Sunday, August 07, 2011

ലുക്കില്ലെങ്കിൽ ഹെൽമെറ്റ് വെച്ചാലും പോലീസ് പിടിക്കും..!

ലുക്കില്ലെങ്കിൽ ഹെൽമെറ്റ് വെച്ചാലും പോലീസ് പിടിക്കും..!

രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേൽ‌പ്പിച്ചത് വീടിനു പുറത്തു നിന്നും ‘മീൻ വേണോ ഹരീഷേട്ടാ’ എന്നുള്ള സുജിത്തിന്റെ നിലവിളിയാണ്. സുജിത് നമ്മടെ സ്വന്തം പയ്യനാ. ജീവിക്കാൻ വേണ്ടി ഈ കർക്കിടത്തിൽ സ്വന്തം ആപ്പെയിൽ മീങ്കച്ചോടം വരെ ചെയ്യുന്നു. ഞായറാഴ്ചയെങ്കിലും ഇത്തിരി നേരം ഉറങ്ങിത്തീർക്കാം എന്നു വിചാരിച്ചത് പൊലിഞ്ഞു പോയ ദു:ഖത്തിൽ നേരെ വന്ന് പിസിയുടേ മുൻപിൽ ഇരുന്നു. ഇപ്പോൾ പല സശയങ്ങൾക്കും അറുതി വരുത്തുവാൻ പ്രാപിക്കുന്നത് ബസ്സിനെയാണ്. പതിവു പോലെ ഇന്നത്തെ സംശയമായ ‘റൂം ടെമ്പറേച്ചർ’ ഉയർത്തുവാനുള്ള വഴികൾ ആരാഞ്ഞതിനു കിട്ടിയ മറുപടി പ്രകാരം; ഉറങ്ങിയെഴുന്നേറ്റു വന്ന വേഷത്തിൽ തന്നെ പൈസയുമെടുത്ത് പോക്കെറ്റിൽ തിരുകി ബൈക്ക് സ്റ്റാർട്ടാക്കി ടൌൺ ലക്ഷ്യമാക്കി ഓടിച്ചു പോയി. കവലയിൽ നിന്ന് സഹപാഠിയും പാതി വികലാംഗനുമായ സുഹൃത്ത് സജിയെയും ബൈക്കിനു പുറകിലത്തെ സീറ്റിലാക്കി ചാറ്റൽമഴയുമാസ്വദിച്ച് ടൌണിനെ ലക്ഷ്യമാക്കി ബൈക്ക് കുതിപ്പിച്ചു വിട്ടു.


