Friday, October 23, 2009

ഇന്നലെ ഉരുകിയൊലിച്ചു പോയ മഞ്ഞിൻകണങ്ങൾ..

നീണ്ട പതിനേഴുസംവത്സരങ്ങളിലെ ഓട്ടപ്രദക്ഷിണങ്ങൾക്കൊടുവിൽ; കൊഡൈക്കനാലിനെ പുണരുവാനെത്തിയതാണിന്നലെ. സീസൺ തുടങ്ങുന്നതെയുണ്ടായിരുന്നുള്ളു. പോയ പതിനേഴു കൊല്ലങ്ങൾ കൊഡൈയുടെ വന്യഭംഗിയെ ആക്രമിച്ചു; കീഴ്പ്പെടുത്തി; മാറ്റിമറിച്ചിരുന്നു. റോഡുകളെ, നാട്ടുകാരെ, എന്തിനേറെ പ്രകൃതിയെ നിരീക്ഷിക്കുമ്പോൾ തന്നെ ഒരു അപരിചിതത്വം അനുഭവപ്പെടുന്നുണ്ടായിരുന്നു. സീസൺ തുടങ്ങിയിട്ടേ ഉള്ളുരുന്നുവെങ്കിലും പ്രഭാതത്തിലെ മഞ്ഞുവീഴ്ച അസഹ്യം തന്നെയായിരുന്നു. കനത്ത മൂടൽമഞ്ഞിനെ വകവെയ്ക്കാതെ മോളെയും കൂട്ടി തടാകത്തിന്റെ അതിരിലൂടെയുള്ള പാതയിലൂടെ ഞാൻ പ്രഭാതസവാരിക്കിറങ്ങി. രേണുവും അവളൂടെ അച്ഛനുമമ്മയും കൂടി ഞങ്ങൾക്കുമുൻപേ നടക്കാനിറങ്ങിയിരുന്നു. അവരോടൊപ്പമെത്താൻ തിടുക്കം കൂട്ടാതെ, കൌതുകകരമായ കാഴ്ചകളുമാസ്വദിച്ച് എന്റെ മോതിരവിരലിൽ തൂങ്ങി സ്നേഹമോളും കൂടെ നടന്നു. പ്രഭാതത്തിന്റെ ഇളംവെയിലേറ്റ് , പുൽനാമ്പുകളെ പുണർന്നു വെട്ടിത്തിളങ്ങുന്ന മുത്തുകണങ്ങളെ ചവിട്ടിമെതിച്ച്; ആവേശത്തോടെ കലപില സംസാരിച്ച് അവളെന്റെ ഒപ്പമെത്തുവാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവളുടെ കുഞ്ഞു സംശയങ്ങൾക്കു മറുപടിയേകാൻ ബദ്ധപ്പെട്ടുകൊണ്ട്; പ്രഭാതത്തിന്റെ കുളിർമ്മയെ വകഞ്ഞുമാറ്റി ഞാൻ അവളോടൊപ്പം നടന്നു. രേണുവും, മാതാപിതാക്കളും ബഹുദൂരം മുന്നിലായിക്കഴിഞ്ഞിരുന്നു. നല്ല ആയാസത്തിൽ തന്നെ നടക്കട്ടെ..!!. പ്രഭാതത്തിലെ മിതമായ നടത്തം സുഹൃത്തുകൂടിയായ ഡോക്ടർ രമേഷ് നിർദ്ദേശിച്ചിട്ടുള്ളതാണ്. മോളുണ്ടായിക്കഴിഞ്ഞാണു രേണുവിനിത്ര ഭാരക്കൂടുതലായത്. ഗർഭിണി ആയിരിക്കുമ്പോഴേ ഉണ്ടായ രക്തസമ്മർദ്ദം പ്രസവശേഷം കൂടുതലാകുകയാണുണ്ടായത്. മരുന്നു മാത്രം പോരാ; വ്യായാമവും വേണമെന്ന ഡോക്ടറുടെ കർശനമായ നിർദ്ദേശം അക്ഷരംപ്രതി അവൾ പാലിക്കുന്നുണ്ട്; എവിടെയാണെങ്കിലും..


