Tuesday, June 23, 2009

ആത്മഹത്യ

കുറച്ചുനാള്‍ മുമ്പാണ്, കടയിലിരുന്ന് കണക്കുകള്‍ക്കിടയിലൂടെ പരതി നടന്നുകൊണ്ടിരുന്നപ്പോളാണ് യാദൃശ്ചികമായി ചന്ദ്രന്‍ ചേട്ടന്‍ കടന്നു വന്നത്. പതിവില്ലാത്ത വിധം ശുഭ്രവസ്ത്രധാരിയായിയാണയാള്‍ സന്നിഹിതനായിരുന്നത്. അമിതമായി മദ്യപിച്ച ലക്ഷണം പ്രകടമായിരുന്നു. കൂടെ വാ നിറയെ മുറുക്കാനും ചവച്ചിരുന്നു. വന്നപാടെ എന്റെ മുന്‍പില്‍ കിടന്ന കസേര ഒരെണ്ണം വലിച്ചിട്ടിരുന്ന്, എന്നെ അഭിസംബോധന ചെയ്തു കൊണ്ട് അന്തവും കുന്തവുമില്ലാതെ ഓരോന്നായി പുലമ്പുവാനാരംഭിച്ചു. ഇതിനിടയില്‍ മുറുക്കി ചുവപ്പിച്ച മുറുക്കാന്‍ വെളിയിലേക്ക് തുപ്പാന്‍ എഴുന്നേറ്റ് പോകുകയും, പിന്നെയും തിരിച്ച് ഇരിപ്പിടത്തില്‍ ആസനസ്ഥനാകുകയും പതിവു പരിപാടി അനുസൂതം തുടരുകയും ചെയ്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഈ ചെയ്തികള്‍ എന്നില്‍ ഇത്തിരി നീരസം വളര്‍ത്തിയെങ്കിലും, ക്ഷമയോടു കൂടി അദ്ദേഹത്തിനു ശ്രദ്ധ കൊടുത്തുകൊണ്ടിരുന്നു. എന്റെ പണിക്കാരിലൊരാളുടെ വകയിലൊരു ജേഷ്ഠനും, മുന്‍പണിക്കാരന്റെ അച്ഛനും, കടയിരിക്കുന്ന ഭാഗത്തെ മുന്‍ ചുമട്ടുതൊഴിലാളിയുമായിരുന്ന ഇദ്ദേഹം കുറെക്കാലം കൂടിയാണ് ഈ വഴിക്കു വന്നിരുന്നത്. മകന്റെ കല്യാണനിശ്ചയമടുത്തിരുന്നതിനാല്‍ അതു ക്ഷണിക്കാനാകും എന്നാണു ഞാന്‍ ഊഹിച്ചിരുന്നത്. പുലമ്പലുകള്‍ക്കിടയില്‍ അദ്ദേഹം തന്റെ മകന്റെ കല്യാണ നിശ്ചയവും, കല്യാണവും ഞാന്‍ മുന്‍പില്‍ നിന്ന് ജേഷ്ഠസഹോദരതുല്യനായി നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. കൂടെ ഞാന്‍ തന്നെ പന്തലിട്ടുകൊടുക്കുകയും, പ്രസ്തുത രണ്ടു പരിപാടികള്‍ക്കും ചിക്കന്‍ ബിരിയാണി ഉണ്ടാക്കി ഇതൊരു ആഘോഷമാക്കി സംഘടിപ്പിക്കണമെന്നും, സഹകരിക്കണ്മെന്നും ആവശ്യപ്പെട്ടു. കല്യാണനിശ്ചയക്ഷണം പ്രതീക്ഷിച്ചുകൊണ്ടിരുന്ന എന്നില്‍ അദ്ദേഹത്തിന്റെ ഈ പ്രസ്താവനകള്‍ ദുരൂഹതയുണ്ടാക്കിയെങ്കിലും, വെള്ളത്തിന്റെ പുറത്തുള്ള പുലമ്പലുകളാകാം എന്നു നിനച്ച് സ്വല്‍പ്പം ചൂടായിത്തന്നെ ഇങ്ങനെ മറുപടി നല്‍കി.