ഞായറാഴ്ചകളിൽ തൊടുപുഴ പട്ടണം വിജനമായിരിക്കും. എങ്കിലും പ്രതീക്ഷകളാണല്ലോ ജീവിതത്തെ ഉന്തിത്തള്ളി മുൻപോട്ട് നീക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. അരിച്ചു പെറുക്കാവുന്നത്ര ഹോം അപ്ലൈയൻസ്സസ് കടകൾ തപ്പി നോക്കിയെങ്കിലും ഒന്നും തുറന്നിട്ടുണ്ടായിരുന്നില്ല. ആഹാ.. എന്നാലങ്ങനെ വിട്ടാൽ ശരിയാകില്ലല്ലോ എന്നും വിചാരിച്ച്; മുവാറ്റുപുഴയിലൊന്നു തപ്പി നോക്കാം, അവിടെയുള്ള കടക്കാരെല്ലാം അച്ചായന്മാരല്ലല്ലോ എന്നും നിനച്ച് സഹോദരടൌണിനെ ലക്ഷ്യമാക്കി ബൈക്കിനെ പായിച്ചു. കുറച്ച് നിമിഷങ്ങൾക്കകം മുവാറ്റുപുഴയിലെത്തിയെങ്കിലും ഫലം തഥൈവ തന്നെയായിരുന്നു. നടുറോഡിലെ തോടിന്റെ അരികുപറ്റി നീന്തി നീന്തി കച്ചേരിത്താഴമെത്തിയപ്പോഴാണ് ഇടത്തേ സൈഡിൽ ഒരു പുതിയ ഷോപ്പ് കാണുന്നതും, ഞാൻ ബൈക്ക് വെട്ടിച്ച് ആ ഷോപ്പിന്റെ മുൻപിലോട്ട് ലാന്റ് ചെയ്യിക്കുകയും ചെയ്തു. പക്ഷേ അവിടെയും നിരാശയായിരുന്നു ഫലം. വീണ്ടും ബൈക്ക് സ്റ്റാർട്ടു ചെയ്ത്; ഇരുകരകളെയും വിഴുങ്ങി അലറിക്കുതിച്ചൊഴുകിപ്പായുന്ന മുവാറ്റുപുഴയാറിന്റെ ബീഭൽത്സരൂപത്തെ ഭീതിയോടേ വീക്ഷിച്ച് കൊണ്ട് പാലം കടന്ന് നെഹൃ പാർക്കിന്റെ മുൻപിലെത്തിയപ്പോൾ റൌണ്ടിന്റെ മുൻപിൽ ഒരു പോലീസു ജീപ്പുമിട്ട് ചെക്കിങ്ങ്. എന്തിരു പേടിക്കാൻ. തലയിൽ ഹെൽമെറ്റുണ്ട്. പോക്കെറ്റിൽ ബുക്കും പേപ്പെറുമുണ്ട്. ധൈര്യമായി വാഹനത്തെ മുന്നോട്ട് തന്നെ പായിച്ചു. പെട്ടന്നൊരു പോലീസുകാരൻ മറുവശത്ത് നിന്ന് ചിരിച്ചുകൊണ്ട് കൈകാട്ടി നിർത്തുവാൻ അടയാളം കാട്ടി. ശെടാ..! ഇതെന്തിനാപ്പോ, എന്നും വിചാരിച്ച് ഞാൻ റോഡിന്റെ ഓരത്തോട്ട് മാറ്റി ബൈക്ക് നിർത്തി; എന്താ സാറേ എന്ന് ചേദിച്ചു. അതിയാൻ എന്റടുത്ത് വന്നു നിന്ന് സ്നേഹത്തിൽ ചിരിച്ചും കൊണ്ട്
‘എവിടെന്നാ വരണത്’
‘തൊടുപുഴേന്ന്’
‘എന്തിനാ ഇവിടെ വന്നേ..?’
‘ഒരു റൂം ഹീറ്ററു വാങ്ങാനാ സാറേ.’
സംഭവം കക്ഷിക്ക് പിടികിട്ടിയില്ല എങ്കിലും; പുള്ളിയുടെ ശിരസ്സ് ഓരോ ചോദ്യങ്ങൾ ഉന്നയിക്കുമ്പോഴും എന്റെ മൌത്ത്പീസിന്റടുത്തോട്ട് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരുന്നു. പതിവില്ലാത്ത ചോദ്യങ്ങൾ അതും സ്നേഹനിർഭരമായി ഉന്നയിച്ചപ്പൊൽ ഞാനാദ്യമോർത്തത്; ആരെങ്കിലും ഞങ്ങളെപ്പോലെയിരിക്കുന്നവന്മാർ വല്ല മാല മോട്ടിച്ചതോ മറ്റോ ആയത് മറ്റോ സംശയം തോന്നി ചെക്കിങ്ങോ മറ്റോ ആയിരിക്കുമെന്നാണു. അതിയാന്റെ ശിരസ്സിന്റെ വരവ് ഓരോ ചോദ്യത്തിനനുസരിച്ച് താഴുന്നത് കണ്ടപ്പോൾ പ്രസ്തുത സംശയമൊക്കെ മാറി കിട്ടി; അടുത്ത ചോദ്യത്തോടേ. അതോ മണത്തിട്ട് കിട്ടാത്തതുകൊണ്ടാണൊ ആവോ..!!
വിനയത്തോടേ അദ്ദേഹം..
‘നിങ്ങളു കഴിച്ചിട്ടില്ലാലോ അല്ലേ..; എനിക്ക് മണമൊന്നും കിട്ടുന്നില്ല..’
!!!!!!!!!!!!!!!!
ഹഹഹഹാ...ഞങ്ങളൊരുമിച്ച് ചിരിച്ചു.. പോലീസുകാരന്റേത് ഇത്തിരി ചമ്മിയതായിരുന്നു..
(ഭാഗ്യം അയാളൂടെ അവസ്ഥ ഞങ്ങൾക്ക് വരാതിരുന്നത്!!)
എന്റെ പൊന്നു സാറെ; ഞങ്ങളു രണ്ട് ദിവസമായി കഴിച്ചിട്ടില്ല..
വേണേങ്കീ പോയി ആ ഊതണ സാധനോം എടുത്തിട്ട് വാ.. എന്നിട്ട് നോക്കിക്കോ..
ഏയ് വേണ്ട..വേണ്ടാ എന്നും പറഞ്ഞ് പോലീസുകാരനും ചിരിച്ചു.. എന്നിട്ട് പൊയ്ക്കോളാൻ അനുമതി നൽകുകയും ചെയ്തു.
അതിനിടക്ക് നമ്മുടെ സുഹൃത്തിന്റെ വക ഒരു ചോദ്യം തിരിച്ച് പോലീസുകാരനോട്..
‘സാറേ; ഞങ്ങൾക്ക് ഹെൽമെറ്റുണ്ട് ബുക്കും പേപ്പെറൂമുണ്ട് പിന്നെന്തിനാ തടഞ്ഞു നിർത്തീത്..??’
‘അതോ..ഹിഹി നിങ്ങൾക്കൊരു ലുക്കില്ലാത്തതു കൊണ്ടാ..’
ബർമുഡയിട്ട് ടാജിൽ കയറിച്ചെന്ന അലവലാതിയെ കണ്ട് സലൂട്ടടിച്ച് ഉള്ളിലോട്ടാനയിച്ച സെക്യുരിറ്റിക്കാരനെ ഓർത്ത് ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു..!!!

