Thursday, June 04, 2009

ഒന്നു കൂടി മീറ്റിയാലോ..

കൂട്ടായ്മ:-


കൂട്ടുകാരേ,

തൊടുപുഴയിൽ വച്ച് ഈയിടെ നടന്ന മീറ്റെന്നോ സൌഹൃദസംഗമമെന്നോ ഒക്കെ വിളിക്കാവുന്ന ചെറിയ ഒത്തുചേരലിനെപ്പറ്റി ആദ്യമായി ആലോചിച്ചപ്പോൾ തന്നെ പലരും പറഞ്ഞതാണ് ഓണക്കാലമാവുമ്പോൾ ഇതുപോലെ ഒന്നുണ്ടെങ്കിൽ പങ്കെടുക്കാം എന്നത്. വീണ്ടും ഒരു ഓണം വരുന്നു. ഓണക്കാലത്തോടനുബന്ധിച്ച് നമ്മൾ ബ്ലൊഗ് വഴി പരിചയപ്പെട്ടവർ ഒരിടത്ത് ഒത്തുചേർന്നാലോ എന്നൊരാഗ്രഹമുണ്ട്. മറുനാടുകളിൽ ജോലിചെയ്യുന്ന ബ്ലോഗർമാരും നാട്ടിലെത്തുന്ന സമയമാണല്ലോ ഇത്.


കേരളത്തിനു വെളിയിൽ ജോലിചെയ്യുന്ന കുറേ കൂട്ടുകാര്‍ ഇതുപോലെ ഒരു സൌഹൃദ സംഗമം കേരളത്തിൽ വച്ച് ജൂൺ-ജൂലൈ മാസങ്ങളിൽ നടത്താനുള്ള താല്പര്യം അപ്പുവേട്ടന്റെ ഈ പോസ്റ്റില്‍ അറിയിച്ചിരുന്നു. ഏതാണ്ട് മുപ്പത്തിഏഴുപേരോളം ഈ സമയത്ത് അവധിക്ക് നാട്ടിലെത്തുന്നുവെന്നാണ് അവിടെ വന്ന കമന്റുകളിൽ നിന്ന് കാണാനാവുന്നത്. നമ്മൾ നാട്ടിലുള്ള ബ്ലോഗർമാരോടോപ്പം ഇവരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഒരു കൂടിക്കാഴ്ച്ച നടത്തിയാലോ എന്നാലോചിക്കുന്നു. ബ്ലോഗ് പോസ്റ്റുകളിലും കമന്റുകളിലും, മെയിലിലും ജി-ചാറ്റിലും നമ്മൾ പരസ്പരം പരിചയപ്പെട്ട വ്യക്തികൾ തമ്മിൽ നേരിട്ടു കാണുവാനും പരിചയപ്പെടുവാനും സൌഹൃദം പങ്കുവയ്ക്കാനുമായിട്ടൊരു അവസരം.


‘ബ്ലോഗർ സമ്മേളനം‘ എന്ന ഔപചാരികതയൊന്നും ഈ കൂട്ടായ്മക്ക് ഇല്ല. ബ്ലോഗുകളിൽ അവരവർ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ചർച്ചചെയ്യുവാനുള്ള വേദിയും അല്ല.
അതിനാൽ അങ്ങനെയുള്ള ചർച്ചകളും പ്രസംഗങ്ങളും ഈ ഒത്തുചേരലിൽ നമുക്ക് വേണ്ടാ. ഔപചാരികതയൊന്നുമില്ലാതെ വെറുതെയൊരു സുഹൃദ്സംഗമം എന്ന രീതിയിൽ ഇതിനെ കാണാനും മറ്റു ബ്ലോഗെഴുത്തുകാരെ പരിചയപ്പെടുവാനും താല്പര്യമുള്ള ആർക്കും ഇതിൽ പങ്കെടുക്കാം. ചെലവുകൾ പങ്കെടൂക്കുന്നവർ എല്ലാവര്‍ക്കും കൂടി വഹിക്കാവുന്നതാണ്. വരാന്‍ സാദ്ധ്യതയുള്ള ചിലവിനെപ്പറ്റി താമസിയാതെ ഈ പോസ്റ്റില്‍ കമന്റ് വഴിയോ പോസ്റ്റ് അപ്പ്ഡേറ്റ് വഴിയോ അറിയിക്കുന്നതായിരിക്കും.


