Tuesday, December 14, 2010

ഗൌതമിയുടെ കറുത്ത രാത്രികൾ..

എതിർവശത്തുള്ള സ്പിന്നിങ്ങ് മില്ലിൽ നിന്നും രണ്ടാം ഷിഫ്റ്റു കഴിഞ്ഞ് ക്ഷീണിച്ചവശരായി ഇറങ്ങിവരുന്ന തൊഴിലാളികളെ വീക്ഷിച്ച് ഒരു വിത്സിനു കൂടി ഞാൻ തീ കൊളുത്തി. മാടക്കടയിലെ ഒരു സൈഡിൽ വിശ്രമിച്ചിരുന്ന കരിങ്കല്ലുബെഞ്ചിൽ കാലിന്മേൽ കാലുംകയറ്റിവെച്ച് ഇരയേയും കാത്ത് അക്ഷമരായി ഇരിക്കുന്ന ബാലമുരളിയുടെയും ജെയിംസിന്റേയും നേരെ ഇടക്കിടയ്ക്ക് ഞാൻ നോട്ടമെറിഞ്ഞുകൊണ്ടിരുന്നു. ഇരയെ എത്തിക്കാം എന്നു വാഗ്ദാനം ചെയ്തു മറഞ്ഞ ഒറ്റക്കാലുള്ള വൃദ്ധനെയും കാത്ത് കടയുടെ പുറകിൽ സ്ഥിതിചെയ്യുന്ന; കണ്ണെത്താദൂരം പടർന്നു കിടക്കുന്നതുമായ പാടത്തേക്ക് അക്ഷമരായി നോക്കിയിരിക്കുകയാണിരുവരും. കൃത്രിമമരക്കാൽ ഘടിപ്പിച്ച അയാളൂടെ ഇടത്തേ കാല് മനസ്സിൽ നിന്നും മാഞ്ഞു പോകുന്നതേയില്ല. നേരം കറുത്തു തുടങ്ങിയിരിക്കുന്നു. പളനിയിലേയ്ക്കു പോകുന്ന ബസ്സുകളിൽ തിരക്കേറിത്തുടങ്ങിയിരിക്കുന്നു. പതിവിനു വിപരീതമായി തണുത്തകാറ്റ് ആഞ്ഞുവീശിത്തുടങ്ങിയിട്ടുണ്ട്. റോഡരുകിൽ നിന്നും പത്തടി താഴെ സ്ഥിതിചെയ്തിരുന്ന തരിശായ പാടങ്ങളിൽ അങ്ങിങ്ങായി നിൽക്കുന്ന കരുവേൽമരത്തിന്റെ ഇലകളെ തെന്നിത്തെറിപ്പിച്ചുകൊണ്ട് മാരുതൻ കണ്ണെത്താദൂരത്ത് പടർന്നുകിടക്കുന്ന തെങ്ങുംതോപ്പുകളുടെ നേരെ അലക്ഷ്യമായി കുതിച്ചുകൊണ്ടിരുന്നു. അടക്കാനാവാത്ത വികാരത്തള്ളിച്ചയോടെ കൈകൾ തമ്മിൽ കോർത്ത് തിരുമ്മിപ്പിടിച്ച് ഒരു വെരുകിനേപ്പോലെ കടത്തിണ്ണയുടെ ഉൾവശത്ത് ഉലാത്തുന്ന ബാലമുരളിയെ നോക്കി രാജുവും അക്ഷമനായിയിരിക്കുന്നു. ഇരയേം കൊണ്ടുള്ള വൃദ്ധന്റെ വരവിനേം കാത്ത് അവരുടെ കണ്ണുകൾ കരുവേൽ മരങ്ങൾക്കിടയിലൂടെ പാടത്തിനപ്പുറത്ത് തെങ്ങിന്തോപ്പിലേയ്ക്ക് ഊളിയിടുന്നുണ്ടായിരുന്നു.


