വൈകിട്ട് കൂലിപ്പണി കഴിഞ്ഞു വരുമ്പോള്‍ തട്ടിന്‍പുറം ഷാപ്പില് കയറി ഇത്തിരി അന്തി സേവിക്കുന്നത് പതിവുള്ള കാര്യമാണ്. ആഴ്ചാവസാനാമായതിനാല്‍ കൂലി തീര്‍ത്തു കിട്ടിയ തുകയില്‍ നിന്നും രണ്ടു കിലോ കോഴിയിറച്ചിയും, പലവ്യഞ്ജനവും, പച്ചക്കറിയും മാര്‍കെറ്റിലെ ഹമീദക്കാന്റെ കടയില്‍ നിന്നും വാങ്ങിയത്; ശിഷ്യനായ കുഞ്ഞോന്റെ കൈയില്‍ വീട്ടിലോട്ടു കൊടുത്തു വിട്ടിട്ട് വയറിനെ പ്രീതിപ്പെടുത്താന്‍ ഷാപ്പിലോട്ടുള്ള കുത്തുകല്ലു കയറി. ഷാപ്പില് പതിവു പോലെ പറ്റുപടിക്കാരെല്ലാം ഉണ്ടായിരുന്നു. ഷാപ്പിന്റെ മുന്പില് പുതിയതായി പണിത കാത്തിരുപ്പു ഷെഡില്‍ ഇരുന്നു പത്രം വായിച്ചു കൊണ്ടിരുന്ന രമേഷേട്ടനേയും, ബാബു ചേട്ടനേയും വിഷ് ചെയ്തു; അകത്തു കയറി വലത്തേ സൈഡില്‍ ഇന്നല്ലെങ്കില്‍ നാളെ എന്ന രീതിയില്‍ ആടി കിടന്ന ബഞ്ചില്‍ ആസനസ്ഥനായി. ചെത്തിയെടുത്ത അന്തിക്കള്ളും, കറിക്കാരന് കുമാരേട്ടന്റെ പെണ്ണുംമ്പിള്ളയുടെ കൈപ്പുണ്ണ്യത്താല്‍ കുടം പുളിയിട്ടു വറ്റിച്ച സ്വാദിഷ്ഠമായ അയലക്കറിയും ഞൊട്ടി നുണഞ്ഞ് സഹകുടിയന്മാരോട് അന്നത്തെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തങ്ങിനെ ഇരിക്കുമ്പോഴാണു..
“അണ്ണാറക്കണ്ണാ വാ.. പൂവാലാ..”
അണ്ടെര്‍വെയറിന്റെ പോക്കെറ്റില്‍ കിടന്ന മൊബൈല്‍ റിങ്ങ് ചെയ്യാന്‍ തുടങ്ങിയത്..
“ഹലോ...ലോ...“
“രാജേഷല്ലേടാ..“
“അതേന്ന്..“
“ടാ.. ഇതു ഞാനാ വിനോദാന്നേ.. വിനോദ് രവി“
“എന്നാ ചേട്ടായീ; ഈ സമയത്ത്..“
“ടാ.. നീ ഇന്നലെ കൂടീപ്പോ പറഞ്ഞില്ലേ ഒരാഗ്രഹം..“
“ങ്ഹൂം..“
“ഒരു ‘മാച്ച് ‘ ഇന്നു കളിക്കാനുണ്ട്.. ഓള് ഔട്ടാക്കേണ്ട കേസാ; അപ്പോ വരുവല്ലേടാ..“
ഒരു നിമിഷം; ചങ്കിനകത്തൂടെ വെള്ളിടി ഒരെണ്ണം കയറി പോയതു പോലെ. ദേഹമസകലം വിറ കൊള്ളുന്നു. മോന്തി കിട്ടിയ പൂസൊക്കെ ഉരുകിയൊലിച്ചു പോയതു പോലെ. തലേ ദിവസം; എതിര്‍വശത്തു കിടന്നിരുന്ന ഇരിപ്പിടത്തിലിരുന്നു കുടിച്ചു കൂതറയായപ്പോള്‍ വിനോദ് ചേട്ടായിക്കു കൊടുത്ത വാഗ്ദാനം ഇപ്പോഴാണു തലേലോട്ടോടിക്കേറീത്.
