Wednesday, August 26, 2009

മകന്റെ അച്ഛനും, അതുമൂലമുണ്ടായ എന്റെ ചിന്തകളും..

കുറച്ചുനാൾ മുൻപാണ്, നോട്ട്ബുക്ക് എന്ന സിനിമ കാണുവാനവസരം ലഭിച്ചപ്പോൾ പ്രസ്തുത സിനിമയുടെ പ്രമേയത്തെ വിശകലനം ചെയ്ത് എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചാലോ എന്നു തോന്നിയിരുന്നു. ഇന്നലെ, മകന്റെ അച്ഛൻ എന്ന സിനിമ കണ്ടതോടുകൂടി പഴേ ആ ആഗ്രഹം അന്ത:കരണത്തിലിരുന്നു മുളപൊട്ടുവാൻ വെമ്പിത്തുടങ്ങി. എന്തായിരുന്നു പ്രസ്തുത സിനിമകൾ തമ്മിൽ ബന്ധിപ്പിക്കുവാൻ ആധാരമായ പ്രമേയം?? വർത്തമാനകാല തലമുറയിലെ യുവതീയുവാക്കൾ നേരിടേണ്ടി അല്ലെങ്കിൽ അനുഭവിക്കുന്ന സമകാലികപ്രസക്തിയുള്ള വിഷയങ്ങളും, അവയോട് അല്ലെങ്കിൽ അവരോടുള്ള മാതാപിതാക്കളൂടെ സമീപനത്തെയും ആസ്പദമാക്കി നിർമിച്ചിരിക്കുന്ന വ്യത്യസ്തമായ രണ്ടു ദൃശ്യാവിഷ്കാരങ്ങളാണവ. സിനിമയേപറ്റിയെന്നല്ല; പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളിലൊന്നിനേപറ്റിപോലും ആധികാരികമായി നിരൂപിക്കാനുള്ള കഴിവെനിക്കില്ല. എങ്കിലും; ഒരു സാധാരണ പ്രേക്ഷകനായ എനിക്ക് എന്തു സന്ദേശം പ്രസ്തുത സിനിമകൾ മുഖേന ഉൾകൊള്ളാൻ കഴിഞ്ഞു എന്നതാണിവിടത്തെ പ്രസക്തമായ സംഗതി.


