Wednesday, November 30, 2011

നിർമ്മിക്കുക..ഏതു വിധേനയും, പുതിയ ഡാം !

റിക്ടെർ സ്കെയിലിൽ അഞ്ചിനോ അതിനു മുകളിലോ ഉള്ള ഭൂചലനം നിമിത്തം ഡാമിനു ബലക്ഷയം സംഭവിക്കുകയും അതു മൂലം ഡാം തകരുകയും 136 അടി പൊക്കത്തിൽ അതീവ മർദ്ദത്തിൽ തള്ളി നിൽക്കുന്ന ജലം താഴോട്ട് കുതിച്ചെത്തുകയും ത്വരിതഗതിയിൽ ഭൂമിയിലുടനീളം വീതിയിൽ ചാലുകൾ കീറി പ്രയാണമാരംഭിക്കുകയും ചെയ്യും. പൊതുവേ നല്ല നീരൊഴുക്കുള്ള ഭൂപ്രദേശങ്ങളാണു ഇടുക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളധികവും. വൃഷ്ടിപ്രദേശത്തു പെയ്യാവുന്ന ചെറിയ മഴ പോലും പ്രതീക്ഷിക്കുന്നതിലധികം നീരൊഴുക്കു കൂട്ടുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടതാണല്ലോ. കനത്ത മഴയിൽ വൃഷ്ടിപ്രദേശത്തെ ജലനിരപ്പ് പരിധിയിലുമധികം ഉയർന്നാൽ സുർക്കിയിലും ചുണ്ണാമ്പിലും നിർമിച്ച ഈ ഡാമിനു താങ്ങാവുന്നതിലധികം മർദ്ദമായിരിക്കും അതിന്റെ അടിത്തട്ടിൽ അനുഭവപ്പെടുക. ജലസേചനോദ്ദേശ്യം മാത്രം ലക്ഷ്യം വെച്ചു കൊണ്ട് 115 വർഷങ്ങൾക്കു മുൻപ് ബ്രിട്ടീഷുകാർ നിർമിച്ച ഈ കൂറ്റൻ ഡാം ഒറ്റ ബ്ലോക്കിൽ കെട്ടിയുയർത്തിയിട്ടുള്ളതാണ്. ഇടുക്കി ജില്ലയിലെ വിവിധ ഡാമുകൾ സ്ഥിതി ചെയ്യുന്ന വൃഷ്ടിപ്രദേശങ്ങളില്ലാം തന്നെ ചെറിയ ചെറിയ ഭൂചലനങ്ങൾ മിക്കവാറും നടക്കുന്നുണ്ട്. മുല്ലപ്പെരിയാർ ഡാമിന്റെ അടിത്തട്ടോ മറ്റോ ശസ്ത്രീയ നിരീക്ഷണങ്ങൾക്കോ മറ്റോ ഇതുവരെ വിധേയമായിട്ടില്ല എന്നിരിക്കെ ഡാം സ്ഥിതി ചെയ്യുന്ന പാറക്കെട്ടുകൾക്കിടയിലും പ്രാന്തപ്രദേശങ്ങളിലും മറ്റും ഭൂമിക്കടിയിലേക്കുള്ള പാറകൾക്കിടയിൽ സംഭവിച്ചിട്ടുള്ളതാകാവുന്ന വിള്ളലുകളുടെയും സുഷിരങ്ങളുടെയും അളവുകളൂടെയോ എണ്ണത്തിന്റെയോ കാര്യം ഊഹാതീതമാണ്. ഏതായാലും ഡാം പൊട്ടുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ 50:50 സാധ്യതയാണുള്ളത്. പൊട്ടിയാലോ കേരളം രണ്ടായി വിഭജിക്കപ്പെടും എന്ന കാര്യത്തിൽ 100%ഉം.



