Thursday, November 05, 2009
അച്ചായനു പിണഞ്ഞ അമളി..
എന്റെ നാട്ടുകാരനും, ബഹറിൻ ബൂലോകത്തെ മിന്നും താരവുമായ സജിഅച്ചായനെ അറിയാത്തവർ വിരളമായിരിക്കും. ചെറായി മീറ്റിൽ സംബന്ധിക്കുവാൻ വേണ്ടി മാത്രമായി അദ്ദേഹം തലേന്നേ നാട്ടിലെത്തുകയും; എന്റെ സ്ഥാപനം സന്ദർശിക്കുകയും ചെയ്തു. ഷോപ്പിൽ വച്ചുള്ള ഞങ്ങളുടെ സംസാരത്തിനിടയിൽ, തന്റെ മൊബൈലിലെ ബാറ്റെറി റീചാർജ് ചെയ്യാനദ്ദേഹം ആഗ്രഹിച്ചതിൻ പ്രകാരം; തൊട്ടടുത്ത മൊബൈൽ ഷോപ്പിൽ ഏൽപ്പിച്ചു. ഫോൺ ചാർജ് ചെയ്തു കിട്ടുവാൻ അരമണിക്കൂർ കാലതാമസം ഉണ്ടാകുമെന്നു കടയുടമ അറിയിച്ചതിൻ പ്രകാരം; ആ സമയം കൊണ്ടു, നഗരത്തിലെ പുരാതനവും പ്രസിദ്ധിയാർജിച്ചതുമായ ഒരു മദ്യശാലയിൽ പോയി ഭക്ഷണം കഴിച്ചിട്ടു വരാം എന്ന അദ്ദേഹത്തിന്റെ ക്ഷണം മാനിച്ച് ഞാനും കൂടെ അനുഗമിച്ചു.
മദ്യശാലയിൽ എത്തി ഭക്ഷണത്തിനു ഓർഡെർ കൊടുക്കാൻ നേരത്താണു ഒരു നഗ്നസത്യം അച്ചായന്റെ തിരുനാവുകളിൽ നിന്നും ബഹിർഗമിച്ചത്; എന്തെന്നാൽ അദ്ദേഹം “വീശില്ലെന്നു”. മറ്റുള്ളവർ സേവിക്കുന്നതു കണ്ടാസ്വദിക്കുന്നതാണു പുള്ളിയുടെ ഇഷ്ടമെന്നതും. രണ്ടെണ്ണം വീശാനുള്ള അച്ചായന്റെ ക്ഷണം നിരസിച്ചാൽ അദ്ദേഹത്തിനെന്തു തോന്നും എന്നു വിചാരിച്ചാണു ഞാൻ കൂടെ പോയത്. ഞാനാണെങ്കിൽ പിറ്റേ ദിവസം മീറ്റുള്ളതിനാൽ പച്ചയായിട്ടിരിക്കാൻ പ്രതിജ്ഞ എടുത്തിരിക്കുന്ന സമയം. ശ്ശേ!! എന്റച്ചായാ... എന്നാ പിന്നെ വല്ല ഹോട്ടലിലും കയറിയാൽ പോരായിരുന്നോ?? എന്നു തിരിച്ചടിച്ചെങ്കിലും.. എന്തായാലും വന്നതല്ലേ; എന്നും നിനച്ചു രണ്ടു പെഗ്ഗ് റെമനോവ് വോഡ്കയ്ക്കു ഓർഡെർ ചെയ്തു.