നോട്ട്ബുക്കിനെ നമുക്കിവിടെ വിടാം. മകന്റെ അച്ഛനിലേക്ക് മടങ്ങിവരാം. സാദാ ടിപ്പിക്കൽ സിനിമയായ മകന്റെ അച്ഛനെ ഇതര ചിത്രങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്ന പ്രധാനഘടകം എന്തെന്നാൽ; വർത്തമാനകാലസമൂഹത്തിൽ വേരൂഴ്ന്നിയിരിക്കുന്ന, ഭാവിയെ സംബന്ധിച്ചുള്ള വ്യാകുലതകളും; ആ വ്യാകുലചിന്തകൾ മുഖേന വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന വിവിധതരം മാനസിക സംഘർഷങ്ങളും, അവയെങ്ങനെ അവരുടെ അഭിരുചികളെ ബാധിക്കുന്നുവെന്നതുമാണ്. മകന്റെ അച്ഛൻ എന്ന സിനിമയിലെ ശ്രീനിവാസന്റെ അച്ഛൻ കഥാപാത്രം, വിനീതിന്റെ മകൻ കഥാപാത്രത്തെ ‘പഠിക്കുവാനായുള്ള ഒരു ഉപകരണം’ മാത്രമായിട്ടാണു കാണുന്നത്. മകനാകട്ടെ; തന്റെ അഭിരുചികളുമായി യാതൊരുവിധത്തിലും പൊരുത്തപ്പെടുവാൻ കഴിയാത്ത ഒരു വിഷയവുമായി, പിതാവിന്റെ നിരന്തരമായപ്രേരണയ്ക്കു വഴങ്ങി വശം കെടുകയും ചെയ്യുന്നു. എന്റെ കുറച്ച് ചിന്തകൾ രൂപാന്തരപ്പെടുന്നതും ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണു. ഈ രണ്ടുപേരിലും വിഹരിച്ചിരുന്ന മാനസികവ്യാപാരങ്ങൾ എങ്ങനെ തുലനം ചെയ്യാം; എന്നതാണു എന്റെ മനസ്സിൽ മുഖ്യമായും ഉന്നയിക്കപ്പെട്ട വിഷയം. ഒരു പിതാവിന്റെ വീക്ഷണകോണിലൂടെ ഈ സന്ദർഭത്തെ വ്യാഖ്യാനിച്ചാൽ, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ന്യായീകരിക്കത്തക്കതെന്നു കാണാം. കഷ്ടപ്പാടിന്റെയും, ദുരിതങ്ങളുടെയും മുൾമുനയിൽ ചവിട്ടിനിന്നുകൊണ്ട്; കൊടുപട്ടിണിയെ നേർക്കുനേരെതിരിട്ട് പ്രാഥമിക വിദ്യാഭ്യാസം സ്വന്തമാക്കി, ഭേദപ്പെട്ട ഒരു സർക്കാർ ജോലി സമ്പാദിച്ച്, നൂറു ശതമാനം സത്യസന്ധമായി ജോലിചെയ്ത് പടിപടിയായി ഉയർന്ന് സാമാന്യം തരക്കേടില്ലാത്ത തസ്തികയിലെത്തിയ മിഡിൽക്ലാസ്സ് ഉദ്യോഗസ്ഥന്റെ മകന്റെ ഭാവിയേക്കുറിച്ചുള്ള വ്യാകുലതകളാണു ശ്രീനിവാസനിൽ നമുക്ക് ദർശിക്കാനാവുന്നത്. വർത്തമാനകാലജീവിതത്തിൽ ഏതൊരു ശൃംഖലയിലുമുള്ള ജോലികളും സുസ്ഥിരമല്ലാതായിരിക്കുന്നു. ഈ ഘട്ടത്തിൽ നാളത്തെ ഭാവിയെക്കുറിച്ച് ഏതൊരു പിതാവും ഉത്കണ്ഠാകുലരാകുന്നത് സ്വാഭാവികം മാത്രമാണു. ആ ഒരു മാനസികാവസ്ഥയായിരിക്കാം; മകന്റെ അഭിരുചികളെ മാനിക്കാതെ പഠനം മാത്രം ലക്ഷ്യം എന്നെടുത്തുകൊൾക, എന്ന നിർബന്ധബുദ്ധിയിലേക്കെത്തിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം. മകനാകട്ടെ, അച്ഛന്റെ നിർബന്ധബുദ്ധികൾക്കു വഴങ്ങി; തന്റെ അഭിരുചികൾക്കു അനുസൃതമല്ലാത്ത ഒരു കോഴ്സ് പഠിക്കാൻ ശ്രമിക്കുകയും, ആ വിഷയത്തിൽ നിരന്തരം പരാജയത്തെ അഭിമൂഖീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മകന്റെ അഭിരുചികൾക്കു വിപരീതമായ ഒരു വിഷയം അവനിലേക്ക് കുത്തിവച്ചുകൊണ്ടിരിക്കുമ്പോൾ, അവനിലത് വല്ലാത്ത മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുകയും; അവന്റെ ഭാവിയെതന്നെ ബാധിക്കുകയും ചെയ്യുന്നു. അതിന്റെ പരിണിതഫലമായി, പ്രിയപ്പെട്ടവരെ ഉപേക്ഷിച്ച് സ്വന്തം വീടു വിട്ടിറങ്ങേണ്ടിയും വരുന്നു.


ഇവിടെ; പിതാവിന്റെ ഭാഗത്തുനിന്നീ സംഭവത്തെ വീക്ഷിച്ചാൽ, തന്നെ ആശ്രയിച്ചു ജീവിക്കുന്ന മകനു നല്ലൊരു ഭാവിയുണ്ടായിക്കാണുക, അതുവഴി ജീവിത പുരോഗതിയിൽ ഉന്നമനം കൈവരിക്കുക എന്നീ ആഗ്രഹങ്ങളാണു അദ്ദേഹത്തിന്റെ സേച്ഛാതിപത്യമനോഭാവത്തിനു നിദാനം എന്നു മനസ്സിലാക്കാം. എന്നാൽ തന്റെ സ്വാർഥതാല്പര്യങ്ങൾ മുഖേന മകനു സംഭവിക്കുന്ന മാനസ്സികസംഘർഷങ്ങൾ എത്രത്തോളം അവനെ ബാധിക്കുന്നു എന്നൊന്നും അദ്ദേഹം ലവലേശം ചിന്തിക്കുന്നതേയില്ല എന്നും മനസ്സിലാക്കാം. ഒരു പിതാവിന്റെ വശത്തുനിന്നീ വിഷയത്തെ വിശകലനം ചെയ്താൽ; അദ്ദേഹം തന്റെ മകന്റെ നന്മയെകരുതി അവലംബിച്ച മാർഗ്ഗങ്ങൾ, സേച്ഛാതിപത്യപരമാണെങ്കിലും തികച്ചു അനിവാര്യമായിരുന്നു എന്നു കാണാം.