ഏതായാലും മുല്ലപ്പെരിയാർ പ്രശ്നത്തിൽ ജനകീയവും രാഷ്ട്രീയവുമായുള്ള മുന്നേറ്റങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. എത്ര സമരങ്ങളൊ ഉപവാസസമരങ്ങളൊ മുദ്രാവാക്യം വിളികളൊ ഒന്നും തന്നെ കേന്ദ്രത്തിന്റെയോ പരമോന്നത നീതിപീഠത്തിന്റെയോ കണ്ണും കാതും തുറപ്പിക്കുകയില്ല എന്നതിൽ തന്നെ ഞാൻ ഉറച്ചു നിൽക്കുന്നു. തികച്ചും അവഗണിക്കപ്പെടുന്നവന്റെ വേദനയിൽ നിന്നും ഉടലെടുക്കപ്പെടുന്ന രോഷാഗ്നിയിലാണു മിക്ക ആളുകളും സോഷ്യൽ നെറ്റ് വർക്കുകളിലും മറ്റും തമിഴ്നാടു മുഖ്യമന്ത്രി ജയലളിതക്കെതിരേ ആഞ്ഞടിക്കുകയും അവരുടെ ഫോട്ടോ പബ്ലീഷ് ചെയ്തു അവരുടെ മുഖത്ത് കാർക്കിച്ചു തുപ്പുന്നു എന്നും അവരുടെ നെഞ്ചത്തു ചവിട്ടുന്നു എന്നൊക്കെ പറഞ്ഞ് ആക്രോശത്തോടെ കമന്റുകളും മറ്റും ഇടുന്നത്. പൊതു നിരത്തിൽ പോലും അവരുടെ കോലം കത്തിച്ചും കോലത്തിൽ പടക്കം പൊട്ടിച്ചു ചിന്നിച്ചിതറിച്ചും വരെ ആളുകൾ അവരുടെ വികാരവിദ്വേഷങ്ങൾ പ്രകടിപ്പിക്കുന്നുമുണ്ട്. എനിക്കു തോന്നുന്നത് ഇത്തരം സമരമാർഗ്ഗങ്ങൾ നമ്മൾ അവലംബിക്കേണ്ടതുണ്ടൊ? എന്നു തന്നെയാണ്. അവ മൂലം നമ്മളോടുള്ള സമീപനത്തിൽ തമിഴന്റെ മന്നസ്സിൽ പൊട്ടിപ്പുറപ്പെടുക തീവ്രവാദ നയങ്ങളായിരിക്കും. അതിന്റെ പ്രതിഫലനമെന്ന കണക്കു തന്നെയാണു അതിർത്തിക്കപ്പുറത്തു നിന്ന് തുടങ്ങിയിരിക്കുന്ന പടപ്പുറപ്പാട് എന്നു ഭയക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസത്തെ ഹർത്താലുകളിൽ തമിഴ് അയ്യപ്പന്മാരുടെ വണ്ടി തടഞ്ഞിടുകയും അവരുടെ നേരെ ആക്രോശിക്കുകയും ചെയ്യുന്ന നമ്മുടെ ജനതയുടെ വികാരങ്ങൾ മനസ്സിലാക്കുന്നുണ്ട് എങ്കിൽക്കൂടിയും അതിർത്തിക്കപ്പുറത്ത് ഇപ്പുറെ നടക്കുന്ന ഓരൊന്നും ശ്രദ്ധാപൂർവ്വം വീക്ഷിച്ചു ഭയചകിതരായി നിമിഷങ്ങളെണ്ണി ജീവിതം പോറ്റുന്ന കുറെ മലയാളികൾ ഉണ്ടെന്നു കൂടി നമ്മളോർക്കണം. പലപ്പോഴും നമ്മുടെയത്ര സമയം ക്ഷമിക്കാനുള്ള ദയവോ അറിവോ ഒന്നും തന്നെ തമിഴ് ജനത്തിൽ ഭൂരിഭാഗത്തിനും ഉണ്ടാകാറില്ല എന്ന യാഥാർത്ഥ്യവും അത്യന്താപേക്ഷിതമായി നമ്മൾ മനസ്സിരുത്തേണ്ടതാകുന്നു. തമിഴ് ജനതയെ പ്രകോപിപ്പിക്കുകയല്ല നമ്മളൂടെ ലക്ഷ്യത്തിൽ പ്രധാനം.