“അപ്പഴെ; നീയെവിടാടാ പൊന്നാംകട്ടേ..??”
“ഞാന്‍..
അത്.. ...”
“പറയെടാ.. എവിട്യാ??”
“ഞാന്‍ തട്ടിന്‍പുറത്തുണ്ട്.”
“ഹഹഹാ.. ന്നാ ഞാനങ്ങു വന്നു പൊക്കിക്കോളാം..”
വേണ്ടാ എന്നു മറുപടി കൊടുക്കാന്‍ നാവു പൊന്തീലാ. ചേട്ടായിയോടെതിര്‍ത്തിട്ടുള്ളവരാരും ഒറ്റ നടക്കു പോയിട്ടില്ല. ഇന്നലെ ആ നശിച്ച സമയത്ത് അങ്ങനെ പറയാന്‍ തോന്നിയ നാവിനെ സ്വയം ശപിച്ചു. ആ തൊമ്മിയാണിതിനൊക്കെ കാരണം. അവന്റെ കൂടെ കൂടിയ അന്നു മുതല്‍ക്കാണു വിനോദ് രവിയെന്ന കൊട്ടേഷന്‍ ഗുണ്ടയെ താന്‍ പരിചയപ്പെടുന്നത്. റിട്ടയേറ്ഡ് പോലീസുകാരന്റെ മകനായ ചേട്ടായി എങ്ങിനെ ഈ പാളയത്തില്‍ അകപ്പെട്ടു എന്നോര്‍ത്ത് താന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഒത്ത തടിയും പൊക്കവുമുള്ള ചേട്ടായി; കാവിലെ തൂക്കത്തിന്റെ അന്നു ടൌണിലെ സുപ്രസിദ്ധ ബാറിലെ ആസ്ഥാന ഗുണ്ടയായ നൈജു ഫിലിപ്പിനെ തൂക്കിയെടുത്തിട്ടു ചാമ്പിയ രംഗം ഇപ്പോഴും മനസ്സില്‍ ഭീതി പരത്തുന്നുണ്ട്. ആ ഭീകരനാണു ഇന്ന്.. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍.. മാച്ചും.. ഓള് ഔട്ടും.. ആരെയോ തീര്‍ക്കാനുള്ള പരിപാടിയാണ്. അതില്‍ പങ്കാളിയാകാനാണു തന്നെ ക്ഷണിച്ചിരിക്കുന്നത്. തലേ ദിവസത്തെ കള്ളു കുടി കൂടിപ്പോയതിന്റെ പ്രതിഫലം. കുഞ്ഞോന്റെ കൈയ്യില്‍ വീട്ടിലോട്ടു കൊടുത്തു വിട്ട ചിക്കെന്‍കഷ്ണങ്ങളിപ്പോള്‍ അടുപ്പത്തു കിടന്നു വേവുകയായിരിക്കും. അല്ലെങ്കിലും പെങ്ങള്‍ക്കറിയാം; ഏട്ടന് വരുന്നത് ഒരാനയെ തിന്നാനുള്ള വിശപ്പുമായായിരിക്കുമെന്ന്. അവള് എല്ലാം റെഡിയാക്കി വെച്ചിരിക്കും. താന്‍ ചെന്നിട്ട്; കൈകഴുകി ഇരിക്കുകയേ വേണ്ടൂ. അച്ഛന് ഇന്നു വീട്ടിലില്ലാത്ത ദിവസവുമാണ്. രാവിലെ പണിക്കിറങ്ങുമ്പോള്‍ അച്ഛന് ഓര്‍മിപ്പിച്ചതയാളുടെ മനസ്സില്‍ നിറഞ്ഞു.
“അവിടെം ഇവിടെം വായും പൊളിച്ചിരിക്കാണ്ട് നേരത്തേം കാലത്തും കുടീലേക്കെത്തണം ട്ടോ ടാ...
പെണ്ണു തനിച്ചേയുള്ളൂ..”
അയാളുടെ മസ്തിഷ്കത്തില്‍ മയങ്ങിക്കിടന്നിരുന്ന ബുദ്ധിയുടെ നാമ്പുകള്‍ ഉണര്‍ന്നു..
