Monday, May 19, 2008

പ്രണയസമ്മാനം.....ഭാഗം:2

ഉപഭാഗം:1


രാവിലെ പതിവില്ലാത്തവിധം മഞ്ഞു വീഴുന്നുണ്ടായിരുന്നു. സാധാരണ ഡിസംബെര്‍, ജനുവരി മാസങ്ങളിലാണു ഇങ്ങനെ ഉണ്ടാകാരുള്ളത്. ഞാന്‍ നടയിറങ്ങി തൊടിയിലെ തെങ്ങിന്‍ തോപ്പുകള്‍ക്കിടയിലൂടെ നടന്നു. മനസ്സ് തികച്ചും അസ്വസ്ഥമായിരിക്കുന്നു. ഇന്നലെ രാത്രിയില്‍ നേരത്തെ മയങ്ങിപോയി. കഞ്ഞി എടുത്തുവച്ച്, അമ്മ കുടിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും വേണ്ടെന്നു പറഞ്ഞു. മനസ്സ് അസ്വസ്ഥമായതു കൊണ്ടാകാം ഒന്നും കഴിക്കാന്‍ തോന്നിയില്ല. ശ്രീക്കുട്ടിയെപ്പറ്റിയുള്ള ഓര്‍മകളിലൂടെ പാറിനടന്നിരുന്നതിനാല്‍ ഉറക്കം ഒരു പാതിമയക്കമായിപ്പോയി. അതിന്റെ ക്ഷീണവും ഉണ്ട്. മനസ്സ് അസ്വസ്ഥമാകുമ്പോള്‍ ചെയ്യാറുള്ളതാണ്, തൊടിയിലെ തെങ്ങിന്‍ തോപ്പില്‍ക്കിടയിലൂടെ പ്രഭാതത്തിന്റെ പ്രസന്നത ശ്വസിച്ചു കൊണ്ടുനടക്കുന്നത്.


`` നീയെന്താ, നേരത്തെ എഴുന്നേറ്റോ? `` അച്ഛനാണ്.


അച്ഛന്‍ രാവിലെ തൊടിയില്‍ പണി തുടങ്ങിയിരിക്കുന്നു; ഇന്നു കൂടെ കിട്ടുവേട്ടനും ഉണ്ടല്ലോ!!. കിട്ടുവേട്ടന്‍ ആളൊരു രസികനാണ്. മൂപ്പര്‍ക്ക് പണി തേങ്ങയിടലാണ്. അതിരാ‍വിലെ എഴുന്നേറ്റ് നഗരത്തിലെ ഷാപ്പിലേക്കു പോകും. കൂടെ ഒരു പറ്റം നായ്ക്കളും ഉണ്ടാകും. അവയെ ആട്ടിത്തെളിച്ചാവും പോക്ക്. തലേദിവസത്തെ അന്തി മിച്ചമുള്ളത് ഷാപ്പുകാരന്‍ കിട്ടുവേട്ടനു കൊടുക്കും. അതിരാവിലെ മൂത്തതടിച്ച് പൂസാ‍യി തിരിച്ച് ഗ്രാമത്തിലേക്ക്. എന്നിട്ട് ആരുടെയെങ്കിലും പുരയിടത്തില്‍ തേങ്ങയിടാനുണ്ടെങ്കില്‍ അവിടേയ്ക്ക് പോകും. പൂസായി വിറച്ച് വിറച്ച് തെങ്ങില്‍ കയറുന്നതു കാണുമ്പോള്‍ നമ്മളുടെ ഉള്ളു കാളും. എന്റെ ഭഗവതീ ഈ അതിയാനൊന്നും നമ്മടെ തെങ്ങില്‍ നിന്നും വീണ് ഒന്നും പറ്റല്ലേ എന്നു പ്രാര്‍ത്ഥിച്ചാവും ഓരോ വീട്ടുകാരും നില്‍ക്കുക. ആരുടെ സുക്രുതം കൊണ്ടാണാവൊ ഇന്നു വരെ കിട്ടുവേട്ടന്‍ വീണിട്ടില്ല. ഇതിനിടയില്‍ കവലയിലെ ഷാപ്പില്‍ പ്രഭാതന്‍ വരുമ്പോള്‍ അവിടേക്കോടും. ഇതിനിടയില്‍ കുറ്റ്യാടി തോട്ടിലേക്കൊരു പോക്കുണ്ട്, മീന്‍ പിടിക്കാന്‍. തിരികെ വരുമ്പോള്‍ ഓലമടലിന്റെ ചീന്തിലില്‍ തൂങ്ങിയ മുഴുത്ത മീനുകളും ഉണ്ടാകും. നല്ല വിലയ്ക്ക് അതു വാങ്ങാനും ആളുണ്ടായിരുന്നു.


