Thursday, May 27, 2010

പ്രേതനഗരത്തിലെ അവശേഷിപ്പുകൾ. ഭാഗം-2

ആദ്യ ഭാഗം ഇവിടെ വായിക്കാം

ഉച്ചഭക്ഷണശേഷം; ഞങ്ങൾ പ്രേതനഗരിയിലേക്കുള്ള യാത്രയാരംഭിച്ചു. വഴിമദ്ധ്യേ; ഹനുമാൻ ലങ്കയിലേക്കു ചാടിയ കുന്ന് (ഗാന്ധമാതന പർവ്വതം- ഇവിടെ തന്നെയാണു ശ്രീരാമന്റെ പാദം സ്ഥിതിചെയ്യുന്ന ക്ഷേത്രവും), വീഭീക്ഷണൻ കീഴടങ്ങിയ സ്ഥലം (അരുൾമിഗു കോതാണ്ഡ രാമർ ടെമ്പിൾ), രാവണനിഗ്രഹശേഷം ശിവപ്രീതിക്കായി ഉപാസിക്കുന്നതിനു ശുദ്ധിയാവുന്നതിനായി ‘ജട’ അഴിച്ചിട്ടു സ്നാനം ചെയ്ത സ്ഥലം (ജട തീർത്ഥം) എന്നീ സ്ഥലങ്ങളും സന്ദർശിച്ച് 16 കി മീ അകലെയുള്ള ധനുഷ്കോടിയിലെത്തി.


ചരിത്രസത്യങ്ങൾ ഉദാഹരണസഹിതം വ്യക്തമാക്കിയാൽ അംഗീകരിക്കേണ്ടിവരുമെന്നതിനുള്ള ഉത്തമോദാഹരണമാണു ധനുഷ്കോടി എന്ന പ്രേതനഗരം. 1964 ഡിസെംബെർ 22 ലെ അർദ്ധരാത്രിയിൽ ലോകം അന്നുവരെ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ശക്തിയായ ചുഴലിക്കൊടുങ്കാറ്റിലും, കനത്ത പേമാരിയിലും 2 ഗ്രാമങ്ങൾ/നഗരങ്ങൾ (ധനുഷ്കോടി, കമ്പിപ്പാട്) പൂർണ്ണമായും നമാവശേഷമായി. കടലിൽ നിന്നും ഇരുപതടി പൊക്കത്തിൽ ഉയർന്നു വന്ന തിരമാലകൾ ടി. നഗരങ്ങളെ പൂർണ്ണമായും വിഴുങ്ങി; തുടച്ചു നീക്കി. മണ്ടപത്തു നിന്നും 115 പേരെയും വഹിച്ചുകൊണ്ട് ധനുഷ്കോടിയിലേക്കു വന്നു കൊണ്ടിരുന്ന ട്രെയിൻ, ധനുഷ്കോടി സ്റ്റേഷനു തൊട്ടു മുൻപ് ശക്തിയായ കൊടുങ്കാറ്റിൽ പാളമുൾപ്പടെ ഒലിച്ചു പോയി. ആകെ 1800ഓളം പേർ മരണപ്പെട്ടുവെന്നു കരുതപ്പെടുന്നു. പ്രകൃതിദുരന്തത്തിന്റെ രക്തസാക്ഷിയായി അവശേഷിക്കുന്നതിന്ന്, കണ്ണെത്താ ദൂരെ പരന്നു കിടക്കുന്ന മണൽക്കരയും, 46 വർഷം പഴക്കമുള്ള പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളൂടെ അവശിഷ്ടങ്ങളും മാത്രം !!. പിന്നെ കുറെ മുക്കുവന്മാരും അവരുടെ കുടിലുകളും. ഒരിക്കൽ ഈ ദ്വീപിൽ എല്ലാ സൌകര്യങ്ങളുമായി സമൃദ്ധിയായി അധിവസിച്ചിരുന്നൊരു ജനതയുണ്ടായിരുന്നു. സ്കൂളുകൾ, ഹോട്ടെലുകൾ, അമ്പലങ്ങൾ, പള്ളികൾ, ടെക്സ്റ്റൈൽ ഷോപ്പുകൾ, ആശുപത്രി, ഗവണ്മെന്റ് സ്ഥാപനങ്ങൾ (ഫിഷെറീസ്, പോസ്റ്റ് ആഫീസ്സ്), റെയില്വേ സ്റ്റേഷൻ എന്നിവയെല്ലാം അടങ്ങിയ വികസിത നഗരമായിരുന്നു ധനുഷ്കോടി. ഒരേ സമയം ഒരു തീർത്ഥാടനകേന്ദ്രവും, ടൂറിസ്റ്റ് കേന്ദ്രവും കൂടിയായിരുന്നു ഇവിടം. ധനുഷ്കോടിയിലെ അർച്ചൽമുനൈയിൽ നിന്നും ശ്രീലങ്കയിലെ തലൈമാനാറിലേക്ക് 16 കിമീ യേ ഉണ്ടായിരുന്നുള്ളു. ശ്രീലങ്കയിലേക്കു ബോട്ട് സെർവീസ് ഉണ്ടായിരുന്നു ഇവിടെ നിന്നും. ശ്രീലങ്കയിലേക്കുള്ള ചരക്കുകൾ ഇതു വഴിയായിരുന്നു കൊണ്ടുപൊയ്കൊണ്ടിരുന്നത്. തമിഴ് പുലികൾ ഇതുവഴിയാണു ഇന്ത്യയിലേക്കു നുഴഞ്ഞു കയറികൊണ്ടിരുന്നതെന്നു അനുമാനിക്കപ്പെടുന്നു.