എത്രയും പെട്ടന്നു ഇവിടെ നിന്നും മുങ്ങുക തന്നെ..
ഗ്ലാസ്സില്‍ പാതിയിരുന്ന കള്ള് ഒറ്റയടിക്കു വായിലേക്ക് കമിഴ്ത്തി; പറ്റ് വരവു വെച്ച്..
വെളിയിലേക്കു ചാടി..
എത്രയും പെട്ടന്നു വീടു പറ്റണം.
“രാജേഷേ..; മോനേ നീ എങ്ങോട്ടാ പോണെ..”
ഷാപ്പിന്റെ മുന്പില് നിന്നും നേരെ ചെന്നു ചാടിയത് ചേട്ടായീടെ ശിങ്കിടികളുടെ ബൈക്കുകളുടെ മുന്‍പിലേക്ക്..!!
ഈ നശിച്ച ടൈമിങ്ങ്..
മനസ്സില്‍ ആവോളം സ്വയം പ്രാകി.
പെരുവിരലില്‍ നിന്നും ചെറിയൊരു വിറ തുടങ്ങീട്ടുണ്ടായിരുന്നു.
‘ന്നാ ബാ; കേറ്..
ഇനി അവിടെ ചെന്നിട്ടു കഴിക്കാം..”
“ഇല്ല ചേട്ടാ.. ഞാന്‍ വരണില്ല;
വീട്ടിപ്പോയിട്ടു ഇത്തിരി പണീണ്ട്..”
“പോടാവേ ഒന്ന്; വീട്ടിലു കാത്തിരിക്കാന്‍ പെണ്ണുമ്പിള്ളയൊന്നുമില്ലല്ലോ..
കേറ് മോനേ ദിനേശാ വണ്ടീല്..”
“ന്നാ.. ഞാനൊന്നു വീട്ടീപ്പോയിട്ടു വരാം..”
“ മുങ്ങാനൊള്ള പരിപാടിയാ അല്ലേ അളിയാ !!
പേടിച്ചു തൂറി.. ഇവനല്ലേ ഇന്നലെ കൂതറയായപ്പോല്‍ ഇക്കണ്ട വീരവാദ്യം മൊത്തോം മൊഴക്കിയെ..
പ്പോ; ഇത്രക്കൊക്കെ ഒള്ളു ലേ.. ഹിഹിഹി “
അബോധമനസ്സിലെ ആണത്തവും, അതുണ്ടാക്കിത്തന്ന വയറ്റിലെ കള്ളും ഒരേ നിമിഷം സടകുടഞ്ഞെഴുന്നേറ്റു.
ടൌണില്‍; മുത്താരം കുന്നു ഹില്‍ ടോപ്പിലെ വിജനമായ ഒരിടത്ത് സൈഡൊതുക്കിയിട്ടിരുന്ന സ്കോര്‍പ്പിയോ ജീപ്പിനടുത്തേക്ക് തന്നെയവര്‍ എത്തിച്ചു. എന്നിട്ട് പറഞ്ഞു..
“ ദാ അതിന്റകത്തു വിനോദ് ചേട്ടായിയിരുപ്പുണ്ട്..”
ബാക്ക് ഡോര്‍ തുറന്നു തന്ന് അതിലോട്ടു കയറി ഇരിക്കാന്‍ ഒരു അപരിചിതന് ആംഗ്യം കാണിച്ചു. ജീപ്പിനുള്ളിലെ സുഖശീതളിമയില്‍ മുഴുകവേ ഞാന്‍ സഹമുറിയന്മാരെ ശ്രദ്ധിച്ചു. ജീപ്പിനുള്ളില്‍ ചേട്ടായിയടക്കം നാലു പേര് ഉണ്ടായിരുന്നു. പിന്നെ കുറച്ചു വടിവാളു പോലത്തെ കത്തികളും, ഇരുമ്പു ദണ്ഡുകളും, സൈക്കില്‍ ചെയിനുകളും. കയറി ഇരുന്നയുടന്‍ വെട്ടുഗ്ലാസില്‍ നിറച്ച കടും ചുവന്ന നിറത്തിലുള്ള മദ്യം എന്റെ നേര്‍ക്ക് നീട്ടി. ഒഴിച്ചു നീട്ടിയ മദ്യം വെള്ളം തൊടാതെ വായിലോട്ട് ഒറ്റയടിക്കു ഞാന്‍ കമിഴ്ത്തി. എന്നിട്ടാണു കുനിഞ്ഞിരുന്ന നാലാമനെ ശ്രദ്ധിച്ചത്. തൊമ്മി !! പേടിച്ചു തൂറി തൊമ്മി !!