ഇരയുടെ അരക്കെട്ടിനെ ഇടത്തേ കൈ കൊണ്ട് വരിഞ്ഞു മുറുക്കി അവളോട് തൊട്ടുരുമ്മി നടക്കുന്ന ജെയിംസിനോടെനിക്ക് വല്ലാത്ത ദേഷ്യം തോന്നി. മറുസൈഡിൽ തൊട്ടുരുമ്മി രാജുവും. നടക്കുന്നതിനിടയിൽ ഇടയ്ക്കിടയ്ക്ക് അവന്റെ കൈപ്പടം ഇരയുടെ നിതംബത്തിൽ മുറുക്കെ തടവുന്നുമുണ്ട്. ബാലമുരളിയും വൃദ്ധനും മുൻപേ നടക്കുന്നു; ഇരയെ പ്രാപിക്കുവാനുള്ളൊരു മറവുള്ള സ്ഥലവും തേടി നടക്കുകയാണിരുവരും. ഇരുട്ട് നന്നായി കട്ടപിടിച്ച് തുടങ്ങിയിരുന്നു അപ്പൊഴേക്കും. ഗതികെട്ട നേരത്താണിവന്മാരോടൊപ്പം കൂടിയത്. ഷാമോൻ നാട്ടിലേയ്ക്ക് പോയിട്ടില്ലായിരുന്നുവെങ്കിൽ തനിക്കൊരിക്കിലുമിവരെ അനുഗമിക്കേണ്ട ഗതികേട് വരില്ലായിരുന്നു. ചുടലക്കാടിനു സമീപത്ത് തങ്ങൾ താമസിക്കുന്ന വീട്ടിൽ ഈ രാത്രി തനിയെ കഴിച്ചു കൂട്ടാനുള്ള മാനസ്സികധൈര്യം ഇതുവരെ സംഭരിക്കുവാൻ കഴിഞ്ഞിട്ടില്ല. എന്നും വൈകിട്ട് സന്ധ്യ മയങ്ങിക്കഴിഞ്ഞാലുടൻ ചുടലക്കാടിന്റെ അധിപനായ വൃദ്ധൻ തന്റെ ദൌത്യം നിർവഹിക്കുവാൻ ആരംഭിക്കും. ഉഷ്ണദിവസങ്ങളിൽ ടെറസ്സിന്റെ മുകളിൽ കിടന്നുറങ്ങുന്ന രാത്രികളിൽ, മൂത്രശങ്കക്ക് അറുതിവരുത്തുവാനായി പാതി ചിമ്മിയ കണ്ണുകളുമായി എഴുന്നേൽക്കുന്ന അവസരങ്ങളിൽ; അവിടേയ്ക്ക് നോക്കരുത് എന്നു മനസ്സിനെ ശക്തമായി പറഞ്ഞു പഠിപ്പിക്കുമെങ്കിലും, അറിയാതെ മിഴികൾ അകലെ ചുടലക്കാടിനുള്ളിലേയ്ക്ക് പാളിപ്പോകും. ആ സമയത്താകും, ശരിയായി കത്താതിരിക്കുന്ന മൃതദേഹങ്ങൾ തന്റെ ആയുധമായ എട്ടടിയോളം നീളമുള്ള കഴ ഉപയോഗിച്ച് ചങ്കിൽ കൂടിനുള്ളിലേയ്ക്ക് കുത്തിത്തിരുകി, കുത്തി നിവർത്തി എഴുന്നേൽ‌പ്പിച്ചു നിർത്തി മറിച്ചിടുന്നത്. അപ്പോൾ ചങ്കിൻ കൂട്ടിനുള്ളിൽ നിന്നും തീ ആളിക്കത്തുന്നത് കാണാം. ശവം കരിയുന്ന രൂക്ഷഗന്ധം ചുറ്റുപാടും അലയടിക്കും.



ആദ്യ ദൌത്യം ഭംഗിയായി സഫലീകരിച്ച് പൊന്തക്കാട്ടിൽ നിന്നും ഇറങ്ങി; പാടത്ത് നിലാവും കണ്ട് കൊണ്ടിരുന്ന ഞങ്ങളുടെ അടുത്തേയ്ക്ക് വന്നിരുന്ന ബാലമുരളി വൃദ്ധന്റെ കൈയ്യിൽ നിന്നും ഒരു രാജാ ബീഡി വാങ്ങി തീ കൊളുത്തി. വൃദ്ധന്റെ കൈയ്യിൽ നിന്നും ഒരു ബീഡി കൂടി വാങ്ങി തീ കൊളുത്തി; ആദ്യം ഞങ്ങൾ ഇരുന്ന മാടക്കടയിലോട്ട് ഞാനും, എന്റെ കണ്ണുകൾ പായിച്ചു. റോഡിലൂടെ തലങ്ങും വിലങ്ങും പായുന്ന ഹെഡ്ലൈറ്റുകളിലേയ്ക്ക് നോക്കി അടുത്ത ഊഴവുമായി പോയ ജെയിംസ് വരുന്നതും കാത്ത് അക്ഷമനായി ഞാനിരുന്നു. അതു കൂടി കഴിഞ്ഞാൽ ഈ നശിച്ച സ്ഥലത്തുനിന്നും രക്ഷപ്പെടാമായിരുന്നു; എന്ന് ഉള്ളം ഓരോ ഹൃദയമിടിപ്പിനും അനുസൃതമായി മന്ത്രിച്ചു കൊണ്ടിരുന്നു.