ആദ്യം മദ്യം രംഗപ്രവേശം ചെയ്തു; തൊട്ടു പുറകേ ഭക്ഷണ സാമഗ്രഹികളും. ഞാൻ ഓരോ കവിൾ അകത്താക്കുമ്പോഴും; കണ്ണിമവെട്ടാതെ അതീവ സൂഷ്മതയോടെ അദ്ദേഹം എന്നെ വീക്ഷിച്ചുകൊണ്ടിരിക്കും. ഞാൻ പൂസാകുന്നുണ്ടോ?? മുഖഭാവത്തിനു മാറ്റം വരുന്നുണ്ടോ?? സ്വഭാവത്തിനെന്തെങ്കിലും പരിണാമം സംഭവിക്കുന്നുണ്ടോ?? എന്നൊക്കെ. ഹി ഹി; ഞാനാരാ മോൻ..!! അച്ചായൻ മാത്തേൽ കണ്ടപ്പോൾ ഞാനതു മാനത്തു കണ്ടു. അച്ചായന്റെ മനസ്സിലിരിപ്പുകൾ ഊഹിച്ചെടുത്ത ഞാൻ മനസ്സിൽ ഊറിച്ചിരിച്ചു. പാവം അച്ചായൻ..!! വഴിയേ പോയ പാമ്പിനെയെടുത്തു തോളത്തിടേണ്ടി വരുമോ എന്ന അകാരണമായ ഭയം അദ്ദേഹത്തിന്റെ മുഖത്തു പ്രകടമായിരുന്നു.
എന്റെ ബൈക്കിലായിരുന്നു ഞങ്ങൾ വന്നിരുന്നത്. ഭക്ഷണശേഷം, കടയിലേക്കു തിരിച്ചു വരുവാൻ ബൈക്കു സ്റ്റാർട്ടാക്കാൻ തുടങ്ങിയ എന്നെ തടഞ്ഞു നിർത്തി അച്ചായൻ ഒരൊറ്റച്ചോദ്യം!!
“ഹരീഷിനു വണ്ടിയൊക്കെ ഓടിക്കാൻ അറിയാലോ അല്ലേ?? ഓടിക്കാൻ പറ്റിയ അവസ്ഥയിലാണല്ലോ അല്ലേ??“
ദേ, പിന്നേം പാവം അച്ചായൻ..!! പേടിച്ചു വിറച്ചാണു അദ്ദേഹത്തിന്റെ നിൽപ്പ്..!! സ്വന്തമായി ബൈക്കോടിക്കൻ അറിയില്ല.. ബൈക്കോടിക്കനറിയാവുന്നവനാണെങ്കിലോ?? രണ്ടു പെഗ്ഗ് വിട്ടിട്ടുമുണ്ടു. ദേണ്ട്.. അച്ചായൻ വീണ്ടു ചെകുത്താനും കുരിശിനുമിടയിൽ..!! ഇപ്രാവശ്യം പുറത്തേക്കു തള്ളി വന്ന ചിരി എനിക്കടക്കാനായില്ല. മനസ്സില്ലാമനസ്സോടെ എന്റെ പുറകിൽ ആസനസ്ഥനായ അച്ചായനേം വഹിച്ചു കൊണ്ടു എന്റെ പൾസർ ബൈക്ക് നഗരത്തിലൂടെ ചീറിപ്പാഞ്ഞു. തോട്ടിക്കോലു പൊക്കമുള്ള അച്ചായൻ, അഞ്ചരയടി പൊക്കമുള്ള എന്റെ പുറകിൽ നടുവും വളച്ചു പമ്മിയിരുന്നു. എന്റെ ഡ്രൈവിങ്ങ് ജാഗരൂകനായിയിരുന്നു വീക്ഷിക്കുന്നു. സെന്റർ പോയിന്റിൽ ട്രാഫിക്കിൽ നിന്നിരുന്ന പോലീസുകാരനെ കണ്ടപ്പോൾ അച്ചായൻ ഇത്തിരി കൂടി കൂനിപ്പിടിച്ചിരുന്നു. ആ കാഴ്ച ഒന്നു കാണേണ്ടതു തന്നെയായിരുന്നു. വെള്ളമടിച്ചോടിക്കുന്ന എന്നെയെങ്ങാനു പോലീസു പൊക്കിയാൽ; അച്ചായനേം പോലീസു