മറ്റൊരു തൊടുപുഴ മീറ്റ് നടത്തുവാൻ എനിക്ക് സമ്മതമാണ്. എങ്കിലും, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് വന്നുചേരുവാനുള്ള സൌകര്യാർത്ഥം എര്‍ണാകുളത്തു (ബോള്‍ഗാട്ടി പാലസ്) വച്ച് നടത്തുന്നത് തന്നെയായിരിക്കും ഉചിതമെന്ന് അപ്പുവേട്ടന്റെ പോസ്റ്റിൽ പലരും അഭിപ്രായപ്പെടുകയുണ്ടായി. അവിടെ ആദ്യം ഒരു പിക്‍നിക്ക് കൂടെ ചര്‍ച്ചാവിഷയം ആയിരുന്നെങ്കിലും ഭൂരിപക്ഷം പേരും പിക്‍നിക്ക് ‌+ കൂടിക്കാഴ്ച്ച എന്നതില്‍ പിക്‍നിക്ക് ഒഴിവാക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ട സ്ഥിതിക്ക് ഇത് രണ്ടും ഒത്തിണങ്ങുന്നതും എല്ലാവര്‍ക്കും വന്നുപോകാന്‍ സൌകര്യമുള്ളയിടം എന്ന നിലയ്ക്ക് എര്‍ണാകുളം തന്നെയായിരിക്കും ഈ സംഗമത്തിന് നല്ലയിടം എന്നെനിക്കും തോന്നുന്നു. പിന്നെ തൊടുപുഴ; ഒരു ചെയിഞ്ച് എന്തുകൊണ്ടും നല്ലതാണ്. നിങ്ങള്‍ കൂട്ടുകാരുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക.

രണ്ടു തീയതികൾ ഈ ഒത്തുചേരലിനായി ഇപ്പോൾ നിർദ്ദേശിക്കുന്നു. ജൂലൈ 26 ഞായർ, അല്ലെങ്കിൽ ആഗസ്റ്റ് 9 ഞായർ. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ, ഏതു തീയതിയാണ് അവരവർക്ക് സൌകര്യപ്രദം എന്ന് കമന്റുവഴി പറഞ്ഞാൽ, ഭൂരിപക്ഷാഭിപ്രായം പോലെ ഇതിലേതെങ്കിലും ഒരു തീയതി തീരുമാനിക്കാമായിരുന്നു. പ്രത്യേകിച്ച് വിദേശങ്ങളിൽ നിന്ന് അവധിക്ക് വരുന്നവർ ഈ തീയതികളുടെ സൌകര്യം നോക്കുക. രണ്ടു തീയതികളും നിങ്ങളുടെ അവധിക്കുള്ളിലാണെങ്കിൽ അതും എഴുതുക.

കേരളത്തിനു പുറത്തുള്ളവരിൽ അവധിക്ക് എത്തുന്നുണ്ടെന്ന് അറിയിച്ചവർ ഇവരൊക്കെയാണ്.