വല്ലാത്തൊരു ചെയ്ത്തായിപ്പോയി ഈ പഹയന്മാർ തന്നോട് ചെയ്തത്. ഇരയുടെ സൌന്ദര്യം മുഴുവൻ ഊറ്റിക്കുടിച്ചിട്ടും തൃപ്തിയാകാതെ അവളൂടെ പ്രലോഭനങ്ങൾക്കു മനസ്സ് വിട്ടു കൊടുത്ത് അവൾ വസിക്കുന്ന ഉൾഗ്രാമത്തിലേക്കു യാത്രയായപ്പോൾ, ഗത്യന്തരമില്ലാതെ അവരെ അനുഗമിക്കാൻ ഞാനും നിർബന്ധിതനായി. സമയം പത്തുമണിയോടടുത്ത് തുടങ്ങിയിരുന്നു. ഉൾഗ്രാമത്തിലെ ഏതോ പേരറിയാത്ത സന്ധിൽ(തെരുവിൽ) കൂടി അഞ്ചംഗസ്സംഘത്തെ നിസ്സഹായനായി പിന്തുടരുമ്പോൾ; സംഭവിച്ചേക്കാവുന്ന ഭവിഷത്തുകൾ തലയ്ക്കുള്ളിൽ ടൂബ് ലൈറ്റ് മിന്നുന്നപോലെ കത്തികൊണ്ടിരുന്നു. തീപ്പെട്ടിക്കൂട് അടുക്കിയടുക്കി പണിതു വെച്ചിരിക്കുന്ന പോലെ പണിതുണ്ടാക്കിയിട്ടുള്ള മിക്ക ഭവനങ്ങളിലെയും ഉമ്മറപ്പടിയിൽ മുനിഞ്ഞു കത്തുന്ന അരിക്കലാമ്പിന്റെ പ്രകാശത്തിൽ അന്നത്തെ അന്നത്തിനു വേണ്ടി ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്ന വികാരദരിദ്രമായ ഒട്ടേറെ കണ്ണുകൾ കാണാമായിരുന്നു. ഉമ്മറപ്പടിയിൽ അരിക്കലാമ്പിന്റെ പ്രകാശമില്ലാത്ത വീടുകളെ; അന്നേയ്ക്ക് അന്നദാതാവ് അനുഗ്രഹിച്ചിരിക്കുന്നു എന്നാണത്രേ.. പൊരുൾ!



ഇരയുടെ വീടിന്റെ ഉമ്മറത്ത്; പ്രധാന വാതിൽപ്പാടിയിൽ ചാരി ശൃഗാരഭാവത്തിൽ കൂസലന്യേന നിന്നിരുന്ന അവരുടെ മകളെ അടിമുടി നിരീക്ഷിച്ച് ആർത്തിയോടെ നയനഭോഗം ചെയ്തിരിക്കുന്ന രാജുവിനേം ജെയിംസിനേം നോക്കി ഞാൻ നെടുവീർപ്പിട്ടു. സ്വന്തമായി വാറ്റിയുണ്ടാക്കിയ ചാരായമെന്ന് അവകാശപ്പെട്ട്; ബാലമുരളിയുടെ അടുത്തിരുന്ന് നിർലോഭം വിളമ്പിക്കൊടുത്തുകൊണ്ടിരുന്ന ഇരയെ ഞാൻ സാകൂതം വീക്ഷിച്ചു. ഏകദേശം നാല്പതോടടുത്ത അവരുടെ കണ്ണുകൾക്ക്; അന്നത്തെ കസ്റ്റമേർസിന്റെ ബാഹുല്യമോർത്താകണം നന്നായി തിളക്കംവെച്ചിരുന്നു. വാറ്റുചാരായത്തിന്റെയും വൃദ്ധൻ പുകച്ചു തള്ളികൊണ്ടിരുന്ന ചുരുട്ടിന്റെയും രൂക്ഷഗന്ധം അന്തരീക്ഷത്തിലങ്ങുമിങ്ങും തളം കെട്ടിത്തുടങ്ങിയിരുന്നു. മനസ്സും ഭയം മൂലം പതറിത്തുടങ്ങി. ഇതിലും ഭേദം ചുടലക്കാട് തന്നെയായിരുന്നുവെന്ന്; ഉള്ളിലിരുന്ന് ആത്മഗതം ചെയ്യുന്നുണ്ടായിരുന്നു.

