Thursday, September 10, 2009

ഒരു ആസ്ട്രേലിയൻ പ്രവാസിയുടെ രോദനങ്ങൾ..

മക്’ഡൊണാൾഡിന്റെ കൃഷിയിടത്തിലെ മാന്തോപ്പിൽ നിന്നും രുചിയേറിയ മാങ്ങാപ്പഴങ്ങൾ ഓരോന്നായി സൂഷ്മതയോടെ പറിച്ചെടുക്കുമ്പോൾ; അയാൾ, തന്റെ ജന്മനാടിനേയും, വീടിനേയും, ചാച്ചനേപറ്റിയും ഓർത്തു. നാട്ടിലുണ്ടായിരുന്നപ്പോൾ, വീട്ടിലെ തൊടിയിലിറങ്ങി മൂത്തുപഴുത്ത വാഴക്കുല വെട്ടി ചന്തയിലെത്തിച്ച് വിറ്റിട്ടുവരുവാൻ ചാച്ചൻ ആവശ്യപ്പെടുമ്പോൾ അദ്ദേഹത്തോട് അടക്കാനാവാത്ത ദ്വേഷ്യവും, പുച്ഛവും തോന്നിയിരുന്നു. ഒരു ഐ.ടി. ബിരുദധാരിയും, മൾട്ടിനാഷണൽ കമ്പനിയിൽ അഞ്ചക്ക ശമ്പളം പറ്റുന്നവനുമായ ഞാൻ തൊടിയിലിറങ്ങി കുലവെട്ടുകയോ..?? ച്ഛേ!! ലജ്ജാവഹം.. അതിനൊക്കെ ധാരാളം പണിക്കാരിവിടെയുണ്ടല്ലോ. ഒന്നുമില്ലെങ്കിലും ഞാനൊരു മുന്തിയ സോഫ്റ്റ്വെയർ കമ്പനിയെ നിയന്ത്രിക്കുന്ന വിദഗ്ധനിൽ ഒരാളല്ലേ.. അതെങ്കിലും ചാച്ചൻ ഓർക്കേണ്ടതല്ലേ..?? അഹങ്കാരം കൊണ്ട് തലച്ചോർ മരവിച്ചിരുന്നപ്പോഴുള്ള അന്നത്തെ പിറുപിറുക്കലുകൾ അയാളുടെ ഓർമകളിലേക്ക് അലയടിച്ചു വന്നുകൊണ്ടിരുന്നു.