17 comments:

ഹരീഷ് തൊടുപുഴ said...

ഭഗവാനേ..
ആ പോലീസുകാരനു സൈബറിനേപറ്റി ഒരു വിവരവും ഇല്ലാത്തവനായിരിക്കേണമേ..!

Anonymous said...

ഒള്ളതന്നെ ?

abc said...

ഏയ്‌..ഹരീശേട്ടന്‍ സ്വപ്നം കണ്ടതാ.

Manoraj said...

ഹരീഷേ,

ഇപ്പോള്‍ ഒരു പോലീസുകാരന്‍ ഫോണില്‍ വിളിച്ചിരുന്നു. ഈ ബ്ലോഗില്‍ എഴുതുന്ന ഹരീഷിനെ അറിയോന്ന് ചോദിച്ചു. അമ്മച്ചിയാണേ അറിയൂല്ലാന്ന് പറഞ്ഞിട്ടുണ്ട്.

ഹീറ്റര്‍ കിട്ടിയോ?

അനില്‍@ബ്ലോഗ് // anil said...

ഹ ഹ!!!

ഇ.എ.സജിം തട്ടത്തുമല said...

ആ പോലീസുകാരൻ ലൂക്കിലെങ്ങനെ?

എന്റെ ഒരു സുഹൃത്തും മറ്റൊരു സുഹൃത്തുംകൂടി രണ്ട ബൈക്കിൽ മുമ്പിലും പുറകിലുമായി അടുത്തുള്ള ടൌണിലേയ്ക്ക് പോകുകയായിരുന്നു. ഒന്നാമന്റെ ബൈക്കിനു ബൂക്കും പേപ്പറും എല്ലം ഉണ്ട്. ലൈസൻസും ഉണ്ട്. പക്ഷെ ഹെൽമെറ്റില്ല. രണ്ടാമന് ലൈസൻസുമില്ല. ബൂക്കും പേപ്പറുമില്ല ഒന്നുമില്ല. പക്ഷെ തലയിൽ ആരിൽനിന്നോ കടമെടുത്ത ഒരു ഹെൽമെറ്റുണ്ട്. മുമ്പേ പോയ ഒന്നാമനെ പോലീസ് പിടിച്ച് പെറ്റിയടിച്ചു കൊണ്ടിരിക്കുമ്പോൾ രണ്ടാമൻ പറട്ട ഹെമെറ്റും വച്ച് പോലീസുകാരെ സല്യൂട്ടടിച്ച് കടന്നുപോയി. ഇപ്പോൾ ഹെൽമെറ്റുണ്ടെങ്കിൽ മറ്റൊന്നും വേണ്ട. പക്ഷെ ഈ ലൂക്കിന്റെ പ്രശ്നം ഇവിടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹഹഹ!എന്തായാലും ഞാനെന്റെ ചില പോലീസ് സുഹൃത്തുക്കളോട് ഇക്കാര്യം ചോദിക്കുന്നുണ്ട്!

Odiyan/ഒടിയന്‍ said...

ഹരീഷേട്ടാ നശിപ്പിച്ചു..കൊടുക്കണ്ടേ മറുപടി,ലുക്കിലല്ലാ സാര്‍ വര്‍ക്കിലാ കാര്യം എന്ന്..എന്തായാലും നിന്നു വിയര്‍ത്തത് കൊണ്ട് റൂം ഹീറ്റെര്‍ വേണ്ടി വന്നു കാണില്ലല്ലോ അല്ലെ ??

ajith said...

