോസപ്പെടുക്കുവാൻ ഞാനിന്നു വരെ തുനിഞ്ഞിട്ടില്ലല്ലോ എന്നൊർത്തു ഒരു വേള മനസ്സിനെ വിഷാദമാക്കി. മനസ്സപ്പോൾ ഒരു കാമെറാ മൂഡിലേക്കു പോയിത്തുടങ്ങിയിരുന്നു. അവന്റെ സൈഡ് മുഖത്തെ കമ്പോസ് ചെയ്തു കൊണ്ട് സ്വന്തം മിഴികളെ ടെലി മോഡിലാക്കി ഫോക്കസ് ചെയ്തു കൊണ്ടിരുന്നപ്പോഴാണു; കുറച്ചു കൂടി ഉയരത്തിൽ ഞാൻ നിന്നെങ്കിൽ മാത്രമേ സമാന്തരമായ ഒരു പോയ്ട്രെറ്റ് എനിക്കു കിട്ടുവെന്ന ചിന്ത മനസ്സിലേക്കോടിയെത്തിയത്. (കാരണം മറുവശത്തായി ഒരു അഞ്ചാറടി പൊക്കത്തിലാണു ആനയെ കെട്ടിയിട്ടിരുന്നത്) ഇതെങ്ങിനെയെടുത്തു? എന്നു പ്രേക്ഷകരിൽ ചിന്തിപ്പിക്കും വിധം മനോഹരമായൊരു ഫ്രെയിമും.. ഇങ്ങിനെയൊക്കെ ചിന്തിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണു ആനക്കും എനിക്കും ഇടക്ക് ഡിസ്ട്രാക്ഷനായി നിലകൊണ്ടിരുന്ന ഇ.ബി യുടെ ട്രാൻസ്ഫോർമ്മെർ കണ്ണിൽപ്പെട്ടത്. ശെടാ..! ഈ ഡിസ്ട്രാക്ഷൻ എന്തുകൊണ്ട് നേരത്തെ എന്റെ ശ്രദ്ധയിൽ പെട്ടില്ല എന്നത്ഭുതം കൂറി, ചിന്തകളും കണ്ണുകളൂം ട്രാൻസ്ഫോർമേറിലേക്കു പറിച്ചു നട്ടു. ആനക്കും എനിക്കുമിടക്കുള്ള ഈ കുരിശിനേപ്പറ്റി ചിന്തിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ചിന്തകൾ പിന്നെയും കാടു കയറി. ഈ ആനക്കെങ്ങാനും ഇപ്പോൾ മദം പൊട്ടിയാൽ.. ഹോ; ഞാനാണു ആനയുടെ കണ്ണിൽ ആദ്യത്തെ ഇര. അതു കഴിഞ്ഞേ ഗ്രൌണ്ടിൽ ഫുട്ബാൾ കളിക്കുന്നവരെല്ലാം വരൂ.. ആനയുടെ ഇടക്കിടക്കുള്ള ചെരിഞ്ഞുള്ള നോട്ടമയക്കൽ കണ്ടപ്പോൾ മനസ്സിൽ ആദ്യം തോന്നീതിതാണ്. ആനയെ കെട്ടിയിട്ടിരിക്കുന്നതിനു തൊട്ടു മുകളിൽ ഗോപുരം ഹോട്ടെലുകാരുടെ വീടാണ്. ഹോ..അവരുടെയൊക്കെ ഒരു ധൈര്യം.. എങ്ങിനെ മനസ്സുറപ്പിച്ചു രാത്രിയിൽ കിടന്നുറങ്ങും.. ഈ ഗഡിയെങ്ങാനും ഒന്നിടഞ്ഞാൽ; പിന്നെ ബാക്കി വെച്ചേക്കുമോ?? ഏതായാലും കുരിശായ ട്രാൻസ്ഫോർമെർ ഇടക്ക് നിൽക്കുന്നതേതായാലും നന്നായി.. അവനെ കടന്നു വേണ്ടേ എന്നെ ടർജെറ്റ് ചെയ്താനക്കു വരാൻ..! എന്നൊക്കെയിങ്ങനെ ചിന്തകൾ കാടു കയറുന്നതിനിടയിലാണ്.. ടൌണിലെ ഫെയ്മസ്സ് പാപ്പാനായ നാസർ ആനയുടെ അടുത്തേക്കടുക്കുവാൻ മതിലിന്റെ കുത്തുകല്ലുകൾ കയറുന്നതു കണ്ടത്. ഇപ്പോൾ എന്റെ കണ്ണുഫ്രെയിമിനുള്ളിൽ ആനയും നാസറും മാത്രം. അവർ തമ്മിൽ 50 അടിയോളം ദൂരവ്യത്യാസമുണ്ട്. നാസറിനെ കണ്ടമാത്രയിൽ ആനക്കുട്ടൻ സന്തോഷാധിക്യത്താൽ തലയാട്ടുകയും പാള പോലിരിക്കും ചെവികൾ വിശറികൾ പോലെ ആഞ്ഞു വീശുകയും ചെയ്തു കൊണ്ടിരുന്നു. തദവസരത്തിൽ തന്നെ ഞാനിരിക്കുന്ന ഭാഗത്തു നിന്നും മറ്റൊരു പാപ്പാനായ കാവി മുണ്ടുടുത്തൊരു ഗടി(വിജയൻ എന്നാണദ്ദേഹത്തിന്റെ പേരെന്നു ഇപ്പോൾ മനോരമ ന്യൂസിൽ പറയുന്നുണ്ട്; പിന്നീട് നാസറിനോടു സംസാരിച്ചപ്പോൾ ഈ ചങ്ങാതിക്കാണു പരിക്കെന്നു അദ്ദേഹവും സൂചിപ്പിച്ചിരുന്നു) നാസറിനു നേരെ ചായ കുടിക്കാം എന്നാഗ്യം കാണിക്കുകയും.. എന്നാൽ ഞാനുമുണ്ടെന്നു പറഞ്ഞ് മാട്ടയുടെ മുകളിലായിരുന്ന നാസർ താഴെയിറങ്ങുകയും ചെയ്തു. ഇനിയെന്തിരപ്പീ..നമുക്കിവിടെ കാര്യം എന്നും വിചാരിച്ച് ഞാനും വെയിറ്റിങ്ങ് ഷെഡിൽ നിന്നെഴുന്നേറ്റ് തിരികേ വെച്ചടിച്ചു.