“തമ്പീ; ഭയപ്പെടവേണാ.. ഇങ്കെ പാതുകാപ്പ് നല്ലാവേ ഇരുക്ക്.. പോലീസ് പീലീസ് അപ്പടി ഇപ്പടി ഒന്നുമേ ഇന്ത ഏരിയാവുക്കേ വരാത്; എല്ലാമേ പാത്ത് വെച്ചിരുക്ക്, കവലപ്പെടാതെ..”

പേടിച്ചരണ്ട് പതറി മോഹാത്സ്യപ്പെടാൻ വെമ്പി നിൽക്കുന്ന തന്റെ മുഖഭാവം കണ്ടാകണം വൃദ്ധൻ അങ്ങിനെ പ്രസ്തവിച്ചത്. നിസ്സംഗതയോടെ ഒരു നോട്ടം വൃദ്ധനു നേരെ പായിച്ച്; നീണ്ടുനിവർന്ന് കിടക്കുന്ന വിജനമായ സന്ധിലൂടെ പതിയെ ഉലാത്തുവാൻ ആരംഭിച്ചു. ചിലയിടങ്ങളിൽ വഴിയരുകിൽ മാടുകളെപ്പോലെ; വെറും മണ്ണിൽ പായവിരിച്ച് സുഖസുഷുപ്തിയിൽ മുഴുകിക്കിടക്കുന്ന പുരുഷന്മാരെയും കുട്ടികളെയും കാണുവാനെനിക്ക് കഴിഞ്ഞു. തന്റെ ഭാര്യയെ, അമ്മയെ, മകളെ അന്യ പുരുഷന്റെ കൂടെ അന്തിയുറങ്ങാൻ വിട്ടിട്ട് മക്കളെം കെട്ടിപ്പിടിച്ച് വെളിയിലെ തണുപ്പിൽ വെറും പൂഴിയിൽ കിടന്ന് എല്ലാം മറന്നുറങ്ങുന്ന അവരുടെ മാനസികാവസ്ഥ എനിക്കപ്പോൾ ദഹിക്കുവാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ; പത്തു മിനിട്ടിനുള്ളിൽ ആ സാധു മനുഷ്യരുടെ അവഹേളിക്കപ്പെടുന്ന നിസ്സഹായത എങ്ങിനെ ഉണ്ടാകുന്നുവെന്നെനിക്ക് അനുഭവിച്ചറിയേണ്ടി വരുമെന്ന് സ്വപ്നേനി നിനച്ചിരുന്നില്ല..!!



പരിചിതമായൊരു ഒരു കിളിനാദം കാതിൽ വന്നു പതിച്ചപ്പൊഴെപ്പോഴോ; പൊടുന്നനേ ഉലാത്തൽ നിർത്തി എവിടെ നിന്നാണതിന്റെ ഉറവിടമെന്ന് ശ്രദ്ധിക്കുവാൻ ശ്രമിച്ചു. തൊട്ടു മുൻപിൽ; ഓലകൊണ്ട് കെട്ടി മറച്ച കുടിലിനുള്ളിൽ നിന്നാണതിന്റെ ആഗമനം എന്നു തിരിച്ചറിഞ്ഞപ്പോൾ, ആ മധുര ശബ്ദം എവിടെയോ കേട്ട് നല്ല പഴക്കമുള്ളതാണല്ലോ എന്ന ആകാംക്ഷയിൽ; അതിന്റെ ഉടമ ആരെന്നറിയുവാനുള്ള ജിജ്ഞാസ ഹൃത്തിൽ അകാരണമായി ത്രസിച്ചു കൊണ്ടിരുന്നു. മലയാളിയെന്നും മലയാളി തന്നെ..!! ജിജ്ഞാസ അടക്കുവാനാകാതെ; ഓലകൊണ്ട് കെട്ടിമറച്ചുണ്ടാക്കിയ ജനൽപാളി പതിയെ തുറന്ന് ഒളിഞ്ഞു നോക്കിയ ആ നിമിഷം, ഓലജനൽ തുറന്നപ്പോൾ മുളയുടെ വാരികൾ തമ്മിൽ ഉരഞ്ഞുണ്ടായ ചെറിയ കിരുകിരാ ശബ്ദം നിമിത്തം പൊടുന്നനേ മധുരശബ്ദത്തിന്റെ ഉടമ ഞെട്ടി തിരിഞ്ഞു നോക്കി. കണ്ണുകൾ തമ്മിൽ കോർത്തുടക്കിയ നിമിഷം തന്റെ സപ്തനാടികളും തളർന്നു പോയി..

