Wednesday, August 20, 2008

പെരുമഴക്കാലം

മുക്കാലോളം പുകച്ചു തള്ളിയ കട്ടന്‍ ബീഡി ഒരു പുക കൂടി ആഞ്ഞുവലിച്ച്; നിലത്തുകുത്തിക്കെടുത്തി റോഡരുകിലെ ഓടയിലേയ്ക്ക് അയാള്‍ വലിച്ചെറിഞ്ഞു. പുറത്ത് റോഡില്‍ മഴ ചന്നം പിന്നം തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. ഓടയിലെ കുതിച്ചൊഴുകുന്ന വെള്ളത്തിലൂടെ കുത്തിക്കെടുത്തിയ ബീഡികുറ്റി ഒഴുകി അപ്രത്യക്ഷമാകുന്നത് നിര്‍വികാരനായി അയാള്‍ നോക്കിയിരുന്നു. വെളിയിലെ ശക്തമായ മഴയില്‍ ചേമ്പിലകൊണ്ട് തലഭാഗം നനയാതെ മൂടി വളരെ വേഗത്തോടെ നടന്നുപോകുന്ന കണാരേട്ടനെ കണ്ടപ്പോള്‍ അയാള്‍ തന്റെ മോളെക്കുറിച്ചോര്‍ത്തു. ഇനും പതിവുപോലെ രാവിലെ മീനൂട്ടി കരഞ്ഞുംകൊണ്ടാണ് സ്കൂളിലേയ്ക്കുപോയത്. ഒരു കുട പോലും ഇല്ലാതെ; മഴ നനഞ്ഞു കൊണ്ട്.. ഈ മാസത്തെ ഫീസും അടച്ചിട്ടില്ലാ; ഇന്നു സാര്‍ വെളിയില്‍ ഇറക്കിനിര്‍ത്തുമെന്നാണു പറഞ്ഞിരിക്കുന്നത്.. ഏതായാലും ഇന്നു വൈകിട്ട് സ്കൂള്‍ വിട്ടുവരുമ്പോഴേക്കും കുടയും, ഫീസും എങ്ങനേയും ഒപ്പിച്ചുകൊടുക്കാമെന്നേറ്റിട്ടാണ് രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്. പക്ഷെ ഇന്നും വെറുതെ ഈ തിണ്ണയിലിരുപ്പുതന്നെ ജോലി.