‘പന്തലു ഞാനിട്ടോളാം, ചിക്കനും ബിരിയാണിയുമൊക്കെ നിങ്ങള് കുടുംബക്കാരു തന്നെ ഒണ്ടാക്കിയാല്‍ മതി’

സ്വല്‍പ്പം പരിഹാസത്തോടു കൂടി ഇത്രയും കൂടി പറഞ്ഞു..

‘ഇതെല്ലാം എന്നെയേല്പിച്ചിട്ട് ചന്ദ്രന്‍ ചേട്ടനെങ്ങോട്ടു പോകുവാ, ആ സമയത്തു മുങ്ങാനുള്ള പ്ലാനാ...’

ഇതു കേട്ടപാടെ അദ്ദേഹം ഇരിപ്പിടത്തില്‍നിന്നും ചാടി എഴുന്നേറ്റ്, ഉടുമുണ്ടിന്റെ ഒരു സൈഡ് വകഞ്ഞുമാറ്റി അകത്തെ അണ്ടെര്‍വിയറിന്റെ ഉള്ളിലുള്ള പോക്കെറ്റില്‍ കൈയിട്ടുകൊണ്ട് ഇങ്ങനെ പറഞ്ഞു.

‘പന്തലിടാനുള്ള കാശും, ചിക്കന്‍ വാങ്ങാനുള്ള കാശും കൂടി ഇപ്പോള്‍ തന്നെ പിടിച്ചോ..’

അപ്രതീക്ഷിതമായ ഈ പുലമ്പലുകള്‍ ശ്രവിച്ചപ്പോള്‍, ഒരു അസ്വഭാവികത എനിക്കു തോന്നിയെങ്കിലും കള്ളിനെ പുറത്തുള്ള ഹാങ്ങോവര്‍ മൂലകാകാം എന്നു നിനച്ച് ഞാന്‍ പ്രതിമൊഴിഞ്ഞു..

‘ ഓ!! കാശെനിക്കൊന്നും വേണ്ടാ; ചന്ദ്രന്‍ ചേട്ടന്‍ തന്നെ വെച്ചാല്‍ മതി’

ഞാനിങ്ങനെയൊക്കെ പറഞ്ഞിട്ടും അദ്ദേഹം തന്നേം പിന്നേം ഇതുതന്നെ പുലമ്പികൊണ്ടേയിരുന്നു..
ശ്ശോ!! ഈ നരകം; വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കുകയില്ലല്ലോ എന്നു മനസ്സില്‍ വിചാരിച്ച്, ടി.യാനെ ഒഴിവാക്കാനായി മൈന്‍ഡ് ചെയ്യുന്നില്ല എന്നു വരുത്തി എന്റെ ജോലികളീലേക്ക് തിരിച്ച് വ്യാപൃതനായി.



അതിയാന്‍ പിന്നെയും ഓരോരോ കാര്യങ്ങള്‍ പുലമ്പിക്കൊണ്ടിരിക്കുകയും, ഇടക്ക് വെളിയിലേക്കിറങ്ങി മുറുക്കിത്തുപ്പിക്കൊണ്ടിരിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഇങ്ങനെ കുറച്ചു നേരം തുടര്‍ന്നപ്പോള്‍; ഞാന്‍ മടുത്ത് അദ്ദേഹത്തോട് ആജ്ഞാപിച്ചു.

‘ചന്ദ്രന്‍ ചേട്ടാ; പൂളക്കള്ളടിച്ച് പൂസായി പട്ടണത്തില്‍ ചുറ്റിനടക്കാതെ, വീട്ടില്‍ പോയി കിടന്നുറങ്ങാന്‍ നോക്ക്..’

എന്നിട്ട് എങ്ങനെയെങ്കിലും ഒന്നൊഴിവായിപ്പോട്ടേയെന്നും വിചാരിച്ച്, അദ്ദേഹത്തിനു ശ്രദ്ധകൊടുക്കാതെ കണക്കുകളിലേക്ക് വീണ്ടും ഊളിയിട്ടു. അപ്പോള്‍ അദ്ദേഹം നിശബ്ധനാകുകയും, കുറച്ചു നേരം വെളിയിലേക്ക് വെറുതേ നോക്കിയിരിക്കുകയും, അതിനു ശേഷം ‘ഞാന്‍ പോകുവാ’ എന്നും പറഞ്ഞ് ഇറങ്ങിപ്പോകുകയും ചെയ്തു. ഇനിയും നേരെ നോക്കിയാല്‍ ഈ പാമ്പ് എന്നെ പോസ്റ്റാക്കിയാലോ എന്നു വിചാരിച്ച് കണക്കുബുക്കില്‍ നിന്നും മുഖമെടുക്കാതെ ഞാനും ‘ഊം’ എന്നു മൂളി.