“ഗൌതമി..!!“
തല പെട്ടന്ന് പിൻവലിച്ചു. തിരിഞ്ഞോടുവാൻ കാലുകൾ വെമ്പി. തന്റെ ക്ലാസ്സിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയെ ഈ അവസ്ഥയിൽ കണ്ടത് പെട്ടന്ന് അംഗീകരിച്ചെടുക്കുവാൻ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല. ആലസ്യം പൂണ്ട് മയങ്ങാന്നാരംഭിക്കുന്ന ആരുടെയോ കൂടെ; കട്ടിലിൽ തലയ്ക്കലിരുന്ന് ബ്ലൌസിന്റെ ഹുക്കുകൾ തമ്മിൽ യോജിപ്പിക്കുന്ന അവളെ അനവസരത്തിൽ കണ്ടതിന്റെ ജാള്യതയിൽ സ്തബ്ധനായി ഒരു നിമിഷം ഞാൻ നിന്നു പോയി. ഉടൻ തിരിഞ്ഞു നടന്നു.
“ഉല്ലാസ്..; നില്ലുങ്കോ..”
ശെന്തമിഴ് കലർന്ന മധുരശബ്ദം തന്റെ കാലടികളെ നിശ്ചലമാക്കി..
“നീ; എതുക്ക് ഇങ്കെ വന്തേ..?? പക്കത്തിലേ വന്ത് ശൊല്ല്..”
ഇളിഭ്യതയോടെ ഞാൻ തിരിഞ്ഞവളൂടെ നേർക്കു നോക്കി. ചങ്കിനുള്ളിൽ പടപടാന്ന് പെരുമ്പറകൊട്ടുന്നുണ്ടായിരുന്നു. അചഞ്ചലനായി നിന്ന എന്റെയടുത്തേക്ക് അവൾ ഓടിയിറങ്ങി വന്നു; എന്നിട്ടാരാഞ്ഞു..
“എതുക്കെടാ ഇങ്കേ വന്നേ..?? വിളയാട്ടുക്കാ..?”
“ഹേയ്; ഞാൻ.. ചുമ്മാ.. വെറുതേ.. ഫ്രെണ്ട്സ് കൂടെ വന്തേ; അപ്പടീം ഇപ്പടീം ഒന്നുമേയില്ലൈ”
മറുപടി കൊടുക്കുമ്പോൾ നാവു വരളുന്ന പോലെ തോന്നി.
“ഹേയ്; ശുമ്മാ.. നീ പൊളി ശൊല്ലാതേ.. നീ എന്തിനാ ഇന്ത ഊരുക്ക് വന്തതെന്നു എനക്ക് തെരിയും; നീ വെയ്റ്റ് പണ്ണ്.. ഞാൻ അന്ത ആളെ ശീഘ്രമാ അനുപ്പിവിടറേൻ.. വെയിറ്റ് ടാ”
“ഹേയ്; അങ്ങിനെയൊന്നിനുമല്ല.. ഞാൻ പോട്ടെ”
“ ഹേയ്; നില്ലെടാ.. നീ എതായാലും വന്നതല്ലേ.. ഇന്ത ഇരവു നമുക്കു മട്ടും; അയാളെ ഞാൻ പറഞ്ഞു വിടട്ടെ..”
“വേണ്ടാ; ഞാൻ അന്ത ടൈപ്പല്ലൈ, വരട്ടുമാ..”
ഇത്തവണ അവളൂടെ മുഖം വല്ലാതായി. നയനങ്ങൾ ഈറനണിങ്ങിരുന്നു. പരോക്ഷമായി ഞാൻ കൊടുത്ത മറുപടി അവളുടെയുള്ളിൽ കൊണ്ടിട്ടുണ്ടാകണം. അവൾ ഗദ്ഗദത്തോടെ വിങ്ങി..
“എന്തിനാ; ഗൌതമീ.. ഇതൊക്കെ, തേവയാ ഉനക്ക്..??”
വിങ്ങിപ്പൊട്ടാൻ തുടങ്ങിയ മിഴികൾ പെട്ടന്ന് ശാന്തമായി. പ്രസന്നമായൊരു പുഞ്ചിരി സമ്മാനിവൾ പക്വതയോടെ തിരിച്ചു മറുപടി തുടങ്ങി.
“ഉല്ലാസ്; ഉങ്കളമാതിരി ഊരല്ലെ ഇത്.. നാങ്കൾ ഏഴൈകൾ.. ഒരു നേരത്തെ സ്വാദം സാപ്പിടതുക്ക്..
അപ്പുറം.. പഠിക്കവെക്കതുക്ക്.. നാളെയ്ക്ക് നല്ലൊരു വാഴ്കൈ കെടക്കതുക്ക്..”
“അതിനു ഇതാണൊ പോംവഴി..??”
“ഫ്രെണ്ട്; ഇങ്കെ ഉങ്ക ഊരു മാതിരി വേലൈ ഒന്നുമേ കെടക്കാത്; കൂലി ഒന്നുമേ ജാസ്തിയാ കെടക്കമാട്ടേംഗെ.. അപ്പോൾ എപ്പടി പെരിയ ഫീസ് എല്ലാമേ കെട്ടിടുവാങ്ഗേ.. അപ്പോത് ഇപ്പടിയെല്ലാം ആയിടും.. അതു മട്ടുമല്ലെ നാളെയ്ക്ക് നല്ലൊരു വേലൈ കെടച്ചാൽ ഇന്ത വേലൈയെല്ലാം നിപ്പാട്ടി വേറെ ഊരിലേ പോയി ജാളിയായ് വാഴ്കലാം..”
മറുപടിയായൊരു പുഞ്ചിരി സമ്മനിച്ച് ഞാൻ തിരിഞ്ഞു നടന്നു. അറിയാം; കുടിലിന്റെ സൈഡിൽ കിടന്നുറങ്ങുന്ന പിഞ്ച് കുഞ്ഞുങ്ങളും അവരുടെ കൂടെ കിടന്നുറങ്ങുന്ന ചുള്ളിക്കമ്പ് പോലിരിക്കുന്ന സ്ത്രീക്കും വേണ്ടിയാണു നീ ഈ അർദ്ധരാത്രിയിൽ ഉറക്കമൊഴിച്ചിരിക്കുന്നതെന്ന്.. പക്ഷേ; നാളെ നിനക്ക് നല്ലൊരു വാഴ്കൈ ലഭിക്കുമ്പോഴേയ്ക്കും.. അതനുഭവിക്കാൻ നിന്റെ ഉള്ളിൽ പച്ചപ്പ് ഉണ്ടാകുമോ.. നിർന്നിമേഷയായി തന്നെ നോക്കി നിൽക്കുന്ന ഗൌതമിയിൽ നിന്നോടി ഒളിക്കാൻ ഞാനെന്റെ കാലടികൾ നീട്ടിവെച്ച് നടന്നു..