പീടികത്തിണ്ണയില്‍ ഇട്ടിരുന്ന വയസ്സുമൂത്ത് കരച്ചില്‍തുടങ്ങിയ വള്ളിക്കസേരയില്‍ അയാള്‍ പിന്നോട്ടാഞ്ഞ് ഒന്നുകൂടി ഞരങ്ങി ഇരുന്നു. എന്നിട്ട് വലത്തുവശത്തുള്ള പപ്പടക്കണ്ണന്റെ പീടികയിലേയ്യ്ക്ക് തലവെട്ടിച്ച് ഒളിഞ്ഞുനോക്കി. കര്‍ക്കിടകം തുടങ്ങിയാല്‍ വറുതിയുടെ നാളുകളാണ്. എത്ര നാളാ‍യി ഒരു പണികിട്ടിയിട്ട്. കര്‍ക്കിടകം തുടങ്ങിയതുമുതല്‍ ഇവിടെ കണ്ണന്റെ അടുത്താണ് പൊറുതി. കാലത്തുവന്നീ ഒടിഞ്ഞ കസേരയിലിരിക്കും; ഉച്ചയാകുമ്പോഴേക്കും ഒരു പൈന്റിനുള്ള കാശ് കണ്ണന്‍ എങ്ങിനെയെങ്കിലുമുണ്ടാക്കും. പപ്പടത്തിന് ഏതുകാലത്തും ആവശ്യക്കാരുള്ളതിനാല്‍ മദ്യപാനം ഒരു മുട്ടുമില്ലാതെ നടന്നുപോകുന്നു. ഇന്നും ഷെയറുകൊടുക്കാതെ തന്നെ... കണ്ണന്‍ കൊടുത്ത കാശുംവാങ്ങി രാജു പട്ടണത്തിലേയ്ക്കുപോയിട്ടുണ്ട്; ഒരു പൈന്റ് വാങ്ങാന്‍... ഒന്നോര്‍ത്താല്‍ പപ്പടക്കണ്ണന്റെ ജീവിതമാണ് സുഖകരം. ഒരു പ്രാരാബ്ധവുമില്ല. ഭാര്യ കാന്‍സര്‍ വന്നു മരിച്ചുപോയി. ആകെ ഒരു ചെറുക്കനുള്ളത് ചെറുപ്പത്തിലേ ഒളിച്ചോടിയും പോയി. ഇപ്പോള്‍ കിട്ടണ കാശിന് തിന്നും, ബോധം മറയുംവരെ കുടിച്ചും ഈ പീടികത്തറയില്‍ കിടന്നുറങ്ങാം. തന്റെ കാര്യമോ... നാലുവര്‍ഷം മുന്‍പ് പന്തലിടാന്‍ വേണ്ടി പള്ളിയുടെ മുകളില്‍ നിലകെട്ടുന്നതിനിടയില്‍ വീണ വീഴ്ചയുടെ ഓര്‍മ്മ കര്‍ക്കിടകമാകുമ്പോള്‍ ശരീരം പുതുക്കും. കര്‍ക്കിടകം പുലര്‍ന്നാല്‍ തുള്ളിക്കൊരുകുടം പോലെ പേമാരി. ഒരു പണിയും ഇല്ലാതാനും. എന്നാലോ പുതിയപുതിയ രോഗങ്ങള്‍ക്കൊട്ടും കുറവില്ലാതാനും. ആശുപത്രിയില്‍ കൊടുക്കാന്‍ പോലും കാശില്ലാത്ത അവസ്ഥ. കൂടെ പട്ടീണിയും പരിവട്ടവും മിച്ചം!! പണയം വെയ്ക്കാനിനി ബാക്കിയുള്ളത് ഭാര്യയുടെ കഴുത്തില്‍ കറുത്ത ചരടിന്മേല്‍ കോര്‍ത്തിട്ടിരിക്കുന്ന താലി മാത്രം!!! എന്തൊരു പരീക്ഷണകാലഘട്ടമാണിത്!! ഇന്നലെ 16 രൂപകൊടുത്ത് വാങ്ങിയ 2 കിലോ കപ്പ അത്താഴത്തിന് ചെണ്ടപുഴുങ്ങിയതില്‍നിന്നും മിച്ചം പിടിച്ച രണ്ടുകഷ്ണം കഴിച്ചാണ് എന്റെ പൊന്നുമോള്‍ കാലത്തെ സ്കൂളില്‍ പോയിരിക്കുന്നത്; അതും മഴനനഞ്ഞ്... ഒരു കുട വാങ്ങാന്‍ പോലും ഗതിയില്ലാത്ത ഈ അച്ഛ്ന്‍; ഭഗവാനേ... ആരെങ്കിലും ഒന്നു ചത്തിരുന്നെങ്കില്‍... ഒരു പടുത വലിച്ചുകെട്ടിക്കൊടുത്തിട്ടാണെങ്കിലും എന്റെ മോള്‍ക്ക് ഇന്നത്താഴത്തിന് ഒരു പിടി ചോറുകൊടുക്കാമായിരുന്നു....

“രവിയേട്ടാ ദാ ഇത് പിടി”
ങാ!! രാജു വന്നുവോ; അവന്‍ കൊടുത്ത, റമ്മൊഴിച്ചുകറപിടിച്ച ഗ്ലാസിന്റെ മുക്കാല്‍ഭാഗത്തോളം ഒഴിച്ച ആ ചുവന്നദ്രാവകം അയാള്‍ വായിലേക്ക് കമിഴ്ത്തി. ഉള്ളില്‍ തൊണ്ടയിലൂടെ, ചങ്കിന്‍ കൂടിനുള്ളിലൂടെ, കുടലിലൂടെ ഒരു ചെറുചൂട് കത്തിയമര്‍ന്നു താഴോട്ടിറങ്ങി. ഇനി കുറച്ചുനേരത്തെക്കെങ്കിലും ഈ തീര്‍ത്താല്‍തീരാത്ത പ്രാരാബ്ധമില്ലാത്ത ലോകത്തുകിടന്നു വിലസാം... പങ്കിടലിലെ രണ്ടാമത്തെ ഊഴത്തിനുവേണ്ടി അയാള്‍ കാത്തിരുന്നു... റോഡിലെ തകര്‍ത്താടുന്ന പ്രക്രുതിയെ വീക്ഷിച്ചുകൊണ്ട്......

18 comments:

ഉപാസന || Upasana said...

umm
nalla smarankal
:-)
Upasana

smitha adharsh said...

വെള്ളമടി നടക്കട്ടെ...തകൃതിയായി...അങ്ങനെയാനെന്കില്‍ ഫീസടയ്ക്കാനുള്ള കാശും,കുടയും മാനത്ത് നിന്നും പൊട്ടി വീണാലോ..
ഞങളുടെ വീടിനടുത്ത് ഇതുപോലെ ഒരു വാസു ഉണ്ടായിരുന്നു..ഈ പോസ്റ്റ് വായിച്ചപ്പോള്‍ അയാളെ ഓര്‍ത്തുപോയി..

കാന്താരിക്കുട്ടി said...