ഒരു മണിക്കൂർ കഴിഞ്ഞ് ഫോണിലേക്ക് ഒരു കാൾ..ഒരു ചങ്ങാതി വക
‘ഹരിഷേ.. നമ്മുടെ ഗ്രൌണ്ടിൽ കെട്ടിയിട്ടിരുന്ന ആന ഇടഞ്ഞു; ഇപ്പോഴത് അമ്പലത്തിനു പുറകിലുള്ള ഉണ്ണിസാറിന്റെ പറമ്പിൽ കയറിയിട്ടുണ്ട്..വേഗം കാമെറയുമെടുത്തോണ്ട് വാ’
ഹൂ..
അപ്പോൾ രാവിലെ അതിയാൻ നല്ല ഫോമിൽ തന്നെയായിരുന്നുവല്ലേ..!
എന്റെ ഭാഗ്യം..!!



മോളേ സ്കൂളിൽ വിട്ടിട്ട്; പോയിന്റ് ഷൂട്ട് കാമെറായും തൂക്കി ഞാനും സംഭവ സ്ഥലത്തെക്കു പാഞ്ഞു. ചെറിയ കാമെറാ എടുത്തത് മന:പൂർവ്വമായിരുന്നു. രക്ഷപെടുവാൻ ഓടേണ്ടി വന്നാൽ ഈ സാമാനം പോക്കറ്റിലിട്ട് ഓടിയാൽ മതീലോ!! സംഭവസ്ഥലത്തേക്കെത്തണമെങ്കിൽ ഒരു പാടവരമ്പത്തു കൂടി അര കിമീ നടക്കണം. പേടിച്ചു വിറച്ച് നടക്കുന്നതിനിടയിലാണു നാട്ടിലെ റിട്ടയേറ്ഡ് വെറ്റിനെറി ഡോക്ടറായ ഗോപാലകൃഷ്ണൻ സാർ എതിരേ നടന്നു വരുന്നതു കണ്ടത്. സാറെന്തോ മരുന്നെടുക്കുവാൻ തിരിച്ചു വരുന്ന വഴിയായിരുന്നു. ചൂടു സമയമായതിനാൽ ആവശ്യത്തിനു വെള്ളം ലഭിക്കാത്തതു കൊണ്ടാകാം ആനക്കുട്ടൻ ഇടഞ്ഞതെന്ന് സാർ പ്രതിവചിച്ചു.



സംഭവസ്ഥലത്ത് പോലീസ് വനം ഫയർ നാട്ടുകാരുമടക്കം വൻ ജനാവലി തമ്പടിച്ചിരുന്നു. ആനക്കുട്ടനെ തളച്ചിട്ടിരിക്കുന്നു. തളക്കുന്നതിനു മുൻപേ ടിയാൻ ഒരു റബ്ബെർ മരത്തെ കടപുഴക്കിയിരുന്നു. നാസറിനോടു കുശലം പറയുന്നതിനിടേ ചോദിച്ചു..
‘എടാ..നിങ്ങളു രാവിലേ ചായ കുടിക്കാൻ പോയപ്പോ ആ ചങ്ങാതീനെ കൂടെ കൂട്ടാത്ത കാരണമാണു അവൻ നിങ്ങക്കിട്ടു തിരിച്ചു പണി തന്നതെന്നാ തോന്നുന്നത്..!!!’
ചിരിച്ചു കൊണ്ട് നാസറും.. ‘അതേന്നാ തോന്നുന്നത്’

13 comments:

സങ്കൽ‌പ്പങ്ങൾ said...

ഹരീഷെ ഇടഞ്ഞ ആനയുടെ മുമ്പിലൊന്നും പോയി ചാടല്ലെ...പ്ലീസ്

kARNOr(കാര്‍ന്നോര്) said...