22 comments:

ഹരീഷ് തൊടുപുഴ said...

ചുടലക്കാടിനു സമീപത്ത് തങ്ങൾ താമസിക്കുന്ന വീട്ടിൽ ഈ രാത്രി തനിയെ കഴിച്ചു കൂട്ടാനുള്ള മാനസ്സികധൈര്യം ഇതുവരെ സംഭരിക്കുവാൻ കഴിഞ്ഞിട്ടില്ല. എന്നും വൈകിട്ട് സന്ധ്യ മയങ്ങിക്കഴിഞ്ഞാലുടൻ ചുടലക്കാടിന്റെ അധിപനായ വൃദ്ധൻ തന്റെ ദൌത്യം നിർവഹിക്കുവാൻ ആരംഭിക്കും. ഉഷ്ണദിവസങ്ങളിൽ ടെറസ്സിന്റെ മുകളിൽ കിടന്നുറങ്ങുന്ന രാത്രികളിൽ, മൂത്രശങ്കക്ക് അറുതിവരുത്തുവാനായി പാതി ചിമ്മിയ കണ്ണുകളുമായി എഴുന്നേൽക്കുന്ന അവസരങ്ങളിൽ; അവിടേയ്ക്ക് നോക്കരുത് എന്നു മനസ്സിനെ ശക്തമായി പറഞ്ഞു പഠിപ്പിക്കുമെങ്കിലും, അറിയാതെ മിഴികൾ അകലെ ചുടലക്കാടിനുള്ളിലേയ്ക്ക് പാളിപ്പോകും. ആ സമയത്താകും, ശരിയായി കത്താതിരിക്കുന്ന മൃതദേഹങ്ങൾ തന്റെ ആയുധമായ എട്ടടിയോളം നീളമുള്ള കഴ ഉപയോഗിച്ച് ചങ്കിൽ കൂടിനുള്ളിലേയ്ക്ക് കുത്തിത്തിരുകി, കുത്തി നിവർത്തി എഴുന്നേൽ‌പ്പിച്ചു നിർത്തി മറിച്ചിടുന്നത്. അപ്പോൾ ചങ്കിൻ കൂട്ടിനുള്ളിൽ നിന്നും തീ ആളിക്കത്തുന്നത് കാണാം.

faisu madeena said...