ബ്രിസ്ബേൻ പട്ടണത്തിൽ നിന്നും വിട്ട്, ഒരു ഉൾഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മക്’ഡൊണാൾഡിന്റെ കണ്ണെത്താദൂരത്തു പരന്നുകിടക്കുന്ന ഫാമിലെ ഓരോ മാവും ദിവസേന പരിപാലിച്ചുകൊണ്ടിരിക്കുമ്പോൾ; തന്റെ മനസ്സ് സ്വയം നീറിപ്പുകയുന്നതയാൾ അറിയുന്നുണ്ടായിരുന്നു. ഒരിക്കൽ, തന്റെ കുലത്തൊഴിലും വിദ്യാഭ്യാസവളർച്ചയ്ക്ക് അടിത്തറയുമേകിയ കൃഷിയെ തള്ളിപ്പറഞ്ഞതിനു ദൈവം തന്ന ശിക്ഷയാകാം ഇതെന്നയാൾ നെടുവീർപ്പോടെ ഓർത്തു. ആസ്ട്രേലിയായിൽ നഴ്സിങ്ങിനു പഠിച്ചിരുന്ന സൌമിയെ കെട്ടുമ്പോൾ ഒരുപാട് സ്വപ്നങ്ങൾ മനസ്സിൽ സ്വരുക്കൂട്ടിയിരുന്നു. വിവാഹശേഷം, ബാംഗ്ലൂർ വിപ്രോയിലെ അരലക്ഷം രൂപാ ശമ്പളമുള്ള ജോലി ആത്മവിശ്വാസത്തോടെ ഉപേക്ഷിക്കുമ്പോൾ; ലക്ഷങ്ങൾ വരുമാനമുള്ള ആസ്ട്രേലിയൻ ജോലികളായിരുന്നു മനസ്സുനിറയെ. ചാച്ചനുമമ്മച്ചിയും അവരുടെ ചോരനീരാക്കി സമ്പാദിച്ച രണ്ടേക്കർ ഭൂമിയിൽ നിന്നും തന്റെ വിഹിതം ചോദിച്ചുവാങ്ങി, എല്ലാം വിറ്റുപെറുക്കിക്കിട്ടിയ കാശുമുടക്കി ബ്രിസ്ബേനിലെ മണ്ണിൽ വന്നിറങ്ങുമ്പോൾ; മാസങ്ങൾക്കുള്ളിൽ എല്ലാം തിരിച്ചുപിടിക്കാം എന്നൊരാത്മവിശ്വാസമുണ്ടായിരുന്നു. കുറച്ചു നാൾക്കുള്ളിൽതന്നെ യാഥാർത്ഥ്യത്തിന്റെ തനിനിറം അനുഭവപ്പെട്ടുതുടങ്ങി. ജോലി തെണ്ടി നടന്ന് നടന്നു മടുത്തു. മുപ്പത്തഞ്ചുവയസ്സായ തനിക്ക് ജോലി ലഭിക്കുവാൻ ബുദ്ധിമുട്ടാണെന്ന കാര്യം ക്രമേണ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി പാകപ്പെടുത്തുവാനാരംഭിച്ചു. തന്റെ പ്രായത്തിൽ തനിക്കു തരേണ്ട ശമ്പളത്തിന്റെ പകുതി കൊടുത്താൽ ഇരുപതു വയസ്സിൽ താഴെയുള്ള ആസ്ട്രേലിയൻ പൌരന്മാർ ആ ജോലി ഭംഗിയായി ചെയ്യുമത്രേ..!! പിന്നെന്തിനു ഇരട്ടി കൂലിമുടക്കി തന്നെ ജോലിക്കെടുക്കണം, അതും ഈ റിസ്സെഷൻ കാലഘട്ടത്തിൽ..!! ആസ്ട്രേലിയായിൽ വന്നിറങ്ങിയാലുടൻ ലഭിക്കുന്ന ഉന്നത നിലവാരമുള്ള ജോലി, ഫൈവ്സ്റ്റാർ സൌകര്യമുള്ള താമസം, മുന്തിയ ഭക്ഷണം, വിലകൂടിയ വാഹനം.. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. എല്ലാം തകർന്നടിഞ്ഞു. ഫൈവ്സ്റ്റാറു പോയിട്ട്, അന്നന്നത്തെ കാര്യങ്ങൾ പട്ടിണിയില്ലാതെ തള്ളിനീക്കാൻ പാടുപെടുകയാണിപ്പോൾ..
ആഴ്ചയിൽ 18,000/- ഇന്ത്യൻ രൂപയുണ്ടെങ്കിലേ തന്റെയും സൌമിയുടേയും ജീവിതചിലവുകൾ നടക്കുകയുള്ളൂ. ജോലി അന്വോഷിച്ച് നടന്നു മടുത്തപ്പോൾ, മലയാളിയായ ഒരു സ്നേഹിതന്റെ ശുപാർശപ്രകാരമാണു മക്’ഡോണാൾഡിന്റെ തോട്ടത്തിൽ മാങ്ങാപറിക്കുന്ന ഈ തൊഴിൽ ലഭിച്ചത്. കഷ്ടിച്ച് പതിനെണ്ണായിരത്തിനടുത്ത് ആഴ്ചയിലൊപ്പിക്കാം. സൌമി കൂടി തുച്ഛമായ ശമ്പളത്തിനു പാർട്ട്ടൈം ജോലി ചെയ്യുന്നതുകൊണ്ട് ഫീസ് കാര്യങ്ങളൊക്കെ ഒരുവിധം നടന്നുപോകുന്നു. സുഭിക്ഷതയോടെ, ധാരാളിയായി നാട്ടിൽ വിലസിനടന്ന കാലം ഓർക്കുമ്പോൾ.. സങ്കടം അടക്കാനാവുന്നില്ല. അത്യാഗ്രഹം മൂത്ത് വിപ്രോയിലെ ഉന്നതമായ ജോലി ഉപേക്ഷിച്ചില്ലായിരുന്നുവെങ്കിൽ, ഇപ്പോൾ സ്കോഡാകാറും, എ.സി.ഫ്ലാറ്റും, പതിനായിരങ്ങളുടെ ബാങ്ക് ബാലൻസുമായി.. ജീവിതം സുരക്ഷിതമാക്കി ആഘോഷിച്ചു നടക്കാമായിരുന്നു. ഇനിയെല്ലാം സ്വപ്നങ്ങൾ മാത്രം.. നഷ്ടപ്പെടുത്തിയതൊന്നുമില്ലാതെ എങ്ങനെ നാട്ടിലേക്കുപോകും. നാട്ടുകാരുടേയും, വീട്ടുകാരുടേയും മുൻപിൽ ഒരു വിഡ്ഡിയായി എങ്ങനെ നിലകൊള്ളും. തന്നെ വളർത്തിവലുതാക്കിയ കൃഷിയെ തള്ളിപ്പറഞ്ഞ തനിക്കു അവസാനം ഉപജീവനമാർഗ്ഗമായത് കൃഷിക്കാരന്റെ റോൾ തന്നെ. അഹന്ത നിറഞ്ഞ മനസ്സിനെ യാഥാർത്ഥ്യമനുഷ്യനിലേക്ക് പരിണാമപ്പെടുത്തുവാൻ ഈ ദുരിതങ്ങൾ സഹായിച്ചു.


