Sunday, August 14, 2011

ഏറ്റവുമധികം മിസ്സ് ചെയ്യുന്നത്..


ഏറ്റവുമധികം മിസ്സ് ചെയ്യുന്നതെന്തായിരിക്കും..?
മനസ്സിനോടു സ്വയം ചോദിച്ചു..
മനസ്സിന്റെ ഉത്തരം ശ്രവിച്ചാൽ ; ഞാൻ മാത്രമല്ല മറ്റേതൊരാളും എന്നിലുണരുന്ന ഭ്രാന്ത ചിന്തകൾ എന്നു മുദ്രകുത്തുവാനേ ശ്രമിക്കൂ..!
പക്ഷേ സംഭവം സത്യമാണ്..
എനിക്കേറ്റവും മിസ്സ് ചെയ്യുന്നത്..
ഏറ്റുമാനൂർ മാതാ ഹോസ്പിറ്റലിലെ രണ്ട് ബ്ലോക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നാം നിലയിലെ വീതി കൂടിയതും വായുവിൽ പൊങ്ങിക്കിടക്കുന്നതുമായ നീണ്ട ഫ്ലൈഓവറാണ്..!
കഴിഞ്ഞ തവണ ചെല്ലുമ്പോഴവിടെ അഞ്ചു പത്ത് പുതിയ കസാലകൾ ഇടം പിടിച്ചിട്ടുണ്ടായിരുന്നു..
രാത്രികളിൽ ഞാനവിടെ വിശ്രമിക്കുവാൻ ഇട്ടിരിക്കുന്ന കസേരകളിലൊന്നിൽ ഇടം പിടിക്കും..
മിക്കവാറും ഞാൻ തനിച്ചേ ഉണ്ടാകൂ..
ചിലപ്പോൾ എല്ലാ കസേരകളൂം നിറഞ്ഞിരിക്കും..
ഓരോ കസേരകളിലും വിശ്രമിക്കുന്നവർക്ക് ഓരോ കഥകൾ പറയാനുണ്ടാകും..
ചില രാത്രികളെത്ര വൈകിയാലും; ഉറക്കമനുഗ്രഹിക്കാത്ത തങ്ങളൂടെ കുഞ്ഞുങ്ങളെയും തോളിലിട്ട് ഉറക്കുപാട്ടും മൂളിക്കൊണ്ട് തന്റെ നിസ്സഹായവസ്ഥകളിൽ മനംനൊന്ത് സ്വയം പ്രാകി ചില അമ്മമാർ ഉലാത്തുന്നുണ്ടാകും..
മറ്റു ചിലപ്പോൾ; തന്റെ ഇണയുടെ തോളത്ത് കൈ ചേർത്തു പിടിച്ച് തന്നിലേക്കടുപ്പിച്ച് കിന്നാരം പറഞ്ഞിരിക്കുന്ന യുവമിഥുനങ്ങളെ കാണാം..
അവരുടെ; അടക്കാനും ഒളിപ്പിക്കാനും സാധിക്കാത്ത, ആഗ്രഹപൂർത്തീകരണത്തിനു അറുതി വരാത്തതുമായ പ്രേമചേഷ്ടകൾ കാണാം..
ഐ സി യു വിൽ കിടക്കുന്ന രോഗികളുടെ കൂടെ വന്ന് റൂം കിട്ടാതെ അലയുന്ന ഏകാന്തപഥികരെ കാണാം..
ഏറ്റവുമധികം വെറൈറ്റിയിലുള്ള കഥകൾ വിവരിക്കാനുള്ളത് അവർക്കാകും..!
ഔത്സുകത്തോടേ വീക്ഷിക്കുവാൻ തോന്നുന്ന ചില അപ്പൂപ്പനമ്മൂമ്മന്മാരെ കാണാം..
