Friday, January 07, 2011

നമുക്കൊരുമിച്ച് രാപാർക്കാം..!

ഊഹക്കച്ചവടത്തിനെ കവച്ചു വെയ്ക്കുന്ന തരത്തിലുള്ള ഭൂമിവിലയുടെ മുൻപോട്ടുള്ള പ്രയാണവും; നിർമാണ മേഖലയിലുണ്ടായ വൻ കുതിച്ചു ചാട്ടവും; നിർദ്ധനരും സാധാരണക്കാരുമായ ജനവിഭാഗത്തിനു സ്വന്തമായി ഒരു കിടപ്പാടമുണ്ടാക്കുക എന്നത് അപ്രാപ്യമായി അവശേഷിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെയാണു; മികച്ച രീതിയിൽ വ്യക്തി, കുടുംബബന്ധങ്ങൾ പുലർത്തുന്നവർക്ക് പരസ്പര സഹകരണാടിസ്ഥാനത്തിലൂടെ കുറഞ്ഞ ചിലവിൽ സ്വന്തമായ മേൽക്കൂര പടുത്തുയർത്തുവാൻ കഴിയുന്ന ഒരു വിദ്യ ഒളിഞ്ഞിരിക്കുന്നത്..!


കേരളത്തിലുടനീളം സർവ്വസാധാരണമായിക്കൊണ്ടിരിക്കുന്ന ഈ നിർമ്മാണവിശേഷം; നാളെ കേരളത്തിലെ വസ്തുവിന്റെ വിലനിർണ്ണയത്തിൽ സുപ്രധാനഘടകമായേക്കും. ഉറ്റ സുഹൃത്തുക്കളോ ബന്ധുക്കളോ ആയ നാലോ ആറൊ എട്ടോ പേർക്കു ഒരുമിച്ചു കൂടി നിർമിക്കാവുന്ന ഇത്തരം കൂട്ടുബഹുനിലഭവനങ്ങൾ ഒരോരുത്തർക്കും 20 മുതൽ 40% വരെ നിർമണച്ചെലവിലും വസ്തുവാങ്ങുന്നതിലുമടക്കം കുറവു തരും. വ്യക്തിബന്ധങ്ങൾക്കോ കുടുംബബന്ധങ്ങൾക്കോ വിലയില്ലാത്ത ഈ നാട്ടിൽ/സമയത്ത്; ബന്ധങ്ങൾ ഊഷ്മളമാക്കുവാനും അതിന്റെ പ്രസക്തി വർദ്ധിക്കുവാനും ഇത്തരം നിർമാണരീതികൾ മൂലം ഉതകും. ഉദാഹരണത്തിനു; 10 സെന്റ് വീതമുള്ള ഒരോ പ്ലോട്ടിലും ഇൻഡിവിജുവലായി ഒരു 1500sq.ft. വീട് പണിയുമ്പോൾ ഏറ്റവും കുറഞ്ഞത് 25 ലക്ഷം ( സെന്റിനു 1 ലക്ഷം വീതവും, sq.ft.നു 1000 രൂപ വീതവും) രൂപയെങ്കിലും ആകും. 6 സുഹൃത്തുക്കൾ ചേർന്ന് ഒരു 1500sq.ft. വീതം ആളൊന്നുക്കുള്ള ഒരു വലിയ ഭവനം നിർമിക്കുന്നുവെന്നു കരുതുക. 6 പേർ ചേർന്ന് നിർമിക്കാനാണെങ്കിൽ ഏകദേശം 20 സെന്റ് സ്ഥലം മതിയാകും. അപ്പോൾ തന്നെ കൈവരിക്കാനായ ലാഭം എത്രയെന്നു ചിന്തിച്ചു നോക്കൂ. താഴത്തേ നിലയിൽ 2 ഫാമിലി എന്ന കണക്കിൽ 3 നിലയിലായി മൊത്തം 9000sq.ft. തറ വിസ്തീർണ്ണം 3000sq.ft; കോമൺ അപ്സ്റ്റെയേർസ്, ലിഫ്റ്റ് എന്നിവ പുറമേ. കൂട്ടായരീതിയിൽ നിർമിക്കുമ്പോൾ തന്നെ നമുക്ക് നിർമാണച്ചെലവുകളിൽ നല്ലൊരു ഭാഗം കുറക്കാനാകും. ഉദാഹരണത്തിനു ഓരോ വീടിനും അതിന്റെ നിർമ്മാണച്ചലവിൽ ഏകദേശം 10- 15% മുടക്ക് വരിക അതിന്റെ അടിത്തറ നിർമിക്കുമ്പോഴാകുന്നു.
