Sunday, November 28, 2010

ഒരു L E D പുരാണം !!

L E D എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ലൈറ്റ് എമിറ്റിങ്ങ് ഡയോടുകൾ ഏവർക്കും സുപരിചിതമണല്ലോ ഇപ്പോൾ.. അതിനെ വ്യവസായിക അടിസ്ഥാനത്തിൽ ഉല്പാദിപ്പിച്ച് വിതരണം ചെയ്യും തോറും ഊർജ്ജസംരക്ഷണമേഖലയിൽ പുത്തനൊരു വഴിത്തിരിവിനു തന്നെ കാരണമാകും.
തുലോം കുറവായ വൈദ്യുതി ഉപഭോഗമാണു ടി. ലൈറ്റുകളൂടെ ശ്രേണിയിലൂടെ സാദ്ധ്യമാകുന്നത്.
1.5V ആണു ഒരു എൽ.ഇ.ഡി പ്രവർത്തികാനാവശ്യമായ വോൾട്ടേജ്. സീരിയലായി ഘടിപ്പിച്ച് അതിലൂടെ വൈദ്യുതിയെ പ്രവഹിപ്പിക്കുമ്പോൾ ഉജ്ജലപ്രകാശം തന്നെയാണവ തരുന്നത്.


L E D ഇന്നിത്രയ്ക്ക് ജനസമ്മതി നേടുമ്പോൾ; 1992 ലെ മെട്രികുലേഷൻ പഠന കാലഘട്ടത്തിലെ ചില രസകരങ്ങളായ മുഹൂർത്തങ്ങളാണു എന്റെ മനസ്സിൽ നിറയുന്നത്. അക്കാലത്തെ എന്റെ സതീർത്ഥ്യനായ ജോബിയിൽ നിന്നാണു ഞാൻ ആദ്യമായി എൽ.ഇ.ഡി കാണുന്നതും; അതിന്റെ ഉപയോഗക്രമങ്ങളെ പറ്റി പഠിക്കുന്നതും. 1.5 ന്റെ പെൻ ടൊർച്ച് ബാറ്റെറിയിലെ പൊളാരിറ്റികളിലേയ്ക്ക് എൽ.ഇ.ഡി യുടെ ടെർമിനലുകൾ ഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രകാശത്തെ അത്യന്തം അത്ഭുതത്തോടെയാണന്നു വീക്ഷിച്ചത്. ആ കാലത്താണു ഞാൻ ബി എസ് എ യുടെ ഒരു സൈക്കിൾ സ്വന്തമാക്കുന്നത്. പരസ്പരധാരണപ്രകാരം തന്റെ സൈക്കിളിൽ ജോബിയെ ഓടിക്കുവാൻ പഠിപ്പിക്കുക വഴി ടി. എൽ ഇ ഡി യുടെ സൂത്രപ്പണികൾ ടി.യാൻ എന്നിലേയ്ക്ക് പകർന്നുതരുകയുമുണ്ടായി. ഇനിയാണു സംഭവം. അന്നത്തെക്കാലത്ത് പതിവായി വായനശാലയിൽ കയറിനിരങ്ങുക എന്നൊരു കർത്തവ്യം ഞാൻ നിത്യേന അനുഷ്ഠിച്ചു പോന്നിരുന്നു. പത്താംക്ലാസ്സിൽ ആയിരുന്നതിനാൽ സാഹിത്യരചനാസംബന്ധിയായ പുസ്തകങ്ങൾ വീട്ടിൽ എവിടെയെങ്കിലും ഇരിക്കണതു കണ്ടാൽ കാർന്നോന്മാർക്ക് ഹാലിളകുമായിരുന്നു. എനിക്കാണെൽ കോട്ടയം പുഷ്പരാജിനേം, ഹെർകൂൾ പൊയ്രോട്ടിനേം, ഹോംസണ്ണനേം, ചില്ലക്കാട്ടെ വിനൂനേം.. ഒക്കെ ഒരു ദിവസമെങ്കിലും കണ്ടില്ലേൽ നിദ്രാദേവി അനുഗ്രഹിക്കാത്തൊരു അസ്കിതയും. പകൽ രാത്രി ഭേദമന്യേ എന്റെ പുറകേന്നു മാറാതെ നിരീക്ഷിച്ചു നടക്കുന്ന ഇവരെ പറ്റിച്ച്; വായനക്കുവേണ്ടി