പൊക്കും..!! ബഹറിനിലെ അച്ചായനാ, ബൂലോകരുടെ കണ്ണിലുണ്ണിയാ, മിന്നും താരമാ, ബ്ലോഗെറാ... ഞാനൊന്നും കഴിച്ചിട്ടില്ലേ എന്നൊന്നും പറഞ്ഞിട്ട് പിന്നെ ഒരു കാര്യവുമില്ല. പോലീസുകാരു സമ്മതിക്കൂലാ... കൂമ്പിടിച്ചു വാട്ടും. അതറിയാവുന്ന അച്ചായൻ എന്റെ പിറകിൽ പമ്മിപമ്മിയിരുന്നു. കൂടെ വേറേ ഒരു പേടിയും. പിറ്റേദിവസത്തെ ചെറായി മീറ്റും കഴിഞ്ഞു ബഹറിനിലേക്കു പോകാൻ ടിക്കെറ്റും എടുത്താ അച്ചായൻ ഇരിക്കുന്നതു. രണ്ടു പെഗ്ഗടിച്ചു ‘പൂസായ’ ഞാൻ എവിടെയെങ്കിലും ബൈക്കു മറിച്ചിടുമോ; പിന്നെ കുരിശാകുമോ... എന്ന പേടിയും..!! അച്ചായന്റെ മാനറിസങ്ങൾ ആസ്വദിച്ചിരുന്ന എനിക്കു പലപ്പോഴും ചിരി മുട്ടുട്ടുന്നുണ്ടായിരുന്നു. മദ്യശാലയിൽ നിന്നും ഷോപ്പിലേക്കുള്ള 1.5 കി.മീ. ദൂരം അച്ചായൻ ആസ്വദിച്ചിരിക്കില്ല..!! ഉറപ്പ്.. ഷോപ്പിലെത്തി ബൈക്കിന്റെ പുറകിൽ നിന്നിറങ്ങുമ്പോൾ അത്രനേരം അടക്കിപ്പിടിച്ച ദീർഘനിശ്വാസം അച്ചായന്റെ ഉള്ളിൽ നിന്നും അറിയാതെ പുറന്തള്ളപ്പെടുന്നത് ഞാനറിയുന്നുണ്ടായിരുന്നു.. പാവം അച്ചായൻ..!!
Subscribe to:
Post Comments (Atom)
34 comments:
ഈ ലോകത്തെ മുഴുവൻ അടക്കിഭരിക്കണമെന്ന നടക്കാത്ത സ്വപ്നങ്ങൾ തോന്നുന്ന ചില നിമിഷങ്ങളിൽ, ദിവസങ്ങളിൽ.. അതു രണ്ടു മാസത്തിലൊരിക്കലോ മറ്റോ ആകും.. നീറിനീറി പിടിക്കുന്ന ബ്രാൻഡിയോ, വിസ്കിയോ, റമ്മോ മറ്റോ ആകും അന്ന്..
പത്തോളം പെഗ്ഗുമടിച്ച്.. എന്റെ പൾസറിൽ നഗരത്തിലൂടെ തേരാപാരാ സഞ്ചരിക്കുന്ന എന്റയടുത്താണച്ചായാ.. ബൈക്കോടിക്കാൻ വിഷമം വല്ലതുമുണ്ടൊ എന്നു ചോദിച്ചത്..!!
ഹി ഹി..
അച്ചായോ.. ഞാൻ പൂർണ്ണമായിട്ടും നിർത്തീ ട്ടോ..
‘15 ദിവസ’ ത്തിലേറെയായി..
ഡിസെംബറിൽ നാട്ടിൽ വരുമ്പോൾ നമുക്കേതെങ്കിലും ഹോട്ടെലിൽ പോയാൽ മതി..!! ട്ടോ..
ഞങ്ങള്‍ ബഹ്റൈന്‍ കാരുടെ കണ്ണിലുണ്ണിയായ അച്ചായനെ തൊട്ടുകളിച്ചാല്‍.. അക്കളി തീക്കളി സൂക്ഷിച്ചോ.
എന്തായാലും വെള്ളമടിച്ചുള്ള പള്‍സര്‍ ഓടിക്കല്‍ വേണ്ട ഹരീഷേ..:)
അച്ചായാ..