ധനുഷ്കോടിയിൽ നമ്മൾ എത്തുന്നിടത്തുനിന്നും സ്പെഷിയൽ വാഹനങ്ങൾ മാത്രമേ ഊരിനുള്ളിലേക്കു കടന്നുപോകാൻ അനുവദിച്ചിരുന്നുള്ളു. കാരണം മറ്റൊന്നുമല്ല; മണൽ പൂണ്ടു കിടക്കുന്ന ഭൂമിയിലൂടെ ഫോർവീൽ ഡ്രൈവുള്ള വണ്ടികളും, അതോടിക്കുവാൻ സമർത്ഥരായ ഡ്രൈവർമാരും ആവശ്യമാണ്. ഞങ്ങൾ തിരഞ്ഞെടുത്ത വാഹനത്തിൽ ആളൊന്നുക്ക് അറുപത് രൂപയായിരുന്നു യാത്രാക്കൂലി. കമാൻഡർ ലോറിയുടെ പിൻവശത്ത് സമാന്തരമായി രണ്ട് ബഞ്ചുകൾ ഉറപ്പിച്ചിട്ടുണ്ട്. അതിന്മേലിരുന്നാണു യാത്ര. മുകളിൽ ട്രെസ്സ് ഇട്ട് ടാർപോളിൻ ഷീറ്റ് വിരിച്ചിട്ടുണ്ട്.ആയതിനാൽ മഴ പെയ്താൽ നനയുകയോ; വെയിലേക്കുകയോ ഒന്നും ചെയ്യില്ല. ഉൾഗ്രാമത്തിൽ വസിക്കുന്ന മുക്കുവന്മാരൊക്കെ ഈ മുകൾഭാഗത്തിരുന്നാണു യാത്ര. ഈ വാഹനത്തിൽ ഇരുപതു പേരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ സെർവീസ് നടത്തൂ. ഒരു ദിവസം ഒരു വണ്ടിക്കു ഒരു സെർവീസ് മാത്രം !!. കാരണം പതിനാറോളം ഇത്തരത്തിലുള്ള വാഹനങ്ങളൂണ്ടവിടെ. എല്ലാ കുടുബത്തിലും തീപൂട്ടേണ്ടെ !!.