`` അനീ, ഇന്നെന്താ മോനേ പരിപാടി `` കിട്ടു.


മറുപടിയായി ഒരു പുഞ്ചിരി സമ്മാനിച്ച്, ശ്രീക്കുട്ടിയുടെ തൊടിയുടെ അതിര്‍ത്തിയിലേയ്ക്കു നടന്നു. അച്ഛന്‍ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. മന:പൂര്‍വ്വമാണു അച്ഛനു മുഖം കൊടുക്കാതെ നടന്നത്. പഠിച്ച് ഡിഗ്രിയെടുത്ത മകന്‍ ഒരു പണിയുമെടുക്കാണ്ടു തെക്കുവടക്ക് നടക്കുന്നു. എന്നാല്‍ തൊടിയിലോ ഒരു കൈ സഹായിക്കുക; അതുമില്ല.. ആര്‍ക്കാണേങ്കിലും ദ്വേഷ്യം തോന്നാം. പക്ഷെ ഞാന്‍ എന്താ ചെയ്ക?, എത്ര ഇന്റെര്‍വ്യൂവിനു പോയതാണ്. ഏതെങ്കിലും ഒന്നു ശരിയാവേണ്ടെ. അതിന്റെ കൂടെ ഒരു ഏടാകൂടം കൂടി വലിച്ചുവെച്ചിരിക്കുന്നുവെന്നും... ഞാനെന്താ ചെയ്യെണ്ടത്, ശ്രീക്കുട്ടിയെ മറക്കാനാവില്ലാന്ന് അച്ഛനറിയില്ലല്ലൊ.