അടിക്കും, മലര്‍ത്തും, ഉരുട്ടും എന്നൊക്കെ മിനിട്ടിനു മിനിട്ടിനു വീരവാദ്യം മുഴക്കുന്ന തൊമ്മി പമ്മിയിരിക്കുന്ന കാഴ്ച കണ്ടപ്പോള്‍ സത്യത്തില്‍ വളരെ പാവം തോന്നി. വയറ്റില്‍ മദ്യം ചെല്ലും തോറും പേടിയിലേക്കുള്ള നീളം കുറഞ്ഞതായി അനുഭവപ്പെട്ടു തുടങ്ങി. എങ്കിലും..
സമയം 10.30..
ചേട്ടായിയുടെ മൊബൈല്‍ ഇടക്കിടക്ക് റിങ്ങ് ചെയ്യുന്നത് അവ്യക്തമായി ഓര്‍മ്മയില്‍ പതിയുന്നുണ്ടായിരുന്നു. ഇപ്പോള്‍ വണ്ടിയില്‍ ഞങ്ങള്‍ ഒന്‍പത് പേരുണ്ട്. ബാക്കിയുള്ളവരൊക്കെ ഇടക്കെപ്പോഴോ വഴിയില്‍ നിന്നു കയറിയതണെന്നു തോന്നുന്നു. മൂവാറ്റുപുഴ ടൌണ്‍ വിട്ട് എം.സി. റോഡിലോട്ട് കയറി സ്കോര്‍പിയോ സ്പീഡില്‍ ഓടാന്‍ തുടങ്ങി. പലായനം ചെയ്തിരുന്ന മനസ്സ് പതിയെ വീണ്ടും യാഥാര്‍ത്ഥ്യത്തിലേക്കു തിരിച്ചു വരാന്‍ തുടങ്ങിയിരുന്നു. മണ്ണൂരടുക്കാനുള്ള സമയമാകുന്നു. അവിടെയാണു മാച്ച് ടാര്‍ജെറ്റ് ചെയ്തിരിക്കുന്ന സ്ഥലം. പൂസിനിടയില്‍ മനസ്സില്‍ പതിഞ്ഞിരുന്ന കാര്യങ്ങള്‍ മനസ്സിനുള്ളിലേക്ക് ഓടിയടുക്കാന്‍ തുടങ്ങി. ഏതോ പ്രമുഖ കച്ചവടക്കാരന്റെ കഥ കഴിക്കാനാണീ പോക്ക്. രണ്ട് ബ്രാന്‍ഡുകള്‍ തമ്മിലുള്ള കുടിപ്പകയ്ക്ക് അറുതി വരുത്താനുള്ള കൊട്ടേഷന്‍. ഓര്‍ത്തപ്പോള്‍ ചെറിയൊരു ഭീതിയും ഒപ്പം ദേഹമാസകലം വിറയലും തിരിച്ചു വരുവാന്‍ തുടങ്ങി.
മണ്ണുര്; പ്രൈവറ്റ് ബസ് പെരുമ്പാവൂര്‍ക്കു പോകുന്ന റോഡിലേക്കിറങ്ങി, കനാലിന്റെ ഓരത്ത് വെളിച്ചമില്ലാത്ത ഒരു തണല്‍മരത്തിന്റെ കീഴില്‍ സ്കോര്‍പിയോ പാര്‍ക്ക് ചെയ്തു. വിനോദ് രവിയുടെ ഫോണിലേക്ക് തുരുതുരാ കോളുകള്‍ വരുന്നുണ്ടായിരുന്നു.
“അണ്ണാറക്കണ്ണ വാ.. പൂവാലാ..”
വീണ്ടും മൊബൈല്‍ റിങ്ങ് ചെയ്തു.
അമ്മ!!
വിദേശത്ത് ; ഒരു പരിചയക്കാരുടെ വീട്ടിലെ വേലക്കാരിയണമ്മ.
