Wednesday, June 08, 2011

അച്ഛന്‍..

അച്ഛനെപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് അറിഞ്ഞില്ല. അവസാനമായി ഞാന്‍ കാണുമ്പോള്‍; അദ്ദേഹത്തിന്റെ നെഞ്ചില്‍ ഇരു കൈകളും കൂട്ടി ശക്തിയായി അമര്‍ത്തുന്ന വെള്ളക്കോട്ടിട്ട ഒരു മനുഷ്യനും കൂടെ വെള്ള വസ്ത്രങ്ങള്‍ ധരിച്ച കുറച്ച് അപരിചിതരെയുമാണു കണ്ടത്. കാഷ്വാലിറ്റി റുമിന്റെ വാതിലിന്റെ മുന്‍പില്‍ നിന്ന് ഞാന്‍ കെഞ്ചി; എന്നേക്കൂടി ഒന്ന് അകത്തേക്ക് കടത്തി വിടൂ എന്ന്. പക്ഷേ..; വെള്ളകോട്ടിട്ട് അസാധാരണമായി വിളറി വെളുത്ത മുഖഭാവത്തോടെയുള്ള ഒരു നഴ്സ് എന്നെ സമാധാനിപ്പിച്ച്; മുന്‍പില്‍ വിശ്രമിച്ചിരുന്ന നീണ്ട ബഞ്ച് ചൂണ്ടിക്കണിച്ച് അവിടിരിക്കുവാന്‍ അപേക്ഷിക്കുകയാണു ചെയ്തത്.


