Monday, March 24, 2008

എന്റെ ബാല്യ കാല സ്മരണകള്‍

കൂട്ടുകാരേ, എന്റെ വാക്കുകള്‍ക്കു ഭംഗി പോരാ എന്നെനിക്കറിയാം, ഞാന്‍ ഒരു എഴുത്തുകാരനേ അല്ല. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഞാന്‍ ആദ്യമായിട്ടാണിങനെ കുത്തിക്കുറിക്കുന്നതു. എന്റെ ഓര്‍മയില്‍ വിരിഞ്ഞ പൂക്കളാണിവിടെ വരച്ചിടുന്നതു; തെറ്റുകളേ കാണൂ... വാക്കുകള്‍ക്കു സ്ഫുടതയും, ഭംഗിയും, ഗ്രാമെറും കാണാന്‍ പ്രയാസമായിരിക്കും. എങ്കിലും ഈ വൈകല്യങള്‍ സദയം ക്ഷമിച്ചു ഈ ഓര്‍മക്കുറിപ്പുകള്‍ വായിക്കുവാന്‍ മനസ്സുണ്ടാകണമെന്നു വിനയപൂര്‍വം അഭ്യര്‍ദിക്കുന്നു.




എല്ലാവരുടെയും പോലെ മറക്കാനാവാത്ത ബാല്യകാലസ്മരണകള്‍ എനിക്കുമുണ്ടായിരുന്നു. എല്ലാ ഗ്രാമീണരെയും പോലെ അല്പവിവരജ്ഞാനിയായി ഞാനും ഒരു കുഗ്രാമത്തില്‍ ജനിച്ചു. പക്ഷെ എന്റെ ഗ്രാമം സുന്ദരിയായിരുന്നു. ബസ്സുകള്‍ നാമമാത്രമായിരുന്ന ആ കാലത്തു കാളവണ്ടികള്‍ ഓടിക്കൊണ്ടിരുന്നു എന്നാണു എന്റെ ഓര്‍മ്മ! ഞാന്‍ എഴുത്തു പടിച്ച കുടിപള്ളിക്കൂടത്തിനു സമീപം ഒരു ചെറിയ കയ്യാണി ഉണ്ടായിരുന്നു. ആശാത്തിയെ വെട്ടിച്ചു ഞാനും എന്റെ കുഞ്ഞുകൂട്ടുകാരും ആ കയ്യാണിയിലെ ചെറിയ പരല്‍ മീനുകളെ പിടിക്കുവാനിറങുമായിരുന്നു. ആശാത്തിയമ്മ കണ്ടു പിടിക്കും; നല്ല നുള്ളും കിട്ടും





നഴ്സറി വിദ്യാഭ്യാസത്തിനു ശേഷം തൊട്ടടുത്തുള്ള സ്കൂളിള്‍ എന്നെ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തു. എനിക്കിപ്പോഴും ഓര്‍മയുണ്ട് ആ ദിവസം. ഞങളുടെ വീടിരിക്കുന്ന സ്തലം തട്ട് തട്ട് ആയിട്ടായിരുന്നു. പ്രധാന വഴിയില്‍ നിന്നും ഒരു ഇടവഴി കയറി, ഒരു വലിയ പാറയും താണ്ടി വേണമായിരുന്നു ഈ സ്തലത്തെത്താന്‍. ആ.. ഞാന്‍ പറഞ്ഞുവന്നതെവിടെയാ.. അങനെ ആ ദിവസം, കാലത്തു... ചെറിയ ഒരു ചാറ്റല്‍ മഴയുണ്ടായിരുന്നു; എന്റെ അച്ചാച്ചന്റെ ശവകുടീരത്തില്‍ വിളക്ക് വച്ചു തൊഴുത്... അമ്മയുണ്ടാക്കി തന്ന ആവി പറക്കുന്ന ഇഡ്ഡലിയും സംബാറും കഴിച്ച്, വള്ളി നിക്കറും ഷര്‍ട്ടും ധരിച്ച് ഞാന്‍ സ്കൂളിലേക്കു എന്റെ ആന്റി യുടെ കൈയും പിടിച്ചു യാത്രയായി.