അദ്ദേഹം പോയതിനു ശേഷം; ഹൊ!! രക്ഷപെട്ടു എന്നു ദീര്‍ഘനിശ്വാസവും വിട്ടുകൊണ്ട്; കട താഴ്തുകയും ഉച്ചയൂണു കഴിക്കാന്‍ വീട്ടിലേക്കു പോകുകയും ചെയ്തു. ഉച്ചയൂണിനുശേഷം ഒന്നു മയങ്ങി, തിരിച്ച് കടയിലെത്തിയപ്പോഴേക്കും പണിക്കാരിലൊരാളുടെ ഫോണ്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.

‘നമ്മുടെ ചന്ദ്രന്‍ ചേട്ടന്‍ പോയി, പാലയില്‍ തൂങ്ങി...’

കുറെനേരം ഞാന്‍ ഞെട്ടിത്തരിച്ചു സ്തബ്ധനായി നിന്നു. നിര്‍വികാരതയാര്‍ന്ന മനസ്സിന്റെ അകത്തളങ്ങളിലേക്ക് ഒരായിരം ചോദ്യശരങ്ങള്‍ ഉയര്‍ന്നു പൊന്തിക്കൊണ്ടിരുന്നു.
എന്തിനാവാം അദ്ദേഹം ഈ കടുംകൈ ചെയ്തത്?
യാതൊരു കടബാദ്ധ്യതകളും ഇല്ലാത്ത മനുഷ്യന്‍..
രണ്ടാണ്മക്കളും പണിയെടുക്കുന്നുണ്ട്; അവിവാഹിതരായതിനാല്‍ യാതൊരു ബാധ്യതകളും അവര്‍ക്കുമില്ല..
ഇദ്ദേഹവും , ഭാര്യയും പണിയെടുക്കുന്നുണ്ട്.
മൊത്തം അവരുടെ കുടുംബത്തിലെ ദിവസ വരുമാനം 1250 രൂപയോളം വരും..
എന്നിട്ടും.....????
മാസങ്ങള്‍ കുറെയായി ഞങ്ങള്‍ പരസ്പരം കണ്ടിട്ട്..
എന്തിനാവാം അവസാന നിമിഷങ്ങളില്‍, അപ്രതീക്ഷിതമായി എന്നെ കാണുവാന്‍ വന്നത്.....????
കാര്യങ്ങളെല്ലാം എന്നെ പറഞ്ഞേല്‍പ്പിക്കുവാന്‍ തത്രപ്പെട്ടത്.....????
എന്നെയാവാം അദ്ദേഹം അവസാനമായി കണ്ടത്.
ആ പോയ പോക്കില്‍ വീട്ടിലെ മുറ്റത്തു കൂടി അടുത്ത പറമ്പിലേക്ക് കയറി,
എല്ലാം തീരുമാനിച്ചുറപ്പിച്ചു വെച്ചതു പോലെ, അവിടെ ഉണ്ടായിരുന്ന പാലയില്‍ കയറി തൂങ്ങുകയായിരുന്നു; എന്തിന്.....????



ഉത്തരം തരാനാവാത്ത ഒരു പിടി ചോദ്യങ്ങള്‍ ഒരു ഫിലിം റോള്‍ പോലെ മനസ്സിലൂടെ കടന്നു പോയ്കോണ്ടിരുന്നു. അപ്പോഴും അദ്ദേഹം മുറുക്കിതുപ്പിയിട്ടിരുന്നയിടത്ത്, ഉണങ്ങാതെ ചുവന്ന നിറത്തില്‍ കിടന്നിരുന്ന മുറുക്കാന്റെ അവശിഷ്ഠങ്ങള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നതുപോലെ തോന്നി....
ദേഹമേ പോയിട്ടുള്ളൂ....
ദേഹിയിവിടെ ഉണ്ടെന്ന വ്യഗ്യാംര്‍ത്ഥത്തില്‍....

