Tuesday, May 18, 2010

ദുസ്വപ്നം

സ്വീകരണമുറിയില്‍ കിടന്നിരുന്ന സോഫ ബെഡ്ഡിന്റെ ഒരു വശം ഉയര്‍ത്തിയെടുത്ത് ശക്തിയായി നിലത്തടിച്ചു. ബെഡ്ഡിന്റെ ഇരുമ്പുകാലുകള്‍ മൊസൈക് തറയുമായുള്ള ശക്തമായ കൂട്ടിയിടിയില്‍ പൊട്ടിപ്പൊളിഞ്ഞു. ഇരുമ്പുകാലുകള്‍ വളഞ്ഞ് ഒടിഞ്ഞ് സോഫായുടെ ഒരു വശം നിലത്തു പതിഞ്ഞു കിടക്കുന്നു. കര്‍ണ്ണകഠോരമായ ആ ശബ്ദം മനസ്സില്‍ ഭീതി സൃഷ്ടിക്കുകയും, അതു മൂലം ദേഹമാസകലം വിറകൊള്ളുകയും ചെയ്തു തുടങ്ങി. ആരോ ഉച്ചത്തില്‍ കൂവി കരയുന്ന ഒച്ച മറുവശത്തു നിന്നും ചെവിയിലേക്ക് തുളച്ചു കയറി. ഉച്ചത്തിലുള്ള ആ കൂവല്‍ പതിയെ കുറഞ്ഞ്, പിന്നെയും കൂടി കര്‍ണ്ണപുടത്തില്‍ പ്രതിധ്വനിച്ചു കൊണ്ടിരുന്നു. തദവസരത്തില്‍ ഒരു വശം ഒടിഞ്ഞു കിടന്നിരുന്ന സോഫായുടെ മറുവശത്തു നിന്നാ ഭീകരസത്വം എന്റെ നേര്‍ക്കടുത്തു. കാലുകള്‍ അനങ്ങുന്നില്ല. ഓടി രക്ഷപെടണമെന്നുണ്ട്. എന്നെ കടിച്ചു തിന്നാനെന്ന വിധം എന്റെ നേര്‍ക്കടുക്കുന്ന ആ ഭീകര സത്വത്തെ കണ്ടപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം ഉച്ചത്തില്‍ അലമുറയിട്ടു കരഞ്ഞു. ശബ്ദം വെളിയിലേക്കു വരുന്നില്ല. സത്വം പാഞ്ഞടുക്കുന്നു. ഓടാനും കഴിയുന്നില്ല. കാലുകള്‍ നീട്ടി ഓടാന്‍ ശ്രമിക്കുന്നുണ്ട്. അവസാനം സത്വത്തിന്റെ നീണ്ട കൂര്‍ത്ത നഖങ്ങള്‍ ഉള്ള വിരലുകള്‍ എന്റെ ദേഹത്ത് തൊട്ടു തൊട്ടില്ല എന്ന വിധത്തില്‍ എത്തിയപ്പോള്‍; സര്‍വ്വ ശക്തിയുമെടുത്ത് ഞാന്‍ മുന്‍പോട്ട് കുതിച്ചു. സത്വമെന്റെ പിന്നില്‍ തന്നെയുണ്ട്. പരമാവധി സ്പീഡില്‍ ഞാനും. തൊട്ടു തൊട്ടില്ല എന്ന മട്ടില്‍. ഓടിയോടി അവസാനം ഒരു കൂട്ടില്‍ ചെന്നു കയറി. അതില്‍ നിറച്ചും വിവിധ തരം പാമ്പുകള്‍ തലങ്ങും വിലങ്ങും ഓടി നടക്കുന്നു. ഒരു വേള അറച്ചു നിന്നു. കൂട്ടിലേക്കെടുത്തു വെച്ച വലം കാല്‍ പിന്‍ വലിച്ചു നിന്നു പുറകോട്ട് ശ്രദ്ധിച്ചു. കറുത്തു ഭീകരസത്വം പുറകെ തന്നെയുണ്ട്. ഇപ്പോഴാണു ശ്രദ്ധിക്കുന്നത്; സത്വത്തിന്റെ കടവായില്‍ നിന്നും ചോര ഒഴുകി ഒലിച്ചു വരുന്നുണ്ട്. ഇവിടെ എല്ലാം പൂര്‍ത്തിയാകുമോ??
രണ്ടും കല്‍പ്പിച്ച് പാമ്പുകള്‍ക്കിടയിലൂടെ ഓടി. ചില പാമ്പുകളെ ചവിട്ടി മെതിച്ച് പാഞ്ഞു. വേദനയേറ്റ പാമ്പുകള്‍ പ്രതികാര ദാഹികളായി എന്നെ പിന്തുടര്‍ന്നു. ഇപ്പോള്‍ ഒരു കൂട്ടം പാമ്പുകളും, പുറകേ ആ ഭീകര സത്വവും എന്നെ വകവരുത്തുവാന്‍.. ഓടി തളര്‍ന്നവശയായിത്തുടങ്ങി. ഒരു വട്ടം തിരിഞ്ഞു നോക്കി; പ്രതികാരദാഹികളെന്നോണം അവറ്റ എന്റെ നേരെ പാഞ്ഞടുത്തു കൊണ്ടിരിക്കുന്നു. പെട്ടന്ന് മുന്‍പിലതാ ഒരു കാട്ടനക്കൂട്ടം. കൂറ്റന്‍ കറുത്ത പാറകള്‍ അടുക്കി വെച്ചിരിക്കുന്ന പോലെ. കാലുകള്‍ നിശ്ചലമായി. വഴി മുറിഞ്ഞിരിക്കുന്നു. ആനകളും എന്റെ നേര്‍ക്കടുക്കുന്നു. ഓടി രക്ഷപ്പെടാനിനി ഇടമില്ല.
എന്തു ചെയ്യും. മനസ്സ് മരവിച്ചു തുടങ്ങി. ബുദ്ധി മങ്ങിത്തുടങ്ങുന്നു. ബോധം മറയുന്ന പോലെ. ഓടിയടുത്ത ആ ഭീകര സത്വം നിസ്സഹായയായി എന്റെ ദേഹത്തേക്ക് പറന്നു കയറി. ശക്തിയായ ആ തള്ളലില്‍ ഞാന്‍ താഴേക്കു മറിഞ്ഞു വീണു. സത്വം ഒരു ഗൌളിയേപ്പോലെ എന്റെ മേല്‍ അള്ളിപ്പിടിച്ചിരിക്കുന്നു. ഇരയെ വിഴുങ്ങാനുള്ള വെമ്പലോടെ പാമ്പുകളും, ആനകളും എന്നെ വട്ടമിട്ടു നടക്കുന്നു. രക്ഷപെടാന്‍ അവസാനത്തെ വഴിയുമടഞ്ഞോ?? അള്ളിപ്പിടിച്ചു ദേഹത്തിരിക്കുന്ന സത്വത്തെ സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞെറിയാന്‍ ശ്രമിച്ചു. കഴിയുന്നില്ല. കൂടുതല്‍ പിടിമുറുക്കുകയാണു. എല്ലാ പ്രതിരോധശക്തിയും ഇവിടെ തീരുകയാണോ.. പൊട്ടിക്കരഞ്ഞു... അമ്മേ...!!!! ശക്തിയായി ആരോ ദേഹത്ത് അടിക്കുന്നു..