മുന്‍പു സ്കൂള്‍ കണ്ടിട്ടുണ്ടെങ്ഗിലും സ്കൂള്‍ എനിക്കു പുതിയ ഒരു അനുഭവമായിരുന്നു; പുതിയ കൂട്ടുകാര്‍, അന്ദരീക്ഷം, വിശാലമായ കളിസ്തലം; എന്റെ കുഞ്ഞു മനസ്സിനിനി എന്തു വേണം... എന്റെ കൂടെ കുടിപ്പള്ളിക്കൂടത്തില്‍ പടിച്ച കൂട്ടുകാര്‍ മിക്കവരും ആ ക്ലാസ്സില്‍ ഉണ്ടായിരുന്നു. അങനെ ദിവസങള്‍ ഓരോന്നായി കടന്നു പോയിക്കൊണ്ടിരുന്നു.


എന്റെ സ്കൂളിന്റെ മുന്‍ വശത്തു റോഡും, ഇടത്തു വശത്തു ഒരു വലിയ നെല്‍ പാടവും അതിനോടു ചേര്‍ന്നു തെങിന്‍ പുരയിടവും, പിറകുവശത്തു വിശാലമായ ഒരു കളിസ്തലവും ഉണ്ടയിരുന്നു. വലത്തു ഭാഗത്തു സുധാകരന്‍ ചേട്ടന്റെ തയ്യല്‍ കട, പിന്നെ മിട്ടായി കടകള്‍... ഇടത്തു വശത്തായിരുന്നു സ്കൂളിന്റെ കഞ്ഞിപ്പെര, അവിടെ നിന്നും നോക്കിയാല്‍ വിശാലമായി കിടക്കുന്ന നെല്‍ പാടങളും, അതിന്റെ ഓരത്തായി ഒഴുകുന്ന ചെറിയ നീര്‍ച്ചാലും ഉണ്ടായിരുന്നു. നീര്‍ച്ചാലിന്റെ ഒരു വശത്തു തെങിന്‍ പുരയിടവും ഇവ ചേരുന്ന അതിര്‍ത്തിയില്‍ കൈതകൂട്ടവും ഉണ്ടായിരുനു. മഴയുടെ നാടായ എന്റെ നാട്ടില്‍, മഴക്കാലത്തു ഞാനീ കഞ്ഞിപ്പെരയില്‍ വന്ന് നിന്നു നോക്കും, അപ്പോള്‍ ശക്തിയായ മഴയും, കാറ്റും അടിച്ച്, വിളഞ്ഞു കിടക്കുന്ന ആ നെല്‍ പാടങള്‍ ന്രുത്തം ചവിട്ടുന്നതു കാണാം; ഇന്നും അതോര്‍മിക്കുന്നതു മനസ്സിനൊരു കുളിരാണു.


ഞഞ്ഞള്‍ക്കും ഒരു ഏക്കര്‍ പാടം അവിടെ ഉണ്ടയിരുന്നു. എന്റെ അച്ചന്റെ കൂടെ പാടത്തു വെള്ളം തിരിച്ചു വിടാന്‍ ഞാനും പോകുമായിരുന്നു. നീര്‍ച്ചാലില്‍ നിന്നും അച്ചന്‍ വെള്ളം തിരിച്ചു വിടുമ്പോള്‍; ഞാനാ പൊന്തക്കാട്ടില്‍ കയറി കൈതയുടെ ഇല ഒടിക്കാന്‍ ശ്രമിക്കുമായിരുന്നു; കാരണം കൈതയുടെ മുള്ളുള്ള ആ ഇല ഒടിക്കുമ്പോള്‍ `ടപ്പേ` എന്നൊരൊച്ച കേള്‍ക്കാം, കൊച്ചായ എനിക്കു അതെല്ലാം ഒരു ഹരമായിരുന്നു. കൈതയുടെ മുള്ളുകള്‍ കൊണ്ട് എന്റെ ഇളം കൈകള്‍ മുറിയുമായിരുന്നു. പിന്നെ നീര്‍ച്ചാലിലെ തെളിനീരില്‍ ഇറങി പരല്‍ മീനുകളെ പിടിക്കാന്‍ ശ്രമിക്കുമായിരുന്നു. ഇതെല്ലാം കണ്ടു ദ്വേഷ്യപ്പെട്ടു എന്റെ അച്ചന്‍ എന്നെ പേടിപ്പിക്കുവാനായി, പാടത്തിന്റെ അങ്ങെ അതിര്‍ത്തിയിലുള്ള വീടു ചൂണ്ടിക്കാണിച്ച് മുഖം മൂടികള്‍ ഉള്ള സ്തലമാണെന്നു പറയും, അപ്പോള്‍ പേടിത്തൊണ്ടനായ ഞാന്‍ അനങ്ങാതെയിരിക്കും.