അതിരിന്റെ സൈഡില്‍ നട്ടിരിക്കുന്ന ഞാലിപൂവന്‍ വാഴകളുടെ ഇടയിലൂടെ ശ്രീക്കുട്ടിയുടെ വീടിന്റെ മുറ്റത്തേയ്ക്ക് നോക്കി പതുക്കെ ഞാന്‍ നടന്നു. എന്നും രാവിലെ ഈ പെണ്ണ് മുറ്റം തൂക്കുന്നതാണല്ലോ? ഇന്നെന്താണാവൊ കാണാത്തെ? ഒന്നു കണ്ടിരുന്നെങ്കില്‍... അതു മാത്രം മതിയായിരുന്നു. കാണാഞ്ഞിട്ട് എന്തോ... ചങ്കില്‍ ഒരു വിങ്ങല്‍. ഒരേഒരു നോട്ടം... എന്താണിങ്ങനെ....സത്യത്തില്‍ ഒരു ദിവസം കൂടി അവളെ പിരിയാനാവില്ല, കാണാണ്ടിരിക്കാന്‍ ആവില്ല. അതാണ് സത്യം. ഇതിനു മുന്‍പ് ഇങ്ങനെയൊരു വിങ്ങല്‍ പ്രേമം പുഷ്പിച്ചതിന്റെ ആദ്യനാളുകളിലായിരുന്നു. ഞാനന്ന് പത്തിലാണെന്നു തോന്നുന്നു, അവള്‍ എട്ടിലും. കുറച്ച് ദിവസങ്ങളായി അവളെ വീടിന്നു വെളിയില്‍ കാണുന്നില്ല. സ്കൂളിലേക്കും വരുന്നില്ല. ഒന്നുരണ്ടു പ്രാവശ്യം അന്യോഷിച്ച് അവളുടെ വീട്ടില്‍ ചെന്നു. പക്ഷെ ആരും അവളെക്കുറിച്ച് മിണ്ടുന്നതുപോലുമില്ല. ആകപ്പാടെ ഒരു ശൂന്യത... എന്തോ ഒന്നു കുറഞ്ഞു പോയതു പോലെ.... പിന്നീടെപ്പോഴോ അമ്മ ചേച്ചിയോടു സ്വകാര്യമായി പറയുന്നതു കേട്ടു `` കാവുമ്പുറത്തെ ശ്രീക്കുട്ടി വയസ്സറിയിച്ചു``. കേട്ടപ്പോള്‍ എനിയ്ക്ക് ആദ്യം വിഷമമാണു തോന്നിയത്. പിന്നീട് മനസ്സ് നിറഞ്ഞു തളിര്‍ത്തു. പക്ഷെ എങ്ങനെ അവളെ ഒന്നു കാണും? രണ്ടു മൂന്നു ദിവസങ്ങള്‍ക്കു ശേഷം സ്കൂള്‍ ഗ്രൌണ്ടിനടുത്തുള്ള ചുവന്നപൂക്കള്‍ വിരിയുന്ന വാകമരച്ചുവട്ടില്‍ വച്ച് അവിചാരിതമായി കണ്ടപ്പോള്‍ സകലനിയന്ത്രണവും വിട്ട് ചോദിച്ചു പോയി.

`` നല്ല പണിയാ കെട്ടോ താന്‍ കാണിക്കുന്നത് ``

`` അതെന്താ അനിയേട്ടാ, അങ്ങനെ പറഞ്ഞത് ``

`` എത്ര ദിവസമായി ഞാന്‍ കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരിക്കുന്നൂ, നീയെന്നെ പറ്റി ഒരു പ്രാവശ്യം എങ്കിലും ഓര്‍ത്തോ? ``

`` ഈ അനിയേട്ടന്‍ എന്തൊക്കെയാ പറയണെ ``

`` മണ്ണാങ്കട്ട `` എനിക്കു സങ്കടം കൂടി വന്നു. ഈ പൊട്ടിപ്പെണ്ണിനു ഒന്നും മനസ്സിലാകുന്നില്ലേ, അതോ ഒന്നും മനസ്സിലായില്ല എന്നഭിനയിക്കുവാണോ, എന്തോ?. അല്ലെങ്കില്‍ തന്നെ എന്തു പറയാന്‍, ഞാന്‍ മനസ്സിലുള്ളത് ഒന്നും തുറന്നു പറഞ്ഞിട്ടില്ലല്ലോ.

`` ഞാന്‍ പോവാണ് ``

`` നില്‍ക്കവിടെ `` എന്നും പറഞ്ഞുകൊണ്ട് ഞാനവളുടെ കൈത്തണ്ടില്‍ മുറുകെ പിടിച്ചു. എന്റെ കൈയില്‍ കിടന്ന് അവളുടെ കൈ ഞെരിഞ്ഞമര്‍ന്നു. കുപ്പിവളകള്‍ പൊട്ടി നിലത്തു വീണു ചിതറി. വളപ്പൊട്ടുകള്‍ക്കിടയില്‍പ്പെട്ട് ഞെരിഞ്ഞ അവളുടെ ഇളം കൈയില്‍ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു. ഒരു നിമിഷം, കൈ കുതറിച്ചെടുത്തുകൊണ്ട് അവള്‍ ചീറി.