വീട്ടില്‍ വിളിച്ചിരിക്കും..
പെങ്ങള് പറഞ്ഞിരിക്കും..
താനിതുവരെ വീട്ടിലെത്തിയിട്ടില്ല എന്നത്..
അച്ഛനുമില്ലല്ലോ..
കള്ളും കുടിച്ച് ആരാന്റേം തിണ്ണ നെരങ്ങി നടക്കുവാണെന്നു കരുതി ചീത്ത പറയാന്‍ വിളിക്കുന്നതാണ്.
കട്ട് ചെയ്ത് ഫോണ്‍ ഓഫ്ഫ് ചെയ്തു.
ബന്ധങ്ങള്‍..
മനസ്സിലേക്ക് ഒരു ആന്തലോടെ കടന്നു വന്നു..
തന്റെ പെങ്ങള് തനിച്ച്; വീട്ടില്‍..
തന്റെ യാതൊരു വിവരവുമറിയാതെ അവള് വിഷമിച്ചിരിക്കുകയാകും..
ഏതു നശിച്ച നിമിഷത്തിലാണവോ താനീ കുരുക്കിലകപ്പെട്ടത്..
ഇരയെ വഹിച്ചു കൊണ്ടു വരുന്ന വാഹനവും പ്രതീക്ഷിച്ചിരിക്കുകയാണു സഹഗുണ്ടകള്‍.!!
മിനിട്ടുകള്‍ക്കുള്ളില്‍ താനും ഒരു കൊലപാതകിയാകും.
മനസ്സ് തളരുന്നു..
ഒന്നും വേണ്ടായിരുന്നു..
എതിര്‍ത്തു പറയാമായിരുന്നു; താനീ പണിക്കില്ല എന്ന്..
വിദൂരതയിലേക്കയച്ചിരുന്ന മിഴികള്‍ തൊമ്മീടെ നേരെ പറിച്ചു നട്ടു.
ഒന്നും മിണ്ടാതെ നിശ്ചലാവസ്ഥയിലിരിക്കുകയാണു; പാവം !!
വീരവാദം ഘോരം ഘോര പ്രസംഗം നടത്തിയിരുന്ന അവന്റെ ധൈര്യമൊക്കെ ചോര്‍ന്നു പോയോ??
ഇറങ്ങി ഓടി രക്ഷപ്പെട്ടാലോ..
കൂലിപ്പണി എടുത്തു കിട്ടുന്ന നാലുകാശുകൊണ്ടാണെങ്കിലും മനസമധാനത്തോടെ വീട്ടില്‍ കിടന്നുറങ്ങമല്ലോ..
നാളെ... ഞാനൊരു കൊലപ്പുള്ളിയായി മുദ്രകുത്തപ്പെട്ടാല്‍..
എന്റെ മാതാപിതാക്കള്‍..
എന്റെ കുഞ്ഞനിയത്തി..
അവളുടെ പഠിപ്പ്; ഭാവി..
വീണ്ടും വിനോദ് രവിയുടെ മൊബൈല്‍ റിങ്ങ് ചെയ്യുന്നു. എടുത്ത് കുപിതനായി സംസാരിക്കുന്നു. ഫോണ്‍ ജീപ്പിന്റെ മുന്‍സീറ്റിലേക്ക് വലിച്ചെറിഞ്ഞ്..
“ ഹും.. പുല്ലന്മാര്..
വാക്കു മാറിയിരിക്കുന്നു..
വാടാ നമുക്കു തിരിച്ചു പോകാം..
നമുക്ക് തരാമെന്നേറ്റ തുകയിലും താഴ്തി വേറെ ഏതോ കഴുവര്‍ടെ മക്കള്‍ ഏറ്റിട്ടുണ്ടെന്നു..
ദരിദ്രവാസികള്‍..
വാക്കിനു വിലയില്ലത്ത നായിന്റെ മക്കള്‍..
പോട്ടെ പുല്ല്..
തിരിക്കെടാ വണ്ടി..”
ഹൂ...
ദീര്‍ഘനിശ്വാസം..
എതിര്‍വശത്തിരിക്കുന്ന തൊമ്മിയില്‍ നിന്നുയര്‍ന്ന ദീര്‍ഘനിശ്വാസം വ്യക്തമായി കേള്‍ക്കാമായിരുന്നു..