അമ്മേ; എഴുന്നേല്‍ക്കൂ അമ്മേ; ഇതെന്താ സ്വപ്നം കണ്ടതാണോ...
മരുന്നു കഴിച്ചിട്ടു കിടക്കണമെന്നു എന്നും പറയണോ...
മനുഷ്യനു പണിയുണ്ടാക്കാന്‍...


ഞെട്ടി എഴുന്നേറ്റു...
ദേഹമാസകലം വിറ കൊള്ളുന്നു...
ഉറങ്ങാനുള്ള മരുന്നു കഴിക്കാന്‍ മറന്നു പോയിരിക്കുന്നു...
പാവം മോന്‍..
അവന്‍ ഞെട്ടിപ്പോയിക്കാണും..
മരുന്നു ഡപ്പിയെടുത്ത്; ഉറക്കത്തിന്റെ ഗുളിക ഒരെണ്ണം എടുത്ത് വായിലിട്ടു..
കൂജയില്‍ നിറച്ചിരുന്ന വെള്ളമെടുത്ത് കുടുകുടാ വായിലോട്ടു കമിഴ്ത്തി..
ഭിത്തിയോട് ചാരിയിരുന്നു കണ്ണുകള്‍ ഇറുക്കിയടച്ചു..

18 comments:

ഹരീഷ് തൊടുപുഴ said...

ദുസ്വപ്നം..

കൂതറHashimܓ said...

ഇന്ന് രാത്രി ഇത് വായിക്കണ്ടായിരുന്നു, എനിക്കിന്ന് ഉറങ്ങണം...
ഇന്ന് മനസ്സ് നിറയെ പാമ്പുകളും ആ ഭീകര ജീവിയും ആയിരിക്കും

ജിജ സുബ്രഹ്മണ്യൻ said...

രാത്രിയാവുമ്പോൾ അർജ്ജുനപ്പത്ത് ഉരുവിടണം എന്നു പറഞ്ഞാൽ കേൾക്കൂല്ലല്ലോ.നിനക്കൊക്കെ നാമം ജപിച്ചിട്ട് കിടന്നൂടെ കൊച്ചേ !!


ഇത്തരം പേടി സ്വപ്നം ഞാനും കണ്ടിട്ടൂണ്ട്.

അലി said...

...സത്വം പാഞ്ഞടുക്കുന്നു. ഓടാനും കഴിയുന്നില്ല...

“പുലർകാല സ്വപ്നം ഒരുനാൾ പുലർന്നിടും”
ഇതു സ്വപ്നമല്ല! നടക്കാൻ പോണ കാര്യം.
ഈവരുന്ന ആഗസ്റ്റ് എട്ടിനു തൊടുപുഴയിൽ നടക്കുന്ന ബ്ലോഗേഴ്സ് മീറ്റ് ആണ് ആ സത്വം!
പിന്നാലെ കൂടുന്ന പാമ്പുകളും ആനകളും പുലികളും മലയാളം ബ്ലോഗേഴ്സ്.