ഇപ്പൊ മനസ്സിലായില്ലേ ഇവന് കാട്ടു കള്ളനാന്ന്,കള്ളും വാങ്ങിക്കുടിച്ച് നാണം കെടുത്തിയത് കണ്ടോ. പോരാത്തതിന് അവന് കുടി നിര്‍ത്തീന്ന് ഒരു വിളംഭരവും ::)
മറ്റുള്ളവർ സേവിക്കുന്നതു കണ്ടാസ്വദിക്കുന്നതാണു പുള്ളിയുടെ ഇഷ്ടമെന്നതും...
ഉവ്വുവ്വ്... അച്ചായന് കാണണ്ട.... :)
സജിച്ചായന് ഇതുതന്നെ കിട്ടണം..! വല്ല ആവിശ്യമുണ്ടായിരുന്നൊ ഇങ്ങേർക്ക് കള്ള് മേടിച്ചുകൊടുക്കാൻ...
ഹരീഷ്ജി..താങ്കൾ പറഞ്ഞ ഒരു കാര്യം സത്യമാണ് അദ്ദേഹം മദ്യപിക്കില്ല അതുപോലെ എത്ര ഗംഭീര സദ്യയായാലും പേരിനു മാത്രമെ കഴിക്കൂ..മറ്റുള്ളവർ വെട്ടി വിഴുങ്ങുമ്പോൾ അച്ചായൻ ഒരു ജ്യൂസൊ അല്ലങ്കിൽ ഒരു ഉഴുന്നുവടയിലൊ ആ സദ്യ ഒതുക്കും..! ബഹ്റൈൻ ബ്ലോഗേഴ്സ് അനുഭവസ്ഥരാണ് (വാൽക്കക്ഷണം: ചിലപ്പോൾ അച്ചായത്തി പറഞ്ഞിട്ടുണ്ടാകും ഹേയ് മനുഷ്യാ കണ്ണിൽക്കണ്ടതെല്ലം വലിച്ചുവാരി തിന്നിട്ട് വീട്ടിലേക്ക് വന്നാൽ....)
പിന്നേ അച്ചായന്റെ മുഖം കണ്ടാല്‍ തന്നെ അറിയില്ലേ കള്ളു കുടിക്കാത്ത ആളാണെന്ന്..
രണ്ടും കൂടി അടിച്ചു ഫിട്ടായി എവിടെങ്കിലും കിടന്നു സ്വപ്നം കണ്ടതായിരിക്കും പള്‍സറില്‍ കറങ്ങി നടന്നെന്നൊക്കെ...
(അച്ചായനെപ്പോലെ ഒരു നല്ല മനുഷ്യനെ പരമാവധി സന്തോഷിപ്പിക്കാന്‍ ഞാന്‍ എന്നാലാവുന്നതൊക്കെ ചെയ്യാം എന്നു പ്രതിജ്ഞ ചെയ്യുന്നു..അല്ല ഇനി ഹരീഷ് പറഞ്ഞത് സത്യമാണെങ്കിലോ എന്നു വച്ചു ചേര്‍ത്തതാ അവസാന വാചകം)
....പത്തോളം പെഗ്ഗുമടിച്ച്.. ..
ആത്മപ്രശംസ.... പിന്നേ.. ഹഹഹ രസായിട്ട് എഴുതി.
മണ്ഡലംനോയിമ്പ് ഒന്നു കഴിയട്ടെ
എന്നാണൊ ഈ 'നിര്‍ത്തി'യുടെ അര്‍ത്ഥം?
പാവം സജി!
ആ ബൈക്കിന്റെ പിറകില്‍ ഇരുന്ന ഇരിപ്പിന്റെ വര്‍ണ്ണ വീഡിയോ ക്ലിപ്പ് കണ്ടപോലെ മനസ്സില്‍ പതിഞ്ഞു ഹരീഷെ കൊള്ളാം!
എന്റീശോയെ ഈ പഹയനെ കാണുന്നത്
സൂക്ഷിച്ചു വേണമല്ലൊ
അതു ശരി, ഇത്രേം പുകിലൊക്കെ കഴിഞ്ഞശേഷമാണല്ലേ അച്ചായനന്നു മീറ്റിനെത്തിയത്...? കണ്ടാൽ തോന്നില്ലായിരുന്നു കേട്ടോ..:)
ഹ ഹ !!