കാലിന്റെ ചുവട്ടില്‍ ചേതനയറ്റ പോലെ കിടന്നിരുന്ന മാരകായുധങ്ങള്‍ അവജ്ഞയോടെ ഞങ്ങള്‍ രണ്ടും നോക്കിയിരുന്നു.
ടൌണില്‍; മുത്താരം കുന്നിലേക്ക് തിരിയുന്ന കവലയില്‍ വന്നു തിരിച്ചിറങ്ങുമ്പോള്‍, ഒരു നവജീവിതം തിരികെ കിട്ടിയ അവസ്ഥയിലായിരുന്നു ഞാനും, തൊമ്മിയും. ഓടുകുകയായിരുന്നു ഞങ്ങള്‍ വീട്ടിലേക്ക്.
വീടിനുള്ളില്‍ കയറി; കിടക്കയില്‍, നീണ്ടു നിവര്‍ന്ന്, മൂടിപ്പുതച്ചു കിടന്നപ്പോള്‍..
ഇതുവരെ അനുഭവപ്പെടാത്ത സുരക്ഷിതത്വബോധവും, മനസമാധാനവും മനസ്സിന്റെ കോണില്‍ അലയടിക്കുന്നുണ്ടായിരുന്നു..
24 comments:
തെറ്റ് ചെയ്യുന്നതിനുമുന്പ് ഇങ്ങനെ ഒരു വീണ്ടു വിചാരം
എല്ലാവരിലും ഉണ്ടാകുകയും,അത് തിരുത്താന്‍ കഴിയുകയും
ചെയിതാല്‍ നമ്മുടെ നാടും,ജനങ്ങളും എത്ര നന്നായേനെ..
തെറ്റും ,ശെരിയും തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ തന്നെ
അയാള്‍ വിജയിക്കും ..അത് തിരുത്താനുള്ള മനസ്സും
വേണം എന്ന് മാത്രം..
നന്നായി എഴുതിയിരിക്കുന്നു..ആശംസകള്‍..
മദ്യലഹരിയിൽ തിരിച്ചറിവുകൾ നഷ്ടപ്പെട്ട് തെറ്റും ശരിയുമറിയാതെ ഊരാക്കുടുക്കിലകപ്പെടുന്ന യുവത്വങ്ങൾ! പണത്തിനും സുഖലോലുപതയ്ക്കും വേണ്ടി കാണാത്ത, അറിയാത്ത സഹോദരങ്ങളുടെ ചോരയ്ക്കുപകരം സ്വയം ജീവിതം ഹോമിക്കുന്നവർ അതു തിരിച്ചറിയുമ്പോഴേക്കും ജീവിതം കൈവിട്ടുപോയിരിക്കും.
കാലിക പ്രസക്തിയുള്ള കഥ.
അഭിനന്ദനങ്ങൾ.
ബ്ലോഗ് മീറ്റിനു തൊടുപുഴയ്ക്ക് വന്നാല്‍ കൈയ് വെട്ടുമോ???
ആദ്യമായിട്ടാ ഇവിടെ...ഹരീഷ് എന്ന പേര് ഒരുപാട് പ്രാവശ്യം ചെവിയിലൂടെ കടന്നുപോയി...ഗൂഗിളില്‍ സേര്‍ച്ചി...കിട്ടീല്ല...ഇന്ന് പാവപ്പെട്ടവന്റെ കമന്റില്‍ നിന്നാ ലിങ്ക് കിട്ടിയത്...അപ്പൊ തൊടുപുഴയില്‍ കാണാം...
കൊള്ളാം..ഞാന്‍ ആദ്യം കരുതി തമാശ ആയിരിക്കുമെന്ന്..
ഹൊ !!പാവത്തിനെക്കൊണ്ട് വെറുതെ.........എന്തൊരു റ്റെന്ഷനായിരുന്നു......... ഇപ്പൊ സമാധാനമായി............
കൊള്ളാം........... !!
ആത്മകഥയുടെ ഭാഗമാണോ ഹരീഷെ?
:)
കഥയിലിത്തിരി ഗതിമാറ്റം. “ ഹും.. പുല്ലന്മാര്..