കുറെദൂരം നടന്നു മടുത്തപ്പോൾ, തടാകക്കരയിലെ വിശ്രമബഞ്ചുകളിലൊന്നിൽ ക്ഷീണമകറ്റാൻ കുറച്ചുനേരം ഞങ്ങളിരുന്നു. തടാകത്തിൽ മെല്ലെ നീന്തിത്തുടിക്കുന്ന കുഞ്ഞലകളിൽ, മഞ്ഞിനെ കീറിമുറിച്ചു പതിക്കുന്ന ഇളം രശ്മികളുണ്ടാക്കുന്ന മിന്നല്പിണരിലേക്കു കണ്ണും നട്ട്, ആസ്വദിച്ചു കൊണ്ട് ഞങ്ങളിരുന്നു. മൂടൽമഞ്ഞാൽ പാതിമറച്ച കാഴ്ചകൾക്കിടയിലൂടെ, പ്രഭാതസവാരിക്കിറങ്ങിയ ബോട്ട് യാത്രികരെ കാണാമായിരുന്നു. പ്രഭാതത്തിന്റെ കുളിരിനെ ഉന്മേഷത്തോടെ വരവേൽക്കുന്ന ആ വിനോദസഞ്ചാരികളെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നതിനിടയിലെപ്പഴോ യാദൃശ്ചികമായി പതിഞ്ഞ മിഴികളിൽ നിന്നും കണ്ണെടുക്കാനാവാതെ ഞാൻ ഒരു മാത്ര അസ്തപ്രജ്ഞനായി ഇരുന്നു. ആ മിഴികളിൽ കണ്ട വിസ്മയഭാവം... എന്റെ മനസ്സിനെ പതിനേഴുകൊല്ലങ്ങൾക്കു മുൻപിലേക്കു റിവൈൻഡ് ചെയ്തുകൊണ്ടിരുന്നു... തടാകത്തിലെ കൊച്ചലകൾ ഓളംവെട്ടുന്നതുപോലെ ഓർമകളും അലയടിച്ചുകൊണ്ടിരുന്നു... ആ മിഴികൾക്കുടമയെ ഇനിയൊരിക്കലും കണ്ടുമുട്ടുമെന്നു നിനച്ചതേയല്ല... അതും ഇവിടെ വെച്ചുതന്നെ... പുഞ്ചിരിക്കുവാൻ ശ്രമിച്ചുവോ?? ഇല്ലാ... തോന്നിയതാവാം... കൂടെ രണ്ടുപുരുഷന്മാർ... രണ്ടു സുന്ദരികളായ ഇരട്ടക്കുട്ടികൾ... ഒന്നവളൂടെ ഭർത്താവാകാം... മറ്റേ ആളിന്റെ മുഖം എവിടെയോ കണ്ടു മറന്നതുപോലെ... അതെ... ഓർമിക്കുന്നുണ്ട്... ആ മുഖം ഇതിനുമുൻപെവിടെയോ കണ്ടിട്ടുണ്ട്... അവളോടൊപ്പമുള്ള ഒരു ഫോട്ടോയിൽ ഒരുമിച്ചു കണ്ടിട്ടുണ്ട്... അന്നവൾ, നിന്റെ ഭാവിഅളിയനാണെന്നു പറഞ്ഞു ചൂണ്ടിക്കാണിച്ചു തന്നിട്ടുണ്ട്... ഓർമിക്കുന്നു...


മോളെയും എടുത്തു ബോട്ട്ക്ലബ്ബിന്റെ പ്രധാനവാതിൽ ലക്ഷ്യമാക്കി ഞാനാഞ്ഞു നടന്നു. ഒരിക്കൽക്കൂടി കാണണമെന്ന അടക്കാനാവാത്ത ആഗ്രഹം മനസ്സിനുള്ളിലെവിടെയോ നുരഞ്ഞുപൊന്തുന്നുണ്ടായിരുന്നു. നടത്തത്തിനിടയിലും മോളെന്തെക്കെയോ ചോദിക്കുന്നുണ്ടായിരുന്നു... പക്ഷേ മനസ്സ്... അതു വേറെ ഏതോ ലോകത്തെവിടെയോ പാറി നടക്കുകയായിരുന്നു... ആൾ കുറച്ചു കൂടി തടിച്ചിരിക്കുന്നു... കാലം ശരീരത്തിൽ പരിണാമങ്ങൾ സംഭവിപ്പിക്കുന്നു... മനസ്സിനെ പക്വതപ്പെടുത്തുന്നു... എന്നിട്ടും ഞാൻ... ഒരു നിമിഷം... അവളെ ഒരു നോക്കുകാണുവാൻ ഓടുന്നു... പക്വതയില്ലായ്മയാണോ പ്രശ്നം... അല്ലാ... അപ്പോളെന്തായിരിക്കും... അറിയില്ലാ... തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ...? ഉണ്ടാകണം... പുഞ്ചിരിക്കാൻ ശ്രമിച്ചിരുന്നില്ലേ...? അതോ തോന്നലാണൊ...? ഒന്നു കൂടി... ഒരു വട്ടം കൂടി കാണുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ...


യാദൃശ്ചികമാകാം... ആദ്യത്തെയും... അവസാനത്തെയും കൂടിക്കാഴ്ച ഈ തടകക്കരയിൽ വെച്ചായത്. ഇപ്പോഴിതാ വീണ്ടും... നീണ്ട കുറെ നാളുകൾക്കുശേഷം ഈ തടാകക്കരയിൽ അവിചാരിതമായി കണ്ടുമുട്ടാനൊരുങ്ങുന്നു. ജീവിതത്തിലൊരിക്കലും പരസ്പരം കണ്ടുമുട്ടാനിടവരുത്തല്ലേ... എന്നു ദൈവംതമ്പുരാനോടു മനമുരുകി പ്രാർത്ഥിച്ചു പോയവർ...!! വിധി...!!