34 comments:

അരുണ്‍ കരിമുട്ടം said...

ഹരീഷേട്ടാ,
ഇതൊരു അനുഭവമാണൊ?
ആണെങ്കില്‍ ആ മനസ്സിന്‍റെ വിങ്ങല്‍ മനസിലാവുന്നു.
എന്തേ ചന്ദ്രേട്ടനങ്ങനെ തോന്നിയതെന്ന് അറിഞ്ഞോ?

ramanika said...

ആത്മഹത്യ ചെയ്യുന്നത് എന്തിനു എന്നുള്ള ചോദ്യം ഒരിക്കലും ഉത്തരം കിട്ടാത്തതാണ്
മനസ്സ് അത്രയ്ക്ക് വേദനിച്ചു കാണും ഭാവി ഇരുള്‍ നിറഞ്ഞതായി തോന്നിട്ടുണ്ടാവും പിന്നെ ആരെയെങ്കിലും തോല്പിക്കാന്‍ സ്വയം രക്ഷ നേടാന്‍ അങനെ പല പല കാരങ്ങള്‍
മനസ്സ് ഒരു പിടികിട്ടാ പുള്ളിയാണെ

ഇതുമാതിരി അനുഭവം ഇനി ഉണ്ടാകാതിരിക്കട്ടെ !

ശ്രീ said...

എന്തിനായിരിയ്ക്കും ചന്ദ്രേട്ടന്‍ അതു ചെയ്തത്? ഒരു പക്ഷേ വെള്ളമടിച്ചപ്പോള്‍ തോന്നിയതായിരിയ്ക്കുമോ?

Rejeesh Sanathanan said...

ആത്മഹത്യ യഥാര്‍ത്തത്തില്‍ ഒരു പ്രതികാരമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഉപദ്രവിച്ചവരെ ഭയപ്പെടുത്തുകയും സ്നേഹിച്ചവരെ വേദനിപ്പിക്കുകയും ചെയ്യുന്ന ഒരു തരം പ്രതികാരം

മൌനി... said...

ഇത് പോലൊരു അനുഭവം എനിക്കും ഉണ്ട് :(
പിന്നെ ഹരിശേട്ടാ ചെറിയ ഒരു തിരുത്ത് ..
ക്ഷണനം എന്ന് വച്ചാല്‍ 'കൊലപാതകം' എന്നാണ് എന്ന് തോന്നുന്നു. പണ്ട് സ്കൂളില്‍ അര്‍ത്ഥ വ്യത്യാസം പഠിച്ചതാ..
...എന്ന്
...ഒരു സ്ഥിരം വായനക്കാരന്‍

ഹരീഷ് തൊടുപുഴ said...

@ മൌനി:

വളരെയേറെ നന്ദി കെട്ടോ കൂട്ടുകാരാ.
താങ്കള്‍ പറഞ്ഞത് തികച്ചും ശരി തന്നെ..
തെറ്റ് ഞാന്‍ തിരുത്തിയിട്ടുണ്ടേ..
ഇനിയും ഇങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നുമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്....

നന്ദിയോടേ..

Vellayani Vijayan/വെള്ളായണിവിജയന്‍ said...

മരണം എല്ലാറ്റിനും ഒരു പരിഹാരമാണോ?ചിന്തിക്കേണ്ട വിഷയമാണിത്.
ആശംസകളോടെ,
വെള്ളായണി

ചാണക്യന്‍ said...

നന്നായി എഴുതി ഫലിപ്പിച്ചിരിക്കുന്നു ഹരീഷ്...അഭിനന്ദനങ്ങള്‍.....

ചന്ദ്രേട്ടന്റെ ആത്മഹത്യക്ക് പിന്നിലെ കാരണം തിരക്കിയില്ലെ ഹരീഷെ...?

ജിജ സുബ്രഹ്മണ്യൻ said...

എന്തിനായിരിക്കും ആ മനുഷ്യൻ അങ്ങനെയൊരു കൃത്യം ചെയ്തത്.പെട്ടെന്നുണ്ടാകുന്ന ഒരാവേശത്തിലായിരിക്കും അദ്ദേഹം അങ്ങനെ ചെയ്തത്.തന്റെ ഉള്ളിലെ വിഷമങ്ങൾ ആരോടെങ്കിലും പറയാൻ കഴിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.ഒരിക്കലും മറക്കാനാവാത്ത ഒരനിഭവമായി ഹരീഷിനത് ല്ലേ !