`` നോക്കിയ്ക്കൊ, ഇന്ന് അച്ഛനോടു പറഞ്ഞ് ഞാന്‍ കാണിച്ച് തരണ്ണ്ട് ``

എന്റെ മനസ്സില്‍ ഒരേസമയം സങ്കടവും, ദ്വേഷ്യവും, പേടിയും ഉറഞ്ഞു പൊങ്ങി. ഇനി എന്താണാവോ ഉണ്ടാകുക?. ഭാഗ്യത്തിനു അവള്‍ അതു വീട്ടില്‍ പറഞ്ഞില്ല. അന്നു മുതല്‍ക്കാണു ശ്രീക്കുട്ടിയുടെ മനസ്സില്‍ ആര്‍ക്കുമില്ലാത്ത ഒരു സ്ഥാനം എനിക്കുണ്ടെന്നു തോന്നിത്തുടങ്ങിയത്.

ഇത്രനേരമായിട്ടും അവളെ കാണുന്നില്ലല്ലോ. ഇനി ഉച്ചകഴിയുന്നതു വരെ, അവള്‍ കുളിക്കാന്‍ പോകുന്നതും കാത്ത്, ഈ വേദനയും അടക്കിപ്പിടിച്ചിരിക്കണമല്ലോ, എന്റെ ഭഗവതീ...

`` അമ്മാവാ, ഇവിടെ എന്തെടുക്കുവാ? `` അമ്മുക്കുട്ടിയാണു.

ഒരു നിമിഷം, ചിന്തകളില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. ഒരു ജാള്യത മുഖത്തേയ്ക്ക് ഓടി വന്നു. എന്റെ ഉദ്ദേശ്യശുദ്ധി കണ്ടുപിടിച്ചാവോ, അവള്.

`` ഒന്നൂല്യ അമ്മൂട്ട്യേ, ഇന്നു നിനക്ക് സ്കൂളില്‍ പോവേണ്ടെ ``

`` പോണം; അമ്മ പറഞ്ഞു അമ്മാവന്‍ ഈ തൊടീലെവെടെയെങ്കിലും കാണും, വിളിച്ചോണ്ടുചെല്ലാന്‍``

`` ദാ വരുന്നൂ മോളൂ, നീ നടന്നോ ``

മുറ്റത്തേയ്ക്ക് നോക്കി, നെടുവീര്‍പ്പിട്ടുകൊണ്ട് ഞാന്‍ തിരിഞ്ഞു നടന്നു.

കാപ്പികുടി കഴിഞ്ഞു ഞാന്‍ കവലയിലേയ്ക്ക് ഇറങ്ങി. ശ്രീധരേട്ടന്റെ അടുക്കലേയ്ക്ക് പോണോ...അതോ...വേണ്ട, ഇന്നിനി ശ്രീധരേട്ടനെ കാണണ്ട. വായനാശാലയിലേയ്ക്കു നടന്നു. വായനാശാലയില്‍ നന്നെ ആള്‍ കുറവായിരുന്നു. പത്രങ്ങളും, ആനുകാലികങ്ങളും വെറുതെ ഒന്നു മറിച്ചു നോക്കി. ഒന്നിലും ഒരു ശ്രദ്ധയും കിട്ടുന്നില്ല. ശ്രീക്കുട്ടിയ്ക്കു കൊടുക്കാനുള്ള മറുപടി മനസ്സിലുണ്ട്. അതിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ പെരുവിരലില്‍ നിന്നും ഒരു വിറയല്‍ ഉള്ളിലേയ്ക്കു കടന്നു പോയി ശിരസ്സാഗ്രത്തില്‍ തട്ടി നില്‍ക്കുന്നു.