ഡാമിന്റെ ജലനിരപ്പ് കുറച്ച് ഒരു സമവായത്തിലെത്താം എന്ന ചിന്തകളെ നമ്മൾ പരിപോഷിപ്പിക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. 136 അടി ജലനിരപ്പിനെ 120 അടിയിലേക്കു കൊണ്ടു വരുന്നത് ഒരിക്കലും തമിഴ്നാട് അംഗീകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം, അവർ ജലം കൊണ്ടു പോകുന്ന ടണലുകൾക്കു താഴെ ജലനിരപ്പ് താഴ്ത്തുന്ന ഒത്തുതീർപ്പിനു അവർ സമ്മതിക്കില്ല എന്നത് പകൽ പോലെ വ്യക്തമാണ്. അതു മാത്രമല്ല നമുക്കും അതു കൊണ്ട് എന്തു പ്രയോജനം!! ഭൂകമ്പം നിമിത്തം ഡാം പൊട്ടുവാനുള്ള സാഹചര്യം സംജാതമാകുന്ന നിമിഷം അറബിക്കടലിന്റെ മേൽത്തട്ടിലോട്ടൊഴുകിച്ചെല്ലുന്ന ജലസ്രോതസ്സിന്റെ അളവിൽ കുറച്ച് ടി എം സി കുറവുണ്ടാകുമെന്നതല്ലാതെ നാം ഭയപ്പെടുന്ന ഭീകരതക്ക് എന്തെങ്കിലും ശമനമുണ്ടാകുമോ?? അപ്പോൾ പുതിയൊരു ഡാം തന്നെയാണു നമുക്ക് ആവശ്യം എന്നു വരുന്നു. വർഷങ്ങൾക്കു മുൻപ് ഇരു കൂട്ടരും കൂടി നിലവിലുള്ള ഡാമിനു മൂവായിരത്തോളം അടി താഴെ കേരളത്തിന്റെ സ്ഥലത്ത് പുതിയൊരു ഡാമിനുള്ള സ്ഥാനം കണ്ടിട്ടുള്ളതാണ്. പല തിരുട്ടു ന്യായവാദങ്ങൾ ഉന്നയിച്ച് തമിഴ്നാടിതിൽ നിന്നും പുറം വലിയുകയായിരുന്നുവന്ന്. നമ്മളവിടെ പുതിയൊരു ഡാം നിർമിക്കുവാനുള്ള ആർജ്ജവം കാണിക്കണമെന്നാണു എന്റെ ശക്തമായ അഭിപ്രായം. നമ്മളത് തുടങ്ങി വെക്കുമ്പോൾ സൈലെന്റ് മോഡിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയും, കേന്ദ്ര ജല പരിസ്ഥിതി മന്ത്രാലയവും പ്രേമികളും, സുപ്രീം കോടതിയും മറ്റും തമിഴ്നാടിന്റെ സമ്മർദ്ദം താങ്ങാനാവാതെ മുടന്തൻ ന്യായവാദങ്ങൾ തമിഴ്നാടിനു വേണ്ടി ഉന്നയിച്ച് നമുക്കെതിരേ തിരിയും എന്നത് പച്ചപ്പരമാർത്ഥമാണ്. പഴയ ഡാമിനു താഴെ പണിയുന്ന പുതിയ ഡാമിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പഴയതിനു ഭീക്ഷണിയാകും എന്നും നിനച്ച് നമുക്കിതു പണിയാതെ ഇരിക്കുവാനാകില്ല. കാരണം എന്തു സംഭവിച്ചാലും സംജാതമാകാനുള്ള ഭീകരാവസ്ഥ സമം തന്നെ. ഡാം നിർമ്മാണ വിദഗ്ദ്ധരുടെ കൈവശം ഇതിനുള്ള മറുമരുന്ന് ഉണ്ടാകും എന്നു തന്നെയാണെന്റെ നിഗമനം. പുതിയ ഡാം പണിയുമ്പോൾ 250 അടിയോ അതിനു മുകളിലോ ഉള്ള ഒരു ആർച്ച് ഡാം പണിയണം. സമീപത്തു തന്നെ വെള്ളമൊഴുക്കിക്കളയാനുള്ള ഷട്ടറുകളോടു കൂടിയ മറ്റൊരു ഡാം സമാന്തരമായി നിർമിക്കുക. നിർമ്മാണപ്രവർത്തനങ്ങൾ ഭംഗിയായി വിജയകരമായാൽ പിന്നെ വരുന്നതു പോലെ വരട്ടെ. മുല്ലപ്പെരിയാർ പൊട്ടിയൊഴുകി വരുന്ന ജലം ഇവിടെ കുറച്ചെങ്കിലും സംഭരിക്കുമെന്നോ അതല്ലാ പൊട്ടിയൊലിച്ചു വരുന്നവയെ മൊത്തമായി താങ്ങി നിർത്തുവാൻ പുതിയ ആർച്ച് ഡാമിനു കഴിയുമെന്നൊ ഒക്കെ നമുക്ക് പ്രത്യാശിക്കാം.