ഞങ്ങൾ ആദ്യം പോയത് അർച്ചൽ മുനൈ എന്നു അവിടത്തുകാർ നാമകരണം ചെയ്തിരിക്കുന്ന സ്ഥലത്തേക്കാണു. യാത്ര തുടങ്ങിയ ഇടത്തു നിന്നും പത്ത് കിമി യോളം ഉണ്ടായിരുന്നു അവിടെക്കു. യാത്രയിലുടനീളം മണലിലും, തമിഴ്നാട്ടിലെങ്ങും സുലഭമായി കാണപ്പെടുന്ന കരുവേൽ എന്ന മുള്ളു മരം വളർന്നു പന്തലിച്ചു നിൽക്കുന്നത് കാണാമായിരുന്നു. ഇടക്കിടക്ക് പൊട്ടിപ്പൊളിഞ്ഞ ഓരോ കെട്ടിടങ്ങളും. വലത്തു ഭാഗത്ത് ബംഗാൾ ഉൾക്കടലും; ഇടത്തേ ഭാഗത്ത് ഇന്ത്യൻ മഹാസമുദ്രവും. ഇടത്തു ഭാഗത്തുള്ള ഇന്ത്യൻ ഓഷ്യനിൽ നിന്നും കരയിലേക്ക് അരയടി പൊക്കത്തിൽ ഒരു കിലോമീറ്റെറോളം വെള്ളം കയറിക്കിടക്കുന്നുണ്ടായിരുന്നു. അതിനു സമീപത്ത് സമാന്തരമായി പഴയ റെയിൽ പാലങ്ങളുടെ അവശിഷ്ടങ്ങളും കാണാമായിരുന്നു. ചിലയിടങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ ടാർ റോഡുകൾ കാണാമായിരുന്നു. ധനുഷ്കോടിയേയും മറ്റൊരു ഗ്രാമമായിരുന്ന കമ്പിപ്പാടിനേയും വേർതിരിച്ചു കടന്നു പോയിരുന്ന റോഡായിരുന്നു അത്. കമ്പിപ്പാട് എന്ന ഗ്രാമം അന്നേ പൂർണ്ണമായും വെള്ളത്തിനടിയിലായിക്കഴിഞ്ഞിരുന്നു!!. ദുരന്തശേഷം പലയിടത്തു നിന്നും ഈ തീരത്തു വന്നു മത്സ്യബന്ധനം നടത്തി ഉപജീവനം കഴിച്ചു കൊണ്ടു വന്നിരുന്നവരുടെ ബോട്ടുകൾ കരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണാമായിരുന്നു.


ആകാംക്ഷയോടെ കാഴ്ചകളും കണ്ട്; അവസാനം ഹനുമാനും അദ്ദേഹത്തിന്റെ വാനരസൈന്യാഗംങ്ങളും കൂടി സേതു നിർമിച്ചിടത്തെത്തി (സേതു ബന്ധൻ). ഈ സ്ഥലത്തിനു അർച്ചൽ മുനൈ എന്നുകൂടി പറയും എന്നു ഞങ്ങളുടെ ഡ്രൈവെർ അവകാശപ്പെടുന്നു. കാശിയിൽ തീർത്ഥാടനം നടത്തി അതു പൂർണ്ണതയിലെത്തണമെങ്കിൽ; രാമേശ്വര ദർശനം കഴിഞ്ഞ് രണ്ടു സമുദ്രങ്ങളൂടെ സംഗമമായ ഈ സ്ഥലത്തു വന്ന് രണ്ടാമതും സ്നാനം ചെയ്യണമെന്ന് നിഷ്കർഷിച്ചിരുന്നുവത്രേ. ഈ സ്ഥലത്തിന്റെ പ്രത്യേകത എന്താണെന്നു വച്ചാൽ; ഇവിടെ വച്ചാണത്രേ രാമൻ തന്റെ വില്ലിന്റെ ഒരു അറ്റം (മുന) കൊണ്ട് സേതു നിർമിക്കാൻ സമുദ്രത്തിൽ മാർക്ക് ചെയ്തത്. രണ്ട് സമുദ്രങ്ങൾ കൂടിച്ചേരുന്ന ഈ സംഗമസ്ഥാനത്താണു സേതു നിർമിച്ചത്. ധനുസ്സ്=വില്ല്; കോടി=അറ്റം എന്നീ വാക്കുകളിൽ നിന്നുരുത്തിരിഞ്ഞാണീ സ്ഥലത്തിനു ധനുഷ്കോടി എന്ന പേർ വീണു കിട്ടിയത്. നിർഭാഗ്യവശാൽ 1964 ലെ പ്രകൃതിദുരന്തത്തിൽ റെയിൽ പാളങ്ങൾ പൂർണ്ണമായും നശിച്ചു പോയതിനാൽ, ഇവിടെക്കുള്ള ഗതാഗതം നിലക്കുകയും പ്രസ്തുത ആചാരം ഏറെക്കുറെ നിലക്കുകയും ചെയ്തിരിക്കുന്നു. എങ്കിലും നാമമാത്രമായി ആളുകൾ ഇവിടെ വന്ന് പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതും, ചിതഭസ്മം നിമജ്ഞനം ചെയ്യുന്നതും കാണാമായിരുന്നു.
നല്ല തെളിഞ്ഞ കാലാവസ്ഥയിൽ ഇവിടെ നിന്നും നോക്കിയാൽ 16 കിമീ അകലെ ശ്രീലങ്കയിലെ തലൈമാനാർ അവ്യക്തമായി ദർശിക്കാനാകും. ഇന്നും; സേതു പണിതിടത്ത് കടലിനടിയിലായി കല്ലുകൾ കാണാമെന്നു പഴമക്കാർ അവകാശപ്പെടുന്നുണ്ട്. ഇവിടെ പണ്ടും ജനവാസ മേഖലയായിരുന്നില്ല. ഇപ്പോൾ മൂന്നു വശങ്ങളാലും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നയിടത്ത് ആളെപറത്തികൊണ്ടു പോകാൻ ശക്തിയുള്ള കാറ്റ് വീശുന്നുണ്ടായിരുന്നു.