ആ ചിലവ് പകുതിയെങ്കിലും കുറയ്ക്കുവാൻ ഈ നവീനരീതി കൊണ്ട് കഴിയും. ഈ രീതിയിൽ നിർമിക്കുമ്പോൾ കുറേയൊക്കെ അഡ്ജസ്റ്റ് ചെയ്യണമെങ്കിൽ പോലും; 60%വും മനസ്സിനിണങ്ങിയ രീതിയിൽ തന്നെ ഔട്ട്പുട്ട് നമുക്കു ലഭിക്കുന്നതാണ്. നല്ല ദീർഘവീക്ഷണത്തോടെ ഗൃഹപാഠം ചെയ്ത് പരിശ്രമിച്ചാൽ പുതുമനിറഞ്ഞതും മനോഹരമായതുമായ ഒരു ബഹുനിലഭവനം നിർമിച്ചെടുക്കാവുന്നതാണ്. കൂട്ടുനിർമാണത്തിലൂടെ ഏകദേശം 20% മെങ്കിലും നിർമാണച്ചിലവിൽ കുറവും ലഭിക്കും. കൂടുതലായുള്ള അഡ്വാന്റേജ് എന്തെന്നാൽ ഒരുമിച്ച് താമസിക്കുമ്പോഴുള്ള ഐക്യം, ബന്ധുബലം, പരസ്പരസഹായം അങ്ങിനെ കുറേ കാര്യങ്ങൾ കരഗതമാക്കുവാൻ സാധിക്കുമെന്നതാണ്. ഇന്നുള്ള അണുകുടുംബങ്ങളിലെ ജീവിതത്തിനിടയിൽ മിക്കപ്പോഴും കണ്ടുവരുന്ന ഒന്നാണു ആവശ്യമുള്ള സമയത്ത് ഉദാത്തമായ ഒരു സഹായഹസ്തത്തിന്റെ കുറവ്. ആശുപത്രിക്കിടക്കയിൽ പെട്ടു പോകുമ്പോഴാകും ഈ കുറവിന്റെ ഫീൽ ഏറ്റവും കൂടുതൽ അനുഭവപ്പെടുക. ഒരു കൈ മാറിപ്പിടിക്കാൻ ഒരു ബന്ധുമിത്രാദിയുടെ കുറവ് അനുഭവപ്പെട്ടിട്ടുള്ള ആ സമയങ്ങളിൽ എല്ലാ വിങ്ങലുകളും മനസ്സിനുള്ളിലടക്കി അനുഭവിച്ചിരുന്നിട്ടില്ലേ?? കൂടെ ആരുമില്ല എന്ന ആ തോന്നലുകൾ മാത്രം ലഘൂകരിക്കാൻ സാധിച്ചാൽ ഏതു വിഘ്നഘട്ടങ്ങളും തരണം ചെയ്യാൻ നമുക്ക് സാധിക്കും. പൊതുവായി നല്ലൊരു ജിംനേഷ്യം, ബാറ്റ്മിന്റൺ കോർട്ട്, അടുക്കളത്തോട്ടം എന്നിവയൊക്കെക്കൂടി നിർമിച്ചാൽ കൂട്ടായ ആ സാന്നിദ്ധ്യസഹകരണത്തിലൂടെ നിർലോഭം ലഭിക്കുന്ന ആ പോസിറ്റീവ് എനെർജി ഊഹിക്കാവുന്നതിലുമപ്പുറമായിരിക്കും. ഫ്ലാറ്റുകളിലെയോ വില്ലകളിലെയോ പൊള്ളുന്ന വാടക/വില കൊടുക്കാതെ തന്നെ ഇത്തരം സഹകരണാടിസ്ഥാനത്തിൽ നിർമിക്കുന്ന ബഹുഭവനങ്ങൾക്ക് വസ്തു,നിർമാണചെലവുകൾ കുറക്കുവാനും അതിനേക്കാളുപരി സുദൃഢബന്ധമുള്ള ഒരു യൂണിറ്റി കെട്ടിപ്പടുക്കുവാനും സാധിക്കും.

14 comments:

ഹരീഷ് തൊടുപുഴ said...

നിയമപരമായ മുന്നറിയിപ്പ് :- ബ്ലോഗെർമാരോ ബസ്സർമരോ തമ്മിലീ വിധം കൂട്ടുകൂടി ബഹുനിലഭവനമുണ്ടാക്കി; പിൽക്കാലത്ത് കണ്ടാൽ മിണ്ടുല്ലാത്തവരായി മാറിയാൽ ഞാൻ ഉത്തരവാദിയായിരിക്കില്ല കെട്ടോ....!!

:)

പ്രയാണ്‍ said...