നമ്മളൊരു പുതിയ ഡാം നിർമിക്കുമ്പോൾ നമ്മുടെ നാട്ടിലെ മുഴുവൻ ജനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കട്ടെ, എന്നു കൂടി നമ്മൾ പ്രത്യാശിക്കേണ്ടതുണ്ട്. കാരണം അത്രക്ക് ഒറ്റപ്പെടുത്തലുകളും ഭീകരാവസ്ഥകളും ഭീഷണികളെയുമൊക്കെ നമുക്ക് നേരിടുകയും തരണം ചെയ്യുകയും ചെയ്യേണ്ടതുണ്ട്. ചിലപ്പോൾ നമ്മൾ 14 ജില്ലകൾ കൂടി പുതിയൊരു രാജ്യം പോലും പിറവിയെടുക്കുവാൻ കാരണമായേക്കാം. നമ്മളുടെ ചുറ്റളവുകളിലെ മുഴുവൻ അതിർത്തികളിലും നമ്മുടെ പുതിയ രാജ്യത്തിന്റെ സേനയെ വിന്യസിക്കേണ്ടി വന്നേക്കാം. ഒറ്റപ്പെടുത്തലുകളൂടെ ഭാഗമായി നമ്മൾ പൂജ്യത്തിൽ നിന്നും തുടങ്ങേണ്ടി വന്നേക്കാം. പക്ഷേ; വള്ളക്കടവിലും, കെ. ചപ്പാത്തിലും, അയ്യപ്പൻ കോവിലിലും, വണ്ടിപ്പെരിയാറ്റിലും ഉള്ള നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളുടെ ദയനീയ രോദനങ്ങൾക്കു മുൻപിൽ മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്രസർക്കാർ, സുപ്രീം കോടതികൾക്കു മുൻപിൽ നിന്നും നമ്മുടെ ജനതയെ കൂട്ടത്തോടെ രക്ഷിക്കേണ്ട ദൌത്യത്തിൽ നിന്നും ഒരടി പിമ്പോട്ടു പോകുവാൻ പാടില്ല. കേരളത്തിന്റെ മാറിലൂടെ പരിലസിക്കാൻ വെമ്പി നിൽക്കുന്ന അറബിക്കടലിന്റെ പ്രയാണത്തിനു തടയിടേണ്ടിയിരിക്കുന്നു; നമ്മൾ.

13 comments:

ഹരീഷ് തൊടുപുഴ said...