ഉപഭാഗം:2

`` ശ്രീക്കുട്ടി, പനി കുറവുണ്ടോ മോളെ ``

`` കുറവുണ്ട് സുജാതേച്ചീ ``

`` ഇന്നലെ രാത്രീലത്തെ മഞ്ഞുകൊണ്ടതാണു പ്രശ്നായെ, ഞാന്‍ പറഞ്ഞതല്ലേ ടെറസ്സില്‍ നില്‍ക്കണ്ടാന്ന്, അപ്പോ അമ്പിളിമാമനെ കാണണംന്നും പറഞ്ഞ്.....``

അമ്പിളിമാമനെ കാണാന്‍ തന്നെയാ രാത്രീല് ടെറസ്സിന്റെ മുകളില്‍ കയറിനിന്നത്, പക്ഷെ അമ്പിളിമാമന്‍ അനിയേട്ടനാണെനു മാത്രം. പക്ഷെ ഇന്നലെ അനിയേട്ടന്‍ എവിടെ പോയി? ഒരു പക്ഷെ ഉറങ്ങി പോയിരിക്കുമോ? എന്താണവോ അനിയേട്ടനൊരു മൌനം. ഇന്നലെ കണ്ടപ്പോഴും... ഇനി എന്നെ ഇഷ്ടമില്ലെ ആവോ? ചില കഥകളിലൊക്കെ വായിക്കണതു പോലെ... ച്ഛെ... ഞാനിതെന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നത്. വിഡ്ഡിത്തരം. എന്റെ അനിയേട്ടന് ഞന്‍ കഴിഞ്ഞേ ഉള്ളൂ എന്തും. സ്നേഹം മൂത്തുപോയതു കൊണ്ടായിരിക്കും എനിയ്ക്കങ്ങനെ തോന്നുന്നത്. പാവം അനിയേട്ടന്‍... എന്റെ ചേട്ടന്മാര്‍ എത്ര ഭീക്ഷണി മുഴക്കി. പക്ഷെ അനിയേട്ടന്‍ പിടിച്ചു നില്‍ക്കുന്നു, എനിക്കുവേണ്ടി. എന്തായലും ഇനി കിടക്കണ്ട. എഴുന്നേല്‍ക്കുക തന്നെ. കുറ്റ്യാടിതോട്ടില്‍ കുളിക്കാന്‍ പോവാം. അമ്മ സമ്മതിക്കാന്‍ തരമില്ല. എങ്കിലും പോകണം. എന്നിട്ട് അനിയേട്ടനെ കാണണം.. പിന്നെ...