അവിടെ നിന്നും പിന്നോട്ട് യാത്ര തിരിച്ച് 5 കിമീ പിന്നിട്ടപ്പോൽ പ്രേത നഗരത്തിന്റെ ജീവിച്ചിരിക്കുന്ന (അതോ മരിച്ചതോ!!) അവശിഷ്ടങ്ങൾ കാണാൻ തുടങ്ങി. ഈ ഭാഗത്തായി 4 കിമീ യോളം കര ഇന്നു കടലിനടിയിലാണെന്ന കാര്യം ഓർമയിൽ നിറഞ്ഞപ്പോൾ; കടലിലോട്ടു നോക്കി നിന്നു നെടുവീർപ്പുതിർക്കുവാനേ കഴിഞ്ഞുള്ളൂ. എന്നിരുന്നാലും ഈ അവശേഷിപ്പുകൾ ഒരു കാര്യം ഊട്ടി ഉറപ്പിക്കുന്നുണ്ട്; ഇവിടെ വളരെയധികം സമ്പന്നതയോടെ ജീവിച്ചിരുന്ന ഒരു ജനതയുണ്ടായിരുന്നു എന്ന്. ഇനി താഴെ കാണുന്ന ചിത്രങ്ങൾ നിങ്ങളോടു ബാക്കി കഥ പറഞ്ഞു തരട്ടെ...


ഇതൊരു വീടാണെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. അതും ഒരു സമ്പന്നമാർന്ന ഭവനം. എത്ര കുഞ്ഞുങ്ങൾ ഉണ്ടായിരുന്നിരിക്കണം ഇതിൽ...
എത്രയോ സ്വപ്നങ്ങൾ..


ഇതൊരു സ്കൂളായിരുന്നു..
നാളത്തെ ഭാവി തലമുറയെ വാർത്തെടുക്കാൻ..
ഓരോ നിമിഷവും അക്ഷീണമായി പരിശ്രമിച്ചു കൊണ്ടിരുന്ന..
എത്രയോ ആൾക്കാർ..


ഇതൊരു ആശുപത്രിയായിരുന്നു..
കാലം അതിന്റെ വഴിക്കു നീങ്ങി..


ഇത് വീടുകളാണെന്നു അനുമാനിക്കുന്നു;
കാരണം ഈ രീതിയിൽ മേൽക്കൂര ചെരിച്ചു പണിയുന്നത്..
വീടുകളായിരുന്നു എന്നാണെന്റെ നിരീക്ഷണം..ഇത് പ്രസിദ്ധമാർന്ന പള്ളി ആയിരുന്നിരിക്കണം..
അന്നത്തെ കാലത്തെ വാസ്തുശില്പികളെയും..
വാസ്തുവിദ്യയേയും എത്രയേറെ പുകഴ്ത്തിയാലും മതിയാകില്ല..
എന്ന് ഈ പള്ളിയുടെ അവശിഷ്ടങ്ങൾ തെളിയിക്കുന്നുണ്ട്..


തോൽക്കാൻ മനസ്സില്ലാതെ തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ഈ സ്മാരകം..!!


പള്ളിയുടെ ഉൾവശം..
എത്രയോ കുർബാനകളും, പ്രാർത്ഥനകളാലും മുഖരിതമായിട്ടുണ്ടാകണം..
ഈ അകത്തളങ്ങളിൽ..
ഇന്നും നശിക്കാതെ..
ഓർമ്മകളെ തഴുകി ഉണർത്തുവാൻ..
അന്നത്തെ കാലത്തെ ഭിത്തി കെട്ടുവാൻ ഉപയോഗിച്ചിരുന്ന കല്ലുകൾ..
ഈ ഭാഗങ്ങളിൽ അന്ന് ഇത്തരം കല്ലുകളായിരുന്നത്രേ..
ഇവിടത്തുകാർ പറയുന്നു..