ഒറ്റപ്പെടുത്തലുകളൂടെ ഭാഗമായി നമ്മൾ പൂജ്യത്തിൽ നിന്നും തുടങ്ങേണ്ടി വന്നേക്കാം. പക്ഷേ; വള്ളക്കടവിലും, കെ. ചപ്പാത്തിലും, അയ്യപ്പൻ കോവിലിലും, വണ്ടിപ്പെരിയാറ്റിലും ഉള്ള നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളുടെ ദയനീയ രോദനങ്ങൾക്കു മുൻപിൽ മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്രസർക്കാർ, സുപ്രീം കോടതികൾക്കു മുൻപിൽ നിന്നും നമ്മുടെ ജനതയെ കൂട്ടത്തോടെ രക്ഷിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ മാറിലൂടെ പരിലസിക്കാൻ വെമ്പുന്ന അറബിക്കടലിന്റെ പ്രയാണത്തിനു തടയിടേണ്ടിയിരിക്കുന്നു.

Appu Adyakshari said...

എത്ര സമരങ്ങളൊ ഉപവാസസമരങ്ങളൊ മുദ്രാവാക്യം വിളികളൊ ഒന്നും തന്നെ കേന്ദ്രത്തിന്റെയോ പരമോന്നത നീതിപീഠത്തിന്റെയോ കണ്ണും കാതും തുറപ്പിക്കുകയില്ല എന്നതിൽ തന്നെ ഞാൻ ഉറച്ചു നിൽക്കുന്നു... - ഒപ്പ് :-)

ഒപ്പം, മറ്റൊരു സെൻസേഷനൽ വാർത്തവരുന്നതോടുകൂടി ചാനലുകളും ഈ വിഷയത്തെ കൈയ്യൊഴിയും.. ചാനലിൽ ഈ വിഷയം ഇല്ലെങ്കിൽ പിന്നെ മലയാളിക്കെന്തു മുല്ലപ്പെരിയാർ.. !

സത്യാന്വേഷി said...

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നത് മാധ്യമങ്ങളും രാഷ്ട്രീയക്കാരും കൂടി ജനങ്ങളില്‍ അടിച്ചേല്പിക്കുന്ന താത്പര്യമാണ്.(വെറുതെയാണോ പി ജെ ജോസഫും മറ്റും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്? ഡാം പണിയില്‍ മറിയുന്ന കോടികളെപ്പറ്റിയോര്‍ത്താല്‍ വായില്‍ വെള്ളമൂറാത്ത മന്ത്രിമാരോ രാഷ്ട്രീയക്കാരോ ഉണ്ടാകുമോ?) മാധ്യമങ്ങളുടെ പ്രചണ്ഡപ്രചാരണത്തിന്‍റെ ഫലമായാണ് ഈ വിഷയത്തില്‍ നടക്കുന്ന സംവാദങ്ങളില്‍ 99 ശതമാനം പേരും പുതിയ ഡാമിനായി സമ്മതം മൂളുന്നത്. ഭൂകമ്പമേഖലയായ അവിടെ ഇപ്പോളുള്ളതിനേക്കാള്‍ കൂടുതല്‍ കപ്പാസിറ്റിയുള്ള പുതിയ ഡാം പണിയണമെന്ന ആവശ്യം ആരുടെ താത്പര്യമാണു സംരക്ഷിക്കുന്നത്? തീര്‍ച്ചയായും അവിടത്തെ ജനങ്ങളുടെയല്ല. തമിഴ്നാടുമായുള്ള കരാറാണോ ജനങ്ങളുടെ ജീവനാണോ സര്‍ക്കാരിനു(കോടതിക്കും) മുന്‍ഗണനാ വിഷയമാകേണ്ടത്? ഇപ്പോള്‍ ഇത്ര അപകടാവസ്ഥയുണ്ടെന്നു പറയുമ്പോള്‍പ്പോലും വള്ളക്കടവിലോ വണ്ടിപ്പെരിയാറ്റിലോ ചപ്പാത്തിലോ ഉള്ളവരെപ്പോലും മാറ്റിപ്പാര്‍പ്പിക്കാതെ എന്ത് അപകടനിവാരണ പരിപാടിയാണു സര്‍ക്കാര്‍ ചെയ്യുന്നത്? ഇനി ഡാം കെട്ടുകയാണെന്നുവന്നാലും അതു തീരാനായി ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും വേണ്ടിവരും. അതുവരെ അവിടെയുള്ളവരുടെ സുരക്ഷ ആരു് ഉറപ്പാക്കും ?