സമാന്തരന്‍ said...

ചില അനുഭവങ്ങള്‍ അങ്ങനെയാണ്‍. സ്വയം മറക്കുന്നതിനെക്കുറിച്ച് നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കും..

കുഞ്ഞന്‍ said...

ഹരീഷ് മാഷെ...

ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങളുമായി ചന്ദ്രേട്ടന്‍. ഒരു പക്ഷെ അന്ന് ഹരീഷ് അദ്ദേഹത്തില്‍ നിന്നും ആ രൂപ വാങ്ങിവയ്ക്കുകയും, കുറച്ചുകൂടി ക്ഷമയോടെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വില കൊടുത്തിരുന്നുവെങ്കില്‍...(ഇത് ചന്ദ്രേട്ടന്‍ ആത്മഹത്യ ചെയ്ത കാരണം നമ്മള്‍ സ്വയം കണ്ടെത്തുന്ന പശ്ചാത്താപ പരിഹാരം )എന്നാല്‍ സാധാരണ മനുഷ്യന് മുന്‍‌കൂട്ടി കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള വിദ്യ ( ആറ്റുകാല്‍ രാധാകൃഷ്ണനെപ്പോലുള്ളവരെ ഒഴിവാക്കുന്നു ) വശമായിരുന്നെങ്കില്‍ ചന്ദ്രേട്ടന്റെ ആത്മഹത്യ ഒഴിവാക്കാമായിരുന്നുവല്ലെ..!

ആത്മഹത്യ ചെയ്യാന്‍ തീര്‍ച്ചപ്പെടുത്തിയവരെ സാന്ത്വനപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഒരു പക്ഷെ അവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ പറ്റും, അത്തരം കൌണ്‍സിലിങ് ഇപ്പോഴുണ്ടല്ലൊ. എന്തായാലും ചന്ദ്രേട്ടനോട് അങ്ങിനെ പെരുമാറിയതില്‍ ഹരീഷിന് അശ്ശേഷം വ്യസനം തോന്നേണ്ട കാര്യമില്ല കാരണം ഞാന്‍ മുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഒരോഫ്.. എന്തിന് മോഡറേഷന്‍ ഈ പോസ്റ്റില്‍ വച്ചിരിക്കുന്നത്..? ചെറായി മീറ്റിന്റെ പോസ്റ്റില്‍ അനോണി വിളയാട്ടം കുറക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് കരുതുന്നു.

അനില്‍@ബ്ലോഗ് // anil said...

എന്താ പറയുക ഹരീഷെ?
മനുഷ്യ മനസ്സിന്റെ കാര്യം ഇങ്ങനെയാണ്.
അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടുന്ന എന്തോ ഒന്ന് ഉണ്ടെന്ന് സംസാരത്തില്‍ തോന്നിയില്ലെ, പുറത്തുനില്‍ക്കുന്നവര്‍ വെറും കാഴ്ചക്കാരല്ലെ.

ഹരീഷ് തൊടുപുഴ said...

അരുണ്‍: ഇതൊരു അനുഭവം തന്നെയായിരുന്നു.
അദ്ദേഹം എന്തിനീ കടുംകൈ ചെയ്തു എന്നത് ഞങ്ങള്‍ക്കിന്നും ദുരൂഹതയാര്‍ന്ന ഒരു വിഷയമാണ്.
നന്ദിയോടെ..

രമണിഗ: അതേയതേ; ഇനിയെങ്കിലും ഇതേപോലുള്ള അനുഭവങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ എന്നു ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു.
നന്ദിയോടെ..

ശ്രീ: ചിലര്‍ ഒറ്റബുദ്ധിക്കാരാണ്. അതായത് ചില സമയങ്ങളില്‍ മേലും കീഴും നോക്കാതെ എടുത്തു ചാടുന്നവര്‍. അതു പോലെയൊരാളായിരിക്കും ചന്ദ്രേട്ടന്‍ എന്ന് ഞാനും വിശ്വസിച്ച് ആശ്വസിക്കാന്‍ ശ്രമിക്കുന്നു.
നന്ദിയോടെ..