അയാള്‍ക്ക് മദ്യത്തില്‍ എല്ലാം മറക്കാം.വ്വീട്ടിലിരിക്കുന്ന ഭാര്യയും മക്കളും എന്തു കഴിക്കണം
നല്ല പോസ്റ്റ് കേട്ടോ നന്നായി

ബിന്ദു കെ പി said...

നല്ല കഥ ഹരീഷ്.

ശ്രീ said...

കഥ നന്നായി. കാന്താരി ചേച്ചി ചോദിച്ചതു ന്യായം.

നവരുചിയന്‍ said...

നല്ല കഥ .. മനോഹരം അയ അവതരണം. തുടരുക ...

Rare Rose said...

കുറച്ചേ ഉള്ളൂവെങ്കിലും ചുറ്റുപാടും കഥയും നന്നായി അവതരിപ്പിച്ചിരിക്കുന്നു....ഇനിയും പോരട്ടെ..ആശംസകള്‍...:)

നരിക്കുന്നൻ said...

നല്ല കഥ. ഇന്നെങ്കിലും ആ പൈന്റ് മറിച്ച് വിറ്റിട്ടെങ്കിലും മിനൂന് സ്കൂൾ ഫീസ് കൊടുക്ക്. ഒരു കുട വാങ്ങിക്കൊട്.

ജീവിത യാത്രയിൽ പലേടത്തും കണ്ട് മറന്ന ഒരു ജീവിതം ഇത്ര മനോഹരമായി എഴുതിയതിന് നന്ദി.

നന്നായിരിക്കുന്നു.

രണ്‍ജിത് ചെമ്മാട്. said...

നന്നായി അവതരിപ്പിച്ചിരിക്കുന്നു...
ആശംസകള്‍..

ഹരീഷ് തൊടുപുഴ said...

ഉപാസന: നന്ദി...

സ്മിത: നമ്മുടെ നാട്ടില്‍ വെള്ളമടിക്കാന്‍ കൈയ്യില്‍ കാശ് വേണമെന്നില്ല. ആരെങ്കിലും ഫ്രീയായി വാങ്ങിത്തരും. പക്ഷെ ഒരു അഞ്ചു രൂപ കടം ചോദിച്ചുനോക്കിയെ...തരാനാരുമുണ്ടാവില്ല
കമ്മെന്റിനു നന്ദി...

കാന്താരി: അയാള്‍ നിസ്സഹായനാണ് കാന്താരികുട്ടീ..സ്മിതക്കു കൊടുത്ത മറുപടി ദയവയി ശ്രദ്ധിക്കൂ....നന്ദി

ബിന്ദുചേച്ചീ, ശ്രീക്കുട്ടാ, നവാ, റോസ്, രെണ്‍ജിത്ത്: കമ്മെന്റ്സിനു ഒട്ടേറെ നന്ദി

നരിക്കുന്നന്‍: അതു നടക്കുമെന്ന് തോന്നുന്നുണ്ടോ??
നന്ദി....

Gopan (ഗോപന്‍) said...

കഥ നന്നായി ഹരീഷ്.
എഴുതിയ രീതിക്ക് പ്രത്യേക അഭിനന്ദനങ്ങള്‍

mmrwrites said...

വെള്ളമടി ഫ്രീയായി നടക്കും.. വീട്ടു ചെലവ് നടക്കുകയുമില്ല. ലൊക്കേഷന്‍ മാറിനോക്കണ്ടേ.. മാറിനോക്കാത്തത് പൈന്റിനുള്ള സാദ്ധ്യത ഉള്ളതുകൊണ്ടുമാകാം. നന്നായിട്ടുണ്ട്.

Leji said...

കൊള്ളാം :)

'മുല്ലപ്പൂവ് said...

:)

Sureshkumar Punjhayil said...

Good Work...Best Wishes...!!!

അനൂപ്‌ കോതനല്ലൂര്‍ said...

നന്നായിരിക്കുന്നു ഹരിഷെ

മാറുന്ന മലയാളി said...

ഹരീഷെ നല്ല കഥ.

ഹരീഷ് പറഞ്ഞ മറ്റൊരുകാര്യം പരമാര്‍ഥമാണ്. വിശന്നു വലയ്യുന്നവന് ആഹാരം ആരും വാങ്ങിക്കോടുക്കില്ല, പക്ഷെ മദ്യം അതെത്ര വിലയാണെങ്കില്‍ പോലും വാങ്ങിക്കൊടുക്കാന്‍ ആളുകള്‍ റെഡി....ഒരുത്തനെ നശിപ്പിക്കാന്‍ കിട്ടുന്ന അവസരമല്ലേ..അതാ ഇത്ര ഉത്സാഹം...

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

കുടിപ്പിച്ചേ....അടങ്ങൂ അല്ലേ....?