മനോജ് കുമാർ വട്ടക്കാട്ട് said...

നാട്ടിലില്ല. അതുകൊണ്ട് തോനിയ ഒരു സംശയമാണ്. മുല്ലപ്പെരിയാർ പ്രശ്നത്തിൽ കേരളത്തിലെ ജനപങ്കാളിത്തം പ്രതീക്ഷിച്ചത്രരീതിയിൽ ഉയർന്ന് വന്നിട്ടുണ്ടോ? വാർത്താ മാദ്ധ്യമങ്ങൾ അപ്പു പറഞ്ഞതുപോലെ മറ്റെന്തെങ്കിലും അപ്പകഷ്ണം കിട്ടുമ്പോൾ അതിന് പുറകെ പോകും. രാഷ്ട്രീയ-മത-ജാതി വ്യത്യാസമില്ലാതെ വൻ ജനപങ്കാളിത്തത്തോടെയുള്ള (കുട്ടികളും സ്ത്രീകളും അടക്കമുള്ള) പ്രധിഷേധ പരിപാടികളിലൂടെ മാത്രമേ പ്രശ്നം ലൈവ് ആക്കി നിലനിർത്താൻ പറ്റുകയുള്ളൂ. അങ്ങിനെ ഒരു ശ്രമം ഉണ്ടാവുന്നുണ്ടോ, അതോ ഇന്ന് അച്ചുതാനന്ദൻ(അദ്ദേഹത്തോടുള്ള സകല ബഹുമാനത്തോടും കൂടി) പറഞ്ഞത് പോലെ ‘ഇടതു പക്ഷം ഭരണത്തിൽ വന്നാൽ‘ അണകെട്ടും എന്നത് പോലുള്ള ബാലിശമായ രാഷ്ട്രീയ മുതലെടുക്കലാണോ നടക്കുന്നത്? ന്യായമായ ഒരു കാര്യത്തിന് വേണ്ടിയുള്ള ഒരു വൻ ജനമുന്നേറ്റത്തെ ഗവണ്മെന്റുകളും കോടതികളൂം കേൾക്കേണ്ടവരിക തന്നെ ചെയ്യും. നമ്മൾ ഒരുമിച്ച് നേരിടേണ്ട ഒരു പ്രതിസന്ധിയാണ് മുന്നിലുള്ളതെന്ന ബോധത്തോടെ നമുക്ക് മുന്നേറാൻ സാധിക്കുന്നുണ്ടോ?

Typist | എഴുത്തുകാരി said...

ഇവിടെ ഒന്നുമൊന്നും ഒരു തടസ്സമാവരുതു്. ലക്ഷക്കണക്കിനു ജനങ്ങളാണ് മുമ്പിൽ.

ChethuVasu said...

ചില കാര്യങ്ങള്‍ :