മാറുന്ന മലയാളി: സത്യം; ഈ പറഞ്ഞത് 100% ശരിയാണ്. അങ്ങനേയും സംഭവിച്ചിരിക്കാം. നമുക്ക് അറിയില്ലല്ലോ ഓരോ മനുഷ്യന്റെയും ഉള്ളിലെന്താണെന്ന്.
നന്ദിയോടെ..

മൌനി: ഈ പോസ്റ്റിലെ ആറാമത്തെ കമന്റില്‍ മറുപടി തന്നിട്ടുണ്ട് ട്ടോ.
നന്ദിയോടെ..

വെ.വിജയന്‍ ചേട്ടാ: യാതൊരു അശ്രയവുമില്ലാതെ എല്ലാ തീരങ്ങളും അടഞ്ഞു എന്നു തോന്നുമ്പോള്‍ ചിലര്‍...
ചിലപ്പോള്‍ ചിലരില്‍ അങ്ങനെയൊരു തോന്നലുണ്ടാക്കുന്നതും മാനസികവിഭ്രാന്തി മൂലമാകാം.
നന്ദിയോടെ..

ചാണക്യജി: അര്‍ക്കും ഒരു പിടിയുമില്ല. അങ്ങനെയൊരു കടുംകൈ ചെയ്യേണ്ട യാതൊരവസ്ഥയും ആ മനുഷ്യനില്ലായിരുന്നു.
നന്ദിയോടെ..

കാന്താരിചേച്ചി: അതേയതേ, ഒറ്റയടിക്ക് തോന്നിയ ഒരു തോന്നാബുദ്ധി!!
എന്നെ സംബന്ധിച്ച് ഇപ്പോഴും മറക്കാനാവാത്ത ഒരു വിഷയം.
നന്ദിയോടെ..

സമാന്തരന്‍: അതേയതെ..
നന്ദിയോടെ..

കുഞ്ഞേട്ടാ: സത്യത്തില്‍ അദ്ദേഹത്തിന്റെ ഓരോരോ സംസാരത്തിലും വരാനിരിക്കുന്ന വിപത്തിനേക്കുറിച്ച് സൂചനയുണ്ടായിരുന്നു.
എനിക്കത് പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കാതെ പോയി. അദ്ദേഹം ഇറങ്ങിപ്പോയതിനു ശേഷം, മകനെ വിളിച്ച് അച്ഛന്‍ നല്ല പൂസായി വീട്ടിലോട്ടു വന്നിട്ടുണ്ട് എന്നെനിക്കു വിളിച്ചു പറയണം എന്നെന്റെ മനസ്സിലിരുന്നു മന്ത്രിക്കുന്നുണ്ടായിരുന്നു. പക്ഷേ അടുത്ത നിമിഷം ‘കള്ളുപ്രശ്നം‘ കാരണം അവര്‍ തമ്മില്‍ വഴക്കുണ്ടാക്കിയാലോ എന്നു വിചാരിച്ചാണ് ഞാന്‍ മകനു വിളിക്കാതിരുന്നത്.
വിളിച്ചായിരുന്നെങ്കില്‍ ഉച്ചയ്ക്ക് വീട്ടിലുണ്ണാന്‍ വന്നിരുന്ന മകന്‍ അച്ഛനില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയേനേ; അതു വഴി ചിലപ്പോള്‍ ഒരു അത്യാഹിതം ഒഴിവാക്കാനും പറ്റിയേനേ..
പക്ഷേ, ദൈവഹിതം അതായിരുന്നിരിക്കാം..
വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ..
നന്ദിയോടെ..

വശംവദൻ said...

നന്നായി എഴുതിയിരിക്കുന്നു.

കല്യാണാവശ്യങ്ങൾക്ക് കാശൊക്കെ മുൻ‌കൂട്ടി തരാൻ വന്ന സ്ഥിതിക്ക് ഇത് മുമ്പേ പ്ലാൻ ചെയ്‌തിരുന്നത് തന്നെയാണ്.

പാവത്താൻ said...