എന്റച്ചായോ.....
ഈ ഡിസംബറില്‍ നമുക്ക് ഹരീഷിനെ കുളിപ്പിച്ച് കിടത്താം.
:)
അച്ചായന്റെ ഓരോ ലീലാവിലാസങ്ങളേയ് ... :)
എന്നാ അച്ചായാ അടുത്ത് ലീവ് ? :)
2 എണ്ണം മാത്രേ വീശീള്ളൂന്ന് പറഞ്ഞത് മാത്രം ഞാനങ്ങ് തൊണ്ട തൊടാതെ വിഴുങ്ങീട്ടില്ല ഹരീഷേ :)
ഹരീഷ് ഇങ്ങനെ ശുദ്ധഗതിക്കാരനാകരുതായിരുന്നു.
ഒരു കുടിയനായ സുഹൃത്തിന്റെ ഇമേജ് നന്നാക്കിയെടുക്കാന്‍ സ്വയം കുടിയന്റെ വേഷം കെട്ടി ബൈക്കോടിച്ച കഥ ഹരീഷിന്റെ ത്യാഗ ബുദ്ധിയെയാണ്
വെളിപ്പെടുത്തുന്നത്.
കുടിയനായ സജിയെ കുടിയനെന്നു വിളീക്കാനാണ്
ചിത്രകാരന് ആഗ്രഹിക്കുന്നത്.
നല്ല മുന്തിയ മദ്യവും, കശുവണ്ടിയും, ഐസ്ക്രീമും,ചോക്ലേറ്റും മാത്രം കഴിച്ചു ശീലിച്ച
സജിയോട് ഇത്ര സ്നേഹം കാണിക്കരുതെന്ന്
സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു :)
പോസ്റ്റിലെ തമാശയോര്‍ത്ത് ചിരിച്ചു. എങ്കിലും...
വെള്ളമടിച്ച് വണ്ടിയോടിക്കുന്നതിനോട് തീരെ യോജിക്കാനാവുന്നില്ല. :)
മര്യാദക്കു രണ്ടു പെഗ്ഗടിക്കാത്ത സജി അച്ചായൻ, അച്ചായൻ സമൂഹത്തിനു തന്നെ അപമാനം.
സജി അച്ചായൻ മൂർദ്ദാബാദ്..!
കൂട്ടരെ,
ഇതില്‍ പറഞ്ഞിരിക്കുന്നതെല്ലാം വെറും അര്‍ദ്ധസത്യങ്ങള്‍ മാത്രം!
സത്യത്തില്‍ എന്താണുണ്ടായത്?
ഹോട്ടലിലേക്കു നടന്നു പോകാമെന്നു പറഞ്ഞതു ഹരീഷാണ്. ഞാന്‍ ഒകെ പറഞ്ഞു.
കുറച്ചു നടന്നിട്ടു ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍..
സേതു മാധവനേപ്പോലെ പാവം ഞാന്‍ മുന്പില്..
കാരി ഹരീഷ്.. ഹൈദ്രോസിനേപ്പോലെ പിന്നില്‍...
അതു കണ്ട് ഞാന്‍ നടപ്പ് മതിയാക്കി..
ഹോട്ടലാണെന്ന് കരുതി ബാറില്‍ ക്കയറിയ ഹരീഷ് “ എന്തുണ്ടു കുടിക്കാന്‍?”
എന്തിന്റെയൊക്കെയോ പേരു പറഞ്ഞു..
ഹരീഷ് “ രണ്ടും പോരട്ടെ..”
പിന്നെ ഞാന്‍ കേട്ടതു ഒരു അലര്‍ച്ചയായിരുന്നു..
നോക്കിയപ്പോള്‍... മേശയില്‍ തല ചായിച്ചു.. സഖാവ് മയങ്ങുന്നു.. (സമീപത്തു ഒരു വാള്)
തിരിച്ചു പോരുമ്പോള്‍ പള്‍സര്‍ ഇല്ലായിരുന്നു... പള്‍സു പോലും ഇല്ലായിരുന്നു..