1 . ഈ ഡാമിന് ശേഷം മറ്റൊരു ഡാം (തടയയണ കൂടി എത്രയും വേഗം നിര്‍മ്മിക്കണം (ഈ ഡാം നിലനിര്‍ത്തിക്കൊണ്ട് തന്നെ ) .അതിനു ആരോടും ചോദിക്കേണ്ട കാര്യമില്ല.
2 . ഈ ഡാം കാലപ്പഴക്കം എത്തിയത് കൊണ്ട് എത്രയും വേഗം പൊളിച്ചു കളയണം .. കാലപ്പഴക്കം വന്ന ബസുകള്‍ കുറെ ക്കാലം കൂടി ഓടും എന്നത് കൊണ്ട് മാത്രം അവ റോഡില്‍ ഇറക്കാന്‍ പാടില്ലല്ലോ അത് പോലെ
3 . ഈ ഡാമിനെ പറ്റി പ്രചരിപ്പിക്കുന്ന അതിശയോക്തിപരമായ പ്രചാരങ്ങള്‍ അവസാനിപ്പിക്കണം . ഡാം പൊടിയാല്‍ തന്നെ പുട്ടുന്ന ഭാഗത്തിന് മേലെ ഉള്ള ഘാന അടി വെള്ളമാണ് താഴോട്ടോഴുക , ബാക്കിയുള്ള വെള്ളം അവിടെ തന്നെ നില്‍ക്കും . മുല്ല പ്പെരിയന്‍ ഡാമിന്റെ ഏറ്റവും താഴെ ഉള്ള വീതി 43 ആണ് എന്ന് ഓര്‍ക്കുക .. അതൊന്നും പൂര്‍ണമായി പൊളിഞ്ഞു പോകാന്‍ പൌകുന്നില്ല . സാധാരണ ഗതിയില്‍ തകരുന്നത് ഏറ്റവും മേലെ ഉള്ള വീതി കുറഞ്ഞ ഭാഗം ആയിരിക്കും അതിനു മേലെ ഉള്ള വെള്ളം എത്ര ഖന അടി ഉണ്ടോ അത്ര മാത്രമേ പുറത്തേക്കൊഴുകി ഇടുക്കി ഡാമില്‍ വന്നു ചേരൂ .

മാത്രവുമല്ല , ഡാം പൊട്ടിക്കഴിഞ്ഞാല്‍ ഈ വെള്ളം ( പൊട്ടുന്നതിനു മേലെ നിരപ്പില്‍ ഉള്ളത് ) ഒറ്റയടിക്ക് ഒഴുകി ഇടുക്കി ഡാമില്‍ ഇതും എന്നത് ശരിയല്ല . അത് കൊണ്ട് ഒറ്റയടിക്ക് ഇടുക്കി ഡാമിന് ഇത്ര കണ്ടു വെള്ളത്തിന്റെ തള്ളല്‍ അനുഭവപ്പെടുകയും ഇല്ല .

ഇങ്ങനെ ഒക്കെ ആണെങ്കിലും , കാലപ്പപഴക്കം വന്ന ഒരു ഡാം നില നിര്‍ത്തുന്നത് , ശാസ്ത്രതോടും സമൂഹത്തോടും ഉള്ള നന്ദികേടാണ് . അത് എത്രയും പെട്ടെന്ന് പുതുക്കി പണിയുക .ഒരാള്‍ പോലും അത് മൂലം മരണപ്പെട്ടു കൂടാ .ശാസ്ത്രവും സാങ്കേതിക വിദ്യയുഉം വേണ്ടിടത്ത് വേണ്ട രീതിയില്‍ ഉപയോഗിക്കതിരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ് .

ഷെരീഫ് കൊട്ടാരക്കര said...

അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടാകാന്‍ പോകുന്ന ദുരന്തം ഭയാനകമായിരിക്കും എന്ന് സമ്മതിക്കുന്നതിനോടൊപ്പം അപ്രകാരം ഉണ്ടാകാന്‍ പോകുന്ന ദുരന്തം ഒഴിവാക്കാന്‍ ഉടനടി പരിഹാരമാര്‍ഗങ്ങള്‍ തേടേണ്ടതാണെന്ന കാര്യത്തിലും സംശയമേതുമില്ല. പക്ഷേ പുതിയ അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ അത് ആ ഭൂപ്രദേശത്ത് ഉണ്ടാക്കാന്‍ പോകുന്ന മര്‍ദ്ദം എത്രമാത്രമായിരിക്കുമെന്ന് ചിന്തിക്കേണ്ടതുണ്ട്.ഇടുക്കി മേഖലയിലെ കുന്നുകള്‍ സാന്ദ്രതയില്‍ പുതിയതാണെന്നും(അതായത് വലിയ സമ്മര്‍ദ്ദം താങ്ങാന്‍ കെല്‍പ്പില്ലാത്ത തരം പുതിയ പാറകളാല്‍ നിറയപ്പെട്ടത്) അതിനാല്‍ തന്നെ ഭൂകമ്പ മേഖലയായ ആ പ്രദേശത്ത് വലിയ അണക്കെട്ടുകളേക്കാള്‍ ഭൂമിയില്‍ ശക്തിയായ മര്‍ദ്ദം ഏല്‍പ്പിക്കാത്ത തരം ചെറിയ അണക്കെട്ടുകളാണ് ഒന്നുകൂടി സുരക്ഷിതം എന്നും നിരീക്ഷണം ഉണ്ട്. ഏത് വിധത്തിലായാലും ഭീതിയുടെ മുള്‍മുനയില്‍ നിന്നും ജനങ്ങളെ രക്ഷിച്ചേ മതിയാകൂ എന്നതില്‍ രണ്ട് പക്ഷമില്ല.