ഇതാണു തീവണ്ടിക്കു, ശുദ്ധജലം വിതരണം ചെയ്യാൻ സംഭരിച്ചു വെച്ചിരുന്നയിടം..ആ പൊക്കത്തിലുള്ള കെട്ടിടത്തിന്റെ മുകളിലായിരുന്നത്രേ..
ശുദ്ധജലസംഭരണി ഉണ്ടായിരുന്നത്..
ആദ്യം കാണുന്ന കരിങ്കൽ കോട്ട..
ഓഫീസ്സാണെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു..
ഇതാണു റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്തിരുന്ന ഇടം...
ആസ്ബറ്റോസ് ഷീറ്റ് ഈ അടുത്ത കാലത്ത് ഇട്ടിരിക്കുന്നതാണെന്നു തോന്നുന്നു..


പ്രേതനഗരത്തിലേക്കുള്ള യാത്ര..!!
മണ്ണിനടിയിൽ പോയ പഴയൊരു സംസ്കാരത്തെ തേടിയുള്ള യാത്രയായിരുന്നു..
ഒരിക്കൽ ഇവിടെ നിന്നും ജീവിച്ച് കൊതി തീരാതെ മണ്മറഞ്ഞു പോയ ഒരു കൂട്ടം നിസ്സഹായരായ ജനങ്ങൾ..
അലമുറയിട്ടു കരയുന്നതു പോലെ..
ചെവിയിൽ അതിന്റെ മറ്റൊലി ഒരു ചുഴലികൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്നു..
തിരിച്ചു പോകുമ്പോൾ..
കുറഞ്ഞത് ഞാനെങ്കിലും..
ദു:ഖിതനായിരുന്നു..
ഈ പ്രേത നഗരത്തിലേക്ക് ഇനിയും വരണമെന്ന പ്രതീക്ഷയോടെ..

28 comments:

ഹരീഷ് തൊടുപുഴ said...

പ്രേതനഗരത്തിലേക്കുള്ള യാത്ര..!!
മണ്ണിനടിയിൽ പോയ പഴയൊരു സംസ്കാരത്തെ തേടിയുള്ള യാത്രയായിരുന്നു..
ഒരിക്കൽ ഇവിടെ നിന്നും ജീവിച്ച് കൊതി തീരാതെ മണ്മറഞ്ഞു പോയ ഒരു കൂട്ടം നിസ്സഹായരായ ജനങ്ങൾ..
അലമുറയിട്ടു കരയുന്നതു പോലെ..
ചെവിയിൽ അതിന്റെ മറ്റൊലി ഒരു ചുഴലികൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്നു..
തിരിച്ചു പോകുമ്പോൾ..
കുറഞ്ഞത് ഞാനെങ്കിലും..
ദു:ഖിതനായിരുന്നു..
ഈ പ്രേത നഗരത്തിലേക്ക് ഇനിയും വരണമെന്ന പ്രതീക്ഷയോടെ..

കാന്താരിക്കുട്ടി said...

കൊതിപ്പിക്കുവാണല്ലോ ഹരീഷ്, ആ ചിത്രങ്ങളും വിവരണവും ഉഗ്രൻ .കാണാൻ കൊതി തോന്നുന്ന സ്ഥലങ്ങൾ.ഹും എന്റ്റെ മുല്ലേം പൂക്കും !

നിരക്ഷരന്‍ said...

ഹരീഷേ ...
ഇത് കസറി.ഒന്നൊന്നര പോസ്റ്റാണ് ഇത്. പലയിടത്തും ധനുഷ്‌ക്കോടിയെപ്പറ്റി വായിച്ചിട്ടുണ്ടെങ്കിലും നശിച്ചുപോയ ആ സംസ്ക്കാരത്തിന്റെ അമ്പരപ്പിക്കുന്ന കണക്കുകളും കെടുതികളും ഇത്രയ്ക്ക് വിശദമായി മനസ്സിലാക്കിയിട്ടുണ്ടായിരുന്നില്ല. ബിഗ് ബി സിനിമയിലെ പാട്ട് രംഗം കണ്ടപ്പോള്‍ മുതലുള്ള എന്റെ ആഗ്രഹമായിരുന്നു ധനുഷ്‌ക്കോടി. ഇനി പോകണമെന്നില്ല. ഒന്നൊഴിയാതെ എല്ലാം കാണിച്ച് തന്നിരിക്കുന്നു.