വർഷങ്ങൾ മുന്നേയുള്ള ഒരു സായാഹ്നത്തിലേക്കു മനസ്സ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഈ തടാകക്കരയിലെ റോഡിനരുകിൽ; ബാഗും പണവും നഷ്ടപ്പെട്ടുഴറി ഹതാശയരായി കാണപ്പെട്ട മൂന്നു വിദ്യാർത്ഥിനികൾ. തിരിച്ചു കോളെജ് കാമ്പസ്സിലേക്കു മടങ്ങാനുള്ള പണമില്ലാതെ അവർ വിഷമിച്ചു നിൽക്കുന്ന സമയത്താണു ഞാനവരെ കണ്ടുമുട്ടുന്നത്. ഒരേ ക്ലാസ്സിൽ പഠിച്ചിരുന്നവരാണെങ്കിലും അധികം അടുപ്പം ഉണ്ടായിരുന്നില്ല. ആ കാലങ്ങളിൽ വെറുതേ മനസ്സിൽ ഉടലെടുത്തിരുന്ന ഒരു അപകർഷതാബോധം കാരണം പെൺകുട്ടികളിൽ നിന്നൊഴിഞ്ഞു മാറുവാൻ പരമാവധി ശ്രമിച്ചിരുന്നു. നാട്ടിൽ നിന്നെത്തിയ കുടുംബാംഗങ്ങളെ കൊഡൈ കാഴ്ചകൾ കാണിക്കുവാൻ അനുഗമിച്ചെത്തിയതായിരുന്നു ഞാനും. നൂറിൽ‌പ്പരം കിലോമീറ്റർ ദൂരമകലെ, ഒട്ടഞ്ചത്രത്തിനടുത്തു ഉൾഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കോളെജ് കാമ്പസ്സിലേക്കു മടങ്ങിപ്പോകുവാൻ പണമില്ലാതെ ഉഴറിനിന്ന ആ പെൺകുട്ടികളെ സഹായിച്ചതാണ്... അവരിലൊരാളായ സ്പെക്സ് വെച്ച പെൺകുട്ടിയുമായി കൂടുതലടുക്കാനിടയായത്...
വർഷങ്ങൾ പിന്നെയും കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു...
ഋതുക്കൾ മാറിവന്നുകൊണ്ടിരുന്നു...
ഇതിനിടയിലെപ്പഴോ ഞങ്ങളുടെ പ്രണയവും, പടർന്നു പന്തലിച്ചു വളർന്നുകൊണ്ടിരുന്നു..
തമ്മിൽ കാണാനാകാത്ത വിധം മനസ്സുകൾ തമ്മിലടുത്തു...
പക്ഷേ എന്നെ കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു...
എഞ്ചിനീറിംങ്ങ് പഠനം മുഴുമിപ്പിക്കുന്നതിനു മുൻപേ അകാലത്തിലേക്കു പൊലിഞ്ഞ പിതാവിന്റെ വിയോഗം... തന്നെയും കുടുംബത്തെയും ഒരു കൂട്ടം പ്രശ്നങ്ങളുടെ പടുകുഴിയിലേക്കാനയിച്ചു...
പ്രായപൂർത്തിയാകാത്ത രണ്ടു കൊച്ചനുജത്തിമാരുടെ മുഴുവൻ ഉത്തരവാദിത്വവും തന്നെയേൽ‌പ്പിച്ചാണു അദ്ദേഹം മണ്മറഞ്ഞത്... മരണ സമയത്ത് ഒന്നേ ആവശ്യപ്പെട്ടുള്ളു... തന്നേക്കാൾ ഇളപ്പമുള്ള തന്റെ സഹോദരിമാരെ നല്ലനിലയിലെത്തിച്ചിട്ടേ, ഒരു കുടുംബജീവിതത്തിനു നീ മുതിരാവൂ എന്ന്...
പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റുന്നതിലേക്കു; തന്റെ മോഹാഭിലാഷങ്ങൾ അടിയറ വെച്ചിട്ടായിരുന്നു തിരികെ കോളെജിലേക്കു മടങ്ങിയത്... അവസാന സെമസ്റ്റർ പരീക്ഷകൾ കഴിയും വരെ ഞാൻ പിടിച്ചു നിന്നു... നമ്മൾ തമ്മിൽ പിരിയാൻ പോകുകയാണെന്ന സത്യം എങ്ങനെ അവളെ അറിയിക്കും എന്ന കാര്യത്തിലെനിക്കു നിശ്ചയമില്ലായിരുന്നു... അതവളിൽ ഉണ്ടാക്കിയേക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ കൂടി ഓർത്തപ്പോൾ... ഈ ദൌത്യം എങ്ങനെ പൂർത്തീകരിക്കും എന്നു നിനച്ചു ഉഴറി നടക്കുമ്പോഴാണു...
അവൾ ഒരു ആവശ്യം എന്റെയടുത്തു ബോധിപ്പിക്കുന്നത്...
“നമ്മൾ ആദ്യമായി അടുക്കുവാൻ കാരണം കൊഡൈയിലെ ആ തടാകക്കരയാണു..
കോഴ്സു പൂർത്തിയാക്കി പിരിയുന്ന ഈ അവസ്ഥയിൽ ഒന്നു കൂടി അവിടം സന്ദർശിച്ച്..
അതുവഴി നാട്ടിലേക്കു മടങ്ങാം..
എന്നെ കുമിളിയിലിറക്കിയാൽ മതി..
അവിടെ നിന്നും ‘തുഷാര’ ത്തിനു കയറി ഞാൻ പൊയ്ക്കോളാം..“