1. അഗ്രജൻ : ജുലൈ - ഓഗസ്റ്റ്
2. കിച്ചു & കുടുംബം : ജൂൺ - ജൂലൈ
3. അപ്പു : ജുലൈ - ഓഗസ്റ്റ്
4. സിബു : ജൂലൈ - ഓഗസ്റ്റ്
5. സജി ( ഞാനും എന്റെ ലോകവും) : ഓഗസ്റ്റ്
6. കുഞ്ഞൻ : ഓഗസ്റ്റ് - സെപ്റ്റംബർ
7. അനിൽശ്രീ : ഓഗസ്റ്റ് - സെപ്റ്റംബർ
8. നിരക്ഷരൻ : ജൂലൈ - മദ്ധ്യം - അവസാനം
9. യൂസഫ്പ : (വരാൻ ശ്രമിക്കും)
10. പുള്ളിപ്പുലി : ജൂൺ - ജൂലൈ
11. വാഴക്കോടൻ : (വരാൻ ശ്രമിക്കും)
12. നീർവിളാകൻ : ജൂലൈ - ഓഗസ്റ്റ് (?)
13. ശ്രീലാൽ : (ബാംഗ്ലൂരിൽ നിന്ന് എത്തും)
14. ശ്രീ: (ബാംഗ്ലൂരിൽ നിന്ന് എത്തും )
15. വിശ്വപ്രഭ : ജൂലൈ - ഓഗസ്റ്റ് വരാൻ ശ്രമിക്കും
16. പകൽക്കിനാവൻ : ജൂലൈ - ഓഗസ്റ്റ്
17. കാട്ടിപ്പരുത്തി : ജൂലൈ
18. വിശാലമനസ്കൻ : ??
19. ഹൻലല്ലത്ത് : ? ജൂലൈ
20. പാർത്ഥൻ & ചന്ദ്രകാന്തം : ജൂൺ - ജൂലൈ
21. ബിന്ദു കെ.പി : ജൂൺ -സെപ്റ്റംബർ
22. വല്യമ്മായി & തറവാടി : ജൂലൈ - ഓഗസ്റ്റ്
23. ശ്രീവല്ലഭൻ : ഓഗസ്റ്റ് - സെപ്റ്റംബർ
24. മയൂര - ജൂൺ - ജൂലൈ
25. ബാബു എസ്. മാടായി - ഓഗസ്റ്റ് - സെപ്റ്റംബർ
26. സിയ : ഓഗസ്റ്റ് - സെപ്റ്റംബർ
27. കൈതമുള്ള് - ഓഗസ്റ്റ്
28. സതീശ് മാക്കോത്ത് & ആഷ : ഓഗസ്റ്റ്
29. മുസാഫിർ
30. സൂത്രൻ
31. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! (ബാംഗ്ലൂരിൽ നിന്ന് എത്തും )
32. പാവപ്പെട്ടവന്‍
33. തമനു
34. [Shaf] : ജുലൈ - ഓഗസ്റ്റ്
35. അരുണ്‍ കായംകുളം : ഓഗസ്റ്റ് - സെപ്റ്റംബർ
36. ജിപ്പൂസ്
37. മി | Mi



അപ്പോള്‍ നാട്ടിലുള്ള കൂട്ടുകാരേ, ഒന്നു കൂടി നമുക്കൊന്നു ശ്രമിച്ചാലോ..
പ്രവാസികളും, നാട്ടിലുള്ള ബ്ലോഗ്ഗേര്‍സിനും കൂടിച്ചേര്‍ന്ന്...
ഒരു മീറ്റും കൂടി..
ഒരു സൌഹൃദക്കൂട്ടായ്മ...


പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പരിൽ വിളീക്കുക.

ഹരീഷ് - 9447302370





UPDATE - 1 ; 06-06-2009 ; 2.10pm

ഇതുവരെ ചര്‍ച്ചകള്‍ ചെയ്തതിന്‍ പ്രകാരം ഈ മീറ്റ് ‘ചേറായിയില്‍‘ വച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.


ഇനി നമുക്കു തീരുമാനിക്കേണ്ടത് ‘ഏതു തീയതിയില്‍’ നടത്തണം എന്നതാണ്.
പ്രവാസികളായ ബ്ലോഗേര്‍സിന്റെ സൌകര്യങ്ങള്‍ കൂടി പരിഗണിച്ച് നമുക്ക് ഒരു തീയതി തിരഞ്ഞെടുക്കേണ്ടതുണ്ട്. ആയതുകൊണ്ട് ഇനിയുള്ള ചര്‍ച്ചകള്‍ തീയതിയേപറ്റി ആകട്ടെ എന്നു താല്പര്യപ്പെടുന്നു.


UPDATE - 2 ; 07-06-2009 ; 12.00pm

ഈ മീറ്റ് ‘ജൂലൈ 26 നു ചെറായിയില്‍’ വച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

കൂടുതല്‍ വിശദവിവരങ്ങളുമായി ഉടന്‍ തന്നെ ഒരു പോസ്റ്റ് ഈ ബ്ലോഗില്‍ ഇടുന്നതായിരിക്കും.