ചില നേരം... ചില ആൾക്കാർ...മനസ്സിന്റെ വളവു പുളവുകൾ ആർക്കഴിച്ചെടുക്കാനാവും?(ഞങ്ങളുടെ സ്കൂളിൽ കഴിഞ്ഞ വർഷം +2 കഴിഞ്ഞ ഒരു പെൺകുട്ടി ഞായറാഴ്ച്ച(21-06-09) പാമ്പു കടിയേറ്റു മരിച്ചു.

Anil cheleri kumaran said...

എന്തിന്.....????
ചിലത് അങ്ങനെയൊക്കെയാണ്.

Unknown said...

ആത്മഹത്യ ഒരു പരിഹാരമല്ല.എന്നിട്ടും ചിലരത് ചെയ്യും
എന്തിനുവേണ്ടി അവർക്ക് പോലും അറിയില്ല അത്

vahab said...

മനസ്സിനെ മുറിപ്പെടുത്തുന്ന ചന്ദ്രേട്ടന്റെ നിഗൂഢവിയോഗത്തിനുമുന്‍പില്‍ നമുക്ക്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാം. ഒപ്പം മനുഷ്യമനസ്സുകള്‍ക്ക്‌ സമാധാനമുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയും.

അല്ലാതെന്തുചെയ്യാന്‍...?

smitha adharsh said...

ayyo..!
njan vallaathaayippoyi ketto...
aathmahatha onninum oru parihaaramallennu thirichariyumpozhum chilarude aathmahathyakal duroohathakal ulavaakkunnu..

OAB/ഒഎബി said...

ഉത്തരം കിട്ടാത്ത പോവുന്ന പല ആത്മഹത്യകൾ!
ഇതിനൊരുങ്ങിയവറ്ക്ക് ഒരു കടലാസ് ചിലവാക്കിക്കൂടെ ആവൊ?

ജീവിച്ചിരിക്കുന്നവർ അനുഭവിക്കട്ടെ എന്നായിരിക്കാം മനസ്സിൽ അല്ലെ?

Patchikutty said...

മരണം അതിന്‍റെ സമയത്ത് മാത്രമേ നടക്കു... ജനനം ശാസ്ത്രം കൈകടതുവാന്‍ ഇട കൊടുക്കുന്നുടെന്കിലും മരണം അതിന്‍റെ സമയത്ത് മാത്രേ നടക്കു...എത്ര ഓക്സിജന്‍ ഇട്ടു ശ്വാസം നിര്‍തുന്നവരുടെ പോലും അതെടുക്കുന്ന സമയം വരില്ലേ...എനിക്കറിയാവുന്ന ഒരാള്‍, കൊലോസ്ട്രോള്‍, പ്രഷര്‍, ഷുഗര്‍ ഒന്നുമില്ല...മദ്യപാനമില്ല പുകവലിയില്ല ഈ ചൂടിലും തിരക്കിലും ദിവസവും വ്യായാമം... ഒക്കെയും ഉണ്ട്. കഴിഞ്ഞ മാസ്സം രാവിലെ ഷാര്‍ജ കോര്‍ണിഷില്‍ അതിരാവിലെ വ്യയമാതിനിടെ കുഴഞ്ഞു വീണു മരിച്ചു. അതുകൊണ്ട് മനസ്സ് വിഷമിപ്പിക്കണ്ട എന്ന് മാത്രം പറയട്ടെ... എന്നാലും ആ ഞെട്ടല്‍ ഒരു വല്ലാത്തതാ അറിയാം. ദൈവം മനശക്തി തരട്ടെ അത് തരണം ചെയ്യാന്‍.

Sabu Kottotty said...

ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നു പറയുമ്പോഴും വീണ്ടും അതാവര്‍ത്തിക്കാനുള്ള പ്രവണത സമൂഹത്തില്‍ കൂടിവരുന്നതായി കാണുന്നു. നല്ലൊരു ശതമാനം ആളുകളെയും ഇതില്‍നിന്ന് നമുക്ക് രക്ഷപെടുത്താവുന്നതേ ഉള്ളൂ, അവരുടെ പ്രശ്നങ്ങള്‍ നമ്മള്‍ മനസ്സിലാക്കുമെങ്കില്‍... അവരുടെ സൂചനകളേയും അവിചാരിതമായ സംസാരങ്ങളെയും സാധാരണ നമ്മള്‍ അവഗണിക്കുകയാണ് ചെയ്യാറ്. എനിക്കും ഇതുപോലെയുള്ള അനുഭവമുണ്ട്... ഇതു സത്യമെങ്കില്‍ ഹരീഷിന്റെ മനോവിചാരം മനസ്സിലാവുന്നുമുണ്ട്.