എന്റെ അച്ചനും, അമ്മയ്കും ഗവ: ജോലി ഉണ്ടായിരുന്നു. അതുകൊണ്ട് സ്കൂളിലെ ഉച്ചക്കഞ്ഞി കഴിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നില്ല. എനിക്കാണെങ്കിലോ വീട്ടിലെ ചോറിനേക്കാള്‍ ഇഷ്ടം സ്കൂളിലെ കഞ്ഞീം പയറും. ചില ദിവസങ്ങളിള്‍ മേയ്സ് കൊണ്ടുണ്ടാക്കിയ ഉപ്പുമാവായിരിക്കും. ഉച്ചബെല്ലടിക്കുമ്പൊഴേ വിശന്നിരിക്കുന്ന ഞങ്ങള്‍ ചോറ്റുപാത്രവുമായി സ്കൂളിന്റെ മുന്‍ വശത്തുള്ള കിണറ്റുകരയിലേക്കോടും. കൂടെ പടിക്കുന്ന പാവപ്പെട്ട വീട്ടിലെ കുട്ടികള്‍, കാലിചോറ്റുപാത്രത്തില്‍ വാങ്ങുന്ന ആവി പറക്കുന്ന മേയ്സിന്റെ ഉപ്പുമാവു കാണുമ്പോള്‍ എന്റെ കണ്ണ്കള്‍ ആര്‍ത്തിയോടെ അവരുടെ പാത്രത്തില്‍ ഉടക്കുമായിരുന്നു. കൊതി പിടിച്ചു ഞാന്‍ ചോദിക്കും `എടാ.. എനിക്കും ഇത്തിരി താ` എന്ന്, അവര്‍ തരും. പക്ഷെ കിട്ടുന്നത് കുറച്ചായതിനാല്‍ ഒരിക്കലും കൊതി തീരാറില്ല, പിന്നീട് എന്റെ ചോറ്റുപാത്രത്തിലെ ചോറ് ആരും കാണാതെ കൊട്ടി കളഞ്ഞിട്ട് എത്രയോപ്രാവശ്യം ആ മഞ്ഞ ഉപ്പുമാവ് വാങ്ങി കഴിച്ചു കൊതിയടക്കിയിരിക്കുന്നു. ഇന്നും ആ മഞ്ഞ ഉപ്പുമാവിന്റെ രുചി നാവിലൂറുന്നു.



ആദ്യമായി സിനിമ കണ്ടതു സ്കൂളില്‍ വച്ചായിരുന്നു. പേരോര്‍മയില്ല. എന്തായാലും രണ്ട് രുപായ്കു ടിക്കറ്റ് എടുത്ത് സിനിമ കണ്ടപ്പോള്‍ തോന്നിയ സന്തോഷവും, അത്ഭുതവും, ആവേശവും ഇപ്പോള്‍ സിനിമ കാണുമ്പോള്‍ ഇല്ല.