കൊഡൈയിലെ തണുത്തുറഞ്ഞ തടാകക്കരയിലെ സിമന്റുബെഞ്ചിൽ,; അവളുടെ തോളോടു തോൾ ചേർന്നിരുന്ന്, വലതു കൈയെടുത്തു അവളുടെ തോളത്തിട്ട്... ശരീരം എന്നിലേക്കു ചേർത്ത് പിടിച്ച്...
തടാകത്തിലൂടെ ഉല്ലാസയാത്ര നടത്തുന്ന കമിതാക്കളെയും വീക്ഷിച്ച് ഞങ്ങൾ ഇരുന്നു.
“നമ്മൾക്കു വരണം ഇതു പോലെ; വിവാഹിതരായതിനു ശേഷം, വേണ്ടേ..??”
“ഊം” ഞാൻ മൂളി..
ഞാനവളെ ഇത്തിരികൂടി എന്റെ ശരീരത്തോടു ചേർത്തു പിടിച്ചു..
മനസ്സു വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു..
പറയണോ... വേണ്ടയോ...??
മനസ്സിനുള്ളിൽ ചിന്തകൾ തമ്മിൽ ശക്തമായ ഒരു വടംവലി നടക്കുന്നുണ്ടായിരുന്നു...
തുലാസ്സിലെ ഒരുതട്ടിൽ..
എന്റെ കൊച്ചു സഹോദരിമാരുടെ മുഖത്തെ ദയനീയത..
അവരുടെ ഭാവി..
മറ്റേ തട്ടിൽ..
തന്നെ പ്രാണനു തുല്യം സ്നേഹിക്കുന്ന പ്രണയിനിയുടെ സാമീപ്യം..
അവസാനം മൌനം ഭഞ്ജിക്കേണ്ടത് എനിക്ക് അനിവാര്യമായിത്തീർന്നു..
“നാം പിരിയുകയാണു; ഇതവസാന കൂടിച്ചേരൽ മാത്രം... നിമിഷങ്ങൾ മാത്രം അവശേഷിക്കുന്നു...”
ഗദ്ഗദത്തോടെ പറഞ്ഞു നിർത്തി...


കുറേ നേരത്തേയ്ക്കു ഞങ്ങൾക്കിടയിൽ അവ്യക്തമായ ഒരു മൂകത തളം കെട്ടി നിന്നു...
ആദ്യത്തെ ഞെട്ടലിൽ നിന്നും മോചിതയായ ശേഷം; ഒരു പുഞ്ചിരി അവളെനിക്കു സമ്മാനിച്ചു...


കുമിളിയിലേക്കുള്ള ഹെയർ പിൻ വളവുകൾ കയറുന്നതിനിടയിൽ, യമഹ ബൈക്കിനു പുറകിൽ എന്നെ കെട്ടിപ്പിടിച്ചിരുന്ന അവളോടു ഞാൻ ചോദിച്ചു..
“ദ്വേഷ്യമുണ്ടൊ എന്നോട്... അതോ വെറുപ്പോ...??”
വിഷാദം മുറ്റിയ ഒരു പുഞ്ചിരിയായിരുന്നു മറുപടി...
പിന്നെ മൊഴിഞ്ഞു..
“എന്നെ കുമളിയിൽ ഇറക്കണ്ടാ; കാഞ്ഞിരപ്പിള്ളിയിൽ വിട്ടാൽ മതി...
ഇതു നമ്മുടെ അവസാന യാത്രയല്ലേ...
അത്രേം നേരം കൂടി എന്റെ സ്വന്തമായിട്ടിരിക്കട്ടെ...”


മഞ്ഞുപെയ്യുന്ന മലനിരകൾക്കിടയിലൂടെ; കോട മഞ്ഞിനെ വകഞ്ഞു മാറ്റി യമഹ കുതിച്ചു പാഞ്ഞു..
പുറകിൽ, എന്നെ അടക്കിപ്പുണർന്നു, എന്റെ തോളത്തു തലചായ്ച്ചിരിക്കുന്ന അവളെ നഷ്ടപ്പെടാൻ മിനിറ്റുകളേ ബാക്കിയുള്ളു എന്നോർത്തപ്പോൾ നെഞ്ചിങ്കൂടിലാകെ ഒരു തരം നൊമ്പരം പടർന്നു പിടിച്ചു.