വാക്കു മാറിയിരിക്കുന്നു..
വാടാ നമുക്കു തിരിച്ചു പോകാം..
നമുക്ക് തരാമെന്നേറ്റ തുകയിലും താഴ്തി വേറെ ഏതോ കഴുവര്‍ടെ മക്കള്‍ ഏറ്റിട്ടുണ്ടെന്നു..
ദരിദ്രവാസികള്‍..
വാക്കിനു വിലയില്ലത്ത നായിന്റെ മക്കള്‍..
പോട്ടെ പുല്ല്..
തിരിക്കെടാ വണ്ടി..”....
തിർകെ വണ്ടിയോടിക്കുമ്പോൾ ചേട്ടായി തൊമ്മിയെയും എന്നെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
നിർത്തഡാ വണ്ടി...വിനോദ് രവി ഒച്ചയെടുത്തു..
ദേ ഇവന്മാരുടെ പേടി മാറ്റണം, അതുകൊണ്ട് ആ വഴിയെ വണ്ടി വിടു...
ചേട്ടായി ആദ്യം കൊടുവാളെടുത്തുകൊടുത്തത് തൊമ്മിയുടെ കൈയ്യിലേക്കാണ്. എന്നിട്ട് തൊമ്മിയോട് പറഞ്ഞു..
” നീ ജീപ്പിന്റെ സൈഡിൽ പിടിച്ച് നിൽക്ക് എന്നിട്ട് ഈ വാൾ കൊണ്ട് ദാ ഓടിപ്പോകുന്ന നായയെ വെട്ടൂ..”
രണ്ടുമൂന്ന് പട്ടികളെ വെട്ടിക്കഴിഞ്ഞപ്പോൾ തൊമ്മിക്ക് ചോരയോടുള്ള അറപ്പുമാറി, അവൻ ഒരു പ്രത്യേക ഭാവത്തോടെ ചേട്ടായിയോട് ചോദിച്ചു
“ഫ്രീയായിട്ടാണെങ്കിലും നമുക്കാ ക്വൊട്ടേഷൻ ഏറ്റെടുക്കാൻ പറ്റുമൊ..എനിക്ക് മനുഷ്യ രക്തത്തിന്റെ മണം ആസ്വദിക്കണം..!“
അടുത്ത കൊട്ടേഷനും ഇവരെ വിളിക്കില്ലെന്നാരു കണ്ടു!
ഹരീഷ്,
നന്നായി തന്നെ പറഞ്ഞുവച്ചു. മദ്യപാനികൾ അനവസരത്തിൽ പറയുന്ന ജല്പനങ്ങൾ, പിന്നീട് വരുത്തുന്ന ഭവിഷ്യത്തുകൾ എല്ലാം.. അതിനേക്കാളേറെ നല്ല ഒരു സന്ദേശം ഉണ്ടിതിൽ.. കൊള്ളാം..
നല്ല പോസ്റ്റ്
തിരിച്ചിറങ്ങുമ്പോള്‍, ഒരു നവജീവിതം തിരികെ കിട്ടിയ അവസ്ഥയിലായിരുന്നു ഞാനും, തൊമ്മിയും. ഓടുകുകയായിരുന്നു ഞങ്ങള്‍ വീട്ടിലേക്ക്.
വീടിനുള്ളില്‍ കയറി; കിടക്കയില്‍, നീണ്ടു നിവര്‍ന്ന്, മൂടിപ്പുതച്ചു കിടന്നപ്പോള്‍..
ഇതുവരെ അനുഭവപ്പെടാത്ത സുരക്ഷിതത്വബോധവും, മനസമാധാനവും മനസ്സിന്റെ കോണില്‍ അലയടിക്കുന്നുണ്ടായിരുന്നു..
തെറ്റിലേക്ക് ചാടുന്നതിനു മുൻപ് ദൈവമായിട്ടാണവരെ രക്ഷിച്ചത്.എല്ലാവർക്കും ഈ സൗഭാഗ്യം കിട്ടി എന്നു വരില്ല.മനസ്സിൽ തട്ടുന്ന എഴുത്ത്
തൊടുപുഴയിൽ ഞങ്ങൾ മറു ക്വട്ടേഷൻ ടീമിനെ ഇറക്കേണ്ടി വരുമോ ആവോ !