ദേവന്‍ said...

നമ്മൾ 14 ജില്ലകൾ കൂടി പുതിയൊരു രാജ്യം പോലും പിറവിയെടുക്കുവാൻ കാരണമായേക്കാം. അങ്ങനെ സംഭവിച്ചാല്‍ എന്നെ പ്രധാന മന്ത്രി ആക്കണം!! എവിടുന്നു നമ്മളൊക്കെ അറബിക്കടലിലെക്കുള്ള വാഗ്ദാനങ്ങളാ ഹരീഷേട്ടാ. ഇവിടെ മന്ത്രിമാരും എം.പി മാരും അങ്ങ് ഡല്‍ഹിയില്‍ പോയിഇരുന്നു സമരമല്ലേ ആര്‍ക്കറിയാം ചാനല്‍ ക്യാമറക്ക്‌ മുന്നില്‍ മാത്രമാണോ സമരം എന്ന്.അങ്ങോട്ട്‌ വെള്ളം ചെല്ലില്ലല്ലോ. നമ്മളൊക്കെ വിഡ്ഢികള്‍ ഉറങ്ങികിടക്കുംബോഴാകും ഒലിച്ചുപോകുക

ഹരീഷ് തൊടുപുഴ said...

http://keralabhumi.blogspot.com/2011/11/blog-post_30.html

ടി.പോസ്റ്റ് കൂടി ശ്രദ്ധിക്കൂ..

പഥികൻ said...

"ചിലപ്പോൾ നമ്മൾ 14 ജില്ലകൾ കൂടി പുതിയൊരു രാജ്യം പോലും പിറവിയെടുക്കുവാൻ കാരണമായേക്കാം. നമ്മളുടെ ചുറ്റളവുകളിലെ മുഴുവൻ അതിർത്തികളിലും നമ്മുടെ പുതിയ രാജ്യത്തിന്റെ സേനയെ വിന്യസിക്കേണ്ടി വന്നേക്കാം. "

അല്പം ഓവറായില്ലേ..

സസ്നേഹം,
പഥികൻ

ജോ l JOE said...

@ Chethu Vasu

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10532973&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@

mini//മിനി said...

എന്റെ തൊടുപുഴ സാറെ,,,
തലക്കുമീതെ ബോംബുമായി ഉറങ്ങുന്ന കേരളജനതയുടെ രോദനം ആരും അറിയുന്നില്ലെ?

Prasanna Raghavan said...

'അതുപോലെ ഒരു പുതിയ അണക്കെട്ടു പണിയാന്‍ തീരുമാനമായതു കോണ്ടുമാത്രം പ്രശ്നം തീരുന്നില്ല. പുതിയ അണക്കെട്ടിലെ വെള്ളം ഏതു വ്യവസ്ഥയില്‍ തമിള്‍നാടിനു കോടുക്കുന്നു എന്നുള്ളതില്‍ തീരുമാനമെടുക്കാനുള്ള അവകാശം കേരളമക്കള്‍ക്കുണ്ട്, മരിക്കാന്‍ മാത്രമല്ല'
കൂടുതലായി പറയാനുള്ളത് ഇവിടെ പറയുന്നൂണ്ട്.