സമയം കണ്ടെത്താനെന്തു വഴി. ഞാൻ കൂലങ്കഷമായി ചിന്തിച്ചു. അവസാനം ഞാനൊരു വഴി കണ്ടത്തി. ഇത്തിരി പൈസ സ്വരൂപിച്ചു കൂട്ടി ടൌണിൽ പോയി അഞ്ചാറു പച്ച എൽ ഇ ഡിയും, കുറച്ച് വയറും, ഒരു ബ്രഡ്ബോർഡും സ്വന്തമാക്കി. ഇന്നത്തേപോലെ അന്ന് വെള്ള എൽ ഇ ഡി സുലഭമായിരുന്നില്ല. ജോബിയുടെ പരിചയത്തിലൂള്ള ഒരു ടെക്നീഷന്റെ അടുത്ത് നിന്ന് ആയവ ബ്രദ്ബോർഡിൽ സോൾഡെർ ചെയ്ത് ഘടിപ്പിക്കുകയും ചെയ്തു. ഇനിയാണു രസം. രാത്രി ഞാൻ ഉറങ്ങാനെന്ന വ്യാജേന മൂടിപ്പുതച്ചു കിടക്കും. ഹോ.. അവൻ ഇത്രേം നേരം പഠിച്ച് ക്ഷീണിച്ചവശനായി കിടന്നുറങ്ങുന്നതല്ലേ; എന്നു കരുതി എന്നെ ശല്യപ്പെടുത്താതെ കാർന്നോന്മാർ അവരുടെ മാളത്തിലെയ്ക്കും വലിയും. അപ്പോഴാണു നമ്മുടെ രണ്ടാമങ്കം തുടങ്ങുന്നത്. ആസകലം മൂടിപ്പുതച്ചിരിക്കുന്ന പുതപ്പിനടിയിൽ നീണ്ട് നിവർന്നു കീടക്കുന്ന, എന്റെ നെഞ്ചിൽ എൽ ഇ ഡി ഘടിച്ചിരിക്കുന്ന ബ്രഡ്ബോർഡ് എടുത്ത് വായിക്കാനെടുക്കുന്ന ബുക്കിനു നേർസമാന്തരമായി ഉറപ്പിച്ചു വെയ്ക്കും. രണ്ട് പെൻ ബാറ്റെറിയുടെ ചാർജിന്റെ ഫലമായി പുതപ്പിനുള്ളിൽ പ്രകാശപൂരിതമാകും !!
അങ്ങിനെ ഞാൻ.. ഭൂതമഗലത്ത് ക്ഷേത്രത്തീലൂടെയും, പുല്ലാനി മലയുടെ ചെരിവുകളിലൂടെയും, ലണ്ടൻ നഗരത്തിലെ ഓരോ സ്ട്രീറ്റിലൂടെയും, ഡ്രാക്കുളായുടെ കോട്ടയിലെ രക്തമുറഞ്ഞു കിടക്കുന്ന ഗുഹകളിലൂടെയും, കുറ്റാകൂരിരട്ടത്ത് കോട്ടയം നഗരത്തിലൂടെ ചീറിപ്പായുന്ന അംബിയിലൂടെയും.. യാത്ര ചെയ്തു കൊണ്ടിരിക്കും !! ഏതായാലും ഈ സംഗതി മൂലം ഗുണദോഷസമ്മിശ്രയായ ഒട്ടേറെ സംഭവങ്ങൾക്ക് വഴി തെളിച്ചു. പത്താം ക്ലാസ്സിൽ പ്രതീക്ഷിച്ചതിലും മാർക്ക് കുറഞ്ഞതു കൊണ്ട്; തമിഴ്നാട്ടിലേയ്ക്ക് പറിച്ചു നടപ്പെട്ടു. അതും; ഞിജ്ഞാസാപൂർണ്ണമായ ഹൃത്തിനു സ്വാന്തനമേകാനെന്ന വണ്ണം ഇലെക്ട്രോണിക്സ് ഡിപ്ലോമായ്ക്കു തന്നെ ചേരുവാൻ കഴിഞ്ഞു. അതോടെ സൂക്കേടും തീർന്നു !!


അപ്പോൾ പറഞ്ഞു വന്നത് ഇതൊന്നുമല്ലാ. എൽ ഇ ഡി ലൈറ്റ് കണ്ടു പിടിച്ചേ.. യൂറീക്കാ.. എന്നൊക്കെ വീരവാദ്യം മുഴക്കി അലമുറയിടുന്നവർ ഒന്നോർക്കുക; ഏകദേശം പതിനെട്ട് വർഷങ്ങൾക്കു മുൻപേ ഞാനതിന്റെ പേറ്റന്റ് എടുത്തതാ !! എന്നോട് കളിക്കണ്ടാ..!!