തൊടുപുഴയൊക്കെ നല്ല ക്വട്ടേഷന്‍ ടീം ഉണ്ടോ? ആഗസ്റ്റ് 8ആം തീയതി ഒരു ചെറിയ മാച്ചുണ്ടായിരുന്നു.തൊടുപുഴയില്‍ തന്നെയാണ്.ആള് ഔട്ടൊന്നും ആക്കണ്ട. ഒന്നു വിരട്ടിയാല്‍ മതി.റേറ്റൊക്കെ എന്താകും എന്നൊന്നന്വേഷിച്ചു പറയണേ.
അണ്ണാ കൊള്ളാം ആദ്യമായാ ഈ വഴി ഇനിയും വരാം
കഥ നന്നായി, ഹരീഷേട്ടാ... ഇതേ പോലെ ചിന്തിയ്ക്കാനുള്ള വിവേകം ഇവന്മാര്ക്കൊക്കെ ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു...
നന്നായി പറഞിരിക്കുന്നു. ലഹരി തന്നെ പ്രധാന വില്ലൻ.
വളരെ മനോഹരമായി എഴുതി.
ഹമ്മോ.. പേടിപ്പിച്ച് കളഞ്ഞു,
നല്ല എഴുത്ത്, നല്ല കഥ
സംഭവം കൊള്ളാട്ടോ ഹരീഷേ. ഒന്നേകാന് കഥയുണ്ട്. സ്ഥിരം ഫോട്ടോ പോസ്റ്റുകളുമായി കൂടാതെ വല്ലപ്പോഴും ഇതുപോലെ ഓരോന്ന് വെച്ചലക്കിക്കൂടെ പഹയാ :)
ഹരീഷേ...നിങ്ങള്‍ തകര്‍ത്തു...ഒരു ക്വട്ടേഷന്‍ ഉമ്മ ..
ഹരീഷേ ഇനി തുടര്‍ച്ചയായി ഇതെ പോലെ
നല്ല കഥ എഴുതി പോസ്റ്റ് ചെയ്തില്ലങ്കില്‍ ക്വട്ടേഷന്‍ റ്റീം ഞാന്‍ സംഘടിപ്പിക്കും ..
കഥ ഉഗ്രന്‍ വണ്ടി തിരിചു വിട്ടപ്പോള്‍ ഒരു നെടുങ്കന്‍ ദീര്‍ഘനിശ്വാസം ഞാന്‍ ഇവിടെയിരുന്ന് വിക്ഷേപിച്ചു!
ഹരീഷിന്റെ ഫോട്ടോ പോലെ അതോ അതിനും കേമം ആയി കഥ!!
“അണ്ണാറക്കണ്ണാ വാ.. പൂവാലാ..”
ho....ശ്വാസം പിടിച്ചു ഇരുന്നു വായിച്ചു.
ചേട്ടായിയേ..
റേറ്റ് കുറച്ച് ആ കൊട്ടേഷന്‍ ഏറ്റെടുത്ത ടീമിനാ സത്യത്തില്‍ നന്ദി പറേണ്ടത്.
അവരു കാരണം ഒരു പുതിയ ബാറ്റ്സ് മാന്‍ കോര്ട്ടിലിറങ്ങാതെ കളി മതിയാക്കിയല്ലോ?
ഇത് അനുഭവകഥയൊന്നും അല്ലല്ലോ?
അല്ല ചേട്ടായിയുടെ ഈ ഒടുക്കലത്തെ ഫിറ്റ് ബോഡി കണ്ടപ്പോ എനിക്ക് ഡൌട്ടടിച്ചതാ.
കഥയിലൊരു വ്യത്യസ്തതയുണ്ട്.
പക്ഷെ അറപ്പ് മാറിയവര്‍ക്ക് ഇത്തരം ഒരു വീണ്ടുവിചാരം ഉണ്ടായിക്കൊള്ളണം എന്നില്ല.
കോതമംഗലം കാരൻ ആയതു കൊണ്ടാവും, വായിച്ചപ്പോൾ മൂവാറ്റുപുഴയിലും, മണ്ണൂരും ഒക്കെ പോയപോലെ തോന്നി.....
ആശംസകൾ..
Post a Comment