കുട്ടിക്കാലം എന്തുമാത്രം രസകരമായിരുന്നു. മണിയന്ത്രം മലയടിവാരത്തുള്ള മൊട്ടക്കുന്നുകളിലെ പച്ചപ്പരവതാനി വിരിച്ച ആ പുല്‍മേട്ടില്‍ ഏകനായി നിന്നിരുന്ന ആല്‍മരച്ചോട്ടിന്റെ കല്ലുപാകിയ ചുവട്ടില്‍ കൂട്ടമായി ഇരുന്ന് ആന്ത്രാക്ഷരി കളിച്ചിരുന്ന കാലം.....വൈകുന്നേരം സ്കൂള്‍ വിട്ട് തുള്ളിച്ചാടി നടന്നിരുന്ന ആ നാട്ടുവഴികള്‍.....കുറ്റ്യാടിതോട്ടിനരികിലുള്ള കയ്യാണിയില്‍ പരല്‍മീനുകളെ തോര്‍ത് ഉപയോഗിച്ച് പിടിക്കാന്‍ പോയിരുന്ന ആ നല്ല നാളുകള്‍.....ചിങ്ങമാസത്തില്‍ നെല്‍ പാടത്തുനിന്നും കൊയ്തുകൊണ്ടുവരുന്ന കറ്റകള്‍ മുറ്റത്ത് മെതിക്കാനായി കൂട്ടം കൂട്ടമായി ഇടും, അതിനിടയിലൂടെ സാറ്റ് കളിച്ചു നടന്നിരുന്ന ആ നല്ല കാലം..... പിന്നാമ്പുറത്തെ മാവിന്റെ മുകളില്‍ കയറി മാങ്ങാ പറിച്ചു നടന്ന കാലം....പിന്നെ മാങ്ങാച്ചൊന കവിളത്ത് പറ്റി പൊള്ളിയതും..... അമ്മയുടെ അടി പാഴ്സലായി വാങ്ങിയതും.... ചാറ്റല്‍മഴയും വെയിലും കൊണ്ട് പാറിനടന്ന കാലം..... എല്ലാം.... അന്നൊക്കെ അനിയേട്ടനും എന്റെ ചേട്ടന്മാരും നല്ല കൂട്ടുകാരായിരുന്നു. പക്ഷെ പിന്നീടത്..... അന്നൊക്കെ വള്ളിനിക്കറും ഇട്ട് നടന്നിരുന്ന മെലുഞ്ഞുണങ്ങിയ ആ ചെക്കന്‍ എനിക്കാരായിരുന്നു.... ആരും അല്ലായിരുന്നു. കുഞ്ഞാങ്ങളമാരുടെ ഓമനയായിരുന്ന ഞാന്‍ കള്ളം പറഞ്ഞ് എത്രയോ പ്രാവശ്യം ആ ചെക്കനു അടി വാങ്ങി കൊടുത്തിരിക്കുന്നു. പിന്നീടെപ്പോഴോ കളീക്കൂട്ടുകാരന്‍ ചെക്കന്‍ ഒരിക്കലും മറക്കാനാവാത്ത സ്നേഹബന്ധത്തിന്റെ ഏട് ആയി മാറി. വയസ്സറിയിച്ച സമയമാണെന്നുതോന്നുന്നു. വീട്ടില്‍ നിന്നും പുറത്തിറങ്ങാനേ അനുവാദമില്ലായിരുന്നു. ഒരാഴ്ചക്കു ശേഷം സ്കൂളില്‍ ചെന്നപ്പോള്‍ , ഗ്രൌണ്ടിന്റെ ഓരത്തുള്ള വാകമരത്തിന്‍ കീഴില്‍ വച്ച് ഒന്നും രണ്ടും പറഞ്ഞ് അനിയേട്ടന്‍ കൈയില്‍ പിടിച്ച് ഞെരിച്ച് വളകള്‍ പൊട്ടി രക്തം പൊടിഞ്ഞപ്പോള്‍, എനിക്കവനെ കൊല്ലാനുള്ള ദ്വേഷ്യമുണ്ടായിരുന്നു. അച്ഛനോടു പറയും എന്നും പറഞ്ഞ് കുതറിമാറി തിരിഞ്ഞു നടന്നപ്പോള്‍, ഒരു നിമിഷം ആ മുഖത്തേയ്ക്കു നോക്കി. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. ചുണ്ടുകള്‍ വിറച്ചിരുന്നു. എന്തോ പറയാന്‍ വിതുമ്പുന്നതു പോലെ തോന്നി. വീടടുക്കും തോറും എന്റെ ദ്വേഷ്യം അലിഞ്ഞലിഞ്ഞില്ലാണ്ടായി. അന്ന് മുഴുവന്‍ ആ നിറകണ്ണുകള്‍ മനസ്സില്‍ നിന്നും മാഞ്ഞതേയില്ല. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഞാനറിയാതെ തന്നെ ആ മനസ്സിന്റെ തീരത്തേയ്ക്ക് അടുത്തുകൊണ്ടിരുന്നു.

`` എന്താ മോളെ, ഇനി എഴുന്നേറ്റ് ഇത്തിരി കഞ്ഞി കുടിയ്ക്ക്, എന്നിട്ടു കിടക്കാം `` അമ്മ.

`` ങ്ഹൂം, ശരിയമ്മേ ``

പാവം എന്റെ അമ്മ, ക്ഷീണിതയായിരിക്കുന്നു. ഈ ലോകത്തില്‍ ഞാന്‍ പറയുന്നതു കേള്‍ക്കാന്‍ മനസ്സുള്ള ഒരാള്‍ അമ്മയാണ്. എന്റെ എല്ലാ കുറുമ്പുകള്‍ക്കും കൂടെ നിന്നിരുന്ന അമ്മ, ഇപ്പോള്‍ വയ്യാണ്ടാ‍യിരിക്കുന്നു. അച്ഛന്റെ വാശികള്‍ അമ്മയുടെ സ്വൈര്യം കെടുത്തി.