...അള്ളിപ്പിടിച്ചു ദേഹത്തിരിക്കുന്ന സത്വത്തെ സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞെറിയാന്‍ ശ്രമിച്ചു. കഴിയുന്നില്ല...
അതെ, ശരിയാണ് ബ്ലോഗിങ് തുടങ്ങിക്കഴിഞ്ഞാൽ ഒഴിവാക്കാനാണ് പാട്!

ഇനി ഗുളികകഴിച്ചതുകൊണ്ട് മാത്രം കാര്യമില്ല.
അലമാരയിൽ കുപ്പിയിലിരിക്കുന്ന ആ ചുവന്ന മരുന്നില്ലേ. അതെടുത്ത് വെള്ളം തൊടാതെ അകത്താക്ക്...

പിന്നാലെ വരുന്ന കമന്റുകൾക്കുമുമ്പേ എന്റെ തടി രക്ഷപെടുത്തട്ടെ!

ഒഴാക്കന്‍. said...

നന്നായി പ്രാര്‍ത്ഥിച്ചു ഉറങ്ങിയാ മതി കേട്ടോ

അനില്‍@ബ്ലൊഗ് said...

ഹോ‌ !!
ഇന്നലെ രാത്രി ഒരു ഭീകര സ്വപ്നം കണ്ട് ഞാനും ഞെട്ടി ഉണര്‍ന്നായിരുന്നു. ജീവിതത്തിലാദ്യമായായാണ് അത്തരം ഒരുഅനുഭവം.

വിവരണം നന്നായിരിക്കുന്നു.

ചാണ്ടിച്ചൻ said...

ഭാര്യയെ ഓര്‍ത്തോണ്ടാണോ ഉറങ്ങിയത്...

പട്ടേപ്പാടം റാംജി said...

സ്വപ്നങ്ങളില്‍ അധികവും ഇത്തരം സ്വപ്‌നങ്ങള്‍ ആവുന്നത് എന്തുകൊണ്ടാണ് അല്ലെ?

Unknown said...

വല്ലാത്തൊരു ദുസ്വപ്നം !

Unknown said...

ചുമ്മാ ആളെ പേടിപ്പിക്കല്ലേ ഭായ്‌... എന്നാലും എന്തൊരു മനോഹര ഭീകര സ്വപ്നം...

അലി : കമന്റ് അടിപൊളി... വരാനുള്ളത് വഴിയില്‍ തങ്ങുമോ..?? നടക്കട്ടെ...

Typist | എഴുത്തുകാരി said...

ഇതു വല്ലാത്തൊരു ദുസ്വപ്നം തന്നെ.

Rakesh R (വേദവ്യാസൻ) said...

:)

Lathika subhash said...

പാമ്പുകളെ പിന്തുടർന്നു പടങ്ങളെടുക്കുമ്പോൾ ഇതൊക്കെ കാണും. പിന്നെ, കാന്താരിക്കുട്ടി പറഞ്ഞതുപോലെ നാമജപം വേണേ........
ഇതു വായിച്ച ഞാനും ഇന്നു "ദുസ്വപ്നം" കാണുമോ എന്റീശ്വരാ.............

ചേച്ചിപ്പെണ്ണ്‍ said...

swapnangal enteyum

Vayady said...

"സ്വപ്‌നങ്ങള്‍..സ്വപ്‌നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ..
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍..."
എന്നാണ്‌ ഇന്ന് ഈ പോസ്റ്റ് വായിക്കുന്നതു വരെ ഞാന്‍ പാടിനടന്നിരുന്നത്. എന്നാല്‍ ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ മാറ്റിപ്പാടിയാലോയെന്നൊരു ചിന്ത... :)

Manoraj said...

സ്വപ്നങ്ങൾ.. സ്വപ്നങ്ങൾ

lekshmi. lachu said...

ഞാന്‍ ഈ കഥ രണ്ടു തവണ വായിച്ചു,
ഈ കഥയില്‍ ഹരീഷ് ആണോ സ്വപ്നം
കണ്ടത് എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല്യ.
ഇവിടെ വന്ന കമന്റ് കണ്ടപ്പോള്‍ ഹരീഷ്
കണ്ട സ്വപ്നം എന്ന തരത്തിലാണ്
പലരും കമന്റ് ഇട്ടത്..എനിക്ക് ഒരു
സംശയം അത് ഹരീഷ് കണ്ട സ്വപനം
ആണോ??അമ്മ കണ്ടതല്ലേ??

chithrakaran:ചിത്രകാരന്‍ said...

ഹഹഹ....
സ്വപ്നം കലക്കി.
സാധ്യതകളെ വേട്ടയാറ്റുന്ന ക്രിയാത്മക മനസ്സിന്റെ
കള്ളനും പോലീസും കളിയായി കണ്ടാല്‍ മതി.