സേതുബന്ധനത്തിന്റെ അവശേഷിപ്പിനെപ്പറ്റി പറയുന്നതില്‍ എന്തൊക്കെയോ ഉണ്ടെന്ന് ഗൂഗിള്‍ മാപ്പ് എടുത്ത് നോക്കിയാല്‍ മനസ്സിലാക്കാം. പറ്റുമെങ്കില്‍ അതുകൂടെ ഈ പോസ്റ്റില്‍ ആഡ് ചെയ്യൂ.

ഒരിക്കല്‍ അതുവഴി പോകാനായാല്‍ ആ പ്രേതാന്മാക്കളുമായി സംസാരിച്ച് കുറേ നേരം ആ പള്ളിയുടെ ചുമരിലെവിടെയെങ്കിലും ചാരി ഇരിക്കണമെന്നുള്ള ആഗ്രഹം മാത്രമേ ഇനി ബാക്കിയുള്ളൂ.

Manoraj said...

ഹരീഷ്, മനോഹരമായ ഒരു വിവരണത്തിനു നന്ദി. ആ ചിത്രങ്ങൾ ഒക്കെ കണ്ടപ്പോൾ കാഴ്ചസിനിമയിലെ ചില സീനുകൾ ഓർമ്മ വന്നു. തകർന്നടിഞ്ഞ കെട്ടിടങ്ങളും മറ്റും. ധനുഷ്കോടി കണ്ട പ്രതീതിയുണ്ട്..

lekshmi. lachu said...

നല്ല യാത്രാ വിവരണം..കാണാത്തവര്‍ക്ക്
കാണാന്‍ തോന്നും..വളരെ നന്നായി ഹരീഷ്.
ഫോട്ടോസും നന്നായി.

സജി said...

യാത്രാ വിവ്രണമാണെങ്കില്‍ ഒരു നിരക്ഷരനെ മാത്ര ഭയപ്പെട്ടു കഴിഞ്ഞാല്‍ മതുയല്ലോ എന്നു വിചാരിച്ചു, തുടങ്ങിയതായിരുന്നു.
ദേ, അതിലും വലുത് മാളത്തിലിരിക്കുന്നു..

ഈശ്വരോ രക്ഷതു!

(ഞാനായിരുന്നെങ്കില്‍ ആ ഫോട്ടോകള്‍ മതിയായിരുന്നു, ഹരീഷ് ആയതുകൊണ്ട്, അതു പോര...പിന്നെ ടെമ്പ്ലേറ്റും മോശം..)

Vayady said...

ഈ പോസ്റ്റ് ഒരു യാത്രാവിവരണത്തിനപ്പുറം മണ്‍‌മറഞ്ഞു പോയ ഒരു സംസ്കാരത്തെ പരിചയപ്പെടുത്തലും കൂടിയായിരുന്നു. അവസാനത്തെ വാചകങ്ങള്‍ മനസ്സില്‍ തട്ടി. ഈ വിവരണത്തിന്‌ നന്ദി.

ഹരീഷ് തൊടുപുഴ said...

@ അച്ചായോ..

ഹിഹിഹിഹിഹി..

അഭി said...

നല്ല വിവരണം ഹരീഷ് ഏട്ടാ
ചിത്രങ്ങളും അതിന്റെ വിവരണങ്ങളും നല്ല ഒരു യാത്ര അനുഭവം സമ്മാനിക്കുന്നു
ആശംസകള്‍

കൂതറHashimܓ said...

നല്ല വിവരണം, പടങ്ങള്‍ കൂറ്റി കണ്ടപ്പോ നല്ല ഒരു അനുഭൂതി

അപ്പു said...

ഹരീഷേ. വളരെ ഇഷ്ടപ്പെട്ടു ഈ വിവരണം. ഒന്നുകൂടെ പോകണം നമുക്ക്‌ കേട്ടോ

നന്ദകുമാര്‍ said...

നല്ല വിവരണം ഹരീഷ്. (കുറച്ചു കൂടി ആകാമായിരുന്നു എന്ന് തോന്നി)
1964 ല്‍ നടന്നത് ആദ്യ സുനാമിയായിരുന്നു എന്നുള്ളതാണ് സത്യം. കെട്ടിടങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും മൂടപ്പെട്ട രീതിയില്‍ മണല്‍ അടിഞ്ഞു കിടക്കുന്നത് ഇന്നും കാണാം.