നേരം പരപരാ വെളുത്തു വരുന്നതേയുള്ളായിരുന്നു..
കാഞ്ഞിരപ്പിള്ളിയിലെത്തി; ഈരാറ്റുപേട്ടാ റോഡിലേക്കിറങ്ങി ഇടത്തേ സൈഡിൽ സ്ഥിതിചെയ്യുന്ന വെയിറ്റിങ്ങ്ഷെഡിന്റെ സൈഡിലേക്കു ബൈക്ക് ഞാൻ ചേർത്തു നിർത്തി...
“സമയമായി അല്ലേ..”
“ഊം..”
തന്റെ ചെന്നിയിൽ അമർത്തപ്പെട്ട അവളുടെ ചുണ്ടുകളിൽ നിന്നും കണ്ണുനീരിന്റെ നനവു പടരുന്നതു അറിയുന്നുണ്ടായിരുന്നു...
“പിരിയാം; ഇനി കാണില്ല.... ജീവിതത്തിലൊരിക്കലും”
ദീർഘനിശ്വാസത്തോടെ മൂളുവാൻ മാത്രമേ എനിക്കായുള്ളു...
അപ്പോഴേക്കും സങ്കടം വിഴുങ്ങിയിരുന്നു വാക്കുകളെ...
അവൾ നടന്നകലുന്നതും നോക്കി നിർവികാരതയോടെ ഞാനിരുന്നു..
മിഴികൾ ഈറനണിയുന്നുണ്ടായിരുന്നു..


Mr.ajay; glad to meet you..!!!
അവളൂടെ ഭർത്താവിന്റെ ബലിഷ്ഠമാർന്ന കൈകളിലിരുന്നു എന്റെ കൈ മുറുകി.
പുഞ്ചിരിച്ചു കൊണ്ടു തൊട്ടടുത്തതാ അവൾ..
പരസ്പരം പരിചയപ്പെടുത്തലുകൾ നടന്നുകൊണ്ടേയിരുന്നു...
എന്തൊക്കെയോ ഒരുപാട് സംസാരിക്കണം എന്നുണ്ടായിരുന്നു..
വാക്കുകൾ പുറത്തേക്കു വരുന്നതേയില്ല..
മിഴികൾ കൊണ്ട് പരസ്പരം സംവദിക്കുവാൻ ശ്രമിച്ചു..
എന്റെ മകളെ എടുത്തുയർത്തി, അവളുടെ കവിളത്തൊരു മുത്തം നൽകിക്കൊണ്ട്..
“മോളെ നീയെനിക്കു പിറക്കേണ്ടതായിരുന്നൂ”
എന്നവൾ പറഞ്ഞ വാക്കുകൾ എന്നെ വികാരതരളിതനാക്കി..
അവളൂടെ ഭർത്താവതാ പുഞ്ചിരിച്ചു കൊണ്ടു എന്റെ മോളെ എടുക്കുന്നു...
അപ്പോൾ....; എല്ലാം പറഞ്ഞിരിക്കുന്നു...
യാത്ര പറഞ്ഞു പിരിയാൻ നേരം നേരെ നോക്കാനുള്ള കെൽ‌പ്പുണ്ടായിരുന്നില്ല..
ഞങ്ങൾക്കു വേണ്ടി ആ മാന്യനായ മനുഷ്യൻ ഒഴിഞ്ഞു തന്നിരിക്കുന്നു; എന്റെ മോളെയുമെടുത്തു അവൾക്കു ഐസ്ക്രീം വാങ്ങിക്കൊടുക്കുന്ന തിരക്കിലാണദ്ദേഹം..

ഞാനാഗ്രഹിച്ചതുപോലെ നല്ലൊരു കുടുംബജീവിതം നിനക്കു കിട്ടി..
സന്തോഷകരമായ ദാമ്പത്യജീവിതം..
മനസ്സുകൊണ്ടു പോലും നുള്ളിനോവിച്ചിട്ടില്ലാത്തതിനാൽ എനിക്കു സംതൃപ്തിയുണ്ട്.. സന്തോഷമുണ്ട്..
പക്ഷേ; പിരിയാൻ നേരം നിന്റെ മിഴികളിൽ ദർശിച്ച വിഷാദച്ഛവി...
“ഞാൻ സംതൃപ്തയല്ലാ”
എന്നതാണോ വ്യക്തമാക്കിയിരുന്നത്...

25 comments:

ഹരീഷ് തൊടുപുഴ said...

ഒരിക്കൽ മോഹിച്ചവളെ മറ്റൊരുവൻ സ്വന്തമാക്കി, അവന്റെ കൂടെ അവളെ കാണുമ്പോഴുള്ള അവസ്ഥ... വല്ലത്തൊരു നഷ്ടബോധം തോന്നുന്നു... ഒരു പെണ്ണിന്റെ വില ആണൊരുത്തൻ മനസ്സിലാക്കുന്ന സമയമിതാകുമോ..??

ജെ said...

"സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നമ്മുടെ ചില സ്നേഹങ്ങള്‍ വേണ്ടന്നുവെയ്ക്കുന്നതും സ്നേഹംതന്നെയാണ്‌." കഥ നന്നായി മാഷെ.

പാവത്താൻ said...