ഞഞ്ഞളുടെ സ്തലം വലിയ ഒരു പറമ്പായിരുന്നു. തട്ടുകളായി തിരിച്ചിരുന്നു. നാനാ വിധത്തിലുള്ള സസ്യവ്രിക്ഷാദികള്‍ ആ പറമ്പില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പല വിധത്തിലുള്ള പക്ഷി, മ്രിഗാദികള്‍ തൊടിയില്‍ ഉണ്ടായിരുന്നു. പൂമ്പാറ്റകളും, തുമ്പികളും എല്ലാം. ഒഴിവുദിവസങ്ങളിള്‍ ഈ പറമ്പിന്റെ അങ്ങേ മൂല തൊട്ടു ഇങ്ങേ മൂല വരെ ഞാന്‍ കളിച്ചുനടക്കും. തുമ്പികളെ പിടിച്ച് വാലില്‍ നൂലുകെട്ടി, അവയെകൊണ്ടു കല്ലെടുപ്പിച്ചു കളിക്കുമായിരുന്നു. പാവം തുമ്പികള്‍! വീടിന്റെ വലത്തുഭാഗത്ത് ഒരു ചാമ്പ മരമുണ്ടായിരുന്നു. എപ്പോഴും അതിന്റെ മുകളില്‍ കയറി ഇരുന്ന്‍ ചാമ്പങ്ങ പറിച്ചു തിന്നലായിരുന്നു വിക്രുതിയായ എന്റെ ഹോബി. ആകപ്പാടെ രസകരമായ അന്ദരീക്ഷമായിരുന്നു അത്. ആ കാലത്ത് എനിക്കു ഒരു കളിക്കൂട്ടുകാരന്‍ ഉണ്ടായിരുന്നു. ടിപ്പു എന്ന നായ് കുട്ടി. ഞാനും അവനും കൂടി ആയിരുന്നു കളികള്‍. എന്റെ ജീവിതം അവനോടുകൂടി കടപ്പെട്ടിരിക്കുന്നു. ഒരു ദിവസം കളിച്ചുകൊണ്ടിരുന്നപ്പൊള്‍ ഒരു തിട്ടിന്റെ മുകളില്‍ നിന്നും പത്തടി താഴ്ചയിലേക്കു വീഴാതെ എന്നെ താങ്ങി നിറുത്തി, കുരച്ചു ബഹളം ഉണ്ടാക്കി വീട്ടുകാരെ വിവരമറിയിച്ചു എന്നെ രക്ഷപെടുത്തിയിട്ടുണ്ടു ഈ മഹാനായ കൂട്ടുകാരന്‍. പിന്നീട് കാലങ്ങള്‍ക്കുശേഷം പുതിയ വീട്ടില്‍ താമസം തുടങ്ങിയപ്പോള്‍ ഞഞ്ഞള്‍ക്കവനെ നഷ്ടപ്പെട്ടു. അവനെന്റെ സ്നേഹനിര്‍ഭരമായ ആദരാഞ്ജലികള്‍ ഇവിടെ രേഖപ്പെടുത്തട്ടെ.



എന്റെ വീടിന്റെ അടുത്ത് രണ്ടു ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. ദേവിയുടെയും, മുരുഗന്റെയും. എന്നും സന്ദ്യയ്ക്കു മുരുഗന്റെ അമ്പലത്തില്‍ വയ്ക്കുന്ന ഭക്തിഗാനങ്ങള്‍ എന്റെ ചെവിത്തടങ്ങളില്‍ തുടിക്കുന്നുണ്ട്. മിക്കദിവസങ്ങളിലും വൈകിട്ട് മുരുഗന്റെ അമ്പലത്തില്‍ തൊഴാന്‍ പോകുമായിരുന്നു.



കാലങ്ങള്‍ കടന്ന് പോയി. ഞങ്ങള്‍ ആ സ്തലം വിറ്റിട്ടു വേറെ ഗ്രാമത്തില്‍ താമസമാരംഭിച്ചു. എന്റെ കുഞ്ഞുപെങ്ങളും സ്കൂളിള്‍ പോകുവാന്‍ തുടങ്ങി. എനിക്കും പുതിയ കൂട്ടുകാരെ കിട്ടി. പുതിയ ഗ്രാമം ഇത്തിരി കൂടി പരിഷ്കാരിയായ സുന്ദരിക്കുട്ടിയായിരുന്നു. കവലയില്‍ ഒരു ചാരായഷാപ്പ് ഉണ്ടായിരുന്നു. കുടിയന്മാര്‍ പൂസായി വഴിയില്‍ കിടക്കുന്നതു കാണാമായിരുന്നു. എങ്കിലും ഗ്രാമവാസികള്‍ ശുദ്ധരും, സ്നേഹമുള്ളവരും ആയിരുന്നു. പുതിയ സ്തലത്ത് ഞങ്ങളുടെ പറമ്പ് റബ്ബര്‍ തോട്ടമായിരുന്നു. മുക്കുറ്റിയും, തുമ്പയും, വ്രിക്ഷലതാതികളും പേരിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ പറമ്പില്‍ മുഴുവന്‍ ഓടിക്കളിച്ചു നടന്നു. കൂട്ടുകാര്‍ കൂടുതലായതിനാല്‍ വിക്രുതിയും കൂടി. കൂട്ടുകൂടി മറ്റു തൊടികളില്‍ പോയി കൊഴുവെറിങ്ങു മാങ്ങ വീഴ്തുക, പറമ്പായ പറമ്പെല്ലാം ഓടി നടന്ന് കശുവണ്ടി ശേഖരിക്കുക.. ഇതൊക്കെയായിരുന്നു പ്രധാന വിനോദം. വൈകുന്നേരങ്ങളില്‍ പുഴയില്‍ പോയി കൂട്ടുകാര്‍ നീന്തിത്തുടിക്കുന്നത് കണ്ടുകൊണ്ടിരിക്കും. പുഴയില്‍ നീന്താനുള്ള അനുവാദം മാത്രം വീട്ടില്‍ നിന്നും കിട്ടിയിരുന്നില്ല.