എന്നാൽ മകന്റെ ഭാഗത്തുനിന്നീ സംഭവത്തെ വീക്ഷിക്കുമ്പോൾ; പിതാവിന്റെ സ്വാർഥതാല്പര്യങ്ങൾക്കുവഴങ്ങി, തന്റെ അഭിരുചിയേയും അതിനെ പ്രാപിക്കാനുള്ള ഇച്ഛാശക്തിയേയും അത്യന്തം വീർപ്പുമുട്ടലോടെ അടക്കിനിർത്തി; പിതാവിന്റെ ആത്മാഭിലാഷം നിറവേറ്റികൊടുക്കുവാൻ പരിശ്രമിച്ച് പരാജയം രുചിക്കുന്ന ഒരു അവസ്ഥയാണുണ്ടാകുന്നത്. പിതാവിന്റെ കാലശേഷം, തന്റെ ഭാവിയെപറ്റിയുള്ള ആശങ്കകൾ നിമിത്തം അദ്ദേഹത്തിന്റെ മനസ്സിൽ നടമാടിക്കൊണ്ടിരിക്കുന്ന മാനസികസഘർഷങ്ങൾ എന്തായിരിക്കാം? എന്നാ മകൻ ലവലേശം ചിന്തിക്കുന്നതേയില്ല.
അതേസമയം, മകന്റെ അഭിരുചികൾക്കനുസൃതമായ ഒരു കോഴ്സ് തിരഞ്ഞെടുത്ത്; ഭാവിജീവിതം കരുപ്പിടിക്കുവാൻ ഉതകുന്ന രീതിയിലൊരു പുനർചിന്തനം ആ പിതാവിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുമില്ല. മകന്റെ വശത്തുനിന്നീ സംഭവങ്ങളെ വിശകലനം ചെയ്താൽ; മകന്റെ അഭിരുചികളെ നിർബന്ധപൂർവം, പൂർണ്ണമായി അടിച്ചമർത്തപ്പെട്ടത് നല്ല പ്രവണതയായി അംഗീകരിക്കാൻ കഴിയില്ലെന്നും കാണാം.


മകന്റെ അഭിരുചികൾ ഉൾകൊണ്ട് പിതാവും, പിതാവിന്റെ വ്യാകുലതകളും ആകാംക്ഷകളും ഉൾകൊണ്ട് മകനും; തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഒരു തീരുമാനമെടുക്കാൻ ബാധ്യസ്ഥരാവുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതുമൂലം, ആത്മവിശ്വാസത്തോടെ നല്ലൊരു ഭാവിജീവിതത്തിലേക്കുള്ള ചവിട്ടുപടികൾ കെട്ടിപ്പടുക്കുവാൻ മകനും; നിറഞ്ഞമനസ്സോടെ സമാധാനപരമായി, മകനു നല്ലൊരു മാർഗ്ഗദർശിയാകുവാൻ പിതാവിനും കഴിയുമായിരുന്നു.


18 comments:

Typist | എഴുത്തുകാരി said...

ഹരീഷേ, ഒരുപാട് കാലമായി ഹരീഷിന്റെ പോസ്റ്റില്‍ ഞാനൊരു തേങ്ങ ഉടച്ചിട്ടു്. ഉടച്ചിട്ടു ഞാനിതാ പോകുന്നു. പിന്നെ വരാം.

ശ്രീ said...

മകന്റെ അച്ഛന്‍ കണ്ടിരുന്നു. പ്രത്യേകിച്ച് എടുത്തു പറയാന്‍ വിനീത് ശ്രീനിവാസന്റെ അഭിനയം കുറേക്കൂടെ മെച്ചമായി എന്നത് മാത്രം. ഒരു ആവരേജ് സിനിമ എന്നേ എനിയ്ക്ക് തോന്നിയുള്ളൂ.

ramanika said...

മകന്റെ അച്ഛന്‍ കണ്ടിരുന്നു
entrance coachingine vimarsichathu sarikkum istapettu!

jayanEvoor said...

വളരെ നല്ല ചിന്ത!

ഇതൊക്കെ സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ എല്ലാരും ഓര്‍ത്താല്‍ കൊള്ളാമായിരുന്നു!

ചാണക്യന്‍ said...

സിനിമാ അവലോകനം നന്നായി ഹരീഷെ...

ഇനിയും ഇതു പോലത്തെ പോസ്റ്റുകൾ പോരട്ടെ..

ആശംസകൾ.....

അനില്‍@ബ്ലോഗ് // anil said...

:)

നാട്ടുകാരന്‍ said...

ഇപ്പൊ മനസിലായില്ലേ?
പുസ്തകങ്ങളിലെ ഇന്ത്യ അല്ല ജീവിതത്തിലെ ഇന്ത്യ !

Typist | എഴുത്തുകാരി said...

ഞാനീ സിനിമ കണ്ടിട്ടില്ല.

ഹരീഷ്, ഒരു സിനിമാ നിരൂപണ ബ്ലോഗ് കൂടി ആയാലോ :)

Anil cheleri kumaran said...