21 comments:

ഹരീഷ് തൊടുപുഴ said...

അപ്പോൾ പറഞ്ഞു വന്നത് ഇതൊന്നുമല്ലാ. എൽ ഇ ഡി ലൈറ്റ് കണ്ടു പിടിച്ചേ.. യൂറീക്കാ.. എന്നൊക്കെ വീരവാദ്യം മുഴക്കി അലമുറയിടുന്നവർ ഒന്നോർക്കുക; ഏകദേശം പതിനെട്ട് വർഷങ്ങൾക്കു മുൻപേ ഞാനതിന്റെ പേറ്റന്റ് എടുത്തതാ !! എന്നോട് കളിക്കണ്ടാ..!!

അനില്‍@ബ്ലോഗ് // anil said...

ശരി ശരി ..
പേറ്റന്റ് തരാന്‍ എന്റെ ശുപാര്‍ശ തന്നിരിക്കുന്നു.
:)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പുതപ്പിനടിയില്‍ എങ്ങനെ സുഖമായി വായന നടത്താം എന്നത് കണ്ടു പിടിച്ചതിനു ഒരു 'നോബല്‍' സമ്മാനം ആയാലോ?

jayanEvoor said...

ഫീകരൻ!

ചാണ്ടിച്ചൻ said...

ഇപ്പോഴത്തെ പിള്ളേരും പുതപ്പിനടിയിലുള്ള "വായനക്ക്" മിടുക്കന്മാരാ....അവരുടെ കൈയില്‍, ഐപാഡും, ഐഫോണും ആണെന്ന് മാത്രം...

ആളവന്‍താന്‍ said...

പുതപ്പിനടിയില്‍ സംഭവിച്ചത്....! അടുത്ത ഡിറ്റക്ടീവ് കഥ ഇന്ന് ആരംഭിക്കുന്നു.!!

മൻസൂർ അബ്ദു ചെറുവാടി said...

വായിച്ചു തുടങ്ങിയപ്പോള്‍ കരുതി സയന്‍സ് ആണെന്ന്. പിന്നെ കമ്മന്റ്സ് നോക്കി വീണ്ടും തിരിച്ചു വന്നു വായിച്ചു. രസകരം ഈ എല്‍ ഇ ഡി പുരാണം.

ശ്രീ said...

LED പഠിയ്ക്കുന്ന കാലത്ത് ഞങ്ങള്‍ക്കും ഒരു ഹരമായിരുന്നു... ഡിസ്‌കോ ലൈറ്റ്‌സും മറ്റുമായി എന്തെല്ലാം പരിപാടികള്‍ ഒപ്പിച്ചിരിയ്ക്കുന്നു.

[ഒരു സാധാ LED, 100K റെസിസ്റ്റര്‍ നു സീരിയലായി കണക്ട് ചെയ്ത് 230V AC സപ്ളൈയില്‍ കൊടുത്താല്‍ ഒരു ലൈറ്റ് ഇന്റിക്കേറ്ററായി വീടുകളിലും മറ്റും ഉപയോഗിയ്ക്കാം.]

kARNOr(കാര്‍ന്നോര്) said...

ശോ ഇതു നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ ! പച്ച എല്‍ ഇ ഡി വെച്ച് വായിക്കാന്‍ പറ്റിയ പുസ്തകമായിരുന്നു ബഷീറിന്റെ ‘പച്ചവെളിച്ചം‘.
.
കൂടെ സൈക്കിളിന്റെ വീല്‍കമ്പികളില്‍ ബള്‍ബു കത്തിച്ച്, കറങ്ങുന്ന വെളിച്ചവുമായി കൂട്ടുകാരെ ഞെട്ടിച്ച ബാല്യം ഓര്‍ത്തു.
.

faisu madeena said...

തമിഴ്നാട്ടിലേക്ക് നാട് കടത്തിയത് തീരെ ശരിയായില്ല...വല്ല അട്ടപ്പാടിയിലെക്കും ആയിരുന്നു നല്ലത് .!!..

രസകരമായിരുന്നു അല്ലെ ആ കാലമൊക്കെ ?.....

Rare Rose said...