ധനുഷ്കോടിയിലെ മണല്‍ പരപ്പില്‍ ശുദ്ധജലം കിട്ടുന്ന ഉറവകള്‍ ഉണ്ട്. അതിനെ 2ഓ മൂന്നോ അടിയോളം വ്യാസമുള്ള രണ്ടോ മൂന്നോ കിണറുകളായി അവിടെ രൂപപ്പെടുത്തിയിട്ടുണ്ട്. അതില്‍ നിന്നും നല്ല തെളിഞ്ഞ ശുദ്ധജലം ലഭിക്കും. സന്ദര്‍ശകര്‍ക്ക് വെള്ളം കോരി കൊടൂക്കുന്ന സന്യാസി എന്നു തോന്നിക്കുന്ന ഒരു വൃദ്ധന്‍ അവിടെയുണ്ട് (ധനുഷ്കോടിയില്‍ ചിത്രീകരിക്കപ്പെട്ട ഒരു തമിഴ് സീരിയലില്‍ ആ വൃദ്ധന്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു)

അക്വാഗ്രീന്‍ നിറത്തില്‍ ട്രാന്‍സ്പരന്റ് ആയ വെള്ളമാണ് ധനുഷ്കോടിയിലേത്. പകല്‍ നല്ല ചൂടായിരിക്കും. മണലില്‍ കാല്‍ കുത്താന്‍ പോലും സഹിക്കാത്തത്ര ചൂട്.

മലയാളത്തില്‍ കുറച്ചു നാള്‍ മുന്‍പ് ഇറങ്ങിയ ‘ബിഗ് ബി‘ എന്ന മമ്മൂട്ടിചിത്രത്തിലെ ഒരു സോങ്ങ് സീനും ചിത്രത്തിന്റെ ക്ലൈമാക്സും ധനുഷ്കോടിയില്‍ ചിത്രീകരിച്ചതാണ് ( ലിങ്ക് : http://www.youtube.com/watch?v=6vsjthp4wBM&feature=related )

നന്ദകുമാര്‍ said...
This comment has been removed by the author.
അനില്‍@ബ്ലൊഗ് said...

ഹരീഷെ,
ധനുഷ്കോടിയില്‍ പോകണമെന്ന ആഗ്രഹം കലശലായി.
സത്യത്തില്‍ ഇത്രയും മനസ്സില്‍ തട്ടുന്നൊരു വിവരണം ആദ്യമായണ് വായിക്കുന്നത്.

കൊട്ടോട്ടിക്കാരന്‍... said...

കേട്ടിട്ടേയുള്ളു...
ഇപ്പൊ പോയിവന്ന അനുഭവം. എന്തായാലും അവിടം സന്ദര്‍ശിയ്ക്കാന്‍ തീരുമാനിച്ചു. ഹരീഷിന്റെ വിശദമായ പോസ്റ്റിനു നന്ദി...

നാട്ടുകാരന്‍ said...

ഹരീഷ് ആളുകൊള്ളാമല്ലോ !
ഇതൊക്കെയിരുന്നിട്ടാണോ മുത്തി പള്ളിയില്‍ പോവാത്തത്?

എനിക്ക് പിണക്കമാണ് ....
ഇത്രയും നാളും പറഞ്ഞിട്ട് എന്നെ കൊണ്ടുപോകാതെ പോയില്ലേ ?

മുരളിക... said...

സജി അച്ചായാ ഒരു കയ്യടി. ടപ് ടപ് ടാപ്പ് ....
ഓ ടോ: തമിഴ് ലിപിയൊന്നും അറിയാത്തവര്‍ അധികം അഭിപ്ര്യായം പറയാതിരിക്കുവാ നല്ലത്.

അലി said...

ഹരീഷേട്ടാ..
വിവരണങ്ങളും ചിത്രങ്ങളും വളരെ നന്നായിരുന്നു. ശരിക്കും ആ പ്രേതനഗരിയിലൊന്നു ചുറ്റിക്കറങ്ങി വന്നതുപോലെ!

junaith said...

well done hareesh

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഒരുമിച്ചു വായിച്ചു തീര്‍ത്തു...വളരെ നല്ല വിവരണവും ചിഹ്രങ്ങളും..പോയി കണ്ട പ്രതീതി ഉണ്ടാക്കുന്നു.രണ്ടാം ഭാഗത്തില്‍ അല്പം കൂടി വിവരണം ആകാമായിരുന്നു എന്നു തോന്നി...