ഇത്ര നല്ല പോലീസുകാരോ...വിശ്വസിക്കാനാവുന്നില്ല.

(എന്തായാലും അയാള്‍ക്കടെ കണ്ണിനെന്തോ കുഴപ്പമുണ്ട്. ലുക്കുള്ള ഹരീഷിനെ കണ്ടിട്ട് അയാള്‍ക്ക് മനസ്സിലായില്ലെന്ന് വച്ചാ പിന്നെന്താ പറയുക.)

ponmalakkaran | പൊന്മളക്കാരന്‍ said...

hum...... രണ്ടു കുടിയന്മാർ.... 500 രൂപ ഫൈനുമടച്ചിട്ടു ബ്ലൊഗിൽ വന്നു പുളുവടിക്കുന്നു.......
രണ്ടും കൂടി ആളെ മിനക്കെടുത്താതെ പോടേ......

yousufpa said...

ഇതെനിയ്ക്ക് ഇടക്കിടക്ക് സംഭവിക്കാറുണ്ട്.ഒരിക്കൽ ഇതുപോലെ ചോദിച്ചപ്പോൾ ഉണ്ടെന്ന് പറഞ്ഞു.പോലീസുകാരനും എന്റെ ബാക്കിലിരിക്കുന്ന സുഹൃത്ത് അജയനും ഞെട്ടി..ങേ..അയാൾക്കറിയില്ലല്ലോ എനിക്കൊരു ചെവി കേല്ക്കില്ല എന്നത്.
ഹ ഹ ഹ..
ഹരി ബിസ്മിയിൽ അന്വേഷിക്കാമായിരുന്നില്ലേ..?

faisalbabu said...

പോയത്‌ ബൈക്കിലോ സൈക്കളിലോ ? ലുക്ക്‌ ഇല്ലാ ത്തതിനു കാരണം ചിലപ്പോള്‍ അതായിരുക്കുമോ ?...
ചിരിപ്പിച്ചു കേട്ടോ !!

തെച്ചിക്കോടന്‍ said...

:)

ദേവന്‍ said...

നിയമമൊക്കെ മാറിയതറിഞില്ലെ ഇപ്പൊ ലുക്കില്ലാതെ വണ്ടി ഓടിച്ചാല്‍ 1000 വരെ പിഴ ഈടാക്കാം പോയപ്പൊ എന്നെം വിളിക്കരുതാര്‍ന്നൊ ആവശ്യത്തില്‍ കൂടുതല്‍ എനിക്കുണ്ടല്ലോ ലുക്ക്!!

Lipi Ranju said...

ദൈവമേ... അപ്പൊ നാട്ടില്‍ വന്നാല്‍ പുറത്തിറങ്ങണേല്‍ വീട്ടില്‍ തന്നെ ബ്യൂട്ടിപാര്‍ലര്‍ തുടങ്ങണ്ടി വരുമല്ലെ !

SHANAVAS said...

ഹരീഷ് ഭായ്, സൂക്ഷിച്ചോ..ഇപ്പോള്‍ പോലീസുകാരും ബ്ലോഗില്‍ ഉണ്ട്...ഇനിയെങ്കിലും "ലുക്ക്‌" ആക്കി വണ്ടി ഓടിക്കണേ..."ലുക്ക്‌" കൂടിയാല്‍ അതിനും പിടിക്കും.."ചെത്താണല്ലോ" എന്ന് പറഞ്ഞ്...

വിനോദ് ജോര്‍ജ്ജ് said...

ഹ ഹ ഹ..

- സോണി - said...

ലുക്കൌട്ട് നോട്ടീസ്‌ ഇറക്കുന്നത് ലുക്ക്‌ ഉള്ളവനെ പിടിക്കാനോ ലുക്ക്‌ ഔട്ട്‌ ആയവനെ പിടിക്കാനോ? അപ്പോള്‍ ഇനി രണ്ടെണ്ണം വീശിയിട്ടു നല്ല ബൈക്കില്‍ വിലകൂടിയ ഹെല്‍മറ്റും കൂളിംഗ് ഗ്ലാസും ഒക്കെവച്ച് പോയാല്‍ ലുക്കൌട്ട് പോലീസ്‌ സംശയിക്കില്ല അല്ലെ?