ഓഫീസിലിരിക്കുമ്പോഴാണു “അച്ഛനെന്തോ സുഖക്കേടു പോലെ മോനേ” എന്ന് വീട്ടില്‍ നിന്ന് അമ്മ വിളിച്ച് പറയുന്നത്. കേട്ടപാതി രാജിയെ വിളിച്ച് കാര്യത്തിന്റെ ഗൌരവം സൂചിപ്പിച്ച് പാതി ലീവെടുത്ത് ഞാന്‍ വീട്ടിലോട്ട് ദൃതഗതിയില്‍ ഗമിച്ചു. ബൈക്കിന്റെ ലൈറ്റ് തെളിയിച്ച് പതിവിലും വേഗത്തില്‍ ഓടിച്ചു പോയ എന്റെ മനസ്സില്‍ എന്തോ ഒരു അശുഭസൂചന വട്ടംകൂട്ടിത്തുടങ്ങിയിരുന്നു. റിട്ടയേറ്ഡ് ആയതില്‍ പിന്നെ പറമ്പിലെ റീപ്ലാന്റ് ചെയ്തിരിക്കുന്ന റബ്ബെര്‍ തൈകള്‍ക്ക് ജീവജലം നല്‍കുന്ന ജോലി അദ്ദേഹം പതിവാക്കിയിരുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ കടുത്ത വെയിലിനെ അവഗണിച്ച് തൈകളെ നനയ്ക്കുന്ന ശ്രമകരമായ ആ ജോലിക്കിടയ്ക്ക് തലകറക്കം ഉണ്ടാകുമ്പോള്‍ അദ്ദേഹം എന്നെ ഫോണില്‍ വിളിച്ച് “എത്രയും പെട്ടന്ന് വീടു വരെ വന്നിട്ടു പോകൂ മോനേ“ എന്ന് പറയുമായിരുന്നു. അമ്മയുടെ വിളി ഇയര്‍പീസിലൂടെ കാതില്‍ പതിക്കുമ്പോഴും എന്റെ മനസ്സില്‍ പ്രസ്തുത ചിന്തകളായിരുന്നു വിലക്ഷണത്തിന്റെ വലകള്‍ നെയ്തിരുന്നത്. ഡ്രായിങ്ങ് റുമിലെ ദിവാന്‍കോട്ടില്‍ നെഞ്ചും തിരുമ്മി വല്ലാണ്ട് കിടക്കുന്ന അദ്ദേഹത്തെ സമീപിച്ചപ്പോള്‍; എന്റെ സാമീപ്യം കൊതിച്ചിട്ടാവണം അദ്ദേഹത്തിന്റെ ഇരു കണ്ണുകളും തിളങ്ങുന്നുണ്ടായിരുന്നു. അലമാരയിലിരുന്ന ഹണിബീ പൈന്റിന്റെ കുപ്പിയില്‍ അവശേഷിച്ചിരുന്ന ഒരു പെഗ്ഗ് ചില്ലുഗ്ലാസ്സിലേക്ക് പകര്‍ത്തി; തൊട്ടടുത്ത കടയില്‍ നിന്ന് ഓടിപ്പോയി വാങ്ങിക്കൊണ്ടു വന്ന തണുത്ത സോഡാ കൂടി ഒഴിച്ച് അദ്ദേഹത്തിനു കുടിക്കുവാന്‍ കൊടുത്തു. കുടിച്ചയുടന്‍ തന്റെ നെഞ്ചെരിയുന്നുവെന്ന് അദ്ദേഹം മൊഴിഞ്ഞപ്പോള്‍; അമ്മ അദ്ദേഹത്തിനു ഉപ്പിട്ടചൂടുകഞ്ഞി സ്പൂണില്‍ ആവോളം വാരിക്കൊടുത്തു. ആഹാരശേഷം തനിക്ക് വെളിക്കിരിക്കണമെന്ന ആഗ്രഹം പ്രകടിച്ചപ്പോഴും ഗാസിന്റെ അസ്കിതയായിരിക്കും എന്നു കരുതി ഞാന്‍ ആശ്വസിച്ചു. ടോയ്ലെറ്റില്‍ നിന്നും ഇറങ്ങി വന്ന അദ്ദേഹം വീണ്ടും; “ബുദ്ധിമുട്ടുണ്ട് മോനേ“ എന്ന് അറിയിച്ചപ്പോള്‍ “വെറുതേ ഇരുന്ന് ഗാസ് കയറിയിട്ടാകും“ എന്നുപദേശിച്ച് വീടിനു ചുറ്റും രണ്ട് റൌണ്ട് നടന്നിട്ടു വരൂ, ഗാസൊക്കെ താനേ അപ്രത്യക്ഷമാകും എന്ന് പ്രതിവചിച്ചു. രണ്ട് റൌണ്ട് വിജയശ്രീലാളിതനായി നടന്ന് പൂര്‍ത്തിയാക്കിയ അച്ഛന്‍ പ്രധാന അങ്കണത്തിലെത്തി ഛര്‍ദ്ദിച്ചപ്പോള്‍; അപ്പോള്‍ കഴിച്ചിരുന്ന കഞ്ഞി ചൂടാറും മുന്‍പ് മണ്ണിലേക്ക് പതിച്ചു. ഇനി ശരിയാവില്ല.. ഹോസ്പിറ്റലില്‍ തന്നെ പോകാം എന്നും പറഞ്ഞ് പരിഭ്രമിച്ച ഞാന്‍ ഓടിപ്പോയി കവലയില്‍ നിന്നും പരിചയമുള്ള ഒരു ഓട്ടോ വിളിച്ച് അതില്‍ അച്ഛനെ കയറ്റി ഇരുത്തിയിട്ട് ആവശ്യത്തിനുള്ള പണമെടുക്കുവാനായി റൂമിനുള്ളിലേയ്ക്ക് നടന്നു. പണമെടുത്ത് തിരികെ വന്ന ഞാന്‍ കണ്ട കാഴ്ച കണ്ണിനെ ഈറനണിയിക്കുന്നതായിരുന്നു. ഓട്ടോയുടെ ബാക്ക്സീറ്റിനും കാല്‍ വെയ്ക്കുന്നതിനുമിടക്കുള്ളയിടത്ത് അദ്ദേഹം വീണു കിടക്കുന്നു. ഓട്ടോറിക്ഷക്കാരന്‍ എന്തു ചെയ്യണമെന്നറിയാതെ പരിഭ്രാന്തനായി നില്‍ക്കുന്നു. കാര്യങ്ങളുടെ ഗതി ഊഹിച്ചപോലെ അത്ര ശുഭമല്ലെന്ന് മനസ്സിനുള്ളില്‍ ഒരു ഉള്‍വിളിയുണ്ടായി. അമ്മയോട് അടുത്ത ഓട്ടോ പിടിച്ച് വരാനേല്‍പ്പിച്ച് അച്ഛനേയും കൊണ്ട് ഞങ്ങള്‍ ദൃതഗതിയില്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി പാഞ്ഞു. സ്വതവേ തടിച്ച ശരീരപ്രക്രൂതിയുള്ള അദ്ദേഹത്തെ താങ്ങിയെടുത്ത് സീറ്റിലിരുത്തുവാന്‍ ഞാന്‍ ഭഗീരഥപ്രയത്നം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ഇടക്കെപ്പോഴോ ബോധം വീണ അദ്ദേഹം ഓട്ടോക്കാരനോട് വേഗത്തില്‍ ഹോസ്പിറ്റലിലെത്തിക്കുവാന്‍ ആക്രോശിക്കുകയും; എന്റെ നേരെ തന്റെ ചുണ്ടുകള്‍ അടുപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അച്ഛാ.. ഇപ്പോ ഹോസ്പിറ്റലില്‍ എത്തും എന്നും പറഞ്ഞാശ്വസിപ്പിച്ച് അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ ഞാന്‍ അമര്‍ത്തി ചുംബിച്ചു കൊണ്ടിരുന്നു. പറമുറ്റാത്ത തന്നെയും തന്റെ കുഞ്ഞുപെങ്ങളുടെയും ഭാവിയെയോര്‍ത്ത് അദ്ദേഹം വിമ്മിഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.