നല്ല പരിശ്രമം...അടുത്ത യാത്ര എങ്ങോട്ടാ?

ഓ.ടോ: അസൂയക്കാരായ നിരക്ഷരനെയും അച്ചായനേയും ഗൌനിക്കേണ്ട..എനിക്കു അസൂയ തീരെ ഇല്ല :) :) :)

MANIKANDAN [ മണികണ്ഠന്‍‌ ] said...

ഹരീഷേട്ടാ വിവരണവും ചിത്രങ്ങളും എല്ലാം നന്നായിട്ടുണ്ട്. എന്നലും ഒരു സത്യം പറയാല്ലൊ. ഉള്ള മനഃസമാധാനം പോയി. കഴിഞ്ഞ സുനാമി പോലും വീടിന്‍ മുക്കാല്‍ കിലോമീറ്റര്‍ അകലെ‌വരെ എത്തി. അറബിക്കടലിന്റെ തീരത്തു നിന്നും ഒന്നര ‍കിലോമീറ്ററെ ഉള്ളു എന്റെ വീട്ടിലേയ്ക്ക്. ധനുഷ്‌കോടിയിലേതു പോലെ ഒരു കടല്‍ക്ഷോഭം ഉണ്ടായാ ഞാനുള്‍പ്പടെ ഇവിടെ കമന്റുകള്‍ രേഖപ്പെടുത്തിയ വൈപ്പിന്‍‌കരക്കാരുടെ സ്ഥിതി. അപ്പോള്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഹരീഷേട്ടനെപ്പോലെ ആരെങ്കിലും ഒക്കെ ഇവിടേം വരുമായിരിക്കും. മണ്മറഞ്ഞ് വൈപ്പിന്‍ ദ്വീപുകണാന്‍. ഈശ്വരാ.....!!!

ബിന്ദു കെ പി said...

ഹരീഷേ,
യാത്രാവിവരണം ഇപ്പോഴാണ് വായിക്കാൻ പറ്റിയത്. രണ്ടുഭാഗങ്ങളും വായിച്ചു. വളരെ നന്നായിരിക്കുന്നു എന്ന് ഇനി ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ..

ഒരു യാത്രികന്‍ said...

എത്താന്‍ ഇത്തിരി വൈകി..എന്നാലെന്താ വരവ് വെറുതെയായില്ലല്ലോ. എന്റെ സുഹൃത്തുമായുണ്ടായ ചര്‍ച്ചയാണ് ഇasneham വിടെ എത്തിച്ചത്.

ഒരു വിങ്ങല്‍ ബാക്കി നില്‍ക്കുന്നു.

@ മണി: പണ്ടാരടങ്ങാന്‍.....കരിനാക്കാണോ....വേണ്ടാത്തതു പറയാന്‍ വലക്കാതെടോ..........സസ്നേഹം

kichu / കിച്ചു said...

- ഇതിപ്പൊഴാ കാണുന്നത്... താങ്ക്സ്.. ഒരു ദിവസം പോണം....

ജോ l JOE said...

നേരത്തെ, വായിച്ചിരുന്നു...പക്ഷെ, തിരക്കുകള്‍ ഒഴിഞ്ഞ കര്‍ക്കിടക മാസത്തില്‍ കുറച്ചു യാത്രകള്‍ പ്ലാന്‍ ചെയ്യുന്നു. ഇങ്ങോട്ടായാലോ ?, ഞാന്‍ വിളിക്കാം

വേദ വ്യാസന്‍ said...

ഹരീഷേട്ടാ അടിപൊളി :)

എന്റെ ഒരു കൂട്ടുകാരനും പോയിരുന്നു ദേ ലിങ്ക്

http://tokuscamera.blogspot.com/2010/09/1.html


http://tokuscamera.blogspot.com/2010/10/2.html

പ്രിയ said...

നന്ദി ഹരീഷ്

ആദ്യഭാഗത്തില് ഞാന് പോയെന്ന് പറഞ്ഞതില്
ഇതൊന്നും ഇത്രക്കൊന്നും ഞാന് കണ്ടിരുന്നില്ല. ആ റെയില്വേ പാളത്തിനരുകിലൂടെ മാത്രമേ പോയിരുന്നുള്ളൂ.

നന്ദി

SAJU JOHN said...

ഞാന്‍ ഈ മനോഹരമായ യാത്രക്കുറിപ്പും, ഫോട്ടോയും കാണാന്‍ വൈകി ഹരീഷ്....

നന്ദി....