ഹി.ഹി..പ്രകാശപൂരിതമായ ആ വായന ഒരനുഭവം തന്നെയായിരിക്കുമല്ലോ.:)

Unknown said...

ഐപാഡും, ഐഫോണും ഒക്കെ വന്നത് കാരണം ഇന്നിപ്പോള്‍ ഇതിനു പ്രസക്തിയില്ലാതായില്ലേ?!
ഏതായാലും പേറ്റന്റ് കളയണ്ട! :)

Vayady said...

"ഭൂതമഗലത്ത് ക്ഷേത്രത്തീലൂടെയും, പുല്ലാനി മലയുടെ ചെരിവുകളിലൂടെയും, ലണ്ടൻ നഗരത്തിലെ ഓരോ സ്ട്രീറ്റിലൂടെയും, ഡ്രാക്കുളായുടെ കോട്ടയിലെ രക്തമുറഞ്ഞു കിടക്കുന്ന ഗുഹകളിലൂടെയും, കുറ്റാകൂരിരട്ടത്ത് കോട്ടയം നഗരത്തിലൂടെ ചീറിപ്പായുന്ന അംബിയിലൂടെയും.. യാത്ര ചെയ്തില്ലേ? അതിനേക്കാള്‍ വലുതായി മറ്റൊന്നും ഇല്ലന്നേ. രസകരമായ ആ വായന അനുഭവം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ഇഷ്ടമായി ഈ അനുഭവകഥ.

Manoraj said...

ഹോ വായിക്കാന്‍ വേണ്ടി കഷ്ടപ്പെട്ട ഒരു ഫീകരന്‍. ഈ ഫീകരനെ ഇനി എന്നാ ഒന്നു മുഖദാവില്‍ കാണുക. അടുത്തെങ്ങാന്‍ എല്‍.ഇ.ഡിയുമായി എറണാകുളത്തേക്ക് പ്രത്യക്ഷപ്പെടുന്നുണ്ടോ?

ബിനോയ്//HariNav said...

ഫയങ്കരാ.. :)

ഗ്രീഷ്മയുടെ ലോകം said...

[ഒരു സാധാ LED, 100K റെസിസ്റ്റര്‍ നു സീരിയലായി കണക്ട് ചെയ്ത് 230V AC സപ്ളൈയില്‍ കൊടുത്താല്‍ ഒരു ലൈറ്റ് ഇന്റിക്കേറ്ററായി വീടുകളിലും മറ്റും ഉപയോഗിയ്ക്കാം.]

ശ്രീ, ഇത് 'പരൂക്ഷിച്ച്' നോക്കിയോ?

Junaiths said...

ഹെന്റമ്മോ....നുമ്മ വിചാരിച്ച പോലല്ല കേട്ടാ...ഡയോഡു ഫീകരാ...

Typist | എഴുത്തുകാരി said...

പണ്ടേ ഉണ്ടല്ലേ അത്യാവശ്യം അഭ്യാസങ്ങളൊക്കെ.

ഒരു ഓ ടോ : അന്നു് വരണമെന്നു മോഹമുണ്ടായിരുന്നു. പക്ഷേ പറ്റിയില്ല ഹരീഷ്.

Manju Manoj said...

അത്ശെരി....വായനയ്ക്ക് വേണ്ടി ഇത്രേം സാഹസം ഒക്കെ കാണിച്ചതിന്റെ ഗുണം ഇപ്പോള്‍ ഉണ്ടോ ഹരീഷേ???

abith francis said...

എന്തായാലും പുതപ്പിനടിയില്‍ വച്ച് പത്താം ക്ലാസിലെ പാഠപുസ്തകമൊന്നും വായിക്കാന്‍ തോന്നാതിരുന്നത് ഭാഗ്യമായി...അല്ലെങ്കില്‍ ഹരീഷേട്ടനെ നമ്മുടെ ബൂലോകത്തിനു നഷ്ടപ്പെടില്ലായിരുന്നോ???

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മണി said...[ഒരു സാധാ LED, 100K റെസിസ്റ്റര്‍ നു സീരിയലായി കണക്ട് ചെയ്ത് 230V AC സപ്ളൈയില്‍ കൊടുത്താല്‍ ഒരു ലൈറ്റ് ഇന്റിക്കേറ്ററായി വീടുകളിലും മറ്റും ഉപയോഗിയ്ക്കാം.]

ശ്രീ, ഇത് 'പരൂക്ഷിച്ച്' നോക്കിയോ?
"

അതെന്താ കുലുമാലാണൊ?