ഫോട്ടോ ഒന്നും ഇല്ലേ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"അവനെ കടന്നു വേണ്ടേ എന്നെ ടർജെറ്റ് ചെയ്താനക്കു വരാൻ..! എന്നൊക്കെയിങ്ങനെ ചിന്തകൾ കാടു കയറുന്നതിനിടയിലാണ്."

ആന ഇടഞ്ഞാൽ നേരെ പിന്നിലേക്കാ ഓടൂക എന്നു കേട്ടിട്ടുണ്ട്. ആ ഓട്ടത്തിനിടയിൽ അതിന്റെ മുന്നിൽ പെട്ടാലെ കുഴപ്പം ഉള്ളു അത്രെ.
അതുകൊണ്ട് ആനയുടെ മുന്നിൽ നിൽക്കുന്നത് സേഫ് :)

ശരി ആണൊ എന്നറിയില്ല കേട്ടൊ ഏതായാലും അടൂത്തു പോയി പരീക്ഷിക്കണ്ടാ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പിന്നിലേക്ക് എന്നതു കൊണ്ട് ഉദ്ദേശിച്ചത് പിന്തിരിഞ്ഞ് പുറകുവശത്തേക്കാണ് ഓടുക എന്നായിരുന്നു :)
( ആന റിവേഴ്സ് ഗിയറിൽ ഓടും എന്നു തോന്നിപ്പോകും അല്ലെ വായിച്ചാൽ ഹ ഹ )

അനില്‍ഫില്‍ (തോമാ) said...

ആന രാവിലെ ഹരീഷിനെ അല്ലെ കണി കണ്ടത് ചുമ്മാതല്ല ഇടഞ്ഞത്.

c.v.thankappan,chullikattil.blogspot.com said...

നന്നായിരിക്കുന്നു രചന.
എവിടെ ആനക്കുട്ടന്‍.,?
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

Manikandan O V said...

ഹരീഷേട്ടാ പറഞ്ഞു കേട്ടിട്ടുള്ള ഒരു അറിവാണ് പെട്ടന്ന് പിണങ്ങുന്ന ഒരു ജീവിയാണ് ആന. നിസ്സാരകാര്യങ്ങൾ മതി അവൻ പിണങ്ങാൻ അത്രെ. ഹരീഷേട്ടൻ എഴുതിയതിൽ നിന്നും അനുമാനിക്കാവുന്ന കാര്യം തന്റെ പാപ്പാനെ (നാസർ) ആന്യ്ക്ക് വല്യ ഇഷ്ടമായിരുന്നിരിക്കണം. അദ്ദേഹം അടുത്തെതുന്നതിന്റെ സന്തോഷം ആൻ പ്രകടിപ്പിച്ചത് ഇവിടെ എഴുതിയിട്ടുണ്ട്. അതിനിടെയാണ് വില്ലൻ (വിജയൻ) വരുന്നത്. നാസർ ആനയുടെ അടുത്തെതാതെ പോകാൻ കാരണം വിജയൻ വിളിച്ചതാണ്. അതിന്റെ പരിഭവം ആന തീർത്തു. പിന്നെ ആ ആന പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കികാണില്ല, നാട്ടുകാർ കൂടുതൽ പ്രകോപിപ്പിച്ചില്ലെങ്കിൽ. :)

sherriff kottarakara said...

ആന രാവിലെ ചരിഞ്ഞ് നോക്കിയത് “ഇങ്ങ് അടുത്ത് വരട്ടെ കുഴിച്ച് തരാം മോനേ!” എന്ന് മനസില്‍ വിചാരിച്ച് കൊണ്ടായിരിക്കണം.
പാഠം ഒന്ന്. മേലില്‍ ആനയുടെ പോട്ടം പിടിക്കാന്‍ മെനക്കെടരുത്.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഒട്ടും ചിന്നക്കാര്യങ്ങളല്ലല്ലോ അല്ലേ ഭായ് ഈ ആനക്കാര്യങ്ങൾ...

(പേര് പിന്നെ പറയാം) said...

എന്നിട്ട് പോട്ടോ എന്തിയേ....??? തുമ്പിയ്ക്കും കൊമ്പിനും ഇടയിലൂടെ മുഖത്തിന്റെ ഒരു ക്ലോസ് അപ്പ്‌...ഇടയില്‍ യാതൊരു വിധ ഡിസ്ട്രാക്ഷന്‍സും ഇല്ലാതെ.

ദേവന്‍ said...

"ഈ ആനക്കെങ്ങാനും ഇപ്പോൾ മദം പൊട്ടിയാൽ.. ഹോ; ഞാനാണു ആനയുടെ കണ്ണിൽ ആദ്യത്തെ ഇര." ഇങ്ങനെ വിചാരിച്ചല്ലോ അപ്പൊ ആനക്ക് മദം പോട്ടിയില്ലെങ്കിലെ.....

മുല്ല said...

മദം പൊട്ടിപ്പായുന്ന ഫോട്ടോ എവിടെ...ആനേടെ..

lekshmi. lachu said...

aanayude pottam evidey..