അന്ന് എന്റെ തോളില്‍ കിടന്നു വാളു വച്ച “പിങ്ക്” ഷര്‍ട്ട് ആര്‍ക്കു വേണമെങ്കിലും അയച്ചുതരാം
(മേല്വസ്ത്രങ്ങള്ക്കു ബുലോകത്ത് വിലയില്ലെന്നറിയാം! പക്ഷേ ഉള്ളതല്ലേ തരാന്‍ പറ്റൂ)
ചിത്രകാരന് പ്രതികരിച്ചാലും ശരി ഇല്ലെങ്കിലും ശരി..
അങ്ങിനെ പോകുന്ന പോക്കില്‍...എന്റെ തോലില്‍ കിടന്ന് പാടിയ കവിതൈകള്‍ ..
കവിത നിരൂപിക്കുന്നവര്‍ ഒന്നു കേള്‍ക്കേണ്ടതായിരുന്നു..
മനസ്സിലായില്ലെന്നോ..വരി മുറിച്ചെഴുതിയെന്നോ....എന്തൊക്കെയാണ് നിങ്ങളുടെ പരാതി?
അമ്പലം പടി മുതല്‍, ബൈപ്പാസുവരെ ഒരൊറ്റ വരിയായിരുന്നു...ശ്വാസം പോലും വിട്ടില്ല..
(കൊടുങ്ങല്ലൂരമ്മ പോലും ഞെട്ടി പ്പോയി)
ധ്വനിപ്പിച്ചില്ലെങ്കിലെന്നാ.. കേട്ടവരെയെല്ലാം. കൊതിപ്പിച്ചില്ലേ..
ഇങ്ങനേയും ചില സംഭവങ്ങള്‍ ഉണ്ടായോ? :)
ഹരീഷേ,
ഈ “പച്ചക്കറി ദിനോസറിനെ”യാണോ നമ്മൾ ഇതു വരെ അച്ചായനെന്ന് വിളിച്ച് സുഖിപ്പിച്ചത്? ഛേ ..കഷ്ടം! നമ്മുടെ പാലാ -തൊടുപുഴ ഏരിയായിലെ നല്ല അച്ചയന്മാർക്ക് ഇതൊരു നാണക്കേടായല്ലോ ഹരീഷേ....!:) :) :)
ഇതിപ്പോ ആരു പറഞ്ഞതാ വിശ്വസിക്കണ്ടേ? എന്തായാലും ഹരീഷേ, പെഗ്ഗുമടിച്ചു പള്‍സറിലുള്ള കറക്കം, അതു വേണോ?
രണ്ടും ദുഷ്ടന്മാരാ, രണ്ടിനേം വിശ്വസിക്കാൻ കൊള്ളത്തില്ല:):):)
ഓടോ: ഹരീഷെ സേവ നിർത്തല്ലെ..പ്ലീസ് എന്റെ വയറ്റത്തടിക്കരുതേ...അപ്പോൾ ഡിസംബറിൽ കാണാല്ലോ അല്ലെ..അച്ചായനെ പോവാൻ പറ....അത് കുടിച്ചാലും കുടിച്ചില്ലേലും കണക്കാ:):):):):)
സജിയേ :)
ഹരീഷിനോട്,
പത്തോളം പെഗ്ഗുമടിച്ച്.. എന്റെ പൾസറിൽ നഗരത്തിലൂടെ തേരാപാരാ സഞ്ചരിക്കുന്ന എന്റയടുത്താണച്ചായാ
ഹരീഷിനെപ്പോലൊരാള് ഇത് ഒരു നല്ലകാര്യമായി അവതരിപ്പിക്കുന്നതില്‍ നിരാശ തോന്നുന്നു.
മദ്യപിച്ച് വണ്ടിയോടിക്കുന്നത് നമ്മുടെ നാട്ടില്‍ യുവാക്കള്‍ക്ക് അന്തസായി മാറിയത് എന്നു മുതലായിരിക്കും?