ഒന്നും പറയാനില്ല ....ആ ചുടലക്കാടും ഗൌതമിയും എല്ലാം മനസ്സില്‍ നിന്ന് പോകാന്‍ കുറെ കാലം എടുക്കും ......

ഹരീഷ് ബായ് ..വളരെ നന്നായി എഴുതി{ഞാന്‍ പറയേണ്ട കാര്യമില്ല എന്നറിയാം}...കഥ എനിക്കിഷ്ട്ടപ്പെട്ടു..

Typist | എഴുത്തുകാരി said...

നന്നായിരിക്കുന്നു ഹരീഷ്. ഇതു കഥയാണെങ്കിലും, നമ്മളറിയാത്ത എത്രയോ ജീവിതങ്ങൾ ഉണ്ടാവാം, ഇതുപോലെ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മനസ്സില്‍ ഒരു നൊമ്പരം ബാക്കിയാക്കിയ കഥ!
ആദ്യ കമന്റ് ശരിക്കും ഭയപ്പെടുത്തി.ആ വൃദ്ധനും അവസാനം ഈ ഗതി വരില്ലേ എന്ന് അയാള്‍ സ്വയം ചിന്തിക്കുന്നുണ്ടാകുമോ?

ചാണ്ടിച്ചൻ said...

ഒരുപാട് ചോദ്യങ്ങള്‍...ഉത്തരമില്ലാതെ...
നന്നായി എഴുതി...ഹരീഷ്....

Junaiths said...

നന്നായിരിക്കുന്നു മച്ചു..അല്ല എന്നാ ഈ തമിഴൊക്കെ പഠിച്ചത്..സോല്ലുങ്കോ അണ്ണാ എവ്വളവ് അഴഗായ് തമിള്‍ പേശറേന്‍..

ഹരീഷ് തൊടുപുഴ said...

മാപ്ലൈ ജുനൈദ് അണ്ണാച്ചീ..
ഉൻ ഫോൻ നമ്പെറ്ക്കാഹെ ഞാൻ നേത്ത് ഒരു ചാറ്റ് പോട്ടിരുന്തേ.. നമ്മ അയർലൻഡ് മച്ചാനുക്കാഹെ..!!

ഹിഹിഹി
ചുള്ളാ നംബെർ മെയിൽ ചെയ്യടാ..
അളീയൻ ഇന്നലെ വിളിച്ചിരുന്നു..:)

Manoraj said...

ഹരീഷേ.. സൂപ്പര്‍. എന്ത് പറയണമെന്ന് അറിയില്ല.. അത്രക്ക് മനോഹരമാ‍യ എഴുത്ത്. തമിഴ്‌നാട്ടില്‍ പഠിച്ചതിന്റെ തമിഴ് ഗുണം കാണാം. പിന്നെ ഒരു സംശയം.. എന്താ ഈ കരുവേല്‍മരം.. ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്.

മത്താപ്പ് said...

പഴയൊരു കഥയില്‍ നിന്നിറങ്ങി നടക്കുന്ന ജീവിതങ്ങള്‍.
റീപ്രിന്റുകള്‍ പലതു വന്നിട്ടും, തെറ്റുകള്‍ തിരുത്തപ്പെടുന്നില്ല.....

എന്‍.പി മുനീര്‍ said...

നല്ല കഥ ..നന്നായി എഴുതിയിട്ടുണ്ട്.പശ്ഛാത്തലം കഥയില്‍ വ്യക്തമായി ചിത്രീകരിച്ചത് കൊണ്ട്
എല്ലാം മനസ്സില്‍ കാണാനായി.

SUJITH KAYYUR said...

manassil thangi nilkunna kadha

പ്രയാണ്‍ said...

നന്നായി എഴുതി ഹരീഷ്..എന്റെ മനസ്സിപ്പൊ ഇതാ ".............." ഇങ്ങിനെ

chithrangada said...