ചിന്തകൾ കാടുകയറുന്നു. സൂര്യൻ പടിഞ്ഞാറു ഭാഗത്ത് താഴ്ന്നു തുടങ്ങിയിരിക്കുന്നു. ചെറുമാവുകൾക്ക് ദാഹജലം നൽകേണ്ട സമയമായിരിക്കുന്നു. മൂട്ടിലെ പൊടിതട്ടിക്കളഞ്ഞയാൾ എഴുന്നേറ്റ് ചെറുമാവുകളെ ലക്ഷ്യമാക്കി നടന്നു...

19 comments:

ഹരീഷ് തൊടുപുഴ said...

ഒറ്റപ്പെട്ട ഇങ്ങനെയുള്ള അനുഭവ കഥകളും ഉണ്ട്..

Typist | എഴുത്തുകാരി said...

ഇക്കരെ നിക്കുമ്പോള്‍ അക്കരെ പച്ച. അല്ലാതെന്തു പറയാന്‍.‍

പാവപ്പെട്ടവൻ said...

അതാണ്‌ ഒന്നിനെയും നമ്മള്‍ തെള്ളി പറയാന്‍ പാടില്ല നാളെ നമ്മള്‍ എങ്ങനെയാണന്നു പറയാന്‍ കഴിയില്ല ഹരീഷേ കൊള്ളാം ട്ടോ
ആശംസകള്‍

Lathika subhash said...

ഹരീഷേ,
കൊള്ളാം.ആ ക്യാമറയിലൂടല്ലാതെ നോക്കുന്നതും പകർന്നു തരുന്നത് നല്ല കാര്യം.
ഇനി രണ്ടു ചിത്രങ്ങൾക്ക് ഒരു കുറിപ്പ് എന്ന വണ്ണം പോസ്റ്റ് ചെയ്യുക.

Anil cheleri kumaran said...

കഥയായിരുന്നാൽ മതിയായിരുന്നു....
രസായിട്ടുണ്ട്. പോസ്റ്റ്.

വേണു venu said...