ഈ വഴിക്കും ഒരു കൈ നോക്കാവുന്നതാണു.. നല്ല പോസ്റ്റ്.

പാവപ്പെട്ടവൻ said...

ഞാന്‍ കണ്ട സിനിമയാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു നമ്മുടെ കുടുബംങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെ .ഒരു മകന്‍റെ പഠിത്തവുമായി അച്ഛനുണ്ടാകുന്ന വികാര വിചാരങ്ങള്‍ നന്നായി അവതരിപ്പിച്ചു ശ്രീനിവാസന്‍
ഹരീഷേ ഒരു മനോഹരമായ ഓണാശംസ

അരുണ്‍ കരിമുട്ടം said...

കുടുംബം തലക്ക് പിടിച്ച ലക്ഷണം
:)

Micky Mathew said...

ഹരീഷേ...........അവലോകനം നന്നായി

ബിന്ദു കെ പി said...

ഞാനീ സിനിമ കണ്ടിട്ടുണ്ട്. വളരെ ഗൗരവമുള്ള പ്രമേയം തികഞ്ഞ ലാഘവത്വത്തോടെ അവതരിപ്പിച്ചതായാണ് എനിയ്ക്കു തോന്നിയത്. അതുകൊണ്ടുതന്നെ സിനിമ കണ്ടിറങ്ങുമ്പോൾ കഥയോ കഥാപാത്രങ്ങളോ കൂടെ പോന്നതുമില്ല...ഹരീഷിന്റെ ഈ പോസ്റ്റ് കണ്ടപ്പോഴാണ് ഈ സിനിമയെപ്പറ്റി ഓർത്തതുതന്നെ :)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

അവലോകനം നന്നായിട്ടുണ്ട് ഹരീഷെ.
ഓണാശംസകള്‍...

indrasena indu said...

ബിന്ദു..ഹരീഷിന്റെ കടിച്ചാല്‍ പൊട്ടാത്ത അവ ലോകനം..അതിലും കടുപ്പമായല്ലോ ഇയാളുടെ അഭിപ്രായം..
ഒരു നല്ല തമാശ പടത്തിനെ ഹരീഷ് വ്യഖ്യാനിച്ച് ഒരു പരുവം ആക്കി..അപ്പോള്‍ ബിന്ദുവിനു അതിനു ഗൌരവം പോര..അത് കാരണം സിനിമ കണ്ടിറങ്ങിയ ഉടനെ അമ്നെഷിയും പിടിച്ചു..
വിനീത് ശ്രീനിവാസന്‍ നന്നായി അഭിനയില്ലും എന്ന് അച്ഛന്‍ ശ്രീനിവാസന്‍ പോലും പറയില്ല..എന്നാല്‍ ശുദ്ധ ഹാസ്യം..പൊട്ടിച്ചിരിക്കാന്‍ വകയുള്ള ചില മനോഹര സന്ദര്‍ഭങ്ങള്‍ ...
ഒരു ശരാശരി മനുഷ്യന്റെ ധര്‍മ സങ്കടങ്ങള്‍..ആകുലതകള്‍..
എല്ലാം നമുക്കതില്‍ കാണാം..

ജിതിന്‍ said...

ഞാനീ സിനിമ കണ്ടില്ല കണ്ടിട്ടു കമ്മ്ന്റിടാം ഹരീഷേട്ടാ...

പാവത്താൻ said...

ഹൊ, ഒടുവില്‍ ഇതിട്ടു അല്ലേ? അപ്പോള്‍ ഞാന്‍ വരാന്‍ വൈകി. എങ്കിലും ആശംസകള്‍...

ഗീത said...

ഇഷ്ടമായ ഒരു സിനിമയാണിത്. മകനും അച്ഛനും ഉണ്ട് ന്യായീകരണങ്ങള്‍. ആരാണ് തെറ്റുകാരന്‍ എന്നു ചോദിച്ചാല്‍ നമുക്കൊരുത്തരം പറയാനുമാവില്ല.
എന്ട്രന്‍സ് പരീക്ഷക്കു തയാറെടുക്കാന്‍ മക്കളെ അങ്ങേയറ്റം ബുദ്ധിമുട്ടിച്ച്, മെഡിസിന് കിട്ടിയില്ലെങ്കില്‍ ലോകം അവസാനിക്കും എന്ന നിലയില്‍, അവസാനം 2 പിള്ളേര്‍ക്കും കൌണ്‍സലിങ്ങ് ആവശ്യമായി വന്ന ഒരു കുടുംബത്തെ എനിക്കറിയാം.

പക്ഷേ സിനിമയിലെപ്പോലെ ഒരു എന്‍ഡിങ് യഥാര്‍ത്ഥജീവിതത്തില്‍ ഉണ്ടാകണമെന്നില്ലല്ലോ.