ഹരിഷ് ,വളരെ നന്നായിട്ടുണ്ട് .
ഹൃദയത്തില് തൊടുന്ന ഭാഷ !
മനോഹരം .....
ഒരു നൊമ്പരം മനസ്സില് ബാക്കിയായി ...........

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നന്നായിട്ടുണ്ട്...മനസിലൊരു നൊമ്പരം ബാക്കി...

ബിന്ദു കെ പി said...

വളരെ നന്നായിട്ടുണ്ട് ഹരീഷ്.....
ഇതുവരെ എഴുതിയിട്ടുള്ളതിൽ വച്ച് ഈ കഥ ഭാഷ കൊണ്ടും ശൈലികൊണ്ടും എറ്റവും മുന്നിൽ നിൽക്കുന്നു.

jayanEvoor said...

തകർപ്പൻ എഴുത്ത്!
അഭിനന്ദനങ്ങൾ!

Muralee Mukundan , ബിലാത്തിപട്ടണം said...

സൂപ്പറാക്കി എഴുതിയിരിക്കുന്നു കേട്ടൊ ഹരീഷ് അതും നല്ല നൊമ്പരങ്ങൾ ചാലിച്ച് ചേർത്ത് കൊണ്ട്..

Vayady said...

ഒരു നേരത്തെ ആഹാരത്തിനു വേണ്ടി സ്വന്തം ശരീരം വില്‍ക്കേണ്ടി വരുന്ന നിസ്സഹായരായ എത്രയെത്ര ഗൗതമികളാണ്‌ നമുക്കു ചുറ്റിലും..

മനസ്സ് വേദനിച്ചു. വളരെ നന്നായി, ഒഴുക്കോടെ എഴുതി. ഇഷ്ടമായി.

abith francis said...

ഹരീഷേട്ടാ...ഒന്നും പറയാനില്ല...തകര്‍ത്തു...
'തണല്‍' പറഞ്ഞപോലെ ആദ്യത്തെ കമന്‍റ് വായിച്ചപ്പോള്‍ ശരിക്കും ഒരു പേടി...അതുപോലെ ഈ കരുവേല്‍ മരം എന്നതാ??മനു ചോദിച്ച ഡൌട്ട് തന്നെയാണേ...

അശോകന്‍ പടിയില്‍ said...

സത്യം പറയാമല്ലോ.. ഹരീഷിന്റെ ഈ എഴുത്ത് നന്നായങ്ങു ബോധിച്ചു. ആത്മാര്‍ത്ഥമായിത്തന്നെ പറയുന്നതാ. നന്നായിട്ടുണ്ട്.

K S Sreekumar said...

“ഫ്രെണ്ട്; ഇങ്കെ ഉങ്ക ഊരു മാതിരി വേലൈ ഒന്നുമേ കെടക്കാത്; കൂലി ഒന്നുമേ ജാസ്തിയാ കെടക്കമാട്ടേംഗെ.. അപ്പോൾ എപ്പടി പെരിയ ഫീസ് എല്ലാമേ കെട്ടിടുവാങ്ഗേ.. അപ്പോത് ഇപ്പടിയെല്ലാം ആയിടും.. അതു മട്ടുമല്ലെ നാളെയ്ക്ക് നല്ലൊരു വേലൈ കെടച്ചാൽ ഇന്ത വേലൈയെല്ലാം നിപ്പാട്ടി വേറെ ഊരിലേ പോയി ജാളിയായ് വാഴ്കലാം..”
ഇത്തരം ശുഭപ്രതീക്ഷളുമായി നൊമ്പരം പേറി ജീവിക്കുന്ന ഒരുപാട് കഥാപാത്രങ്ങളുണ്ട് നമുക്ക്ചുറ്റും, നല്ല കഥ.

lekshmi. lachu said...

ഞാന്‍ ഇവിടെ എത്താന്‍ ഏറെ വൈകിപ്പോയി.
ഞാന്‍ ആലോചിക്കുകയാ എന്താ പറയണ്ടേ എന്ന്..
വായിക്കുമ്പോ ശെരിക്കും എല്ലാം മനസ്സിലൂടെ
കടന്നു പോയി ..വളരെ ടചിങ്ങായ ഒരു കഥ..കൂടുതല്‍
എന്താപറയേണ്ടത് എന്നറിയില്ല്യ..ഒന്നുമാത്രം പറയാം..
എനിക്കേറെ ഇഷ്ടപ്പെട്ടു...