Typist | എഴുത്തുകാരി said...

എന്തോ കാര്യമായിട്ടെന്തോ ചന്ദ്രേട്ടനെ അലട്ടുന്നുണ്ടായിരുന്നിരിക്കും. അല്ലാതെന്തു പറയാന്‍.

സൂത്രന്‍..!! said...

കഷ്ടം അല്ലാതെ എന്ത് പറയാന്‍ ....

നാട്ടുകാരന്‍ said...

ആദ്യഭാഗം വായിച്ചപ്പോള്‍ എന്നെയാണോ ഉദേശിക്കുന്നത് എന്ന് തോന്നിപ്പോയി!
പിന്നെ അല്ല എന്നുറപ്പിച്ചു .... കാരണം ഞാന്‍ ഇതുവരെ തൂങ്ങിയിട്ടില്ലല്ലോ !


സാരമില്ലാട്ടോ.....
ഇനി ആ കാശു തരാനെങാനും വീണ്ടും വരുമോ ആവൊ?
വന്നാല്‍ കാര്യങ്ങള്‍ ഒന്ന് ചോദിച്ചു മനസിലാക്കി പോസ്റ്റ്‌ ചെയ്യണം കേട്ടോ.

Minnu said...

ഇനി ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടാകാതിരിക്കട്ടെ..ഇങ്ങനെയുള്ള ചില ഷോക്കുകള്‍ മനസ്സില്‍ നിന്നും മായാന്‍ പ്രയാസമാണ്

സന്തോഷ്‌ പല്ലശ്ശന said...

ഹരീഷിനോടു സംസാരിക്കുന്ന അതേ ലാഘവത്തോടും നര്‍മ്മത്തോടും മരണത്തെ സമീപിക്കുന്ന ചിലര്‍ നമ്മുക്കു ചുറ്റുമുണ്ട്‌....ജീവിതം മടുത്താല്‍ അവര്‍ ഇറങ്ങിയൊരു പോക്കാണ്‌ ഒരുപാടു ദുരൂഹതകള്‍ നമ്മളില്‍ ബാക്കിയാക്കി...

ജ്വാല said...

ഹരീഷിനോട് അദ്ദേഹത്തിന് ഉണ്ടായിരുന്ന ആത്മബന്ധം വ്യക്തം.അതായിരിക്കാം ജേഷ്ടസഹോദരനെ പോലെ മകന്റെ കല്യാണ നിശ്ചയം നടത്തികൊടുക്കണമെന്ന് ആവശ്യപ്പെട്ടതും.ഈ ചിത്രങ്ങള്‍ മനസ്സില്‍ നിന്നു മായാന്‍ സമയമെടുക്കും.

Nisha/ നിഷ said...

hm...
sarikkum vallathoranubhavam thanne..lle?
ellavarum chinthikkunnath ore reethiyil allallo? lle?

Unknown said...

ആദരാഞ്ജലികള്‍..........

sojan p r said...

ithu sarikkum vishamippikkunna anubhavamayallo Hareesh chetta.

വിചാരം said...

ആരോടൊക്കയോ കണക്ക് തീര്‍ക്കാനുള്ള അവസാനത്തെ ഒരായുധമായാണ് ചിലര്‍ ആത്മഹത്യയെ തിരഞ്ഞെടുക്കുന്നത് .. ചിലര്‍ എന്തലാമോ മനസ്സില്‍ ഒളിപ്പിച്ച് ആരോടൊന്നും മിണ്ടാതെ കടന്ന് പോകും..... :(

Sakkeer Husain said...

ചെറായി മീറ്റില്‍ കൂടാന്‍ കഴിയാത്തതില്‍ വളരെ ഖേധമുണ്ട്... സര്‍വ്വ വിധ ആശംസകള്‍ഊം ഇക്കരെ നിന്നും .... ചിരാത്....

lekshmi. lachu said...

mm...seriyaa...chila chodyagalkku etra alogichalum utharam kittukayillya....seri yalle??