ഒരിക്കൽ മോഹിച്ചവളെ മറ്റൊരുവൻ സ്വന്തമാക്കി, അവന്റെ കൂടെ അവളെ കാണുമ്പോള്‍ അവള്‍ സംതൃപ്തയല്ല എന്ന് കരുതുന്നതാണ് ഒരു സുഖം അല്ലേ?(പിന്നേ എന്നെപ്പോലെ ഒരുവനെ നഷ്ടപ്പെട്ട അവള്‍ക്കെവിടെ നിന്ന് സംതൃപ്തി കിട്ടാന്‍???)ഫെമിനിസ്റ്റു കളുടെ കൈയ്യില്‍ കിട്ടിയാല്‍ ഹരീഷ് ഭായിയുടെ കാര്യം പോക്കാ.. സൂക്ഷിച്ചോ..
കഥ മോശമില്ല.

അഭി said...

നമ്മളുടെ സ്വന്തമയിരുന്നത് നഷ്ടപ്പെടുനതല്ലേ ഏറ്റവും വലിയ ദു:ഖം
കഥ വളരെ നന്നായിരിക്കുന്നു ഭായി

lekshmi. lachu said...

പ്രണയം മനോഹരമാണ്,അത് സ്വന്തം ആക്കി കഴിയുമ്പോള്‍ ഇന്ന് തോന്നുന്ന നഷ്ടബോധത്തിന്റെ നൊമ്പരപെടുത്തുന സുഖം ഉണ്ടാഗുമോ ഹരീഷ് ഏട്ടാ...ഇല്ലാന്ന് തോന്നുന്നു..ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ എല്ലാം പച്ച്ചയായെ കാണൂ...
വളരെ നന്നായിരിക്കുന്നു. ...

സജി said...

അവളെകെട്ടാത്തതു (കിട്ടാത്തത്) ഹരീഷിന്റെ ഭാഗ്യം!

അതെന്താണന്നല്ലേ?

അത് അങ്ങിനെയാ...

സജി said...

ഒരു കാര്യം മറന്നു..


@അവളൂടെ ഭർത്താവിന്റെ ബലിഷ്ഠമാർന്ന കൈകളിലിരുന്നു എന്റെ കൈ മുറുകി...



ഭർത്താവിന്റെ ബലിഷ്ഠമാർന്ന കൈകള്‍- അതൊരിക്കലും മറക്കരുത്....മറന്നുപോയേക്കരുത്.

ഹരീഷ് തൊടുപുഴ said...

അവളെകെട്ടാത്തതു (കിട്ടാത്തത്) ഹരീഷിന്റെ ഭാഗ്യം!

ഇതെന്നാ അച്ചായാ എന്റെ പേര്....!!!
ഇതു കഥയല്ലേ...!!!

ഞാനാണു കഥാനായകൻ എന്നൊരിടത്തും പറഞ്ഞിട്ടില്ലല്ലോ...!!!
:)

നന്ദിയോടെ...

കുഞ്ഞൻ said...

ഹരീഷ് ജീ...

ആദ്യമെ ആശംസകൾ പറയട്ടെ..കഥയെഴുത്തിനെ സീരിയസ്സായി കണ്ടതിന്. പ്രമേയം പഴയതാണെങ്കിലും കാട് കയറാതെയുള്ള സവാരി,പ്രഭാതത്തിൽ മഞ്ഞിൻ തണുപ്പേറ്റു നടക്കുന്ന സുഖം തരുന്നുണ്ട്.

ആദ്യ കമന്റിൽ ചോദിക്കുന്ന ചോദ്യത്തിന്.. ഒരു പെണ്ണിന്റെ വില മനസ്സിലാക്കുന്നത്, എനിക്ക് മറ്റാരുടെ സഹായവും വേണ്ടാ,എനിക്ക് കാശുണ്ട്, എനിക്കാരോഗ്യമുണ്ട് എന്നൊക്കെയുള്ള അഹത്തിനാൽ നടക്കുന്ന ഒരുവൻ എപ്പോഴെങ്കിലും പെട്ടെന്ന് കിടപ്പിലായാൽ ആ സമയങ്ങളിലെ പുനർചിന്തകളിൽ സ്നേഹത്തിന്റെ,കർമ്മങ്ങളുടെ ശക്തി തിരിച്ചറിയും അന്ന് ശിശ്രൂഷിക്കാനും നല്ലവാക്ക് പറയാനും ഒരു പെണ്ണ് തന്നെയുണ്ടാകൂ..പറഞ്ഞുവന്നത് ഒരു വീഴ്ച വരുമ്പോൾ താങ്ങാവുന്ന കൈകൾ അത് ഒരു വളയിട്ട കൈകൾ തന്നെയാകും അപ്പോഴറിയാം ഒരു പെണ്ണിന്റെ വില..!

മാണിക്യം said...

സ്വപ്നത്തിന്റെ സുഖം
യാഥാര്‍ത്യത്തിനില്ല.
മഞ്ഞുപോലെ മനോഹരമാണത്
കോടമഞ്ഞു പോലെ മിഥ്യ!
കൈ വീട്ടു പോയതിനാവും
നിലക്കാത്ത സൌന്ദര്യം.
ആശിച്ചത് കൈ വരിച്ചാല്‍
ഓര്‍മ്മക്ക് ഈ തീവ്രതയുണ്ടാവില്ല .
കഥ കൊള്ളാം!