ഹ ഹ. പാവം അച്ചായന്
പാവം അച്ചായന്,
പക്ഷെ ഹരീശേട്ട..വെള്ളടിച്ചു വണ്ടി ഓടിക്കണേ ..അത്ര ജാഡ പറയണ്ട കാര്യോന്നും അല്ല.. എവിടേലും ഒന്ന് വീഴുംപോഴേ അറിയൂ... വീട്ടില്‍ ആതിര കുട്ടീം അമ്മേം ഒക്കെ കാത്ത്തിരിക്കണേ അല്ലെ...
നിര്തിയെക്ക് ട്ടോ
അച്ചായന് ഇത്ര ഹൃദയവിശാലതയുള്ള ആളായിരുന്നെങ്കില്‍ എന്തുകൊണ്ട് രണ്ടു ദിവസത്തേയ്ക്ക് അദ്ദേഹത്തെ നീ എനിക്ക് തന്നില്ല?!! പാലായിലെ മഹാറാണി, രാജധാനി, ബ്ലൂമൂണ്‍, മരിയ , റോസ് തുടങ്ങിയ തീര്‍ത്ഥാടനകേന്ദ്രങ്ങളിലേയ്ക്ക് ഞാന്‍ അദ്ദേഹത്തെ നയിക്കുകയും അവിടെ അച്ചായന്റെ ‘വിശിഷ്ടാതിഥിയായി‘ ഞാന്‍ വര്‍ത്തിക്കുകയും ചെയ്യുമായിരുന്നില്ലേ കാലമാടാ... എനിക്കു കിട്ടേണ്ടിയിരുന്ന എത്ര പെഗ് ആണ് നീ നശിപ്പിച്ചത്. നിന്നെ ഞാന്‍ ഉള്ളി ചുട്ട് പ്രാകും പുല്ലേ... പരിഹാരം എത്രയും വേഗം കാണുക. അടുത്തയാഴ്ച ഞാന്‍ നാട്ടിലുണ്ടാവും :)
പാവം അച്ചായൻ..!!
ഞങ്ങടെ അച്ചായന്റെ മുഖത്തു നോക്കിയാലറിയാല്ലൊ.. പുള്ളിക്കാരൻ ഒരു തുള്ളി പോലും കുടിക്കാത്തില്ലാന്ന്...!!
പിന്നെന്തിനാ ഹരീഷേട്ടാ... ഇങ്ങനെ ഒരു നുണക്കഥ..!!?
ഹരീഷേട്ടാ... വെള്ളമടിച്ച് വണ്ടിയോടിക്കൽ വേണ്ടാട്ടൊ..
ഹരിഷേട്ടന്റെ കപ്പാക്കിറ്റി സമ്മതിച്ചിരിക്കുന്നു . . .
ഹ..ഹ..ഹ
അതൊക്കെ അവിടെ നില്ക്കട്ടെ.15 ദിവസമായി നിര്‍ത്തി എന്ന് പറയുന്നത്?????
ചുമ്മാതല്ലേ??
ഹരിഷേ ...... ഇനി എങ്ങനാ ജിവികണേ
അച്ചായൻ ആളുകൊള്ളാം.വീശാൻ തീരുമാനിച്ചിരിക്കുമ്പോഴാകും എന്നെ വിളിച്ചെ?.കൊള്ളാം കള്ളൻ
haha..kollaamm...aashamsakal...bavana eniyum viriyate...
വെള്ളം അടി നിര്‍ത്തി എന്നറിഞതില്‍ സന്തോഷം..പിന്നെ വെള്ളം അടിച്ചു വണ്ടി ഓടിക്കുനത് അത്ര കേമത്തരം ആണെനു തോന്നുനില്ല്യ.സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടി വരില്ല്യ...
ആശംസകള്‍...ഇനിയും എഴുതുക
ഹരീഷേ, നിര്‍ത്തീന്ന് പറഞ്ഞത് സത്യാ?! വെറുതെ ടെന്ഷനടിപ്പില്ലല്ലേ :)
ഹഹ..
പാവം അച്ചായൻ
നന്നായിട്ടുണ്ട്
Post a Comment