മഴ എനിക്കൊരു ഭ്രാന്തമായ ആവേശമായിരുന്നു. മഴ നനഞ്ഞു കളിച്ച് നടക്കുവാന്‍ എന്തുരസമായിരുന്നു. കാറ്റത്ത് ഉലഞ്ഞാടുന്ന റബ്ബര്‍ മരങ്ങളുടെ ചില്ലകള്‍ നോക്കിയിരിക്കാന്‍ പ്രത്യെക രസമായിരുന്നു. മരചില്ലകളില്‍ നിന്നിറ്റിറ്റു വീഴുന്ന ജലകണങ്ങളും, രാവിനെ വെളുപ്പിക്കുന്ന ഇടിമിന്നലും, കോടക്കാറ്റും .... ഹായ്!!!!! ഇടവപ്പാതിയും, മിധുനവും, കര്‍ക്കിടവും, തുലാമഴയും കൂടി ചേര്‍ന്ന്....ആര്‍ത്തലച്ചൊഴുകുന്ന തൊടുപുഴയാറും..... മഴനീര്‍ത്തുള്ളികളില്‍ കുളിച്ച് നാണിച്ചു നില്‍ക്കുന്ന എന്റെ മണക്കാട് ഗ്രാമവും.......മഴയെപ്പറ്റി എത്ര സ്വപ്നങ്ങള്‍ നെയ്താലും മതിവരില്ല...... മഴയത്ത് പറമ്പില്‍ ചെറിയ കുഴികള്‍ ഉണ്ടാക്കും, അതില്‍ ഉറവകള്‍ ഉണ്ടാകും, ആ ചെറിയ ഉറവയില്‍ കടലാസുതോണികള്‍ ഉണ്ടാക്കി കളിക്കും, പിന്നെ മുട്ടൊപ്പം വെള്ളം കെട്ടിനില്‍ക്കുന്നിടത്തു, കാല്‍ കൊണ്ടു തൊഴിച്ച് കൂട്ടുകാരുടെ ദേഹത്ത് തെറിപ്പിക്കുക...അങ്ങനെ, അങ്ങനെ....എല്ലാത്തിന്റെയും അവസാനം പനിയും, ജലദോഷവും പിടിച്ച് ആശുപത്രിയിലും.....