അവരിലൊരാൾ; ‘ശങ്കരാ... ‘ തുടങ്ങുന്ന ശങ്കരാഭരണത്തിലെ ആ പ്രസിദ്ധമായ ഗാനം മൂളി തന്റെ പേരക്കുട്ടിയെ ഉറക്കാൻ ശ്രമിക്കുന്ന സരസനും സൌമ്യനുമായയൊരു വൃദ്ധൻ..
എത്രയോ മധുരമായി അദ്ദേഹം ആലപിക്കുന്നു..
കാതുകൂർപ്പിച്ച് ഞാനദ്ദേഹത്തിനു ശ്രദ്ധ കൊടുക്കും..
പൊടി കുഞ്ഞിനെ ഉറക്കുവാനദ്ദേഹം കാണിക്കുന്ന ചിലപൊടിക്കൈകൾ..!
ഒരു സ്ഥലക്കച്ചവടമെങ്ങനെ വിജയകരമാക്കാം എന്ന വിഷയത്തിൽ വാചാലമായി ക്ലാസെടുക്കുന്ന വാദ്ധ്യാരു കൂടിയായ പാലാക്കാരൻ ബ്രോക്കെർ..
എന്തിനു ഏതിനും സംശയനിവാരണം നടത്തുവാനോടി പാഞ്ഞു നടക്കുന്നൊരു പാവം ചേടത്തിയാര്..
പാവപ്പെട്ടവരും പണക്കാരുമടങ്ങുന്നൊരു ലോകം..
നാനാതര മതസ്ഥരും ജാതിഭേദമില്ലാതെ..
ആ നീണ്ട ഇടനാഴിയിൽ തമ്മിൽ സഹായിച്ചും, കുശലപ്രശ്നങ്ങളിൽ ഊളിയിട്ടും..മറ്റും
എപ്പോഴും ഒരു തണുത്ത കാറ്റുണ്ടാകും ആ ഇടനാഴിയിൽ..
വിശാലതയോടെ പരന്നു കിടക്കുന്ന പടിഞ്ഞാറു നിന്നു വരുന്ന ഇളംകാറ്റ് ഇടനാഴിയിലൂടെ കിഴക്കു ഭാഗത്ത് തലവിരിച്ചു നിൽക്കുന്ന റബ്ബെർ മരങ്ങൾക്കിടയിലേക്ക് ഊളിയിടും..
മഴയുള്ള സമയമെങ്കിൽ വിറപ്പിക്കുന്ന ശീതകാറ്റാകും പാഞ്ഞു വരിക..
മഴയുള്ളസമയത്ത് ആ ഇടനാഴിയിൽ ഞാൻ തനിച്ചേ ഉണ്ടാകൂ..
നീല എം എച്ചിന്റെ ചാരുതയിൽ നീലവർണ്ണമായി താഴോട്ടുതിരുന്ന മഴത്തുള്ളികളെയും നോക്കി ആസ്വദിച്ച് ഞാനിരിക്കും..
റോഡീലൂടെയൊഴുകുന്ന അടുത്ത വാഹനം കാഷ്വാലിറ്റിയെ ലക്ഷ്യമാക്കിയായാണൊ വരുന്നതെന്നും നോക്കി..
അപ്പോൾ എന്റെ ചെവികളൂടെ പാർശ്വഭാഗങ്ങളിലൂടെ തണുത്ത മാരുതൻ ചൂളം വിളിച്ച് പറന്നു പോകുന്നുണ്ടാകും..
തണുത്തുറഞ്ഞ മഴനീർക്കണങ്ങൾ എന്റെ വദനത്തെയും ആഞ്ഞു പുണരാനാരംഭിക്കും..
എന്റെ മനസ്സിനേറ്റവും ശാന്തത അനുഭവപ്പെട്ടിട്ടുള്ള ചുരുക്കം ചിലസമയങ്ങളിലൊന്നാകും; ഈ ഇടനാഴിയിലെ ജീവിതനിമിഷങ്ങൾ..
അതു കൊണ്ടാകും..
ഇപ്പോൾ ഏറ്റവുമധികം മിസ്സ് ചെയ്യുന്നതും..!!