പണ്ട് പണ്ട് , സിങ്കപ്പൂരില്‍ നിന്നു മടങ്ങിയെത്തിയ തെങ്ങുകയറ്റക്കാരനായിരുന്ന ഒരു നായകന്‍ , അമ്മയോട് ഇതെന്നത്തും കായെന്ന് ചോദിച്ച ചോദ്യം, തുടര്‍ ചോദ്യങ്ങളായി ഇന്നും തുടരുന്നു.
കഥയ്ക്ക് സ്വാഭാവികതയുണ്ട്, ഹരീഷേ.
ലതി പറഞ്ഞതു പോലെ ഇനി കുറിമാനങ്ങളും പോരട്ടെ.

മീര അനിരുദ്ധൻ said...

തന്നെ വളർത്തിവലുതാക്കിയ കൃഷിയെ തള്ളിപ്പറഞ്ഞ തനിക്കു അവസാനം ഉപജീവനമാർഗ്ഗമായത് കൃഷിക്കാരന്റെ റോൾ തന്നെ. അഹന്ത നിറഞ്ഞ മനസ്സിനെ യാഥാർത്ഥ്യമനുഷ്യനിലേക്ക് പരിണാമപ്പെടുത്തുവാൻ ഈ ദുരിതങ്ങൾ സഹായിച്ചു.

ഇതു തന്നെയാണു ഇനി പലരുടെയും വിധി.നല്ല രചന

Sabu Kottotty said...

എങ്ങനെ കമന്റണമെന്നറിയില്ല...
പോസ്റ്റ് ഹൃദയ സ്പര്‍ശിയായി...

ബിന്ദു കെ പി said...

“തന്നെ വളർത്തിവലുതാക്കിയ കൃഷിയെ തള്ളിപ്പറഞ്ഞ തനിക്കു അവസാനം ഉപജീവനമാർഗ്ഗമായത് കൃഷിക്കാരന്റെ റോൾ”
ചില പാഠങ്ങൾ അനുഭവങ്ങൾക്കേ പഠിപ്പിക്കാൻ കഴിയൂ...അനുഭവങ്ങൾക്കു മാത്രം..
കഥ നന്നായി ഹരീഷ്..

Unknown said...

കൊള്ളാട്ടൊ ഇതെന്താ നാടുവിട്ട് ഒരു ശൈലി

നാട്ടുകാരന്‍ said...

മാക്രിക്കാണോ അതോ ബെര്‍ലിക്കണോ പഠിക്കുന്നത്?

അരുണ്‍ കരിമുട്ടം said...

ജീവിതമെന്ന സാഗരം!!!
ഒരു തുരുത്തല്ലോ ഇത്..

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
മാങ്ങാ പറിക്കലെങ്കിലും കിട്ടിയല്ലോ, ഭാഗ്യം.
അസ്ട്രേലിയക്ക് പറക്കാന്‍ പദ്ധതിയിടുന്ന നമ്മുടെ ഒരു സുഹൃത്തിനു വേണ്ടി ഇത് ഡെഡിക്കേറ്റ് ചെയ്യണെ.
:)

.. said...

വളരെ ചിന്തോദീപകം ആയ പോസ്റ്റ്‌........പ്രവാസികളുടെ വിഷമങ്ങള്‍ നല്ല വാക്കില്‍ പ്രകടിപ്പിക്കാന്‍ ശ്രമിച്ചു .............നല്ല നിലവാരം പുലര്‍ത്തി...എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് അവസാനം അദ്ദേഹം "കുഞ്ഞു മാവുകളെ ലക്‌ഷ്യം ആക്കി നടന്നു" എന്നത് ആണ്.....ഇനിയും പ്രതീക്ഷകളുടെ ഒരു ചെറു കണിക മനസില്‍ സൂക്ഷിക്കുന്ന അയാള്‍ നമ്മുക്കും പ്രതീക്ഷയെക്കുന്നു ........ആശംസകള്‍ ........

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നല്ല പോസ്റ്റ്.ആശംസകള്‍....