ഓണവും, വിഷുവും, ക്രിസ്റ്റ്മസ്സും, ഉത്സവങ്ങളും മറ്റൊരു ഹരമായിരുന്നു. ഓണത്തിനു ഊഞ്ഞാല്‍ കെട്ടി ആടുന്നതും, പൂക്കളമിടാന്‍ പൂ പറിക്കാന്‍ പോകുന്നതും, ഓണത്തപ്പനെ ഉണ്ടാക്കുന്നതും, ഓണസദ്യ ഉണ്ണുന്നതും എല്ലാം.... ഇപ്പോള്‍ ഓര്‍മകളായി മാത്രം അവശേഷിക്കുന്നു. വിഷുവിനു തുട്ട് കിട്ടുമല്ലൊ എന്ന സന്തോഷം, കിട്ടുന്ന പൈസയെല്ലാം സ്വരുക്കൂട്ടി വെയ്ക്കും, പിന്നീട് അത് അച്ചന്‍ തന്നെ വാങ്ങിക്കൊണ്ടും പോകും... അങ്ങനെ നമ്മള്‍ സമ്പൂജ്യനാകും..ഹി..ഹി.. പടക്കം, കമ്പിത്തിരി, പൂത്തിരി,മത്താപൂ... എന്തെല്ലാം , പക്ഷെ പടക്കം പൊട്ടിക്കാന്‍ പേടിയായിരുന്നു. ക്രിസ്തുമസ്സിന്റെ ഓര്‍മ മനസ്സില്‍ വരുമ്പോള്‍ ചിക്കന്‍കാലുകളാണു തെളിഞ്ഞുവരുന്നത്. പിന്നെ പല തരം നക്ഷത്രങ്ങളും, പുല്‍കൂടുകളും, ദീപാലങ്കാരങ്ങളും, വെള്ള ഉടുപ്പിട്ട മാലാഖകുഞ്ഞുങ്ങളും.... ഉത്സവം...ചിന്തിക്കടകളുടേയും, പലഹാരകടകളുടേയും, കിലിക്കിക്കുത്ത്, ബാലെ, നാടകം...എല്ലാം മനസ്സിലേക്കു ഓടി വരുന്നു. ഉത്സവം കൊടിയേറിയാല്‍ കൊടിയിറങ്ങുന്നതു വരെ അമ്പലപറമ്പില്‍ ആയിരിക്കും.

കളികള്‍... മണ്ണപ്പം ചുട്ടും, കഞ്ഞീം കറീം ഉണ്ടാക്കിയും, ഉമ്മാവാപ്പാ കളിച്ചും നടന്നിട്ടുണ്ട്. മണ്ണ് കുഴച്ച് തീപ്പെട്ടിയില്‍ നിറച്ച് ഇഷ്ടിക ഉണ്ടാക്കി ഭിത്തി കെട്ടി, മുകളീല്‍ ഈര്‍ക്കില്‍ അടുക്കി, ഇല നിരത്തി, അതിനുമുകളീല്‍ മണ്ണൂ കൊണ്ട് കോണ്‍ക്രീറ്റ് ചെയ്ത് വീടുണ്ടാക്കി കളിച്ചിട്ടുണ്ട്. പിന്നേം കുറേ കളികള്‍... വട്ടുകളീ, കുട്ടീം കോലും, ഓടിപിടുത്തം, സാറ്റെസീറ്റ്....പിന്നെ കുറെക്കൂടി വലുതായപ്പോള്‍ ക്രിക്കെറ്റ്.....എന്തെല്ലാം കളികള്‍....

വായന... പൂമ്പാറ്റ, ബാലരമ, ബാലമംഗളം, ലാലുലീല....വീട്ടിലുണ്ടായിരുന്ന ഈ ബുക്കുകള്‍ ചേര്‍ത്ത് ഒരു കുഞ്ഞു ലൈബ്രറി വരെ ഉണ്ടാക്കിയിട്ടുണ്ട്.

പടനം...അതായിരുന്നു ഏറ്റവും വലിയ പ്രശ്നം, ആവെറേജായിരുന്നു.....

തിരിഞ്ഞുനോക്കുമ്പോള്‍ സുഖകരമുള്ള ഒരോര്‍മ്മയായി ബാല്യകാലം അവശേഷിക്കുന്നു. ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകള്‍ നൊമ്പരമുണര്‍ത്തുന്നുണ്ട്. ബാല്യകാലസ്മരണകളേ നന്ദി.....





7 comments:

ശ്രീ said...

എഴുത്ത് നന്നായിട്ടുണ്ട് ഹരീഷ്. പഴയ ഓര്‍മ്മകളെല്ലാം വന്നു. ഇനിയുമെഴുതുക.
:)

Unknown said...

Madhurikkunna Ormakal.........
Valare nannayittundu.., Hareesh....!!!

smitha adharsh said...