`` അമ്മേ, ഞാന്‍ ഉച്ചകഴിഞ്ഞ് ഒന്നു മുങ്ങി കുളിച്ചിട്ടു വരാം, പനിക്കിത്തിരി കുറവുണ്ട്, ക്ഷീണവും മാറുമല്ലോ ``

`` ഇതെന്തൊരു കേടാ ശ്രീക്കുട്ടി നിനക്ക്, ഇനി കുളിക്കാന്‍ പൊവ്വേ, എന്തായാലും പനി മാറട്ടെ, അച്ഛനെങ്ങാനും അറിഞ്ഞാല്‍ പിന്നെ അതുമതി പൂരം!! ``

അമ്മയോടു തര്‍ക്കിച്ചു നിന്നിട്ടു കാര്യമില്ല. വല്ലവിധവും പോകുക തന്നെ. പോകുന്ന വഴിയില്‍ എവിടെയെങ്കിലും അനിയേട്ടന്‍ കാത്തിരിക്കുന്നുണ്ടാകും. ഇനി വയ്യാ ഈ പിശാചുപിടിച്ച ഏട്ടന്മാരുടെ കൂടെ ജീവിക്കാന്‍. അനിയേട്ടന്‍ എന്താണാവോ തീരുമാനിച്ചിരിക്കുന്നത്? മൂഴിക്കലമ്മേ നീ തന്നെ തുണ. ഈ ജന്മം അനിയേട്ടനില്ലാതെ ജീവിക്കാനാവില്ല. അനിയേട്ടനാണെന്റെ സര്‍വ്വവും...

(തുടരും....)

8 comments:

Vishnuprasad R (Elf) said...

അടുത്ത ഭാഗം വേഗം എഴുതൂ . വളരെ നന്നായിട്ടുണ്ട്

Unknown said...

ഗ്രാമത്തിന്റെ നിഷകളങ്കമായ സൌന്ദര്യം ഒപ്പിയെടുക്കുന്നു ഹരിഷിന്റെ പ്രണയകഥ
ശരിക്കും ഞാന്‍ എന്റെ കുട്ടിക്കാലത്തെക്ക്
മടങ്ങി പോയ
അച്ചമ്മക്കൊപ്പം മൂഴിക്കലമ്മയെ കാണാന്‍
മിക്കവാറും വരാറുണ്ടായിരുന്നു
ആ ഓര്‍മ്മക്കളിലേക്ക്
മനസിനെ പറിച്ചു നടന്നു

Unknown said...

ഞാന്‍ വീണ്ടും വരുന്നുണ്ട് വിശദമായി വായിക്കാന്‍
എന്റെ നാട്ടുക്കാരന്റെ കഥ അദ്യം വായിക്കേണ്ടത്
ഞാനല്ലേ

സജി said...

ആകെ കൊതിപ്പിച്ചു കളഞ്ഞല്ലോ ....
ഇന്നിനി പഴയ ഓര്‍മ്മകളില്‍ നിന്ന് രക്ഷയില്ല..

Unknown said...

ദെ ഞാന്‍ വീണ്ടു എത്തി.എവിടെ വരാതെയിരിക്കാന്‍ എനിക്ക് പറ്റില്ലാല്ലോ

കാവ്യ said...

വളരെ നന്നായിട്ടുണ്ട്

Anonymous said...

നന്നായിട്ടുണ്ട്..ആശംസകള്‍

ഹരീഷ് തൊടുപുഴ said...

ഡോണ്‍, അനൂപ്, സജി, കാവ്യ,കള്ളപ്പൂച്ച ഇവിടെ വന്നതിനും കമ്മെന്റിയതിനും ഒട്ടേറെ നന്ദി.