കണ്ണനുണ്ണി said...

എനിക്ക് റെസ്പെക്റ്റ്‌ തോന്നിയത് ആ സ്ത്രീയുടെ ഭാര്താവിനോടാ

രഞ്ജിത് വിശ്വം I ranji said...

ഹരീഷ് ജി കഥ ഇഷ്ടമായി. ചില കഥകള്‍ വായിക്കുമ്പോള്‍ ആത്മ കഥംശം ഉണ്ടോ എന്ന സംശയം ബലപ്പെടും. ഈ കഥ വായിച്ചപ്പോഴും അങ്ങിനെ തോന്നി. മനസ്സില്‍ നിന്നു എഴുതുമ്പോഴുള്ള ഒരു വികാരതീവ്രതയുണ്ടല്ലോ അതറിയാതെ കഥയിലേക്ക് കയറി വരും. ഇത് വെറും ഒരു കഥ മാത്രമാണെങ്കില്‍ എഴുത്തിലൂടെ വികാര തീവ്രത അനുഭവിപ്പിച്ച് തന്നതിന് ഹരീഷിനു നന്ദി. അല്ല സ്വല്പം ആത്മകഥാംശവും ഉണ്ടെങ്കില്‍ പോയ കാലത്തിനോട് പോകാന്‍ പറ ഹരീഷ്. :)

Umesh Pilicode said...

മാഷെ കഥ നന്നായി

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കാലം ഒരു നദിപോലെയാണു.അതിന്റെ മഹാപ്രവാഹം എന്തെല്ലാം കാണുന്നു..! ദേശങ്ങൾക്കും കാലത്തിനും അതീതമായി അതു പ്രവഹിച്ചു കൊണ്ടേയിരിക്കുന്നു.ചിലപ്പോൾ അവൾ പൊട്ടിച്ചിരിച്ചു നമ്മെ സന്തൊഷിപ്പിക്കുന്നു..ചിലപ്പോൾ ആർത്തട്ടഹസിച്ച് ക്രൂരയാകുന്നു..ചിലപ്പോൽ ശാന്തയായി ഒഴുകുന്നു...ആ മഹാപ്രവാഹം എല്ലാ മുറിവുകളേയും മായ്ക്കുന്നു.വേദനകളെ ഇല്ലാതാക്കുന്നു..കാലം എന്തൊക്കെയാണു നമുക്കായി കരുതി വച്ചിരിക്കുന്നതെന്ന് ആർക്കറിയാം..ആ ആകസ്മികതയല്ലെ ജീവിതത്തിന്റെ സൌന്ദര്യം തന്നെ!

പ്രണയം നറുമണം പൊഴിക്കുന്ന ഒരു വാടാമലരാണു.ആ സൌരഭ്യം ഒരു കാലത്തും ഇല്ലാതാവുന്നില്ല.ഒരു പുഴയുടെ ഗതി മാറ്റാൻ സാധിച്ചാലും, മരങ്ങളിൽ ചുറ്റിക്കിടക്കുന്ന പഴകിയ വള്ളികളെ പറിച്ചെറിഞ്ഞാലും, ഒരു സ്ത്രീയുടെ മനസ്സ് ഒരു പുരുഷനിലുറച്ചു പോയാൽ അതു ഇളക്കി മാറ്റാനാവില്ല എന്നാണു കവി വാക്യം.അതുകൊണ്ടു തന്നെ അവളുടെ അവസാനത്തെ നോട്ടം “സംതൃപ്തയല്ല” എന്നതിലുപരി “ഞാനിപ്പോളും നിന്നെ സ്നേഹിക്കുന്നു” എന്ന് പറയാതെ പറഞ്ഞതാണു..പ്രണയങ്ങൾക്ക് മരണമില്ല!

നല്ല അവതരണം..തീവ്രമായ അനുരാഗത്തിന്റെ വികാരസ്ഫുരണം ഓരോ വാക്കിലുമുണ്ട്...പഴയ കാലങ്ങാളിലേക്ക് തിരിഞ്ഞു നോക്കാൻ കഥ പ്രേരിപ്പിച്ചു.

സമാനമായ ഒരു പ്രണയ കഥ ഞാനും എഴുതിയിരുന്നു...

വാഴക്കോടന്‍ ‍// vazhakodan said...

ഭർത്താവിന്റെ ബലിഷ്ഠമാർന്ന കൈകള്‍- അതൊരിക്കലും മറക്കരുത്....മറന്നുപോയേക്കരുത്. സൂക്ഷിച്ചോ..
കഥ നന്നായി :)

പാമരന്‍ said...

:) ഈ ബീഗരന്‍റെ ഉള്ളില്‍ പ്രണയതരളിതമായ ഒരു ഗൃദയം ഉണ്ടേര്‍ന്ന്‌ ല്ലേ :)

murmur........,,,,, said...