ഹൊ..!! ഒരു തുടക്കക്കാരന്റെ വിനയമൊന്നും കാണിക്കാതെ ഇയാളിതെന്തോക്കെയാ എഴുതിപ്പിടിപ്പിച്ചു വച്ചിരിക്കുന്നത്...?? ഞാന്‍ എഴുതാന്‍ സൂക്ഷിച്ചു വച്ചിരുന്നതൊക്കെ ബ്ലോഗ് ആക്കുന്നതിനും മുന്‍പ് ഹരീഷ് ഇതൊക്കെ ബ്ലോഗ് ആക്കിയല്ലോ...ദൈവമേ..ഇനി ഞാന്‍ എന്ത് എഴുത്തും?
നന്നായിരിക്കുന്നു...ഇനിയും കൂടുതല്‍ കൂടുതല്‍ എഴുതൂ കേട്ടോ..

ബിന്ദു said...

ആ പുഴയുടെ ഫോട്ടോ വളരെ നന്നായിട്ടുണ്ട്‌, ഇനിയും എഴുതൂ. :)

ഹരീഷ് തൊടുപുഴ said...

ശ്രീ, മീര, സ്മിത, ബിന്ദു..എല്ലാവരുടെയും പ്രോത്സാഹനത്തിനു വിനയപൂര്‍വം നന്ദി രേഖപ്പെടുത്തുന്നു.

Sulfikar Manalvayal said...

മനസില്‍ തട്ടിയ എഴുതൂ. ഒരുപാട് കൊതിച്ചിട്ടുണ്ട് ഇത്തരം ഒരു ബാല്യ കാലം. ഒരുപാട് പറമ്പുമ്, അത് നിറയെ മരങ്ങളും കിളികളും. ചാമ്പ മരവും. കൊതിപ്പിക്കുന്നു എന്നെയാ ബാല്യ കാലം.
കാരണം എന്റെ ചെറുപ്പകാലം അത് പട്ടിണിയുടേത് ആയിരുന്നു. എന്റെ ആദരാഞ്ജലികള്‍ എന്ന പോസ്റ്റില്‍ ചെറിയ ഒരു രൂപം വിവരിക്കുന്നു ഞാന്‍.
താങ്കളോട് അസൂയ തോന്നുന്നു. നന്ദി മനസിലെങ്കിലും ഞാന്‍ സങ്കല്‍പ്പിച്ചു നടന്ന ഒരു ബാല്യകാലം വരച്ചു തണത്തിന്.
ഇനിയും ഇവിടെ ഉണ്ടാകും. കാണാം.
മറ്റൊന്ന് കൂടെ. എന്റെ സ്വപ്നമാണ് താങ്കള്‍ ഈ പറഞ്ഞ കാര്യങ്ങളെല്ലാം. അതിനുള്ള ശ്രമത്തിലാണ് ഞാനും. എനിക്ക് നഷ്ട്ടപ്പെട്ട ബാല്യം എന്റെ മോള്‍ക്ക് തിരിച്ചു നാല്‍കാനായിട്ടെങ്കിലും ....

Prasanna Raghavan said...

ഹരീഷേ നല്ല എഴുത്ത് തുടരുക.ബാല്യം അതിന്റെ വില പലപ്പോഴും നമ്മള്‍ അറിയാറില്ല. എന്റെ ക്ലാസില്‍,ഇവിടെ (സൌത്താഫ്രിക്കയില്‍) അലങ്കോലപ്പെട്ട ജീവിതവുമായി എത്തുന്ന ഇവിടുത്തെ കുട്ടികള്‍ എന്നെ അതോര്‍മ്മിക്കാറൂണ്ട്. അവരെ കുറ്റപ്പെടുത്തന്‍ എനിക്കു കഴിയാറില്ല, ദേഷ്യം വരുമെങ്കിലും.

‘എന്റെ സ്വപ്നമാണ് താങ്കള്‍ ഈ പറഞ്ഞ കാര്യങ്ങളെല്ലാം. അതിനുള്ള ശ്രമത്തിലാണ് ഞാനും. എനിക്ക് നഷ്ട്ടപ്പെട്ട ബാല്യം എന്റെ മോള്‍ക്ക് തിരിച്ചു നാല്‍കാനായിട്ടെങ്കിലും ....‘

സുല്ഫി, നിങ്ങളോടൊത്തിരി ബഹുമാനം തോന്നുന്നു.