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല അവതരണം ..കേട്ടൊ ..ഹരീഷ്
നാട്ടിൽ മെയ്യനങ്ങാത്ത മലയാളി ,നാടുവിട്ടാൽ എന്തും ചെയ്യും!
അവിടെ ആഴ്ചയിൽ വെറും 40 മണിക്കൂർ മാങ്ങപറിക്കുന്നതിനാണ്(with Health&Safty Machineries)18000/ കിട്ടുന്നത് എന്നു കൂടി ആലോചിക്കണം,ഒപ്പം ഇത്തരം രാജ്യങ്ങളിലെ സുഖസൌക്യര്യങ്ങളും,വ്രിത്തി,വെടൂപ്പ്,കാലാവസ്ഥ.....

chithrakaran:ചിത്രകാരന്‍ said...

മനോഹരമായിരിക്കുന്നു ഹരീഷ്.
ഗഗന ചാരികളായ നമ്മുടെ ഐടി.കൂലികള്‍ക്കും പ്രവാസി പരിഷ്ക്കാരികള്‍ക്കും ഭൂമിയില്‍ കാലൂന്നാനും
ഒരു പിടി മണ്ണെടുത്ത് ചുംബിക്കാനുമുള്ള ആത്മ ബോധമുണ്ടാക്കാന്‍ ഇത്തരം
ഹൃദയസ്പര്‍ശിയായ പോസ്റ്റുകള്‍ വരേണ്ടിയിരിക്കുന്നു.
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍...!!!

ചാണക്യന്‍ said...

കഥ ഇഷ്ടായി ഹരീഷ്...

V P Gangadharan, Sydney said...

എച്ച്മുക്കുട്ടിയുടെ ബ്ലോഗിലെ ലിങ്ക്‌ വഴി എത്തിയതാണ്‌. ഒരു ആസ്ത്രേലിയന്‍ പ്രവാസിയായതിനാല്‍ കൗതുകം ഊറി.

കേരളത്തില്‍ ഒരു ഐ ടി ബിരുദക്കടലാസ്‌ കൈവശപ്പെടുത്തിയ ആള്‍, കോര്‍പ്പറേറ്റ്‌ കമ്പനിയിലെ വിദഗ്ദ്ധരില്‍ ഒരുവനായിരുന്ന ആള്‍, ബ്രിസ്ബനില്‍ എത്തി മാങ്ങ പറിക്കുന്ന ജോലി തേടേണ്ടി വന്നു എന്ന അപകര്‍ഷതാ ബോധം ഇനിയെങ്കിലും അരുതാത്തതാണ്‌ - അന്നത്തെ അഹന്തയ്ക്ക്‌ പ്രായശ്ചിത്തമായിട്ടെങ്കിലും. താങ്കള്‍ക്കു നേരിടേണ്ടി വന്ന ഈ അനുഭവത്തിന്‌ (ഗതികേടെന്ന്‌ പറയുന്നത്‌ വിഡ്ഡിത്തമാവും) സാര്‍വ്വത്രികത്വം കല്‍പ്പിക്കുക അനാശാസ്യമാകും. നല്ല ജീവിതം ഏതെന്ന്‌ തിരിച്ചറിഞ്ഞ്‌ (ഭ്രമിച്ചിട്ടാവരുത്‌) അത്‌ നേടിയെടുക്കുകയാണ്‌ മനുഷ്യന്റെ പരമ ലക്ഷ്യം. നല്ലതേതെന്ന്‌ തീരുമാനിക്കേണ്ടതും അവനവന്‍ തന്നെയാവണം. ആ നല്ലതിനുള്ള തേടല്‍ അവസാനിപ്പിക്കുകയും അരുതല്ലോ. മുരളീ ഭായ്‌ പറഞ്ഞ കാര്യങ്ങള്‍ കൂടി ചേര്‍ത്തു വെച്ചു ചിന്തിക്കേണ്ടി വരും എന്നു തന്നെയാണ്‌ എന്റെയും അഭിപ്രായം.
ഒരു പിടി മണ്ണെടുത്ത്‌ ചുംബിക്കുക എവിടെവെച്ചും ആവാം. ചക്രവാളങ്ങള്‍ക്ക്‌ സീമകളില്ല, അകലെയായ്‌ കാണാമെങ്കിലും... സുഹൃത്തേ, അതു തേടുകതന്നെ വേണം. വിലാപം തോല്‍വി കുറിക്കുന്നു.