മുന്‍കാല പ്രണയിനി, സംതൃപ്ത അല്ല എന്ന് വിശ്വസിക്കാനാണ് പുരുഷനും, സ്ത്രീക്കും ഇഷ്ടം, അതിനെയാണല്ലോ നാം ഈ നഷ്ടബോധം എന്നൊക്കെ പറയുന്നത്.,

എന്തായാലും കഥ നന്നയി, എവിടെയൊക്കെ ഇരുന്നു അത് വള്ളത് വേദനിപ്പിക്കുന്നുണ്ട്‌,

അരുണ്‍ കരിമുട്ടം said...

കഥ നന്നായി.
ഇഷ്ടപ്പെട്ടവളെ മറ്റൊരുവന്‍റെ കൂടെ കാണുമ്പോഴുള്ള വേദനയും, പിന്നെ മാന്യനായ ആ ഭര്‍ത്താവും മനസിനെ സ്പര്‍ശിച്ചു!!

kichu / കിച്ചു said...

ഹരീഷേഏഏഏഏ :)

ശ്രീ said...

കഥ ഇഷ്ടമായി, ഹരീഷേട്ടാ...

ചിലപ്പോള്‍ മനഃപൂര്‍വ്വം നമുക്ക് പലതും നഷ്ടപ്പെടുത്തേണ്ടി വരുമല്ലോ...

കുക്കു.. said...

ഹരീഷ്.....ചേട്ടാ കഥ നന്നായിട്ടുണ്ട്......ട്ടോ......

Patchikutty said...

കഥ മൊത്തത്തില്‍ നന്നായിട്ടുണ്ട്. പക്ഷെ “മോളെ നീയെനിക്കു പിറക്കേണ്ടതായിരുന്നൂ” എന്നൊക്കെ പറയുമ്പോള്‍ സന്തോഷമായി കേട്ട് നില്‍ക്കുന്ന ഒരു ഭര്‍ത്താവോ? ആവൊ ഉണ്ടായിരിക്കും അല്ലെ... എനിക്കെന്തോ വല്ലാത്ത നാടകീയത പോലെ ആ സീനില്‍... ബാക്കി ഒക്കെ കൊള്ളാം മാന്യനായ ഭര്‍ത്താവ്‌, കുടുംബത്തിനുവേണ്ടി കാമുകിയെ കളഞ്ഞ കാമുകന്‍, അവനെ മനസ്സിലാക്കിയ കാമുകി...പിന്നെ ഏത്ര നല്ല അവസ്ഥയില്‍ കണ്ടാലും പൂര്‍വ കാമുകി സന്തോഷവതിയല്ല എന്ന് സ്വയം ആശ്വസിക്കുന്ന മനസ് ഒക്കെ തികച്ചും സംഭവ്യം തന്നെ... ഈ കഥയില്‍ ഏറ്റവും എടുത്തു പറയേണ്ടതായി എനിക്ക് തോന്നിയത്‌ കഥാപാത്രങ്ങളുടെ മനോവികാരങ്ങള്‍ നന്നായി സംവേദിക്കപ്പെടുന്നു എന്നത്...അതുകൊണ്ട് തന്നെ ഒരു ആത്മകഥ ആണോ എന്ന് samshayikkapedukayum ചെയ്യുന്നു...athu ഒരു plus point ആണ്. thudaruka eazhuth. ദൈവം anugrahikkatte

ഹരീഷ് തൊടുപുഴ said...

ജെ
പാവത്താൻ മാഷ്
അഭി
ജയേഷ് സാൻ
ലക്ഷ്മി
സജി അച്ചായൻ
കുഞ്ഞേട്ടൻ
മാണിക്യാമ്മ
കണ്ണനുണ്ണി
രഞ്ജിത്ത് ചേട്ടാ
ഉമേഷ്
സുനിലേട്ടാ
വാഴക്കോടൻ
പാമരൻ ചേട്ടാ
മർമർ
അരുൺ
കിച്ചുവേച്ചി
ശ്രീക്കുട്ടാ
കുക്കു
പാച്ചിക്കുട്ടി

എല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു..
തുടർന്നും അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും പ്രകടിപ്പിക്കണമെന്നു താല്പര്യപ്പെടുന്നു..

നന്ദിയോടെ..

ചാണക്യന്‍ said...

ഹരീഷെ,
ഹൃദയസ്പർശിയായ എഴുത്ത്...അഭിനന്ദനങ്ങൾ...

ബലിഷ്ടകരങ്ങളെ കുറിച്ച് ജാഗരൂകനായിരിക്കണം:):):)

അനില്‍@ബ്ലോഗ് // anil said...

ഹരീഷെ,
കൂടുതല്‍ വായിച്ചു പോയി മുന്നേ.
കമന്റിടാന്‍ പറ്റിയ ഒരു മൂഡ് കിട്ടാഞ്ഞോണ്ട് മിണ്ടാതെ പോയി.
എഴുത്തു നന്നായി, അപൂര്‍വ്വം ചില നാടകീയതകളൊഴിച്ചാല്‍.
പ്രണയത്തെക്കുറിച്ച് കമന്റിടാന്‍ ഇപ്പൊള്‍ പേടിയാ, പെണ്ണുമ്പിള്ള വായിച്ച് ചിരവത്തടി എടുക്കാന്‍ തുടങ്ങിയിരിക്കുന്നു.
:)