(മൂന്നാമത്തെ നിലയിലെ ഇടനാഴിയിൽ നിന്നും നോക്കുമ്പോൾ കാണുന്ന പടിഞ്ഞാറുള്ള ദൃശ്യമാണു മുകളിലെ ചിത്രത്തിൽ കാണുന്നത്)
15 comments:

ജാബിര്‍ മലബാരി said...

ആശുപത്രിയിലായിരുന്നു വാസം...

ഏല്ലാവർക്കും മിസ് ചെയ്യാൻ ഓരോ കാരണങ്ങളുണ്ടാകും !!!

sherriff kottarakara said...

അതേ! ഇത് അനുഭവിച്ചറിയുന്നവര്‍ക്ക് ഈ കുറിപ്പുകള്‍ ഉള്ളില്‍ തട്ടുന്നതായിരിക്കും...ഞാന്‍ അനുഭവസ്ഥനാണ്...കഴിഞ്ഞ ഞായറാഴ്ച്ച വെളുപ്പിനു വരെ.

ajith said...

മാതാ ഹോസ്പിറ്റല്‍ നീറുന്ന ഓര്‍മ്മകള്‍ കൊണ്ടുവരുന്നു

Manoraj said...

നമ്മളൊക്കെ ഒരേ തൂവല്‍പ്പക്ഷികളായതിനാല്‍ ഇതൊക്കെ പെട്ടന്ന് മനസ്സില്‍ തട്ടുന്നു.

അനില്‍@ബ്ലോഗ് // anil said...

വ്യത്യസ്ഥം.
എന്നാലൂം ആശുപത്രി വാസം അത്ര നല്ലതാണോ?

- സോണി - said...

മറന്നുപോകുന്ന വഴികള്‍...
നടന്നുതീര്‍ക്കുന്ന ദൂരങ്ങള്‍...
പൊഴിഞ്ഞുപോകുന്ന ഓര്‍മ്മകള്‍...

എല്ലാവര്‍ക്കും കാണും, എന്തെങ്കിലുമൊക്കെ.

കുഞ്ഞൂസ് (Kunjuss) said...

വ്യത്യസ്തമായ ചിന്ത, എന്നെയും ആ വഴികളിലൂടെ നടത്തി..

pournami said...

sheelamayal ellam priyam akum ...vedana polum ishtapedunnvar undallo...diff thught...

വിനുവേട്ടന്‍ said...

ആശുപത്രി വാസം... ആർക്കുമുണ്ടാകാനിട വരാതിരിക്കട്ടെ അത്... ഉറ്റവരുടെ ആശുപത്രി വാസവുമായി ഞാനും കുറേ അനുഭവിച്ചതാണിത്... ആ ഓർമ്മകളിലേക്ക് വീണ്ടും ഒരു യാത്ര നടത്തി...

Odiyan/ഒടിയന്‍ said...

തൊടുപുഴയില്‍ എന്‍ങ്ങും ആശുപത്രി ഇല്ലാഞ്ഞിട്ടാണോ ഞങ്ങട മാതാ ആശുപത്രി വന്നത്,തൊട്ടടുത്ത്‌ കാരിത്താസ് ഉണ്ട്,മെഡിക്കല്‍ കോളേജു ഉണ്ട്..എന്നിട്ടും മാതാ...!!ആശുപത്രി ഓര്‍മ്മകള്‍ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങള്‍ തീര്‍ക്കുന്നു അല്ലെ ഹരീഷേട്ടാ.....

Lipi Ranju said...

ഇതാദ്യമായാണ് ഇങ്ങനൊരു മിസ്സ്‌ ചെയ്യല്‍ വായിക്കുന്നത് !! മിക്കവര്‍ക്കും ഹോസ്പിറ്റല്‍ അനുഭവങ്ങള്‍ ആലോചിക്കാന്‍ പോലും ഇഷ്ടമല്ല!

സതീശ് മാക്കോത്ത്| sathees makkoth said...

ആശുപത്രി ജീവിതം!!!
വ്യത്യസ്തമായൊരു കുറിപ്പ്.

പഞ്ചാരകുട്ടന്‍-malarvadiclub said...

അങ്ങനെ ഒരു ഫ്ലൈഓവര്‍ അവിടെ ഉണ്ടോ?

MANIKANDAN [ മണികണ്ഠൻ ] said...

വ്യത്യസ്തമായ ഒരു വിഷയം. ആശുപത്രിയിലെ അനുഭവങ്ങൾ നഷ്ടബോധം ഉണ്ടാക്കുന്നു എന്ന് ആദ്യമായി പറയുന്ന ആൾ ഹരീഷേട്ടനാവണം. പലപ്പോഴും അച്ഛന്റെ അസുഖത്തെതുടർന്ന് ഒരു മാസം വരെ ആ‍ശുപത്രിയിൽ കഴിയാൻ ഇടവന്നിട്ടുണ്ട്. അന്നെല്ലാം റിസപ്ഷനോട് ചേർന്നുള്ള ബഞ്ചുകളിൽ ഏതിലെങ്കിലും രാത്രി തള്ളിനീക്കും. പലപ്പോഴും അപകടങ്ങളും അത്യാസന്നനിലയിലുള്ളവരേയും കൊണ്ടുവരുന്ന ആംബുലൻസുകളും മറ്റു വാഹനങ്ങളും ഉറക്കം കെടുത്തും. അപ്പോഴെല്ലാം എത്രയും വേഗം ആശുപത്രിവിടണം എന്ന ആഗ്രഹം മാത്രമായിരുന്നു മനസ്സിൽ.

നീലാംബരി said...

Pretty good. Thanks for the post.
http://neelambari.over-blog.com/