ദൂരെയിരുന്നിട്ടുതന്നെ നല്ല ഒത്തൊരുമ .........അതൊന്നുകൂടി അരക്കിട്ടുറപ്പികാം.......:)

Manoraj said...

ബ്ലോഗേര്‍സ് മീറ്റ്, പുസ്തകപ്രസാധനം, കൃഷി, ദേ ഇപ്പോള്‍ വീട് പണി.. ഹരീഷേ.. ഞാന്‍ നമിച്ചു :)

lekshmi. lachu said...

ഇവിടെയും ആധിപത്യം ഉറപ്പിക്കാന്‍ തീരുമാനിചോ..
എന്തായാലും നല്ലകാഴ്ച്ചപാടാണ്.പിന്നെ ഒത്തൊരുമ..
അതൊക്കെ വെറും തോന്നലാ..ഒരു ഒത്തൊരുമ എന്തായാലും
ഉണ്ടാകും..അത് എന്താണെന്ന് പറയേണ്ടതില്ലല്ലോ

ഒഴാക്കന്‍. said...

ഹി ഹി ... ഇനി അടുത്തത് എന്താ

K S Sreekumar said...

നല്ല ആശയം......മതിലുകൾകെട്ടിതിരിച്ചിട്ടും പ്രശനങ്ങൾ തീരുന്നില്ല..

Manikandan said...

നല്ല ആശയം ഹരീഷേട്ടാ.

ചാണ്ടിച്ചൻ said...

നാട്ടില്‍ ഒരു വീട് പണിയാണോ, അതോ നഗരത്തില്‍ ഒരു ഫ്ലാറ്റ് വാങ്ങണോ എന്നൊരു ചോദ്യം 4 കൊല്ലങ്ങള്‍ക്ക് മുന്‍പ്, പ്രവാസിയായ ഞാന്‍ എന്നോട് തന്നെ ചോദിച്ചപ്പോള്‍, താങ്കള്‍ പറഞ്ഞ പോലെ 3 :15 എന്ന സ്കോറില്‍ ഫ്ലാറ്റ് തന്നെ തീരുമാനിക്കപ്പെട്ടു....
അതുകൊണ്ടെന്തായി, കഴിഞ്ഞ തവണ ഇടപ്പള്ളിയിലെ ബ്ലോഗ്‌ മീറ്റിനു വന്നിട്ട്, 5 മിനിട്ട് മാത്രം സഞ്ചരിച്ചു കുമാരന്‍, ഡാക്കിട്ടര്‍, ചിതല്‍, തോന്ന്യാസ്സി എന്നിവരോടൊപ്പം വീട്ടിലിരുന്നു സ്വൈര്യമായി രണ്ടു പെഗ് വിടാന്‍ പറ്റി....
ഇനിയത്തെ കാലത്ത് കമ്മ്യൂണിറ്റി ലിവിംഗ് നേ സ്കോപ്പുള്ളൂ....

നികു കേച്ചേരി said...

ആശയം കൊള്ളാം, പക്ഷേ ഒരല്പം
മാറിയിരിക്കുന്നതല്ലേ നല്ലത്...

കുഞ്ഞൂസ് (Kunjuss) said...

90കളുടെ ആദ്യപാതിയില്‍ മൂന്നു കൂട്ടുകാരുമായി ചേര്‍ന്ന് മദിരാശിയില്‍ പരീക്ഷിച്ചു, വിജയകരമായ ഒന്നായതിനാല്‍ ഞാന്‍ ഈ ആശയത്തെ എന്നും പിന്താങ്ങും.സുഹ്രുത്ബന്ധം, സഹോദരബന്ധമായി പരിണമിച്ച അനുഭവമായിരുന്നു അത്...

Junaiths said...

വല്ലതും നടക്കുമോ?
പഴഞ്ചൊല്ലില്‍ പതിരുണ്ടാകുമോ?

Unknown said...

ആശയം കൊള്ളാം, ഇതും ഒരുതരത്തില്‍ ഫ്ലാറ്റ് പോലെതന്നെയല്ലേ?!

Typist | എഴുത്തുകാരി said...

നല്ല ആശയം. ഏകദേശം ഫ്ലാറ്റ് പോലെ തന്നെയല്ലേ ഇതും.

Kadalass said...

നല്ല ആശയം.......
പക്ഷെ.....
ദിവസവും രണ്ടുദിക്കുകളിലുള്ളവര്‍ കണ്ടും കേട്ടും ബന്ധങ്ങള്‍ നിലനിര്‍ത്തുമ്പോള്‍ തൊട്ടപ്പുറത്തെ ഫ്ലാറ്റില്‍ താമസിക്കുന്നതാരെന്നുകൂടി അറിയാന്‍ മെനക്കടാത്ത കാലം
ആശംസകള്‍!