പിരിമുറുക്കത്തിന്റെ ആധിക്യത്താല്‍ ക്വാഷ്യാലിറ്റിയുടെ മുന്‍പില്‍ പരിഭ്രാന്തനും ഭയവിഹ്വലനുമായി തലങ്ങും വിലങ്ങും പാഞ്ഞു നട കൊണ്ടിരുന്ന എന്റെ മുന്‍പിലേക്ക് വെളുത്തകോട്ടിട്ട ഒരു തടിച്ച മനുഷ്യന്‍ വന്ന് എന്റെ തോളത്ത് കൈവെച്ച് സമാധാനിപ്പിച്ച് ഹാളിലേയ്ക്ക് കൂട്ടിക്കൊണ്ട് നടന്നു. അദ്ദേഹത്തിന്റെ വായില്‍ നിന്നും ബഹിര്‍ഗമിച്ച വാക്കുകള്‍ ചെവിയെ തുളച്ച് എവിടെയോ അനന്തമായി പ്രതിധ്വനിച്ചു കൊണ്ടിരുന്നു. ഉള്ളു നീറും വിങ്ങലോടെ അമ്മയുടെ അടുത്തേക്ക് നീങ്ങി അവരെ തന്റെ തോളോട് ചേര്‍ത്തു പിടിച്ച് “ഇനി നമ്മള്‍ക്ക് നമ്മള്‍ മാത്രേ ഉള്ളൂ അമ്മേ” എന്ന് ഗദ്ഗദത്തോടെ ഉരുവിടുമ്പോള്‍; അമ്മയില്‍ നിന്നുയര്‍ന്ന അത്യുച്ചത്തിലുള്ള നിലവിളിയില്‍ ക്യാഷ്വാലിറ്റി വാര്‍ഡിലുള്ളവര്‍ മുഴുവന്‍ നിറകണ്ണുകളോടെ നിന്നു..

18 comments:

ഹരീഷ് തൊടുപുഴ said...

ഉള്ളു നീറും വിങ്ങലോടെ അമ്മയുടെ അടുത്തേക്ക് നീങ്ങി അവരെ തന്റെ തോളോട് ചേര്‍ത്തു പിടിച്ച് “ഇനി നമ്മള്‍ക്ക് നമ്മള്‍ മാത്രേ ഉള്ളൂ അമ്മേ” എന്ന് ഗദ്ഗദത്തോടെ ഉരുവിടുമ്പോള്‍; അമ്മയില്‍ നിന്നുയര്‍ന്ന അത്യുച്ചത്തിലുള്ള നിലവിളിയില്‍ ക്യാഷ്വാലിറ്റി വാര്‍ഡിലുള്ളവര്‍ മുഴുവന്‍ നിറകണ്ണുകളോടെ നിന്നു..

ponmalakkaran | പൊന്മളക്കാരന്‍ said...

അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ലളിതമായ ഭാഷയും ഹൃദ്യമായ ആഖ്യാനവും.ഒതുക്കത്തില്‍ പറഞ്ഞു.അഭിനന്ദനങ്ങള്‍

പാവപ്പെട്ടവൻ said...

അച്ഛന്റെ വേർപാട് ഒരു മകന്റെ ഹൃദയവേദനയോടെയാണ് ഞാനിത് വായിച്ചത്.ഒരു അച്ഛനും മകനുമായുള്ള അത്മബന്ധത്തിന്റെ ശ്വാസംനിലക്കുന്ന അവസാ‍ന നിമിഷങ്ങൾ വളരെ അസ്വസ്ഥമായിട്ടാണ് കടന്നുപോയത്. വേർപാട് വേദനയല്ല വേരറ്റൊടുങ്ങലാണ്...

പ്രയാണ്‍ said...

അച്ഛന്‍ മരിച്ചു പത്തുവര്‍ഷമായിട്ടിപ്പോഴും അച്ഛന്‍ പോയെന്നുറപ്പിക്കാന്‍ മടിക്കുന്ന അമ്മയെ ഇടക്കൊക്കെ സമാധാനിപ്പിക്കേണ്ടിവരാറുണ്ട്. എല്ലാര്‍ക്കുമുണ്ടാവുമല്ലേ ഇത്തരം സങ്കടങ്ങള്‍ ........

sm sadique said...

പത്ത് വർഷം മുമ്പ് എന്റെ വാപ്പിച്ചയും മരിച്ചു. ഇത് വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. സ്വയം ആശ്വസിക്കുക ; അമ്മയെയും പെങ്ങളെയും ആശ്വസിപ്പിക്കുക.

Yasmin NK said...

കഥ എന്ന ശീര്‍ഷകത്തില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് കഥ തന്നെ എന്നു കരുതുന്നു.
എങ്കിലും നെഞ്ചു വേദന എന്നു പറഞ്ഞ ഒരാളെ നടത്തിച്ചത് ക്രൂരമായ്പ്പോയ്. പ്രത്യേകിച്ച് അറ്റാക്ക് സര്‍വ്വസാധാരണയായ ഈ കാലത്ത്.

Manoraj said...

ഹരീഷേ വേണ്ടായിരുന്നു.. അറിയാമല്ലോ. ഒരു മാസക്കാലം ഹോസ്പിറ്റലിലെ ഐസിയുവിന് മുന്നിലെ ബൈസ്റ്റാന്‍ഡര്‍ ചെയറില്‍ ഇനിയെന്തെന്ന് ഓര്‍ത്ത് പകച്ചിരുന്ന നാളുകള്‍ ഇന്നും ഓര്‍മ്മയില്‍ വല്ലാത്ത ഒരു ഭീതിയാണുണ്ടാക്കുന്നത്. റിയാലിറ്റിയെ ഫെയ്സ് ചെയ്യണമെങ്കില്‍ പോലും നഷ്ടപ്പെട്ടപ്പോളാണ് അതിന്റെ വിലയറിയുന്നതെന്നത് എത്ര സത്യം...

ഒരു ദുബായിക്കാരന്‍ said...

ഹൃദയസ്പര്‍ശിയായ കഥ..വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു..അഭിനദ്ധനങ്ങള്‍..

krishnakumar513 said...

വേദനിപ്പിച്ചു ഹരീഷ്,സമാന അവസ്ഥ നേരിട്ടവരെ പ്രത്യേകിച്ച്.....

ചാണ്ടിച്ചൻ said...

ഹൃദയത്തില്‍ പതിഞ്ഞു....വേറൊന്നും പറയാന്‍ വാക്കുകളില്ല...

അനില്‍@ബ്ലോഗ് // anil said...

ആകെ വിഷമമായി, ഹരീഷ്.

ramanika said...

ഞാന്‍ എന്റെ അച്ഛനെ ഓര്‍ത്തു
വേണ്ടപെട്ടവര്‍ നമ്മെ വിട്ടു പോകുമ്പോള്‍ മനസ്സിന് അത് ഉള്‍കൊള്ളാന്‍ സാധിക്കില്ല
എന്നും ഓര്‍ക്കാന്‍ പലതും ബാക്കി കാണും !

yousufpa said...

അച്ഛനോടുള്ള സ്നേഹത്തിന്റെ ആഴം അറിയുന്നു...

ആ പ്രിയമുള്ള അച്ഛനുവേണ്ടി പ്രാർത്ഥിക്കുന്നു.

Manikandan said...

ഹരീഷേട്ടാ ജീവിതം എത്ര മുന്നോട്ടുപോയാലും മറക്കാൻ സാധിക്കാത്ത ഓർമ്മകൾ.

വേണു venu said...

വേര്‍പാടിന്‍റെ വേദന അറിയുന്നു. നുള്ളി നോവിക്കും വിധം ആ വേദന പങ്കിട്ടിരിക്കുന്നു.
I cant console you, but Iam with you, sharing your sorrow.

നികു കേച്ചേരി said...

കഥ കഥയായിതന്നെ കാണുന്നെങ്കിലും ഇതിലെ സന്ദർഭങ്ങൾ മനസിൽ തട്ടുന്നു.:((

തൂവലാൻ said...

മനസ്സിൽ തട്ടിയ ഒരു കഥ….